പൂമുഖം OPINION വ്യക്തികള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന രാഷ്ട്രീയ ബോധം

വ്യക്തികള്‍ക്ക് പിന്നില്‍ അണിനിരക്കുന്ന രാഷ്ട്രീയ ബോധം

ഴിഞ്ഞ ലോകസഭ തെരഞ്ഞെടുപ്പ് മുതല്‍ കുറെ മാസങ്ങളോളം പ്രിന്‍റ് – ഇലക്‌ട്രോണിക് നവമാധ്യമങ്ങളിലൂടെ നമ്മള്‍ നിരന്തരം കേട്ടുകൊണ്ടിരുന്ന ഒരു പ്രയോഗമാണ് ‘മോദിതരംഗം’. അത് ഉണ്ടായത് ഏതു വിധേനയായിരുന്നു ,അതെത്രത്തോളം പ്രയോജനപ്രദമായിരുന്നു എന്നൊക്കെയുള്ള വിഷയങ്ങളില്‍ പല അഭിപ്രായങ്ങളുണ്ടാകാം. പക്ഷേ അങ്ങനെയൊന്ന് ഉണ്ടായിരുന്നില്ലെന്ന് പറയുന്നത് വാസ്തവവിരുദ്ധമായിരിക്കും. ആ ഒരു തരംഗത്തിന്‍റെ ഫലമായിട്ടാണ് രാജ്യവ്യാപകമായി ബി.ജെ.പി.ക്ക് അനുകൂലമായ വിധിയെഴുത്ത് നടന്നത്.ഇപ്പോള്‍ ഉച്ചമയക്കത്തില്‍ പറയുന്ന പിച്ചും പേയും പോലെ വല്ലപ്പോഴും മാത്രം എതെന്കിലും വായില്‍ നിന്ന് വീഴുന്നതൊഴിച്ചാല്‍ ആ പ്രയോഗം തീരെ കേള്‍ക്കാതായിരിക്കുന്നു.
എന്തായാലും രാഷ്ട്രീയത്തിലെ പല പ്രതിഭാസങ്ങളില്‍ ഒന്നാണ് വ്യക്തികള്‍ക്ക് പിന്നില്‍ അണിനിരക്കാന്‍ പ്രേരിപ്പിക്കുന്ന രാഷ്ട്രീയബോധം. ഇത് തന്നെ രണ്ടു തരത്തിലാണ് രൂപപ്പെടുന്നത്. ഒന്ന്‍, ചില വ്യക്തികളുടെ ഉള്ളിലെ നന്മയുടെ ഫലമായിട്ടുണ്ടാകുന്നതാണ്. ആ നന്മ ആ വ്യക്തികളുടെ പ്രവര്‍ത്തികളിലൂടെ മെല്ലെ പരക്കുന്നു. ചുറ്റിലുമുള്ള ചെറിയ ചെറിയ കൂട്ടായ്മകള്‍ ആ വ്യക്തികളോടൊപ്പം പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകുന്നു. ഇതാണ് രാഷ്ട്രീയേതര സാമൂഹിക മണ്ഡലങ്ങളിലെ നേതൃത്വങ്ങളില്‍ കാണപ്പെടുന്നത്. ഇത് തികച്ചും സ്വാഭാവികമാണ്-ജൈവികവുമാണ്.
എന്നാല്‍ രണ്ടാമാത്തേത് ‘എഞ്ചിനീയേഡ്’ അഥവാ കൃത്രിമമായി ഉണ്ടാക്കിയെടുക്കുന്നതാണ്. ആദ്യം നാം കണ്ട സാമൂഹ്യനേതാവിനെ പോലെ തോന്നിപ്പിക്കാന്‍ വേണ്ട പല ചേരുവകളെയും ഇതില്‍ വിളക്കി ചേര്‍ക്കുകയാണ് ചെയ്യുന്നത്. രാഷ്ട്രീയത്തെരുവിന്‍റെ വക്കത്തെ മരുന്നുവില്‍പ്പനക്കാരനായി അയാള്‍ സ്വയം അവതരിക്കുന്നു. എന്നിട്ട് ആദ്യം ചില ചെപ്പടിവിദ്യകള്‍ കാണിക്കുന്നു. രാഷ്ട്രീയത്തിന്‍റേതായ കണ്‍കെട്ട്, ആള്‍മാറാട്ടം, കൈയടക്കം മുതലായ തന്ത്രങ്ങള്‍ പലതും തികഞ്ഞ കൌശലത്തോടെ, തെരഞ്ഞ്പിടിച്ച് വേണ്ടത് പോലെ ആസൂത്രണം ചെയ്താണ് അവതരിപ്പിക്കുക, അതിന്‍റെ ഭാഗമായി സാധാരണക്കാരന്‍റെ ഉള്ളില്‍ എവിടൊക്കെയോ ചെന്നുതട്ടുന്ന ചില മുദ്രാവാക്യങ്ങള്‍ പടച്ചുണ്ടാക്കുന്നു. സമൂഹത്തില്‍ തങ്ങള്‍ക്ക് പ്രയോജനം ചെയ്യാന്‍ ഉതകുന്ന രീതിയില്‍ വൈകാരികമായ ചലനം സൃഷ്ടിക്കാന്‍ പോന്ന ചില സംഭവങ്ങള്‍ രഹസ്യമായി നടത്തിയെടുക്കുന്നു. ഒപ്പം പലയിടങ്ങളില്‍ നിന്നും തങ്ങളുടെ ഇംഗിതത്തിനു ചേരുന്ന ഉദ്ധരണികള്‍ തപ്പിയെടുത്ത് അവസരം പോലെ പ്രയോഗിക്കുന്നു. സംഭവത്തില്‍ ഇരയായവരെന്നു തോന്നിക്കുന്ന ചിലരുടെയോ അവരുടെ സാമുദായിക നേതൃത്വങ്ങളുടെയോ ചില വാചകങ്ങള്‍ പൊടിപ്പും തൊങ്ങലും വെച്ച് ഇടക്കിടയ്ക്ക് തിരുകുകയും ചെയ്യും.
മൊത്തത്തില്‍ പറഞ്ഞാല്‍ കപടതന്ത്രത്തിലൂടെ ഒന്നാമത്തെ തരത്തില്‍ പെട്ട നന്മയുള്ള നേതാവിനെ കവച്ചുവെയ്ക്കുന്ന ഒന്നാംതരം നേതാവിന്‍റെ പ്രതിച്ഛായ സൃഷ്ടിക്കുന്നതില്‍ ഇത്തരക്കാര്‍ കുറച്ചു കാലത്തേയ്ക്ക് ഗംഭീരമായി വിജയിക്കുന്നു. എന്നാല്‍ ഇത് കുറച്ചു കാലത്തേയ്ക്ക് മാത്രമാണ്. കാരണം ഇവര്‍ നേടുന്ന പ്രചാരണത്തിന്‍റെ ഭാഗമായി മാധ്യമങ്ങളില്‍ ഇവര്‍ നിറഞ്ഞു നില്‍ക്കുന്നതിനാല്‍ പല സന്ദര്‍ഭങ്ങളിലുമുള്ള ഇവരുടെ ഓരോ ചലനവും ഇഴകീറി പരിശോധിക്കുവാനുള്ള അവസരന്മാണ് എതിര്‍ ചേരിയിലുള്ളവര്‍ക്ക് ലഭിക്കുന്നത് സാമാന്യബുദ്ധിയുള്ള ഏതൊരു മനുഷ്യനും മനസ്സിലാക്കാവുന്ന വിധത്തില്‍ അവര്‍ അതിനെ മാധ്യമ ചര്‍ച്ചകളിലും പൊതുസദസ്സുകളിലും തുറന്നുകാട്ടുക കൂടി ചെയ്യുന്നതോടെ ഇവരുടെ ചെമ്പ് തെളിയുകയായി.
എന്നാല്‍ അപ്പോഴും ഇവരെ പിന്തുണയ്ക്കാന്‍ തങ്ങളുടേതായ കാരണങ്ങള്‍ കണ്ടെത്തുന്ന രാഷ്ട്രീയ തിമിരരോഗികള്‍ ഉണ്ടാവും എന്ന സത്യം മറക്കരുത്. അവര്‍ നിരന്തരം അവരുടെ അപദാനങ്ങള്‍ പാടിക്കൊണ്ടിരിക്കും. അന്യരാഷ്ട്രീയ കക്ഷികളിലെ നേതാക്കളോ സ്വന്തം രാഷ്ട്രീയ കക്ഷിയിലെ എതിര്‍ ഗ്രൂപ്പുകളോ ഉയര്‍ത്തുന്ന വിമര്‍ശനങ്ങളെ തൊടുന്യായങ്ങള്‍ നിരത്തി പ്രതിരോധിക്കാന്‍ അവര്‍ ശ്രമിച്ചുകൊണ്ടേയിരിക്കും.
അപ്പോഴൊക്കെ ഈ പ്രതിഭാസത്തെ കുറിച്ച്, നമ്മള്‍, സാമാന്യജനം ഓര്‍ക്കേണ്ടതുണ്ട്. കാരണം ഖജനാവുകള്‍ നിറയ്ക്കുന്നത് നമ്മളാണ്.
നേതാക്കളല്ല, അവര്‍ ഖജനാവ് കാലിയാക്കുന്നവരാണ്. ജനനന്മയെന്ന ലക്‌ഷ്യം ഹൃദയത്തിലുള്ള നേതാക്കള്‍ അവരുടെ പ്രവൃത്തികളിലൂടെയും വ്യക്തമായ നയങ്ങളിലൂടെയും ജനോന്മുഖമായ നടപടികളിലൂടെയും ഖജനാവ് കാലിയാക്കിയെങ്കില്‍ അത് നമുക്ക് മനസ്സിലാക്കാം. കാരണം, അത് സ്വയം ജ്വലിച്ചു നില്‍ക്കുമ്പോള്‍ മെഴുകുതിരി ഇല്ലാതാകുന്നത് പോലെയാണ് എന്നാല്‍ കപട നേത്രുത്വങ്ങള്‍, കിട്ടിയ ഭരണകാലത്ത് നമ്മുടെ ഖജനാവ്‌ കൊള്ളക്കാര്‍ക്കായി തുറന്നുകൊടുക്കുന്നത് ജനവഞ്ചനയാണ്‌.രാജ്യദ്രോഹമായി അതിനെ കണക്കാക്കിയാല്‍ നമുക്ക് ആരെയും കുറ്റപ്പെടുത്താനാകില്ല.

Comments
Print Friendly, PDF & Email

വൈക്കം സ്വദേശി. ബ്രൂണേയിൽ സാങ്കേതിക വിദ്യാഭ്യാസവകുപ്പിൽ ജോലി ചെയ്തിട്ടുണ്ട്. സോഷ്യൽ നെറ്റ്‌വർക്കിൽ സജീവമായി എഴുതുന്നു

You may also like