പൂമുഖം LITERATUREകവിത സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയരായ കവയിത്രികള്‍ – ലവ്ലി നിസാര്‍

സോഷ്യല്‍ മീഡിയയിലെ ശ്രദ്ധേയരായ കവയിത്രികള്‍ – ലവ്ലി നിസാര്‍

ുതിയകാലത്തില്‍ സ്ത്രീക്ക് പേന ഊന്നുവടിയാണ്. അവര്‍ പുരുഷനിര്‍മ്മിതഭാഷകളെയും ആശയങ്ങളെയും എതിര്‍ക്കുന്നു. ചരിത്രത്തെ ചോദ്യം ചെയ്യുന്നു. പുരുഷന്‍റെ പേനയെ കുത്തിയൊടിക്കുകയും പെണ്‍പേനയെ വിപ്ലവസാമഗ്രിയായി അവരോധിക്കുകയും ചെയ്യുന്നു.ഇതു പെണ്‍സാഹിത്യത്തിന്‍റെ ഉയര്‍ത്തെഴുന്നേല്‍പ്പാണ്. ഇന്നുവരെ ഉണ്ടാക്കപ്പെട്ട പുരുഷഭാഷയെ കീഴ്‌മേല്‍ മറിക്കലാണത്. ഞാനൊരു ഫെമിനിസ്റ്റാണ് എന്ന് ഉറച്ചു പ്രഖ്യാപിച്ചു കൊണ്ടാണ് ലവ്ലി പലപ്പോഴും തന്‍റെ നിലപാടുകള്‍ വ്യക്തമാക്കുന്നത്. സ്ത്രീ സ്ത്രീക്ക് അനുവദിക്കപ്പെട്ട വൃത്തത്തിന് പുറത്തുപോയി വിശാലമായ ആശയസമുദ്രങ്ങളെ അണകെട്ടി നിര്‍ത്താന്‍ ധൈര്യം കാണിക്കാനും പുതിയ ചരിത്രഭൂതകാലങ്ങളെ നിര്‍മ്മിക്കാന്‍ ചുറുചുറുക്കുള്ള ഭാവനകളെ തീര്‍ക്കുന്നു. അങ്ങനെ യാഥാര്‍ത്ഥ്യത്തിനകത്തും പുറത്തും ചരിത്രത്തിന്‍റെ പുതിയ യാത്രാനുഭവങ്ങള്‍ സംവേദിക്കാന്‍ ശ്രമിക്കുന്നു.ഇനി സ്ത്രീയുടെ ജീവിതത്തിന് പരിമിതികള്‍ കെട്ടാന്‍ പാടില്ലായെന്ന ശബ്ദങ്ങള്‍ ഓരോ വരികള്‍ക്കിടയിലും ക്ലിപ്പ് ചെയ്ത് വെച്ചിട്ടുള്ള കവിതകളാണ് ലവ്ലിയുടെ രചനകളുടെ പ്രത്യേകത .രോഗഗ്രസ്തമായ കാലത്തെ ഭാവനകൊണ്ട് ശുദ്ധീകരിക്കുന്ന ലവ്ലി മനുഷ്യജീവിതത്തിന്‍റെ ദൈനംദിനമുള്ള ദാര്‍ശനിക സന്ദേഹങ്ങളെ പരിഹരിക്കാന്‍ ശ്രമിക്കുന്നു. യാഥാര്‍ത്ഥ്യങ്ങളെ പല ആംഗിളുകളില്‍ നിന്ന് ചോദ്യം ചെയ്യുകയും പുതിയ സംവാദമേഖലകള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതാണ് പല രചനകളും . ലവ്ലിയെ ഒരു ബഹുമുഖ പ്രതിഭ എന്ന് വിളിക്കാന്‍ ആണെനിക്കിഷ്ടം , കാരണം നന്നായി പാട്ടുപാടും , ചിത്രം വരയ്ക്കും , സംഗീതോപകരണങ്ങള്‍ വായിക്കും അതിനൊപ്പം വളരെ നല്ലൊരു കുടുംബിനിയും . ഭര്‍ത്താവുമൊത്ത് പ്രവാസജീവിതം നയിക്കുന്ന ലവ്ലി എങ്ങനെ ഇതിനെല്ലാം സമയം കണ്ടെത്തുന്നു എന്നെന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട് .സ്ത്രീ പുരുഷ സമത്വം എന്നൊന്നില്‍ ഞാന്‍ വിശ്വസിക്കുന്നില്ല.. കാരണം സ്ത്രീയ്ക്ക് പ്രപഞ്ചത്തിന്‍റെ സ്ഥാനമാണ്.. അവളവളെ അറിയുന്നില്ല എന്നുമാത്രം സൃഷ്ടി തന്നെ അവളില്‍ നിക്ഷിപ്തമാക്കിയ സൃഷ്ടാവുതന്നെ അവള്‍ക്കുനല്കിയ സ്ഥാനം എത്രയോ ഉയരത്തില്‍.. അതറിയാതെ സമത്വത്തിന് എന്തിനു പോരാടണം.. ലവ്ലിയുടെ ഈ നിരീക്ഷണം എത്ര ശരിയാണ് .

  lavli

(ഞാനൊരു തെറ്റാണ്
ആരും അനുകരിക്കരുത്
ഈ തെറ്റെന്‍റെ ശരിയാണ്
ആരും തിരുത്താന്‍ തുനിയരുത് .)

ഉടല്‍ കൗതുകങ്ങള്‍…

ചുടുനിണച്ചൂരിനു ബന്ധങ്ങളെന്നാരോ
പഴമൊഴി ചൊല്ലിപ്പറഞ്ഞിരുന്നു,
ഏതാണു ബന്ധങ്ങളെന്നറിയാതിന്നു
പഴന്തുണി പോല്‍ മനം പിഞ്ചിടുന്നു.
വേലികെട്ടുന്നുണ്ട് മനസിന്നതിരുകള്‍
വെറുപ്പാല്‍ ദൃഢമാര്‍ന്ന മുള്ളുവേലി
തിരികൊളുത്തുന്നുണ്ട് ചാവാത്തജീവനു
ചിതയൊരുക്കിയൊരാചണ്ഡാലികള്‍
കരളിലെ കറകൊണ്ടു കൈകഴുകുന്നവര്‍
ഒറ്റുകാര്‍, ഓട്ടമനം ചുമക്കുന്നവര്‍
പെണ്ണിനേം മണ്ണിനേം കൂട്ടിക്കൊടുപ്പവര്‍
തന്തയ്ക്കു കാലനായ് പണ്ടേ ജനിച്ചവര്‍
കുട്ടത്തിപ്പെണ്ണവള്‍ കുറുകുന്നുണ്ടേതോ
വേടന്‍റെ വേലയില്‍ കുരുങ്ങുവാനായ്
ഏതോ ഒരുവന്‍‍ ചെവികൂര്‍പ്പിക്കുന്നു
ഇരയൊന്നു കണ്ടെന്നയാമോദത്താല്‍
മൂടും മുലയും മുഴുപ്പില്ലയെങ്കിലും
പെണ്ണാണവള്‍ പിന്നെയെന്തുനോക്കാന്‍?
മനം മടുപ്പിക്കുന്ന രേതസ്സിന്‍ ചൂരോടെ
പാഞ്ഞടുക്കുന്നുണ്ട് വേട്ടനായ്ക്കള്‍!
പ്രേതമായ്തീര്‍ന്നൊരു താനെന്ന ഭ്രൂണത്തെ
തിരയുന്നു യോനികള്‍ മലക്കെമുറിച്ചവന്‍
മുലകളോരോന്നും കീറിമുറിക്കുന്നു
മുലപ്പാലിന്‍ മാധുര്യം പണ്ടേ മറന്നവന്‍
പുതു ചൂരുതേടി പുരോഹിത നാസിക
പുരോഗമന ബീജത്തെ ചെറു ഗര്‍ഭത്തിലേകവേ
കടത്തിണ്ണയേറുന്ന കരച്ചിലു തട്ടി പല
ഭിത്തിയും നടുങ്ങുന്നതു ഭൂഗര്‍ഭതാണ്ഡവം
കണ്ടു മടുത്തു കേട്ടു മടുത്തീ
അറുതിയില്ലാ ,പെണ്ണിന്‍ അലറിക്കരച്ചില്‍
ചിത്തം മടുത്തെന്‍റെ കവനം തികയ്ക്കുവാന്‍
വിഷയങ്ങളൊന്നുമേ പുതുമയില്ലാതെയായ്.!

Comments
Print Friendly, PDF & Email

You may also like