1. ചീഫ് അഥവാ പരമോന്നത കോടതി
2. ചീഫിനു താഴെ ഒന്നാമന്‍ – (സവര്‍ണ്ണന്‍, വെളുത്തവന്‍, വെള്ളക്കാരന്‍ അങ്ങനെയുള്ളവന്‍
വേണം ഈ വേഷത്തിനായി പരിഗണിക്കപ്പെടേണ്ടത്. ഇന്ത്യയിലെ കറുത്തവന്‍,
സവര്‍ണ്ണനാണെങ്കിലും ഈ വേഷത്തിനായി അപേക്ഷിക്കേണ്ടതില്ല. അങ്ങനെയുള്ള ഒരാള്‍ക്ക്
അത്ര നിര്‍ബ്ബന്ധമാണെങ്കില്‍, ഇനി താഴെ പറയുന്ന വേഷത്തിനായി അപേക്ഷിക്കാം.
പരിഗണിക്കപ്പെട്ടേക്കും. ‘ഒന്നാമന്‍’ എന്ന ഒരു ഈഗോ അഭികാമ്യം)
3. രണ്ടാമന്‍. (കറുപ്പോ, തവിട്ടു നിറമെന്ന പറയപ്പെടുന്ന കറുപ്പോ നിറമുള്ളവന്‍
ആകാം. ഒന്നാമന്‍റെ വേഷത്തില്‍ പരിഗണിക്കപ്പെടാതെ പോകുന്ന കറുത്ത ഇന്ത്യന്‍
സവര്‍ണ്ണനും ഈ വേഷത്തിനായി അപേക്ഷിക്കാം. കഥ നടക്കുന്ന രാജ്യത്ത് , ഇന്ത്യയില്‍ നിന്ന്
വന്ന എത്ര വെളുത്തവനും, അവന്‍ സവര്‍ണ്ണനാണെങ്കില്‍ക്കൂടി, വിക്ടറി സ്റ്റാന്‍ഡില്‍ മൂന്നാം
സ്ഥാനത്തു തന്നെ നില്‍ക്കേണ്ടി വരും. നാട്ടില്‍ സവര്‍ണ്ണനാണെന്നും, ജീവിക്കാനായി
ഇവിടെ വരേണ്ടവനൊന്നുമല്ല എന്നും രാത്രി ഉറങ്ങാന്‍ കിടക്കുന്നതിനു മുമ്പ്
പ്രാര്‍ത്ഥനയ്ക്കൊപ്പം പറഞ്ഞു സമാധാനിക്കാമെന്നല്ലാതെ ഒരു കാര്യവുമില്ല. പക്ഷേ ‘ഈഗോ’ പ്രശ്നത്തില്‍, താന്‍ ഒന്നാമന്‍റെ സ്ഥാനത്തു നില്‍ക്കേണ്ടവനാണ് എന്നും,
ഒന്നാമനെപ്പോലെയുള്ള രണ്ടാളുടെ ബുദ്ധി തനിക്കുണ്ടെന്നും ഭാര്യയോടും അത്യാവശ്യം
മദ്യപാനസദസ്സുകളില്‍ മൂന്നോ നാലോ ഡ്രിങ്കിനു ശേഷം മറ്റുള്ളവരോടും പറയാന്‍ കഴിയണം.
അതിനപ്പുറം പറയാതിരിക്കാന്‍ ശ്രദ്ധിക്കുന്നതാണു നല്ലത്. കാരണം, സ്വന്തം മക്കളുടെ അടുത്തുപോലും അത്ര എളുപ്പത്തില്‍ വിറ്റു പോകുന്ന കാര്യമല്ല. ചുരുക്കി പ്പറഞ്ഞാല്‍, രണ്ടാളുടെ ഈഗോ വരെ ഈ വേഷക്കാരനു കുഴപ്പമില്ല എന്നര്‍ത്ഥം.
സഹനടീനടന്മാര്‍ക്ക് ഇതില്‍ ഡയലോഗുകള്‍ ഒന്നുമില്ലാത്തതിനാല്‍ അവരെ ആവശ്യത്തിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ചെയ്ത് ഇടയിലൂടെ നടത്തിക്കുകയോ ഡെസ്ക്കില്‍ വന്ന് സംശയങ്ങള്‍ ചോദിപ്പിക്കുകയോ ഒക്കെ ആകാം. ശബ്ദം വേണ്ടെന്നു മാത്രം.
ഇനി നാം കഥയിലേയ്ക്കു വരികയാണ്.
കര്‍ട്ടനുയരുന്നു.
തിരക്കു പിടിച്ച ഒരു ന്യൂസ് ഡെസ്ക്കാണു നാമിപ്പോള്‍ കാണുന്നത്. വെട്ടാനും വെട്ടി നിരത്താനും വേണമെങ്കില്‍ ജീവിതം തന്നെ കുളമാക്കാനും കഴിവുള്ള കുറേപ്പേര്‍ ആണ് അവിടുത്തെ അന്തേവാസികള്‍. ചിരി എന്ന സിദ്ധി മറന്നുപോയവരോ അതൊക്കെ നിലവാരത്തിലും താഴെയാണ് എന്നു വിചാരിക്കുന്നവരോ ആണ് കൂടുതലും അവിടെയുള്ളത്. മൂന്നാമന്‍ ചിരിയുടെ ചാറ്റല്‍ മഴ ഇടയ്ക്കൊക്കെ അവിടെ പെയ്യിക്കാറുണ്ടെങ്കിലും അത് മറ്റു ഊഷരമുഖങ്ങളില്‍ ഒരു പച്ചപ്പും ഉണ്ടാക്കാറില്ല എന്നുള്ളത് ശ്രദ്ധേയമാണ്.
രാജ്യത്തിന്‍റെ ഒരു പ്രവിശ്യയിലെ വെള്ളപ്പൊക്കവും ഒരു അനുബന്ധചിത്രവും മുന്‍പേജില്‍ തന്നെ കൊടുക്കാനുള്ള ഉത്തരവു കൈപ്പറ്റി നില്‍ക്കുകയാണ് രണ്ടാമന്‍. അവിടുത്തെ വഴികളില്‍ പലതും പുഴയായി മാറിയ ചിത്രം പിടിച്ചു നില്‍ക്കുമ്പോള്‍ അയാള്‍ തലക്കെട്ട് തീരുമാനിക്കുന്നു
A FIGHT AGAINST THE WATER
അതെഴുതി ചിത്രം ഒന്നാമന്‍റെ ഡെസ്ക്കിലേയ്ക്കു വിടുന്നു. അയാള്‍ അതിലെ ഡെഫ്നിറ്റ് ആര്‍ട്ടിക്കിളായ The വേണ്ടെന്നു പറയുന്നു.
രണ്ടാമനു ഓര്‍മ്മവന്നത് നാട്ടിലെ കല്യാണസദ്യയിലെ ദേഹണ്ഡപ്പുരയാണ്. ഒന്നാമന്‍ , പാചകത്തില്‍ നേരിട്ടിടപെടാതെ നിന്ന് അവസാന ‘ടച്ചിംഗ്‌സും’ നിര്‍ദ്ദേശങ്ങളും മാത്രം കൊടുക്കുന്ന ‘പ്രധാനപാചകക്കരാറുകാര’ന്‍റെ വേഷത്തിലാണിപ്പോള്‍. ഒരു വലിയ വാര്‍പ്പില്‍ പായസം തിളയ്ക്കുന്നു. അദ്ദേഹം മധുരം പാകത്തിനുണ്ടോ എന്നു നോക്കുകയാണ്.
”ആരവിടെ? …….. ഒരു അര ശര്‍ക്കരയും രണ്ടൗണ്‍സ് തേങ്ങാപ്പാലും എടുക്കൂ.”
സംഘത്തിലെ ഏറ്റവും അധ:കൃതനും, ബുദ്ധിയില്‍ കുറവുള്ളവന്‍ എന്നു പലപ്പോഴും പരിഹസിക്കപ്പെടുന്നവനുമായ ഒരു ട്രെയിനി ഒരു ശര്‍ക്കര പൊട്ടിച്ച് രണ്ടാക്കിയതിലെ ഒരു കഷണവും നിര്‍ദ്ദിഷ്ട തേങ്ങാപ്പാലുമായി ആശാന്‍റെ മുമ്പില്‍ ഹാജര്‍. ആശാന്‍ അതു വാങ്ങി പൊട്ടിച്ച് പായസച്ചെമ്പിലിട്ട്, അതിനുപുറമേ പാലുമൊഴിച്ച്, ഒന്നിളക്കി, കൈവെള്ളയില്‍ ഒരു തുള്ളിയൊഴിച്ച് മധുരം കിറുകൃത്യമെന്ന് ഉറപ്പുവരുത്തി, വലതു കൈയിലെ ആദ്യത്തെ രണ്ടു വിരലുകള്‍ കൂട്ടി ഒരു വൃത്തമുണ്ടാക്കി പരസ്യപ്രഖ്യാപനം നടത്തി അവിടെ നിന്ന് മാറി മറ്റൊരു സ്ഥലത്ത് അവതരിക്കുന്നു.
നാം ആ സീന്‍ അവിടെ കട്ടു ചെയ്ത് ഡെസ്ക്കുകളിലേയ്ക്ക് മടങ്ങുകയാണ്.
രണ്ടാമന്‍ : ഒരു ദുരന്തനിവാരണത്തിന്‍റെ തയ്യാറെടുപ്പിനു (Disaster preparedness) മുന്‍തൂക്കം കൊടുക്കാന്‍ പറ്റുന്ന തലക്കെട്ടു വേണമെന്നു പറഞ്ഞിരുന്നു. അതാണിങ്ങനെ…..
ഒന്നാമന്‍ : ഓക്കേ… ഓക്കേ വൈ ദിസ് THE ? റിമൂവ് ഇറ്റ്…
രണ്ടാമന്‍ : നോ….
ഈ കോണ്ടെക്സ്റ്റിലെ വെള്ളം സ്പെസിഫൈ ചെയ്യേണ്ടതുള്ളതുകൊണ്ടാണെന്നും അതവിടെ വേണമെന്നും രണ്ടാമന്‍ പറയുന്നത് ഒന്നാമന്‍റെ തലയില്‍ കേറുന്നില്ല.
വാദവും പ്രതിവാദവും കേരളത്തിലെ തെരഞ്ഞെടുപ്പ് ചര്‍ച്ചാവിശകലനം പോലെ എങ്ങുമെത്താതെ വരുന്നു. രണ്ടാളും വിട്ടു കൊടുക്കുന്നില്ല എന്നുറപ്പായപ്പോള്‍ പിന്നെ കോടതിയല്ലേ ശരണമുള്ളു.
സംഗതി ചീഫിനടുത്തെത്തി. പരമാധികാര കോടതിയാണ്. അധികം സംസാരമില്ല. ചിത്രവും തലക്കെട്ടും സഭയുടെ മേശപ്പുറത്ത്.
ചീഫ് തലക്കെട്ടു വായിച്ച് THE എന്നതിനെ ഒരു വട്ടത്തിലാക്കി. തലയുയര്‍ത്തി രണ്ടു പേരെയും നോക്കി.
ഒന്നാമന്‍റെ നോട്ടം രണ്ടാമനോടു പറഞ്ഞതിങ്ങനെയാണ്.
ഇപ്പോള്‍ എങ്ങനെയുണ്ട്? നീ നാലുവരിയില്‍ മൂന്നിലും നാലിലും അഞ്ചിലുമൊക്കെ ഇംഗ്ലീഷ് അക്ഷരം കൂട്ടിയിട്ടുരുട്ടിപ്പഠിക്കുമ്പോള്‍ ഞാന്‍ ഡാഡി എന്നും മമ്മിയെന്നും ആദ്യ ശബ്ദം പുറപ്പെടുവിച്ചത് ഇംഗ്ലീഷിലാ…. അറിയുവോ നിനക്ക്?
രണ്ടാമന്‍ ഒന്നു പരുങ്ങി ഇളകി നിന്നു.
ചീഫ് ജസ്റ്റീസ് അടുത്തനിമിഷം തല അവരില്‍ നിന്ന് പറിച്ചെടുത്ത് ചിത്രത്തിലേയ്ക്കും തലക്കെട്ടിലേയ്ക്കും പുന:സ്ഥാപിച്ചു.
എന്നിട്ട്, ആദ്യം വരച്ച വട്ടത്തിനുമുകളില്‍ ഒരു ശരിയെന്ന ചിഹ്നം ഇട്ടു.
രണ്ടാമനു ആര്‍ത്തുവിളിക്കാന്‍ തോന്നി. സംഗതി നാട്ടിലെ തെരഞ്ഞെടുപ്പു രംഗമല്ലല്ലോ, ഇവിടെ ആര്‍ത്തുവിളിക്കുന്നതിലൂടെ ശിഷ്ടജീവിതം പ്രയാസകരമാക്കിത്തീര്‍ക്കേണ്ടതില്ലല്ലോ എന്നോര്‍ത്തു സമാധാനിച്ചു.
തിരിച്ച് സ്വന്തം ഡെസ്ക്കിലേയ്ക്കു മടങ്ങുമ്പോള്‍ ആദ്യമായി അവിടെ ജോലിക്കു കയറുമ്പോള്‍ ഉണ്ടായ ഒരു സംഭവം രണ്ടാമന് ഓര്‍മ്മ വന്നു. അതിലെ കഥാപാത്രവും ഈ ഒന്നാമന്‍ തന്നെ.
ഓഫീസ് ആവശ്യത്തിനായുള്ള സാധനങ്ങളുടെ ലിസ്റ്റില്‍ രണ്ടാമന്‍ ഫൂള്‍സ് കാപ് പേപ്പര്‍ (Foolscap Paper) എന്നു കേട്ടെഴുതിയപ്പോള്‍ ഇയാള്‍ അതു പിടിച്ചു വാങ്ങി ഇതേ പോലെ ഒരു നോട്ടം അന്നും തന്‍റെ നേരേ അയച്ചിരുന്നു.
ആ നോട്ടത്തിന്‍റെ അര്‍ത്ഥം ‘നിന്‍റെ തലയില്‍ വയ്ക്കേണ്ട പേപ്പറിന്‍റെ പേരല്ല എഴുതാന്‍ പറഞ്ഞത്’ എന്നായിരുന്നു.
എന്നിട്ട് ഒന്നാമന്‍ അത് ഫുള്‍ സ്കേപ്പ് (Full Scape) എന്ന് ഖഡ്ഗം ഉപയോഗിച്ച് എഡിറ്റ് ചെയ്തിരുന്നു അന്ന്.
അന്നുണ്ടായ വേദന രണ്ടാമന്‍ സഹിച്ചെങ്കിലും കാലം അതു വീണ്ടും തിരുത്തി ഒന്നാമനെക്കൊണ്ടു തന്നെ ഫൂള്‍സ് ക്യാപ് എന്നെഴുതിപ്പിച്ചു തുടങ്ങിയപ്പോള്‍ ആ പാടുകള്‍ അപ്രത്യക്ഷമായിരുന്നു.
സ്വതന്ത്ര മാധ്യമപ്രവർത്തകൻ. ക്യാനഡയിലെ ഒൺടേറിയോയിലെ ബർലിങ്ടനിൽ താമസിക്കുന്നു.