പൂമുഖം LITERATUREലേഖനം വരുന്നു ബീഫ് ഇല്ലാത്ത ബീഫ് യുഗം

വരുന്നു ബീഫ് ഇല്ലാത്ത ബീഫ് യുഗം

ീഫിന്‍റെ ഉപഭോഗവുമായി ബന്ധപ്പെട്ടു രാജ്യത്ത് കലാപങ്ങളും കൊലപാതകങ്ങളും നടക്കുകയാണല്ലോ. ശാസ്ത്രത്തിന്‍റെ ഭാഗത്തുനിന്ന്, ഇലയ്ക്കും മുള്ളിനും കേടില്ലാത്ത മട്ടില്‍ ഒരു പരിഹാരം ഒരുങ്ങുന്നു. ജനസംഖ്യയില്‍ ഏതാണ്ട് അമ്പത് ശതമാനത്തോളം വരുന്ന സസ്യഭുക്കുകള്‍ക്കും ഹിംസ കൂടാതെ മാംസഭുക്കാവാന്‍ ഒരവസരം : മരങ്ങളിൽ വളരുന്ന ഇറച്ചിയാണ് വിഷയം.
ഭാവിയുടെ ഭക്ഷണം എന്ന നിലയിൽ ആണ് ഈ പദ്ധതിയുമായി വാഷിംഗ്‌ടൺ ആസ്ഥാനമായുള്ള ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് മുന്നോട്ടു പോയിക്കൊണ്ടിരിക്കുന്നത്. അടിസ്ഥാനപരമായി, നാട്ടിൻപുറങ്ങളിൽ നിന്നും നഗരങ്ങളിലേക്ക് കുടിയേറുന്നവര്‍ക്കായി മരങ്ങളിൽ ഇറച്ചി ഉത്പാദിപ്പിക്കുന്നത്തിനു വേണ്ടിയുള്ള ഗവേഷണങ്ങൾ വര്‍ഷങ്ങളായി പുരോഗമിക്കുകയായിരുന്നു. കൃഷിക്കാരും അറവുശാലകളും ഇല്ലാത്ത ഒരു കാലഘട്ടത്തിലേക്കാണ് ലോകം പോയിക്കൊണ്ടിരിക്കുന്നത്. ഗുഡ് ഫുഡ് ഇൻസ്റ്റിറ്റ്യൂട്ട് എക്സിക്യൂട്ടീവ് ഡയറക്ടർ ബി. ഫെഡെറിച്ചിന്‍റെ അഭിപ്രായത്തിൽ 2050 ഓട് കൂടി ജീവജാലങ്ങളിൽ നിന്നും തയ്യാർ ചെയുന്ന മാംസ ഭക്ഷണം പൂർണ്ണമായും പ്രധാന നഗരങ്ങളിൽ നിന്നും അപ്രത്യക്ഷമാകും..
സൂപ്പർ ഫുഡിനായുള്ള നെട്ടോട്ടത്തിൽ ആണ് പാശ്ചാത്യ രാജ്യങ്ങൾ. ബ്ലൂ ബെറി, ബ്ലാക്ക് ബെറി, റെഡ് കറൻറ് , ബ്ലാക്ക് കറൻറ്, ജോജോ ബെറി തുടങ്ങിയ ബെറി വർഗത്തോടൊപ്പം, അവോക്കാഡോ, ക്വിനോവ, സ്വീറ്റ് പൊട്ടറ്റോ, ചിയ തുടങ്ങിയ അനേകം ഭക്ഷണ വർഗ്ഗങ്ങൾ ഇപ്പോൾ സൂപ്പർ ഫുഡ് ശ്രേണിയിലേക്ക് ഉയർത്തപ്പെട്ടിട്ടുണ്ട്. ഭാവി ഭക്ഷണം എന്ന വിഭാഗത്തിലേക്ക് ഭക്ഷണ ഗവേഷകർ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത് ഗ്രീൻ ആൽഗെയും നടുക്കടലിലും ഫാക്റ്ററികളിലും വളർത്തുന്ന മീൻ വകഭേദങ്ങളും ആണ്.
ആഗോള താപനം കാരണം 2050 ഓട് കൂടി 10 ബില്ല്യൻ ജനങ്ങൾക്ക് തീറ്റക്കായി 50 ശതമാനം കൃഷിയിടങ്ങൾ നീക്കി വയ്‌ക്കേണ്ടി വരും എന്നാണ് ഐക്യ രാഷ്ട്ര സഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷൻ കണക്കുകൾ നിരത്തി അവകാശപ്പെടുന്നത്. ഇപ്പോൾ പാഴാക്കുന്ന ഭക്ഷണത്തിന്‍റെ അളവ് മൂന്നിലൊന്നാവുകയും സമ്പന്നരുടെ മേശയിൽ നിന്ന് അനിമൽ പ്രോട്ടീന്‍റെ അളവ് കുറയ്ക്കുകയും ചെയ്യുന്നതിലൂടെ ഇത് സാധ്യമാകുമെന്നും അവർ കണക്കു കൂട്ടുന്നു.
ഏകദേശം 80 ശതമാനം ഭൂമിയും ജീവജാലങ്ങൾക്ക് വേണ്ടിയുള്ള പുൽകൃഷിക്കു വേണ്ടി ഉപയോഗിക്കേണ്ടി വരും എന്നാണ് കണക്കാക്കപ്പെടുന്നത്. അതിനോടൊപ്പം, ലോകത്തിലെ പത്തു ശതമാനത്തോളം വെള്ളം കന്നുകാലികളുടെ കുടിനീരിനായും ഉപയോഗിക്കുന്നതിനാൽ ആഗോള താപനത്തിനു കാരണമായ മീഥേൻ വാതകം വര്‍ദ്ധിച്ച തോതില്‍ ഉൽപ്പാദിപ്പിക്കപ്പെടും. ഇത് കൂടുതല്‍ വനനശീകരണത്തിന് കാരണമാകും എന്നും പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു.
ഇക്കാര്യത്തെ കുറിച്ച് ബോധവാന്മാരായ, വിരലിലെണ്ണാവുന്ന കമ്പനികൾ മാത്രമാണ്, , പുതിയ സാങ്കേതിക വിദ്യ ഉപയോഗിക്കാനും, കൃഷിയിടങ്ങളില്‍ തൊണ്ണൂറ്റി ഒമ്പത് ശതമാനവും ഗുണമേന്മയുള്ള മാംസാഹാരം ഉത്പാദിപ്പിക്കാന്‍ ഉതകുന്ന പുത്തന്‍ രീതികളില്‍ പണവും സമയവും ചെലവഴിക്കാനും മുന്നിട്ടിറങ്ങുന്നത്. കാലിഫോർണിയ ആസ്ഥാനമായുള്ള ഹാംന്റൻ ഗ്രീക്ക് എന്ന കമ്പനി അടുത്ത വര്‍ഷം തന്നെ ഗുണമേന്മയുള്ള മാംസാഹാരം തങ്ങളുടെ ഉപഭോക്താക്കൾക്ക് എത്തിച്ചു കൊടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. എന്നാൽ ഇതേ വിഷയത്തിൽ തന്നെ ഗവേഷണം നടത്തുന്ന മറ്റു കമ്പനികൾ പറയുന്നത് ഇനിയും അഞ്ചു വര്‍ഷം കൂടിയെങ്കിലും എടുക്കും മാർക്കറ്റിൽ ആവശ്യമായ അളവിൽ മാംസാഹാരം എത്തിക്കുന്നതിന്.എന്നാണ്. അത്ര സങ്കീർണ്ണമാണ് ഇതിനു പിന്നിലെ സാങ്കേതിക വിദ്യ. ഇത് പ്രായോഗികമാവുന്നതോടെ മാംസാഹാരം കഴിക്കാൻ അവസരങ്ങളില്ലാത്ത മൂന്നാം ലോക രാഷ്ട്രങ്ങളിലെ ജനങ്ങള്‍ക്കും ആരോഗ്യകരമായ ഭക്ഷണശീലം സാദ്ധ്യമാവും എന്നും കരുതപ്പെടുന്നു.
750 ബില്ല്യൺ ഡോളർ ആണ്, ഇന്ന് ലോകത്തെ മാംസാഹാര മാർക്കറ്റ്. ഇപ്പോൾ തന്നെ, മാംസാഹാര വിപണിയിലെ വമ്പന്മാർ മാംസാഹാരത്തിനു പകരമായ ചെലവ് കുറഞ്ഞ ആഹാരത്തിനായുള്ള പരക്കംപാച്ചിലിലാണ്. അമേരിക്കയിലെ പ്രമുഖ മാംസാഹാര നിർമ്മാതാക്കളായ ടൈസൺ ഫുഡ്സ് 150 മില്ല്യൺ ഡോളർ, ഗുണമേന്മയുള്ള പ്രോട്ടീൻ അടങ്ങിയ മാംസാഹാരത്തിനു തുല്യമായ, ചെടികളിൽ നിന്നുൽപ്പാദിപ്പിക്കുന്ന മാംസാഹാര ത്തിനായി ഫണ്ടിങ് നടത്തിയിരിക്കയാണ്. ബിൽ ഗേറ്റ്സ്, റിച്ചാർഡ് ബ്രാൻസൺ, ധാന്യ വിപണിയിലെ ഏറ്റവും കരുത്തരായ കാർഗിൽ തുടങ്ങിയവരെല്ലാം സസ്യങ്ങളിൽ നിന്നും മാംസാഹാരം ഉൽപ്പാദിപ്പിക്കുവാൻ രംഗത്തിറങ്ങിയിട്ടുള്ള മെംഫിസ് മീറ്റ് എന്ന കമ്പനിയിൽ വലിയ നിക്ഷേപങ്ങൾ നടത്തിയിരിക്കുന്നു.. അമേരിക്കയിലെ സതേൺ ഫ്രൈഡ് ചിക്കൻ എന്ന കമ്പനി 2017 മാർച്ചു മാസത്തിൽ, മെംഫിസ് കമ്പനി, സസ്യങ്ങളിൽ ഉൽപ്പാദിപ്പിച്ച ബീഫ്, ചിക്കൻ എന്നിവ സാൻഫ്രാൻസിസ്കോയിൽ നടന്ന ടേസ്റ്റ് ഇവന്‍റിൽ പരിചയപ്പെടുത്തുകയുണ്ടായി. അവരുടെ, സസ്യങ്ങളിൽ നിർമ്മിച്ച മാംസാഹാരത്തിന്‍റെ രുചി കന്നുകാലികളിൽ നിന്നും ഉൽപ്പാദിപ്പിക്കുന്ന ബീഫിനൊപ്പം ആയിരുന്നു എന്നാണ് സർവേയിൽ പറയുന്നത്.
അമേരിക്കയിലെ പ്രമുഖ സിറ്റികളിലൊക്കെയും ഭാവിയുടെ ബീഫ് ബർഗറും ചിക്കൻ ബർഗറുമൊക്കെ വിൽക്കുന്ന കടകൾ പ്രത്യക്ഷപ്പെട്ടു തുടങ്ങി. യൂണിലിവർ മുതൽ പ്രധാനപ്പെട്ട ഹൈപ്പർ മാർക്കറ്റുകളും സമ്പുഷ്ടമായ പ്രോട്ടീൻ അടങ്ങിയിട്ടുള്ള സ്റ്റീക്സുകളും ബർഗറുകളുമെല്ലാം വിപണിയിൽ എത്തിക്കാനുള്ള ശ്രമത്തിലാണ്.
കുറഞ്ഞ ചെലവിൽ, പ്രോട്ടീന്‍ സമൃദ്ധമായ, രുചികരമായ, വിഭവം ജനങ്ങൾക്ക് നൽകുകയെന്നതാണ് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആൻഡ് അഗ്രിക്കൾച്ചറൽ ഓർഗനൈസേഷന്‍റെ പിന്തുണയോടെ നടക്കുന്ന ഗവേഷണങ്ങളുടെ ലക്ഷ്യം.. അധികം ഭക്ഷണം കഴിക്കുന്നത് മൂലമുള്ള തടി കുറയ്‌ക്കുവാനും സംതുലിതമായ ഭക്ഷണ ക്രമത്തിനും ഈ വെജിറ്റേറിയൻ മാംസാഹാരം സഹായകമാകും .
ഇന്ത്യ പോലെ സസ്യ ഭക്ഷണം കഴിക്കുന്ന രാജ്യങ്ങളേയും മൂന്നാം ലോക രാഷ്ട്രങ്ങളേയുമാകും ഈ വിപണി ഉന്നം വയ്ക്കുന്നത്. ഇന്ത്യക്കാർക്കിനി പശുക്കളേയും കാളകളേയുമൊക്കെ ആരാധിക്കുന്നതിനൊപ്പം ലോക രാഷ്ട്രങ്ങളിലെ ജനങ്ങൾക്കൊപ്പം ആവശ്യത്തിന് ബീഫ് കഴിക്കാനും കഴിയും . ഇൻഡ്യാക്കാരന്‍റെ ബീഫ് എന്നായിരിക്കും ഭാവിയിൽ ഈ വിഭവങ്ങൾ അറിയപ്പെടുക.

Comments
Print Friendly, PDF & Email

You may also like