പൂമുഖം EDITORIAL കവിതയുടെ കാർണിവൽ ( രണ്ടാം എഡിഷൻ ) – കാവ്യ പ്രേമികളുടെ പൊതു സ്വത്ത്; സ്വകാര്യ അഹങ്കാരവും

ജനുവരി 26 മുതൽ 29 വരെ പട്ടാമ്പി കോളേജിൽ നടന്ന കവിതയുടെ കാർണിവൽ രണ്ടാം പതിപ്പിനെ വിലയിരുത്തുന്നു: കവിതയുടെ കാർണിവൽ ( രണ്ടാം എഡിഷൻ ) – കാവ്യ പ്രേമികളുടെ പൊതു സ്വത്ത്; സ്വകാര്യ അഹങ്കാരവും

ാഹിത്യരൂപമേതായാലും അതുമായി ബന്ധപ്പെട്ട് ആഘോഷങ്ങൾക്കും ഉത്സവങ്ങൾക്കും പലതരത്തിലും സാംഗത്യം കൈവരാം. മുൻകാലങ്ങളിൽ ഇത് പലപ്പോഴും വർഷങ്ങളുടെ കണക്കെടുപ്പുമായി ബന്ധപ്പെട്ടോ (രചനയുടെ ഇരുപത്തിയഞ്ചാം വർഷം / അമ്പതാം വർഷം എന്നിങ്ങനെ), രചയിതാവിന്‍റെ പുരസ്കാരലബ്ധിയുമായി ബന്ധപ്പെട്ടോ, ഏതെങ്കിലും സാംസ്കാരിക സംഘടനകളോ, പ്രസാധകരോ നടത്തുന്ന സെമിനാറുകളോ വാര്‍ഷികാഘോഷങ്ങളോ ആയിരുന്നു. തികച്ചും ഉപചാരനിഷ്ഠമായ ഒരു ഘടനക്കുള്ളിൽ ഒതുങ്ങുന്ന സംവേദനമാണ് ഇത്തരം സന്ദർഭങ്ങളിൽ നടക്കുന്നത് എന്നകാര്യം സവിശേഷം പറയേണ്ടതില്ല. എന്നാൽ സാഹിത്യോത്സവങ്ങളും കാർണിവലുകളും മറ്റും ഇതിൽ നിന്ന് വ്യത്യസ്‍തമായി നിന്നുകൊണ്ടാണ് എഴുത്തുകാരുടെയും വായനക്കാരുടെയും ബൃഹത്തായ  ഒരു സമൂഹത്തെ അഭിസംബോധന ചെയ്യുന്നത്. വേദി / സദസ്സ് എന്നുള്ള വർഗ്ഗീകരണത്തെ റദ്ദാക്കുന്ന തരത്തിൽ ഒരു സമീകരണം സാദ്ധ്യമാകുകയും  സർഗാത്മകതയുടെ ഒരു പൊതു ഇടം കലാകാരന്‍റെയും  കാണിയുടെയും ഏറെക്കുറെ തുല്യമായ  പങ്കാളിത്തത്തിലൂടെ   ഉരുത്തിരിഞ്ഞു വരികയും ചെയ്യുന്നു എന്നത് കാർണിവൽ പോലുള്ള സങ്കൽപ്പങ്ങളെ സാഹിതീയ പശ്ചാത്തലത്തിൽ  വ്യവഹരിക്കുമ്പോൾ ഒന്നാമതായി ഓർക്കേണ്ടതുണ്ട്.
1 2       9
2017 ജനുവരി 26  മുതൽ 29 വരെ പട്ടാമ്പി ഗവണ്മെന്‍റ് സംസ്‌കൃത കോളേജിൽ വച്ചു  നടന്ന കവിതയുടെ കാർണിവലിനെ കുറിച്ച് ഏതാനും വാക്കുകൾ പങ്കുവയ്‌ക്കുകയാണിവിടെ.
‘കവിതയുടെ കാർണിവൽ’ എന്ന പേരിൽ പ്രത്യക്ഷമായിരിക്കുന്നതു പോലെ കവിതക്ക്‌ മുൻതൂക്കമുണ്ടെങ്കിലും കവിതയിൽ മാത്രം ഒതുങ്ങുക എന്ന പരിമിതിയിൽ നിന്ന് മുക്തമായിരുന്നു കാർണിവൽ. ചിത്രം സംഗീതം, നൃത്തം , സിനിമ രംഗാവതരണങ്ങൾ എന്നിങ്ങനെ ഇതര കലകൾക്കും കാർണിവൽ പ്രാധാന്യം നൽകി. കവിതയെ സംബന്ധിച്ചാണെങ്കിൽ എടുത്തു പറയേണ്ടത്‌, കവിത അവതരിപ്പിക്കുന്നു, കേൾക്കുന്നു എന്ന സാധാരണവും ഔപചാരികവുമായ രീതികൾക്ക് കാർണിവലിൽ പ്രസക്തി ഉണ്ടായിരുന്നില്ല എന്നതാണ്. കവികൾ ഉൾപ്പെടുന്ന സംവാദങ്ങളായാലും കാവ്യാവതാരണങ്ങളായാലും കവിതയെ സംബന്ധിക്കുന്ന പ്രഭാഷണങ്ങളായാലും  മറ്റ്  സംവർഗങ്ങളിലേക്കും കൂടി വികസിക്കുന്നതും ബഹുസ്വരതയുടെ വിതാനങ്ങളിലേക്കു സഞ്ചരിക്കുന്നതുമായിരുന്നു എന്ന വസ്തുത എടുത്തു പറയണം. കവിതയുടെ അതീത സഞ്ചാരങ്ങൾ എന്ന് കാർണിവലിനു സംഘാടകർ ഒരു  വിശദീകരണ വാക്യം  നൽകിയത്  അക്ഷരത്തിലും അർത്ഥത്തിലും തികച്ചും വാസ്തവമായിത്തീർന്ന ദിനരാത്രങ്ങള്‍ക്കാണ് പട്ടാമ്പി ഗവണ്മെന്‍റ്  കോളേജ് സാക്ഷിയായത്.
 16
പുത്തൻ തലമുറയിലെ കവിയായ കാദംബരി എന്ന പെൺകുട്ടി കവിത ചൊല്ലിക്കൊണ്ട് കാർണിവലിനു  തുടക്കം കുറിച്ചു. കാദംബരി അടക്കമുള്ള ഇളംതലമുറക്കാർക്കു കവിതയോടുള്ള അഭിനിവേശം അവരുടെ വാക്കുകളിലും സമീപനങ്ങളിലും  വളരെ വ്യക്തമാണ്. കവിതയുടെ ഏകതാനതയിലല്ല, ബഹുത്വത്തിലാണ് കാർണിവലിന്‍റെ ഊന്നൽ എന്നിരിക്കെ, മാറി വരുന്ന സന്ദർഭങ്ങളെ ഓരോ തലമുറയും കവിതയിൽ എങ്ങനെ അഭിസംബോധന ചെയ്യുന്നു എന്നത് ശ്രദ്ധിക്കേണ്ടതുണ്ട്. ഈ പുതിയ കുട്ടികൾ കവിതയുടെ സമൃദ്ധിയെ വ്യക്തമാക്കിക്കൊണ്ട് നമ്മുടെ കാവ്യസ്വപ്നങ്ങൾക്കു തുടർച്ച നൽകുന്നു. ഉത്‌ഘാടന ദിനം, കുട്ടികളുടെ കാർണിവൽ, കാവ്യാസ്വാദന കളരിയിലെ കുട്ടികളുടെ അവതരണങ്ങൾ എന്നിവ ചേർന്ന് കാവ്യസമ്പന്നമായി.
11
സച്ചിദാനന്ദൻ, കെ. ജി എസ് എന്നിവരുമായി സംവദിക്കാനുള്ള സന്ദർഭമൊരുക്കിയ “കവിയോടൊപ്പം” കവികളുടെ നിലപാടുകളെക്കുറിച്ചും സമീപനങ്ങളെ കുറിച്ചും വ്യക്തമായ ധാരണകൾ നൽകി. മുൻകാല എഴുത്തുകാരുടെ ലാവണ്യ പരിസരങ്ങൾ, സമകാല രചനാസന്ദർഭങ്ങൾ എന്നിവയെ സ്പർശിച്ചു കൊണ്ടാണ് സംവാദം മുന്നേറിയത്. മാനവീയതയെ തകർക്കുന്ന എന്തിനോടും പോരാടുക കവിതയുടെ എക്കാലത്തെയും രീതിയാണ്. ദുർനീതികളെയും ദുരാധിപത്യങ്ങളെയും നീതിലംഘനങ്ങളെയും എല്ലാക്കാലത്തും കവികൾ ചോദ്യം ചെയ്തിട്ടുണ്ട്. മുൻകാല കാവ്യസന്ദർഭങ്ങൾ പുനർവായനക്ക്  വിധേയമാക്കുകയും പഠിക്കുകയും ചെയ്യുമ്പോൾ വർത്തമാനകാലജീവിതത്തോട് ബന്ധിപ്പിക്കാവുന്ന പലതും ശ്രദ്ധയിൽ തെളിയാറുണ്ട്. ഇങ്ങനെ കാവ്യവഴികളിലെ സൂക്ഷ്മാനുഭവങ്ങൾ ആണ് ‘കവിയോടൊപ്പം’ പകർന്നു തന്നത്. സമാനമായി എഴുത്തുവഴികളിലെ അനുഭവവൈവിധ്യങ്ങളും രചനാസങ്കല്പങ്ങളും മറ്റും കവിതയുടെ ഭിന്നതലങ്ങളിലേക്ക് നയിച്ച് കൊണ്ടാണ് കവി സംവാദങ്ങൾ ശ്രദ്ധേയമായതു. വ്യത്യസ്ത സെക്ഷനുകളിലായി ഈ സംവാദങ്ങളിൽ കെ. എ. ജയശീലൻ, ജോർജ്, സച്ചിദാനന്ദൻ പുഴങ്കര, സെബാസ്റ്റ്യന്‍, കെ. ആർ. ടോണി, വീരാൻകുട്ടി എന്നിവർ പങ്കെടുത്തു. കടമ്മനിട്ട രാമകൃഷ്ണന്‍റെ ‘ക്യാ’ എന്ന കവിത ചൊല്ലി സി പി എം പോളിറ്റ് ബ്യുറോ മെംബർ എം എ ബേബി കാർണിവലിന്‍റെ  ഭാഗമായി.
3
കവിതയുടെ  താളത്തെ കുറിച്ച് മനോജ് കുറൂരും, കവിതയുടെ അരങ്ങു ജീവിതത്തെ കുറിച്ച് ജി ദിലീപനും നടത്തിയ പ്രഭാഷണങ്ങൾ, ‘കവിതയുടെ അതീത സഞ്ചാരങ്ങളെ’ കുറിച്ചുള്ള ഉദയകുമാറിന്‍റെ പ്രഭാഷണം ‘വിവർത്തനം – രൂപകവും രാഷ്ട്രീയവും’ എന്ന വിഷയത്തിൽ സുനിൽ പി ഇളയിടത്തിന്‍റെ പ്രഭാഷണം, ‘പ്രതീക്ഷിക്കാത്തിടത്തെ കവിത’ എന്ന വിഷയത്തിൽ കെ സി. നാരായണന്‍റെ പ്രഭാഷണം, കവിതയിലെ ചൊൽവഴികളെകുറിച്ച് വി മധുസൂദനൻ നായരുടെ പ്രഭാഷണം – ഇവയെല്ലാം കാവ്യ പഠനങ്ങൾക്കും വിചിന്തനങ്ങൾക്കും പുതിയ ദിശാബോധം നല്കുന്നവയായിരുന്നു. അതതു  വിഷയങ്ങളിൽ തുടരന്വേഷണങ്ങൾക്കും പഠനങ്ങൾക്കും സാധ്യതകൾ മുന്നോട്ടു വയ്ക്കുന്നവയായിരുന്നു കാർണിവലിൽ അവതരിപ്പിച്ച എല്ലാ പ്രഭാഷണങ്ങളും.
7
കാർണിവലിന്‍റെ  മറ്റൊരു വേദിയായ എസ് എൻ ഹെറിറ്റേജിൽ കേരള സാഹിത്യ അക്കാദമി സംഘടിപ്പിച്ച ദക്ഷിണേന്ത്യൻ കവിത വിവർത്തന ശില്പശാല നടന്നു. സച്ചിദാനന്ദൻ നേതൃത്വം കൊടുത്ത ശില്പശാലയിൽ തമിഴ്, കന്നഡ, തെലുങ്ക് ഭാഷകളിലെ കവികളും ഒപ്പം മലയാളത്തിലെ  എം ആർ രേണുകുമാർ, പി എൻ ഗോപീകൃഷ്ണൻ, മനോജ് കുറൂർ, വി എം ഗിരിജ, ഉമാ രാജീവ്, കെ എം പ്രമോദ്, സിന്ധു കെ വി, സന്ധ്യ എൻ പി എന്നിവരും പങ്കെടുത്തു. ദക്ഷിണേന്ത്യൻ ഭാഷകളിലെ ഈ കൊടുക്കൽ വാങ്ങലുകളിലൂടെ പ്രാദേശികമോ, ഭാഷാപരമോ, സാംസ്കാരികമോ ആയ വേർതിരിവുകളെ മറികടന്നു കൊണ്ട് മാനവീയതയുടെ ഉദാത്ത തലങ്ങളിൽ കവിത പ്രതിഷ്ഠിതമാകുന്നു എന്ന സത്യം  വീണ്ടും സ്ഥിരീകരിക്കപ്പെട്ടു. ‘കവിതയുടെ അതീത സഞ്ചാരങ്ങൾ’ വിവർത്തന ശില്പശാലയെ കുറിച്ചും അന്വർത്ഥമായി. പി പി രാമചന്ദ്രൻ, അൻവർ അലി എന്നിവരായിരുന്നു വിവർത്തന ശില്പശാലയുടെ കോർഡിനേറ്റർമാർ.
4
കവിതയുടെ പലമയെ വ്യക്തമാക്കിക്കൊണ്ട്, ബിനാലെ കാർണിവൽ, പുതിയകാല സാമൂഹികാവിഷ്‌ക്കാരങ്ങളെ കുറിച്ച് റിയാസ് കോമു – അൻവർ അലി സംഭാഷണം ഏറെ ശ്രദ്ധേയമായി. പുസ്തക പ്രകാശനങ്ങൾ, പോയട്രി ഇൻസ്റ്റലേഷൻ , ചിത്രപ്രദർശനങ്ങൾ, ചലച്ചിത്ര പ്രദർശനങ്ങൾ, സംവാദങ്ങൾ എന്നിവ വ്യത്യസ്ത വേദികളിലായി  അരങ്ങേറി. കെ ജി എസ്സിന്‍റെ ‘സർവ്വയ ‘ എന്ന കവിതയുടെ രംഗാവിഷ്കാരമായ ‘ദീരാബായ് ‘ എന്ന നാടകം അവിസ്മരണീയമായ ദൃശ്യാനുഭവമായി. സമകാലിക സാമൂഹിക സന്ദർഭങ്ങളുടെ പരിച്ഛേദമായി മാറിയ ഈ അവതരണത്തിന്‍റെ സംവിധായകൻ എന്ന നിലയിൽ എം ജി ശശിയുടെ സംഭാവന വളരെ വിലപ്പെട്ടതാണ്.
 8
എഴുത്തച്ഛന്‍റെ പാർത്ഥസാരഥി വർണനയും, ഇടശ്ശേരിയുടെ പൂതപ്പാട്ടും, കാവാലത്തിന്‍റെ കറുകറെ കാർമ്മുകിൽ എന്ന കാവ്യഖണ്ഡവും പ്രശസ്ത നർത്തകി വിനീത നെടുങ്ങാടി മോഹിനിയാട്ടരൂപത്തിൽ അവതരിപ്പിച്ചത് ഹൃദ്യമായ ദൃശ്യവിരുന്നായി. സീന ശ്രീവിത്സൻ, മേധാ പ്രകാശൻ തുടങ്ങിയവരും നൃത്താവിഷ്‌ക്കാരവുമായി രംഗത്തെത്തി. പൂതപ്പാട്ടിന്‍റെ സാമൂഹ്യാവിഷ്‌ക്കാരത്തിനു  കോളേജ് ഗ്രൗണ്ട് ആണ് വേദിയായത്. കാർണിവൽ ഒരുക്കിയ ഏറ്റവും ഹൃദ്യമായ ഒരു കാവ്യ സന്ദർഭം എന്ന് ഈ കാവ്യാവിഷ്‌ക്കാരത്തെ വിശേഷിപ്പിക്കാം. ഹരി ആലങ്കോടിന്‍റെ സന്തൂർ വാദനം ആറങ്ങോട്ടുകര കലാപാഠശാല അവതരിപ്പിച്ച മുളവാദ്യകാവ്യാലാപനം എന്നിവയും കവിത പ്രമേയമോ പ്രചോദനമോ ആയ ചലച്ചിത്രങ്ങൾ ഉൾപ്പെടുത്തിയ ഫിലിം ഫെസ്റ്റിവലും കാർണിവലിന് രംഗവൈവിധ്യം നൽകി.
 12
സമാപന ദിവസമായ ജനുവരി 29 നു ഞായറാഴ്ച പദ്മശ്രീ പുരസ്‌കൃതനായ അക്കിത്തത്തെ കാർണിവലിന്‍റെ വേദിയിൽ ആദരിച്ചു. റിയാസ് കോമു വരച്ച ചിത്രം പുതിയ തലമുറയിലെ കവി റോമില, അക്കിത്തത്തിനു സമർപ്പിച്ചു. കവിതയുടെ വിനിമയ രീതികൾക്കും സംവാദത്തിനും കാർണിവലുകൾ  ഉണ്ടാകേണ്ടതാണെന്നും ഇതിനു തുടർച്ചകൾ അനിവാര്യമാണെന്നും ആദരം ഏറ്റു വാങ്ങവേ അക്കിത്തം പറഞ്ഞു. പി പി രാമചന്ദ്രൻ, വിജു നായരങ്ങാടി, സജയ് കെ വി എന്നിവർ സംസാരിച്ചു. ‘മിഡിൽ ഈസ്റ്റിൽ നിന്നുള്ള പാലങ്ങൾ ‘ എന്ന വിഷയത്തിൽ മുസാഫിർ അഹമ്മദ് നടത്തിയ പ്രഭാഷണവും ഡി വിനയചന്ദ്രനെ അനുസ്മരിച്ചു കൊണ്ട് ഡോ. കെ എം വേണുഗോപാൽ നടത്തിയ പ്രഭാഷണവും കാർണിവലിന്‍റെ സമാധാനത്തെ അർത്ഥപൂർണ്ണമാക്കി. മരച്ചുവട് വേദിയിൽ മൂന്നു ദിവസങ്ങളിലായി കവിതാവതരണങ്ങൾ നടന്നു. പി രാമനാണ് അവതരണങ്ങളുടെ മേൽനോട്ടം വഹിച്ചത്. കവിതയുടെ  ബഹുസ്വരതയെ ആവർത്തിച്ചു വ്യക്തമാക്കുന്നതായിരുന്നു കവിതാവതരണങ്ങൾ.
6
ഉത്സവത്തിനായി എത്തുന്നവർക്കു ഉത്സവസമാപനത്തോടടുക്കുമ്പോഴുണ്ടാകുന്ന ഒരു ഖേദമുണ്ട്; കഴിയുകയാണല്ലോ എന്ന ഖേദം.  ഇനി അടുത്ത ഉത്സവം വരുമല്ലോ എന്ന പ്രതീക്ഷ ബാക്കിയാവും. കാർണിവൽ കവിതയുടെ മഹോത്സവമാണ്. അത് തുടരേണ്ടത് കാലഘട്ടത്തിന്‍റെ ആവശ്യമാണ്. അതുകൊണ്ട് സമാപനം ഇവിടെ പൂർണ്ണവിരാമമല്ല. മറിച്ചു വികാസങ്ങൾക്കും തുടർച്ചകൾക്കുമുള്ള ഇടവേള മാത്രമാണ്. സർക്കാർ സ്ഥാപനങ്ങളോ, സാംസ്കാരിക സംഘടനകളോ ഇത്തരമൊരു സംരംഭം ഏറ്റെടുത്തു നടത്തുവാൻ ഇന്നോളം രംഗത്തെത്തിയിട്ടില്ല എന്ന വസ്തുത കണക്കിലെടുക്കുമ്പോഴാണ് കാർണിവൽ സംഘാടകരോട് കവിതാപ്രേമികൾക്കുള്ള കടപ്പാട് സീമാതീതമാകുന്നത്. സംഘാടകരുടെ അഹോരാത്രമുള്ള പ്രവർത്തനങ്ങളും വിദ്യാർത്ഥി സമൂഹത്തിന്‍റെയും കോളേജ്  അധികാരികളുടെ പൂർണ്ണമായ പിന്തുണയും കാർണിവലിൽ മാറ്റുകൂട്ടി എന്ന കാര്യം വിസ്മരിക്കാനാവില്ല. ജനപങ്കാളിത്തത്തിന്‍റെ തുറസ്സിലേക്കു കവിതയെ സ്വാതന്ത്രമാക്കിയ കാർണിവൽ ഒരേ സമയത്തു തന്നെ ഓരോ കവിതാപ്രേമിയുടെയും പൊതു സ്വത്തും സ്വകാര്യ അഹങ്കാരവുമായി രേഖപ്പെട്ടിരിക്കുന്നു.
5
ചിത്രങ്ങൾ: കെ. സി. അലവിക്കുട്ടി
Comments
Print Friendly, PDF & Email

കവി. എഴുത്തുകാരി. ശ്രീശങ്കരാചാര്യ സംസ്കൃതസർവ്വകലാശാല തൃശൂർ പ്രാദേശിക കേന്ദ്രത്തിൽ അദ്ധ്യാപിക

You may also like