പൂമുഖം LITERATUREലേഖനം കാനായി കുഞ്ഞിരാമനും യക്ഷിക്കഥയും

കാനായി കുഞ്ഞിരാമനും യക്ഷിക്കഥയും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

kanayi 1

ൊതു ഇടങ്ങളാണ് എന്റെ ഗ്യാലറിയും മ്യൂസിയവും, എന്റെ കാഴ്ചക്കാരാകട്ടെ പൊതുജനങ്ങളും,” കാനായി കുഞ്ഞിരാമൻ പറയുന്നു. കേരളത്തിന്റെ ദൃശ്യമണ്ഡലത്തിൽ വ്യതിരിക്തമായ ശില്പങ്ങൾ കൊണ്ട് അനേകം മാറ്റങ്ങൾ വരുത്തിയ ഒരു ശില്പിയാണ് ഇത് പറയുന്നതെന്നറിയുമ്പോൾ അതിൽ നാം അശേഷം അതിശയോക്തി കാണുന്നില്ല. ഒന്നോർത്തു നോക്കുക, എപ്പോഴാണ് നാം കാനായിയുടെ ചിത്രമോ ശില്പമോ അവസാനമായി ഒരു ഗ്യാലറിയിൽ കണ്ടത്? ഏതു കലാസ്വാദകനും ഈ ചോദ്യത്തിന് മുന്നിൽ ഒന്ന് പരുങ്ങും. വെളുത്ത ചുമരുകളും കൃത്രിമ പ്രകാശവും നിർണ്ണയിക്കുന്ന സവിശേഷമായ ഒരിടമാണ് ഗ്യാലറിയും ഒരു പരിധി വരെ മ്യൂസിയവും. കാനായിയുടെ ശില്പങ്ങളെ ഓർക്കുന്ന ആർക്കും തന്നെ അവയ്ക്കു ചുറ്റും ചുവരുകൾ ഉള്ളതായി കാണാൻ കഴിയുന്നില്ല. കൃത്രിമ പ്രകാശങ്ങളുടെ പൊലിമയിലല്ലല്ലോ ആ ശില്പങ്ങൾ നാം കണ്ടത്. കേരളത്തിന്റെ തീവ്രമായ ചൂടിലും മരങ്ങൾ മുടിയഴിച്ചാടുന്ന മഴയിലും കുളിച്ചു നിൽക്കുകയാണ് അദ്ദേഹത്തിൻറെ ശില്പങ്ങൾ. കലയെക്കുറിച്ചു പ്രാഥമികവും ഒരു പക്ഷെ അഭിജ്ഞർ പ്രാകൃതം എന്നു വിളിയ്ക്കുന്നതും ആയ ബോധം മാത്രമുള്ള ഒരു ജനതയാണ് കാനായിയുടെ ശില്പങ്ങളെ തങ്ങളുടേതെന്ന് അഭിമാനപൂർവം കൊണ്ടാടുന്നത്. പ്രകമ്പനം കൊള്ളിയ്ക്കുന്ന പരസ്യങ്ങളുടെയും കെട്ടുകാഴ്ചകളുടെ പൊലിമയുടെയും അകമ്പടിയോടെ വരുന്ന പല കലാവസ്തുക്കളും വൈതാളികരുടെ വാക്കുകളിലും പത്രങ്ങളുടെ താളുകളിലും ടെലിവിഷൻ പരിപാടികളിലും നവമാധ്യമ ‘ഇഷ്ടങ്ങളിലും’ കുടുങ്ങി താത്കാലികതയുടെ മായികമായ അലാതവലയങ്ങൾ സൃഷ്ടിച്ചു കടന്നു പോകുമ്പോൾ കാനായിയുടെ ശില്പങ്ങൾ മാത്രം വലുതെങ്കിലും, ലാവണ്യബോധത്തിന്റെ ചെറിയ ഓർമ്മപ്പെടുത്തലുകളായി കേരളത്തിൽ അങ്ങോളമിങ്ങോളം സ്ഥിതി ചെയ്യുന്നു. അദ്ദേഹത്തെ ക്യൂറേറ്റ്‌ ചെയ്യാൻ വരുന്നവർക്ക് ശില്പങ്ങളുടെ ചിത്രപ്പകർപ്പുകളിൽ തൃപ്തരാകേണ്ടി വരുമ്പോൾ വണ്ടിയിലും വള്ളത്തിലും വിമാനത്തിലും പോകുന്നവർ കാനായി-ശില്പങ്ങൾ കണ്ടു ഒരു നിമിഷം കണ്ണ് തുറന്നു പിടിക്കുന്നു; അത് മനസ്സ് തുറന്നു പിടിക്കുന്നു. അടുത്ത നിമിഷം ആ കാഴ്ചയെ അവർ ഫോൺ ക്യാമറകളിൽ പകർത്തുന്നു.
 
കേരളത്തിന്റെ പരിസരത്തിൽ നിന്ന് കൊണ്ട് സംസാരിച്ചാൽ, ഒരു മലയാളി ഏറ്റവും അധികം അവരുടേതാക്കിയ കലാവസ്തുക്കൾ ഏതെന്നു ചോദിച്ചാൽ അതിനുത്തരം രാജാ രവിവർമ്മയുടെ ചിത്രങ്ങളും കാനായിയുടെ ശില്പങ്ങളും ആണെന്ന് പറയും. ക്യാമറകളിൽ നിന്ന് കംപ്യൂട്ടറുകളിലേയ്ക്കും സാമൂഹിക മാധ്യമങ്ങളിലേയ്ക്കും ആ ചിത്ര-ശില്പങ്ങൾ ഛായകളായി പടർന്നു കൊണ്ടിരിക്കുന്നു. സിനിമ, സീരിയൽ, സ്വകാര്യ വീഡിയോ, ടൂറിസം പ്രോത്സാഹന പരസ്യങ്ങൾ തുടങ്ങി ഒട്ടനവധി ഇന്റർഫേസ്-കളിലൂടെ കാനായിയുടെ ശില്പങ്ങൾ ലാവണ്യപ്രസരണമായി കേരളത്തിന്റെ കലാബോധത്തിൽ പടരുന്നു. അത് കൊണ്ടാണ് തന്റെ ക്യൂറേറ്റർമാർ ജനങ്ങളാണ് എന്ന് കാനായി പറയുന്നത്. കല അർഥം അന്വേഷിക്കുകയും ആശയപരമായി മാത്രം സംവദിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന വർത്തമാന കാലയളവിലും, എല്ലാ ഇൻസ്റ്റലേഷൻ കലകളെയും നിഷ്പ്രഭമാക്കിക്കൊണ്ടു കാനായിയുടെ ശില്പങ്ങൾ സമൂഹമധ്യത്തിൽ നിൽക്കുന്നു. “ഇൻസ്റ്റലേഷൻ കല എന്ന് പറയുന്നതിൽത്തന്നെ ഒരു പിശകുണ്ട്,” കാനായി പറയുന്നു “പ്രതിഷ്ഠാപനം എന്ന അർത്ഥത്തിൽ ആണ് ഇൻസ്റ്റലേഷൻ എന്ന വാക്ക് ആദ്യമായി പാശ്ചാത്യ കലാരംഗത്ത് ഉപയോഗിച്ചിരുന്നത്. അത് ഒരു കലാ മാധ്യമമോ, ലാവണ്യ രീതിയോ ഒരു പ്രസ്ഥാനമോ ആയിരുന്നില്ല. ഒരാൾ ഇപ്പോൾ ക്യൂബിസം ആണ്, അല്ലെങ്കിൽ സർറിയലിസം ആണ് ചെയ്യുന്നത് എന്ന് പറഞ്ഞാൽ നമുക്ക് മനസ്സിലാകും. പക്ഷെ ഇൻസ്റ്റലേഷൻ ചെയ്യുക എന്ന് പറയുന്നത് ഒരു ക്രിയയെ ശക്തി പ്രയോഗിച്ചു നാമം ആക്കുന്നത് പോലെയാണ്. ഒരു പെയിന്റിംഗ് തൂക്കിയിടുക എന്നതും ഇൻസ്റ്റലേഷൻ ആണ്. പക്ഷെ ഇന്ന് വലിയൊരു ശതമാനം ആളുകൾ ഇതിനെ ഒരു കലാപ്രസ്ഥാനമായി തെറ്റിദ്ധരിച്ചിരിക്കുന്നു,” കാനായി ചൂണ്ടിക്കാട്ടുന്നു.
 
ഖസാക്കിന് ഭൂമികയായ പാലക്കാട്ടെ തസറാക്കിൽ ഓ.വി.വിജയൻറെ അനശ്വര നോവലിനെ ആസ്പദമാക്കി ഏതാനും കലാകാരന്മാർ കരിങ്കല്ലിൽ നടത്തിയ ശില്പപരാവർത്തനങ്ങൾ കേരളം ആഘോഷിക്കുന്ന വേളയിലാണ് ഞാൻ കാനായിയെ തിരുവനന്തപുരത്തുള്ള അദ്ദേഹത്തിന്റെ ‘വസതി’യിൽ സന്ദർശിക്കുന്നത്. ഖസാക്ക് എഴുതപ്പെട്ടിട്ടു 2019-ൽ അമ്പതു വർഷം തികയും. കാനായിയുടെ യക്ഷിയ്ക്കും അപ്പോൾ അമ്പത് വയസ്സാകും. ചില നിയോഗങ്ങൾ പോലെ ചരിത്രത്തിൽ പല കാര്യങ്ങളും ഇരട്ടകളായി സംഭവിക്കുന്നു; ഡാവിഞ്ചിയുടെ ഒപ്പം മൈക്കൽ അന്ജെലോയും കാലം പങ്കിട്ടു, തസറാക്കിൽ വിജയൻ ഖസാക്ക് കൊത്തിയെടുക്കുമ്പോൾ, തൊട്ടടുത്തു മലമ്പുഴയിൽ കാനായി യക്ഷിയെ രൂപപ്പെടുത്തിഎടുക്കുകയായിരുന്നു. പരസ്പരം കാണാതെ രണ്ടു പ്രതിഭകൾ അവരവരുടെ സൃഷ്ടികർമ്മങ്ങളിൽ വ്യാപൃതരായി കഴിഞ്ഞു. തമ്മിൽ കണ്ടു മുട്ടിയപ്പോഴേയ്ക്കും അവരുടെ കൃതികൾ അവരെ ഇമ്മിണി ബല്യ ആളുകൾ ആക്കിക്കഴിഞ്ഞിരുന്നു. തിരുവനന്തപുരത്തു വെച്ചാണ് കാനായി വിജയനെ കാണുന്നത്. വിജയൻ ഇങ്ങനെ പറഞ്ഞതായി കാനായി ഓർക്കുന്നു: “ശില്പമായി യക്ഷിയെ കൊത്തിയപ്പോൾ നിങ്ങൾക്ക് എതിർപ്പ് ഇത്രയല്ലേ നേരിടേണ്ടി വന്നുള്ളൂ. സാഹിത്യത്തിൽ ഞാനിതു ചെയ്തിരുന്നെങ്കിൽ അവർ എന്നെ വെറുതെ വിടില്ലായിരുന്നു.” പക്ഷെ കാനായി സദാചാരപ്പോലീസിന്റെ പ്രാഗ്‌രൂപങ്ങളെ മറ്റു ശില്പങ്ങൾ കൊണ്ട് നേരിട്ടുവെങ്കിൽ, വിജയൻ തന്റെ ധർമ്മപുരാണത്തിലൂടെ സദാചാര പ്രത്യയശാസ്ത്രങ്ങളെയെല്ലാം പൊളിച്ചെഴുതി. ആ കാലത്തെ ഒരു മാപിനിയായി പിടിച്ചു നോക്കുമ്പോഴാണ് പിന്നീടുണ്ടായവയൊക്കെയെയും കതിരിൽ പതിരെന്നത് പോലെ മാത്രമായത്. വിജയൻറെ സ്നേഹമസൃണവും സൗമ്യവും പ്രശംസാപരവുമായ പ്രതികരണം അതിന്റെ പേലവത്വത്തോടെ ഓർത്തെടുക്കുമ്പോൾത്തന്നെ കാനായിയുടെ മനസ്സിൽ ‘യക്ഷി’യുടെ നിർമ്മാണകാലം ഇരച്ചു കടന്നു വരികയാണ്.
 
അന്ന് ബിലാത്തിയിൽ പോകുക എന്നാണു ബ്രിട്ടനിൽ പോകുന്നതിനു പറയുന്നത്. ഇന്നത്തെപ്പോലെ ആളുകൾ ഉലകം ചുറ്റുന്ന കാലമല്ല ആയിരത്തിതൊള്ളായിരത്തി അറുപതുകളുടെ മറുപകുതി. മദ്രാസ് കോളേജിൽ നിന്ന് ശില്പകലയിൽ ബിരുദം നേടി ബിലാത്തിയിൽ സ്ലെഡ് സ്കൂളിൽ ഉപരിപഠനം നടത്താനുള്ള സ്‌കോളർഷിപ്പും ലഭിച്ചു. കുഞ്ഞിരാമൻ ബിലാത്തിയിൽ പോകുന്ന കാര്യം നാടൊട്ടുക്കും അറിഞ്ഞു. പത്രങ്ങൾ എഴുതി. സുഹൃത്തുക്കൾ ആഘോഷിച്ചു. സ്ലെഡ് സ്കൂളിൽ റെഗ്‌ ബട്ലർ എന്ന പ്രമുഖ ശില്പിയുടെ കീഴിൽ പഠനം. അന്നത്തെ ശില്പകലാ ഭീമന്മാർ ആയിരുന്ന നാം ഗാബോ, ഹെൻറി മൂർ, ബാർബറ ഹെപ്വർത്ത് എന്നിവരുമായി ഇടപഴകാനുള്ള അവസരവും കിട്ടി. വലിയ കലാകാരന്മാരുടെ കീഴിൽ തൊഴിൽ പരിശീലിക്കുക എന്നത് മനസ്സിൽ വെച്ചുകൊണ്ടാകണം കുഞ്ഞിരാമൻ താനും കൂടി ഒന്ന് സഹായിയായി കൂടിക്കോട്ടെ എന്ന് ബാർബറാ ഹെപ്വർത്തിനോട് ചോദിച്ചത്. “സഹായിയോ? എന്നെ സഹായിക്കാൻ ഇവിടെ വേറെ പണിക്കാരുണ്ടല്ലോ. കല്ല് ചെത്താൻ അതറിയാവുന്നവർ, കൊത്താൻ അതറിയാവുന്നവർ. അതിനു ഒരു കലാകാരൻ എന്നെ സഹായിക്കണം എന്നില്ല. നല്ല ഒരു കലാകാരൻ ആകാൻ ആരുടേയും കീഴിൽ പരിശീലിക്കേണ്ടതില്ല,” ഹെപ്വർത്ത് പറഞ്ഞു. അതൊരു വെളിപാടായിരുന്നു കുഞ്ഞിരാമന്. കലാകാരന് സഹായികൾ വേണം, പക്ഷെ അത് കല ചെയ്തു കൊടുക്കാനല്ല, നേരെ മറിച്ച് തനിയ്ക്ക് വേണ്ട സഹായങ്ങൾ ചെയ്തു തരാൻ മാത്രം. ഇക്കഥ വർത്തമാനകാലവുമായി ഒന്ന് കൂട്ടി വായിച്ചു നോക്കിയാൽ ഞെട്ടിപ്പോകും. പല ഇൻസ്റ്റലേഷൻ കലാകാരന്മാരും തങ്ങളുടെ കല കാണുന്നത് തന്നെ അത് ഫാക്ടറിയിൽ നിന്ന് നേരെ എക്സിബിഷൻ ഹാളിൽ എത്തുമ്പോഴാണ്. കാനായിയുടെ വർത്തമാനകാല പ്രസക്തി എന്നതും അത് തന്നെ. ശിൽപം സ്വയം ചെയ്യുകയും അതിന്റെ സാക്ഷാത്കാരത്തിന് മാത്രം കലാകാരന്മാർ അല്ലാത്ത തൊഴിലാളികളുടെ സഹായം തേടുകയും ചെയ്യുക മാത്രമാണ് അദ്ദേഹം ചെയ്യുന്നത്. അതാണ് ശരിയായ രീതിയും.
yakshi-statue
യക്ഷിയുടെ കഥയിൽ അഥവാ ഈ യക്ഷിക്കഥയിൽ പക്ഷെ കാനായി പ്രത്യക്ഷപ്പെടുന്നത് ഒരു തൊഴിലാളി ആയിട്ടാണ്. വിദേശ പഠനം കഴിഞ്ഞു എന്ന പ്രശസ്തിയുമായി തിരികെ വന്നു നിൽക്കുമ്പോഴാണ് മലമ്പുഴ അണക്കെട്ടിന് മുന്നിലുള്ള ഉദ്യാനത്തിൽ ശില്പങ്ങൾ നിർമ്മിക്കുകയും അണക്കെട്ടും പരിസരവും ആളുകളെ ആകർഷിക്കുന്ന തരത്തിൽ ആകണമെന്നും ഉള്ള ഒരു തീരുമാനം ഔദ്യോഗിക തലത്തിൽ ഉണ്ടാകുന്നത്. ആ ശില്പങ്ങൾ നിർമ്മിക്കുന്നതിന് എന്ത് കൊണ്ടും യോഗ്യൻ കാനായി ആണെന്ന് തന്നെ അധികാരികളും എൻജിനീയറും തീർച്ചപ്പെടുത്തി. വലിയൊരു ശിൽപം ചെയ്യണം എന്ന് ഉദ്ദേശിച്ചു തന്നെയാണ് കാനായി അവിടെ എത്തിയത്. പക്ഷെ ആദ്യത്തെ രണ്ടു മാസത്തോളം ചെയ്യേണ്ടത് എന്തെന്ന തീരുമാനം എടുക്കാനാകാതെ സ്കെച്ചുകളും വരപ്പുകളുമായി അങ്ങിനെ കടന്നു പോയി. ഒടുവിൽ കാനായി ഒരു കാര്യം തിരിച്ചറിഞ്ഞു; താൻ ചെയ്യുന്നത് ഒരു യക്ഷിയെയാണ്. അണക്കെട്ടിന് അതിനായി നിൽക്കുന്ന രണ്ടു മലകളുടെ പുത്രിയായ യക്ഷി. കേരളത്തിന്റെ മാർഗിയും ദേശിയും ആയ വിവരണ പാഠങ്ങളിൽ പ്രലോഭനത്തിന്റെയും പ്രതികാരത്തിന്റെയും മൂർത്തിയായിരിക്കുന്ന പ്രകൃതീ ദേവി. അവളെ എല്ലാവരും ആരാധിക്കുന്നു, ക്ഷേത്രങ്ങളിൽ; കാമിയ്ക്കുന്നു, ചിത്രങ്ങളിലും സാഹിത്യത്തിലും, ഭയക്കുന്നു, പനകൾ നിറഞ്ഞ വഴികളിലും കാവുകളിലും. ഇവയ്‌ക്കെല്ലാം അതീതമായി, സങ്കൽപ്പത്തിലെ ഭീമരൂപിണിയായി അവളെ ഈ സാഹചര്യങ്ങളിൽ നിന്നെല്ലാം പുറത്തു കൊണ്ടുവന്നാൽ എന്തായിരിക്കും സംഭവിക്കുക? പലതും സംഭവിക്കും എന്ന് കാനായിക്ക് അറിയാമായിരുന്നു. അത് അറിഞ്ഞു കൊണ്ട് തന്നെ അതിന്റെ സ്കെച്ച് തയാറാക്കി.
 
സ്കെച്ച് കണ്ട എഞ്ചിനീയർ ഞെട്ടിയില്ല. വലുപ്പം പറഞ്ഞിട്ടും ഞെട്ടിയില്ല. പക്ഷെ അദ്ദേഹത്തിൻറെ ഉത്തരം കാണായിയെ ഞെട്ടിച്ചു: ഫണ്ടില്ല. “ഈ ശിൽപം ഉണ്ടാക്കാനുള്ള ഫണ്ട് തന്നാൽ മതി. എനിയ്ക്കൊന്നും വേണ്ട,” കാനായി പറഞ്ഞു. കേരളത്തെയെന്നല്ല ലോകത്തെ മുഴുവൻ പാലക്കാട്ടേക്ക് കൊണ്ട് വരാനുള്ള ഊർജവുമായി നിന്ന ആ യുവ ശിൽപിയ്ക്കു പണം എന്നത് ഒരു സാധ്യതയോ തടസ്സമോ ആയി തോന്നിയില്ല. ചില സുമനസ്സുകളുടെ ഇടപെടൽ കൊണ്ട് പണം അനുവദിക്കപ്പെട്ടു. പക്ഷെ പണം മാത്രം പോരല്ലോ ഇത്രയും കൂറ്റനായി ഒരു ശിൽപം ചെയ്യാൻ. തൊഴിലാളികൾ വേണം. ബാർബറാ ഹെപ്വർത്ത് പറഞ്ഞത് ഓർത്തു. അണക്കെട്ടിൽ പണിയെടുക്കുന്ന കുറെ തൊഴിലാളികളെ സഹായത്തിനായി നൽകാം എന്ന് അധികൃതർ ഏറ്റു. പക്ഷെ ഒരു പ്രശ്നം. ” എനിയ്ക്കു പ്രത്യേകിച്ച് ശിൽപം കമ്മീഷൻ ചെയ്തതായി രേഖകൾ ഇല്ല. ഒരു ജോലി വകുപ്പ് എന്നെ ഏൽപ്പിക്കുന്നു. അപ്പോൾ എന്നെ ആരായി പരിഗണിക്കും? അങ്ങിനെയാണ് ഞാൻ ഒപ്പം സഹായികളായി വന്ന പണിക്കാരുടെ പേരുകളിൽ ഒരാളായി രേഖകളിൽ ചേർക്കപ്പെട്ടത്. അങ്ങിനെ ലഡ്ജറിൽ പേരെഴുതിയാലേ വൈകീട്ട് കൂലി കിട്ടൂ. അത് ഞാൻ സമ്മതിച്ചു. പക്ഷെ, തുടർന്നുള്ള രണ്ടു കോളങ്ങളിൽ വീട്ടു പേരും അച്ഛന്റെ പേരും എഴുതണമായിരുന്നു. അത് ഞാൻ സമ്മതിച്ചില്ല. നാടിനെ വിറപ്പിക്കുന്ന അച്ഛന്റെ മകൻ മലമ്പുഴയിൽ കൂലിപ്പണി ചെയ്യുന്നു എന്ന് വരേണ്ട എന്ന് ഞാൻ കരുതി,” കാനായി ചിരിക്കുന്നു. ഞാൻ എന്ന ബോധം കലാകാരന്റെ കണ്ണ് മഞ്ഞളിപ്പിയ്ക്കുന്ന ഈ കാലത്ത് ഈയൊരു സംഭവത്തിന്റെ പുനരെഴുത്തു വായനക്കാരായ കലാകാരന്മാരെ സഹായിക്കും എന്ന് ഞാൻ കരുതുന്നു. കല ചെയ്യുക എന്നത് മാത്രം ലക്ഷ്യമാകുമ്പോൾ, കലാകാരൻ എന്ന ഒറ്റയാളിന്റെ അഹന്തയ്ക്കു പ്രസക്തിയില്ലാതാകുന്നു എന്നാണീ കാനായി-കഥ നൽകുന്ന പാഠം.
 
 
ശില്പത്തിന്റെ രൂപം എന്താണ് എന്ന് വെളിപ്പെട്ടപ്പോൾ ചിലയിടത്ത് നിന്ന് മുറുമുറുപ്പുകൾ ഉണ്ടായിത്തുടങ്ങി. പക്ഷെ ആർമേച്ചർ കെട്ടിത്തീർന്നപ്പോൾ ഒരു കാര്യം മനസ്സിലായി; ഇനി പണി തുടരാനുള്ള ചരലും സിമന്റുമൊന്നും അധികൃതർ തരില്ല. എന്തോ വകുപ്പ് പ്രശ്നങ്ങൾ. അങ്ങിനെ ഒന്നാം ഘട്ട പണി പാതിയാക്കി കാനായി ജന്മനാട്ടിലേക്ക് വണ്ടി കയറി. ഇത് കേൾക്കുമ്പോൾ നമുക്കോർമ്മ വരുന്നത് 1930 കളിൽ ശാന്തിനികേതനിൽ രാം കിങ്കർ ബെയ്ജ് എന്ന കലാകാരൻ അദ്ദേഹത്തിൻറെ മാസ്റ്റർപീസ് എന്ന് പറയാവുന്ന സാന്താൾ ഫാമിലി, മിൽ കാൾ എന്നീ ശില്പങ്ങൾ നിർമ്മിച്ച കഥയാണ്. ചില സന്ദർഭങ്ങളിൽ ചരിത്രത്തെ കഥയെന്നു പറയുകയാവും ഉചിതം, അപ്പോൾ നമുക്ക് ആ സന്ദര്ഭത്തിനോട് കുറേക്കൂടി അടുപ്പം തോന്നും. കലാഭവൻ എന്ന വിദ്യാകേന്ദ്ര പരിസരത്തു തന്നെ ശില്പങ്ങൾ നിർമ്മിക്കാൻ ബെയ്ജിന് അനുമതി ലഭിച്ചു. ശിൽപം ചെയ്തു തുടങ്ങിയപ്പോൾ അറിയുന്നു, സിമന്റും ചരലും അധികൃതർ നൽകുന്നില്ല. അവയ്‌ക്കൊക്കെ റേഷനാണപ്പോൾ. പക്ഷെ അതിൽ തളരാത്ത രാം കിങ്കർ ബെയ്ജ് കിട്ടിയ സിമന്റു കൊണ്ട് മണ്ണും, കളിമണ്ണും, ചരലും ഒക്കെ ചേർത്തു ശിൽപം പൂർത്തിയാക്കി. ഇന്ത്യൻ കലാചരിത്രത്തിലെ നാഴികക്കല്ലുകളായി ആ ശില്പങ്ങൾ മാറി. ബെയ്ജിന്റെ കാലത്തിനും നാലോളം ദശകങ്ങൾക്ക് ശേഷവും കലാകാരനോട് അധികാരി വർഗ്ഗത്തിന്റെ സമീപനം മാറിയില്ല എന്ന് തന്നെയാണ് കാനായിയുടെ കഥയും വ്യക്തമാക്കുന്നത്. ഏതാനും മാസങ്ങൾക്കു ശേഷം കാനായിയെ അവർ തിരികെ വിളിച്ചു. അങ്ങിനെ ശില്പവും പൂർത്തിയായി.
 
ശിൽപം പൂർത്തിയായതോടെ അധികൃതരുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കപ്പെട്ടെങ്കിലും കേരളത്തിലെ അന്നത്തെ സദാചാരവും ബോധം ‘യക്ഷി’ യെ ചോദ്യം ചെയ്തു തുടങ്ങി. ശിൽപം നാട്ടിന് സമർപ്പിക്കുന്നതിന് ഏതാനും ആഴ്ചകൾക്കു മുൻപ് കാനായിയെ ചില പ്രാദേശിക സദാചാര വാദികൾ രാത്രി വഴിയിൽ പിടിച്ചു നിറുത്തി. ശിൽപം വേണോ ജീവൻ വേണോ എന്നായിരുന്നു അവരുടെ ചോദ്യം. രണ്ടും വേണമെന്നും രണ്ടും കൊണ്ട് പോകും എന്നും ഉറപ്പുണ്ടായ കാനായി അവരെ നേരിട്ടു. കുറെ ഉപദ്രവിക്കാൻ ശ്രമിച്ചുവെങ്കിലും അവർ പിന്നീട് മടങ്ങിപ്പോയി. കേരളത്തിലെ ബുദ്ധിജീവി സമൂഹം കാനായിക്കൊപ്പം നിന്നു. അധികൃതരാകട്ടെ, ശില്പത്തിന് ഇപ്പോൾ തുണിയില്ലെങ്കിലും പിന്നീട് അതിന്റെ തുണിയുടുപ്പിക്കും എന്ന് നാട്ടുകാർക്കും സദാചാരപ്പോലീസിനും ഉറപ്പു കൊടുത്ത്. യക്ഷിയുടെ നഗ്നത എന്ന വിഷയം പല തരത്തിൽ സമൂഹത്തിൽ വ്യാഖ്യാനിക്കപ്പെടാൻ തുടങ്ങി. എന്നാൽ കാനായി എല്ലാ പ്രശ്നത്തെയും സദാചാരമായി ചുരുക്കുന്നതിൽ തനിക്കുള്ള അപ്രീതി വ്യക്തമാക്കുന്നതിനോടൊപ്പം തന്നെ, എന്ത് കൊണ്ടാണ് ഈയൊരു ശിൽപം താൻ നിർമ്മിച്ചത് എന്ന് പൊതു മണ്ഡലത്തിന് വിവരിച്ചു കൊടുത്തു .”ന്യൂനീകരണം, സ്ഥൂലീകരണം എന്നിവ കലയ്ക്കു സ്വാഭാവികമാണ്. ഇവ രണ്ടും കാലാവസ്തുവിനെ വസ്തുനിഷ്ഠതയിൽ നിന്ന് മാറ്റി ആത്മനിഷ്ഠമാക്കുന്നു. അങ്ങിനെ കലയിലൂടെ ആത്മനിഷ്ഠമാക്കപ്പെട്ട രൂപം ഒരു സവിശേഷ സന്ദർഭത്തിൽ ആരാധനാ മൂർത്തിയായും മറ്റൊരു സവിശേഷ സന്ദർഭത്തിൽ ആസ്വാദനാ മൂർത്തിയായും മാറുന്നു. ഒന്നിന് രണ്ടിടത്ത് വരുന്ന മാറ്റം എന്ത് എന്ന് വ്യക്തമാക്കാൻ ഞാനീ ശിൽപം ഉപയോഗിച്ചു. ആരാധനയ്ക്കു അതിരുകൾ വേണം, ആസ്വാദനത്തിനു അതിരുകൾ ഇല്ല. അതിനാൽ അതിരുകൾ മാറ്റിക്കൊടുത്തു ജനങ്ങൾക്ക് മൂർത്തിയെ നേരിട്ട് നൽകുമ്പോൾ അത് കലാസ്വാദനമാകുന്നു. യക്ഷിയിലൂടെ ഞാൻ ചെയ്യാൻ ശ്രമിച്ചത് ഈ രണ്ടു ഇടങ്ങൾ തമ്മിലുള്ള വ്യത്യാസം ഒരു ശില്പത്തിന്റെയും അണക്കെട്ടിന്റെയും സന്ദർഭത്തിൽ വ്യക്തമാക്കാനായിരുന്നു. വലുപ്പം വർദ്ധിക്കുന്തോറും വ്യക്തിസാത്മ്യങ്ങൾ മാറി അതൊരു മനോഭാവനയിലേയ്ക്ക് പോകുന്നു. അങ്ങിനെ പോകാൻ കഴിയാതെ വരുമ്പോഴാണ് നമ്മൾ കലയെ സദാചാരവുമായി ബന്ധിപ്പിക്കാൻ ശ്രമിക്കുന്നത്,” കാനായി പറയുന്നു.
 
ഇന്നും മലമ്പുഴയിൽ യക്ഷിയുടെ മുന്നിൽ ജനങ്ങളുടെ മുഖത്തു നാണം പൂക്കാറുണ്ട്. പക്ഷെ അവർക്കെല്ലാം അറിയാം, ഇതൊരു ശില്പമാണ്, ഇത് കാണേണ്ടതാണ്. ഇത് മനോഭാവനയാണ്. അതിനാൽ അവർ അതിനെ സ്വന്തം മൊബൈൽ ഫോണുകളിൽ പകർത്തുന്നു. എന്നാൽ ശില്പത്തിന് മുന്നിലെത്തുന്ന കുട്ടികൾക്ക് മാത്രം നാണം അശേഷം ഇല്ല. അവർ കാണുന്നത് ശില്പത്തിന്റെ വലുപ്പവും അവർ അറിയുന്ന ‘അമ്മ രൂപത്തിന്റെ ശക്തിയും ആണ്. കാലം കാനായിയെ മനസ്സിലാക്കിയത് പോലെ, കാനായി കാലത്തെയും മനസ്സിലാക്കിയിരിക്കുന്നു. കലാ വസ്തുവിന്റെ വലുപ്പത്തിലൂന്നി ഇപ്പോൾ നടത്തുന്ന കേട്ട് കാഴ്ചകൾ കാനായിയിൽ ചിരി ഉണർത്തുന്നു. “ഇൻസ്റ്റലേഷൻ എന്ന വാക്ക് ഒരിക്കലും ഉപയോഗിക്കാതെ പ്രതിഷ്ഠാപനത്തിന്റെ സാധ്യതകൾ തുടക്കം മുതൽ അന്വേഷിക്കുന്ന ഒരു കലാകാരനാണ് ഞാൻ. അത് കൊണ്ട് തന്നെ ഇൻസ്റ്റലേഷൻ ഇത്രയും ഒച്ചപ്പാടുണ്ടാക്കുമ്പോൾ അതിനു കാരണമായവരുടെ അറിവില്ലായ്മയെ ആണ് ഓർത്ത് പോകുന്നത്,” കാനായി പറയുന്നു. മുക്കോലപ്പെരുമാൾ മുതൽ മത്സ്യകന്യക വരെയും, ഉർവ്വരത മുതൽ അലസ ശയനം വരെയും കാനായി സന്ദര്ഭങ്ങളുടെയും രൂപങ്ങളുടെയും പ്രതിഷ്ഠാപനങ്ങൾ തന്നെയാണ് നടത്തിപ്പോരുന്നത്. യക്ഷി എന്ന ശിൽപം കേരളത്തിന്റെ രസനയെ ഉടച്ചു വാർത്തു. കാനായി എന്ന ശില്പി എന്താണ് ചെയ്യുന്നത് എന്ന് കേരളം കൗതുകപൂർവ്വം കണ്ടു നിന്ന്. കാനായിയുടെ ശില്പങ്ങളുടെ മേൽ പിന്നീടൊരിക്കലും അശ്ലീലം എന്ന ആരോപണം ആരും വാരിയെറിഞ്ഞില്ല. പൊതു ജനങ്ങൾക്ക് വേണ്ടി പൊതു ഇടങ്ങളിൽ കല ചെയ്യുന്ന ഒരു കലാകാരൻ നമുക്കിടയിൽ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്നത് ലോകത്തിനു തന്നെ അത്ഭുതം ആകേണ്ടതാണ്. കേരളത്തിൽ ആദ്യ ശിൽപം ചെയ്യുമ്പോൾ കാനായി കൂലിക്കാർക്കൊപ്പം മറ്റൊരു കൂലിക്കാരനായാണ് നിന്നതു. അത് കൊണ്ട് തന്നെയാകാം, തന്റെ കല പണമുണ്ടാക്കാൻ വേണ്ടിയല്ല എന്ന തീരുമാനം തുടക്കത്തിൽത്തന്നെ അദ്ദേഹം എടുത്തത്. ഈ ഭൂമിയിൽ ഒരു തുണ്ടു പുരയിടമോ സ്വന്തമായി ഒരു വീടോ പാടില്ലെന്ന തീരുമാനം കാനായി എടുത്തു. അതിപ്പോഴും, ഈ എൺപതാമത്തെ വയസ്സിലും അദ്ദേഹത്തിന് പാലിക്കാൻ കഴിഞ്ഞിരിക്കുന്നു.
Comments
Print Friendly, PDF & Email

You may also like