പൂമുഖം LITERATUREലോകകഥ ഒരു കുടുംബം -മോപ്പസാങ്ങ്

ഒരു കുടുംബം -മോപ്പസാങ്ങ്

 

ാൻ എന്റെ പഴയ സ്നേഹിതൻ സിമോങ്ങ് റഡേവിനെ കാണാൻ പോവുകയായിരുന്നു; പതിനഞ്ചു കൊല്ലമായിരിക്കുന്നു ഞങ്ങൾ തമ്മിൽ കണ്ടിട്ട്. ഒരു കാലത്ത് അയാളായിരുന്നു എന്റെ ഏറ്റവും അടുത്ത ചങ്ങാതി; പ്രശാന്തവും സന്തുഷ്ടവും ദീർഘവുമായ എത്ര സായാഹ്നങ്ങളാണ്‌ അയാൾക്കൊപ്പം എനിക്കുണ്ടായിരിക്കുന്നതെന്നോ! അങ്ങനെയൊരു സ്നേഹിതനോടാണ്‌ നാം നമ്മുടെ ഏറ്റവും നിഗൂഢമായ ഹൃദയാഭിലാഷങ്ങൾ പങ്കു വയ്ക്കുന്നത്, അങ്ങനെയൊരു സ്നേഹിതനോടൊപ്പം നടത്തുന്ന സംഭാഷണങ്ങളിൽ നിന്നാണ്‌ അനർഘവും സമർത്ഥവും വിലോലവുമായ ചിന്തകൾ, മനസ്സിനെ പ്രചോദിപ്പിക്കുകയും വശീകരിക്കുകയും ചെയ്യുന്ന ചിന്തകൾ നാം കണ്ടെടുക്കുന്നതും.

കൊല്ലങ്ങളായി ഞങ്ങൾ പിരിഞ്ഞിട്ടില്ലെന്നു തന്നെ പറയാം: ഞങ്ങൾ ജീവിച്ചതും യാത്ര ചെയ്തതും ചിന്തിച്ചതും സ്വപ്നം കണ്ടതും ഒരുമിച്ചായിരുന്നു, ഒരേ കാര്യങ്ങൾ ഒരേ ഇഷ്ടത്തോടെ ഞങ്ങൾ ഇഷ്ടപ്പെട്ടിരുന്നു, ഒരേ പുസ്തകങ്ങളെ ഞങ്ങൾ ശ്ലാഘിച്ചിരുന്നു, ഒരേ അനുഭൂതികൾ കൊണ്ട് ഞങ്ങൾ ത്രസിച്ചിരുന്നു, മിക്കപ്പോഴും ഒരേ വ്യക്തികളെ, ഒരു നോട്ടം കൈമാറിക്കൊണ്ടു തന്നെ ഞങ്ങൾക്കു പൂർണ്ണമായും മനസ്സിലായിരുന്ന വ്യക്തികളെ, ഞങ്ങൾ കളിയാക്കി ചിരിച്ചിരുന്നു.

അങ്ങനെയിരിക്കെ അയാൾ വിവാഹം കഴിച്ചു- ഒരു ഭർത്താവിനെ തേടി പാരീസിൽ വന്ന നാട്ടുമ്പുറത്തുകാരി ഒരു കൊച്ചുപെണ്ണിനെ അപ്രതീക്ഷിതമായി അയാൾ വിവാഹം ചെയ്തു.

തണ്ടും തടിയുമില്ലാത്ത, ചോര വാർന്നുപോയ പോലെ വിളറിയ, ബലം കെട്ട കൈകൾ തൂങ്ങിക്കിടക്കുന്ന, കണ്ണുകൾ വിദൂരതയിലെങ്ങോ പോയിത്തങ്ങുന്ന, ഒച്ച പൊള്ളയായ ആ കൊച്ചുപെണ്ണ്‌ എങ്ങനെ ആ ബുദ്ധിമാനും സമർത്ഥനുമായ ചെറുപ്പക്കാരനെ തട്ടിയെടുത്തു? ഈ തരം സംഗതികൾ ആർക്കെങ്കിലും മനസ്സിലാകുമോ? നിസ്സംശയമായും നല്ലവളും ഹൃദയാലുവും വിശ്വസ്തയുമായ ഒരു പെണ്ണിന്റെ കൈകളിൽ നിന്നു കിട്ടുന്ന സന്തോഷത്തിലാവാം അയാൾ പ്രതീക്ഷ വയ്ച്ചത്- സരളവും അകലുഷവും ചിരസ്ഥായിയുമായ സന്തോഷം. മുടി നേർത്ത ആ സ്കൂൾകുട്ടിയുടെ തെളിഞ്ഞ നോട്ടത്തിൽ അയാൾ അതെല്ലാം കണ്ടിരിക്കണം.

എന്നാൽ അയാൾ സ്വപ്നം കണ്ടിട്ടുപോലുമില്ല, ഊർജ്ജസ്വലനും സിരകളിൽ ചോര തുടിക്കുന്നവനുമായ ഒരു പുരുഷന്‌ വിരസമായ സാധാരണജീവിതത്തിന്റെ മൂഢയാഥാർത്ഥ്യം പിടി കിട്ടിക്കഴിഞ്ഞാൽ എത്ര വേഗമാണ്‌ വായിൽ കയ്പു നിറയുന്നതെന്ന്; അങ്ങനെയല്ലാതാവണമെങ്കിൽ വിശദാംശങ്ങളോട് തീരെ ഉദാസീനനായ മൃഗതുല്യമായ ജന്മമായിരിക്കണം അയാൾ.

വീണ്ടും തമ്മിൽ കാണുമ്പോൾ അയാൾ എങ്ങനെയുണ്ടാവും? ഇപ്പോഴും അതേ ഓജസ്സോടെ, നർമ്മത്തോടെ, ഉത്സാഹത്തോടെ ആയിരിക്കുമോ അതോ നാട്ടുമ്പുറജീവിതത്തിന്റെ ഫലമായുണ്ടായ മാനസികജാഡ്യത്തോടെയോ? പതിനഞ്ചു കൊല്ലം കൊണ്ട് ഒരു മനുഷ്യന്‌ എന്തൊക്കെ മാറ്റങ്ങൾ ഉണ്ടായിക്കൂടാ!

ട്രെയിൻ ഒരു ചെറിയ സ്റ്റേഷനിൽ നിന്നു; ഞാൻ പ്ലാറ്റ്ഫോമിലേക്കിറങ്ങിയപ്പോൾ തടിച്ച, വളരെ തടിച്ച ഒരാൾ, ചുവന്ന കവിളും കുടവയറുമായി ഒരാൾ, രണ്ടു കൈയും നീട്ടി എന്റെ നേർക്കോടി വന്നു: “ജോർജ്ജേ!”

ഞാൻ അയാളെ ആലിംഗനം ചെയ്തുവെങ്കിലും എനിക്ക് ആളെ മനസ്സിലായിക്കഴിഞ്ഞിരുന്നില്ല; പിന്നെ ഒരാശ്ചര്യത്തോടെ ഞാൻ പറഞ്ഞു: “കർത്താവേ! താൻ ഒട്ടും മെലിഞ്ഞിട്ടില്ലല്ലോ!”

ഒരു ചിരിയോടെ അയാൾ പറഞ്ഞു: “പിന്നെ താനെന്താണു പ്രതീക്ഷിച്ചത്? നല്ല ജീവിതം, നല്ല ഭക്ഷണം, നല്ല ഉറക്കം! തീറ്റയും ഉറക്കവും, അതാണെന്റെ ജീവിതം.”

ഞാൻ അയാളെ സൂക്ഷിച്ചു നോക്കി; ഒരിക്കൽ എനിക്കു പ്രിയപ്പെട്ടതായിരുന്ന പലതും ആ പരന്ന മുഖത്തു കാണാനുണ്ടോയെന്നു നോക്കുകയായിരുന്നു ഞാൻ. അയാളുടെ കണ്ണുകൾക്കു മാത്രം ഒരു മാറ്റവും വന്നിട്ടില്ല; പക്ഷേ ആ പഴയ നോട്ടം ഞാൻ അവയിൽ കണ്ടില്ല. ഞാൻ മനസ്സിൽ പറഞ്ഞു: “മനസ്സിലുള്ളതാണ്‌ നോട്ടത്തിലുള്ളതെങ്കിൽ ആ തലയ്ക്കുള്ളിലുള്ള ചിന്തകൾ ആ പഴയ ചിന്തകളല്ല- എനിക്കത്രമേൽ പരിചിതമായ ആ ചിന്തകൾ.”

എന്നാല്ക്കൂടി അയാളുടെ കണ്ണുകളിൽ തെളിച്ചമുണ്ടായിരുന്നു, സന്തോഷവും സൗഹൃദവും ഉണ്ടായിരുന്നു; അതേ സമയം മനസ്സിനെക്കുറിച്ച് വാക്കുകളെക്കാൾ നന്നായി പറയാനറിയുന്ന ആ തെളിഞ്ഞ ധിഷണ ഞാൻ അവയിൽ കണ്ടതുമില്ല.

“ഇതാ, എന്റെ മൂത്ത രണ്ടു കുട്ടികൾ.” യുവതി എന്നുതന്നെ പറയാവുന്ന പതിന്നാലു വയസ്സുള്ള ഒരു പെൺകുട്ടിയും ഹൈസ്കൂൾ വേഷം ധരിച്ച ഒരു പതിമൂന്നു  വയസ്സുകാരനും മടിച്ചുമടിച്ച് മുന്നിലേക്കു കയറിനിന്നു. ഞാൻ ശബ്ദം താഴ്ത്തി ചോദിച്ചു: “ഇവർ തന്റെ തന്നെയാണോ?”

“ഒരു സംശയവുമില്ല,” ചിരിച്ചുകൊണ്ട് അയാൾ പറഞ്ഞു.

“ആകെ എത്രപേരുണ്ട്?”

“അഞ്ച്! മൂന്നെണ്ണം അകത്തുണ്ട്.”

അയാൾ അതു പറഞ്ഞത് അഭിമാനത്തോടെയും സംതൃപ്തിയോടെയും എന്തോ പിടിച്ചടക്കിയ മട്ടിലുമായിരുന്നു; തന്റെ നാട്ടുമ്പുറവസതിയിൽ ദാമ്പത്യസുഖങ്ങളിൽ രമിച്ചുകൊണ്ട് രാത്രികൾ കഴിക്കുന്ന ആ മനുഷ്യനോട്, സ്വന്തം വർഗ്ഗത്തിന്റെ ആ വെറും പുനരുല്പാദകനോട് എന്തോ ഒരവജ്ഞ കലർന്ന കടുത്ത സഹതാപമാണ്‌ എനിക്കു തോന്നിയത്.

ഞാൻ ഒരു വണ്ടിയിൽ കയറി; അയാൾ തന്നെയാണ്‌ അതോടിച്ചത്. ഞങ്ങൾ ഒരു ചെറിയ ടൗണിലൂടെ കടന്നുപോയി; വിരസവും ഉറക്കം തൂങ്ങുന്നതും ചില നായ്ക്കളും രണ്ടോ മൂന്നോ വീട്ടുവേലക്കാരികളുമല്ലാതെ മറ്റൊന്നിനും ചലനമില്ലെന്നു തോന്നിക്കുന്നതുമായ ഒരു ടൗൺ. ചില കടക്കാർ സിമോങ്ങിനെ നോക്കി കൈ കാണിച്ചിരുന്നു; സിമോങ്ങ് തിരിച്ചു കൈ വീശിയിട്ട് അയാളുടെ പേര്‌ എന്നോടു പറയും- അവിടെയുള്ളവരെയെല്ലാം തനിക്കു വ്യക്തിപരമായി അറിയാം എന്ന് എന്നെ കാണിക്കാൻ വേണ്ടിയാണ്‌ എന്നതിൽ സംശയമില്ല. അടുത്ത പ്രാദേശികതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാവാൻ അയാൾ ആലോചിക്കുന്നുണ്ടാവും എന്ന് എനിക്കു തോന്നി; ഒരു പ്രാദേശികജീവിതത്തിൽ സ്വയം കുഴിച്ചുമൂടിയവരുടെയൊക്കെ ഒരു സ്വപ്നമാണത്.

അധികം വൈകാതെ ഞങ്ങൾ ടൗണിൽ നിന്നു പുറത്തു കടന്നു; ഒരുദ്യാനത്തിന്റെ നാട്യങ്ങൾ ചിലതു കാണിച്ചിരുന്ന ഒരു തോട്ടത്തിനുള്ളിലൂടെ വണ്ടി ഒരു വീട്ടിനു മുന്നിൽ ചെന്നുനിന്നു.

“ഇതാണെന്റെ മാളം,” ഒരഭിനന്ദനം പ്രതീക്ഷിച്ചുകൊണ്ടെന്നപോലെ സിമോൺ പറഞ്ഞു; വീട് നന്നായിട്ടുണ്ടെന്ന് ഞാൻ മറുപടിയായി പറയുകയും ചെയ്തു.

നടക്കല്ലിൽ ഒരു സ്ത്രീ പ്രത്യക്ഷയായി, ഒരതിഥിയെ സ്വീകരിക്കാനുള്ള വേഷധാരണത്തോടെ, ഒരതിഥിയെ സ്വീകരിക്കാനുള്ള കേശധാരണത്തോടെ, ഒരതിഥിയെ സ്വീകരിക്കാൻ ഉരുക്കഴിച്ചുപഠിച്ച വാക്കുകളോടെ. പതിനഞ്ചു കൊല്ലം മുമ്പ് പള്ളിയിൽ വച്ചു ഞാൻ കണ്ട ആ വിളർച്ചക്കാരി പെൺകുട്ടിയല്ല എന്റെ മുന്നിൽ നില്ക്കുന്നത്; മറിച്ച്, ധാരാളം ഞൊറിവുകളും മടക്കുകളുമുള്ള വേഷത്തിൽ, തടിച്ചുകൊഴുത്ത ഒരു സ്ത്രീ;  പ്രായമേതെന്നു നിങ്ങൾക്കൊരിക്കലും ഉറപ്പിച്ചു പറയാനാവാത്ത തരത്തിൽ പെട്ടവൾ; ബുദ്ധി എന്നതില്ലാത്തവൾ, സ്ത്രീ എന്നു വിളിക്കാൻ വേണ്ടതൊന്നുമില്ലാത്തവൾ. ചുരുക്കിപ്പറഞ്ഞാൽ അവൾ ഒരമ്മയായിരുന്നു, ശരീരം സ്ഥൂലിച്ച, എവിടെയും കാണുന്ന ഒരമ്മ; ഒരു പിടക്കോഴിയുടെ മനുഷ്യരൂപം, പെറ്റുകൂട്ടാനുള്ള പെൺകുതിര, പ്രത്യുല്പാദനത്തിനുള്ള മാംസയന്ത്രം; അതിന്റെ മനസ്സ് എന്തെങ്കിലും ശ്രദ്ധിക്കുന്നുണ്ടെങ്കിൽ അത് തന്റെ സന്തതികളേയും തന്റെ അടുക്കളബഡ്ജറ്റും മാത്രം.

അവർ എന്നെ സ്വീകരിച്ച് ഒരു ഹാളിലേക്കു കൊണ്ടുപോയി; അവിടെ പൊക്കം അനുസരിച്ച് നിരത്തിനിർത്തിയിരുന്ന മൂന്നു കുട്ടികൾ- മേയർക്കു പരിശോധിക്കാൻ അറ്റൻഷനായി നില്ക്കുന്ന മുനിസിപ്പൽ തൊഴിലാളികളെപ്പോലെ. “കൊള്ളാമല്ലോ! അപ്പോ വേറെയുമുണ്ടല്ലേ!” ഞാൻ പറഞ്ഞു. സന്തോഷം കൊണ്ട് ചുവന്ന മുഖത്തോടെ അയാൾ ഓരോരുത്തരുടെയും പേരു പറഞ്ഞു: “ജീൻ, സോഫി, ഗോൺട്രാൻ.”

സ്വീകരണമുറിയുടെ വാതിൽ തുറന്നുകിടക്കുകയായിരുന്നു. ഞാൻ കയറിച്ചെന്നപ്പോൾ ഒരു ചാരുകസേരയുടെ ആഴങ്ങളിൽ നിന്ന് ഒരനക്കം കണ്ണിൽ പെട്ടു: ഒരു മനുഷ്യനാണ്‌, വാതം കൊണ്ടു കൈകാലുകൾ മരവിച്ച, പ്രായം ചെന്ന ഒരു മനുഷ്യനാണ്‌. മദാം റഡേവിൻ മുന്നിലേക്കു വന്നു പറഞ്ഞു: “ഇതെന്റെ അപ്പുപ്പനാണ്‌, മോസ്യേ; എമ്പത്തേഴു വയസ്സായി.” എന്നിട്ട് സദാ വിറച്ചുകൊണ്ടിരിക്കുന്ന ആ വൃദ്ധന്റെ കാതുകളിലേക്ക് അവർ ഉറക്കെപ്പറഞ്ഞു: “ഇത് സിമോങ്ങിന്റെ ഒരു കൂട്ടുകാരനാണപ്പുപ്പാ.”

വൃദ്ധൻ എനിക്ക് ‘ഗുഡ് ഡേ’ പറയാൻ ശ്രമിച്ചു; എന്നിട്ട് “ഔ, ഔ, ഔ.” എന്നു  സ്വയം പിറുപിറുത്തുകൊണ്ട് എന്നെ നോക്കി കൈയാട്ടി.

അയാളുടെ സന്മനസ്സിനു നന്ദി പറഞ്ഞുകൊണ്ട് ഞാൻ ഒരു കസേരയിൽ ഇരുന്നു.

സിമോങ്ങ് അപ്പോഴാണ്‌ കയറിവന്നത്; അയാൾ ചിരിച്ചുകൊണ്ടു പറഞ്ഞു: “ആഹാ! അപ്പുപ്പന്റെ പരിചയക്കാരനുമായോ!എന്തു വിലപിടിച്ച സമ്പാദ്യമാണെന്നോ, ഈ കിഴവൻ! കുട്ടികൾക്കു ചിരിക്കാൻ വേറൊന്നും വേണ്ട. ഓരോ ഭക്ഷണനേരത്തും ആർത്തി കണ്ടാൽ ഇപ്പോൾ ചാവുമെന്നു തോന്നും. തന്റെ ഇഷ്ടം പോലെ കഴിക്കാൻ പറ്റിയിരുന്നെങ്കിൽ ഇദ്ദേഹം എന്തൊക്കെ കഴിക്കുമായിരുന്നില്ല! ഒക്കെ തനിക്കും കാണാം. പെൺപിള്ളേരെ നോക്കുന്ന പോലെയാണ്‌ കക്ഷി അവിടിരിക്കുന്ന ആ മധുരപലഹാരങ്ങളെ നോക്കുന്നത്! ഇതുപോലൊരു തമാശ തനിക്കു കാണാൻ കിട്ടില്ല.“

പിന്നെ ഡിന്നറിനു വേഷം മാറ്റാനായി അയാൾ എന്നെ എന്റെ മുറിയിലേക്കാനയിച്ചു. പിന്നിൽ ഒരു കലപില കേട്ടു ഞാൻ തിരിഞ്ഞുനോക്കുമ്പോൾ കുട്ടികളും അച്ഛന്റെ പിന്നാലെ എന്നെ പിന്തുടരുകയാണ്‌- അവർ എന്നോടു ബഹുമാനം കാണിക്കുകയാണ്‌, സംശയമില്ല!

എന്റെ മുറിയുടെ ജനാലകൾ തുറക്കുന്നത് ഒരു സമതലപ്രദേശത്തേക്കാണ്‌, അന്തമില്ലാത്തതെന്നു തോന്നുന്ന വെറുമൊരു പരപ്പ്, പുല്ലിന്റെയും ഗോതമ്പിന്റെയും ഓട്സിന്റെയും ഒരു കടൽ, ഒരു മരക്കൂട്ടമോ ഒരു കുന്നോ എവിടെയുമില്ല; ആ വീട്ടിനുള്ളിൽ അവർ നയിക്കുന്ന ജീവിതത്തിന്റെ ഹൃദയസ്പർശിയും വിഷാദപൂർണ്ണവുമായ ചിത്രമാണതെന്ന് എനിക്കു തോന്നി.

ഒരു മണി മുഴങ്ങി; അത് ഡിന്നറിനുള്ളതാണ്‌; ഞാൻ താഴേക്കു ചെന്നു. മദാം റവേഡിൻ ഔപചാരികമായ ഒരു ചേഷ്ടയോടെ എന്റെ കൈ പിടിച്ച് ഭക്ഷണമുറിയിലേക്കാനയിച്ചു. ഒരു വേലക്കാരൻ വൃദ്ധന്റെ ചക്രക്കസേര മുറിയിലേക്ക് ഉരുട്ടിക്കൊണ്ടു വന്നു; വിറയ്ക്കുന്ന കഴുത്തു തിരിച്ച് ഓരോ പാത്രത്തിലും നോക്കിനോക്കി ഒടുവിൽ മധുരമിരിക്കുന്ന പാത്രമെത്തിയപ്പോൾ ആർത്തിയും ജിജ്ഞാസയും അയാൾക്കടക്കാനായില്ല.

സിമോങ്ങ് കൈകൾ കൂട്ടിത്തിരുമ്മിക്കൊണ്ടു പറഞ്ഞു: ”തനിക്കു നല്ല രസമായിരിക്കും.“ തങ്ങളുടെ ആർത്തിക്കാരൻ അപ്പുപ്പന്റെ കാഴ്ച എനിക്കു നല്ലൊരു വിരുന്നായിട്ടാണ്‌ ഉദ്ദേശിക്കപ്പെട്ടിരുന്നതെന്ന് കുട്ടികൾക്കെല്ലാം മനസ്സിലായിരിക്കുന്നു; അതിനാൽ അവരും ചിരിക്കാൻ തുടങ്ങി. അവരുടെ അമ്മ ഒരു പുഞ്ചിരിയോടെ തോളൊന്നു വെട്ടിച്ചതേയുള്ളു. സിമോങ്ങ് കൈ രണ്ടും ഒരു കോളാമ്പി പോലെ വായക്കു മുന്നിൽ പിടിച്ചുകൊണ്ട് വൃദ്ധനെ നോക്കി ഉറക്കെപ്പറഞ്ഞു: “റൈസ് പുഡ്ഡിംഗാണ്‌ ഇന്നത്തെ സ്പെഷ്യൽ.” അതു കേട്ടതും അപ്പുപ്പന്റെ ജര വീണ മുഖം ദീപ്തമായി; കുളിരു കോരിയ പോലെ അയാൾ ആകെയൊന്നു വിറച്ചു; പറഞ്ഞതു മനസ്സിലായെന്നും ആൾക്കതിഷ്ടപ്പെട്ടു എന്നുമായിരുന്നു അതിനർത്ഥം.

“നോക്കിക്കോണേ!” സിമോങ്ങ് അടക്കത്തിൽ പറഞ്ഞു. അപ്പുപ്പന്‌ സൂപ്പ് അത്ര ഇഷ്ടമായില്ല, ആൾ അതു കഴിക്കാനും വിസമ്മതിച്ചു; പക്ഷേ ആരോഗ്യത്തിന്റെ പേരും പറഞ്ഞ് അയാളെ അതു നിർബ്ബന്ധിച്ചു കഴിപ്പിക്കാൻ നോക്കുകയാണവർ. വേലക്കാരൻ ബലം പിടിച്ച് സ്പൂൺ അയാളുടെ വായിലേക്കു വച്ചു; വൃദ്ധൻ സൂപ്പ് ഉള്ളിൽ ചെല്ലാതിരിക്കാനായി ഊറ്റത്തോടെ ഒരു തുപ്പു കൊടുത്തു; അതൊരു ജലധാര പോലെ മേശപ്പുറത്തും അടുത്തിരിക്കുന്നവരുടെ മേലും തെറിച്ചുവീണു. ആ കാഴ്ച കണ്ട് കുട്ടികൾ കുലുങ്ങിച്ചിരിച്ചു; അവരുടെ അച്ഛനും രസം പിടിച്ചുകൊണ്ട് ചോദിച്ചു: “കിഴവൻ നല്ല തമാശയല്ലേ?”

ഭക്ഷണം കഴിക്കുന്ന നേരമൊക്കെ അവരുടെ ശ്രദ്ധ അയാളിൽ മാത്രമായിരുന്നു. മേശപ്പുറത്തുണ്ടായിരുന്ന ഓരോ വിഭവവും കണ്ണുകൾ കൊണ്ട് അയാൾ വെട്ടിവിഴുങ്ങി; വിറയ്ക്കുന്ന കൈ കൊണ്ട് ഓരോന്നും തന്റെയടുത്തേക്കു വലിച്ചടുപ്പിക്കാൻ ശ്രമിക്കുകയാണയാൾ. അയാളുടെ വിഫലമായ ശ്രമം കാണാനായി അവർ എല്ലാം അയാൾക്കടുത്തേക്കു നീക്കിവച്ചു; വിറച്ചുകൊണ്ടുള്ള ആ എത്തിപ്പിടിക്കൽ, അയാളുടെ കണ്ണുകളുടെ, ചുണ്ടുകളുടെ, മണം പിടിക്കുന്ന മൂക്കിന്റെ ദയനീയമായ അർത്ഥനകൾ. സ്പഷ്ടമാകാത്തതെന്തൊക്കെയോ പിറുപിറുക്കുമ്പോൾ ആർത്തി കൊണ്ട് അയാളുടെ വായിൽ നിന്ന് ഈളുവായ ഒഴുകി. അറയ്ക്കുന്നതും വികൃതവുമായ ആ കാഴ്ച കണ്ട് ആസ്വദിക്കുകയായിരുന്നു കുടുംബമാകെ.

പിന്നെ അവർ അയാളുടെ പാത്രത്തിലേക്ക് അല്പമെന്തോ വച്ചുകൊടുത്തു. പിന്നെയും കിട്ടാനായി പനി പിടിച്ച ഒരാർത്തിയോടെ അയാൾ അതകത്താക്കി. പുഡ്ഡിംഗ് വന്നപ്പോൾ അയാൾ സന്നി പിടിച്ച പോലെ വിറയ്ക്കുകയായിരുന്നു; ആർത്തി കൊണ്ട് അയാൾ ഞരങ്ങി. ഗോണ്ട്റാൻ ഉറക്കെപ്പറഞ്ഞു: “ഇപ്പോൾത്തന്നെ കുറേ കഴിച്ചു; ഇനി ഒന്നും കിട്ടില്ല.” അയാൾക്ക് ഒന്നും കൊടുക്കില്ലെന്ന് അവർ നടിച്ചു. അപ്പോൾ അയാൾ കരയാൻ തുടങ്ങി- അയാൾ വിറച്ചുകൊണ്ട് കരയുമ്പോൾ കുട്ടികൾ ആർത്തുചിരിക്കുകയായിരുന്നു. ഒടുവിൽ പക്ഷേ, അവർ അയാൾക്ക് ഒരല്പം പുഡ്ഡിംഗ് കൊടുത്തു. തമാശ തോന്നിക്കുന്നതും ആർത്തി പിടിച്ചതുമായ ഒരു ശബ്ദത്തോടെയും തൊണ്ടയിൽ ഒതുങ്ങാത്തതൊന്നു വിഴുങ്ങുമ്പോൾ താറാവുകൾ കാണിക്കുന്ന ഒരു കഴുത്തിളക്കത്തോടെയും അയാൾ അതകത്താക്കി. എന്നിട്ട് പിന്നെയും കൊടുക്കാൻ വേണ്ടി തറയിൽ കാലിട്ടു ചവിട്ടാൻ തുടങ്ങി.

ദയനീയവും അപഹാസ്യവുമായ ആ ടാന്റലസ് കാഴ്ച കണ്ട് സഹതാപമിളകിയ ഞാൻ അയാൾക്കു വേണ്ടി വക്കാലത്തു പറഞ്ഞു: “ഒരല്പം കൂടി കൊടുത്തുകൂടേ?”

പക്ഷേ സിമോങ്ങിന്റെ മറുപടി ഇതായിരുന്നു: “അയ്യയ്യോ, പറ്റില്ല ചങ്ങാതീ; ഈ പ്രായത്തിൽ കൂടുതൽ കഴിച്ചാൽ അങ്ങേരു കഷ്ടപ്പെടും.”

ഞാൻ പിന്നെ ഒന്നും മിണ്ടാതെ സിമോങ്ങ് പറഞ്ഞതും മനസ്സിലിട്ടുകൊണ്ടിരുന്നു. എന്തൊരു ധാർമ്മികത! എന്തൊരു യുക്തി! എന്തൊരു ജ്ഞാനം! ഈ പ്രായത്തിൽ! അയാൾക്കു ശേഷിച്ച ഒരേയൊരാഹ്ളാദം അയാളുടെ ആരോഗ്യത്തെ കരുതി നിഷേധിക്കുകയായണത്രെ! അയാളുടെ ആരോഗ്യം! വിറ മാറാത്ത, ബലം കെട്ട ആ പേക്കോലം അതും കൊണ്ടെന്തു ചെയ്യാൻ പോകുന്നു? അവർ അയാളുടെ ജീവിതം സുരക്ഷിതമാക്കുകയാണത്രെ. അയാളുടെ ജീവിതം? എത്ര നാളത്തേക്കുണ്ടത്? പത്ത്, ഇരുപത്, അമ്പത്, അതോ നൂറോ? എന്തിന്‌? അയാൾക്കു വേണ്ടി? അതോ അയാളുടെ ആ ഷണ്ഡമായ ആർത്തി കുറച്ചു നാളത്തേക്കു കൂടി കുടുംബക്കാർക്കൊരു കാഴ്ചയാകട്ടെ എന്നു കരുതിയിട്ടോ?

ഈ ജീവിതത്തിൽ അയാൾക്കിനി ചെയ്യാൻ യാതൊന്നും, യാതൊന്നും ശേഷിക്കുന്നില്ല. ഒരേയൊരാഗ്രഹമേ അയാൾക്കു ബാക്കിയുള്ളു, ഒരേയൊരാനന്ദം; എന്തുകൊണ്ട് അയാൾക്കതു നല്കിക്കൂടാ, അയാൾ മരിക്കും വരെ, മുടക്കമില്ലാതെ?

കുറേ നേരം ചീട്ടു കളിച്ചിരുന്നിട്ട് ഞാൻ മുകളിലത്തെ മുറിയിൽ ചെന്നു കിടന്നു; എന്റെ ഉത്സാഹമൊക്കെ പൊയ്പ്പോയിരുന്നു, എനിക്കു സങ്കടവും തോന്നി. അതെ. ഞാൻ ജനാലയുടെ അടുത്തു ചെന്നിരുന്നു; ദൂരെയെവിടെയോ ഒരു മരത്തിൽ ഒരു കിളിയുടെ മനോഹരമായ കലപില മാത്രം കേൾക്കാനുണ്ട്. അടയിരിക്കുന്ന തന്റെ ഇണയെ ഉറക്കാൻ വേണ്ടി അവൻ ശബ്ദം താഴ്ത്തി പാടുകയാവണം.

ഞാൻ എന്റെ പാവം സുഹൃത്തിന്റെ അഞ്ചു കുട്ടികളെക്കുറിച്ചോർത്തു; ഭംഗി കെട്ട തന്റെ ഭാര്യയുടെ അരികിൽ കൂർക്കം വലിച്ചുറങ്ങുന്ന അയാളെ ഞാൻ മനസ്സിൽ കണ്ടു.
——————————————————————————————————————–

*ടാന്റലസ് – ഗ്രീക്ക് പുരാണകഥാപാത്രം; സ്വന്തം മകനെ അറുത്തു ഭക്ഷണമാക്കി ദേവന്മാർക്കു വിളമ്പിയതിനാൽ നിത്യശിക്ഷക്കു വിധേയനായി. ഒരു തടാകത്തിൽ മധുരഫലങ്ങൾ നിറഞ്ഞ ഒരു മരത്തിനു ചുവട്ടിൽ അയാൾ നില്ക്കുന്നു; തൊട്ടടുത്തു തൂങ്ങിക്കിടക്കുന്ന ഒരു പഴത്തിൽ കടിക്കാൻ കഴുത്തു നീട്ടുമ്പോഴേക്കും അതുയർന്നുപോകുന്നു; ചുവട്ടിൽ താൻ ചവിട്ടിനില്ക്കുന്ന തടാകത്തിൽ നിന്ന് ഒരു കവിൾ മോന്താൻ തല താഴ്ത്തുമ്പോഴേക്കും വെള്ളം വലിഞ്ഞുകളയുന്നു.

Comments
Print Friendly, PDF & Email

മലയാളത്തിലെ ശ്രദ്ധേയനായ വിവര്‍ത്തകന്‍. ധാരാളം ലോകകൃതികളെ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.

You may also like