സ്ഥലം-എവിടെയുമാകാം
ബഹുമാനപ്പെട്ട മേലാവി അറിവാൻ,
അദ്ധ്വാനം അതികഠിനമാകയാൽ,
തലച്ചോറിൽ നീരുവീണു അനക്കമറ്റതിനാൽ,
അൽപ്പം നീണ്ട ഒരവധി വേണം.
കാരണമെന്തെന്നാൽ പുറംകാഴ്ച്ചകളൊന്നും വയ്യ
വെളിച്ചമൊട്ടുംതന്നെ വയ്യ-
വല്ലതുമെങ്ങാനും കണ്ടുപോയാൽ
ദിവസങ്ങളോളം കണ്ണിലിരുട്ട് താമസമാക്കുന്നു.
അക്ഷരങ്ങളും അക്കങ്ങളും തീരെവയ്യ-
തലയ്ക്കുള്ളിൽ പാടില്ലാത്ത എന്തൊക്കെയോമിന്നൽപ്പിണറുകളാകുന്നു.
ശീതികരിച്ച ഇരുൾമുറിയിൽ
മുനിഞ്ഞിരുപ്പാണൊരാശ്വാസം
പുണ്യപുരാണ പരമ്പരകളും
കോമഡിക്കളികളും
ആണു പഥ്യം!
പിന്നെ കാണേണ്ടവ തിരഞ്ഞെടുത്തും
കാണരുതാത്തവ മറച്ചും
കാണാനിഷ്ടമുള്ളത് മെനഞ്ഞുമൊക്കെ
പ്രിയം മാത്രം കാണിച്ചുതരുന്നവയും!
ഇതൊക്കെയല്ലാതെ
മറ്റെന്തും ഉറക്കം കെടുത്തുന്നു.
പൊതുജീവിതവും
സഹവാസങ്ങളും തീരെ വയ്യെന്നായി
മറ്റുമണങ്ങളും നിറങ്ങളും അസഹ്യം!
എന്നെപ്പോലെയുള്ള ചിലർ മാത്രം
ചുറ്റിനും മതിയെന്നായി
മഹാനുഭാവൻ
,
നീണ്ട അവധികളെ പുറത്തുതട്ടി
പ്രോത്സാഹിപ്പിക്കുന്നവനാണല്ലൊ അങ്ങ്
ചിലപ്പോൾ തിരിച്ച് വന്നില്ലെന്ന് തന്നെയിരിക്കും
അങ്ങേക്കതും സൗകര്യമാകുമല്ലൊ
നന്ദിപൂർവ്വം
അങ്ങയുടെ സ്വന്തം
മനസ്സാക്ഷി
(ഒപ്പ്)
എറണാകുളം സ്വദേശി. മുൻ ബാങ്കുദ്യോഗസ്ഥ.