പൂമുഖം നിരീക്ഷണം ഉത്തർപ്രദേശ് നമ്മോടു പറയുന്നത്

ഉത്തർപ്രദേശ് നമ്മോടു പറയുന്നത്

 

 

 

bjp 2

ന്ത്യൻ രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. അത് പൂർണമായും വലതു വശത്തേക്ക് തിരിഞ്ഞിരിക്കുന്നു, ഭൂരിപക്ഷ ഹിന്ദുവിന്റെ തോളിലേറിക്കൊണ്ട്.
 ദേശീയ  രാഷ്ട്രീയം കഴിഞ്ഞ കുറെ വർഷങ്ങളായി ഒരു നിഴൽ പോരാട്ടത്തിലായിരുന്നു വലതു ഹിന്ദു രാഷ്ട്രീയവും മതേതര ന്യുനപക്ഷ മഴവിൽ സഖ്യങ്ങളും തമ്മിലുള്ള ഒരു നിഴൽ യുദ്ധത്തിൽ. മതേതര സഖ്യം നേരത്തെ തന്നെ നന്നായി മുടന്തുന്നുണ്ടായിരുന്നു, കാരണം സകലമാന ന്യുനപക്ഷ മതങ്ങളും മുഖം മൂടിയണിഞ്ഞും അല്ലാതെയും മതേതര സഖ്യത്തിന്റെ കൂടാരത്തിനുള്ളിൽ ഉണ്ടായിരുന്നു. മതേതരത്വത്തിന്റെ കൂടാരത്തിൽ നിന്ന് കൊണ്ട് തന്നെ മതത്തിന്റെ പേരിൽ എല്ലാ വിധ വില പേശലുകളും മസിൽ പെരുപ്പിക്കലുകളും നടത്തിയിരുന്ന ന്യുനപക്ഷങ്ങൾ മതേതര സഖ്യത്തിന് ഒരു ബാധ്യത തന്നെയായിരുന്നു. രസകരമായ വസ്തുത എന്താണെന്ന് വെച്ചാൽ നിഴൽ യുദ്ധം കൂടുതൽ കൂടുതൽ വികാസം പ്രാപിക്കുമ്പോഴെല്ലാം മതേതര സഖ്യം ന്യുനപക്ഷ വിലപേശൽ സംഘങ്ങളെ തന്നെയാണ് കൂടുതൽ കൂടുതൽ ശക്തമായി ആലിംഗനം ചെയ്തിരുന്നത് എന്നതാണ്. അത് അവരുടെ മതേതര മുന്നേറ്റത്തിന്റെ ക്രെഡിബിലിറ്റി കൂടുതൽ നഷ്ടപ്പെടുത്തി.

സെക്കുലർ ഫോര്മുലയുടെ മുന്നേറ്റപ്പോരാളിയായ കോൺഗ്രസ്സ് വെറുതെ മുടന്തുക ആയിരുന്നില്ല അവർ സിയു വിൽ അഡ്മിറ്റ് ചെയ്യപ്പെട്ടിരിക്കുക ആയിരുന്നു  ഇന്ദിരാ കുടുംബത്തിന്റെ ബാക്കി പത്രം കോൺഗ്രസ്സ് എന്ന ജനകീയ പ്രസ്ഥാനത്തിന്റെ കോർപ്പൊറേറ് ഉടമസ്ഥർ മാത്രമായി മാറി. പാരമ്പര്യമായി കൈമാറി കിട്ടിയ ഓഹരിയുടെ ഉടമസ്ഥാവകാശം മാത്രമുള്ള, യാതൊരു നേതൃ ഗുണവുമില്ലാത്ത, ജോലിയിലുള്ളപ്പോഴത്തേതിനേക്കാൾ അവധിയിലായിരിക്കുമ്പോൾ ശ്രദ്ധിക്കപ്പെടുന്ന, ആൾക്കൂട്ടത്തെ ആകർഷിക്കാൻ കഴിവില്ലാത്ത കോർപ്പൊറേറ് ഡയറക്ടർ ബോർഡ്. അതിനു കീഴിൽ ജനകീയ നേതാക്കൾ തമ്മിലടിച്ചു, പലരും പുറത്തു പോയി അല്ലാത്തവരെ എല്ലായിപ്പോഴും ഡയറക്ടർ ബോർഡ് ഒത്തു തീർപ്പുകളിൽ കൊണ്ടെത്തിച്ചു, അസംതൃപ്തികൾ ഒതുക്കി തീർത്ത് എച്ച് കെട്ടി മുന്നോട്ടു പോയി  


മറുവശത്തു വലതു  ഹിന്ദു മുന്നണി വളരെ കൃത്യമായ തയ്യാറെടുപ്പുകൾ നടത്തുകയും വ്യക്തവും സാധാരണക്കാരന് മനസ്സിലാകുന്നതുമായ  നിലപാടുകൾ നിരന്തരം മുന്നോട്ടു വെക്കുകയുമായിരുന്നു. ശ്രീ നരേന്ദ്ര മോഡി പ്രധാന മന്ത്രിയായതിനു ശേഷമുള്ള തന്റെ ആദ്യ പ്രസംഗങ്ങളിലൊന്നിൽ പരസ്യമായി ആഹ്വാനം ചെയ്തത് പോലെ തീവ്ര വർഗ്ഗീയ കാർഡ് അവർ മാറ്റി വെച്ചു. ഒറ്റപ്പെട്ട സംഭവങ്ങളും സന്ദേശം മനസ്സിലാകാത്ത ചില നേതാക്കളുടെ ഒറ്റപ്പെട്ട പ്രസ്താവനകളും ഇടയ്ക്കിടെ അലോസരങ്ങൾ ഉയർത്തിയെങ്കിലും പൊതുവേ സ്ട്രാറ്റജി ജയിക്കുക തന്നെ ചെയ്തു. ഒരു വലതു ഹിന്ദു ഭരണം ന്യുനപക്ഷങ്ങൾ ഉൾപ്പെടെ മുഴുവൻ ഇന്ത്യാക്കാരെയും പ്രതിനിധീകരിക്കുന്നത് ആണെന്നും അതിന്റെ അജണ്ട തീവ്ര വർഗ്ഗീയത ഉയർത്തിപ്പിടിച്ചു വാളിന്റെ ശൂലത്തിന്റെയും ബലത്തിൽ രാജ്യത്തെ പിന്നോട്ടു നടത്തുകയല്ലെന്നും അവർ ഭൂരിപക്ഷ ഹിന്ദുവിനെ ബോധ്യപ്പെടുത്തി .

ഹിഡൻ അജണ്ടകളെ ഹിഡൻ ആയിത്തന്നെ നിലനിർത്തിക്കൊണ്ടു ജനങ്ങൾക്ക് മുന്നിൽ അവർ വെച്ചത് അഴിമതി വിരുദ്ധ വികസന മുദ്രാവാക്യമായിരുന്നു. അതിലെ ആദ്യ ഭാഗം അഴിമതി വിരുദ്ധത വളരെ പ്രധാനമാണ്. സെക്കുലർ മുന്നണി സെക്കുലർ എന്ന ഒരേയൊരു പദത്തിന് പിറകിൽ  ഇത്രകാലവും ഭീകരമായ രൂപ ഭാവങ്ങളോടെ തങ്ങളെക്കാളുമധികം വളർന്നിട്ടും ഒളിപ്പിച്ചു വെക്കാൻ ശ്രമിച്ച അഴിമതിയെ നരേന്ദ്ര മോഡി ഏറെക്കുറെ നേരിടുക തന്നെ ചെയ്തു. ഉന്നയിക്കാൻ പോലും  ഒരു അഴിമതിയാരോപണം  ഇല്ലാതെ പ്രതിപക്ഷം ഡയറിക്കുറിപ്പുകൾ പരതുകയും തുണ്ടു പേപ്പറുകൾ ഭൂകമ്പം കൊണ്ട് വരുമെന്ന് വ്യാമോഹിക്കുകയും ചെയ്തു.

വികസനം എന്ന സ്വപ്നവും ഏറെക്കുറെ നന്നായിത്തന്നെ പുരോഗമന ഹിന്ദുവിന് വിൽക്കുവാൻ മോഡിയിലെ സ്വപ്നവ്യാപാരിക്ക് കഴിഞ്ഞു, എന്ന് മാത്രമല്ല നമ്മൾ വികസനത്തിന്റെ എക്സ്പ്രസ് ട്രെയിനിൽ യാത്ര ചെയ്തു കൊണ്ടിരിക്കുകയാണെന്ന് അവരെ തെറ്റിദ്ധരിപ്പിക്കുവാനും മോഡി ഫാൻ ക്ലബ്ബ്കൾക്കും ക്യാംപെയിൻ മെഷീനുകൾക്കും കഴിഞ്ഞു. ഇന്ന് വരെ രാഷ്ട്രീയം ശ്രദ്ധിച്ചിട്ടില്ലാത്ത ഒരു വലിയ വിഭാഗം മധ്യ  വർഗ്ഗത്തെ തന്റെ കുഴലൂത്തുകാർ ആക്കി മാറ്റാൻ ബിജെപി യുടെ എണ്ണയിട്ട യന്ത്രം പ്രവർത്തിച്ചു. മൻമോഹൻ സിംഗിന്റെ കാലത്തുണ്ടായ വികസന പ്രവർത്തങ്ങൾ പോലും മോദിയുടെ പേരിൽ ഘോഷിക്കപ്പെട്ടു.

bjpഇന്ത്യൻ രാഷ്ട്രീയം  ഒരു വലിയ വഴിത്തിരിവ് കടന്നിരിക്കുന്നു. പുതിയ രാഷ്ട്രീയത്തിൽ ഇനി വെറും മോഡി വിരുദ്ധതയ്ക്കു പ്രസക്തിയില്ല, മോദിയെ അംഗീകരിച്ചു കൊണ്ടുകൊണ്ടുള്ള ക്രിയാത്മകമായ പ്രതിപക്ഷത്തിന് മാത്രമേ നിലനിൽപ്പുള്ളൂ. അത് ഇനി സംസാരിക്കുക ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയമായിരിക്കും, പാർശ്വ വത്കൃതന്റെ രാഷ്ട്രീയം കൂടുതൽ കൂടുതൽ പാർശ്വ വൽക്കരിക്കപ്പെടും. ന്യുന പക്ഷങ്ങളുടെയും പാർശ്വ വത്കൃതരുടെയും രാഷ്ട്രീയം  മാത്രം ഉയർത്തി പിടിച്ചു കൊണ്ട് ഒരു കക്ഷിക്കും നില നിൽക്കാനാവില്ല, അവർ തങ്ങളുടെ സ്ട്രാറ്റജി മാറ്റുന്നില്ലെങ്കിൽ കൂടുതൽ കൂടുതൽ ഒറ്റപ്പെടും. ന്യുനപക്ഷ വിഷയങ്ങൾ ഓരോ രാഷ്ട്രീയ പാർട്ടികളുടെയും ന്യുന പക്ഷ സെല്ലുകളുടെ വിഷയം മാത്രമായി മാറും. ഭൂരിപക്ഷ ഹിന്ദു വോട്ട് ഷെയറിനു വേണ്ടി കടുത്ത മത്സരമുണ്ടാകും (  ചില ഇടതു വല്യേട്ടന്മാർ  നേരത്തെ തന്നെ ഈയൊരു നിലപാടിലേക്ക് എത്തിയിട്ടുണ്ട്)

മതേതര ഇന്ത്യ ഇനിയുള്ള കുറേക്കാലം വലതു – മതാത്മക പരീക്ഷണങ്ങളിലായിരിക്കും . ആകെയൊരാശ്വാസം നമ്മൾ ഒറ്റയ്ക്കല്ല എന്നുള്ളതാണ്. ലോകരാജ്യങ്ങൾ ആകെ തന്നെ തീവ്ര വലതു ഭാഗത്തേയ്ക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ്. ഭൂരിപക്ഷത്തിന്റെ അവകാശങ്ങളും ഭൂരിപക്ഷത്തിന്റെ സാമ്പത്തിക താല്പര്യങ്ങളും ആയിരിക്കും അടുത്ത ഒന്നോ രണ്ടോ ദശകങ്ങളിലേക്കു ലോക രാഷ്ട്രീയത്തിന്റെ ഭാവി നിർണ്ണയിക്കുക  

Comments
Print Friendly, PDF & Email

You may also like