പൂമുഖം Travelയാത്ര കൃഷ്ണഗാഥ തേടിയൊരു യാത്ര – 5

കൃഷ്ണഗാഥ തേടിയൊരു യാത്ര – 5

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രാധാദാസി 

ഗുരുനാഥന്‍ ഘനശ്യാമദാസ് ബാബാജിയുടെ ഇടമായ സമാധിമന്ദിരത്തില്‍ വച്ചാണ് രാധാദാസിയെ ഞങ്ങള്‍ പരിചയപ്പെടുന്നത്.
ഗുരുനാഥന്‍റെ ശിഷ്യപരമ്പരയുടെ ഒടുവിലത്തെ കണ്ണി. യൂറോപ്പിലെ ബെൽജിയം  സ്വദേശിനിയാണവര്‍. ബാല്യത്തില്‍ തന്നെ മാതാപിതാക്കളെ അവരുടെ വിവാഹമോചന ത്തിലൂടെ നഷ്ടപ്പെടേണ്ടി വന്ന യുവതി. വയസ്സ് ഏറിയാല്‍ ഇരുപത്തിയാറ്.
മൈക്കല്‍ ആഞ്ജലോയുടെ മാര്‍ബിള്‍ ശില്‍പ്പങ്ങളില്‍ മാത്രം കണ്ടു മറന്ന മുഖലാവണ്യം.
ബല്‍ജിയത്തില്‍ അമ്മയോടും, മറ്റു സഹോദരങ്ങളോടുമൊപ്പം താമസിച്ചു വരുമ്പോള്‍ ഒരു പ്രണയനൈരാശ്യം, ജീവിതത്തെ പുതിയൊരു വീക്ഷണ കോണിലൂടെ  നോക്കിക്കാണാന്‍ രാധാദാസിയെ സഹായിച്ചു.
മനുഷ്യജീവിതത്തില്‍ നേരിടേണ്ടിവരുന്ന തിരിച്ചടികള്‍ക്കും, ദു:ഖത്തിനും ചില പരിഹാരങ്ങള്‍ ഉണ്ടാകുമെങ്കിലും അവയൊന്നും സ്ഥിരമല്ലെന്നും, അവയില്‍ പലതും ആവര്‍ത്തനസ്വഭാവമുള്ളവയാണെന്നുമുള്ള തിരിച്ചറിവാണ് നിത്യശാന്തിയുടെ മന്ത്രം ചൊല്ലുന്ന വേദങ്ങളുടെ നാടായ ഇന്ത്യയില്‍ അവരെ എത്തിച്ചത്

vri 1

ജീവിതത്തിന്‍റെ താല്‍ക്കാലിക നേട്ടങ്ങളില്‍ അഭിരമിച്ച് സന്തോഷിക്കുന്നതിലും നല്ലത് നിത്യമായ സന്തോഷം പ്രദാനം ചെയ്യുന്ന പ്രവര്‍ത്തനമണ്ഡലം കണ്ടെത്തുന്നതാണ് അതിന്‍റെ ഭാഗമായി ഗുരുവിനെ കണ്ടെത്തി, ദീക്ഷയെടുത്ത്, കര്‍മ്മലോകത്തിന്‍റെ ഉള്ളിലെ ആനന്ദം അനുഭവിക്കുന്ന മുനികന്യകയെപ്പോലെയാണ് രാധാദാസി ഇപ്പോള്‍ വൃന്ദാവനത്തില്‍ ജീവിക്കുന്നത്.

ബല്‍ജിയത്തിലെ ഒരു ക്രിസ്ത്യന്‍ കുടുംബത്തില്‍ ‘മിലി’യെന്ന പേരുമായി കഴിഞ്ഞിരുന്ന ഈ ചുണക്കുട്ടി ഇപ്പോള്‍ ഞങ്ങള്‍ക്കിടയിലൂടെ സന്യാസിനീ ലക്ഷണങ്ങളായ ഭക്തിയും, വിനയവും, മുഖശ്രീയുമായി ഇടപഴകുന്നു.
പ്രസാദ ഊട്ടുവേളയില്‍ സാധാരണ വെള്ളക്കാര്‍ പ്രകടിപ്പിക്കാറുള്ള തീന്മേശ കോലാഹലങ്ങളെല്ലാം മറന്ന്‍, ചമ്രം പടിഞ്ഞിരുന്ന്, പ്രസാദം കഴിക്കുന്നതും മറ്റുള്ളവര്‍ക്ക് ഉപാധികളില്ലാതെ സേവാപ്രവര്‍ത്തനങ്ങള്‍ ചെയ്യാന്‍ ശ്രദ്ധിക്കുന്നതും കാണാനായി.
നടക്കുന്നതിനിടയില്‍ രാധാദാസി ഇന്ത്യയെക്കുറിച്ച് ഇംഗ്ലീഷില്‍ സംസാരിച്ചുകൊണ്ടിരുന്നു.
വൃന്ദാവനം അവര്‍ക്ക് നല്‍കുന്ന വിദ്യാഭ്യാസം ലോകത്തെ ഒരു മികച്ച യൂണിവേഴ്സി റ്റിക്കും നല്‍കാനാകാത്തതാണ്. ജീവിതത്തെ ഭൌതികമായ വസ്തുക്കളും, കാഴ്ചകളും, അനുഭവങ്ങളും മാത്രമായി നോക്കിക്കാണുന്ന ലോക ജനതയില്‍ അപൂര്‍വ്വം പേര്‍ക്ക് മാത്രമേ വൃന്ദാവനജീവിതത്തിന്‍റെ ഉള്ളനുഭൂതി നുകരാന്‍ കഴിയു. കാഴ്ചകളില്‍ അത് നവംനവമായ അനുഭവങ്ങള്‍ സമ്മാനിക്കുന്നു. ഞാനതിന്‍റെ ഭാഗമാണിപ്പോള്‍.
അവര്‍ പുഞ്ചിരിച്ചു.
ഈയിടെ ബല്‍ജിയം സന്ദര്‍ശിച്ച രാധാദാസി അവിടെ നിന്നുകൊണ്ട് ദല്‍ഹിയിലെ ഒരു യൂണിവേഴ്സിറ്റിയില്‍ അഞ്ചു വര്‍ഷം പഠിക്കാനുള്ള വിദ്യാര്‍ഥി വിസയുമായാണ് എത്തിയിട്ടുള്ളത്. യൂനിവേര്‍സിറ്റിയില്‍ ചേര്‍ന്നെങ്കിലും പഠനം വൃന്ദാവനനഗരിയിലെ സേവാ പ്രവര്‍ത്തനങ്ങളിലാണ്. അതീന്ദ്രിയ മാര്‍ഗ്ഗത്തിലുള്ള ജ്ഞാനമാര്‍ഗ്ഗങ്ങള്‍ക്കായി ശ്രമിക്കുന്ന ബ്രാഹ്മമുഹൂര്‍ത്തത്തിലുണര്‍ന്ന്, പ്രഭാതകൃത്യങ്ങള്‍ക്ക് ശേഷം, ക്ഷേത്രമുറ്റമോ, സമാധിമന്ദിരമോ, അടിച്ചുവാരുന്ന ‘ജാഡൂസേവ’പോലെ എന്തെങ്കിലും ജോലി ചെയ്ത്, ശ്രീകൃഷ്ണചിത്രം തുന്നിപ്പിടിപ്പിച്ച ജപമാലസഞ്ചി കൈയിലണിഞ്ഞ് കണ്ണുകളടച്ച്‌ ധ്യാനനിമഗ്നയായിരിക്കുന്ന കാഴ്ച കണ്ടാല്‍ കണ്വാശ്രമത്തിലെ ശകുന്തളയെ ഓര്‍മ്മ വരും.

.v12

രാധാദാസിയെപ്പോലെ ലോകത്തിന്‍റെ നാനാ ഭാഗങ്ങളില്‍ നിന്ന് ഇന്ത്യയുടെ ആത്മാവ് അറിയാനായി വന്നിട്ടുള്ള അനേകം വെള്ളക്കാരടക്കം വിദേശികള്‍ നാടും വീടും ബന്ധങ്ങളുമുപേക്ഷിച്ച് വൃജാവാസികളായി കഴിയുന്നു.
നാലുമണിയോടെ എല്ലാവരും ഇരുപത്തൊന്ന് കിലോമീറ്റര്‍ നടന്നു താണ്ടി ഗോവര്‍ദ്ധന പരിക്രമണം പൂര്‍ത്തിയാക്കി. പലരും അവശരായിരുന്നു. തളര്‍ന്നവരെ കയറ്റിക്കൊണ്ട് ഒരു വാഹനം നടപ്പാതയ്ക്ക് സമാന്തരമായി റോഡിലൂടെ സഞ്ചരിച്ചു. കുറച്ചു സ്ത്രീകളും, കുട്ടികളും അതിലിരുന്നു പരിക്രമണം പൂര്‍ത്തിയായതായി ആശ്വസിച്ചു. നടന്നു തളര്‍ന്നവര്‍ പാതയോരത്തും, വിശ്രമബഞ്ചുകളിലുമായി ഇരുപ്പുറപ്പിച്ചു.
തീര്‍ത്ഥാടക സംഘത്തിലെ മിക്കവാറും പേര്‍ ഭക്തിമാര്‍ഗ്ഗം ജീവിതലക്ഷ്യമായി കണ്ടു ജീവിക്കുന്നവരും പ്രവര്‍ത്തിക്കുന്നവരുമായിരുന്നു. എന്നാല്‍ കൂട്ടത്തിലെ മുതിര്‍ന്ന ഒരംഗം, ഭാസ്കരന്‍ ചേട്ടന്‍, ഭക്തിരസത്തിന് വഴിപ്പെടാതെ, മുഖത്ത് ഒരു നിസ്സംഗഭാവവു മായിട്ടായിരുന്നു യാത്രയിലുടനീളം .

യുക്തിബോധം പല അനുഷ്ഠാനങ്ങളിലും സമരസപ്പെട്ടു പ്രവര്‍ത്തിക്കുന്നതില്‍ നിന്ന്‍ അദ്ദേഹത്തെ വിലക്കി. ഭക്തിയുടെ ലക്ഷണം ഉപാധികളില്ലാത്ത സമര്‍പ്പണ ഭാവമാണെന്നിരിക്കെ അതില്‍ യുക്തിയുടെ ഇടപെടലുകള്‍ ഉള്ളിലെവിടെയോ അദ്ദേഹത്തെ പിന്നിലേക്ക്‌ വലിക്കുന്നുണ്ടായിരുന്നിരിക്കണം

ഓരോ മനുഷ്യനും തന്നില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്ന സത്വ-രജ:-തമോ  ഗുണങ്ങളുടെ ഏറ്റക്കുറച്ചി ലുകള്‍ക്കനുസരിച്ചാണ് ഓരോ സന്ദര്‍ഭത്തേയും എപ്രകാരം മറികടക്കണം  എന്ന ചിന്ത രൂപപ്പെടുത്തുന്നത്. അത് കൊണ്ട് തന്നെ അദ്ദേഹത്തിനെ നിശ്ശബ്ദമായി നിരീക്ഷിക്കാൻ കൗതുകം തോന്നി.

പരിക്രമണപഥത്തിൽ നിന്നും ദയാൽബാബ ഞങ്ങളെ കൂട്ടിക്കൊണ്ടു പോയത് രണ്ടു പുണ്യതീർത്ഥക്കുളക്കരയിലേക്കായിരുന്നു. രാധാകുണ്ഡ് – ശ്യാംകുണ്ഡ് എന്നിങ്ങനെ ആയിരുന്നു  അവയുടെ  നാമം.

 v8

സാമാന്യത്തിലധികം വലിപ്പമുള്ള രണ്ടു കുളങ്ങളും അടുത്തായാണ് കിടന്നിരുന്നത്. എങ്കിലും രണ്ടിലേയും ജലത്തിന് പ്രകടമായ വർണ്ണവ്യത്യസം കാണാൻ കഴിഞ്ഞു. രാധാകുണ്ഡിലെ ജലത്തിന് ഇളം മഞ്ഞനിറവും, ശ്യാംകുണ്ഡിലെ ജലത്തിന് ഇളം പിങ്ക് നിറവുമായിരുന്നു.

ആചാരത്തിന്‍റെ ഭാഗമായെന്നോണം പ്രദക്ഷിണവഴി തെളിയിച്ചു കൊണ്ട് വന്ന പാൽപ്പാത്രത്തിലെ ബാക്കിവന്ന പാൽ മുഴുവൻ രാധാകുണ്ടിലെ ജലാശയത്തിലേക്കു ഒഴിച്ചപ്പോൾ അത് ജലപ്പരപ്പിൽ അവ്യക്തവും മനോഹരവുമായ ചിത്രങ്ങൾ തീർത്തു.
ദയാൽബാബയുടെ നിർദ്ദേശാനുസരണം ആളുകൾ രണ്ടു ജലാശയങ്ങളിൽ നിന്നും തീർത്ഥങ്ങൾ ശേഖരിച്ചു. നാട്ടിലെത്തുമ്പോള്‍ മറ്റുള്ളവർക്ക് തീർത്ഥമായി നൽകാനും പൂജാമുറിയിൽ ഐശ്വര്യപ്രതീകമായി സൂക്ഷിക്കാനുമായി അതുപയോഗിക്കാം.
തീർത്ഥാടകരെയും കയറ്റി വണ്ടി വൃന്ദാവനിലേക്ക് മടങ്ങുമ്പോള്‍ നേരം ഇരുട്ടിയിരുന്നു. വണ്ടിയിലിരുന്നു മിക്കവരും മയക്കം  തുടങ്ങിയിരുന്നു. ശരീരവും മനസ്സും ക്ഷീണിച്ച സുന്ദരമായ ഉറക്കം.
 (തുടരും…)
Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like