പൂമുഖം 'ഒരു ചോദ്യം - ഒരുത്തരം' ‘ഒരു ചോദ്യം – ഒരുത്തരം’

'യു.പി. തെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ഒരു പൌരന് പ്രതിപക്ഷ പാര്‍ട്ടികളോട് പറയാനുള്ളതെന്ത്?' പ്രമുഖ മാധ്യമ പ്രവർത്തകൻ ശ്രീ. ബി. ആർ. പി. ഭാസ്കർ ഉത്തരം പറയുന്നു. : ‘ഒരു ചോദ്യം – ഒരുത്തരം’

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

 

ചോദ്യം : യു.പി. തെരഞ്ഞെടുപ്പ് ഫലത്തിന്‍റെ പശ്ചാത്തലത്തില്‍ പ്രതിപക്ഷ കക്ഷികളോട് പൊതുവേ- കോണ്‍ഗ്രസ്-ഇടതു കക്ഷികള്‍ ഉള്‍പ്പെടെ ദേശീയ കക്ഷികളോടും പ്രാദേശിക കക്ഷികളോടും ഒറ്റയ്ക്കൊറ്റയ്ക്കും-, ‘ഒഴിവാക്കാനാവാത്ത’ ആ 2019 നെ ഇപ്പോഴുള്ളതില്‍ നിന്ന്‍ വ്യത്യസ്തമായി എങ്ങനെ, എന്ത് മുന്‍കരുതലോടെ നേരിടാനാവും ഏകാധിപത്യത്തെ-മത തീവ്രതയെ ഭയക്കുന്ന ഇന്ത്യന്‍ പൌരന്‍ ഉപദേശിക്കുക?
bp
ബി.ആര്‍.പി. ഭാസ്കര്‍:
 ഭാരതീയ ജനതാ പാര്‍ട്ടി എന്ന രാഷ്ട്രീയ കക്ഷിയെ മുന്നില്‍ നിര്‍ത്തിക്കൊണ്ട് ഇന്ത്യയുടെ ജനാധിപത്യ മതേതര ഭരണഘടനയെ അംഗീകരിച്ചിട്ടില്ലാത്ത രാഷ്ട്രീയ സ്വയംസേവക് സംഘ് അധികാരം കയ്യാളുന്ന സ്ഥിതിവിശേഷമാണ്‌ ഇപ്പോഴുള്ളത്. സംഘിന്‍റെ പ്രഖ്യാപിത ലക്ഷ്യം ഹിന്ദുരാഷ്ട്രമാണ് അഥവാ ഹിന്ദു പാകിസ്ഥാന്‍ ആണു. അതിനെ സ്ഥാപിക്കാനായി സംഘ് എടുക്കുന്ന നടപടികള്‍ ഏതാണ്ട് 2200 കൊല്ലം മുമ്പ് മൌര്യ ചക്രവര്‍ത്തി ബ്രഹദത്തനെ കൊന്ന്‍, പുഷ്യമിത്ര സുംഗന്‍ എന്ന ബ്രാഹ്മണന്‍ അധികാരത്തില്‍ വന്ന ശേഷം സവര്‍ണാധിപത്യം സ്ഥാപിക്കുന്നതിന് വൈദിക സമൂഹം സ്വീകരിച്ച തരത്തിലുള്ളവയാണ്. അക്രമവും അധികാര ദുര്‍വിനിയോഗവും അതില്‍ പെടുന്നു. ശക്തമായ പ്രതിരോധം സംഘടിപ്പിച്ച് ആ പ്രവര്‍ത്തനങ്ങളെ തടഞ്ഞില്ലെങ്കില്‍ ഭരണഘടന വിഭാവന ചെയ്യുന്ന സാമൂഹിക-സാമ്പത്തിക-രാഷ്ട്രീയ നീതി, തുല്യത, തുല്യാവസരങ്ങള്‍, അഭിപ്രായ-ആവിഷ്കാര സ്വാതന്ത്യങ്ങള്‍ തുടങ്ങിയ നന്മകള്‍ ഇല്ലാതാകും.
വര്‍ഗീയ കലാപങ്ങളും വിപരീത ദിശകളിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹവും അന്തരീക്ഷം കലുഷിതമാക്കിയ സ്വാതന്ത്ര്യത്തിന്‍റെ ആദ്യ നാളുകളില്‍ വര്‍ഗീയതയെ തടഞ്ഞു നിര്‍ത്താന്‍ കോണ്‍ഗ്രസ്സിന് കഴിഞ്ഞു. നേരത്തെ തന്നെ രംഗത്തുണ്ടായിരുന്ന ഹിന്ദു മഹാസഭ, മുന്‍ മഹാസഭാ അധ്യക്ഷന്‍ ശ്യാമ പ്രസാദ് മുഖര്‍ജിയുടെ നേതൃത്വത്തില്‍ സംഘ് പുതുതായി രൂപീകരിച്ച ജനസംഘ്, സന്യാസിമാര്‍ ഉണ്ടാക്കിയ രാം രാജ്യ പരിഷത്ത് എന്നീ മൂന്നു കക്ഷികള്‍ 1952ലെ പൊതു തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ്സിനെ നേരിട്ടു. വര്‍ഗീയതക്കെതിരെ ഉറച്ച നിലപാടെടുത്ത കോണ്‍ഗ്രസ്സിന്‌ അവരെ നിഷ്പ്രയാസം തോല്പിക്കാനായി. ആ തെരഞ്ഞെടുപ്പില്‍ അന്ന് അതിര്‍ത്തി സംസ്ഥാനമായ പഞ്ചാബിന്‍റെ ഭാഗമായിരുന്ന അംബാലയില്‍ കോണ്‍ഗ്രസ്‌ സ്ഥാനാര്‍ത്ഥിയാക്കിയത് മുസ്ലിങ്ങള്‍ കൂട്ടത്തോടെ പാകിസ്ഥാനിലേക്ക് പലായനം ചെയ്തശേഷം മണ്ഡലത്തില്‍ അവശേഷിച്ച ഏക മുസ്ലിം വോട്ടര്‍ ആയ ഗാഫര്‍ ഖാന്‍ എന്നയാളെയായിരുന്നു. ആ തെരഞ്ഞെടുപ്പിലും തുടര്‍ന്നുള്ള രണ്ട് തെരഞ്ഞെടുപ്പുകളിലും ജയിച്ച ഗാഫര്‍ ഖാന്‍ ജീവിതാന്ത്യം വരെ ആ മണ്ഡലത്തെ പ്രതിനിധീകരിച്ചു. അന്ന്‍ ഉയര്‍ത്തിപ്പിടിച്ച ഉറച്ച മതേതര പ്രതിബദ്ധത നഷ്ടപ്പെട്ടതുകൊണ്ടാണ് സംഘിന്‍റെ പില്‍ക്കാല അവതാരമായ ബി.ജെ.പിക്ക് കോണ്‍ഗ്രസ്സിനെ മറികടന്നു വളരാനായിട്ടുള്ളത്.
സംഘടനയെ നവീകരിക്കാതെ കോണ്‍ഗ്രസ്സിന് ഇനി ഒരിഞ്ചു പോലും മുന്നോട്ടു പോകാനാകില്ല. രണ്ടു പതിറ്റാണ്ടായി അതിനെ നയിക്കുന്ന സോണിയ ഗാന്ധിക്ക് പാര്‍ട്ടിയെ നവീകരിക്കാനുള്ള കെല്പില്ല. മുകളില്‍ മാത്രമല്ല സംഘടനയുടെ എല്ലാ തലങ്ങളിലും പുതിയ നേതാക്കളുണ്ടാകണം. പുതിയ കാലം ആവശ്യപ്പെടുന്ന തരത്തിലുള്ള നയപരിപാടികളും ഉണ്ടാകണം.
ഹിന്ദു-മുസ്ലിം വര്‍ഗീയത അന്യോന്യം പോഷിപ്പിച്ചു വളര്‍ത്തുന്നതു പോലെ ഇപ്പോള്‍ വ്യത്യസ്ത ജാതീയതകള്‍ അന്യോന്യം പോഷിപ്പിച്ചു വളരുന്നുണ്ട്. കോണ്‍ഗ്രസ് ക്ഷയിച്ച ഘട്ടത്തില്‍ രാജ്യത്തിന്‍റെ വിവിധ വിഭാഗങ്ങളില്‍ ഉയര്‍ന്നു വരികയും അധികാര രാഷ്ട്രീയത്തിന്‍റെ ഭാഗമാവുകയും ചെയ്ത കക്ഷികള്‍ക്ക് ഇനിയും പഴയ രീതിയില്‍ ഏറെ മുന്നോട്ടു പോകാനാവില്ല. കോണ്‍ഗ്രസ്സിനേക്കാള്‍ പരിതാപകരമായ അവസ്ഥയിലാണ് രാജ്യത്തെ ഇടതുപക്ഷ കക്ഷികളെല്ലാം. ചുരുക്കത്തില്‍ ഒറ്റയ്ക്ക് ഹിന്ദുത്വ ചേരിയുടെ മുന്നേറ്റം തടയാന്‍ കഴിയുന്ന ഒരു ദേശീയ കക്ഷി ഇപ്പോഴില്ല. അതുകൊണ്ട് 2019ല്‍ ബി.ജെ.പിയെ പിടിച്ചു നിര്‍ത്തണമെങ്കില്‍ വിശ്വാസയോഗ്യവും രാജ്യവ്യാപകവുമായ ഒരു മതനിരപേക്ഷ കൂട്ടുകെട്ട് രൂപപ്പെടണം. അതിനെ തന്നെയും ഒരു അടിയന്തിര ഹ്രസ്വകാല നടപടിയായേ കാണാനാകൂ. യുവ തലമുറയുടെ ആഗ്രഹാഭിലാഷങ്ങള്‍ കണക്കിലെടുത്തുകൊണ്ട് തുല്യതയുടെയും തുല്യനീതിയുടെയും അടിസ്ഥാനത്തില്‍ ഒരു ആധുനിക ഭാരതീയ സമൂഹം വാര്‍ക്കുകയെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ കഴിവുള്ള ഒരു പുതിയ രാഷ്ട്രീയ കക്ഷി എത്രയും വേഗത്തില്‍ ഉണ്ടായേ മതിയാകൂ.

 

Comments
Print Friendly, PDF & Email

You may also like