പൂമുഖം LITERATUREലേഖനം വ്യാജ രാഷ്ട്രീയകലാകാരന്മാരുടെ കാലത്തു ദേശീയ പുരസ്‌കാരങ്ങളുടെ പ്രസക്തി

വ്യാജ രാഷ്ട്രീയകലാകാരന്മാരുടെ കാലത്തു ദേശീയ പുരസ്‌കാരങ്ങളുടെ പ്രസക്തി

 

േശീയ ലളിത കലാ അക്കാദമിയുടെ പുരസ്‌കാരങ്ങൾക്ക് അർഹരായ അഖിൽ മോഹനെയും സജീഷ് പി എ യെയും ആദരിക്കാനായി ആർ എൽ വി കോളേജിലെ ഫൈൻ ആർട്സ് വിഭാഗം വിളിച്ചു ചേർത്ത ഈ യോഗത്തിൽ മുഖ്യപ്രഭാഷകനായി എന്നെ ക്ഷണിച്ച ഇതിന്റെ സംഘാടകർക്ക്‌ നന്ദി പറഞ്ഞു കൊള്ളട്ടെ. ഈ രണ്ടു പുരസ്‌കാര ജേതാക്കളും ആർ എൽ വി കോളേജിലെ തന്നെ മുൻവിദ്യാർത്ഥികൾ ആണെന്ന കാര്യവും അവരെ ആദരിക്കാൻ കോളേജ് അധികൃതർ തയാറായി എന്ന കാര്യവും പ്രത്യേകം പരാമർശം അർഹിക്കുന്നു കാരണം കെട്ടുകാഴ്ചകളുടെയും കലാ മാമാങ്കങ്ങളുടെയും ഈ നാളുകളിൽ ദേശീയ പുരസ്‌കാരലാഭം എന്നതിന് വളരെ വലിയ പ്രാധാന്യം ഒന്നും ആരും കൊടുക്കാൻ വഴിയില്ല. ഇപ്പോഴും ആളുകളിൽ ഏറെപ്പങ്കും കരുതുന്നത് അധികാരികളുടെയും ജൂറികളുടെയും കാലു നക്കുകയും കാക്കപിടുത്തം നടത്തുകയും ചെയ്യുന്നവർക്ക് മാത്രമേ ദേശീയ പുരസ്‌കാരങ്ങൾ ലഭിക്കൂ എന്നാണു. ഈ കാഴ്ചപ്പാടിനെ കുറിച്ച് ഞാൻ പ്രഭാഷണത്തിനിടെ കൂടുതൽ വിശദീകരിക്കാം.

johny 1ഒരു തരത്തിൽ പറഞ്ഞാൽ അഖിൽ മോഹനും സജീഷും ഭാഗ്യവാന്മാരാണ്. അവരുടെ പുരസ്‌കാര ലാഭ വാർത്ത ചുരുങ്ങിയ പക്ഷം പ്രാദേശിക പത്രങ്ങളിൽ ചിലരെങ്കിലും പ്രസിദ്ധീകരിച്ചു. ദേശീയ പത്രങ്ങൾ എന്ന് സ്വയം പുകഴ്ത്തുന്ന ഇംഗ്ലീഷ് ഭാഷയിലെ പല പത്രങ്ങളും ഇത്തരം ഒരു സംഭവം നടന്നതായി പോലും നടിച്ചില്ല. അതോർത്തു വിഷമിക്കേണ്ടതില്ല. അതെപ്പോഴും അങ്ങനെയൊക്കെയാണ്. എനിയ്ക്കു സന്തോഷം നൽകുന്ന കാര്യം, പ്രാദേശിക പത്രങ്ങൾ ഇതേക്കുറിച്ചു എഴുതാൻ തയാറായി എന്നതും, ചില എഴുത്തുകാർ ഓൺലൈൻ മാധ്യമങ്ങളിൽ ഈ കലാകാരന്മാരെ കുറിച്ച് എഴുതി എന്നതും സാമൂഹിക മാധ്യമങ്ങളിൽ ഈ കാലാകാരന്മാർക്കു വമ്പിച്ച പ്രോത്സാഹനം ലഭിച്ചു എന്നിവയുമാണ്. അതൊരു വലിയ കാര്യം തന്നെയാണ്. മിക്കവാറും എല്ലാക്കാര്യങ്ങളിലും മുഖ്യധാരാ മാധ്യമങ്ങൾ കലാകാരന്മാരെ കൈവിടുമ്പോൾ അവർക്കു തുണയായി എത്തുന്നത് ഇക്കാലത്ത് സാമൂഹിക മാധ്യമങ്ങൾ തന്നെയാണ്.ഒരു മലയാളി എന്ന നിലയിൽ ഇവരുടെ പുരസ്‌കാര ലാഭം എന്നെ വളരെയധികം അഭിമാനപുളകിതനാക്കുന്നു. ഈ പുരസ്കാരങ്ങൾ അഖിൽ മോഹനെയും സജീഷിനെയും കൂടുതൽ ഊർജ്ജത്തോടെ കലാപ്രവർത്തനങ്ങളിൽ ഏർപ്പെടാൻ പ്രാപ്തരാക്കുകയും കൂടാതെ വരും നാളുകളിൽ ചെയ്യുന്ന കല തുടർന്നും ദേശീയ ശ്രദ്ധയിലേക്ക് എത്താൻ പോന്ന വിധത്തിൽ ശക്തമാക്കുകയും ചെയ്യും എന്ന് ഞാൻ വിശ്വസിക്കുന്നു. അങ്ങിനെ വരുമ്പോൾ മറ്റു മാധ്യമങ്ങൾക്കു കണ്ടില്ലെന്നു നടിക്കാൻ കഴിയുകയില്ല.

എന്തുകൊണ്ടാണ് അഖിൽ മോഹനും സജീഷും, അവർക്കു ലഭിച്ച മാധ്യമ ശ്രദ്ധയിൽ സന്തോഷിക്കുന്ന വേണ്ടത് എന്ന് ഞാൻ പറയുന്നത്? അതിനൊരു കാരണമുണ്ട്. ഈ അടുത്തിടെ മുംബൈയിലെ നാഷണൽ ഗാലറി ഓഫ് മോഡേൺ ആർട്ട് ഓഡിറ്റോറിയത്തിൽ വെച്ച് ബോംബെ ആർട്ട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന, ‘പ്രാദേശിക ഭാഷയിലെ കലാചരിത്ര രചന’ എന്ന വിഷയത്തെ ആസ്പദമാക്കിയുള്ള ഒരു ചർച്ചയിൽ പങ്കെടുക്കാൻ ഞാൻ ക്ഷണിക്കപ്പെട്ടിരുന്നു. സുധീർ പട്വർദ്ധൻ,ശകുന്തള കുൽക്കർണി, സുഹാസ് ബാഹുൽക്കർ, അഭയ് സർദേശായി തുടങ്ങിയ പ്രഗത്ഭർ കേൾവിക്കാരായി ഉണ്ടായിരുന്ന ഒരു സദസ്സായിരുന്നു അത്. ഒരു ഉത്തരം ഞാൻ പ്രതീക്ഷിച്ചില്ലെങ്കിലും, എത്ര പേർക്ക് മഹാരാഷ്ട്രയിൽ നിന്നുള്ള ദേശീയ അക്കാദമി പുരസ്‌കാര ജേതാക്കളെ അറിയാമെന്നും, എത്ര മഹാരാഷ്ട്ര പത്രങ്ങൾ അതേക്കുറിച്ചു എഴുതിയെന്നും ഞാൻ സദസിനോട് ചോദിക്കുകയുണ്ടായി. ആർക്കും അതേക്കുറിച്ചു ഒരു പിടിയുമുണ്ടായിരുന്നില്ല. മഹാരാഷ്ട്രയിൽ നിന്നുള്ള അവാർഡ് ജേതാക്കളെക്കുറിച്ചു പോയിട്ട് അങ്ങിനെ ഒരു അവാർഡ് എപ്പോഴാണ് പ്രഖ്യാപിച്ചത് എന്ന് പോലും പത്രപ്രവർത്തകർ കൂടി അടങ്ങിയ സദസിന് അറിവുണ്ടായിരുന്നില്ല. അതിന്റെ ഉത്തരം അറിയാൻ ഞാൻ ശ്രമിച്ചില്ല. പക്ഷെ ഒന്ന് മാത്രം പറഞ്ഞു: ഇതൊരു ദിശാസൂചിയാണ്; നാം എങ്ങോട്ടാണ് പോകുന്നത് എന്നതിനെക്കുറിച്ചുള്ള ഒരു ദിശാസൂചി. ഇതേക്കുറിച്ചു നാം അല്പം കൂടി ശ്രദ്ധിക്കേണ്ടതുണ്ടെന്നു മാത്രം ഞാൻ പറഞ്ഞു.

ദേശീയ പുരസ്കാരങ്ങളെക്കുറിച്ചു നാമെല്ലാം വെച്ച് പുലർത്തുന്ന ഒരു സാമാന്യ ധാരണയുണ്ട്: അത് ലഭിക്കുന്നത് എഴുത്തുകാർക്കോ നടന്മാർക്കോ ഗായകർക്കോ അഭിനേത്രികൾക്കോ നർത്തകികൾക്കോ ഒക്കെയാണെങ്കിൽ അതിനെ നാം വലിയൊരു നേട്ടമായി കൊണ്ടാടും. എന്നാൽ അതൊരു ദൃശ്യാ കലാകാരന് ലഭിക്കുകയാണെങ്കിൽ അതാരും കണ്ടതായോ കേട്ടതായോ പോലും നടിക്കില്ല. പൊതുവെ നിലനിൽക്കുന്ന പരാതിയും ഇതേച്ചുറ്റിപ്പറ്റിയുള്ളതാണ്. എഴുത്തുകാർക്കോ നടീനടന്മാർക്കോ ഗായകർക്കോ ആണ് പുരസ്കാരമെങ്കിൽ മാധ്യമങ്ങളെല്ലാം അവരുടെ പിന്നാലെ പോകും. അതെ സമയം ചിത്രകാരനോ ചിത്രകാരിയോ ആണെങ്കിൽ ഒരു മാധ്യമവും അതിനെ ഏറ്റെടുക്കുകയില്ല. ഈയൊരു പ്രതിഭാസത്തെക്കുറിച്ചു അല്പം ഞാനൊന്ന് വിശദീകരിച്ചോട്ടെ.ദൃശ്യകലയുടെ നിയോജകമണ്ഡലം എന്ന് പറയുന്നത് വളരെ ചെറുതാണ്. നാം മാഹാന്മാരെന്നു പാടിപ്പുകഴ്ത്തുന്ന ഒരു എഴുത്തുകാരനോ നടനോ നടിയ്‌ക്കോ സത്യത്തിൽ ചിത്ര-ശില്പ കലകളിൽ അന്തർലീനമായിരിക്കുന്ന ലാവണ്യസ്വരൂപത്തെ കുറിച്ച് സാമാന്യ ധാരണ പോലും ഇല്ല എന്നതാണ് വാസ്തവം. യഥാർത്ഥത്തിൽ ചിത്രകാരന്മാരും ശില്പികളും, കൂടാതെ ദൃശ്യാ കലയിൽ പ്രവർത്തിക്കുന്ന മറ്റു പല കലാകാരരും മികച്ച എഴുത്തുകാരുടെ രചനകളെക്കുറിച്ചും നടീനടന്മാരുടെ അഭിനയത്തെക്കുറിച്ചും ഗായകരുടെ സംഗീതത്തെക്കുറിച്ചും ഒക്കെ വളരെ ധാരണയോടു കൂടി ആസ്വാദനം നടത്തുമ്പോൾ, വേലിയുടെ അപ്പുറത്തു നിന്നും അപൂർവമായി മാത്രമേ കലാകാരന്മാരെയോ അവരുടെ സൃഷ്ടികളെയോ അറിയുകയോ അംഗീകരിക്കുകയോ ചെയ്യുന്ന സമീപനങ്ങൾ കാണുന്നുള്ളൂ. ഇനി അഥവാ അവരതു ചെയ്യുന്നുണ്ടെങ്കിൽത്തന്നെ അത് മാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നതിനോ മാധ്യമങ്ങളിൽ എഴുതുന്നതിനോ വേണ്ടി കെട്ടുകാഴ്ചകളാകുന്ന കൊച്ചി മുസിരിസ് ബിനാലെ പോലുള്ള മാമാങ്കങ്ങൾ സന്ദർശിക്കുമ്പോൾ മാത്രമാണ്.

അതിനർത്ഥം, ദൃശ്യകലയുടെ പരിമിതികൾ അതിൽത്തന്നെ അന്തർഭൂതമായിരിക്കുന്നു എന്നതാണ്. നേരത്തെ പറഞ്ഞത് പോലെ അതിന്റെ നിയോജകമണ്ഡലം തികച്ചും പരിമിതമാണ്. വളരെ കുറച്ചു പേര് മാത്രം കല സൃഷ്ടിക്കുകയും അതിനേക്കാൾ ചെറിയൊരു വിഭാഗം മാത്രം കല ആസ്വദിക്കുകയും ചെയ്യുന്ന ഒരു വൈചിത്ര്യം ഇവിടെ നിലവിലുണ്ട്. മറ്റൊരു നിർഭാഗ്യകരമായ അവസ്ഥ എന്നത്, കല ആസ്വദിക്കാൻ എത്തുന്ന ചെറിയൊരു വിഭാഗം ആളുകളിലെ അതിസൂക്ഷ്മമായ ഒരു അംശം മാത്രമാണ് കലയുടെ പ്രായോജകർ അഥവാ പേട്രൺ ആകാൻ ശ്രമിക്കാറുള്ളത്.ഇരുപത്തിയഞ്ചു ലക്ഷം രൂപ മുടക്കി ഇറ്റാലിയൻ മാർബിൾ വരുത്തി അത് കൊണ്ട് കുളിപ്പുര സജ്ജീകരിക്കുന്ന സമ്പന്നൻ, അതിനുള്ളിലെ ദൃശ്യപോഷണത്തിനു വേണ്ടി ഇരുപതു രൂപ മുടക്കി ഒരു പോസ്റ്റർ വാങ്ങി പതിക്കുമ്പോൾ, തൊട്ടടുത്ത വീട്ടിൽ എവിടെയോ കല ചെയ്തു കൊണ്ട് കഴിയുന്ന ഒരു കലാകാരന്റെ പക്കൽ നിന്നും അയ്യായിരം രൂപ മുടക്കി ഒരു ചെറിയ രേഖ ചിത്രമെങ്കിലും വാങ്ങാം എന്ന് സമ്പന്നന് തോന്നാറില്ല. മാധ്യമങ്ങൾ വായനക്കാരുടെ രുചികൾക്കു അനുസരിച്ചാണ് അവരുടെ ഉള്ളടക്കം സാക്ഷാത്കരിക്കുന്നതു. വായനക്കാരന് കലയുമായി ബന്ധപ്പെട്ട അഭിരുചി പൂജ്യത്തിനു അടുത്തു നിൽക്കവേ, മാധ്യമങ്ങൾ അവയുടെ വിലപിടിച്ച സമയവും സ്ഥലവും എന്തിനു വേണ്ടി കലയുടെ പേരിൽ പാഴാകണം എന്ന് ചിന്തിക്കുന്നു. പക്ഷെ അത് സാഹിത്യത്തെ സംബന്ധിച്ച് നേരെ മറിച്ചാണ്. പുസ്തകം വായിച്ചാലും ഇല്ലെങ്കിലും വീട്ടിൽ ഒരു ലൈബ്രറി വേണം എന്ന് കരുതുന്നവരാണ് കൂടുതൽ പേരും. അധികമില്ലെങ്കിലും, പുസ്തകം വാങ്ങലുമായി താരതമ്യം ചെയ്യുമ്പോൾ കല വാങ്ങുന്നത് ഇല്ല എന്ന് തന്നെ പറയാം. അതിന്റെ പിന്നിലെ യുക്തി രസകരമാണ്; നമുക്ക് മനസ്സിലാകുന്നതാണ് നാം വാങ്ങുന്നത്. അത്രയേയുള്ളൂ കാര്യം. അതിനാൽ ആളുകൾ സാഹിത്യവും സിനിമയും വാങ്ങുന്നു. കല മനസ്സിലാകുന്നില്ല അതിനാൽ കല വാങ്ങുന്നില്ല.

ഇക്കാര്യത്തിൽ എനിയ്ക്കു വളരെ വിരുദ്ധമായ അഭിപ്രായമാണുള്ളത്. ആളുകൾ കല വാങ്ങാത്തതു കലയെ മനസ്സിലാകാത്തത് കൊണ്ടല്ല. മറിച്ച് കലയെയോ അത് സൃഷ്ടിക്കുന്ന കലാകാരനെയോ മനസ്സിലാക്കാൻ അവരുടെ ഭാഗത്തു നിന്ന് ഒരു ശ്രമവും ഉണ്ടാകുന്നില്ല എന്നതാണ്. കൊച്ചി മുസിരിസ് ബിനാലെ പോലുള്ള മാമാങ്കങ്ങൾ കാണുവാൻ കുടുംബ സമേതം പോകുന്ന ആളുകൾ കലയെ മനസ്സിലാകുന്നത് കൊണ്ട് പോകുന്നതല്ല. വീഗാ ലാൻഡിലോ ഡിസ്നി ലാൻഡിലോ മറ്റു തീം പാർക്കുകളിലോ പോകുമ്പോൾ ഉള്ള മാനസികാവസ്ഥ തന്നെയാണ് അവർക്കു ഇത്തരം കെട്ടുകാഴ്ചകൾ കാണുമ്പോഴും ഉണ്ടാകുന്നത്. കൊച്ചി മുസിരിസ് ബിനാലെ പോലുള്ള പരിപാടികൾ നടക്കുന്ന ഇടങ്ങളിൽ ജനങ്ങൾ തടിച്ചു കൂടുന്നത് കലയുടെ ശുദ്ധ വായു ശ്വസിക്കാനാണെന്ന് ആരെങ്കിലും പറയുന്നുണ്ടെങ്കിൽ അതിനെ ആത്മവഞ്ചന എന്ന് മാത്രമേ വിളിക്കാൻ കഴിയൂ. ഇത് തികച്ചും ടൂറിസവുമായി ബന്ധപ്പെട്ട ഒരു മാനസികാവസ്ഥയാണ്. വിദേശികൾ പോകുന്നിടത്തെല്ലാം പോകാൻ സ്വദേശികളും കൊതിയ്ക്കും.അതിനാലാണ് സ്വദേശികൾ ബിനാലെ കാണാൻ പോകുന്നത്. നമ്മുടെ തന്നേയ് തൊട്ടടുത്തുള്ള ഇടങ്ങളിൽ എന്തെങ്കിലും കൗതുകം കാരണം വിദേശികൾ വന്നാൽ ഉടനടി സ്വദേശികൾ അതിനെ ഏറ്റെടുക്കും, അവരും അവിടം സന്ദർശിക്കും. രണ്ടാമത്തെ പ്രശ്നം നമുക്ക് സാക്ഷരതാ കൂടിപ്പോയി എന്നതാണ്. സാക്ഷരതാ ഒരു സമൂഹത്തിൽ അക്ഷരാർത്ഥത്തിൽ കൂടുതലായാൽ ആ സമൂഹത്തിൽ ഉള്ളവർക്ക് വാക്കുകൾ അല്ലാതെ മറ്റൊന്നും മനസ്സിലാകില്ല. എഴുതിക്കാണിക്കുന്നതെല്ലാം സത്യമാണെന്നു കരുതുന്ന ആളുകൾ ആകും അവിടെ ഉണ്ടാവുക. അങ്ങിനെ വാക്കുകളിൽ കളിച്ചു പുളയ്ക്കുന്ന ഒരു സമൂഹമാണ് കേരളത്തിൽ ഉള്ളത്. പ്രഭാഷണങ്ങൾ, ടെലിവിഷൻ ചർച്ചകൾ, നവമാധ്യമ ചർച്ചകൾ, പത്രപാരായണം, സാഹിത്യം എന്നിവ ഒരു മലയാളിയെ സംബന്ധിച്ചിടത്തോളം ഉജ്ജീവന ഔഷധങ്ങളാണ്. ഒരു പരിധി വരെ ബംഗാളികളും ഇതുപോലൊക്കെ തന്നെയാണ്. സാക്ഷരതയെക്കുറിച്ചു അഭിമാനം പുലർത്താത്ത സംസ്ഥാനങ്ങളെ നോക്കിയാൽ ഒരു കാര്യം മനസ്സിലാകും; അവർ അവരുടെ ചിത്രകാരന്മാരെയും ശില്പികളെയും വളരെയധികം ആദരിക്കുകയും ആഘോഷിക്കുകയും ചെയ്യുന്നു. ഒറീസയിലും ബീഹാറിലും പോയി നോക്കൂ. അവിടെ മാധ്യമങ്ങൾ അവരുടെ കലാകാരന്മാരെ ആഘോഷിക്കുന്നത് കാണാം. വിചിത്രമായ ഫാഷനുകളിലുള്ള വസ്ത്രം ധരിച്ചോ ആർക്കും മനസ്സിലാകാത്ത ഉച്ചാരണമുള്ള ഇംഗ്ലീഷ് സംസാരിച്ചോ മാധ്യമങ്ങളുടെ ശ്രദ്ധ ആകർഷിക്കേണ്ട ഗതികേട് അവിടത്തെ കലാകാരന്മാർക്ക് ഇല്ല. കേരളത്തിൽ മാത്രമാണ് സാക്ഷരതയുടെ ആധിക്യം മൂലം വിചിത്ര വസ്ത്രധാരികൾക്കും വൃത്തികെട്ട ഇംഗ്ലീഷ് സംസാരിക്കുന്ന കലാകാരന്മാർക്കും മാധ്യമങ്ങൾ ശ്രദ്ധയും കോളം സ്പെയ്സ്ഉം നൽകുന്നത്.

നാമിന്നൊരു ക്യാച്ച് 22 അവസ്ഥയിലാണ്. വളരെ ജാഗരൂകമായ ഒരു പൊതു സമൂഹവും വളരെയധികം വിവരസാധ്യതകൾ ഉള്ള ഒരു മാധ്യമ സമൂഹവും നമുക്കുണ്ട്. പക്ഷെ ഇത്തരത്തിൽ ജാഗരൂകമെങ്കിലും പൊതു സമൂഹത്തിനു കലയുടെ ആവശ്യമില്ല എന്ന തോന്നലാണ്. പൊതു സമൂഹത്തിനു കല ആവശ്യമില്ല എന്നതിനാൽ മാധ്യമങ്ങളും കലയ്ക്കും കലാകാരന്മാർക്കും വേണ്ടത്ര പ്രാധാന്യം നൽകുന്നില്ല. ഇനി നമുക്ക് മറ്റൊരു അവസ്ഥയെ ഒന്ന് വിഭാവനം ചെയ്തു നോക്കാം. കലാകാരന്മാർക്ക് ആദരവും അംഗീകാരവും പുരസ്കാരവും കിട്ടുന്നുണ്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ മാധ്യമങ്ങൾ അവരെക്കുറിച്ചു എഴുതുകയും പരിപാടികൾ അവതരിപ്പിക്കുകയും ചെയ്യുണ്ട് എന്ന് വെയ്ക്കുക. എല്ലാ മാധ്യമങ്ങളും കലയ്ക്കായി എല്ലാ ആഴ്ചയും നിശ്ചിത സ്ഥലം അടയാളപ്പെടുത്തുന്നു എന്ന് വെയ്ക്കുക- പൊതു സമൂഹത്തിനു കലയോട് ഒരു ആഭിമുഖ്യം ഉണ്ടാവുകയില്ലേ? തീർച്ചയായും അത് സംഭവിക്കും കാരണം ഇതൊരു പരസ്പരാശ്രിത വികാസമാണ്. മാധ്യമങ്ങൾ കലയെക്കുറിച്ചു എത്രത്തോളം പ്രചാരണം നടത്തുമോ അത്രത്തോളം പൊതു സമൂഹം കലയിൽ താത്പര്യമെടുക്കും. എത്രത്തോളം ജനങ്ങൾ കലയിൽ താത്പര്യം പ്രകടിപ്പിക്കുമോ അത്രത്തോളം മാധ്യമങ്ങൾ അവയെക്കുറിച്ചുള്ള പരിപാടികൾ ആവിഷ്കരിക്കും. പക്ഷെ എവിടെയെങ്കിലും ഇത് തുടങ്ങിയെ കഴിയൂ. മാധ്യമരംഗത്ത് തന്നെയുള്ള ധീരരായ എഴുത്തുകാരും പ്രൊഡ്യൂസർമാരും ഇതിലേക്കായി മുന്നിട്ടിറങ്ങണം. നിർഭാഗ്യകരമെന്നു പറയട്ടെ അവരും കൊച്ചി മുസിരിസ് ബിനാലെ പോലുള്ള കേട്ട് കാഴ്ചകളുടെ പിന്നാലെ പോവുകയാണ് ചെയ്യുന്നത്. ഈ അടുത്തിടെ ലോക പ്രശസ്ത കലാകാരനും രണ്ടാം ബിനാലെയിൽ പങ്കെടുത്ത ആളുമായ അനീഷ് കപൂർ കൊച്ചിയിൽ മൂന്നാം ബിനാലെ കാണാൻ വരികയും, ബിനാലെ ഒരു പുതിയ കലാ ആസ്വാദന പ്രക്രിയയയ്ക്കു തുടക്കം കുറിച്ചിരിക്കുകയാണെന്നു പ്രസ്താവിക്കുകയും ചെയ്തു. മാധ്യമങ്ങളെല്ലാം തന്നെ കപൂറിന്റെ വാക്കുകളെ ആഘോഷിച്ചു. പക്ഷെ അനീഷ് കപൂറിനോട് ഒരു കാര്യം ചോദിയ്ക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇതൊരു പുതിയ ആസ്വാദന രീതിയാണെന്നു പറയാൻ അനീഷ് കപൂറിന് എന്താണധികാരം? മലയാളിയുടെ ലാവണ്യബോധത്തെ കുറിച്ച് അനീഷ് കപൂറിന് എന്തറിയാം? അതെന്തായിരുന്നു, ഇപ്പോൾ അത് എവിടെ നിൽക്കുന്നു എന്നൊക്കെ പറയാൻ അനീഷ് കപൂർ ആരാണ്? ഒരു മലയാളി എന്തിനു വേണ്ടിയാണ് ചിത്രകലയിൽ നിന്ന് ഇൻസ്റ്റലേഷൻ കലയിലേയ്ക്ക് ഒരു കാരണവും കൂടാതെ ഹനുമാൻ ചാട്ടം നടത്തേണ്ടത്? ആരുടെ പ്രേരണയിലാണ് അത് അവർ ചെയ്യേണ്ടത്? നിലവിലുള്ള ലാവണ്യബോധത്തിന്റെ പൊളിച്ചെഴുത്തും പുതിയൊരു ലാവണ്യബോധത്തിന്റെ വീണ്ടെഴുത്തും കൊണ്ട് ഇവർ എന്താണ് ഉദ്ദേശിക്കുന്നത്? അത് കൊണ്ട് എന്താണ് പ്രയോജനം? മാധ്യമങ്ങളുടെ സ്ഥാനത്തു ഞാനായിരുന്നെങ്കിൽ ‘ഒന്ന് പോ മാഷെ’ എന്ന് ഞാൻ അനീഷ് കപൂറിനോട് പറയുമായിരുന്നു. ബിനാലെയെപ്പോലെ തന്നെ കപൂറും ചെയ്യുന്നത്, പാശ്ചാത്യ ലോകം ഉപേക്ഷിച്ച ചവറുകൾ ഇന്ത്യൻ തീരത്തു കൊണ്ട് വന്നു കൂട്ടിയിടുകയാണ് ചെയ്യുന്നത്. ഇന്ത്യക്കാരന്റെ കരകൗശലവും കൈപ്പണിയും കൃതഹസ്തതയും എക്കാലത്തേയ്ക്കുമായി ഇല്ലാതാക്കി, ഇന്ത്യയിലെ മ്യൂസിയങ്ങളെയും ഗ്യാലറികളെയും പാശ്ചാത്യരുടെ അഴുക്കു ലാവണ്യത്തെകൊണ്ടു നിറയ്ക്കുവാൻ അഹോരാത്രം കരാർ പണി ചെയ്യുന്ന ബിനാലെയെ പോലുള്ള ഇടനിലക്കാരുടെ ഒരു പ്രതിനിധി മാത്രമാണ് അനീഷ് കപൂർ.

ദേശീയ പുരസ്‌കാരങ്ങളെ കുറിച്ച് പറയുമ്പോൾ പുരികം ചുളിക്കുന്ന പലരെയും നാം കാണാറുണ്ട്. അവർ ഇതിനെ സംശയിക്കുന്നതിനു കാരണം ഞാൻ തുടക്കത്തിൽ പറഞ്ഞത് പോലെ, ഒരു പാട് കാക്കപിടുത്തവും കാൽനക്കലും നടത്തിയാലേ പുരസ്കാരങ്ങൾ ലഭിക്കൂ എന്നുള്ള വിശ്വാസമാണ്. ഒരു കാര്യം ഞാൻ നിങ്ങളോടു തുറന്നു പറഞ്ഞു കൊള്ളട്ടെ. ഇന്ത്യയിൽ കലാ കമ്പോളത്തിൽ ഒരു ബൂം വന്നപ്പോൾ, കലാകാരന്മാർക്ക് ഒട്ടാകെ ദേശീയ പുരസ്കാരങ്ങളിൽ ഉള്ള കമ്പം കുറഞ്ഞു. അവർ ദേശീയ പുരസ്കാരങ്ങളെ സംശയിക്കുന്നത് പോലും മതിയാക്കി. എന്താണതിനു കാരണം? കാരണം മറ്റൊന്നുമല്ല; അതുവരെ പുരസ്കാരങ്ങൾക്കായി ചാക്കിട്ടു പിടുത്തം നടത്തിക്കൊണ്ടിരുന്നവർ പൂർണ്ണമായും സ്വകാര്യമേഖലയിലേക്കു ശ്രദ്ധ തിരിച്ചു എന്നത് തന്നെ. കമ്പോള ബൂം വന്നതോടെ നേരത്തെ ചാക്കിട്ടു പിടുത്തം നടത്തിക്കൊണ്ടിരുന്നവർ തന്നെ പുതിയ പുരസ്‌കാരങ്ങൾ പ്രഖ്യാപിക്കാനും കൊടുക്കാനും ഒക്കെ തുടങ്ങി. അവർക്കപ്പോൾ ദേശീയ പുരസ്കാരങ്ങൾ വേണ്ടാതായി. അവർ സ്വന്തം പുരസ്കാരങ്ങൾ സ്ഥാപിക്കുകയും, തങ്ങൾ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്കും കലാകാരികൾക്കും പുരസ്‌കാരങ്ങൾ നൽകാൻ തുടങ്ങുകയും ചെയ്തു. ഖോജ് റെസിഡൻസി, ഫിക്ക അവാർഡ്, കാശി കഫെ അവാർഡ് തുടങ്ങിയ പേരുകൾ എടുത്തു പറയാൻ ഞാൻ ആഗ്രഹിക്കുന്നു. അവരെന്താണ് ചെയ്തത്? അവർ കമ്പോളത്തിൽ പിന്തുണയ്ക്കാൻ ആഗ്രഹിക്കുന്ന കലാകാരന്മാർക്ക് അവാർഡ് കൊടുക്കാൻ തുടങ്ങി. അവർ പുരസ്‌കാര ജേതാക്കളെ മൂന്നോ ആറോ മാസങ്ങളിലേയ്ക്ക് വിദേശത്തേയ്ക്ക് റെസിഡൻസി പ്രോഗ്രാം എന്ന പേരിൽ കയറ്റി അയക്കാൻ തുടങ്ങി. തിരികെ വന്ന അവർ പാശ്ചാത്യർക്ക് രുചിയ്ക്കും വിധമുള്ള കല ഇവിടെ ചെയ്യാൻ തുടങ്ങി. ഇതായിരുന്നു പുതിയ അന്താരാഷ്‌ട്ര കലയായി കൊണ്ടാടിയത്. ഒരു പുതിയ കമ്പോള സൃഷ്ടിയ്ക്കായി കൃത്യമായി നടത്തിയ ഒരു നീക്കമായിരുന്നു ഇത്. ജിതീഷ് കല്ലാറ്റിനു സ്കോഡ പ്രൈസ് കിട്ടിയത് നോക്കുക (പ്രസംഗത്തിൽ ഞാൻ ഇങ്ങനെ പറഞ്ഞെങ്കിലും ആ വർഷം ജിതിഷിന്റെ പേര് നിർദ്ദേശിക്കപ്പെട്ടെങ്കിലും പ്രൈസ് ലഭിച്ചത് നവീൻ തോമസ് എന്ന വ്യക്തിയ്ക്കായിരുന്നു. അത് ഞാൻ തിരുത്തുന്നു. എങ്കിലും, എന്റെ വാദമുഖങ്ങളുടെ ശരിയെ മുൻനിറുത്തി പഴയ ലൈൻ തന്നെ തുടരുന്നു). ജിതീഷ് ഇതിനകം അന്താരാഷ്‌ട്ര പ്രശസ്തി ലഭിച്ച കലാകാരനാണ്. അയാളെ അവാർഡിനായി പരിഗണിക്കുക വഴി, സ്കോഡ ഒരു ബ്രാൻഡ് ഐഡന്റിറ്റി സൃഷ്ടിക്കുക മാത്രമാണ് ചെയ്തത്. ഇത് തന്നെയാണ് അബ്‌സോല്യൂട് എന്ന മദ്യ കമ്പനി സുബോധ് ഗുപ്തയുമായി കൈകോർക്കുക വഴി ചെയ്തതും. അവർ ബ്രാൻഡ് പങ്കാളികളാവുകയാണ് ചെയ്യുന്നത്. ഇനി സുദർശൻ ഷെട്ടിയുടെ കാര്യം നോക്കൂ. അദ്ദേഹം റോൾസ് റോയ്‌സ്മായി ചേർന്നാണ് ഇപ്പോൾ വർക്ക് ചെയ്യുന്നത്. ഇനി മറ്റൊരു കാര്യം നോക്കുക; സുബോധ് കൊച്ചി മുസിരിസ് ബിനാലെയിലെ കലാകാരനായിരുന്നു. ജിതീഷും സുദർശനും ബിനാലെയുടെ ക്യൂറേറ്റര്മാരും. അന്താരാഷ്‌ട്ര കോർപറേറ്റുകളുമായി കലാ കമ്പോളത്തിനു ബന്ധമുണ്ടെന്നും, അവരുടെ അജണ്ട നടപ്പിലാക്കുക മാത്രമാണ് ബിനാലെ ചെയ്യുന്നതെന്നതിനും ഇതിൽപ്പരം തെളിവ് വേണോ?

രണ്ടായിരത്തിയെട്ടാമാണ്ടിലാണ് ലോക സാമ്പത്തിക മാന്ദ്യത്തിന്റെ ഭാഗമായി ഇന്ത്യൻ കലാ കമ്പോളവും തകർന്നത്.വല്ല വിധേനയും ഇന്ത്യൻ കമ്പോളം രണ്ടായിരത്തി പന്ത്രണ്ടു വരെ പിടിച്ചു നിന്നു. പല ഗ്യാലറികളും അടച്ചു പൂട്ടി. മറ്റു പലതും ചെറിയ സ്ഥലങ്ങളിലേക്ക് ആവാസം മാറ്റി.കാറ്റലോഗുകൾ പ്രസിദ്ധീകരിക്കുന്നത് നിന്നു. ഗ്യാലറികളുടെ ലിസ്റ്റിൽ നിന്ന് തന്നെ പല കലാകാരന്മാരും പുറത്തായി. ഒരു പാട് കാര്യങ്ങൾ അങ്ങിനെ മാറി മറിയുന്നതിനിടയിൽ അമ്പത് വയസ്സിനു താഴെയുള്ള പല കലാകാരന്മാരും ദേശീയ അക്കാദമിയുടെയും പ്രാദേശിക ലളിത കലാ അക്കാദമിയുടെയും നേർക്ക് ശ്രദ്ധ തിരിക്കാൻ തുടങ്ങി. എല്ലാ ഉറവകളും വറ്റിയപ്പോൾ, എല്ലാ പുരസ്കാരങ്ങളും നിറുത്തിയപ്പോൾ, ഇനി നല്ലത് ദേശീയ പുരസ്കാരങ്ങൾ തന്നെയെന്ന് പലർക്കും തോന്നലുണ്ടായി. ആ രീതിയിൽ കലാകാരന്മാർ തികച്ചും അവസരവാദികളാണ്. എല്ലാ ലളിത കലാ അക്കാദമികളും സുതാര്യമായാണ് പ്രവർത്തിക്കുന്നതെന്ന് ഞാൻ പറയുന്നില്ല. പക്ഷെ കാര്യങ്ങൾ മാറി വരികയാണ്. പുരസ്‌കാര ജേതാക്കൾക്ക് ശോഭനമായ ഒരു ഭാവിയൊന്നും അക്കാദമികൾ വാഗ്ദാനം ചെയ്യുന്നില്ല. പുരസ്കാരങ്ങൾ ഒരു ആദരവും ഒരു ദിശാസൂചിയുമാണ്. പുരസ്കാരം നിശ്ചയിക്കുന്ന ജൂറി അംഗങ്ങൾ ഈ കലാകാരന്മാർക്ക് മുന്നോട്ടു പോകാനുള്ള കഴിവുള്ളവരാണെന്നു പറയുന്നു. ഒരു സർട്ടിഫിക്കറ്റും, ഫലകവും, തുകയും അല്ലാതെ, ഭാവിയൊന്നും അക്കാദമി വാഗ്ദാനം ചെയ്യുന്നില്ല. അതൊരു നല്ല കാര്യമായി ഞാൻ കരുതുന്നു. ഒരു കലാകാരന്റെ ഭാവി കലാജീവിതം എങ്ങിനെ മുന്നോട്ടു കൊണ്ട് പോകണം എന്നത് സ്റ്റേറ്റിന്റെ ചുമതലയല്ല. സ്റ്റേറ്റ് കമ്പോളമല്ല. അഖിൽ മോഹനും അജീഷും ഈ പുരസ്‌കാരത്തിന് തികച്ചും അർഹരാണ് എന്ന് തന്നെ ഞാൻ വിശ്വസിക്കുന്നു. കാരണം അനേകം എൻട്രികളിൽ നിന്നാണ് ജൂറി അവരെ തെരഞ്ഞെടുത്തിരിക്കുന്നത്. ഈ പുരസ്‌കാരങ്ങൾ അവർക്കു മഹത്തായ ഒരു അവസരവും ഉദാത്തമായ ഒരു ഉത്തരവാദിത്തവും നൽകിയിരിക്കുന്നു. ആ ഉത്തരവാദിത്തം എന്നത് അവനവനോട് തന്നെയുള്ള ഉത്തരവാദിത്തമാണ്.

johny 2ഒരു വിഷയം കൂടി ചൂണ്ടികാട്ടിക്കൊണ്ട് ഞാനീ പ്രഭാഷണം. അവസാനിപ്പിക്കാം ഒരു കലാകാരനും സമൂഹത്തിനു നേരെ സവിശേഷമായ ഒരു പ്രതിബദ്ധതയും ഇല്ല. സമൂഹത്തിലെ മറ്റേതൊരു അംഗത്തെയും പോലെ ഉള്ള സഹകരണാത്മകമായ ഉത്തരവാദിത്തമേ കലാകാരനും ഉള്ളൂ. ഒരു വ്യവസ്ഥയുടെയോ സമൂഹത്തിന്റെയോ ഉള്ളിൽ നിന്ന് തന്നെ പ്രവർത്തിച്ചു കൊല്ലണമെന്ന ആവശ്യമൊന്നും കലാകാരനില്ല. അവയ്ക്കു പുറത്തു നിൽക്കാനുള്ള സ്വാതന്ത്ര്യം കലാകാരനുണ്ട്. രണ്ടിനും ഇടയിലുള്ള ഒരു വിമര്ശനാത്മകതയുടെ ഇടത്തിൽ അവനു നിലകൊള്ളാം., വേണ്ടി വന്നാൽ അത്തരം ഒരിടം സ്വയം നിർമ്മിച്ചെടുക്കാം. ഇവിടെ വ്യാജ പ്രവാചകന്മാർ രാഷ്ട്രീയ കലയുടെ പേരിൽ ഗാന്ധിജിയെയും ശ്രീ നാരായണ ഗുരുവിനെയും ജിന്നയെയും ഒക്കെ അവഹേളിച്ചു കൊണ്ട് ചിത്രങ്ങളും ശില്പങ്ങളും രചിക്കുന്നുണ്ട്. സാധ്വികളുടെ ചിത്രം വരച്ചു സ്വയം സ്ത്രീവാദികളായി നടക്കുന്ന ചിത്രകാരികളും ഇവിടെയുണ്ട്. ഈ കള്ളനാണയങ്ങളെ തിരിച്ചറിയുകയും നിഷേധിക്കുകയും ചെയ്യേണ്ടത് അനിവാര്യമായിരിക്കുന്നു. ഒരു കലാകാരന്റെ ജീവിതം എന്നത് സമൂഹവുമായി സന്ധി ചെയ്യുന്നതിലല്ല; അതെ സമയം അതിനെ നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്നതിലും അർത്ഥമില്ല. പ്രപഞ്ചത്തിന്റെ മനഃസാക്ഷിയായിരിക്കുക എന്നതാണ് അവന്റെ പരമ പ്രധാനമായ കർത്തവ്യം. തനിയ്ക്കു നേരെയും പിന്നെ മറ്റുള്ളവർക്ക് നേരെയും പിടിക്കുന്ന കണ്ണാടിയാവുക. മനുഷ്യ സാധ്യതകളുടെ അതിരുകൾ തേടിക്കൊണ്ട് കരവിരുതിനെ ഊതിക്കാച്ചിയും രാകി മിനുക്കിയും, സമാധാനവും സന്തോഷവും അടങ്ങുന്ന മഹാസത്യങ്ങളുടെയും ഉണ്മയുടെയും തിരിച്ചറിവിലേക്ക് പോവുക എന്നതാണ് കലാകാരന്റെ കർത്തവ്യം. അതായിരിക്കട്ടെ കലാകാരന്റെ പ്രവർത്തിയും ജീവിതവും. കൂട്ടായ്മകളും കൈകോർക്കലുകളും നന്ന്. പക്ഷെ ഒന്നോർക്കുക, കൈകൾ ഇരുപുറവും പിടിച്ചിരിക്കെ പണിയെടുക്കാൻ കൈകൾ സ്വതന്ത്രമാവില്ലെന്നറിയുക. കൈകൾ സ്വതന്ത്രമായിരിക്കട്ടെ, കോർക്കേണ്ടയിടങ്ങളിൽ കോർത്ത് പിടിക്കുക നാം. ആസക്തികൾക്കും അപ്പുറത്തുള്ള സ്വാതന്ത്ര്യത്തിന്റെയും ഉണ്മയുടെയും വിഹായസിലേയ്ക്ക് പറക്കുവാനുള്ള ചിറകുകൾ നിങ്ങളിൽ മുളയ്ക്കട്ടെ. ആർക്കറിയാം, ഒരു ദിനം, ചെഖോവിന്റെ ‘പന്തയം’ എന്ന കഥയിലെ യുവ വക്കീലിനെ പോലെ, നിങ്ങൾക്കും എല്ലാം ഉപേക്ഷിക്കാൻ കഴിയുമെന്ന്.

(പിൻകുറിപ്പ്:പ്രഭാഷണമധ്യേ, കലാകാരന്മാർ അവർക്കെന്തിലാണോ പ്രതിഭാശാലിത്വം അതിൽത്തന്നെ തുടരണം എന്ന് ഞാൻ പറയുകയുണ്ടായി. അത് അവരെ ജന്മനസ്സുകളിലേയ്ക്ക് കൊണ്ടുപോകും. മറ്റെല്ലാ കലാകാരന്മാരും കേരളത്തിൽ നശിച്ചു പോയാലും കാനായി കുഞ്ഞിരാമന്റെ ശില്പങ്ങൾ നിലനിൽക്കും. കാരണം അദ്ദേഹം തനിയ്ക്കറിയാവുന്നത് മാത്രമാണ് സൃഷ്ടിജീവിതത്തിലുടനീളം ചെയ്തു കൊണ്ടിരിക്കുന്നത്. അതിപ്പോഴും പൂർവാധികം ഊർജത്തോടെ ചെയ്തുകൊണ്ടിരിക്കുന്നു. എന്റെ വാക്കുകൾ ഒരു പ്രവചന സ്വഭാവം ആര്ജിക്കുകയാണിവിടെ. ഒരു ദിനം കലാഭവൻ മണിയുടെയും വിനായകന്റെയും ക്ഷേത്രങ്ങൾ കേരളത്തിൽ ഉണ്ടാകും കാരണം അവർക്കറിയാവുന്ന കാര്യങ്ങൾ ജനങ്ങളോട് അടുത്തും അകന്നും നിന്ന് അവർ ചെയ്യുകയാണ്. കേരളം കണ്ട രണ്ടു റോക്ക് സ്റ്റാർസ് ആണവർ.)

Comments
Print Friendly, PDF & Email

You may also like