പൂമുഖം POLITICS നല്ല ദിനങ്ങൾക്കായി നമുക്കും കാത്തിരിക്കാം

നല്ല ദിനങ്ങൾക്കായി നമുക്കും കാത്തിരിക്കാം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ുണീഷ്യയിൽ നിന്നാരംഭിച്ച മുല്ലപ്പൂ വിപ്ലവത്തിന്‍റെ തുടര്‍ച്ചയെന്ന പോലെ, 2011 ജനുവരി 25 ന് ആണ് ഈജിപ്റ്റിൽ വിപ്ലവശ്രമങ്ങള്‍ക്ക് തിരശീല ഉയരുന്നത്. അത് ആ ദിവസം തന്നെ ആക്കിയതിന് കാരണമുണ്ട്. ഈജിപ്റ്റിൽ അന്ന്‍ പോലീസ് ഡേ ആണ്. പോലീസിൽ നിന്നും സാധാരണ ജനങ്ങൾ അതിക്രൂരമായ പീഡനങ്ങൾ ആണ് അനുഭവിച്ചു കൊണ്ടിരുന്നത്. മുപ്പതു വർഷത്തോളം ഈജിപ്റ്റിന്‍റെ പ്രസിഡന്‍റ് ആയിരുന്ന 83 കാരനായ ഹോസ്നി മുബാറക്കിന് തൊട്ടടുത്ത വര്‍ഷം നടക്കേണ്ടിയിരുന്ന പൊതു തെരഞ്ഞെടുപ്പിലും പകരക്കാരൻ ഇല്ലായിരുന്നു. ആ പശ്ചാത്തലത്തിലാണ് ടുണീഷ്യയിൽ നിന്ന്‍ ഊർജ്ജം ഉൾക്കൊണ്ട് സാധാരണക്കാരായ ജനങ്ങൾ, സോഷ്യൽ മീഡിയയുടെ പിന്തുണയോടെ രാജ്യത്തെ ഫാസിസ്റ്റു ഭരണത്തിനെതിരെ ആഞ്ഞടിച്ചത്. അടക്കി നിർത്തിയിരുന്ന അമർഷം ഉരുൾ പൊട്ടൽ പോലെ താഹിർ സ്‌ക്വയറിൽ അലയടിച്ചു.. പോലീസും പട്ടാളവും നടത്തിയ ക്രൂര പീഡനങ്ങൾക്കൊന്നും ജനങ്ങളുടെ വിപ്ലവ വീര്യത്തെ തകർക്കാൻ കഴിഞ്ഞില്ല. ഓരോ ദിവസവും ആയിരങ്ങളാണ് താഹിർ സ്‌ക്വയറിലേക്ക് ഒഴുകിയെത്തിയത്. 843 പേരാണ് ആ വിപ്ലവത്തിൽ കൊല്ലപ്പെട്ടത്. ആറായിരത്തിലധികം പേർക്ക് പോലീസ് വെടിവയ്പ്പിൽ പരിക്കേറ്റു. കെയ്‌റോയിൽ മാത്രമല്ല ഈജിപ്റ്റിലെ ഏതാണ്ടെല്ലാ പട്ടണങ്ങളിലും ജനങ്ങൾ സർക്കാരിനെതിരെ തെരുവിലിറങ്ങി. ഒടുവിൽ പതിനേഴാം ദിവസം ഹോസ്നി മുബാറക്കിന് സ്ഥാനമൊഴിയേണ്ടി വന്നു.
ദാരിദ്ര്യവും, തൊഴിലില്ലായ്മയും, അഴിമതിയും, അടിയന്തിരാവസ്ഥയും, പോലീസിന്‍റെ അതി ക്രൂരമായ പീഡനവും ആണ് സർക്കാരിനെതിരായ വിപ്ലവത്തിന് വിത്ത് പാകിയത്. ജനങ്ങൾ തങ്ങളുടെ അവകാശങ്ങളെക്കുറിച്ചു ബോധവാന്മാരായപ്പോൾ ഹോസ്നി മുബാറക്കിന് പുറത്തു പോകേണ്ടി വന്നു. താരതമ്യേന പ്രതിപക്ഷമില്ലാതിരുന്ന ഈജിപ്റ്റിലെ ചെറുതും വലുതുമായ പ്രതിപക്ഷ പാർട്ടികളും തീര്‍ത്തും ന്യൂനപക്ഷമായ ഇടതുപക്ഷസഹയാത്രികരും ബുദ്ധിജീവികളും ബ്ലോഗർമാരും സോഷ്യൽ മീഡിയയുടെ സഹായത്തോടെ തുടങ്ങിയതായിരുന്നു ആ ജനമുന്നേറ്റം. കടുത്ത വർഗീയ വാദികളായ മുസ്‌ലിം ബ്രദർഹുഡ് എന്ന സംഘടന അതില്‍ നുഴഞ്ഞു കയറി സമരവിജയത്തിന്‍റെ ക്രെഡിറ്റ് തട്ടിയെടുത്തു..

 muslim_brotherhood

ഇന്ത്യയിലെ രാഷ്ട്രീയ സ്വയം സേവക് സംഘ് പോലെ വലതു പക്ഷ വർഗീയ ഫാസിസ്റ്റു പിന്തിരിപ്പൻ സംഘടനയാണ് മുസ്‌ലിം ബ്രദർഹുഡ്. ആർ എസ് എസ്സിനെ പോലെ അടിത്തട്ടിൽ ശക്തമായ സംഘടനാ പ്രവർത്തനം നടത്തിയിരുന്ന ബ്രദർഹുഡ് അവരുടെ സംഘടനാ മികവ് ഉപയോഗപ്പെടുത്തി 2012 ജൂൺ 30 നു നടന്ന തെരെഞ്ഞെടുപ്പിൽ വിജയം നേടുകയും അവരുടെ നേതാവ് മുഹമ്മദ് മുർസി പ്രസിഡന്റ് ആയി തെരെഞ്ഞെടുക്കപ്പെടുകയും ചെയ്തു. വർഗീയവിഷം ജനങ്ങളിൽ കുത്തിവെച്ചും ന്യൂനപക്ഷങ്ങൾക്കെതിരെ അക്രമം അഴിച്ചുവിട്ടും ജനങ്ങളുടെ വ്യക്തി സ്വാതന്ത്ര്യത്തെ പരിമിതപ്പെടുത്തിയും ഉള്ള നയമായിരുന്നു മുർസി സ്വീകരിച്ചത്. വീണ്ടും ജനം തെരുവിലിറങ്ങി, ഒരു വർഷത്തിന് ശേഷം മുര്‍സിക്കും സ്ഥാനമൊഴിയേണ്ടി വന്നു. 90 ശതമാനവും മുസ്ലീങ്ങൾ അധിവസിക്കുന്ന, ന്യൂനപക്ഷ മതസ്ഥരോടും തികഞ്ഞ ആദരവ് കാട്ടിയിരുന്ന, ഈജിപ്റ്റിൽ മുർസിയുടെ സ്ഥാനാരോഹണത്തോടെ മുസ്ളീം ബ്രദർഹുഡിന്‍റെ നേതൃത്വത്തിൽ വലിയ അക്രമങ്ങൾ അരങ്ങേറി. ജനങ്ങൾക്കിടയിൽ വെറുപ്പിന്‍റേയും പകയുടേയും വിഷം ഒഴുകിപ്പടര്‍ന്നു.

സമാനമായ രീതിയിലാണ് 2014ലെ തെരഞ്ഞെടുപ്പിൽ ബി ജെ പി ഇന്ത്യയിൽ ഭരണത്തിലേറിയത്. പത്തു വർഷക്കാലം മൻമോഹൻ സിങ്ങിന്‍റെ നേതൃത്വത്തിൽ നടന്ന യു പി എ സർക്കാരിന്‍റെ അവസാന അഞ്ചു വർഷങ്ങളിൽ പുറത്തു വന്ന അഴിമതിയാരോപണങ്ങൾക്കെതിരെ ഇന്ത്യയിൽ ചെറുതും വലുതുമായ അനേകം സമരങ്ങൾ നടന്നു. അതിൽ പ്രധാനമാണ് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ ഡൽഹിയിൽ നടന്ന സമരം. ലോക്‌പാൽ ബില്ലിനായി 2011, ഏപ്രിൽ അഞ്ചിന് അണ്ണാ ഹസാരെയുടെ നേതൃത്വത്തിൽ നടന്ന ഉപവാസ സമരത്തിൽ പൊതു പ്രവർത്തകരും സോഷ്യൽ മീഡിയ ആക്റ്റിവിസ്റ്റുകളും ബുദ്ധിജീവികളും പൊതു ജനങ്ങളും അണിനിരന്നു. ഇന്ത്യയിലെ പ്രധാന പട്ടണങ്ങളിൽ എല്ലാം വലിയ പ്രതിഷേധ പ്രകടനങ്ങൾ സർക്കാരിലെ അഴിമതിക്കെതിരായും അണ്ണാ ഹസാരെക്ക് അനുകൂലമായും നടക്കുകയുണ്ടായി. മാധ്യമ സ്ഥാപനങ്ങളും സോഷ്യൽ മീഡിയയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ച സമരം, ഡിമാന്‍റുകൾ സർക്കാർ അംഗീകരിച്ചതിനെ തുടര്‍ന്ന്‍ അവസാനിച്ചു. ഈ സമരത്തിന് ശേഷം സംഘപരിവാർ സംഘടന അണ്ണാ ഹസാരെയേയും ആ സമരത്തിൽ നിന്നുണ്ടായ ഉർജ്ജത്തേയും രാഷ്ട്രീയമായി ഉപയോഗിച്ചു. ഹസാരെയുടെ നേതൃത്വത്തിൽ വീണ്ടും സമരങ്ങൾ നടന്നു. ബാബാ രാംദേവും ഡൽഹിയിൽ സമരത്തിനിറങ്ങി. ദേര സച്ച സൗദയുടെ തലവനായ രാം റഹീം സിങ് തുടങ്ങി എല്ലാ ഹൈന്ദവ സംഘടനകളുടെ നേതാക്കളുടെ പിന്തുണയും ആർ എസ് എസ്, യു പി എ സർക്കാരിനെതിരെ സംഘടിപ്പിച്ചു.
മുസ്‌ലിം ബ്രദർഹുഡ് പോലെ തീവ്ര വർഗീയ സംഘടനയായ ആർ എസ് എസ്സിലെ ബുദ്ധിജീവികൾ വളരെ വർഷങ്ങൾ കൊണ്ട് രൂപപ്പെടുത്തിയ തിരക്കഥയുടെ പരിസമാപ്തിയായിരുന്നു ബി ജെ പിയുടെ വിജയവും മോദിയുടെ പ്രധാനമന്ത്രിയായുള്ള സ്ഥാനാരോഹണവും. അതിനായി ആർ എസ് എസ് ആദ്യം ചെയ്തത്, രാജ്യത്തെ പ്രധാന ദൃശ്യ ശ്രാവ്യ അച്ചടി മാധ്യമങ്ങളെ കയ്യടക്കുകയായിരുന്നു. വലിയ വില കൊടുത്ത് അതെല്ലാം സംഘ പരിവാർ കരങ്ങളിൽ എത്തിക്കുന്നതിൽ അവർ വിജയിച്ചു. അമേരിക്കൻ പി ആർ ഏജൻസികളെ കോടിക്കണക്കിനു രൂപ കൊടുത്ത് അഗ്രസിവ് ആയ കാമ്പെയ്നുകൾ നടത്തിച്ചു, വൈബ്രന്‍റ് ഗുജറാത്ത് പോലെ, സദ്ഭാവന ക്യാംപെയ്ൻ പോലെ. ഗുജറാത്തിൽ അനേകായിരങ്ങളെ ഉന്മൂലനം ചെയ്ത വർഗീയ ലഹളകളിലൂടെ കുപ്രസിദ്ധനായ നരേന്ദ്ര മോദിയെന്ന മുഖ്യമന്ത്രിയെ വെള്ള പൂശി, വർഗീയ പ്രസ്ഥാനങ്ങളുടെ മിശിഹായാക്കുകയായിരുന്ന ആ പ്രചാരണങ്ങളുടെയെല്ലാം ലക്ഷ്യം .

New Delhi: File photo of RSS Chief Mohan Bhagwat (C) during the RSS function. Khaki shorts, the trademark RSS dress for 91 years, is on its way out, making way for brown trousers, the significant makeover decision was taken here at an RSS conclave in Nagaur, Rajasthan on Sunday. PTI Photo (PTI3_13_2016_000268B)

കോൺഗ്രസിനേയും മറ്റു പ്രതിപക്ഷ പാർട്ടികളേയും അഴിമതി ആരോപണത്തിന്‍റെ മുൾമുനയിൽ നിർത്തി, അണ്ണാ ഹസാരെയേയും രാം ദേവിനെ പോലുള്ളവരേയും മുന്നിൽ നിർത്തി സമരം ചെയ്യിച്ച്, വിദേശത്തെ കള്ളപ്പണവിഷയത്തെ പ്രധാന ആയുധമാക്കി, സർക്കാരിന്‍റേയും വധേരയുടേയും അഴിമതികൾ പെരുപ്പിച്ചു കാട്ടി, വിദേശത്തു നിന്ന് കള്ളപ്പണം കൊണ്ടുവന്നു ഓരോ ഇന്ത്യക്കാരനും പതിനഞ്ചു ലക്ഷം കൊടുക്കാമെന്നു പൊള്ളയായ വാഗ്ദാനം നൽകി, ഉത്തരേന്ത്യയിൽ ചെറുതും വലുതുമായ വർഗീയ സംഘട്ടനങ്ങൾ നടത്തി, ഹൈന്ദവ വോട്ടിനെ സമാഹരിച്ച്, പ്രതിപക്ഷ പാർട്ടികളെ തമ്മിലടിപ്പിച്ച്, ഡൽഹിയിൽ സർക്കാർ രൂപീകരിക്കുകയെന്ന അജണ്ട അവർ നടപ്പാക്കി. ആകെ വോട്ടിന്‍റെ മൂന്നിലൊന്നു മാത്രം നേടിയാണ് ബി ജെ പി അധികാരത്തിൽ വന്നതെങ്കിലും മോഹന പ്രതീക്ഷകൾ നൽകി ഇന്ത്യയിലെ ഏറ്റവും ശക്തനായ നേതാവായി മാറുകയായിരുന്നു മോഡി.

അധികാരത്തിലേറി അതിശക്തനായി മാറിയ മോഡിയുടെ ആദ്യ അജണ്ട തനിക്കെതിരെ നിൽക്കുന്നവരെ എങ്ങനെയെങ്കിലും വഴിയില്‍ നിന്ന്‍ മാറ്റുക എന്നതായിരുന്നു. കോൺഗ്രസ്സിലേയും മറ്റു പ്രതിപക്ഷപാർട്ടികളിലേയും, ആരോപണങ്ങൾ നേരിട്ടുകൊണ്ടിരുന്ന നേതാക്കളെ പേടിപ്പിച്ചും പീഡിപ്പിച്ചും കള്ളക്കേസുകളിൽ കുടുക്കിയും ഇല്ലാതാക്കുകയോ തങ്ങളോടൊപ്പം കൂട്ടുകയോ ആയിരുന്നു ബി ജെ പി യുടെ നയം.. കൈയൂക്കിലൂടെയും കൈക്കൂലിയിലൂടെയും അധികാരത്തിന്‍റെ അപ്പക്കഷണങ്ങൾ കാട്ടിയും പീഡിപ്പിച്ചും പ്രലോഭിപ്പിച്ചും അതിൽ അവർ വൻ വിജയം നേടി. അഴിമതി ആരോപണങ്ങൾ നേരിട്ട് കൊണ്ടിരുന്ന കോൺഗ്രസ്സിലെ പല നേതാക്കളും ബി ജെ പിയിൽ ചേക്കേറി. അല്ലാത്തവരെ ആക്രമിച്ചും അപമാനിച്ചും സംഘപരിവാറിന്‍റെ വരുതിയിലുള്ള മാധ്യമങ്ങളുടെ സഹായത്തോടെ ജനങ്ങളിൽ നിന്നകറ്റിയും ഒതുക്കി. രാഹുൽ ഗാന്ധി അമേരിക്കയിൽ നടത്തിയ കൂടിക്കാഴ്ചയിൽ പറഞ്ഞത് പോലെ സംഘ പരിവാർ ശക്തികൾ സോഷ്യൽ മീഡിയയിലൂടെയും തങ്ങളുടെ അധീനതയിലുള്ള ദൃശ്യ ശ്രാവ്യ മാധ്യമങ്ങളിൽ കൂടിയും, അദ്ദേഹത്തെ പപ്പുമോനെന്നും ജോക്കറെന്നും കഴിവില്ലാത്തവനെന്നും പരിഹസിച്ചു കോൺഗ്രസ് – വിമുക്ത ഭാരതമെന്ന മുദ്രാവാക്യയുമായി അവർ പ്രതിപക്ഷത്തിന്‍റെ വരി ഉടക്കൽ ചടങ്ങ് ഗംഭീരമായി മുന്നോട്ടു കൊണ്ടുപോയി..

ജനങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടിട്ടും ഗോവയിലും അരുണാചൽ പ്രദേശിലുംഅധികാര ഗർവിൽ എം എൽ എ മാരെ വാങ്ങി, അധികാരം ഉറപ്പിച്ചു. 2019 ലെ തെരഞ്ഞെടുപ്പിൽ മോഡിക്കെതിരെ മത്സരിക്കാൻ യോഗ്യനെന്നു കരുതിയ ബീഹാറിലെ നിതീഷ് കുമാറിനെ പോലും സംഘ പരിവാർ പക്ഷത്തേക്ക് കൊണ്ട് വന്നത് ഇതിന്‍റെ തെളിവാണ്. ഗുജറാത്തിൽ രാജ്യസഭാ തെരഞ്ഞെടുപ്പ് വേളയിൽ, ബദ്ധവൈരിയായ ശങ്കർസിംഗ് വഗേലയേയും കർണാടകയിൽ (സിദ്ധാരാമയ്യക്കെതിരെ) എസ് എം കൃഷ്ണയേയും, ഏറ്റവുമൊടുവിൽ മഹാരാഷ്ട്രയിലെ കൊങ്കൺ മേഖലയിലെ പ്രബലനും അനേകം അഴിമതി കേസുകളിൽ അന്വേഷണം നേരിടുന്നവനുമായ നാരായൺ റാണെയേയും ബി ജെ പി ക്യാമ്പില്‍ എത്തിക്കുവാനും അവർക്കായി. ബംഗാളിൽ, വർഗീയ കലാപങ്ങളിലൂടെയും ഡാർജിലിംഗിൽ ഗൂർഖാ ലാൻഡ് സമരത്തിലൂടെയും മമതയെ ഇല്ലായ്മ ചെയ്യാനും ബി ജെ പി സർവ തന്ത്രങ്ങളും മെനയുന്നു. തമിഴ് നാട്ടിൽ എ ഐ എ ഡി എം കെ യുടെ നേതൃത്വത്തിൽ നടത്തുന്ന ചപ്പടാച്ചി ഭരണത്തിലൂടെയും ഗവർണ്ണറുടെ പിന്‍സീറ്റ് ഡ്രൈവിംഗിലൂടെയും ബി ജെ പി ചെയ്യുന്നതും മറ്റൊന്നല്ല. പ്രതിപക്ഷ നേതാക്കൾക്കെതിരെ സി ബി ഐ യെ വിട്ടു പേടിപ്പെടുത്തുന്നതിന്‍റേയും ശശി തരൂരിനെ പോലുള്ളവരെ ബാർക്കിങ് സ്വാമിയെന്ന അർണാബ് ഗോസ്വാമിയെ ഉപയോഗിച്ചു അവഹേളിക്കുന്നതിന്‍റേയും ഉദ്ദേശ്യവും ഇതുതന്നെ. ഗുജറാത്തിൽ പ്രബലനെന്നു തോന്നിപ്പിച്ച അഹമ്മദ് പട്ടേലിന്‍റെ രാജ്യസഭാ വിജയത്തിനെതിരായി എല്ലാ വൃത്തികെട്ട അടവുകളും സംഘപരിവാർ ശക്തികൾ പയറ്റി. പട്ടേൽ സമരത്തിലൂടെ നില പരുങ്ങലിലായ ബിജെപിക്ക് വിജയിക്കുവാൻ, ഭരണ വിരുദ്ധ വോട്ടുകൾ വിഭജിപ്പിക്കണം. ശങ്കർസിങ് വഗേലയുടെ നേതൃത്വത്തിൽ എൻ സി പി യേയും ചെറിയ കക്ഷികളേയും കൂടെ കൂട്ടി പുതിയ കക്ഷിയുണ്ടാക്കാനും പരിവാർ തന്ത്രങ്ങൾ മെനയുന്നു.
ഏതാണ്ടെല്ലാ ദൃശ്യ, പ്രിന്‍റ് മാധ്യമങ്ങളെയും കൂടെ നിർത്താൻ സാധിച്ചിരുന്നു എങ്കിൽ പോലും ഒരു കല്ലുകടിയായി പ്രണോയ് റോയിയുടെ നേതുത്വത്തിലുള്ള എൻ ഡി ടി വി നില കൊണ്ടിരുന്നു. ഒരു അർദ്ധ രാത്രി എൻ ഡി ടി വി യുടെ ഓഫീസിലും പ്രണോയ് റോയിയുടെയും രാധിക റോയിയുടെയും വീടുകളിലും അനുബന്ധ സ്ഥാപനങ്ങളിലും സി ബി ഐ യുടെയും ആദായ നികുതി വകുപ്പിന്‍റേയും നേതൃത്വത്തിൽ റെയ്ഡുകൾ നടത്തുന്നു. ഒടുവിലിതാ കേൾക്കുന്നു, എൻ ഡി ടി വി യുടെ നാൽപ്പതു ശതമാനം ഓഹരികൾ ബി ജെ പി യുടെ സഹകാരിയും മോദിയുടെ വിജയത്തിന് ചുക്കാൻ പിടിച്ചയാളും വ്യവസായിയും സ്‌പൈസ് ജെറ്റ് വിമാനത്തിന്‍റെ ഉടമസ്ഥനുമായ അജയ് സിങ് കൈക്കലാക്കുന്നു എന്ന്.
ഹോസ്നി മുബാറക്കും, മുഹമ്മദ് മുർസിയും ചെയ്തത് പോലെ അധികാരമെല്ലാം ഒരാളിൽ കേന്ദ്രീകരിക്കുകയാണ് മോദിയുടെയും സംഘ്പരിവാറിന്‍റേയും ലക്‌ഷ്യം.. അത് വഴി ഇന്ത്യൻ ജനതയുടെ മൗലീക സ്വാതന്ത്ര്യത്തെ ഹനിക്കുന്ന തനി ഫാസിസത്തിലേക്കാണ് ഇന്ത്യയെ കൊണ്ടുപോയിക്കൊണ്ടിരിക്കുന്നത്.. ഗുജറാത്ത് മുഖ്യമന്ത്രി ആയിരുന്നപ്പോൾ വിദേശ വിസകൾ നിഷേധിയ്ക്കപ്പെട്ടതിന്‍റെ വാശിയിലാവാം മറ്റൊരു പ്രധാനമന്ത്രിയും സഞ്ചരിക്കാത്ത അത്രയും വിദേശ യാത്രകൾ നടത്തുന്നത്. മൻ കി ബാത്തിലൂടെയും പ്രസംഗങ്ങളിലൂടെയും നടത്തുന്ന വാക്ധോരണികൾക്കപ്പുറം, ഫോട്ടോ ഷോപ്പിന്‍റെയും പി ആർ ഏജൻസികളുടെ പരസ്യങ്ങളുടെയും അപ്പുറം യാതൊരു നേട്ടവും സാധാരണക്കാരിലേക്കെത്തുന്നില്ല. മാത്രമല്ല അയൽ രാജ്യങ്ങളുമായുള്ള ബന്ധം യു പി എ കാലഘട്ടത്തുണ്ടായിരുന്നതിനെക്കാള്‍ വഷളാവുകയാണ്. കാശ്മീരിലെ സംഘർഷാവസ്ഥ ഇല്ലാതാക്കുമെന്ന് പ്രതിജ്ഞയെടുത്ത് ഭരണത്തിലേറിയ മോദിയുടെ കാലത്ത് ജമ്മു കാശ്മീരിൽ സ്തംഭനാവസ്ഥയാണ്, അക്രമങ്ങൾ ഏറുകയാണ്. ജനങ്ങൾ തികഞ്ഞ അരക്ഷിതാവസ്ഥയിലാണ്.
ഡി മോണിട്ടൈസേഷൻ ഉദ്ദേശിച്ച ഫലം നൽകിയില്ല. ഇന്ത്യയുടെ ആഭ്യന്തര വളർച്ച നിരക്ക് കീഴേക്കു പോകുകയാണുണ്ടായത്. ബി ജെ പിക്ക് ഫണ്ട് നൽകുന്ന വ്യവസായികൾക്ക് മാത്രം ഗുണം കിട്ടി. സാധാരണക്കാരന് വലിയ ദുരിതങ്ങൾ അനുഭവിക്കേണ്ടി വന്നു. ഡി മോണിറ്റൈസേഷൻ പമ്പര വിഡ്ഡിത്തമായിരുന്നു എന്ന്‍ പാർലിമെന്‍ററി കമ്മിറ്റി കണ്ടെത്തിയിരിക്കുന്നു. മൂന്നു ലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങൾ പൂട്ടി. നാലുകോടി ജനങ്ങൾക്ക് ജോലി നഷ്ടപ്പെട്ടു. രാജ്യത്തുണ്ടെന്നു കരുതിയിരുന്ന കള്ളപ്പണം വെളുപ്പിക്കുവാൻ കള്ളപ്പണക്കാർക്കും കള്ളക്കടത്തുകാർക്കും പൂഴ്‌ത്തിവെയ്പുകാർക്കും അവസരം നൽകുകയാണ് ഡി മോണിറ്റൈസേഷന്‍ ചെയ്തത്‍. ദിവസേന മുപ്പതിനായിരത്തിൽ പരം ആളുകൾ പുതുതായി ജോലി തേടുന്ന രാജ്യത്ത്, ഉണ്ടായിരുന്ന ജോലി നഷ്ടപ്പെട്ട് കോടിക്കണക്കിനു ആളുകള്‍ പട്ടിണിയിലായി..
യു പി എ ഭരണകാലത്തു ജി എസ് ടി നടപ്പാക്കുന്നതിനെ പൂർണ്ണമായും എതിർത്ത ബി ജെ പി, അധികാരത്തിൽ വന്നപ്പോൾ ഊടും പാവും മാറ്റി സാധാരണക്കാരനു ദോഷകരമായ വ്യവസ്ഥകൾ ഉൾപ്പെടുത്തി ജി എസ് ടി നടപ്പാക്കുകയാണ് ചെയ്തത്. ആധാർ കാർഡിന് എതിരെ അന്ന്‍ സമരം നടത്തിയ ബി ജെ പി, ആധാർ കാർഡിലെ സ്വകാര്യ വിവരങ്ങൾ രാജ്യത്തിനകത്തും പുറത്തുമുള്ള ഏജൻസികൾ ചോര്‍ത്തുന്നത് തടയാന്‍ കാര്യമായി ഒന്നും ചെയ്തുകാണുന്നില്ല. വിദേശത്തുള്ള കള്ളപ്പണം തിരികെയെത്തിക്കും എന്നത് പ്രഖ്യാപനങ്ങളിൽ മാത്രം ഒതുങ്ങി. അത് പോലെ തന്നെ കോൺഗ്രസ് കാലഘട്ടത്തിലെ അഴിമതിക്കെതിരെ കാതലായ ഒരന്വേഷണവും നടത്തുന്നതായി കാണുന്നില്ല, വധേരയ്ക്കെതിരെ പോലും, അതോ അതെല്ലാം വെറും ആരോപണങ്ങൾ മാത്രമായിരുന്നോ? അഴിമതിക്കെതിരെ രംഗത്തു വന്ന ബി ജെ പി പല സംസ്ഥാനങ്ങളിലും അഴിമതിയിൽ മുങ്ങി കുളിച്ചിരിക്കുകയാണ്. മദ്ധ്യ പ്രദേശിലെ വ്യാപം അഴിമതിയും മഹാരാഷ്ട്രയിലെ ജലസേചന വകുപ്പിലെ അഴിമതിയും മാത്രമല്ല, ഭരണമില്ലാത്ത കേരളത്തിൽ പോലും നേതാക്കൾ മെഡിക്കൽ കോളേജ് നൽകാമെന്ന് പറഞ്ഞു കോഴ വാങ്ങുന്നു, കള്ളനോട്ടടിക്കുന്നു. അംബാനിമാരേയും അദാനിമാരേയും മാത്രം ചുറ്റി കറങ്ങുന്ന ഒരിന്ത്യ ആണോ സംഘ പരിവാർ രാഷ്ട്രീയം മുന്നോട്ടു വയ്ക്കുന്നത്?

modi rss

വിലക്കയറ്റമായിരുന്നു മൻമോഹൻ സർക്കാരിനെതിരെ ഉയര്‍ന്നിരുന്ന മറ്റൊരു പ്രധാന വിഷയം. അന്താരാഷ്ട്ര വിപണിയിൽ 154 ഡോളർ പെട്രോളിന് വിലയുണ്ടായിരുന്ന കാലത്ത്, 74 രൂപയായിരുന്നു ഇന്ത്യയിലെ വില. ഇന്നിപ്പോൾ 54 ഡോളർ പെട്രോളിന് അന്താരാഷ്ട്ര മാർക്കറ്റിൽ വില വന്നപ്പോഴും ഇന്ത്യയിലെ വിലയിൽ മാറ്റമില്ല. പാവപ്പെട്ടവർക്ക് കക്കൂസ് നിർമ്മിക്കാനാണ് പെട്രോളിന്‍റെ വില കൂട്ടുന്നത് എന്നാണ് കേന്ദ്ര മന്ത്രിയുടെ നിലപാട്. പെട്രോൾ വില കൂടുന്നത് കൊണ്ട് വലിയ തോതിലുള്ള വിലക്കയറ്റമാണ് രാജ്യത്ത് ഉണ്ടാകുന്നത്. തൊഴിലില്ലായ്മ കൊണ്ട് നട്ടം തിരിയുന്ന സാധാരണക്കാരന് ഈ വിലക്കയറ്റം താങ്ങാൻ കഴിയില്ല.

പെട്രോൾ വിലയിൽ നിന്ന് കിട്ടുന്ന നികുതിയായും ജി എസ് ടി യായും ആയിരക്കണക്കിന് കോടി രൂപയാണ് സർക്കാർ ഖജനാവിൽ ഒഴുകിയെത്തേണ്ടത്. എന്നാൽ ഈ വരവിനനുസരിച്ചുള്ള വലിയ പദ്ധതികൾ ഒന്നും തന്നെ പ്രഖ്യാപനങ്ങളിൽ പോലും കാണുന്നില്ല.
ദളിതുകൾക്കെതിരെയും ന്യൂനപക്ഷങ്ങൾക്കെതിരെയും അക്രമങ്ങൾ ആണ് സംഘപരിവാർ ശക്തികൾ ഭരിക്കുന്ന സംസ്ഥാനങ്ങളിൽ നിത്യേന നടക്കുന്നത്. ഗോ രക്ഷകർ എന്ന പേരിലുള്ള അക്രമി സംഘമാണ് ഇപ്പോൾ പൊലീസിന് പകരമായി ഈ സംസ്ഥാനങ്ങളിൽ ഉള്ളത്. ഫേക്ക് എൻകൗണ്ടറുകൾ സൃഷ്ടിച്ചും മോബ് ലിഞ്ചിങ്ങിലൂടെയും ആണിപ്പോൾ ഇവർ നീതി നടപ്പാക്കുന്നത്. കൽബുർഗിയെയും ഗൗരി ലങ്കേഷിനെയും മാത്രമല്ല എതിർ ശബ്ദങ്ങളെയെല്ലാം നിശ്ശബ്ദരാക്കുകയാണ്‌ സംഘ പരിവാർ രാഷ്ട്രീയം. എന്ത് ഭക്ഷിക്കണം എന്ത് ധരിക്കണം എന്നൊക്കെയുള്ള മനുഷ്യന്‍റെ അടിസ്ഥാന സ്വാതന്ത്ര്യത്തെ പോലും ഹനിക്കുകയും സംഘ പരിവാർ അജണ്ട നടപ്പാക്കുകയും ആണിവർ ചെയ്യുന്നത്. ഇന്ത്യയുടെ മത നിരപേക്ഷത എന്നന്നേക്കുമായി നശിപ്പിക്കയാണോ ഈ സർക്കാരിന്‍റെ ഉദ്ദേശ്യമെന്നു സംശയം തോന്നുന്നു.. ദളിതരും ന്യൂന പക്ഷങ്ങളും മാത്രമല്ല ബുദ്ധി ജീവികളും ഇന്ന് അസ്വസ്ഥരാണ്. സംഘപരിവാറിനെ എതിർക്കുന്നവന്‍റെ ദേശീയബോധം ചോദ്യം ചെയ്യപ്പെടുന്നു. ജീവനുതന്നെയും അവന് ഭീഷണി നേരിടേണ്ടിവരുന്നു.

വാൽക്കക്ഷണം :-കോൺഗ്രസ് മുക്ത ഭാരതം എന്ന് കൊട്ടിഘോഷിച്ചു കൊണ്ട്, രാഷ്ട്രീയ രംഗത്തു എതിരാളികളില്ലാത്ത ഭൂമിക സ്വപ്നം കണ്ടു ഭരണത്തുടർച്ചക്കായി കരുക്കൾ നീക്കിയിരുന്നു ആർ എസ് എസ്, സംഘ പരിവാർ പ്രഭുതികളുടെ മേൽക്കോയ്മയും ചോദ്യം ചെയ്യപ്പെട്ടു തുടങ്ങിയെന്നു പടിഞ്ഞാറ് നിന്നു സൂചനകൾ വന്നു തുടങ്ങിയിരിക്കുന്നു. അസഹിഷ്ണുതയാലും വിലക്കയറ്റത്താലും പൊറുതി മുട്ടിയ ജനം വീണ്ടും തെരുവിലിറങ്ങാൻ നിര്‍ബന്ധിതമായിരിക്കുകയാണ്. അമേരിക്കൻ യാത്രയിലെ, രാഹുലിന്‍റെ തെളിച്ചു പറയലുകൾ ഇന്ത്യൻ ജനത പതുക്കെ പതുക്കെ ചെവിക്കൊണ്ടു തുടങ്ങിയിരിക്കുന്നു. ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബി ജെ പി യുടെ തന്ത്രങ്ങൾക്കുണ്ടായ പാളിച്ചയും ഡി മോണിട്ടൈസേഷന്‍റെ പരാജയവും ജി എസ ടി നടത്തിയതിലെ പിടിപ്പുകേടും പെട്രോൾ വിലയിലെ ദിവസേനയുണ്ടാകുന്ന ഉയർച്ചയും തൊഴിലില്ലായ്മയും മോഡി സർക്കാറിന്‍റെ പതനത്തിലേക്കുള്ള ആക്കം കൂട്ടുകയാണ്. ഇന്ത്യ തിളങ്ങുന്നു എന്ന പേരിൽ 2004 ലെ തെരഞ്ഞെടുപ്പിനെ നേരിട്ട അടൽ ബിഹാരി വാജ്‌പേയിയുടെ അവസ്ഥയിലേക്കാവും മോഡി സർക്കാരും എത്തിച്ചേരുക. ഈജിപ്റ്റിൽ വർഗീയ അജണ്ടയുമായി വിപ്ലവത്തിന് ശേഷം കടന്നു വന്ന മുഹമ്മദ് മുർസിയെ തള്ളിക്കളയാൻ ഈജിപ്റ്റിലെ ജനങ്ങൾക്കായി.
ജനശക്തിയില്‍ വിശ്വസിച്ച് നല്ല ദിനങ്ങള്‍ക്കായി കാത്തിരിക്കാം

Comments
Print Friendly, PDF & Email

You may also like