ലേഖനം

തോൽക്കാൻ പഠിക്കണം 

േരളത്തിൽ ഈയടുത്തായി ആവർത്തിക്കപ്പെടുന്ന സ്ത്രീ പീഡനങ്ങളും, പ്രണയ പ്രതികാരങ്ങളും, ഹിംസയുമൊക്കെ ഒരു ചെറിയ വിഭാഗം ആളുകളെയെങ്കിലും ഏറെ വേദനയോടെയും, ഭീതിയോടെയും ചിന്തിപ്പിക്കുന്നുണ്ട്. സാമൂഹിക, രാഷ്ട്രീയ, സാങ്കേതിക കാരണങ്ങൾ വിശകലനം ചെയ്ത് പലരും ഈ പ്രശ്നത്തിന്റെ വേര് തേടാൻ ആത്മാർത്ഥമായി ശ്രമിക്കുന്നുണ്ട്. എനിക്ക് ഈ സംഭവങ്ങളെ, സാമൂഹിക അവസ്ഥയെ മനഃശാസ്ത്രപരമായി വിശകലനം ചെയ്യാനാണിഷ്ടം.

സ്ത്രീയെക്കുറിച്ച് പുരുഷന്റെ ഉള്ളിൽ നിർമിക്കപ്പെട്ടിട്ടുള്ള ധാരണകളും ചിത്രങ്ങളും ഒന്നൊന്നായി പൊളിക്കേണ്ടതുണ്ട്, കെട്ടുപിണഞ്ഞു കിടക്കുന്ന വിശ്വാസങ്ങളും, കാഴ്ചപ്പാടുകളും ഒന്നൊന്നായി ശ്രദ്ധയോടെ അഴിച്ചെടുക്കേണ്ടതുണ്ട്. ഒരാളുടെ മാനസിക വളർച്ചയിൽ, ബോധരൂപീകരണത്തിൽ മാതാപിതാക്കളും, ബന്ധുക്കളും, സുഹൃത്തുക്കളും, വിദ്യാലയങ്ങളും പ്രധാന പങ്കു വഹിക്കുന്നു.

“നീ ഒരാണാണ്” എന്ന് നിരന്തരം ഒരു കുട്ടിയുടെ മനസ്സിലേക്ക് അടിച്ചേൽപ്പിക്കപ്പെടുന്ന സങ്കൽപ്പങ്ങൾ അവന്റെ ഈഗോ (പുരുഷ ഈഗോ) ദൃഢപ്പെടുത്തുന്നതിനുള്ള വളമാണ്. അവനറിയാതെ തന്നെ അവനിൽ “ആൺ-പെൺ” വേർതിരിവ് ഉണ്ടാകുന്നു. ഇത് മെല്ലെ അവനിൽ അധീശത്വഭാവം ഉണ്ടാക്കുന്നു. താൻ പെൺകുട്ടിയുടെ മുന്നിൽ തോൽക്കേണ്ടവനല്ല, തന്നെ ഒഴിവാക്കുന്ന പെൺകുട്ടിയെ ഉപദ്രവിക്കേണ്ടതുണ്ട്, അതിന് പ്രതികാരം ചെയ്യേണ്ടതുണ്ട് തുടങ്ങിയ ചിന്തകളാണ് പലതരം നിന്ദ്യവും, ക്രൂരവുമായ രീതികളിലേക്ക് മനസ്സിനെ പ്രകോപിപ്പിക്കുന്നത്.മാതാപിതാക്കൾക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ഏറ്റവും മുഖ്യമായത് വീട്ടിൽ ലിംഗസമത്വത്തിന്റെ അന്തരീക്ഷം സൃഷ്ടിക്കുക എന്നതാണ്. വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ എല്ലാവരെയും ഒരുപോലെ പങ്കുചേർക്കുക. “പെണ്ണ് ചെയ്യേണ്ടത്” “ആണ് ചെയ്യേണ്ടത്” എന്ന വേർതിരിവുകൾ ഇല്ലാതാക്കുക. അടുക്കള ജോലികളിലും, വസ്ത്രം അലക്കുന്നതിലും തുടങ്ങി വീട്ടിലെ എല്ലാ കാര്യങ്ങളിലും കുട്ടികളെ തുല്യ പങ്കാളികളാക്കുക. അതിനു മുമ്പ് അച്ഛനമ്മമാർ ഇതിനു മാതൃകയാകണം. സമൂഹത്തിലേക്ക് ഇറങ്ങുന്ന ആൺകുട്ടിക്ക് ജീൻസ്‌ ധരിക്കുന്ന പെൺകുട്ടിയെയോ, ബൈക്ക് ഓടിക്കുന്ന പെൺകുട്ടിയെയോ കണ്ടാൽ ഒരു തരത്തിലുള്ള അമ്പരപ്പോ അസ്വസ്ഥതയോ അപ്പോൾ അനുഭവപ്പെടില്ല.

വിദ്യാഭ്യാസസ്ഥാപനങ്ങളുടെ സിലബസുകൾ ലിംഗ സമത്വം, സ്ത്രീയെക്കുറിച്ചും, സമൂഹത്തെക്കുറിച്ചും, ശരീരത്തെക്കുറിച്ചുമുള്ള തെറ്റിദ്ധാരണകളെ തിരുത്തുന്ന പാഠങ്ങൾ, പ്രവർത്തനങ്ങൾ സജീവമായി ഉൾപ്പെടുത്തണം. അത്തരത്തിലുള്ള ടോക്ക് ഷോസും, ചർച്ചകളും, സെമിനാറുകളും, സിനിമകളും അവരിലേക്കെത്തിക്കണം. ആൺ പെൺ സൗഹൃദങ്ങൾ പ്രോത്സാഹിപ്പിക്കണം, മാത്രമല്ല എങ്ങിനെ നല്ല സൗഹൃദം ഉണ്ടാക്കണമെന്നും, കാത്തു സൂക്ഷിക്കണമെന്നും പഠിപ്പിക്കണം. അതേ സമയം പ്രണയം, പ്രണയ പരാജയം എന്നിവ എങ്ങിനെ ആരോഗ്യകരമായി കൈകാര്യം ചെയ്യണമെന്നും ശീലിപ്പിക്കണം. പല വിദ്യാഭ്യാസസ്ഥാപനങ്ങളിലും ഇന്ന് കൗൺസലിങ് ഉണ്ട്. അതില്ലെങ്കിൽ തന്നെ നല്ല അധ്യാപകർക്കും, കൂട്ടുകാർക്കും ഇത്തരത്തിലുള്ള സത്കാര്യം ചെയ്യാൻ കഴിയും.

ഈയടുത്ത് ഞെട്ടിപ്പിച്ച വാർത്തകളിൽ സുപ്രധാനമായവയാണ് പ്രണയം നിരസിക്കപ്പെട്ട പയ്യൻ പെൺകുട്ടിയെ ശാരീരികമായും, മാനസികമായും പീഡിപ്പിക്കുന്നവ. “എന്നെ എങ്ങിനെ അവൾ അവഗണിച്ചു?” എന്ന ചോദ്യം മനസ്സിൽ നിരന്തരം അലയടിക്കുകയും, “ഞാൻ ഒരിക്കലും ഇങ്ങനെ പരാജപ്പെട്ടിട്ടില്ല” എന്നുമൊക്കെയുള്ള അരക്ഷിതാവസ്ഥയാണ് ഒരാളെ ഹിംസയിലേക്ക് നയിക്കുന്നത്. ഇവിടെയാണ് മനഃശാസ്ത്രപരമായ വിശകലനം ആവശ്യമായി വരുന്നത്. ഇവിടെയാണ് മേല്പറഞ്ഞ കാഴ്ചപ്പാടുകളുടെ നിർമിതി നിർണായകമാകുന്നത്. തോൽക്കാൻ കുട്ടികളെ പഠിപ്പിക്കണം. തോൽവിയെ തുറന്ന മനസ്സോടെ സ്വീകരിക്കാൻ, ഒരുപക്ഷെ അതിനെ നോക്കി ഒന്ന് ചിരിക്കാൻ പഠിപ്പിക്കണം. അല്പം അതിശയോക്തി തോന്നിയേക്കാം എങ്കിലും തന്നെ നിരസിച്ച പെൺകുട്ടിക്ക് ഒരു സ്നേഹത്തിന്റെ വാക്ക് നൽകി നിറഞ്ഞ മനസ്സോടെ വഴിമാറി പോകാൻ കഴിയണം. കുട്ടികൾ ജിമ്മിൽ പോകുന്നതോടൊപ്പം മാനസിക പരിശീലനങ്ങളും നേടട്ടെ. മനസ്സെന്ന വിശാലമായ ജിമ്മിൽ ഇരുൾ കയറിയ അതിന്റെ ഓരോ കോണുകളും പ്രകാശിക്കട്ടെ, ശീലങ്ങൾ കൊണ്ടും, വിശ്വാസങ്ങൾ കൊണ്ടും അടിഞ്ഞുകൂടിയ കൊഴുപ്പ് ഇല്ലാതാക്കൂ, മനസ്സിനെ ഫിറ്റ് ആക്കി നിർത്തൂ. ഒരു പെൺകുട്ടി തന്നെ നിരസിക്കുന്നത് ആ വ്യക്തിയുടെ സ്വാതന്ത്ര്യം ആണെന്ന് മനസ്സിലാക്കാനും, അതിനെ ബഹുമാനിക്കാനും, അവളുടെ ശരീരം അവളുടെ സ്വകാര്യതയാണെന്നും പഠിക്കണം. ബന്ധങ്ങൾ ഇല്ലാതാകുമ്പോൾ വേദനകളും, മുറിവുകളും ഉണ്ടാകും പക്ഷെ അതിന് പ്രതികാരം ഒരു പരിഹാരമല്ല, മറിച്ച് അതൊരു ആതുരമായ മനസ്സിന്റെ ലക്ഷണമാണ്. ആൺ ഈഗോ എന്നൊക്കെ പറയുന്നത് ഒരു വ്യക്തിയുടേത് മാത്രമല്ല, അതൊരു സമൂഹത്തിന്റെ പൊതു കാഴ്ചപ്പാടാണ്, എത്രയോ വർഷങ്ങളിലൂടെ, തലമുറകളിലൂടെ കൈമാറിയ ശീലങ്ങളും, വിശ്വാസങ്ങളും, ആചാരങ്ങളും ദൃഢപ്പെടുത്തിയെടുത്ത സ്തംഭം. അതിന്റെ ഓരോ ഇഷ്ടികയും ഇളക്കിയെടുക്കണം. ദേവദാസ് പ്രണയത്തിൽ എല്ലാം നഷ്ടപ്പെട്ടവനാണ്, ഒരു പക്ഷെ നഷ്ടപ്പെടുത്തിയവനാണ്. ഞാൻ ദേവദാസിനെ ഒരു മാതൃകയായി കാണരുത് എന്ന് കർശനമായി പറയും. ദേവദാസ് തനിക്ക് നഷ്ടപ്പെട്ട പെൺകുട്ടിയോട് പ്രതികാരം ചെയ്തില്ല, പക്ഷെ സ്വയം ശിക്ഷിച്ചു. അത് മറ്റേയറ്റമാണ്, പരിഹാരമല്ല. പ്രതികാരം സാഡിസം ആണെങ്കിൽ ദേവദാസിന്റേത് മാസോക്കിസം ആണ്. ഈ രണ്ടു അറ്റങ്ങൾക്കുമിടയിൽ എവിടെയോ ആണ് മനസ്സിന്റെ സന്തുലിതാവസ്ഥ. അത് കണ്ടെത്തലാണ് മാനസിക പരിശീലനം. അതിന് ഒരു കൗൺസലർക്ക് ഒരുപാട് സഹായിക്കാൻ കഴിയും. പക്ഷെ നല്ലൊരു കൗൺസലർക്ക് മാത്രമേ അതിനു കഴിയൂ.നല്ല കൗൺസലർ നല്ല ശ്രോതാവായിരിക്കണം, മാത്രമല്ല മുൻവിധികളില്ലാത്ത കേൾവിക്കാരൻ/ക്കാരി. ഒരു കൗൺസലറുടെ ഉപദേശം നിങ്ങളെ നിത്യജീവിതത്തിലും, വ്യക്തിബന്ധങ്ങളിലും അസ്വാഭാവികമായി പെരുമാറാൻ പ്രേരിപ്പിക്കുന്നുവെങ്കിൽ അത് യഥാർത്ഥ കൗൺസലിംഗ് അല്ല. നിങ്ങൾ യാത്ര ചെയ്യുന്ന വഴിയിൽ ഇരുട്ട് വീണപ്പോൾ അല്പം വെളിച്ചം തന്നു സഹായിക്കുന്ന ആളാണ് യഥാർത്ഥ കൗൺസലർ. അയാൾ നിങ്ങളുടെ വഴി തീരുമാനിക്കുകയല്ല, നിങ്ങളുടെ യാത്രയിലെ വികാരങ്ങളുടെ, ഊർജത്തിന്റെ നിമ്നോന്നതങ്ങളിൽ ഒരു കൈ താങ്ങാകുന്നു എന്ന് മനസ്സിലാക്കുക. നഷ്ടപ്പെടാൻ പഠിക്കുക, തോൽവിയും ജയവും ഒരേപോലെ ജീവിത പാഠപുസ്തകത്തിലെ അധ്യായങ്ങളാണ്.

ആണിനെ നിർമിക്കുന്നത് ഏതു പൊതുധാരണകളുടെ പിശകുകളാണോ അത് തന്നെയാണ് ആണിന്റെയുള്ളിൽ പെണ്ണിനേയും നിർമിക്കുന്നത്. നിങ്ങളുടെ കുട്ടിക്കോ, നിങ്ങൾക്കോ ഏതെങ്കിലും കാരണങ്ങൾ കൊണ്ട് സമൂഹത്തിൽ അവഗണനയോ, വിവേചനമോ നേരിട്ടാൽ നിങ്ങൾക്കെന്തു തോന്നുമോ അതാണ് ഒരു കാരണവുമില്ലാതെ ഒരു ജന്മം മുഴുവൻ പരാതിപ്പെടാതെ, പരിഭവിക്കാതെ അനുഭവിക്കാൻ ഒരു സ്ത്രീയോട് നാം പറയുന്നത്. കർണാടകത്തിലെ ബെല്ലാരി ജില്ലയിൽ ജോലിചെയ്ത കാലത്ത് എൻ എം ഡി സി യുടെ ജനറൽ മാനേജർ ആയിരുന്ന ശ്രീ നന്ദ സാറിൽ നിന്നും ഞാനും എന്റെയൊപ്പം പലരും കണ്ണീരോടെ പ്രചോദനം കൊണ്ടിട്ടുണ്ട്. ഒരു സമൂഹത്തിന്റെ കാഴ്ചപ്പാടിനെ പൊളിച്ചു നിർമിക്കാനുതകുന്ന ജീവിത സന്ദേശം ഭാര്യയുമൊത്തുള്ള അദ്ദേഹത്തിന്റെ പൊതു വേദികളിലേക്കുള്ള വരവിലും പോക്കിലും ഞങ്ങൾ കണ്ടിട്ടുണ്ട്. ബാംഗളൂരിൽ വെച്ചുണ്ടായ ഒരു റോഡപകടത്തിൽ നട്ടെല്ലിന് ക്ഷതം പറ്റിയ അദ്ദേഹത്തിന്റെ ഭാര്യ വീൽ ചെയറിലാണ് ജീവിതം നയിക്കുന്നത്. ഏത് പരിപാടികളിൽ പങ്കെടുക്കുമ്പോഴും കാറിൽ വന്നിറങ്ങിയ ഉടൻ വീൽ ചെയർ പുറത്തെടുത്ത് ഭാര്യയെ സീറ്റിൽ നിന്നും ഒരു കുട്ടിയെപ്പോലെ വാരിയെടുത്ത് വീൽ ചെയറിലിരുത്തി അദ്ദേഹം തള്ളിക്കൊണ്ടു വരുന്ന കാഴ്ച ബൃഹത്തായ സാമൂഹിക-മാനുഷിക സന്ദേശമാണ് നൽകുന്നത്, ഒരു പക്ഷേ ഒരു പ്രസംഗത്തെക്കാളേറെ. ഞാൻ ചെയ്യുന്നത് ഒരു ജോലി അല്ല എന്നും, എന്റെ ഭാര്യ ഒരു വസ്തു അല്ല എന്നും സഹായിക്കാൻ സ്വയം മുന്നോട്ട് വരുന്ന ആരോടും ഒരു ബ്ലേഡിന്റെ മൂർച്ചയുള്ള ശാഠ്യത്തോടെ വേണ്ടാ എന്ന് പറയുന്ന അദ്ദേഹം ആണത്തത്തിന്റെ എല്ലാ ജീർണിച്ച നിർവചനങ്ങളേയും പൊളിച്ചെഴുതുന്നു. ഹെർബൽ ഉത്പന്നങ്ങൾ ഉണ്ടാക്കുന്നതിലൂടെ ഏറെ പ്രശസ്തി നേടിയ ശ്രീമതി സാഗരിക നന്ദ ഞാനൊരു ശരീരം മാത്രമല്ല എന്ന് അഭിമാനത്തോടെ ആതുരമായ ആൺ മനസ്സുകളോട് സംവദിക്കുന്നു.

ഇത്രയൊന്നും വേണ്ട, തിരക്കുള്ള റോഡ് മുറിച്ചു കടക്കുന്ന ഒരു സ്ത്രീയുടെ കണ്ണിലെ ഭീതി നോക്കിയാൽ മതി സർവ കാമഭാവനയും ചാരമാകാൻ.

Comments
Print Friendly, PDF & Email