Home LITERATUREകവിത ശ്രദ്ധേയരായ മുഖപുസ്തക കവയിത്രികള്‍ – ഷീബ .എം .ജോണ്‍

ശ്രദ്ധേയരായ മുഖപുസ്തക കവയിത്രികള്‍ – ഷീബ .എം .ജോണ്‍

 sheel

ന്താണ് കവിത എന്ന് ചോദിക്കുന്നതിനേക്കാള്‍ നല്ലത് എന്തല്ല കവിത എന്നല്ലേ? കലാ സാഹിത്യത്തെ കുറിച്ച് ധാരാളം ഉദ്ധരണികളും വ്യാഖ്യാനങ്ങളും നിയമാവലികളും വായിച്ചു മടുത്ത ഒരാള്‍ എന്ന നിലയില്‍ ആര്‍ക്കും അതെ കുറിച്ച് കൃത്യമായ ഒരു നിര്‍ദ്ദേശം നല്‍കാന്‍ ആവില്ല എന്ന് തോന്നുന്നു. ” നിയമങ്ങളും മാതൃകകളും സിദ്ധിയെയും കലയെയും നശിപ്പിക്കുന്നു ” എന്ന് ലിയാനോര്‍ഡോ ഡാവിഞ്ചി പറഞ്ഞത് സത്യമായി കാണാം. നാം മാതൃക അന്വേഷിക്കുമ്പോള്‍ ഒരു തരം അനുകരണം ആകുന്നില്ലേ? അപ്പോള്‍ കല അനുകരണമായി മാറുന്നു. ചിത്രകാരന്‍ മനുഷ്യനെ വരക്കുമ്പോള്‍ അത് അനുകരണം. കവി മറ്റൊരാള്‍ എഴുതുന്ന മാതൃക പിന്തുടരുമ്പോള്‍ അനുകരണം. എങ്കില്‍ കവിത എങ്ങനെ ആകണം? നമുക്കൊരു ബീജം കിട്ടിക്കഴിഞ്ഞാല്‍ അത് എങ്ങനെ എഴുതാം എന്ന് ചിന്തിക്കുകയാവാം. അങ്ങനെ വരുമ്പോള്‍ ആ ചിന്ത കവിത ഉണ്ടാവുക എന്നതില്‍ നിന്നും കവിത ഉണ്ടാക്കുക എന്ന തലത്തില്‍ എത്തില്ലേ? അറിയില്ല. എന്‍റെ അനുഭവം ഇതാണ്, എന്തോ എന്നില്‍ നിറയുക.. അത് ഞാന്‍ പോലും അറിയാതെ കടലാസിലേക്ക് ഒഴുകി വരിക. അവിടെ ഞാനും കടലാസും തൂലികയും മെറ്റീരിയല്‍ മാത്രം. ആ ഒഴുക്കിന് ഇറങ്ങി വരാനുള്ള നിമിത്തം മാത്രം. അവിടെ ഞാന്‍ ആരുമല്ലാതെയാകുന്നു. അത് കഴിഞ്ഞാല്‍ പിന്നെ ശാന്തി. പിന്നെ പുനര്‍വായന, അവിടെ ചില വെട്ടി തിരുത്തലുകള്‍ നടക്കുന്നു. അവിടെ ഞാന്‍ നിമിത്തം അല്ല, ഒരു ആശാരിയെ പോലെ മരം മുറിച്ചു ചിന്തേര് തള്ളുന്ന ജോലിയിലാണ്. അങ്ങനെ കിട്ടുന്ന സൃഷ്ടി ആദ്യം ഉണ്ടായതില്‍ നിന്നും അല്‍പ്പം മാറിയിരിക്കും. അത് കവിതയോ മറ്റു സാഹിത്യ സൃഷ്ടിയോ എന്തുമാകട്ടെ. അറിഞ്ഞിടത്തോളം വെറും വാക്കുകള്‍ പെറുക്കി വയ്ക്കലല്ല കവിത. ഒരു കവിത ഒന്നില്‍ കൂടുതല്‍ കവിതയെന്നു പലപ്പോഴും തോന്നിയിട്ടുണ്ട്. കവി നിര്‍ത്തിയിടത്ത് നിന്നും മറ്റൊരു രചന വായനക്കാരില്‍ ഉണ്ടാകുന്നുണ്ട്. ഒരു ബിംബം മറ്റു പലതായി അടയാളപ്പെടുത്തുകയും. അങ്ങനെ ഇരിക്കെ കവിത എങ്ങനെ ആകണം; എന്താണ് എന്ന് പറയാന്‍ കഴിയാതെയാകുക. ഷെല്ലിക്ക് ഷെല്ലിയുടെ പാത ശരിയാകുന്നിടത്തു കീറ്റ്സിന്  കീറ്റ്സിന്‍റേതാണ് ശരി.
ഓ.എന്‍.വിയുടെ ആവിഷ്കാരമല്ല സുഗതകുമാരിയുടെയോ  , ബാലാമണിയമ്മയുടെയോ എന്ന് കരുതി രണ്ടിലൊന്ന് തെറ്റ് എന്ന് നമുക്ക് രേഖപ്പെടുത്താന്‍ ആകില്ല. ഒരേ കാലഘട്ടത്തെ രണ്ടാള്‍ അവരുടെ കാഴ്ചപ്പാടിന് അനുസരിച്ച് അല്ലെങ്കില്‍ അവര്‍ പ്രതിധാനം ചെയ്യുന്ന പ്രസ്ഥാനത്തിന്‍റെ ചുവടു പിടിച്ചു രചനയില്‍ അവതരിപ്പിക്കുന്നു. അവിടെ നേരിന്‍റേയും നെറികേടിന്‍റേയും എഴുത്തുണ്ട്. ആത്യന്തികമായി കവിത ഉണ്ടായ ശേഷമാണ് നിയമം ഉണ്ടായത് എന്ന് ധരിച്ചേ പറ്റൂ. അല്ലാതെ എന്നെങ്കിലും ഉണ്ടായേക്കാവുന്ന കവിതയ്ക്ക് വേണ്ടി നിയമ നിര്‍മാണം നടന്നിട്ടുണ്ടാവില്ല. അതുകൊണ്ട് നാം കവിതയെ ഉള്‍കൊള്ളുക. അനുഭവിക്കുക.
ഷീബയുടെ കവിതകള്‍ മുകളില്‍ പറഞ്ഞതുപോലെ ഉള്ള സൃഷ്ടികളാണ് . ഈ കുറഞ്ഞ കാലയളവില്‍ നിരവധി മനോഹരങ്ങളായ കവിതകള്‍ എഴുതിയ ഷീബ സ്വന്തമായി ഒരു സമാഹാരം ഇറക്കിയില്ല എന്നതില്‍ ദു:ഖമുണ്ട് . പല പുസ്തകങ്ങളിലും ഒറ്റക്കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട് , നിരവധി മുഖപുസ്തക കൂട്ടായ്മ പുരസ്കാരങ്ങളും ഷീബയെ തേടിയെത്തിയിട്ടുണ്ട് , എന്‍റെ കയ്യില്‍ തന്നെ ഷീബ എഴുതിയ 25 ഓളം കവിതകള്‍  ഉണ്ട് . പുതിയൊരു സിനിമയ്ക്കുവേണ്ടിയും ഷീബയുടെ വരികള്‍ എടുത്തിട്ടുണ്ട് . മുഖപുസ്തകത്തില്‍ വളരെ കുറച്ച് നല്ല സാഹിത്യഗ്രൂപ്പുകളില്‍ മാത്രമാണ് ഷീബയുടെ സര്‍ഗ്ഗ സൃഷ്ടികള്‍ കാണാന്‍ കഴിയുക . കവിത വെറും വാക്കുകളുടെ കസര്‍ത്തുകള്‍ അല്ല . അനുവാചകനെ ഇരുത്തിച്ചിന്തിക്കുവാന്‍ പോരുന്നതാവണം എന്ന ഒരു വാശിയോടെയാണ് ഷീബയുടെ കവിതകള്‍ നമ്മിലേക്ക്‌ എത്തുന്നത് .മിക്കവാറും എല്ലാ കവിതകളും മികവു പുലര്‍ത്തുന്നവ ആണെങ്കിലും ഒരു കവിത വായനക്കാര്‍ക്കായി പങ്കുവെയ്ക്കുന്നു ….

നിഴൽ

താരാപഥങ്ങളെപുല്കിയുറങ്ങുന്ന
തോഴനെക്കാണാൻകൊതിച്ചനേരം
ആനല്ലസ്നേഹംനിലാവുന്നഭാവങ്ങൾ
കണ്ടൂകുതൂഹലംനിന്നിലെന്നോ.
ഉൽപ്രേക്ഷണങ്ങളിൽതെളിയുന്നബിംബങ്ങൾ
ഉപമയായ്പിന്നെയുംചേർത്തുകെട്ടി
ഉന്മാദചിന്തതൻസുഖദമാമാവേശ
ഗഗനത്തെനോക്കിപ്പറന്നുപൊങ്ങി.

ഒരുഗ്രീഷ്മശാഖിതൻനെറുകയിൽതോരാതെ
പൊഴിയുന്നതെളിനീർക്കണംകണക്കേ
പൊയ്പ്പോയകാലത്തിൻദ്യുതിതേടിയങ്ങനെ
കാമകാരങ്ങളിൽനൃത്തമാടി.

നെറുകയിൽതഴുകുന്നസാന്ത്വനമായിടാൻ
മിഴിനീരതൊപ്പുന്നകളിവാക്ക്ചൊല്ലിടാൻ
ഉടയാത്തസ്നേഹമായ്ചേർത്തുനിർത്തീടുവാൻ
ചാരിതചിത്തംനിനച്ചുപോയി.

ഉപരചിതഭാവങ്ങൾചിന്നമായീടുമ്പോൾ,
ഉപചാരമില്ലാതെഉരിയാട്ടമില്ലാതെ
ഒരുനിഴൽപ്പാടായകന്നുപോയീടുമ്പോൾ
ആലാതമേറ്റപോൽനോവോടെനിന്നുഞാൻ.

സ്ത്രീയുടെ മനസ്സിന്‍റെ താളങ്ങള്‍ ഈ കവിതയില്‍ എത്ര മനോഹരമായി ആണ് ഷീബ കോര്‍ത്തിണക്കിയിരിക്കുന്നത് .
സ്ഥല പരിമിതികാരണം വിശദമായ ഒരവലോകനത്തിന്  മുതിരുന്നില്ല . ഒറ്റവാക്യത്തില്‍ പറയുകയാണെങ്കില്‍ ഷീബ എന്ന കവയിത്രിയുടെ രചനകള്‍ പല മുഖ്യധാരാ കവിതകളേക്കാള്‍ സുന്ദരവും മനോഹരവുമാണ് .
കവിതയുടെ കനല്‍വഴികളിലൂടെയുള്ള ഈ സഞ്ചാരം തുടരണം , തുടരട്ടെ എന്ന ആശംസയോടെ , ഭാവുകങ്ങള്‍ sheeshee

Comments
Print Friendly, PDF & Email

You may also like