ഇടവഴികള്‍ക്കരികിലെ
വാകമരങ്ങള്‍
പൂക്കുമ്പോള്‍
ഹൃദയത്തിലേക്കും ചുവപ്പ്
പടരുന്നെന്ന് പറഞ്ഞ
ഒരു പെണ്‍കുട്ടി
ഏതോ നഗരത്തില്‍
മുഷിഞ്ഞ ഹോസ്റ്റല്‍ മുറിയില്‍
തനിച്ചു കഴിയുന്നുണ്ടാകണം.
മദ്യശാലയിലെ
അരണ്ട വെളിച്ചങ്ങള്‍ക്കു മീതെ
പുളിച്ച വാക്കുകളാല്‍
പ്രണയത്തിന്റെ ഒച്ച
ഞാനവളെ
കേള്‍പ്പിക്കാന്‍ ശ്രമിക്കും.
ആ ലഹരിയില്‍
എന്റെ കണ്ണുകളില്‍ നിന്നവള്‍
ഇറങ്ങിപ്പോകട്ടെയെന്ന്
എത്ര വിചാരിച്ചിട്ടുമെന്തേ…
ഞങ്ങളാകാശ
പന്തലിന്‍ചോട്ടില്‍
കിനാപൂമരക്കൊമ്പത്ത്
നഷ്ടക്കൂടുകളില്‍
സ്വപ്നങ്ങള്‍ക്കും
പ്രണയങ്ങള്‍ക്കും
അടയിരിക്കുന്ന
ഏകാകികള്‍.
Comments
പാലക്കാട് ജില്ലയിലെ കൂറ്റനാട് സ്വദേശി. നാല് കവിതാ സമാഹാരങ്ങള്‍ പ്രസിദ്ധീകരിച്ചു. പാരമ്പര്യ തൊഴിലായ മരപ്പണിയെടുത്ത് ജീവിക്കുന്നു.