Home Travel കൃഷ്ണഗാഥ തേടിയൊരു യാത്ര – 2

കൃഷ്ണഗാഥ തേടിയൊരു യാത്ര – 2

 സ്വാതന്ത്ര്യബോധം

വാനരക്കൂട്ടങ്ങള്‍ തലങ്ങും, വിലങ്ങും പാഞ്ഞു നടക്കുന്ന ഭൂമികയാണ് വൃന്ദാവനം. യുവാക്കളും, യുവതികളും, ഗര്‍ഭിണികളും, മധ്യവയസ്കരും, നെറ്റിയില്‍ കാലം നല്‍കിയ ധിഷണരേഖകള്‍ ഉള്ള പടുവൃദ്ധന്മാരും ഒക്കെ അക്കൂട്ടത്തിലുണ്ട്.

മതിലുകള്‍, പുരപ്പുറങ്ങള്‍, വൃക്ഷങ്ങള്‍, റോഡുകള്‍ തുടങ്ങി അവ കയറിയിറങ്ങാത്ത ഒരിഞ്ചു സ്ഥലംപോലും വൃജഭൂമിയിലില്ല. ജന്മഗുണമായി വന്നു ചേര്‍ന്ന ചാപല്യങ്ങള്‍ നിമിത്തം പലരില്‍ നിന്നും കിട്ടിയിട്ടുള്ള പ്രഹരങ്ങള്‍ ചിലവയുടെ ശരീരത്തില്‍ മുറിപ്പാടുകളായി കിടപ്പുണ്ട്. പഴക്കച്ചവടക്കാരുടേയും, മറ്റു ഭക്ഷണസാധനങ്ങള്‍ വില്‍ക്കുന്നവരുടേയുമടുത്ത് ഇവരുടെ വിളയാട്ടം അധികം നടക്കാറില്ല. അവര്‍ കയ്യിലുള്ള മുട്ടന്‍ വടികള്‍കൊണ്ട് അവയെ അകറ്റി നിര്‍ത്തും.കടയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങിക്കൊണ്ടുപോകുന്ന തീര്‍ത്ഥാടകരെയാണ് കുരങ്ങുകള്‍ ഒറ്റയായും കൂട്ടായും വന്നു ആക്രമിക്കുക. അവരുടെ കൈയിലുള്ളതെന്തും തട്ടിപ്പറിച്ചോടുന്നത് ഒരു പതിവ് കാഴ്ച്ചയാണ് . ജന്തുജാലങ്ങളോട് കരുണയും സഹാനുഭൂതിയും ആവോളമുണ്ടായിരുന്ന ശ്രീകൃഷ്ണജന്മത്തിന്‍റെ കഥകള്‍ മനസ്സില്‍ കൊണ്ടുനടക്കുന്ന വൃജാവാസികള്‍ക്കിടയില്‍ ഒരു കുലീനജന്തുസ്നേഹം നിലനില്‍ക്കുന്നുണ്ട്. അവയുടെ ഗുണദോഷ സമ്മിശ്രമായ സാമീപ്യം അനുഗ്രഹമായിക്കണ്ട് അവരില്‍ പലരും പുഞ്ചിരിക്കുന്നതും കാണാം. കുരങ്ങുകളുടെ ജന്മപ്രകൃതിയാണ് മര്‍ക്കടസ്വഭാവമെന്നറിയപ്പെടുന്നത്. സ്ഥലകാലബോധമില്ലാതെ അവരത് എവിടെയും പ്രകടമാക്കിക്കൊണ്ടിരിക്കും. വൃജാവാസികളായ സന്ന്യസിമാരോ, സാധാരണക്കാരോ അവരുടെ ആക്രമണങ്ങള്‍ക്ക് ഇരയായി കാണാറില്ല. മറിച്ച്, വൃന്ദാവനകാഴ്ച കാണാനായി ലോകത്തിന്‍റെ നാനാഭാഗങ്ങളില്‍ നിന്നെത്തുന്ന തീര്‍ത്ഥാ ടകരാണ് അവരുടെ ഇര.
തീര്‍ത്ഥാടകര്‍ ക്യാമ്പ് ചെയ്തിരുന്ന പുരാതന കെട്ടിടത്തിലെ വരാന്തകളും, പ്രധാന കവാടങ്ങളും, ജാലകങ്ങളുമെല്ലാം ഇവറ്റകളുടെ ശല്യമൊഴിവാക്കാനായി ബലമുള്ള കമ്പിവലയിട്ടു മറച്ചിരുന്നു. സന്ദര്‍ഭവശാല്‍ ആരെങ്കിലും എന്തെങ്കിലും പുറത്തു വയ്ക്കാനിടയായാല്‍ അത് കുരങ്ങുകള്‍ കൊണ്ട് പോകുമെന്നതില്‍ സംശയം വേണ്ട. അവരുടെ വിക്രസ്സുകളെക്കുറിച്ച് ധാരണയില്ലാത്ത സന്ദര്‍ശകര്‍ കബളിക്കപ്പെടുന്നത് നിത്യസംഭവമാണ്. കണ്ണട, ചെരുപ്പ്, ഉണങ്ങാനിട്ട അടിവസ്ത്രങ്ങള്‍ തുടങ്ങി ഏതു വസ്തുക്കളിലും നോട്ടമിട്ടു നാമറിയാതെ അവ പിന്തുടര്‍ന്നുകൊണ്ടിരിക്കും. കെട്ടിടങ്ങളുടെ മറ പറ്റി, മതിലുകള്‍ക്ക് മുകളിലൂടെ, വൈദ്യുത കമ്പികള്‍ക്കിടയിലൂടെ മൂന്നോ നാലോ സംഘങ്ങള്‍ പല ഭാഗത്തുനിന്നും ഒരേ സമയം ചാടി വീണു പിടിച്ചു പറിച്ചു കൊണ്ടോടുന്നു. അങ്ങിനെയുള്ള വസ്തുക്കളുമായി കെട്ടിടങ്ങള്‍ക്ക് മുകളിലോ, വൃക്ഷശിഖരങ്ങളിലോ കയറിയിരുന്നു വിലപേശല്‍ തന്ത്രം ആവിഷ്ക്കരിക്കുന്നു.

v10

തീര്‍ഥാടക സംഘത്തില്‍പ്പെട്ട ഒരു സ്ത്രീ കൂട്ടത്തില്‍ നിന്നകന്ന് മാറി തോളിലൊരു ബാഗുമായി നില്‍ക്കുന്നുണ്ടായിരുന്നു. അസൂയ മൂത്ത മുഖമുള്ള ഒരു വാനരനിഷേധി നിലത്തുകൂടി പതുങ്ങിയെത്തി അവരുടെ കാലില്‍ ഒരു കടി കടിച്ചു. രണ്ടു പല്ലുകളും ആഴത്തില്‍ താഴ്ന്ന കടിയായിരുന്നു അത്. അവര്‍ കരഞ്ഞു കൊണ്ട് അതിനെ തള്ളി മാറ്റുന്നതിനിടയില്‍ മറ്റൊരു വാനരന്‍ അവരുടെ തോളില്‍ കിടന്ന ബാഗില്‍ പിടുത്തമിട്ടു. ബാഗിലെ പിടുത്തം വിടാത്തതിനാല്‍ അത് നഷ്ടപ്പെട്ടില്ല. അലറിക്കരഞ്ഞ സ്ത്രീയെ വൃജാവാസികളും കൂടെയുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി. കടിച്ച കുരങ്ങ് നിരാശാബോധത്താല്‍ മുകളിലിരുന്നു പല്ലിളിച്ചു.

കുരങ്ങുപനി വ്യാപകമായ ഉത്തരേന്ത്യയില്‍ അത് കടിച്ചാല്‍ എന്ത് ചെയ്യുമെന്നറിയാതെ വിഷമിച്ചു നിന്ന ഞങ്ങളോട് വൃജാവാസിയായ സത്രം സൂക്ഷിപ്പുകാരി മുറിവില്‍ പുരട്ടേണ്ട മരുന്ന് ഉപദേശിച്ചു തന്നു. കടിപ്പാടില്‍ കുരങ്ങിന്‍റെ അപ്പി പുരട്ടുക ! പ്രഭാതത്തില്‍ ഉണര്‍ന്നെണീറ്റു വരുമ്പോള്‍ വരാന്തകളിലും നിരത്തിലുമെല്ലാം ഈ വസ്തു കണി കണികണ്ടുണരുന്ന ഞങ്ങള്‍ക്ക് ആ ചികിത്സ പ്രാകൃതമായി തോന്നി. അതിനാല്‍ ഒരു പ്രതിരോധ കുത്തിവയ്പ്പിനെപറ്റി ആലോചിച്ചുകൊണ്ട്‌ വൃജാവാസിയായ ഒരു ഡോക്ടറെ തേടിപ്പിടിച്ചു സമീപിച്ചപ്പോള്‍ അദ്ദേഹവും കുരങ്ങു കാഷ്ടം നല്ലതാണെന്ന് പറയുകയുണ്ടായി.

എങ്കിലും ഒരു കുത്തിവയ്പ്പെടുത്ത് വാനരദംശന ഭയത്തില്‍ നിന്നും മുക്തി നേടി. പകല്‍ മുഴുവന്‍ സ്വൈരം കെടുത്തുന്ന കപിക്കൂട്ടങ്ങള്‍ ഇരുട്ടുന്നതോടെ സകുടുംബം മതിലിനു മുകളിലും, മരത്തിനുമുകളിലുമായി പരസ്പരം കെട്ടിപ്പിടിച്ചു ചൂട് പകര്‍ന്നു ഉറങ്ങുന്നതും കാഴ്ചയാണ്.
മുത്തശ്ശന്‍ മുതുക്കന് ചുറ്റും അച്ഛനുമമ്മയും കുട്ടികളുമെല്ലാം ഒരു ഗോളം പോലെ നാല് വശത്തേക്കും നോട്ടം കിട്ടുമാറ് ഇരുപ്പുണ്ടാകും.
അപ്പോള്‍ ആ മുഖങ്ങള്‍ എത്ര ശാന്തം! ശൌര്യമില്ല, ആര്‍ത്തിയില്ല, കൌശലമില്ല. പിടിച്ചു പറിക്കും വിലപേശലിനും ഒരു താല്‍ക്കാലിക ഇടവേള.
ലോക ശുചിത്വ മാനദണ്ഡങ്ങളുടെ അളവുകോല്‍ വച്ച് വൃന്ദാവനത്തെ നോക്കിക്കാണാന്‍ ശ്രമിച്ചാല്‍ ഒരു മിനിട്ട് പോലും ആ പ്രദേശത്ത് നില്‍ക്കാന്‍ ഇന്നത്തെ ആധുനിക ജീവിതക്രമങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് സാധിച്ചെന്നുവരില്ല. ശുചിത്വപരിപാലനം വളരെ പരിതാപകരമായ അവസ്ഥയിലാണിവിടെ. സര്‍ക്കാര്‍ സംവിധാനങ്ങള്‍ ആ പ്രദേശത്ത് കാലു കുത്തിയിട്ട് നൂറ്റാണ്ടുകളായിട്ടുണ്ടാകും എന്ന്‍ തോന്നും‍.

ദൈനംദിന മാലിന്യങ്ങള്‍ തോന്നിയപോലെ വഴിയരികില്‍ കുന്നുകൂട്ടിയിരിക്കുന്നു. അവ ശേഖരിക്കാനുള്ള പാത്രങ്ങളോ, മറ്റു സംവിധാനങ്ങളോ കണ്ടില്ല. മുറികളില്‍ ദിനംപ്രതി ബാക്കി വരുന്ന മാലിന്യങ്ങള്‍ പ്ലാസ്റ്റിക്ക് ബാഗുകളില്‍ നിറച്ചു സൂക്ഷിക്കുകയും, രാത്രിയിലെ ഇരുട്ടിന്‍റെ സുരക്ഷിതത്വത്തില്‍ ഒരു കുറ്റവാളിയുടെ മനസ്സോടെ റോഡരുകിലേക്ക് വലിച്ചെറിയുകയും ചെയ്തുകൊണ്ടിരുന്നു മിക്കവരും. വീഴേണ്ട താമസം, കുരങ്ങുകള്‍ അവയെല്ലാം കുത്തിപ്പൊളിച്ച് ചിക്കിചികഞ്ഞു പരിസരമെങ്ങും കൂടുതല്‍ വൃത്തിഹീനമാക്കും.. തീര്‍ത്ഥാടന മാര്‍ഗ്ഗത്തിന്‍റെ മടുപ്പ് തോന്നിക്കുന്ന രംഗങ്ങളായിരുന്നു അവ.

 

v14

വൃന്ദാവനത്തിലെ ജന്തുലോകത്ത് ഏറെ ബഹുമാനിതരായ ഒരു വര്‍ഗ്ഗമാണ് പശുക്കള്‍. നിരത്തിലൂടെ നടക്കുമ്പോള്‍ എതിര്‍ഭാഗത്തുനിന്നും കൊമ്പുകൂര്‍ത്ത രണ്ടു കൂറ്റന്‍ പശുക്കള്‍ റോഡു നിറഞ്ഞു അലസമായി ആടിക്കുഴഞ്ഞു വരുന്നത് കണ്ടു. ഇന്നത്തെ ലോകത്ത് കൊലക്കത്തി സ്വപ്നം കണ്ട് കഴിയുന്ന പശുക്കളുടെ മുഖത്തുള്ള ജീവഭയം അവറ്റകളിലുണ്ടായിരുന്നില്ല. അവ ശങ്ക കൂടാതെ അരുകിലെത്തി എന്തെങ്കിലും തീറ്റ പ്രതീക്ഷിച്ച് കാത്തു നിന്നു. ബാഗില്‍ കരുതിയ ഓറഞ്ച് പകുത്ത് രണ്ടിനുമായി കൊടുത്തു തൊട്ടുതലോടിയപ്പോള്‍ ആ കണ്ണുകളിലെ സ്നേഹഭാവം വായിച്ചെടുക്കാനായി. വൃജാവാസികള്‍ പശുക്കളുടെ ക്ഷേമത്തിനെ മാത്രം മുന്നില്‍ കണ്ട് തങ്ങളുടെ ജീവിതക്രമങ്ങള്‍ ചിട്ടപ്പെടുത്തിയിരിക്കുന്നു. മിക്ക വീടുകളോടും ചേര്‍ന്ന് പുല്‍ത്തൊട്ടിയും, പുല്ലരിയാനുള്ള യന്ത്രങ്ങളും സ്ഥാപിച്ചിരിക്കുന്നു. പശുക്കള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യ പ്രവൃത്തിയായി ഗണിക്കുന്നതിലാവണം വഴിനീളെ ഇളം പുല്ലുകള്‍ നിറച്ച കുട്ടകളുമായി സ്ത്രീകളും കുട്ടികളും തീര്‍ത്ഥാടകരെ കാത്തു നില്‍ക്കുന്നുണ്ട്. കുറച്ചകലെ അയവെട്ടി നില്‍ക്കുന്ന പശുക്കള്‍.

 v13

പന്നികളാണ് മറ്റൊരു ജീവിവര്‍ഗ്ഗം. ഭഗവാന്‍റെ അവതാരങ്ങളില്‍ വരാഹാവതാരത്തിനുള്ള സ്ഥാനം പ്രസിദ്ധമാണ്. വൃന്ദാവനത്തിലെ കെട്ടിക്കിടക്കുന്ന ചെളിവെള്ളത്തിലും,യമുനയുടെ ചതുപ്പിലും, ഓടകളിലുമെല്ലാം പന്നിക്കൂട്ടങ്ങള്‍ കുത്തിമറിയുന്നത് കാണാം. ഓരോ ജീവിക്കും പ്രകൃതി രചിച്ചിട്ടുള്ള ജന്മസ്വഭാവങ്ങളുണ്ട്. മീനിനു തീറ്റയിലാണ് ഭ്രമം. ഈയാംപാറ്റയ്ക്ക് വെളിച്ചമാണിഷ്ടം,ആനയ്ക്ക് സ്പര്‍ശനത്തിലാണ് കമ്പം, പട്ടിയ്ക്ക് മണം പിടിക്കുന്നതിലാണ് വിരുത്. ഇപ്രകാരം ചിന്തിച്ചാല്‍ പന്നികള്‍ക്ക്‌ സന്തോഷം കൊടുക്കുന്ന ഇടമാണ് ചെളിക്കുണ്ട്. ഒരു പ്രസവത്തില്‍ എട്ടും പത്തും കുഞ്ഞുങ്ങള്‍ക്ക്‌ ജന്മം കൊടുത്ത് സകുടുംബം ഏതെങ്കിലുമൊരു ചെളിക്കുണ്ടില്‍ കുത്തിമറിഞ്ഞ് അവര്‍ ജീവിതം ധന്യമാക്കുന്നു.

ആധുനിക ലോകക്രമത്തില്‍ നിന്ന് ഒരു തീര്‍ത്ഥാടകനായി, വൃന്ദാവനത്തിലെ പ്രകൃതിദത്തമായ യാഥാര്‍ത്ഥ്യങ്ങളെ അതേപടി തുടരാന്‍ അനുവദിച്ചിരിക്കുന്ന സ്ഥലത്തേക്ക് വന്നുചേരുമ്പോള്‍ അനുഭവിക്കുന്ന സ്വത്വ പ്രതിസന്ധി ആദ്യ ദിനങ്ങളില്‍ കലശലായിരുന്നു.
നിരത്തിലേക്ക് ചെരുപ്പില്ലാതെ പുറത്തിറങ്ങാതിരുന്ന പതിവുമാറി രണ്ടാംനാള്‍ നഗ്നപാദനായി നടക്കാനുള്ള കരുത്തു നേടി. മൂന്നാം നാളില്‍ വൃജാവാസികളുമായുള്ള സംസര്‍ഗ്ഗം തന്ന അറിവ് കൊണ്ട് പ്രകൃതിയിലെ എല്ലാ കാഴ്ചകളും ഭഗവത് പ്രഭാവത്തിന്‍റെ വിവിധ സ്വരൂപങ്ങളാണെന്നും, അവയില്‍ നല്ലതെന്നോ, ചീത്തയെന്നോ തരംതിരിവില്ലെന്നും മനസ്സിലായി.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like