ലേഖനം

പെൺമയുടെ നിലവിളികൾ 

ത്തിരിപ്പോന്ന കേരളത്തിന്റെ വിവിധ പ്രദേശങ്ങളിൽ ജീവിക്കാനും പൊതു വഴികളും യാത്രാ സൗകര്യങ്ങളും ഉപയോഗിക്കാനും വിധിക്കപ്പെട്ട ഒരു സ്ത്രീ എന്ന നിലയിൽ എന്റെ ഏറ്റവും വലിയ സ്വപ്നം ഞാൻ തിരിച്ചറിയുന്നു. ഈ വഴികളിലൂടെ ഭയമോ ഉത്കണ്ഠയോ ഇല്ലാതെ വെറുതെയങ്ങു സഞ്ചരിക്കാനാവണം.. കഴിഞ്ഞ നാലു പതിറ്റാണ്ടുകളായി ഞാനീ സ്വപ്നം കണ്ടു കൊണ്ടേയിരിക്കുന്നു.. വിദൂരമായ ഗ്രാമ ജീവിതത്തിലെ ഇരുളും നിഴലും പരന്ന നാട്ടിടവഴികളേക്കാൾ വിശാലമായ പറമ്പുകളേക്കാൾ പേടിക്കേണ്ടവയാണ് നഗരവീഥികളെന്നും പൊതുവഴിയിൽ പെണ്ണുങ്ങൾ ആരെയും വിശ്വസിക്കരുതെന്നും ഉള്ളൊരു പാഠം ആദ്യം പഠിപ്പിച്ചത് കയ്യും തലയും പുറത്തിടരുത് എന്ന സിനിമയാണ്.. അന്നു ആ സിനിമ ഏല്പിച്ച ആഘാതം ഓരോ ബസ് യാത്രയെയും ജാഗരൂഗമാക്കുന്ന മരുന്നായി മാറി… തിരക്കേറിയ ബസിൽ കോളേജിൽ പോയിത്തുടങ്ങിയ പ്രീഡിഗ്രിക്കാലത്ത് സീനിയർ ചേച്ചിമാർ തരുന്ന മുഖ്യ ഉപദേശം സെഫ്റ്റി പിൻ, ഹൈഹീൽഡ് ചെരിപ്പ് എന്നിവയൊക്കെ എങ്ങനെ വിദഗ്ദ്ധമായി ഞരമ്പുരോഗികളിൽ പ്രയോഗിക്കാം, റെക്കോർഡു ബുക്ക് എപ്രകാരം മുലകൾക്കുള്ള കവചമാക്കാം എന്നതൊക്കെയായിരുന്നു.. പ്രഖ്യാത ഞരമ്പുകളെ കാട്ടിത്തരാനും അവർ മടിച്ചിട്ടില്ല.. എന്തായാലും സെഫ്റ്റി പിൻ, മുളകുപൊടി, പിച്ചാത്തി മുതലായവ ഉൾപ്പെടെയുള്ള ആയുധങ്ങളുമേന്തി നീണ്ടു വരുന്ന കൈകാലുകളെക്കുറിച്ചുള്ള ജാഗ്രതയുമായി നടത്തേണ്ട ഒരു യജ്ഞമാണു പെണ്ണിനു ബസ് യാത്ര എന്ന മട്ടിലുള്ള സദാചാര ബോധവല്കരണ ക്ലാസുകൾ പോലും കേട്ടിട്ടുണ്ട്.. കഴിവതും പെണ്ണുങ്ങൾ തനിച്ചു പുറത്തു പോകരുത്. പോയാൽ തന്നെ രാത്രിയാകും മുന്നെ വീട്ടിലെത്തണം.. അസമയത്തു സഞ്ചരിക്കുന്ന പെണ്ണിനെ കയ്യേറ്റം ചെയ്യാൻ ആർക്കും അധികാരമുണ്ടെന്ന മട്ടിലുള്ള പരാമർശങ്ങൾ എത്രയേറെ കേട്ടിരിക്കുന്നു.. നാലു പതിറ്റാണ്ടുകൾ കൊണ്ട് ഈ ജല്പനങ്ങൾ കൂടിയതല്ലാതെ കുറഞ്ഞിട്ടില്ല.

വിദ്യാഭ്യാസത്തിലും തൊഴിലിലും സ്ത്രീകൾ ഏറെ മുന്നിലെത്തിയിട്ടും പൊതു ഇടങ്ങളും സുരക്ഷിത ബോധവും ദിനംപ്രതി അവൾക്കു നഷ്ടമാകുന്ന അവസ്ഥയാണുള്ളത്.സമീപ വർഷങ്ങളിൽ സ്ത്രീ പ്രശ്നങ്ങൾ സജീവ ചർച്ചയാവുകയും സ്ത്രീ സുരക്ഷ മുൻനിർത്തി ഒട്ടേറെ നിയമങ്ങൾ ഉണ്ടാവുകയുമുണ്ടായി. പക്ഷേ സ്ത്രീ സുരക്ഷ ഇന്നും ഒരു ചോദ്യചിഹ്നമായി അവശേഷിക്കുന്നു.. ഇതിന്റെ സാംസ്കാരിക കാരണങ്ങളെ മാറ്റിനിർത്തിക്കൊണ്ട് തികച്ചും തൊലിപ്പുറമെ ഉള്ള ചികിത്സയായി നിയമനിർമ്മാണം മാറുന്നു..

കേരളത്തിന്റെ ആധുനികതയെ സ്വാധീനിച്ചമൂല്യങ്ങളിൽ പ്രധാനമാണ് ക്രിസ്ത്യൻ പാപബോധവും വിക്ടോറിയൻ സദാചാരവും.കേരളത്തിലെ വിദ്യാഭ്യാസത്തിനു അലകും പിടിയും നല്കിയ ക്രിസ്ത്യൻ മിഷണറിമാരിലൂടെ ലൈംഗികത പാപമാണെന്നും അത് നിഗൂഢമാണെന്നുമുള്ള ബോധത്തിനു വേരോട്ടമുണ്ടായി.. ഇന്ത്യയൊട്ടാകെ ബ്രിട്ടീഷുകാർ നടപ്പാക്കിയ വിദ്യാഭ്യാസ പദ്ധതിയും ഏതാണ്ട് ഇതേ വിധമുള്ളതായിരുന്നു. അതിനെ പ്രതിരോധിക്കാനായിആധുനിക സാമൂഹിക സങ്കല്പം രാമൻമാരെയും സീതമാരെയും ആദർശമാക്കിയപ്പോൾ രാവണന്മാരും അഹല്യമാരും ഉപേക്ഷിക്കപ്പെട്ടു.ഏറെക്കുറെ അയഞ്ഞ വിവാഹ രീതിയും ബഹുഭാര്യാത്വവും ബഹുഭർതൃത്വവുമൊക്കെനില നിന്ന ഒരു സമൂഹം ഒരേ ഒരിണ സിദ്ധാന്തത്തെ ഇറുകെ പുണരുകയും കാമശാസ്ത്രമെഴുതിയ നാട്ടിൽ ലൈംഗികത ചർച്ച ചെയ്യാൻ കൊള്ളാത്ത വിഷയമായി പരിണമിക്കുകയും ചെയ്തു.. കേരളത്തിലാണെങ്കിൽ ഇടതുപക്ഷവും തീവ്ര ഇടതുപക്ഷവും ഇതേ നയം സ്വീകരിച്ചു.. കൂടാതെ എഴുപതെൺപതുകളിലെസിനിമ ഉൾപ്പെടെ ഉള്ള ജനപ്രിയ മാധ്യമങ്ങൾ ലൈംഗികത ആണിനു കീഴടക്കലും പെണ്ണിനു വിധിക്കപ്പെട്ട കീഴടങ്ങലുമായി അവതരിപ്പിച്ചു.. ഇങ്ങനെ സ്ത്രൈണതയെ തീരെ മാനിക്കാത്ത രതിക്രിയയിലെ സ്ത്രീ പങ്കാളിത്തത്തെ തീരെ പരിഗണിക്കാത്ത കപട ലൈംഗിക താ വ്യവഹാരങ്ങളാണ് മുഖ്യ ധാരാ മാധ്യമങ്ങളും സെമറ്റിക് മതങ്ങളും കഴിഞ്ഞ അരനൂറ്റാണ്ടിൽ വിളയിച്ചത്.. സെമറ്റിക് മതങ്ങളുടെ കേഡർ സ്വഭാവത്തെ ആന്തരിക വല്കരിച്ച നവ ഹിന്ദുത്വവും അതേ നയം തന്നെ സ്വീകരിച്ചു..

ഇന്ത്യയാകെ പടരുന്ന സദാചാര ഗുണ്ടായിസത്തിന്റെ കാരണങ്ങൾഇവയിലൊക്കെയാണു കൂടി കൊള്ളുന്നത്. നമ്മുടെ വിദ്യാഭ്യാസ രീതിയും ലിംഗവിവേചനത്തെ പ്രതിരോധിക്കാൻ പര്യാപ്തമായില്ല.

തികഞ്ഞ ലൈംഗികദാരിദ്യം അനുഭവിക്കുന്ന ഒരു സമൂഹമായി നാം മാറിക്കഴിഞ്ഞു എന്ന യാഥാർത്ഥ്യത്തെ മറച്ചു പിടിച്ച് നാം നടത്തുന്ന സദാചാര യുദ്ധങ്ങൾ ഫലം കാണില്ല എന്നതിനു തെളിവാണു സമീപകാല സംഭവങ്ങൾ.. കേരളത്തിൽ കഴിഞ്ഞ ആറുമാസത്തിനിടയിൽ ആയിരത്തോളം ബലാൽസംഗങ്ങൾ റിപ്പോർട്ടു ചെയ്യപ്പെട്ടു.നാലു മണിക്കൂറിൽ ഒരു ബലാൽസംഗം നടക്കുന്ന നഗരമാണിന്നു ദൽഹി..
കേരളത്തിലാണെങ്കിൽ സദാചാര ഗുണ്ടായിസം ഒരു വശത്തു പൊടിപൊടിക്കുമ്പോൾ സർക്കാർ വിലാസം സദാചാര ഗുണ്ടകളായി മാറിക്കഴിഞ്ഞു പിങ്ക് പോലീസ് എന്ന പെൺപോലീസ് പട..
അതിലുപരി സാർത്ഥകമായി എന്തെങ്കിലും ചെയ്യാൻ ഈ സേനക്കു കഴിയുന്നുണ്ടോ എന്നതും നികുതി ദായകരായ ജനം വിലയിരുത്തേണ്ടതാണ്. പതിനാലു സെക്കന്റ് എണ്ണി നോക്കി കേസെടുക്കലല്ല തുറിച്ചു നോട്ടത്തിനുള്ള പരിഹാരം എന്ന തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്..

ആൺ പെൺ വിനിമയങ്ങളെ എത്ര കൂടുതൽ തടയുന്നുവോ അത്രയേറെ ലൈംഗികാതിക്രമങ്ങൾ പെരുകും എന്നതാണു യാഥാർത്ഥ്യം…
അടിച്ചമർത്തപ്പെടുന്ന ലൈംഗികത ലൈംഗിക വൈകൃതങ്ങളായും ലൈംഗികാതിക്രമങ്ങളായും സമൂഹത്തിൽ പടരുകയാണ്.. വ്യക്തികളുടെ സ്വകാര്യതയും സ്വാതന്ത്ര്യവും അംഗീകരിച്ചു കൊണ്ട് ഇണ ബന്ധത്തിലെ തിരഞ്ഞെടുപ്പുകളെ അംഗീകരിക്കാനാവണം.. പ്രണയ നിരാസങ്ങൾ കൊല്ലാനുള്ള കാരണമാകുന്നത് സ്വന്തം ഇണയെ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം പെണ്ണിനുണ്ടെന്ന് അംഗീകരിക്കാനാവാത്ത മനസ്ഥിതിയുടെ ഫലമായാണ്.. തീർച്ചയായും നമ്മുടെ വിദ്യാഭ്യാസ പദ്ധതിയുടെ പരാജയം കൂടിയാണ് ഇത്തരം സംഭവങ്ങൾ കാട്ടിത്തരുന്നത്.. അതിനു പരിഹാരം പാഠ്യപദ്ധതിയിൽ നിന്നും പ്രണയകവിതകളും കഥകളും വെട്ടിമാറ്റൽ അല്ല.. പ്രണയനിരോധനവും അല്ല.. ശരിയായ പ്രണയവും ശരിയായ ലൈംഗികതയും ആണധികാരത്തിന്റെ പ്രകടനപത്രിക അല്ലെന്ന തിരിച്ചറിവ് ഉണ്ടാക്കലാണ്.. ബലാൽസംഗം പെണ്ണിനു മാനഭംഗം കൂടിയാണ്.. ആണിനു അങ്ങനെ അല്ല.. ആ ഇരട്ടത്താപ്പ് ആദ്യം മാറണം..

ഒരുപാടു കാപട്യങ്ങളുടെ അനീതികളുടെ ഒരു ചില്ലുകൂടാരം മാത്രമാണു നാം കെട്ടിപ്പൊക്കിയ ആധുനിക സമൂഹം.. അത് പെണ്ണിനു പണിയെടുക്കാനും പണമുണ്ടാക്കാനും കുടുംബം എന്നതിന്മയെ നിലനിർത്താനുമുള്ള ഇടങ്ങൾ മാത്രമേ അനുവദിച്ചു കൊടുത്തിട്ടുള്ളൂ.. അതുകൊണ്ടാണ് സ്വന്തം ശരീരം അവൾക്ക് ഏറ്റവും വലിയ കെണിയും ബാദ്ധ്യതയും ആയി മാറുന്നത്..!

Comments
Print Friendly, PDF & Email