രാത്രി ഉണർന്നി-
രിക്കുമ്പോള്‍ കേള്‍ക്കാം
ഇരുട്ട് പെയ്യുന്നത്,
പക്ഷികളുറങ്ങുന്നത്,
ഭാരതം നാരികളെ കശാപ്പ് ചെയ്യുന്നത്…!
മരത്തണലില്‍
ഇളവേല്‍ക്കുമ്പോള്‍ കേള്‍ക്കാം
വേരുകള്‍ വെള്ളം കോരുന്നത്,
ഇലകള്‍ ആഹാരം പാകം ചെയ്യുന്നത്,
ജീവന്റെ പരസ്യവാചകമാകാന്‍
മരം എഴുതി-
വായിക്കുന്ന സത്യവാങ്മൂലം…!
നിന്നെ ഓർമ്മിക്കുമ്പോള്‍ കേള്‍ക്കാം
പൂക്കള്‍ ചിരിക്കുന്നത്,
മിന്നാമിന്നികള്‍ കവിത മൂളുന്നത്,
മഴയും കാടും കാട്ടാറും
ഉടമ്പടികളില്‍
മല്‍സരിച്ചൊപ്പു വയ്ക്കുന്നത്…!
കവിതയെഴുതുമ്പോള്‍ കേള്‍ക്കാം
കാലം കീറിപ്പറിയുന്നത്,
ഗ്രഹങ്ങള്‍ക്ക് ഭ്രാന്തുപിടിക്കുന്നത്,
ഭൂമി അപ്പൂപ്പന്താടിപോലെ
കവിതയിലൂടെ ഒഴുകിനടക്കുന്നത്…
ജീവന്റെ പരസ്യ-
വാചകത്തിന്‍ നിന്നും
മനുഷ്യനെ
പ്രകൃതി മാറ്റിവായിക്കുന്നത്…!
Comments
സ്വദേശം കോട്ടയം,
കേരള പൊതു ഭരണ വകുപ്പിൽ ജോലി.