പൂമുഖം NEWS അതിരപ്പിള്ളി – യെച്ചൂരിക്ക് ഒരു തുറന്ന കത്ത്

അതിരപ്പിള്ളി – യെച്ചൂരിക്ക് ഒരു തുറന്ന കത്ത്

്രിയ സഖാവേ
 
ലോകം കടുത്ത പാരിസ്ഥിക ചൂഷണത്തിലൂടെയും അതിന്റെ ഭാഗമായി നമ്മുടെ ഭൂഗോളത്തെയും അതിൽ നിവസിക്കുന്ന മനുഷ്യരും മറ്റു സഹജീവികളും ഉൾപ്പെടുന്ന ജൈവ വ്യവസ്ഥയെയും തന്നെ അപകടാവസ്ഥയിൽ ആക്കി മാറ്റുന്ന, വലിയ കാലാവസ്ഥാ വ്യതിയാനങ്ങളിലൂടെയും ജലദൗർലഭ്യങ്ങളിലൂടെയും കടന്നു പോകുന്ന ഈ കാലയളവിൽ, മുതലാളിത്തം പോലും കൂടുതൽ ശുദ്ധമായ ഊർജ്ജ സ്രോതസ്സുകളെക്കുറിച്ചു സംസാരിക്കുകയും ആ മേഖലയിൽ കൂടുതൽ കണ്ടെത്തലുകൾ നടത്തിക്കൊണ്ടിരിക്കുകയും ചെയ്യുന്ന ഒരു ഘട്ടത്തിൽ ഒരു ഇടതുപക്ഷ ഗവണ്മെന്റ് കൃത്യവും വ്യക്തവുമായ പാരിസ്ഥിക പഠനങ്ങളെ തള്ളി കളഞ്ഞു കൊണ്ട് കേരളത്തിലെ അവശേഷിച്ച അത്യപൂർവ്വ ജൈവ വൈവിധ്യ സമ്പന്ന മേഖലകളിൽ ഒന്നിൽ ഒരു പുതിയ അണക്കെട്ടു നിർമ്മിക്കാനുള്ള തീരുമാനവുമായി മുന്നോട്ടു പോകുന്ന വിവരം താങ്കൾ അറിഞ്ഞിട്ടുണ്ടാവുമെന്നു കരുതുന്നു
 
ഇന്ത്യ ആദരവോടെ കാണുന്ന മാർക്സിസ്റ്റുകളിൽ ഒരാളാണ് താങ്കൾ.ഞങ്ങൾ കേരളീയർ ഭക്ഷണത്തോടൊപ്പം പോലും അല്പം മാർക്സിസം കൂട്ടിക്കുഴച്ചു കഴിക്കുന്നവരാണെന്നത് താങ്കൾക്കു അറിയാവുന്നതാണല്ലോ. ചായയിലും പരിപ്പുവടയിലും പോലും മാർക്സിസം കാണുന്നവർ. കാറൽ മാർക്സിനെ അറിയാത്ത അദ്ദേഹത്തിന്റെ ഒരു വരിയെങ്കിലും വായിച്ചിട്ടില്ലാത്ത അല്ലെങ്കിൽ കേട്ടറിഞ്ഞിട്ടില്ലാത്ത മലയാളികൾ അത്യപൂർവമായിരിക്കും. മുതലാളിത്ത പരിസ്ഥിതി ചൂഷണങ്ങളെ കുറിച്ചുള്ള മാർക്സിയൻ കാഴ്ചപ്പാടുകളെ കുറിച്ച് ഞാൻ താങ്കളോട് വിശദീകരിക്കേണ്ടതില്ലല്ലോ.
 
താങ്കൾക്കു ഓർമ്മയുണ്ടാവും മാർക്സ് തന്റെ ജീവിതത്തിൽ എഴുതിയ ആദ്യ രാഷ്ട്രീയ ലേഖനം “ഡിബേറ്റ്സ് ഓൺ ദി ലോ ഓഫ് തെഫ്ട് ഓഫ് വുഡ്‌സ് ” പ്രഷ്യയിലെ ജയിലുകളിൽ കഴിയുന്ന ഭൂരിഭാഗം വരുന്ന ചെറു കർഷകരെ കുറിച്ചായിരുന്നു, കാട്ടിൽ നിന്ന് ഉണങ്ങി വീണ തടിക്കഷണങ്ങൾ അടുപ്പു കത്തിക്കാനും മറ്റുമായി പെറുക്കുന്നു എന്നതായിരുന്നു അവരുടെ കുറ്റം. വനത്തിന് മേലുള്ള വനത്തിൽ ജീവിക്കുന്നവരുടെ അവകാശത്തെ കുറിച്ചായിരുന്നു മാർക്സ് ആദ്യമായി എഴുതിയത്. പ്രിയ സഖാവേ അതിരപ്പള്ളി പദ്ധതി പ്രദേശത്തിന് ചുറ്റും താമസിക്കുന്ന ആദിവാസികളുടെയും മറ്റും വനത്തിന് മേലുള്ള അവകാശം കേരളം നിയമപരമായി ഇനിയും നടപ്പിലാക്കിയിട്ടില്ലെന്നും അതിനാൽ ഈ പദ്ധതിക്ക് അനുമതി നൽകരുതെന്നും ഗാഡ്ഗിൽ കമ്മിറ്റി ചൂണ്ടിക്കാട്ടിയിട്ടുള്ള വിവരം താങ്കളുടെ ശ്രദ്ധയിൽ പെട്ടിരുന്നെങ്കിൽ 1842 ൽ കാൾ മാർക്സ് ഇടപെടാൻ ശ്രമിച്ചത് പോലെ ഈ വിഷയത്തിൽ താങ്കളും ഇടപെടുമായിരുന്നു എന്ന് തന്നെയാണ് എന്റെ വിശ്വാസം. ഏതാണ്ട് 175 വർഷങ്ങൾക്കിപ്പുറം മാർക്സ് എഴുതിയ അതേ വിഷയം സംസാരിക്കേണ്ടി വരുന്നതിൽ അത്ഭുതം തോന്നുന്നുവോ
 
പ്രിയ സഖാവേ അതിരപ്പള്ളി പദ്ധതിയ്ക്കായി കെ എസ് ഈ ബി തയ്യാറാക്കിയ പ്രൊജക്റ്റ് റിപ്പോർട്ടിന്റെ അവസാന പേജിൽ ഈ പദ്ധതി നടപ്പിലാക്കേണ്ട ആവശ്യകത എന്തെല്ലാമെന്ന് വ്യക്തമാക്കിക്കൊണ്ട് ഗവൺമെന്റിനോട് ചില അഭ്യർത്ഥനകൾ മുന്നോട്ടു വെക്കുന്നുണ്ട്. പത്തിന അഭ്യർത്ഥനയിൽ ചിലവ ഞാൻ ഇവിടെ എടുത്തെഴുതാം
 
* ജലവൈധ്യുത പദ്ധതികളല്ലാതെ മറ്റൊരു ഊർജ്ജ സ്രോതസ്സും കേരളത്തിൽ ലഭ്യമല്ല
* കുടിവെള്ളത്തിനും കാർഷിക വ്യാവസായിക ആവശ്യത്തിനുമുള്ള വെള്ളത്തിനായുള്ള ഡിമാൻഡ് കേരളത്തിൽ ഉയരുകയാണ് ( ഈ ഒരൊറ്റ കാരണം പോരെ സഖാവേ ഈ പദ്ധതി നിർദ്ദേശം തള്ളിക്കളയാൻ)
* കേരളം ജലവൈദ്യത പദ്ധതികൾക്കുള്ള സാധ്യതയിൽ അൻപത്തിയേഴു ശതമാനം ഇനിയും ഉപയോഗിച്ചിട്ടില്ല
* ഇപ്പോൾ തന്നെ വളരെ വലിയ ഒരു തുക ഈ പദ്ധതിയ്ക്കായി കെ എസ് ഇ ബി മുടക്കി കഴിഞ്ഞു
* ഇനിയും ഈ പദ്ധതി വൈകുന്നത് കൂടുതൽ സാമ്പത്തിക നഷ്ടമുണ്ടാക്കും
 
ശുദ്ധ അസംബന്ധമല്ലേ സഖാവേ ഇത്
 
പ്രിയ സഖാവേ കെ എസ് ഇ ബി അവകാശപ്പെടുന്നത് ഈ പദ്ധതിയിലൂടെ 233 മില്യൺ യൂണിറ് വൈദ്യുതി ഉത്പാദനം സാധ്യമാകുമെന്നാണ് അതിനു ആവശ്യമായ 1169 MCM വെള്ളം ചാലക്കുടി പുഴയിൽ ഷോളയാറിനും പൊരിങ്ങൽക്കുത്തിനും ശേഷം വീണ്ടും ലഭ്യമാകുമെന്നും. സഖാവേ ഇടമലയാർ പദ്ധതിയ്ക്കായി വഴിതിരിച്ചു വിടുന്ന വെള്ളം കണക്കിലെടുക്കാതെയാണ് ഈ അവകാശ വാദമെന്നും അത് കൂടി കണക്കിലെടുത്താൽ 750 MCM വെള്ളം മാത്രമേ പദ്ധതി പ്രദേശത്തു ലഭ്യമാകൂ എന്നും വിവരാവകാശ നിയമ പ്രകാരം ലഭ്യമായ രേഖകൾ ഉദ്ധരിച്ചു ചാലക്കുടി പുഴ സംരക്ഷണ സമിതി ഗാഡ്ഗിൽ കമ്മിറ്റി മുമ്പാകെ കെ എസ് ഇ ബി പ്രതിനിധികളുടെ സാന്നിധ്യത്തിൽ നടന്ന ചർച്ചയിൽ ഉന്നയിച്ചതും കെ എസ് ഇ ബി പ്രതിനിധികൾ അപ്പോൾ മൗനം പാലിച്ചുവെന്നും അതേക്കുറിച്ചു പിന്നീടും ഗാഡ്ഗിൽ സമിതിയെ ഒരു മറുവാദവും അറിയിച്ചിട്ടില്ലെന്നും ഗാഡ്ഗിൽ സമിതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ് . ഇതനുസരിച്ചു വൈദ്യുതോത്പാദനം നന്നേ കുറയുമെന്നും പദ്ധതി സാമ്പത്തികാമയി ലാഭകരമാവില്ലെന്നും വിവിധ മേഖലകളിലെ വിദഗ്ദർ ചൂണ്ടിക്കാട്ടിയിട്ടുള്ളതാണ്
സഖാവേ ഈ പദ്ധതി തൽപ്രദേശത്തു ജീവിക്കുന്ന ആനകളുടെ വഴിത്താരയിൽ അല്ലെന്നും അവയുടെ ജീവ വ്യവസ്ഥയെ ഒരു കാരണവശാലും ബാധിക്കില്ലെന്നും കെ എസ് ഇ ബി നിയോഗിച്ച പഠന വിദഗ്ദർ അവകാശപ്പെടുമ്പോൾ അത് തികച്ചും തെറ്റാണെന്നും ഈ മുഴുവൻ പദ്ധതി പ്രദേശവും ‘ പ്രൊജക്റ്റ് എലിഫന്റ്” എന്ന പേരിൽ അറിയപ്പെടുന്ന എലിഫന്റ് റിസേർവിൽ ഉൾപ്പെടുന്നതാണെന്നും ഗാഡ്ഗിൽ കമ്മിറ്റി രേഖപ്പെടുത്തുന്നു.
 
സഖാവേ കേരളത്തിൽ കാണപ്പെടുന്ന 484 പക്ഷി വർഗ്ഗങ്ങളിൽ 234 എണ്ണവും അതിരപ്പള്ളി വാഴച്ചാൽ പ്രദേശത്താണ് കാണപ്പെടുന്നതെന്നും ഈ പ്രദേശത്തെ ലോകത്തിലെ തന്നെ മികച്ച പക്ഷി വൈവിധ്യ കേന്ദ്രങ്ങളിലൊന്നായി bird life international പ്രഖ്യാപിച്ചിട്ടുള്ളതും ആണ്
 
സഖാവേ കേരളത്തിൽ കാണപ്പെടുന്ന 210 തരം മത്സ്യങ്ങളിൽ 104 എണ്ണവും കാണപ്പെടുന്നത് ചാലക്കുടിപ്പുഴയിലാണ് അതിൽ 31 എണ്ണം ഇപ്പോൾ തന്നെ വംശനാശ ഭീഷണി നേരിടുന്നവയുമാണ്
 
മറ്റു ജീവികളുടെ നവമാർക്സിസ്റ്റുകൾക്കു താല്പര്യം ഉണ്ടാവുമോ എന്നറിയില്ല സഖാവേ അത് കൊണ്ട് വീണ്ടും മനുഷ്യരിലേക്ക് വരാം ഇപ്പോൾ തന്നെ കടുത്ത ജലദൗർലഭ്യം അനുഭവിക്കുന്ന സമീപ പഞ്ചായത്തുകളിലെ ജല ദൗർലഭ്യം ഈ പദ്ധതി മൂലം വളരെയധികം വർദ്ധിക്കുമെന്നു വിദഗ്ധ പഠനങ്ങൾ രേഖപ്പെടുത്തുന്നുണ്ട്.
 
സഖാവേ ഗാഡ്ഗിൽ കമ്മിറ്റി റിപ്പോർട് പദ്ധതിയെക്കുറിച്ചു തയ്യാറാക്കിയ പ്രത്യേക റിപ്പോർട് അവസാനിപ്പിച്ചു കൊണ്ട് അതിരപ്പള്ളി പദ്ധതി ഒരിക്കലും അനുവദിക്കരുതെന്ന് പറഞ്ഞു കൊണ്ട് എഴുതിയ ചില വരികൾ എടുത്തെഴുതിക്കൊണ്ടു ഈ കുറിപ്പ് അവസാനിപ്പിക്കാം
 
“ചോദ്യം ചെയ്യപ്പെടാവുന്ന സാങ്കേതിക നിർമാണ സാധ്യതകളും ഉറപ്പായ കാർഷിക – കുടിവെള്ള ദൗർലഭ്യവും തുച്ഛമായ വൈദ്യുതോൽപ്പാദന സാധ്യതയും ഭീമമായ ചെലവും ഈ പദ്ധതി ഒരിക്കലും നടപ്പിലാക്കാൻ അനുവദിക്കരുതെന്ന് ശുപാർശ ചെയ്യാൻ കമ്മിറ്റിയെ പ്രേരിപ്പിക്കുന്നു”
 
മാർക്സിസം കേവലം ഒരു സാമ്പത്തിക ശാസ്ത്രമോ ചരിത്ര പഠനമോ അല്ലെന്നും അത് സമഗ്രമായ പരിസ്ഥിതി ബോധത്തെ കൂടി ഉൾക്കൊള്ളുന്നതാണെന്നും വർഗ്ഗസമരം എന്നതു കേവലം വേതന വർദ്ധനയിലോ തൊഴിൽ സാഹചര്യങ്ങളുടെ മുന്നോട്ടുള്ള വളർച്ചയിലോ മാത്രം ഒതുങ്ങുന്നതല്ലെന്നും അത് ഓരോ മനുഷ്യന്റെയും ജീവിക്കാനുള്ള അവകാശത്തിനു വേണ്ടിയുള്ള സമരമാണെന്നും ആ സമരം തന്റെ ചുറ്റുപാടുകൾക്കും തന്റെ ചുറ്റുമുള്ള പ്രകൃതിക്കും ശുദ്ധ ജല ലഭ്യതയ്ക്കും കാലാവസ്ഥയ്ക്കും സഹജീവികൾക്കും വേണ്ടി ഏതറ്റം വരെയും നീളുമെന്നും നീളണമെന്നും അറിയുന്ന ആദരണീയനായ സഖാവ് ആണ് താങ്കൾ
 
ഈ വിഷയത്തിൽ സഖാവ് അടിയന്തിരമായി ഇടപെടുമെന്നും മറ്റൊരു ചരിത്രപരമായ വിഡ്ഢിത്തത്തിൽ നിന്ന് കേരളത്തിലെ ഇടതു നേതൃത്വത്തെ പിന്തിരിപ്പിക്കുമെന്നും പ്രത്യാശിക്കുന്നു
Comments
Print Friendly, PDF & Email

You may also like