പൂമുഖം ചുവരെഴുത്തുകൾ കാലപ്പകർച്ചകൾ

കാലപ്പകർച്ചകൾ

പ്ലയങ്ങാട് ഭരണി കഴിഞ്ഞിട്ട് രണ്ട് ദിവസങ്ങളായി. താലം, വേല, ഭരണി, പിരിച്ചൽ എന്നിങ്ങനെ കുംഭമാസത്തിലെ അശ്വതി, ഭരണി, കാർത്തിക നാളുകളിലായി കൊണ്ടാടുന്ന വടക്കേക്കാട്/കൊച്ചന്നൂർ ദേശത്തെ മഹോത്‌സവം. പതിനെട്ടരക്കാവുകളിൽ ഒന്ന്. വിളിച്ചാൽ വിളിപ്പുറത്താണ് കപ്ലങ്ങയാട്ടമ്മ എന്ന് പഴമക്കാർ സാക്ഷ്യപ്പെടുത്തിയ സാക്ഷാൽ ഭഗവതിയാണ് പ്രതിഷ്ഠ.

ശാരീരിക അസ്വസ്ഥതകൾ മൂലവും, മക്കളുടെ ക്ലാസ്സ്‌ മുടക്കേണ്ടെന്നു കരുതിയും ഇപ്രാവശ്യം ഭരണിക്ക് പോകേണ്ട എന്ന വിചാരത്തിലായിരുന്നു വേല നാളിൽ ഉച്ച വരെയും. പെട്ടെന്നാണ് ഉത്സവനാളുകളുടെ ഓർമകൾ മനസ്സിൽ തിരകളിട്ടതും, നാളെയുടെ അനിശ്ചിതത്വത്തെ കുറിച്ചുള്ള ചിന്തകൾ ഹൃദയത്തെ ഞെരുക്കാൻ തുടങ്ങിയതുമൊക്കെ. ഒപ്പം, പതിനൊന്നുവർഷത്തെ മരുഭൂമിക്കാലത്ത് ഒരിക്കൽ പോലും ആ നാളുകളിൽ നാട്ടിലുണ്ടാവാൻ സാധിക്കാത്തതോർത്ത്‌ സങ്കടപ്പെട്ടതും, എന്നിട്ടാണോ ഇപ്പോൾ അരമണിക്കൂർ യാത്രാദൂരം മാത്രമുണ്ടായിട്ടും പങ്കെടുക്കാതിരിക്കുന്നത് എന്നൊക്കെയുള്ള തോന്നൽ അലട്ടുകയും ചെയ്തു. ജാതി മത ഭേദങ്ങൾക്കൊക്കെ അപ്പുറത്ത്, നാട്ടകത്തെ ഒരു വലിയ കൂടിച്ചേരലിൽ ഒരു തുള്ളിയായി അലിയുന്നതിന് മനസ്സ് വല്ലാതെ തുടിച്ചു. മണ്ണിന്റെ മണമുള്ള നാടൻ കലാരൂപങ്ങളെ തൊട്ടടുത്ത് നിന്ന് അനുഭവിക്കാൻ കുട്ടികൾക്ക് കിട്ടുന്ന അപൂർവ്വാവസരം നഷ്ടപ്പെടുത്തിക്കൂടാ എന്ന് മനസ്സ് വാശി പിടിക്കുകയും ചെയ്തു.

പിന്നെ ചടപടാന്നായിരുന്നു കാര്യങ്ങൾ. മക്കൾ സ്കൂൾ വിട്ടുവരുന്ന നാലരയ്ക്ക് തന്നെ പോകാൻവേണ്ടി ഓട്ടോ ഏല്പിക്കുന്നു, പിറ്റേ ദിവസം ചെടികൾ നനയ്ക്കാൻ അപ്പുറത്തെ വീട്ടിലെ കുട്ടിയോട് പറയുന്നു, ബാക്കിവന്ന ചോറും കറികളും അവർക്കെടുത്ത് കൊടുക്കുന്നു, കുട്ടേട്ടന്റെ പശൂന്റെ ഒന്നര നാഴി പാല് മോരാക്കാൻ ഏർപ്പാടാക്കുന്നു, ഒരു ദിവസത്തേക്കുള്ള ഡ്രസ്സ്‌ ബാഗിലാക്കുന്നു, പഴുത്ത മൈസൂർ കുലയുടെ ബാക്കി കൊണ്ടുപോകാൻ എടുത്തുവെയ്ക്കുന്നു, അങ്ങനെ, അങ്ങനെ. കോഴിയും ആടുമൊന്നുമില്ലാത്ത കാരണം കോഴിക്കൂടടക്കാനോ, വെള്ളം കാട്ടാനോ ആളാക്കേണ്ടി വന്നില്ല.

കെട്ട്യോനോട് പോകുന്നതിനു മുന്നേ പറഞ്ഞാൽ, ഒരു ദിവസത്തെ ക്ലാസ്സ്‌ കളഞ്ഞിട്ടാണ് പോകുന്നതെന്ന് അറിയാനിട ആയാൽ, ഇതിനേക്കാൾ വല്യ നഷ്ടമില്ല എന്ന രീതിയിൽ സംസാരിച്ചും അനിഷ്ടം പ്രകടിപ്പിച്ചും പോകാനുള്ള മൂഡ്‌ കളയും എന്ന് തോന്നിയത് കൊണ്ട് ആ ചുരുക്കസമയത്തിനിടയിൽ മെസ്സേജ് ചെയ്യാനൊന്നും മുതിർന്നില്ല. പക്ഷേ ഞാൻ നല്ല ഭാഗ്യമുളള കൂട്ടത്തിലായത് കൊണ്ട്, കൃത്യം നാലു മണിക്ക് തന്നെ മൂപ്പർ വിളിക്കുകയും എനിക്കിതു പറയേണ്ടി വരികയും ചെയ്തു. പ്രതീക്ഷിച്ച പോലെ തന്നെ, നിനക്ക് വല്ല പ്രാന്തുണ്ടാ, ക്ലാസ്സ്‌ കളഞ് ഭരണിക്ക് പോകാൻ, അതിന് മാത്രള്ള ഭരണിണ്ടോ എന്നൊക്കെ ചോദിച്ച് ചെറിയ തോതിലുള്ള തർക്കത്തിൽ ഏർപ്പെടേണ്ടി വന്നെങ്കിലും പോകാൻ തന്നെ തീരുമാനമായി.
രണ്ട് കിലോമീറ്റർ ഇപ്പുറമുള്ള വടുതല വട്ടംപാടം മുതൽ തന്നെ തോരണങ്ങൾ കണ്ടുതുടങ്ങിയപ്പോൾ ഉള്ളിൽ ഉത്സവതിമിർപ്പിന്റെ സ്വരം കേട്ട്തുടങ്ങി. എന്നാൽ വേലവരവ് തുടങ്ങിയ സമയമായിരുന്നിട്ടും, വഴിനീളെ കരിങ്കാളികളും പല നിറത്തിലുള്ള മറ്റ്കാളികളുമൊക്കെ ഉണ്ടായിരുന്നിട്ടും, റോഡിനിരുവശവും നിന്ന് വേല കാണുന്ന ആളുകൾ തീരെ കുറവായിരുന്നു. ആഞ്ഞിലിക്കടവെത്തിയതോടെ വെയിലേറ്റ് നീറിയെരിഞ്ഞു നിൽക്കുന്ന പാടങ്ങളും, പാടത്തിനപ്പുറമുള്ള അമ്പലവും, മുൻവശത്തുള്ള കച്ചോടപ്പുരകളും വെളിപ്പെട്ടു.

ഉൾപറമ്പിലുള്ള വീട്ടിൽ ചെന്ന് കേറിയപ്പോൾ, ഉമ്മ കോലായിൽ തന്നെ ഇരിപ്പുണ്ട്. ഉപ്പാടെ ജ്യേഷ്ഠാനിയന്മാരായി അഞ്ചെട്ട് വീടുകളുണ്ട് ആ കട്ടയിൽ. വേല കാണാൻ കുഞ്ഞിപ്പാടെ വീടിന്റെ പടിക്കൽക്ക് പോകാനിറങ്ങിയപ്പോൾ ഉമ്മ വരാനുള്ള പുറപ്പാടൊന്നും കണ്ടില്ല. ഇങ്ങള് വര്ണില്ലേന്ന്‌ ചോദിച്ചപ്പോൾ ‘ഇല്ല, ഞാനില്ല, ഇങ്ങള് പൊയ്ക്കോ’ എന്നായിരുന്നു മറുപടി. കഴിഞ്ഞ കൊല്ലം കുഞ്ഞിമ്മ വരാതിരുന്നപ്പോൾ, ‘ഇക്കണ്ട കാലം കണ്ടില്ലേ, ഇനീപ്പോ വെയിലാറി അസ്തമിക്കാറായ ഈ നേരത്ത് കാണാതിരുന്നിട്ടെന്താ’ എന്ന് പറഞ്ഞതായിരുന്നു ഉമ്മ. ഇപ്രാവശ്യം ഉമ്മയും നന്നാവാൻ തീരുമാനിച്ചിരിക്കുന്നു.

കുഞ്ഞിപ്പാടെ പടിക്കലത്തിയപ്പോൾ ആകെ കൂടെ നാലും മൂന്നും ഏഴു പേരുണ്ട്, വേല കാണാൻ. മുൻപൊന്നും നിൽക്കാൻ പോലും സ്ഥലണ്ടാവാത്ത സ്ഥാനത്താണിങ്ങനെ. അമ്മായിമാരോ മക്കളോ മരുമക്കളോ വന്നിട്ടില്ല. അവിടുള്ളവർ തന്നെ വീടിനുള്ളിൽ ഇരിക്കുന്നു. ഇതിനിടയിൽ എന്നെ കണ്ടതും ഒരു കുഞ്ഞിമ്മ ഓടി വന്നു, “എന്തമ്മാ വയ്യായ ഒന്നൂല്ലല്ലോ, ഇത്താദാർ ഒന്നൂല്ലാത്ത കാരണം ഞാനും വര്ണില്ലാന്ന്‌ വെച്ചതാടീ, പിന്നെ കൊട്ട്ണ ഒച്ച കേട്ടപ്പോ ഇരിപ്പുറക്കാണ്ട് വന്നതാ മോളേ.”
അടുത്ത വർഷം ആകുമ്പോഴേക്കും ഇങ്ങളും വരലുണ്ടാവില്ല എന്ന് ഞാനുള്ളിൽ പറഞ്ഞു.

നെറ്റിപ്പട്ടങ്ങൾ ചാർത്തി, വെഞ്ചാമരചന്തങ്ങൾ വിടർത്തി, വാലാട്ടി, ചെവികളാട്ടി നിൽക്കുന്ന ഏറെ വലിയ കറുത്ത ഏകാന്തതകളെ കപ്ലങ്ങയാട്ടമ്മയ്ക്ക് മുന്നിൽ എഴുന്നെള്ളിക്കാറില്ല.
അശ്വതിവേലയുടെ അന്നും ഭരണി നാളിലുമായി നൂറുകണക്കിന് തിറകളും മൂക്കഞ്ചാത്തന്മാരും പൂതൻമാരും കരിങ്കാളികളും തെയ്യങ്ങളും അവതാരങ്ങളുമാണ് ആ സന്നിധിയിലേക്ക് ഒഴുകിയെത്തുക. പണ്ട് സമുദായങ്ങളുടെ വകയായും, തറവാട്ടു വക നേർച്ചകളായും മാത്രമായിരുന്നു എഴുന്നെള്ളിപ്പെങ്കിൽ ഇന്നത് രാഷ്ട്രീയകക്ഷികളുടെ കൊടികളുടെ നിറങ്ങളിലും കൂടെയായിരിക്കുന്നു.

ഇതിനിടയിലെപ്പോഴോക്കെയോ മനസ്സ് പഴയ കാലത്തിലേക്ക്‌ തിരിഞ്ഞുനിന്നു. പെരുന്നാളു വരുന്നതിനേക്കാൾ സന്തോഷമായിരുന്നു ഒരു കാലത്ത് ഭരണി. കലണ്ടർ കിട്ടിയാൽ ആദ്യം നോക്കുന്നത് കപ്ലയങ്ങാട് ഭരണി എന്നാണ് എന്നായിരുന്നു. പിന്നെ കാത്തിരിപ്പാണ്. വാങ്ങിക്കേണ്ട കുപ്പിവളകളുടെ നിറങ്ങൾ പോലും മനസ്സിൽ കുറിച്ചിട്ടുണ്ടാകും. വീട്ടിലും, മതഭേദമെന്യേ ചുറ്റുവട്ടത്തുള്ള മറ്റെല്ലാ വീടുകളിലും വിരുന്നുകാർ നിറയും. നെയ്‌ച്ചോറിന്റെയും പോത്തിറച്ചിയുടെയും മണം അടുക്കളഭാഗങ്ങളിൽ നിന്നുയർന്ന്‌ കുംഭവെയിലിൽ കലരും. ചെട്ടിച്ചികൾ തുണികളിൽ പൊതിഞ്ഞ കുപ്പിവളകൾ നിറച്ച കൊട്ടകൾ തലയിലേറ്റി വീടുകൾ തോറും കേറിയിറങ്ങും. കുറത്തികൾ തോളിൽ തത്തമ്മക്കൂടും, ശിവപാർവതിപരമേശ്വരൻമാരുടെ ചീട്ടുകളുമായി കൈനോക്കി ലക്ഷണം പറയാൻ വരും. നാഴി അരിക്കും ഒരുമുറി തേങ്ങക്കും പകരമായി പത്തുവയസ്സ്കാരീടേം പതിനേഴുവയസ്സുകാരീടേം കൈകൾ ഒരുപോലെ പിടിച്ച്, ഉപ്പഉമ്മമാർക്ക് പിരിശപ്പെട്ട മോളാണ്, മൂക്കത്താണ് ശുണ്ഠിച്ചാലും ചങ്ക് തെളിഞ്ഞ പെണ്ണാണ്, പഠിക്കാനിള്ള യോഗണ്ട്, അറബിക്കടൽ കടന്നാണ് പുത്യാപ്പിള എത്താ എന്നെല്ലാം കോലായകളിലിരുന്ന് ഈണത്തിൽ ചൊല്ലും. നായാടികൾ ഇല്ലംകെട്ടിയും പുത്തിരിച്ചുണ്ടയുടെ വേരും മറ്റുമായി പടിക്കൽ വന്ന് ആർപ്പ് വിളിക്കും. പിന്നെ, വറ്റിത്തുടങ്ങിയ കുളത്തിന്റെ വങ്കുകളിലൊളിച്ച ആമകളെ തേടി, കയ്യിലെ വടിയുമായി, കല്ലും മുള്ളും വകവെക്കാതെ കുളത്തിലേക്കിറങ്ങും.

നാല് മണി ആകുമ്പോഴേക്കും, അമ്പലവഴിക്കിരുവശമുള്ള പറമ്പുകളിലെല്ലാം സ്ത്രീകളും കുട്ടികളും നിറയും. കുട്ടികളെ ലാക്കാക്കി ബലൂൺ, പീപ്പി, ഐസ്, ചോന്ന മിട്ടായി, കടല കച്ചവടക്കാർ പീപ്പിയൂതും. പറയാത്ത വാക്കുകളുടെ മധുരമൂറും മുള്ളുകൾ കണ്ണുകളിലൊളിപ്പിച്ച്, അനേകം മനസ്സുകൾ ഇഷ്ടം കൈമാറും.

ചെറിയ ഒരമ്പലം ആയിരുന്നു അന്ന്. ആൽമരവും കുങ്കുമമരവും ഓർമയിലുണ്ട്. എല്ലാ തട്ടകങ്ങളിലെയും തിറകളും മൂക്കഞ്ചാത്തൻമാരും എത്തീട്ടെ, അമ്പലത്തിന് ചുറ്റും ഒരുമിച്ചുള്ള പ്രദക്ഷിണം വെക്കൂ. ആ നേരമാകുമ്പോഴേക്കും ഏതെല്ലാമോ പറമ്പുകൾ ചാടിക്കടന്ന്, ഞങ്ങൾ അമ്പലപറമ്പിന്റെ അതിരിൽ എത്തിയിട്ടുണ്ടാവും. തട്ടിന്മേൽ കളി നടക്കുന്നുണ്ടാകും ഒരു വശത്ത്. തിറകളും മൂക്കഞ്ചാത്തന്മാരെയുമാണ് എനിക്കെന്നുമിഷ്ടം. അരമണികൾ കിലുക്കി, കാൽചിലമ്പിട്ട് തിറകൾ പ്രത്യേക താളത്തിൽ ചുവടുവെക്കുന്നതും മൂക്കഞ്ചാത്തന്മാർ ഭഗവതിക്ക് മുന്നിൽ ഉറഞ്ഞുതുള്ളുന്നതും! അമ്പലത്തിന് ചുറ്റും ഒരു ദേശത്തിന്റെ പുരുഷാരം പ്രദക്ഷിണം വെക്കുന്ന ദൃശ്യം കാണുന്നത് വലിയ ആവേശം തന്നെയായിരുന്നു. വലയം വെച്ച് കഴിഞ്ഞാൽ തിറകൾ ക്ഷീണിച്ച കാൽവെപ്പുകളോടെ, അരമണികളും കാൽ ചിലമ്പുകളും കിലുക്കി പാടവരമ്പിലൂടെ പതിയെ നടന്നകലും. അപ്പോഴേക്കും, ചുവന്നുതുടുത്ത മാനത്തിന്റെ അരികുകളിൽ നിന്നും ഇരുട്ടുപരക്കാൻ തുടങ്ങിയിരിക്കും. ചിലപ്പോഴൊക്കെ, വേനൽമഴയുടെ ആദ്യതുള്ളികൾ തിളച്ചുമറിഞ്ഞ മണ്ണിനെ തൊടാറുമുണ്ടായിരുന്നു.

രാത്രി എല്ലാവരും കൂടെ അമ്പലപ്പറമ്പിന്റെ മുന്നിലെ പാടത്തെ കച്ചോടപ്പുരകളിലും പ്രദർശനവേദികളിലും പോകും. ആണ്ടിലൊരിക്കൽ മാത്രം കാണാൻ കഴിയുന്ന അത്ഭുതലോകമായിരുന്നു അത്. അന്നൊന്നും ലുലുമാളും ശോഭാസിറ്റിയും ഇല്ലാതിരുന്നത് എത്ര ഭാഗ്യമായി! മാജിക്കും മരണക്കിണറും ചെറിയതോതിലുള്ള സർക്കസും പാമ്പ്മേളയും ഒക്കെ ആദ്യായി കണ്ടത് അവിടെ നിന്നായിരുന്നു. മരണക്കിണറിനുള്ളിൽ ബൈക്കോടിച്ച പെണ്ണിനെ വീർപ്പടക്കി കണ്ട്‌നിന്ന രംഗം ഇന്നലെയെന്ന പോലെ. തീരെ ചെറുതിലെപ്പോഴോ ഒരിക്കൽ മാത്രമേ നാടകം കാണാൻ പോയിട്ടുള്ളൂ, അതും ഒരുപാട് വാശിപിടിച്ചതിനു ശേഷം.

ട്യൂബ് ലൈറ്റിലും ഗ്യാസ് ലൈറ്റിലുമൊക്കെ വളകളും മാലകളും മറ്റും തിളങ്ങുന്നത് നോക്കിക്കാണാനേ അന്ന് സമ്മതിക്കൂ. പിരിച്ചലിന്റെ അന്നേ സാധനങ്ങൾ വാങ്ങിക്കൂ.
നാലാം ദിവസം കച്ചവടം മതിയാക്കി പോകുമ്പോൾ, ലാഭത്തിൽ കിട്ടുമെന്നാണ് വെപ്പ്.

പച്ചവാങ്ങിയാൽ ചുവപ്പ് വേണമെന്നും, ചുവപ്പ് വാങ്ങിയാൽ നീലവേണമെന്നും, പ്ലെയിൻ വാങ്ങിയാൽ സ്കൈലാബ് വേണമെന്നും തോന്നി, എത്ര കുപ്പിവളകളിട്ടാലും മത്യാവാത്ത കാലം. ഒരു ചിരട്ടമോതിരം, കല്ലുള്ള ഒന്നോ രണ്ടോ മോതിരം, കല്ല്‌മാല, മീനിന്റെയോ ആപ്പിളിന്റെയോ മാങ്ങയുടെയോ ആകൃതിയിലുള്ള പെയിന്റടിച്ച മണ്ണിന്റെ ഒരു കാശുംകുടുക്ക, അത്രയൊക്കെയേ എനിക്ക് വേണ്ടൂ. ആകെക്കൂടെ ആണ്ടിലൊരിക്കൽ അർമാദിച്ച് നടത്തുന്ന ഒരു ഷോപ്പിംഗ്‌ ആണ്. പേൻചീപ്പോ, ഈരോലിയോ, കത്തിയോ, മുറമൊ, കണ്ണൻമീനോ ഒക്കെയാണ് ഉമ്മ വാങ്ങിക്കാ. പൊരി, ഈത്തപ്പഴം, അലുവ, ആറാംനമ്പർ, ഉഴുന്ന് വട, പിന്നെ ഒരു ചക്കരമത്തയും രണ്ടോ മൂന്നോ കരിമ്പും വീട്ടിലേക്ക്. ഒപ്പം വിരുന്നുകാർക്ക് കൊടുത്തയക്കാനുള്ളത് വേറെയും വാങ്ങും.

അതിനിടയിൽ ഉമ്മാടെ നാടായ ചിറയങ്കാട് നിന്ന് അടകുത്തിപുഴുങ്ങാൻ വന്നവർ, സഞ്ചിയിൽ നിന്ന് സ്നേഹത്തോടെ കൂമ്പാളയപ്പം നീട്ടും. വട്ടംപറമ്പിൽ ലക്ഷ്മിക്കുട്ടി, തണ്ടാൻ പറമ്പിൽ കുഞ്ഞുമൊയ്തു, കിഴക്കേപ്പാട്ടയിൽ ജാനകി, മാർചാട്ടിൽ സുലൈഖ…. അമ്പലത്തിലെ മൈക്കിലൂടെ വെടിവഴിപാട് ലിസ്റ്റിലെ പേരുകൾ മുഴങ്ങും.

ബാല്യത്തിലെയും കൗമാരത്തിലെയുമൊക്കെ പല ഓർമകളും അങ്ങനെയാണ്. ഓർക്കുന്തോറും മിഴിവേറുന്നവ.

തിരികെ വീടെത്തിയിട്ടും ഞാൻ കൂട്ടക്കാർക്കിടയിൽ വന്ന മാറ്റം ആലോചിക്കുകയായിരുന്നു.
ഒരു കാലത്ത്, പുലർച്ചെയുള്ള താലം കാണാൻ പോലും അലാറം വെച്ചുണർന്ന്‌ രണ്ട് മണിക്കും മൂന്നു മണിക്കും വേലിക്കൽ ചെന്ന് നിന്നിരുന്ന ആൾക്കാരാണ്. എന്താണിവരൊക്കെ ഇങ്ങനെ മാറിയത് ? ഇതിൽ നിന്നൊക്കെ പിന്തിരിയേണ്ടതുണ്ട് എന്ന സ്വന്തമായ തോന്നലിൽ നിന്നാണോ ? മറ്റു മതക്കാരുടെ ആഘോഷങ്ങളിൽ പങ്കെടുക്കുന്നതും കാണുന്നതും അതിലേക്ക് സംഭാവന ചെയ്യുന്നതും നിഷിദ്ധമാണെന്ന് മതപഠനക്ലാസ്സുകളിൽ അവരോടെങ്ങാനും ആവർത്തിച്ച് പറയുന്നുണ്ടാവുമോ? എങ്കിൽ ഒരുകാലത്ത് ഉത്സവങ്ങളെ വല്ലാതെ നെഞ്ചിലേറ്റിയ നമ്മുടെ പൂർവികരെല്ലാം മോശക്കാരായിരുന്നോ?

ഒരു അടിയുറച്ചവിശ്വാസി ഇത്തരം കാര്യങ്ങളിൽ ബേജാറാവില്ല എന്നാണ് എന്റെ തോന്നൽ. അവന്റെ വിശ്വാസത്തിൽ അവന് തീർപ്പുണ്ട്. ദൈവം അത് മനസ്സിലാക്കിയിട്ടുമുണ്ടാവും. നിഷ്ക്കളങ്കമായി മറ്റുള്ളവരുടെ ഉത്സവാഘോഷങ്ങളിൽ പങ്കു ചേരുന്നത് തനിക്കെതിരായ ഗൂഢനീക്കമാണെന്ന് നീതിമാനും സർവ്വജ്ഞനും ഉദാരമതിയുമായ ദൈവം തെറ്റിദ്ധരിച്ചേക്കുമെന്ന വിചാരം എന്തൊരു ഭോഷത്തമാണ്! ഹൃദയത്തിന്റെ ഉള്ളറകളിൽ ഒളിപ്പിച്ചവ പോലും കാണുന്നവനാണല്ലോ അവൻ!!

കാളി, തിറ, ചാത്തൻ, പൂതം തുടക്കിയ രൂപങ്ങളെ കാണുന്നത് നിഷിദ്ധമെങ്കിൽ സിനിമ കാണലും ടിവി കാണലും നിഷിദ്ധമല്ലേ ? വിവാഹാഘോഷങ്ങൾക്കിടയിൽ ഏറി വരുന്ന ചടുല നൃത്തങ്ങളും ഗാനമേളയുമൊക്കെ നിഷിദ്ധമല്ലേ? ഇനി അതും ഉപേക്ഷിച്ചെന്നിരിക്കട്ടെ, ബഹുസ്വരസമൂഹമായ കേരളമണ്ണിൽ, ഇത്തരം എല്ലാ നിഷിദ്ധകാഴ്ചകളും കേൾവികളും വേണ്ടെന്നു വെക്കാനാവുമോ ? സാങ്കേതികമായും, വിദ്യാഭ്യാസപരമായും മുന്നേറിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഭർത്താവിനെയോ സഹോദരനെയോ മക്കളെയോ ഇതിനേക്കാൾ നിഷിദ്ധമെന്ന് തോന്നിയേക്കാവുന്ന, അവരുടെ വിരൽതുമ്പിൽ വിരിയുന്ന കാഴ്ചകളിൽ നിന്ന് പിന്തിരിപ്പിക്കാനോ നിയന്ത്രിക്കാനോ കഴിയുമോ ?

മൂന്നോ നാലോ അല്ലെങ്കിൽ പതിനഞ്ചോ ഇരുപതോ വർഷങ്ങളുടെ ഒരു കോഴ്സ് അല്ലല്ലോ ജീവിതം, സകലവിചാരവികാരങ്ങളും ഒരു പ്രത്യേകകാലയളവിൽ കുഴിച്ചുമൂടി കഴിഞ്ഞുപോവാൻ. കൂട്ടു കൂടാതെ, ആഘോഷങ്ങളിൽ പങ്കെടുക്കാതെ, ആനന്ദിക്കാതെ വൃഥാ പാപചിന്തകളും ഭയങ്ങളും മാത്രം പേറിയുള്ള ഒരു ജീവിതം സത്യത്തിൽ മതം അടിച്ചേൽപ്പിക്കുന്നില്ല. ജീവിതകാലം മുഴുവൻ മനുഷ്യസഹജമായ തോന്നലുകളെല്ലാം വല്ലാതെ അടിച്ചമർത്തിവെക്കുമ്പോൾ, അവിടെ നിന്നും, അങ്ങാടികളിലും ദേവാലയങ്ങളിലും നഴ്സറി സ്കൂളുകളിൽ പോലും ദൈവത്തിന്റെ മഹത്വം ഉറക്കെ വിളിച്ചുപറഞ്ഞു കൊണ്ടു തന്നെ, സ്വയം പൊട്ടിത്തെറിച്ച് നിരപരാധികളെ ചുട്ടെരിക്കുന്ന ചാവേറുകളിലേക്കുള്ള ദൂരം വളരെ കുറഞ്ഞു പോകുന്നുവോ എന്നെനിക്ക് ഭയം തോന്നാറുണ്ട്.

പല കുടുംബങ്ങളിലും മക്കൾ വിദേശത്തും മാതാപിതാക്കൾ വീട്ടിൽ ഒറ്റയ്ക്കുമാണ്. ഭക്ഷണം വെച്ചും തിന്നും ഉറങ്ങിയും പ്രാർത്ഥിച്ചും എത്ര ദിവസങ്ങൾ നീക്കും? എന്തൊക്കെയോ വിഷാദങ്ങൾ, മൗനങ്ങൾ അവർക്കുള്ളിൽ കൂടു കൂട്ടുന്നുണ്ടാവില്ലേ? മതിലുകൾ കെട്ടിപ്പൊക്കി രോഗാതുരമായ ഏകാന്തതയിലേക്ക് കൂപ്പ് കുത്തുന്നതിനു പകരം മനസ്സിന്റെ വാതിലുകൾ കുറച്ചൊക്കെ തുറന്നിടുന്നതായിരിക്കില്ലേ നല്ലത്? അവനവന്റെ വീട്, കുട്ടികൾ, മതം, വിശ്വാസം എന്നതിനപ്പുറമുളള മനസ്സിന്റെ വിശാലത, ഫലത്തിൽ സമൂഹത്തിനും നാടിനും ഗുണമായിരിക്കില്ലേ ?

വെറുതെ ഓർത്തു പോയി.
അത്ര മാത്രം.

Comments
Print Friendly, PDF & Email

You may also like