കവിത

കഥക് കരാട്ടെ സൂംബരീരമത്രയ്ക്കിളക്കാമോ എന്നറിയില്ല
പ്രായം മറക്കാമോ എന്നും.

ചിലർ ഒറ്റകാതിൽ കമ്മലിട്ടിരിക്കുന്നു
ചിലര്‍ കാലിൽ പൂട്ടുള്ള ചങ്ങലയിട്ടിരിക്കുന്നു
(അതു ചങ്ങലയല്ല അലങ്കാരമെന്നവർ മെല്ലെ പറയുന്നു)
കഥക് കരാട്ടെ സൂംബ

അരയും തലയും പിന്നെ ശരീരം മുഴുവനും
ആലില പോലെ വിറപ്പിക്കുന്നു
ചിലപ്പോള്‍ വിശ്വാസത്തോടെ
ചിലപ്പോള്‍ അവിശ്വാസത്തോടെ
ഇളകുമ്പോള്‍ ചില നേരം
സ്ക്രൂ അഴിഞ്ഞ പോലെയോ
പിരി പോയ പോലെയോ
ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു
തണുപ്പ് കൂടുമ്പോള്‍ നടു പിടിക്കുന്നു
കാല് കോച്ചുന്നു, കഴുത്ത്
അനക്കാനാകാതെ ഒരേ നോട്ടത്തില്‍
മുഴുകുന്നു

എന്നാലും എനിക്കാടണം
ഫാൻ ഒന്നിൽ നിന്നഞ്ചിലേക്ക്
സ്പീഡ് കൂട്ടും പോലെ.
തിരിഞ്ഞു തിരിഞ്ഞെനിക്ക്
കളിക്കണം. ചാടണം.
പകല്‍ വെളിച്ചത്തിലെന്റെ
വെള്ള വസ്ത്രങ്ങള്‍ തിളങ്ങണം.
കഥക് നിനക്കുള്ളത് തന്നെ
എന്നാരെങ്കിലുമൊക്കെ വാഴ്ത്തണം.
അവരൊക്കെയെന്നെ പ്രേമിക്കുന്നു എന്ന് തോന്നണം

അപ്പോഴും അവരെയൊന്നും കാണാതെ
മഞ്ഞ വെളിച്ചത്തിലേയ്ക്കു
നൂഴ്ന്നു കയറണം
വട്ടം തിരിഞ്ഞു വട്ടം തിരിഞ്ഞു
പിന്നെയുമാടണം!
പ്രേമമോ ഭക്തിയോ പൊഴിക്കണം

ഏഴോ എട്ടോ ഇഷ്ടിക എന്റെ ഒരൊറ്റ വെട്ടിൽ പൊടിയണം,
ഹീയാ എന്ന ശബ്ദം
ഒരു കാട്ടുമൃഗത്തെപ്പോലെ ഉണ്ടാക്കണം
ബ്രൂസ് ലിയുടെ കാമുകിയാകണം
അയാള്‍ക്കൊപ്പം ഒളിച്ചോടണം

തലയിൽ ബാന്റിട്ടു ചടുലമായ താളത്തിൽ
സൂംബാ ചുവടുകൾ വയ്ക്കണം.
തുള്ളി മറിയണം !
പിങ്കിൽ നീല വരയുള്ള ഇറുകിയ ബനിയനും
ട്രാക്കുമിട്ട് ഞാനിറങ്ങുമ്പോൾ
ആൽബർട്ടോ ബെറ്റോ കാണിയായി ഉണ്ടാകണം
എന്നെ കണ്ട്‌ അതിശയിക്കണം..

കഥക് കരാട്ടെ സൂംബ
എനിക്ക് ആടണം, ഇതില്‍ ഏതെങ്കിലുമൊന്ന്‍
അല്ലങ്കില്‍ എല്ലാം.
കഥക് കരാട്ടെ സൂംബ.

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.