പൂമുഖം EDITORIAL ആള്‍ക്കൂട്ടത്തിന്‍റെ ആനന്ദം

ആള്‍ക്കൂട്ടത്തിന്‍റെ ആനന്ദം

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

thondi 1

രണ്ടില്‍ ചില്വാനം മണിക്കൂറിന്‍റെ ശുദ്ധസന്തോഷാവസ്ഥയ്ക്കെന്തു പേര് പറയും? ഇനി മുതല്‍ അതിനു ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ എന്ന് പറയാം. സിനിമ ഇറങ്ങിയിട്ട് ഒരാഴ്ച പിന്നിടുമ്പോഴേക്കും പ്രേക്ഷകരുടെ വാക്കിന്‍റെ വിലയും ബലവും ഈ സിനിമയ്ക്ക് കൊടുത്തിട്ടുള്ള ആക്കം ചില്ലറയല്ല. ഇത്രയും ചെറിയ ഒരു പ്രമേയത്തിന് ഇത്ര ലളിത മായൊരു ആഖ്യാനം മെനഞ്ഞെടുക്കണമെങ്കില്‍, ഇത് ശ്രമകരമേയല്ല എന്ന മട്ടു തോന്നിച്ചുകൊണ്ട് അഭ്രപാളികളില്‍ അതിസൂക്ഷ്മമായി പകര്‍ത്തണമെങ്കില്‍, അത് കണ്ടിറങ്ങിയ പ്രേക്ഷകന്‍റെ മനസ്സില്‍ സിനിമയെക്കുറിച്ചുള്ള ചിന്ത കൊണ്ട് ആവര്‍ത്തനാനന്ദം അനുഭവപ്പെടുന്നുണ്ടെങ്കില്‍, കയ്യടി കൊടുക്കേണ്ടത് ദിലീഷ് പോത്തന്‍ എന്ന സംവിധായകന് മാത്രമല്ല; ആ ചലച്ചിത്രത്തിനു പിന്നിലും മുന്നിലും പ്രവര്‍ത്തിച്ച എല്ലാവര്‍ക്കുമാണ്‌.
‘മഹേഷിന്‍റെ പ്രതികാരം’ കണ്ടിട്ടുള്ളവരോട്, അതിഷ്ടപ്പെട്ടവരോട് പ്രത്യേകിച്ച്, ഒരപേക്ഷയുണ്ട്: ദിലീഷിന്‍റെ സിനിമ അതാണ്‌-അത് മാത്രമാണ് എന്ന് ധരിച്ചു ഈ രണ്ടാം സിനിമ കാണരുത്. ഇവിടെ കഥ പറയുന്നത് മഹേഷിന്‍റെ കഥ പറയുന്നത് പോലെയല്ല, കാരണം, ഇത് മഹേഷിന്‍റെ കഥയല്ല. അയാളുടെ പ്രതികാരത്തിന്‍റെ കഥയുമല്ല. കഥ നടക്കുന്നത് ഇടുക്കിയിലുമല്ല.
ഇവിടെ കഥയുടെ പശ്ചാത്തലം കാസറഗോഡാണ്, എന്നാലും ഇതെവിടെയും നടക്കാവുന്ന സംഭവമാണ്. സിനിമയ്ക്ക് ആധാരമായ കഥ ഉടലെടുക്കുന്നത് ബസ്സില്‍ നടക്കുന്ന ഒരു മാലമോഷണത്തിലാണ്. അത് മുന്‍പോട്ടു കൊണ്ടുപോകുന്നതും അവസാനിക്കുന്നതും ഇതിനെത്തുടര്‍ന്നുള്ള മൂന്നു ദിവസങ്ങളില്‍ രണ്ടു പ്രസാദുമാരും, ഒരു ശ്രീജയും, പിന്നെ കുറെ പോലീസുകാരും ഈ കേസിനെ ചുറ്റിപ്പറ്റി ചെയ്യുന്ന കാര്യങ്ങളിലൂടെയാണ് .
ഇതിലെ പോലീസുകാര്‍ ‘സെന്‍സും സെന്‍സിബിലിറ്റിയും’ പ്രസംഗിക്കുന്ന ആക്ഷന്‍ ഹീറോമാരല്ല. വലിയ പദവിയുള്ളവരുമല്ല. ‘മുകളില്‍’ ഉള്ളവരെയും, നിയമവശങ്ങളെയും പേടിക്കുന്ന, ക്രൂരത കാട്ടാന്‍ മടിയില്ലാത്തവരും എന്നാല്‍ കാരുണ്യം തീരെ വറ്റിയില്ലാത്തവരുമാണ്; സ്വന്തം ഉദ്യോഗത്തിന്‍റെ നിലനില്‍പ്പിനെപ്പറ്റി സദാ ചിന്തയുള്ള വെറും മനുഷ്യര്‍. അവര്‍ ഭാര്യയേയും കൂട്ടി ഉത്സവം കാണാനും, പ്രതിയുടെ ‘വെളിക്കിരിക്ക’ലിന് കാവലിരിക്കാനും, പൂരപ്പറമ്പിലെ അടിപിടി ഒതുക്കാനും, ഓടിക്കളഞ്ഞ പ്രതിയെ പിടിക്കാന്‍ അയാള്‍ ഓടിയ വഴിയൊക്കെ കിതച്ചുകൊണ്ട് ഓടാനും ഒക്കെ പോകുന്നതും, വീട്ടില്‍ ഭാര്യയുമൊത്ത് ചുട്ട പപ്പടം കൂട്ടി കഞ്ഞി കുടിക്കുന്നതും ഓഫീസില്‍ ഭയങ്കര സ്‌ട്രെസ് ആണ് എന്ന് പറയുന്നതും സൂപ്പര്‍ ഹീറോ ആയല്ല, സാധാരണ മനുഷ്യരായാണ്. സാധാരണ പോലീസുകാരുടെ ദൈനംദിന ഉദ്യോഗ-ജീവിതത്തിന്‍റെ കഥ കൂടിയാണ് ഈ സിനിമ.
thondi 2
ഒരു സിനിമാക്കഥ പറയുന്നതോടൊപ്പം ആള്‍ക്കൂട്ടങ്ങള്‍ക്കിടയിലെ മറ്റു മനുഷ്യരുടെ കഥയും ആ സമൂഹത്തിന്‍റെ ജീവിതവും പറയുമ്പോള്‍ ഒരു സിനിമ ചെയ്യേണ്ടതെന്തോ അതെല്ലാം ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’ ചെയ്യുന്നുണ്ട്. അത് കൃത്യമായ ഫ്രെയിമുകള്‍, ഹ്രസ്വമായ സംഭാഷണങ്ങള്‍, കഥാപാത്രങ്ങളുടെ മുഖത്ത് മിന്നിമറയുന്ന ചില ഭാവങ്ങള്‍ എന്നിവ കൊണ്ട് മാത്രമാണെങ്കിലും പറഞ്ഞു വയ്ക്കുന്നത് ഒരുപാടൊരുപാടാണ് എന്ന് പറയാതെ വയ്യ. സിനിമയുടെ ഭാഷ നെടുങ്കന്‍ ഡയലോഗുകളോ വമ്പിച്ച കാന്‍വാസുകളോ അല്ല എന്ന് ഇതിലും ഭംഗിയായി തെളിയിക്കാന്‍ ആവില്ല. ഓരോ കഥാപാത്രവും ഒരു കഥയുടെ നടുവിലാണ്, എന്നാലും അവരുടെ പകലുകളും രാത്രികളും സന്തോഷങ്ങളും സങ്കടങ്ങളും ഒക്കെ അങ്ങനെ ഘോഷയാത്രയായി പ്രേക്ഷകന് മുന്നിലൂടെ കടന്നു പോകുന്നതിനു എന്തൊരു ഭംഗിയാണ്.
വാരിവലിച്ചു തിന്നുന്ന ഒരു ആണ്‍കുട്ടിയെ കളിയാക്കുന്ന പോലീസുകാരന്‍റെ കമന്‍റിന് മറുപടിയായി ഫഹദിന്‍റെ കഥാപാത്രമായ മോഷ്ടാവ് പറയുന്ന ഒരു വാചകമുണ്ട്, ‘കളിയാക്കല്ലേ സാറേ, ഈ പ്രായത്തില്‍ ഭയങ്കര വിശപ്പാ’. പോലീസ് സ്റ്റേഷനില്‍ എത്തും വരെയുള്ള അയാളുടെ ജീവിതം ചില വരകള്‍ കൊണ്ട് മാത്രം കോറിയിട്ട്, ബാക്കി കാഴ്ചക്കാരന്‍റെ സങ്കല്‍പ്പത്തിനു വിട്ടു തരുന്ന രീതിയിലാണ് ദിലീഷ് പോത്തന്‍ കഥ പറഞ്ഞു പോരുന്നത്. ചെമ്പന്‍ ചപ്ര മുടിയും, ഉണ്ടക്കണ്ണും , മുഷിഞ്ഞ വസ്ത്രങ്ങളുമുള്ള ആ ചെറുപ്പക്കാരന്‍ എവിടെ നിന്ന് വരുന്നു എന്നോ, എങ്ങോട്ട് പോകുന്നു എന്നോ നമ്മളോട് സിനിമ കൃത്യമായി പറഞ്ഞു തരുന്നില്ല.. വിശപ്പ്‌ നിറഞ്ഞ അനാഥമായ അയാളുടെ കുട്ടിക്കാലവും, അസ്തിത്വ ദുഖവും ഒക്കെ അയാള്‍ പറയുന്ന ചെറിയ നുണകളിലും കാണിക്കുന്ന ചില്ലറ കുസൃതികളിലും തന്നെയുണ്ട്‌.
ശ്രീജയും പ്രസാദും പ്രേമിക്കുമ്പോഴുള്ള അവരുടെ ജീവിതം കാണിക്കുന്ന ഫ്രെയിമുകള്‍ വേമ്പനാട്ടു കായലിന്‍റെ ജലസമൃദ്ധിയുടെ പശ്ചാത്തലത്തിലാണ്. അവരുടെ പ്രേമം വിവാഹജീവിതത്തിലെത്തുമ്പോള്‍ അത് കാസര്‍ഗോഡിന്‍റെ വരണ്ട മണ്ണില്‍, ജലക്ഷാമത്തിന്‍റെ ഫ്രെയിമുകളില്‍ ചെന്ന് നില്‍ക്കുന്നു. ഇന്ന് കേരളത്തില്‍ രണ്ടു ജാതിയില്‍ പെട്ടവര്‍ വിവാഹം കഴിച്ചാല്‍ അവര്‍ അനുഭവിക്കുന്ന ഒറ്റപ്പെടലിന്‍റെ ആഴം ഈ മാറ്റം കൊണ്ട് സംവിധായകന്‍ ഊന്നിപ്പറയുന്നുണ്ട്.  അത് ആഘോഷകരമായ മെഗാ-കഥനങ്ങളിലൂടെയല്ല എന്ന് മാത്രം;
സിനിമയില്‍ അവിടെയും ഇവിടെയുമായി, അവരുടെ പോലീസ് സ്റ്റേഷനിലെ മൂന്നു ദിവസങ്ങള്‍ നീണ്ട ഹാജരിന്‍റെ ഇടയില്‍, എവിടെയോ വരുന്ന ചില നിമിഷങ്ങളായാണ് ഈ ഒറ്റപ്പെടല്‍ കാണിക്കു മുന്നില്‍ തെളിയുന്നത്. അര്‍ദ്ധരാത്രിനേരത്ത് വാടകവീട്ടിലെ ചെറിയ കിടപ്പുമുറിയിലേക്ക് മുഷിഞ്ഞ വാക്കുകളോടെ വിളിക്കുന്ന അച്ഛനോട് ശ്രീജ ‘അച്ഛന്‍റെ അമ്പലം കമ്മറ്റിക്കാര്‍ക്ക് സുഖം തന്നെയല്ലേ’ എന്ന് ചോദിക്കുന്നതും, പോലീസ് സ്റ്റേഷനിലെ നൂലാമാലകളില്‍ വിഷമിച്ചു വലഞ്ഞ ഒരു ദിനാന്ത്യത്തില്‍ നഷ്ടപ്പെട്ട മാല ഇനി കിട്ടില്ല എന്ന ചിന്തയുടെ ഒടുവില്‍, ‘ഞാന്‍ നിന്‍റെ കഴുത്തില്‍ കെട്ടിയ താലിമാലയല്ലേ പോയത്’ എന്ന് പുരുഷാധികാരത്തിന്‍റെ സ്വരത്തില്‍ ചോദിക്കുന്ന ഭര്‍ത്താവിനോട് ‘ചേട്ടാ നമ്മള്‍ തമ്മിലുള്ള സ്നേഹത്തിന്‍റെ വില ഞാന്‍ മറ്റൊന്നിനും കൊടുക്കുന്നില്ല’ എന്ന് പറഞ്ഞു ശ്രീജ അയാളെ തോല്‍പ്പിക്കുന്നതും ഇതിനുദാഹരണം.
ഈ ചലച്ചിത്രത്തിലെ സാമൂഹ്യ വിമര്‍ശനം വന്നു പോകുന്നതു നേരിയ നര്‍മത്തിന്‍റെ പാളികളില്‍ പൊതിഞ്ഞാണ്. ഉത്സവകാലത്ത് മദ്യപിച്ചു വന്നു അമ്മയെയും ഭാര്യയേയും തല്ലുന്നവനെ കരുതല്‍ തടങ്കലില്‍ സൂക്ഷിക്കാന്‍ ഒരുമയോടെ കത്തെഴുതുന്ന വീട്ടിലെ സ്ത്രീകളെപ്പറ്റി അയാള്‍ പറയുന്നത് ‘അവര്‍ ഫെമിനിസ്റ്റാ സാറെ’ എന്നാണ് . അതുപോലെ തിരിച്ചറിയല്‍ കാര്‍ഡില്ലാതെ പലായനം ചെയ്യേണ്ടി വരുന്ന തൊഴിലില്ലാത്തവന്‍റെ തൊഴില്‍സാധ്യതകള്‍ പ്രധാനമായും പറോട്ടയടിയാണത്രേ! ബുര്‍ഖയില്‍ കണ്ണ്‍ ഒഴികെ ആകെ പൊതിഞ്ഞ സ്ത്രീയുടെ പ്രതികരണശേഷി വെളിവാകുന്നത് അവര്‍ യാത്ര ചെയ്യുന്ന ബസ്സില്‍ മോഷണം നടക്കുമ്പോഴാണ്‌. അതുപോലെ ബസ്സില്‍ നടക്കുന്ന മോഷണം കയ്യോടെ പിടികൂടുമ്പോള്‍ അവിടെ പൊതുജനം കാണിക്കുന്ന മോബ് മെന്‍റാലിറ്റി, മൂന്നാം ദിവസവും ഭര്‍ത്താവിനൊപ്പം പോലീസ് സ്റ്റേഷനില്‍ രാവിലെ എത്തുന്ന ശ്രീജ മോഷ്ടാവിനെ പോലീസ് വെളിക്കിരിക്കാന്‍ കൊണ്ടുപോയ ഇടത്തേക്ക് അക്കാര്യം ഓര്‍ക്കാതെ വന്ന അതേ സ്പീഡില്‍ ഭര്‍ത്താവിനോടൊപ്പം പോകുമ്പോള്‍ ‘നീ എന്ത് കാണാന്‍ വരുവാ..’ എന്ന ഭര്‍ത്താവിന്‍റെ ചോദ്യം, മെഡിക്കല്‍ ഷോപ്പില്‍ ഗര്‍ഭമുണ്ടോ എന്നറിയാനുള്ള കിറ്റ് വാങ്ങാന്‍ വരുന്ന അവിവാഹിതയായ പെണ്‍കുട്ടിയുടെ വീട്ടില്‍ അത് അറിയിക്കാന്‍ ശ്രമിക്കുന്ന നാട്ടുകാരനായ യുവാവിന്‍റെ സദാചാര ബോധം, മൊബൈല്‍ ടവറിന്‍റെ സ്ഥാനത്തെ ചൊല്ലി അയല്‍ക്കാര്‍ തമ്മിലുള്ള തര്‍ക്കം പോലീസ് സ്റ്റേഷനില്‍ വച്ച് രമ്യതയിലെത്തുന്ന വിധം, നൈറ്റിയിട്ട മിടുക്കി ചേച്ചിമാരുടെ സ്വാഭാവികതയാര്‍ന്ന സംഭാഷണങ്ങള്‍, ഇങ്ങനെ ഓര്‍ത്തോര്‍ത്തു പുഞ്ചിരിക്കാന്‍ സിനിമ കണ്ടിറങ്ങുമ്പോഴും പ്രേക്ഷകന് ഒരുപാടുണ്ട്.
എല്ലാവരും കേമമായി അഭിനയിച്ചിട്ടുണ്ട്. പരിചിത-പ്രിയമുഖങ്ങളായ ഫഹദും സുരാജും അലന്‍സിയറും, പുതുമുഖമായ നിമിഷയും അരങ്ങു തകര്‍ക്കുന്നു. ഒപ്പം നമ്മുടെ മുന്നില്‍ വന്നു പോകുന്ന ഓരോ കഥാപാത്രവും അവരുടെ ജീവിതം വെള്ളിത്തിരയില്‍ അനായാസേന വരച്ചു വണങ്ങിപ്പോകുകയാണ്. മകളുടെ പ്രണയത്തെക്കുറിച്ചറിഞ്ഞു കലി തുള്ളി വീട്ടിലേക്കു വരുന്ന അമ്മ, എല്ലാവര്‍ക്കും നല്ല വഴി പറഞ്ഞുകൊടുക്കുന്ന പോലീസ് സ്റ്റേഷനിലെ പക്വത വന്ന റൈറ്റര്‍ കഥാപാത്രം, അഴികള്‍ക്കു പിന്നിലെ അനുഭവസമ്പത്ത് അങ്ങോട്ട്‌ വരുന്നവര്‍ക്കെല്ലാം സമചിത്തതയോടെ പങ്കു വയ്ക്കുന്ന കരുതല്‍ തടവുകാരന്‍, അന്യജാതിക്കാരനെ വിവാഹം കഴിച്ചു പോയ മകളെ പിന്നെയും പിന്നെയും ഫോണില്‍ വിളിച്ചു ശകാരിക്കാന്‍ ശ്രമിക്കുന്ന അച്ഛന്‍ (വെട്ടുകിളി പ്രകാശ്) ഇങ്ങനെ അവിസ്മരണീയരായ ഒരുപാട് പേര്‍ സിനിമ കഴിഞ്ഞു വരുന്ന നമ്മുടെ കൂടെ പോരുന്നുണ്ട്.
ക്യാമറ അതിമനോഹരം എന്ന് പറഞ്ഞാല്‍ പോര. രാജീവ് രവിയില്‍ നിന്നും ഇതിലും കുറഞ്ഞ് ക്രാഫ്റ്റ് നമുക്ക് പ്രതീക്ഷിക്കാന്‍ വയ്യല്ലോ. പെണ്‍കുട്ടി അമ്മയുടെ അടി ഭയന്ന് കുളിമുറിയില്‍ അടച്ചിരിക്കുമ്പോഴുള്ള അവളുടെ മുഖത്തിന്‍റെ ഷോട്ട്, കുളിമുറിയുടെ കതകിന്‍റെ പാളി തല്ലിപ്പൊളിക്കുമ്പോഴുള്ള ഷോട്ട് ഇതൊക്കെ മനസ്സില്‍ തങ്ങി നില്‍ക്കുന്നു. അതുപോലെ മനോഹരമാണ് സ്ക്രിപ്റ്റും; ഇത്രയും ക്രിസ്പ് ആയ സ്ക്രിപ്റ്റുകള്‍ കാണുന്നത് അപൂര്‍വ്വം. ഒരു സീനോ ഷോട്ടോ എടുത്തു മാറ്റിയാല്‍ സിനിമ അപൂര്‍ണമെന്ന് തോന്നിക്കും വിധം മുറുക്കമുള്ള തിരക്കഥ.
ശ്യാം പുഷ്ക്കര്‍, ബിജിബാല്‍, ഈ പേരുകള്‍ കൂടി പറഞ്ഞില്ലെങ്കില്‍ ഇതുവരെ പറഞ്ഞത് പൂര്‍ത്തിയാകില്ല. അത്രയേറെ സംഭാവന ഈ ക്രിയേറ്റിവ് ഡയറക്ടരും ഈ സംഗീത സംവിധായകനും ഈ സിനിമയുടെ വിജയത്തിനു നല്‍കിയിട്ടുണ്ട്.
ഈ വര്‍ഷത്തെ മികച്ച സിനിമകളില്‍ ഒന്ന് തന്നെ ‘തൊണ്ടിമുതലും ദൃക് സാക്ഷിയും’.
Comments
Print Friendly, PDF & Email

You may also like