Home LITERATUREലേഖനം സെലെസ്റ്റും ബീനയും കൂട്ടുകാരികളും ഉണർന്നിരിക്കുന്നു, നമുക്ക് ഉറങ്ങാനായി

സെലെസ്റ്റും ബീനയും കൂട്ടുകാരികളും ഉണർന്നിരിക്കുന്നു, നമുക്ക് ഉറങ്ങാനായി

 

ന്നെ നോക്കാനായി പള്ളിപ്പുറത്തുകാവിലമ്മ അയച്ചതാണ് ബീനയെ എന്നാണ് എന്‍റെ അമ്മ അവസാനനിമിഷം വരെയും പറഞ്ഞുകൊണ്ടിരുന്നത്. കോട്ടയം റെഡ്ക്രോസ് ഓഫീസില്‍ നിന്നും വന്ന ഹോംനേഴ്സ് ആണ് ബീന. അമ്മ ബീനയെ ധന്യ എന്നാണു വിളിച്ചത്. എങ്ങനെയാണ് അമ്മക്ക് ബീന ‘ധന്യ’ ആയതെന്നു വാക്കുകളില്‍ പകര്‍ത്തുവാന്‍ പ്രയാസമാണ്. ഒരിക്കലും അധികമാകാത്ത ഒരു പ്രത്യേകതാളത്തില്‍ ബീന അമ്മയെ സ്നേഹപൂര്‍വ്വം പരിചരിച്ചു. പുലര്‍കാലങ്ങളില്‍ അമ്മയുടെ മുഖം തലോടി. ഒരു മുടിയിഴ പോലും ജട കെട്ടാതെ ചീകി മിനുക്കിക്കൊടുത്തു. ‘ധന്യയാണ് അമ്മേ’ എന്ന് ഇടയ്ക്കിടെ ചെവിയില്‍ മൊഴിഞ്ഞു. ഭസ്മവും ചന്ദനവും തൊടുവിച്ചു. ആ മുറിയില്‍ സദാ ചന്ദനത്തിരിയുടെ ഗന്ധമായിരുന്നു. പരസ്പരം ഏറ്റവും അടുത്തറിഞ്ഞ രണ്ടുപേര്‍. അമ്മ അവസാനനിമിഷങ്ങളില്‍ ഏറ്റവും കൂടുതല്‍ വിളിച്ചതും ധന്യേ എന്നായിരുന്നു. എന്‍.എസ് മാധവന്‍റെ കഥയിലെ സിസ്റ്റര്‍ അഗതയെപോലെ ഭൂമിയുടെ ഉപ്പാകുവാന്‍ ഗബ്രിയേല്‍ മാലാഖ തെരഞ്ഞെടുത്ത് അയച്ചതാകും ബീനയെ.

സ്വന്തം കുഞ്ഞുങ്ങളെ ഓര്‍ത്ത്‌ ബീനക്കും ആധികളുണ്ടായിരുന്നു. രാത്രിയുടെ സ്വകാര്യതയില്‍ സങ്കടങ്ങള്‍ കരഞ്ഞുതീര്‍ത്ത്‌ മുഖം തുടച്ചു ചിരിച്ചുണരും ബീന. കുഞ്ഞുങ്ങള്‍ ഫോണ്‍ ചെയ്യുന്ന സമയത്ത് ബീനയെ ശല്യപ്പെടുത്തരുതെന്ന് അമ്മയ്ക്കും നിര്‍ബന്ധമുണ്ടായിരുന്നു. എങ്ങനെയാണ് കുറഞ്ഞ ദിവസംകൊണ്ട് രണ്ടാളുകള്‍ തമ്മില്‍ ഇത്ര ഗാഡമായ ആത്മബന്ധമുണ്ടാവുക? രോഗവും വാര്‍ധക്യവും ബാധിച്ച ഒരാളെ സംബന്ധിച്ച് അത് അവസാന നാളുകളിലെ പിടിവള്ളിയും അഭയവും ആയിരുന്നിരിക്കാം. അമ്മയുടെ മൃതദേഹം ചിതയിലേക്കെടുത്തപ്പോള്‍ പൂവിട്ടു തൊഴാന്‍ ഞങ്ങളോടൊപ്പം ബീനയും ഉണ്ടായിരുന്നു. ‘അമ്മേ’ എന്ന ബീനയുടെ വിളി അമ്മയെ ജീവിതത്തിലേക്ക് തിരിയെ കൊണ്ടുവന്നെങ്കില്‍ എന്നുപോലും ഞാന്‍ പ്രതീക്ഷിച്ചു.

നിസ്വാര്‍ത്ഥപ്രവൃത്തി കൊണ്ട് നേഴ്സുമാര്‍ പലപ്പോഴും നമ്മെ അമ്പരപ്പിക്കാറുണ്ട്. സ്വയം ഒരിക്കലും അറിഞ്ഞിട്ടില്ലാത്ത മറ്റുള്ളവരുടെ വേദനകളിലേക്കും ഭീതികളിലേക്കും സ്വയം സമര്‍പ്പിക്കാനുള്ള മനസ്സാവണം നേഴ്സിന്‍റെ ഏറ്റവും വലിയ യോഗ്യത. ഇതു തിരിച്ചറിയാത്തവര്‍ മറ്റെന്തെങ്കിലും ജീവിതമാര്‍ഗ്ഗം അന്വേഷിക്കണമെന്ന്‍ആതുരശുശ്രൂഷകരുടെ ആദിമാതാവ് ഫ്ലോറന്‍സ് നൈറ്റിന്‍ഗേല്‍ പറയുന്നു.

ഫ്രഞ്ച് എഴുത്തുകാരനായ മാഴ്സല്‍ പ്രൂസ്തിനെ ശുശ്രൂഷിക്കാന്‍ വേണ്ടി ജീവിതം സമര്‍പ്പിച്ച നേഴ്സ് ആണ് സെലെസ്ത് അല്‍ബാറെ. പരിചാരിക മാത്രമല്ല, എഴുത്തിന്‍റെ ഉദാത്തനിമിഷങ്ങള്‍ക്ക് സാക്ഷിയും വിശ്വസ്തയായ മന:സ്സാക്ഷിസൂക്ഷിപ്പുകാരിയും കൂടി ആയിരുന്നു അവര്‍. കുട്ടിക്കാലത്തെ അനുഭവങ്ങള്‍ പ്രൂസ്ത് പറയും. അവള്‍ ശ്രദ്ധയോടെ കേള്‍ക്കും. പ്രൂസ്ത് പറഞ്ഞു, ”നിന്നില്‍ വല്ലാത്തൊരു നിഷ്കളങ്കതയുണ്ട്,അതു നിന്‍റെ അമ്മയില്‍ നിന്ന് കിട്ടിയതാവും”. സെലെസ്ത് പറഞ്ഞ മറുപടി, “ഞാന്‍ നിങ്ങളില്‍ എന്‍റെ അമ്മയെ കാണുന്നു” എന്നാണ്. മരണം എത്തുന്നതിനു തൊട്ടുമുന്‍പുള്ള നിമിഷങ്ങളില്‍ തന്‍റെ മുറിയില്‍ പ്രൂസ്ത് മരണത്തെ കണ്ട് ഭയപ്പെടുകയാണ്.. ലൈറ്റ്‌ ഓഫാക്കരുതെന്നു അദ്ദേഹം നേഴ്സിനോട് പറഞ്ഞു.

“മുറിയില്‍ കറുത്ത് തടിച്ചൊരു സ്ത്രീയുണ്ട്. ഭീകരരൂപിയായ ഒരു സ്ത്രീ. കാണാന്‍ കഴിയുന്നുണ്ട് എനിക്ക്…പക്ഷെ നീ അതിനെ തൊടരുത്.” പ്രൂസ്ടിന്‍റെ കരുതലും കാരുണ്യവും അങ്ങനെ അന്ത്യനിമിഷത്തിലും സെലസ്തിനെ തലോടി.

പ്രൂസ്റ്റ്‌ മരിച്ച് അറുപതു വര്‍ഷങ്ങള്‍ക്കു ശേഷവും കഴിഞ്ഞതെല്ലാം ഇന്നലെയെന്ന പോലെ ഓര്‍ക്കുകയും തനിക്ക് സംഭവിക്കുന്ന സന്തോഷങ്ങളെല്ലാം അദ്ദേഹം കൊടുത്തയക്കുന്നതാണ് വിശ്വസിക്കുകയും ചെയ്യുന്ന ആ നേഴ്സ് പറയുകയാണ് “എന്നെ ആരെങ്കിലും പുകഴ്ത്തിയാല്‍ അദ്ദേഹം വല്ലാതെ സന്തോഷിക്കും. എന്‍റെ സങ്കടങ്ങള്‍ അദ്ദേഹത്തെ വേദനിപ്പിക്കും. അദ്ദേഹം പരലോകത്തിലും എന്നെ ശ്രദ്ധിക്കുന്നുണ്ടാവും.” ഇവിടെ രോഗിയും നേഴ്സും തമ്മിലുള്ള ബന്ധം ദൈവവും വിശ്വാസിയും തമ്മിലുള്ള ബന്ധം പോലെ പവിത്രമാവുകയാണ്, അവര്‍ ഒന്നാകുകയാണ്.

കരുണ നിറഞ്ഞ മുഖവും, തളരുമ്പോള്‍ താങ്ങുന്ന കൈകളും, സാന്ത്വനശബ്ദവും ദൈവതുല്യം എന്ന് കാണാന്‍ സമൂഹത്തിനു കഴിയണം. അവരുടെ നീരുവെച്ച് വീര്‍ക്കുന്ന കാലുകള്‍, ഉറക്കം തൂങ്ങുന്ന കണ്ണുകള്‍, ചിരിയില്‍ ഒളിപ്പിക്കുന്ന കണ്ണുനീര്‍ ഇതൊക്കെ കാണാതെ പോകുന്നത് ക്രൂരമാണ്. നമ്മുടെ പ്രിയപ്പെട്ടവരുടെചെറിയ ഞരക്കങ്ങളില്‍ നിന്നു പോലും അവരുടെ ആവശ്യങ്ങള്‍ മനസ്സിലാക്കുന്നവരാണ് നേഴ്സുമാര്‍. അവരോട് നമുക്കുമില്ലേ ചില കടമകള്‍? നമുക്കും തിരിച്ചറിയാന്‍ കഴിയേണ്ടേ ആ വേദനകള്‍?. നമ്മുടെ ഒരു സ്പര്‍ശം കൊണ്ടോ സാന്ത്വനം കൊണ്ടോ അവരുടെ ചെറിയ വേദനകള്‍ ചിലപ്പോള്‍ അലിഞ്ഞു പോയേക്കാം. പക്ഷേ അവരുടെ ജീവിതം സുരക്ഷിതവും സുഭദ്രവും ആകാതെ നമുക്കെങ്ങനെ സമാധാനമായി ഉറങ്ങാന്‍ കഴിയും? നമ്മുടെ ജീവിതം കൊണ്ട് അവരുടെ വേദനകള്‍ക്ക് പ്രായശ്ചിത്തം ചെയ്യണം. നേഴ്സുമാരോട് കാരുണ്യം ഇല്ലാതാകുമ്പോള്‍ സമൂഹം അതിന്‍റെ ഏറ്റവും ജീര്‍ണ്ണിച്ച രോഗാവസ്ഥയാണ് പ്രകടിപ്പിക്കുന്നത്.
അവരുടെ ന്യായമായ അവകാശങ്ങൾ അനുവദിച്ചു കിട്ടുവാൻ ഇത്രയും കാലം കാത്തിരിക്കെണ്ടി വന്നു എന്നത് തീർച്ചയായും സമൂഹത്തെ ചിന്തിപ്പിക്കേണ്ട വിഷയമാണ്.കേരളത്തിൽ ഏറ്റവും തഴച്ചു കൊഴുത്തു നിൽക്കുന്ന വ്യവസായങ്ങളിൽ ഒന്നാണ് ആശുപത്രി വ്യവസായം.സ്വകാര്യ ആശുപത്രികളിൽ എന്തെല്ലാം തട്ടിപ്പും വെട്ടിപ്പും നടക്കുന്നുണ്ടെന്ന് അറിയാമെങ്കിലും പ്രിയപ്പെട്ടവരുടെ ചികിത്സക്ക് വേണ്ടി എന്തു നഷ്ടവും സഹിച്ചുകൊണ്ട് സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയാണ് സമൂഹം പൊതുവെ ചെയ്യുക.ആശുപത്രികളുടെ നിലനിൽപ്പ് തന്നെ പൊതു സമൂഹത്തിന്റെ ഈ ഒരു മനോഭാവത്തെ ആശ്രയിച്ചാണ് എന്നത് തർക്കമില്ലാത്ത കാര്യമാണ്.ഇത്ര പണം മുടക്കുന്ന രോഗികളും ബന്ധുക്കളും മികച്ച നേഴ്‌സിങ് സൗകര്യം ഡിമാന്റ് ചെയ്യും.രാവും പകലും അവർ നേഴ്സുമാറിൽ നിന്ന് സ്നേഹവും കരുണയും പുഞ്ചിരിയോടെ ഉള്ള സമീപനവും പ്രതീക്ഷിക്കുന്നു.അത് കിട്ടാതെ വന്നാൽ തങ്ങൾ മുടക്കിയ പണത്തെ കുറിച്ച് കണക്കു പറയുകയും ആശുപത്രി അധികൃതരോട് തട്ടിക്കയറുകയും ചെയ്യും.പല നഴ്‌സുമാരും ഇത്തരം പരാതികളുടെ പേരിൽ നടപടികൾക്ക് വിധേയരാകുമ്പോൾ പൊട്ടിക്കരഞ്ഞുകൊണ്ട്,വീട്ടിലും ഇതൊക്കെ തന്നെ അനുഭവം എന്ന് പറയുന്നത് കേട്ടിട്ടുണ്ട്. മാലാഖമാരിൽ നിന്ന് മനുഷ്യർ പ്രതീക്ഷിക്കുക അനുഗ്രഹങ്ങളും മന്ദഹാസവും സൗമ്യദീപ്തമായ പരിചരണവും മാത്രമാണ്.പരിശീലനം ചിരിച്ചു കൊണ്ട് നിൽക്കാനാണ്.ഏതു വേദനയുടെ മുന്നിലും അവർ ചിരിക്കുന്നു.തലോടുന്നു.പക്ഷെ മുതലാളിത്തത്തിന്റെ ഇച്ഛ പിഴച്ചാൽ ഈ മാലാഖമാരുടെ പഞ്ഞിച്ചിറകുകൾ അവർ തല്ലിക്കൊഴിക്കും.
അസംഘടിതരാണ് അവർ.ഭാരിച്ച തുക ലോണെടുത്തു പഠനം പൂർത്തിയാക്കിയവരും കുടുംബം പുലർത്താൻ കഷ്ടപ്പെടുന്നവരും ഉണ്ട്.അത്തരക്കാരെ ചൂഷണം ചെയ്യാൻ എളുപ്പമാണ്.ചിരിച്ചു കൊണ്ട് കരയാൻ അവർ ശീലിച്ചിട്ടുണ്ടല്ലോ.അവരുടെ വേദനകൾക്ക് ഈ ശമ്പള വർദ്ധനവോടെ ശാശ്വതമായ പരിഹാരമായി എന്ന് പറയാനാവില്ല. കാലാനുസൃതമായി അവരുടെ സേവനവേതന വ്യവസ്ഥകൾ പുതുക്കുകയും ജോലിസമയം നിജപ്പെടുത്തുകയും വേണം.സമരം ചെയ്തവർക്കെതിരെ യാതൊരു പ്രതികാര നടപടിയും ഉണ്ടാവില്ലെന്ന് ഉറപ്പു വരുത്തണം.അത് പത്രസമ്മേളനത്തിൽ മുഖ്യമന്ത്രി കൃത്യമായി വ്യക്തമാക്കിയിട്ടുണ്ട്.അവരുടെ വേദനകളോടൊപ്പം നിൽക്കേണ്ടത് സമൂഹത്തിന്റെ ബാധ്യതയാണ്.അത് രക്ഷിതാക്കളോട് മക്കൾക്കുള്ള ബാധ്യത പോലെ തന്നെ പ്രധാനമാണ്.അവരുടെ സംരക്ഷണം ഉറപ്പാക്കേണ്ടത് ആരോഗ്യമുള്ള ഒരു സമൂഹസൃഷ്ടിക്കു അനിവാര്യമാണ്. ഇടതുപക്ഷ സർക്കാരിൽ നിന്ന് മാത്രമേ അതൊക്കെ പ്രതീക്ഷിക്കാനും ആകൂ.

Comments
Print Friendly, PDF & Email

You may also like