പൂമുഖം Travelയാത്ര കൃഷ്ണഗാഥ തേടിയൊരു യാത്ര

മഥുരയിലെ വൃന്ദാവനിലേക്ക് ശ്രീ സദാശിവൻ അമ്പലമേട് നടത്തിയ യാത്രാനുഭവം - ഭാഗം 1 : കൃഷ്ണഗാഥ തേടിയൊരു യാത്ര

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

ജനാധിപത്യ വ്യവസ്ഥകള്‍ പുലരുന്ന ഇന്ത്യയില്‍ സഹസ്രാബ്ദങ്ങള്‍ക്കപ്പുറത്തുള്ള പല നന്മകളും പഴഞ്ചന്‍, പുരാതനം, തുടങ്ങിയ പദങ്ങളുപയോഗിച്ച് അലസമായി നോക്കിക്കാണുന്ന കാലമാണിപ്പോള്‍.
കൃതയുഗം, ത്രേതായു ഗം, ദ്വാപരയുഗം, കലിയുഗം എന്നീ നാല് യുഗങ്ങളേയും അവയുടെ പ്രത്യേകതകളേയും ഭാരതീയ വേദസംഹിതകള്‍ ലോകമെമ്പാടുമുള്ള മനുഷ്യരാശിക്ക് പകര്‍ന്നു നല്‍കുന്നു.
നാല് യുഗങ്ങളില്‍, സത്യധര്‍മ്മങ്ങള്‍ക്ക് കടുത്ത മൂല്യചുതി അനുഭവപ്പെടുന്ന കലിയുഗത്തിലാണ് നമ്മളെല്ലാം ജീവിക്കുന്നത്. അത് ആരംഭിച്ചിട്ട് അയ്യായിരത്തിലധികം വര്‍ഷം പിന്നിട്ടിരിക്കുന്നു. ശ്രീകൃഷ്ണ ഭഗവാന്‍റെ അവതാരമഹത്വവുമായി ബന്ധപ്പെട്ടാണ് ഇതിനു മുമ്പുണ്ടായിരുന്ന ദ്വാപരയുഗത്തിന്‍റെ പ്രസക്തി വിലയിരുത്തപ്പെടുന്നത്. സത്യവും, ധര്‍മ്മവും നശിച്ച് മാനവസമൂഹം ഇരുട്ടില്‍കഴിയുന്ന വേളയില്‍ അവയെ പുന:സ്ഥാപിക്കാന്‍ വേണ്ടിയാണ് ശ്രീകൃഷ്ണാവതാരം മഥുരാപുരിയില്‍ സംഭവിക്കുന്നത്‌. മനുഷ്യകുലത്തിന്‍റെ ശ്രേയസ്സ് ലക്ഷ്യമാക്കി അവതരിച്ച ശ്രീകൃഷ്ണന്‍ ജീവിതത്തിന്‍റെ അടിസ്ഥാന സമസ്യകളായ സുഖ-ദുഃഖദ്വന്ദങ്ങളെ തന്‍റെ അവതാരത്തിലൂടെ മാതൃകാപരമായി സന്നിവേശിപ്പിക്കാന്‍ ശ്രദ്ധിച്ചിട്ടുണ്ട്. പ്രപഞ്ചസത്യങ്ങളായ ഈ സമസ്യകളെ മനുഷ്യപക്ഷത്തു നിന്ന് നോക്കി കണ്ട് അനുഭവിക്കാനും, അവയെ നേരിടാനുള്ള ആത്മീയ സൂത്രങ്ങള്‍ പകര്‍ന്നു നല്‍കാനും കൃഷ്ണാവതാരത്തിനു സാധ്യമായി. ആറു ഗുണമൂല്യങ്ങള്‍ സമ്മേളിക്കുന്ന വിശിഷ്ട പ്രഭാവത്തെയാണ് ഭഗവാന്‍ എന്ന സംജ്ഞ കൊണ്ട് അര്‍ത്ഥമാക്കുന്നത്. ശ്രീകൃഷ്ണന്‍ ഈ ഗുണങ്ങളുടെ സമഞ്ജസമായൊരു സമ്മേളനമാണ് . സൌന്ദര്യം, ഐശ്വര്യം, ജ്ഞാനം, ബലം, യശസ്, ത്യാഗം എന്നിവയാണവ. ശ്രീകൃഷ്ണജന്മഭൂമിയെക്കുറിച്ച് പുരാണ-ഇതിഹാസങ്ങളില്‍ നിന്ന്‍ നിറക്കൂട്ടുകള്‍ നിറഞ്ഞു നില്‍ക്കുന്നചിത്രങ്ങള്‍ കണ്ടും കേട്ടും വളര്‍ന്ന കലിയുഗ ജന്മങ്ങളായ ഏതാനും മനുഷ്യരോടൊപ്പം അദ്ദേഹത്തിന്‍റെ അവതാരമുറങ്ങുന്ന മണ്ണിലേക്ക് ഒരു തീര്‍ഥയാത്ര പുറപ്പെടുമ്പോള്‍ ആ വിശിഷ്ട അവതാര മാഹാത്മ്യത്തെക്കുറിച്ച് ഊഷ്മളമായ ചിന്തകളായിരുന്നു മനസ്സ് നിറയെ. അത് ഐന്ദ്രിക വിഷയങ്ങള്‍ക്കപ്പുറം മനോ:ബുദ്ധി മേഖലകളിലുള്ള ഒരന്വേഷണം കൂടിയായിത്തീരുന്നു.
രണ്ടായിരത്തി പതിനഞ്ച് മാര്‍ച്ച്‌ മാസത്തില്‍ ദുബായില്‍ നിന്നും കൃഷ്ണ ഭൂമി സന്ദര്‍ശിക്കാനായി ഒരുങ്ങിത്തിരിച്ച തീര്‍ത്ഥാടക സംഘത്തോടൊപ്പം വെളുപ്പിന് മൂന്നു മണിക്ക് ദല്‍ഹിയിലെ ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ വന്നിറങ്ങിയപ്പോള്‍ വീശിയടിക്കുന്ന കോടക്കാറ്റിന്‍റെ കുളിര് അന്തരീക്ഷത്തില്‍ നിറഞ്ഞു നിന്നിരുന്നു. നൂറ്റാണ്ടുകള്‍ക്കപ്പുറം ഭാരതത്തെ നയിച്ച ശക്തരും, ദുര്‍ബലരുമായ രാജാക്കന്മാരുടെ കര്‍മ്മഭൂമിയായ ഇന്ദ്രപ്രസ്ഥം.
അവിടെനിന്നു ശ്രീകൃഷ്ണന്‍റെ ജന്മഭൂമിയായ മഥുരയിലേക്ക് ടാക്സിയില്‍ ഉള്ള യാത്ര പുറത്തെ ഇരുട്ടിന്‍റേയും, കുളിരിന്‍റേയും സുരക്ഷിതത്വത്തില്‍ പാതി മയക്കവും, ഉറക്കവുമായി കഴിഞ്ഞു.
ഉത്തര്‍പ്രദേശ് സംസ്ഥാനത്താണ് മഥുര പട്ടണം സ്ഥിതി ചെയ്യുന്നത്. ശ്രീകൃഷ്ണജന്മത്തിന്‍റെ അത്ഭുത ചരിതങ്ങള്‍ പറയുന്ന ഇടങ്ങള്‍ തേടിയാണ് ഞങ്ങളുടെ യാത്ര.
വൃന്ദാവനം, ഗോകുലം, ഗോവര്‍ദ്ധനഗിരി, ബരസന, നന്ദ്ഗാവ് തുടങ്ങിയവയെല്ലാം ലക്ഷ്യങ്ങളാണ്.
അയ്യായിരം വര്‍ഷങ്ങള്‍ക്കപ്പുറത്ത് ശ്രീകൃഷ്ണഭഗവാന്‍ തന്‍റെ അവതാര ലക്ഷ്യങ്ങള്‍ സഫലമാക്കാനായി തിരഞ്ഞെടുത്ത ഓരോ ഇടങ്ങളും ഇന്ന് പുണ്യ പ്രദേശങ്ങളായി കരുതപ്പെട്ടുപോരുന്നു. അതുകൊണ്ട് കൂടിയാകണം ഭക്തിയുടെ ഒരു അതീന്ദ്രിയ സ്വഭാവം വൃജവാസികളുടെ ജീവിതചര്യയിലും, പെരുമാറ്റത്തിലും പ്രകടമായി കാണാന്‍ കഴിയുന്നു. അഭിവാദ്യ-പ്രത്യഭിവാദ്യങ്ങളില്‍ സുലഭമായി കേള്‍ക്കാന്‍ കഴിയുന്ന രാധേ…. രാധേ.. വിളികളുടെ ആകര്‍ഷണീയത.

വൃന്ദാവനത്തിലെ രാധ.
———————————-
“രാധ” എന്ന രണ്ടക്ഷര ശബ്ദവിന്യാസത്തിന്‍റെ ബൗദ്ധിക-വാചിക സ്പര്‍ശങ്ങള്‍ അനുനിമിഷം ചിതറി വീഴുന്ന പ്രദേശമാണ് വൃന്ദാവനം.

ദീര്‍ഘദൂരത്തില്‍ പച്ച പുതച്ച് കിടക്കുന്ന ഗോതമ്പ് വയലുകള്‍ക്ക് നടുവിലൂടെ, ഇഴയുന്ന കാളിയ സര്‍പ്പത്തെപോലെ ശാന്തമായൊഴുകുന്ന യമുനാനദി. ശ്രീകൃഷ്ണചരിതവുമായി ബന്ധപ്പെട്ട സുന്ദര-ഘോര നിമിഷങ്ങള്‍ മനസ്സില്‍ തെളിയുന്ന ഇടം.
കാലപ്രവാഹത്തിന്‍റെ അനിവാര്യമായ മാറ്റങ്ങളുടെ പ്രകൃതിവിശേഷങ്ങളില്‍പ്പെട്ട് ദ്വാപരയുഗത്തിലെ ഒഴുക്കില്‍ നിന്നും വ്യതിചലിച്ച് നദി ഇപ്പോള്‍ പലയിടത്തും സ്ഥാനം മാറി പ്രയാണം തുടരുന്നു.
മുമ്പ് ഒഴുകിയിരുന്ന പ്രദേശം കരഭൂമിയായും, കര നിന്നിരുന്ന പ്രദേശം പുഴയായും രൂപാന്തരം പ്രാപിച്ചിട്ടുണ്ടെന്ന് പറയപ്പെടുന്നു.

കാളിയ മര്‍ദ്ദനത്തിനായി ഭഗവാന്‍ കാളിന്ദിയിലേക്ക് ചാടിയ ഇടവും, ഗോപികമാരുടെ വസ്ത്രം അപഹരിച്ച് ആല്‍മരക്കൊമ്പില്‍ കയറിയിരുന്ന സ്ഥലവുമെല്ലാം ഇന്ന് ആരാധനാലയങ്ങളായി കരയിലാണുള്ളത്.
യമുനാനദിക്കരയില്‍ സഞ്ചാരികളെയും വഹിച്ചുകൊണ്ടുള്ള വാഹനങ്ങള്‍ എത്തിനില്‍ക്കുന്നു.
വൃന്ദാവനത്തിലെ തെരുവുകള്‍ ഇടുങ്ങിയതും, വൃത്തിഹീനങ്ങളുമാണ്. സൈക്കിള്‍ റിക്ഷകളും ബാറ്ററികൊണ്ട് പ്രവര്‍ത്തിക്കുന്ന ഒരിനം ഓട്ടോ റിക്ഷകളും മാത്രമേ ഗല്ലികളില്‍ കൂടി സഞ്ചരിക്കുന്നുള്ളൂ. ഇരു പുറവും കച്ചവടക്കാര്‍ തമ്പടിച്ചിട്ടുണ്ട്. റിക്ഷകള്‍ക്ക് ഹോണുകള്‍ ഉണ്ടെങ്കിലും അതുപയോഗിക്കാതെ രാധേ.. രാധേ.. വിളികളിലൂടെ കാല്‍നടക്കാരെയും, പശുക്കൂട്ടങ്ങളെയും അകറ്റി കടന്നു പോകുന്നു.
ശ്രീകൃഷ്ണ സ്മൃതികള്‍ പേറുന്ന ആയിരക്കണക്കിന് ചെറുതും വലുതുമായ ക്ഷേത്രങ്ങളുടെയും, സമാധിസ്ഥാനുകളുടെയും നഗരിയാണിവിടം. ശ്രീകൃഷ്ണലീലാവിലാസങ്ങള്‍ക്കു സാക്ഷിയായ പന്ത്രണ്ട് വനങ്ങളിലൊന്ന്.
നൂറ്റാണ്ടുകള്‍ക്കപ്പുറം സംഭവിച്ച ശ്രീകൃഷ്ണജന്മചാതുര്യങ്ങളില്‍ ചിലതെങ്കിലും ഇന്നത്തെ ജീവിത സങ്കല്‍പ്പങ്ങളുടെ പശ്ചാത്തലത്തില്‍ നിരീക്ഷിച്ചാല്‍ യുക്തിക്കതീതമായ സമസ്യകളായി തോന്നിയേക്കാം.

യുക്തിയുടെ സംശയങ്ങളും വാശികളും മാറ്റിവെച്ച്. ഭക്തിമാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഇവിടത്തെ രീതികള്‍ ശീലിക്കേണ്ടത്‌ തീര്‍ഥാടക ദൌത്യങ്ങളില്‍പ്പെടുന്നു.
തീര്‍ഥാടകസംഘത്തിലൊരാളായി യാത്ര തുടരുമ്പോള്‍ എത്ര കൊടിയ ഭൌതിക വാദിയും സ്വന്തം മനസ്സിനെ ഭക്തിയുടെ നൂലുകൊണ്ട് മുറുക്കിക്കെട്ടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ തീര്‍ഥാടനം കൊണ്ട് എന്ത് ലക്ഷ്യമാക്കുന്നുവോ അത് നേടിയെടുക്കാന്‍ സാധിക്കൂ. അതിനായി സമര്‍പ്പണബുദ്ധിയോടെ വിഷയങ്ങളെ സമീപിക്കണം. സത്സംഗങ്ങളായുള്ള ഇടപെടലുകളിലൂടെയും, ജീവിതചര്യയിലൂടെയും മാത്രമേ സമര്‍പ്പണ ബുദ്ധി നേടിയെടുക്കാന്‍ സാധിക്കുകയുള്ളൂ.
ഭഗവത്ചിന്ത നിറഞ്ഞു തുളുമ്പുന്ന ഇടമാണ് വൃന്ദാവനം. വൈവിദ്ധ്യ ചിന്തകളെയും, കാഴ്ചകളെയും തൊടുത്തുവിടുന്ന വൃജഭൂമിയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തീര്‍ഥാടക മനസ്സുകളില്‍ പലവിധ ഭാവങ്ങളോടെ നിറയുന്ന കൃഷ്ണസാമീപ്യം.
മലയാളത്തിലെ കവിശ്രേഷ്ഠന്മാരായ തുഞ്ചനും, കുഞ്ചനും, ചെറുശ്ശേരിയുമെല്ലാം കാവ്യശകലങ്ങളായി അനുഭവിപ്പിച്ച കൃഷ്ണഗാഥകളെല്ലാം മനസ്സില്‍ പൂത്തുലയുന്നു.
കൌമാര-യൌവനങ്ങളില്‍ കമ്മ്യൂണിസവും, ചാര്‍വാകബുദ്ധിയും നിറഞ്ഞിരുന്ന അതേ മനസ്സുതന്നെ കൃഷ്ണവിചാരയമുനയില്‍ മുങ്ങിക്കുളിക്കുന്നു. തീര്‍ഥാടനദൌത്യം കൊണ്ട് നേടിയെടുക്കേണ്ട വിശിഷ്ട ഗുണമാണ് ജീവജാലങ്ങളോടുള്ള സമഭാവമെന്നത് തെളിഞ്ഞു കാണുന്നു. ജീവിത വ്യവഹാരത്തില്‍ നമ്മള്‍ നിശ്ചയിച്ചുറപ്പിച്ചു വച്ചിട്ടുള്ള പലവിധ കര്‍മ്മ ദോഷങ്ങളെക്കുറിച്ച് തിരിച്ചറിവ് ലഭിക്കാനും, ആവശ്യമെങ്കില്‍ നവീകരിക്കാനും ഇത്തരം സന്ദര്‍ഭങ്ങള്‍ ഉപകരിക്കുന്നു.
ഭക്തിഭാവം ഉള്ളിലുറച്ചു കഴിഞ്ഞാല്‍ ജീവിതത്തില്‍ നമ്മളനുഭവിക്കുന്ന ശബ്ദസ്പര്‍ശ രസരൂപ ഗന്ധങ്ങളിലെല്ലാം ഈശ്വര ഭാവം പ്രകടമായി കാണാന്‍ കഴിയുന്നു. സുഖ-ദുഃഖങ്ങള്‍ ഈശ്വരപ്രഭാവമാണെന്ന സത്യം തിരിച്ചറിയുന്നു. ദ്വന്ദങ്ങളുടെ പിടിവള്ളികളില്‍നിന്നും മോചിതമാകുന്ന മനസ്സില്‍ സ്ഥായിയായ ആനന്ദം വന്നു നിറയുന്നു. ഇത് പരിശീലനത്തിലൂടെ നേടിയെടുക്കേണ്ട ഒരു ഗുണഭാവമാണ്.
വൃന്ദാവനത്തിലെ വൃജാവാസികളായ മനുഷ്യരുടെ നാവില്‍നിന്നും ഒരു ‘ഹലോ’ വിളിയോ, ‘ഭായ്’ വിളിയോ കേള്‍ക്കാന്‍ കഴിഞ്ഞില്ല. എന്നാല്‍ സ്ത്രീ പുരുഷ വ്യത്യാസമില്ലാതെ രാധേ. രാധേ.. വിളികളോടെ എങ്ങും മുഴങ്ങിക്കേള്‍ക്കാം…

ഗള്‍ഫിന്റെ നാലു ചുമരുകള്‍ക്കുള്ളില്‍ പരിമിതസ്വാതന്ത്ര്യം മാത്രം അനുഭവിച്ചു ആ രാജ്യത്തെ നിയമവ്യവസ്ഥകള്‍ തങ്ങളുടെ ജീവിതചര്യയാക്കി കഴിഞ്ഞു കൂടുന്ന ഏതാനും മലയാളി കുടുംബങ്ങളാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്. മഥുരാപുരിയില്‍ ദര്‍ശിക്കേണ്ട ഇടങ്ങളെക്കുറിച്ചും ചെയ്യേണ്ട കര്‍മ്മങ്ങളെക്കുറിച്ച് അവര്‍ക്ക് കൃത്യമായ ദിശാബോധമുണ്ട്.  വൃജാവാസികള്‍ക്കിടയില്‍ സര്‍വ്വാംഗപരിത്യാഗികളായ സന്ന്യാസിവര്യന്മാരും അവരുടെ ജ്ഞാനസമുദ്രത്തില്‍നിന്നും ജീവിതസൂത്രങ്ങള്‍ ഗ്രഹിക്കാനായി എത്തിയിട്ടുള്ള സാത്വിക പ്രഭാവന്മാരുണ്ട്. അതിനായി ക്ഷേത്രങ്ങളും, സമാധിമന്ദിരങ്ങളും, പുണ്യതീര്‍ത്ഥങ്ങളും ദര്‍ശിക്കേണ്ടതുണ്ട്.

വൃന്ദാവനത്തിലെ മനുഷ്യരും, മറ്റു ജീവജാലങ്ങളും തമ്മില്‍ പരസ്പര പൂരകമായൊരു ജീവിത വ്യവസ്ഥ ചിട്ടപ്പെട്ടു വന്നിട്ടുണ്ട്. അതിന്റെ നേര്‍ദൃശ്യങ്ങള്‍ അത്ഭുതത്തോടെ സാക്ഷ്യം വഹിക്കാനും സാധിക്കുന്നു. ഓരോ പുറംകാഴ്ചകളും തൊടുത്തുവിടുന്ന അഭൂതപൂര്‍വ്വമായ അകക്കാഴ്ചകള്‍ ചോദ്യങ്ങളും ഉത്തരങ്ങളും സ്പുരിപ്പിച്ചുകൊണ്ടിരിക്കുന്നു.

Comments
Print Friendly, PDF & Email

ചിത്രകാരൻ, നോവലിസ്റ്റ്. ദുബായിയിൽ ജോലി ചെയ്യുന്നു

You may also like