പൂമുഖം LITERATUREലേഖനം ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ഫാസിസം

ഇന്ത്യയെ വരിഞ്ഞുമുറുക്കുന്ന ഫാസിസം

ന്താണ് ഫാസിസം ??
ഒന്നാം ലോകമഹായുദ്ധക്കാലത്ത് ഇറ്റലിയിലാരംഭിച്ച പ്രത്യയശാസ്ത്രപരമായ ആശയമാണ് ഫാസിസം. ഒരു വിപ്ലവം എന്ന നിലക്കാണ് ഫാസിസത്തെ അന്ന് കണക്കാക്കപ്പെട്ടിരുന്നത്. സമൂഹത്തെ പുരോഗമനത്തിന്റെ പാതയിലൂടെ നടത്താൻ ഫാസിസത്തിന് സാധിക്കുമെന്നവർ വിശ്വസിച്ചു. സംഘടിച്ചു ശക്തരാവുക എന്ന ആശയത്തിലൂന്നി “വൈക്കോൽ കെട്ട്” എന്നർത്ഥം വരുന്ന “ഫാസിസ്‌മോ” എന്ന ഇറ്റാലിയൻ വാക്കിൽനിന്നാണ് ഫാസിസം ജന്മം കൊണ്ടത്. ഇടതരായാലും വലതരായാലും, യാഥാസ്ഥിതികാരായാലും പുരോഗമനവാദികളായാലും, മതബോധമുള്ളവരായാലും മതരഹിതരായാലും, സ്വതന്ത്രചിന്തകരായാലും ആരുതന്നെയായാലും ശരി തങ്ങളുടെ ആശയങ്ങൾക്കെതിരായി തോന്നിയാൽ ഫാസിസ്റ്റുകൾ അസഹിഷ്ണുക്കളാവുകയും അവരെ എല്ലാം ശത്രുക്കളായി കണക്കാക്കുകയും ചെയ്യും. വീട്, തൊഴിലിടം, സോഷ്യൽ മീഡിയ, ജാതി/മതം, സിനിമ, മാധ്യമങ്ങൾ, രാഷ്ട്രീയം തുടങ്ങി ഏത് സമൂഹസ്ഥാപനങ്ങളിലും ഇന്ന് ഫാസിസം അതിന്റെ ലക്ഷണങ്ങൾ കാണിച്ചുതുടങ്ങിയിട്ടുണ്ട്.

ലോകത്തെ ഞെട്ടിപ്പിച്ചതും വിറപ്പിച്ചതുമായ ഫാസിസ്റ്റുകളാണ് മുസ്സോളിനിയും ഹിറ്റ്ലറും നെപോളിയനുമെല്ലാം. ഇന്ന് അവരെ കടത്തിവെട്ടാൻ പ്രാപ്തിയുള്ള ഒരു ഏകാധിപതി ഇന്ത്യയെന്ന ‘ജനാധിപത്യരാജ്യത്ത്” ഭരണം കൈയ്യാളുന്നു. 2014 മെയ് 16 നു പ്രധാനമന്ത്രിയായി സ്ഥാനാരോപിതനായ ശ്രീ നരേന്ദ്ര മോദി. പാവങ്ങളുടെ പക്ഷം പിടിച്ച് അവരുടെ പട്ടിണിക്കും കണ്ണീരിനും കഷ്ടപ്പാടിനും തൊഴിലില്ലായ്മാക്കും ദാരിദ്ര്യത്തിനും ഒരറുതി വരുത്തുമെന്ന വാഗ്ദാനവും, പട്ടിണിപ്പാവങ്ങളെ പറ്റിച്ച് ഇന്ത്യയുടെ സമ്പത്തിന്റെ ബഹുഭൂരിഭാഗവും കൈവശം വെച്ചിരിക്കുന്ന കള്ളപ്പണക്കാരെ വരുതിയിലാക്കും എന്നുള്ള കപടവാഗ്ദാനവും നൽകി പ്രധാനമന്ത്രിയായ മോദി സത്യപ്രതിജ്ഞ ചെയ്യാൻ അംബാനിയുടെ തന്നെ സ്വകാര്യവിമാനത്തിൽ വന്നു എന്നുള്ളതിലെ വൈരുദ്ധ്യം ഇന്നാർക്കും ഒരു ചർച്ചാവിഷയമേ അല്ലാതായിരിക്കുന്നു.

കുത്തകസാമ്രാജ്യത്വശക്തികളുടെയും വൻകിടകോർപ്പറേറ്റുകളുടെയും അമിതചൂഷണത്താൽ ദരിദ്രരിൽ ദരിദ്രരായ ജനതയുടെ വക്താക്കളായി പ്രത്യക്ഷപ്പെടുന്ന ഫാസിസ്റ്റുകൾ തന്നെ, മേല്പറഞ്ഞ ചൂഷകരുടെ ഉറ്റതോഴരുമാവുന്ന കാഴ്ചകൾ നമുക്ക് ചുറ്റും യഥേഷ്ടമുണ്ട്. തങ്ങൾക്ക് അനഭിമിതരായ ജനങ്ങളെ അഥവാ, ഫാസിസ്റ്റുകളെ പിന്തുണക്കാത്ത ജനതയെ, രാജ്യസുരക്ഷയ്ക്ക് ഭീഷണിയാകുന്നവർ എന്ന് മുദ്രകുത്തി ഉന്മൂലനം ചെയ്യാൻ അവർ ശ്രമിക്കുന്നു. അതിനാൽത്തന്നെ കമ്മ്യൂണിസ്റ്റുകാരും, തൊഴിലാളിവർഗ്ഗരാഷ്ട്രീയക്കാരും മറ്റു സോഷ്യലിസ്റ്റ് ചിന്തകരും ഫാസിസ്റ്റുകളുടെ സ്ഥിരം ശത്രുക്കളാവുന്നു.

14 ലക്ഷണങ്ങൾ അഥവാ 14 ലക്ഷ്യങ്ങളാണ് പൊതുവെ ഫാസിസത്തിന് ഉള്ളത് എന്നാണു ഡോ. ലൗറെൻസ് ബ്രിറ്റ്, ലിബർട്ടി ഫോറത്തിൽ പറഞ്ഞിട്ടുള്ളത്.
1). അതിശക്തമായ ദേശീയത.
2). മാനവാധികാരങ്ങളോട് /മനുഷ്യാവകാശങ്ങളോട് കാണിക്കുന്ന അവഗണന.
3). പൊതുശത്രുവിനെ നിർവചിക്കുക.
4). പുരുഷകേന്ദ്രീകൃത സമൂഹം.
5). വാർത്താവിനിമയമാധ്യമങ്ങൾക്കുമേൽ നിയന്ത്രണം ഏർപ്പെടുത്തുക.
6). ദേശീയസുരക്ഷ സംബന്ധിച്ച് കൃത്രിമമായ ആശങ്ക സൃഷ്ടിക്കുക.
7). മതവും രാഷ്ട്രീയവും തമ്മിലുള്ള കൂട്ടിക്കലർത്തൽ.
8). കോർപ്പറേറ്റുകൾ ഭരണം നിയന്ത്രിക്കുക.
9). തൊഴിലാളികളെ അടിച്ചമർത്തുക.
10). ബുദ്ധിജീവികളോടുള്ള വിദ്വേഷം.
11). ഉന്നതവിദ്യാഭ്യാസരംഗം തകർക്കുക.
12). അഴിമതി, കുത്തക ചങ്ങാത്തം.
13). തിരഞ്ഞെടുപ്പിൽ കൃത്രിമം കാണിക്കുക.
14). പട്ടാളത്തിന്റെ അധീശത്വം.

മേൽപ്പറഞ്ഞ ലക്ഷണങ്ങളിൽ രണ്ടെണ്ണമൊഴികെ, ബാക്കിയെല്ലാം ഇന്ന് ഇന്ത്യയിൽ 2014 മെയ്മാസം മുതൽ ഇങ്ങോട്ട് പല സന്ദർഭങ്ങളിലായി നാം നേരിടുന്നതാണ്.

ഒന്നാം ലക്ഷണമായ അതിതീവ്ര ദേശീയത സ്ഥാപിക്കച്ചെടുക്കൽ, ഈയിടെയായി ഇന്ത്യാമഹാരാജ്യത്ത് എല്ലായിടത്തും കാണുന്ന ഒന്നാണല്ലോ. ദേശീയവിശ്വാസങ്ങൾ, ദേശീയമുദ്രകൾ, ചിഹ്നങ്ങൾ, മുദ്രാവാക്യങ്ങൾ, ദേശീയഗാനങ്ങൾ, തുടങ്ങിയവ ആവശ്യമുള്ളിടത്തും ഇല്ലാത്തിടത്തും തിരുകിക്കയറ്റി, ഇങ്ങനെയൊക്കെ ചെയ്താലേ ദേശസ്നേഹം ഉണ്ടാവൂ എന്ന് പറഞ്ഞ് ഇവയുടെയെല്ലാം ദുരുപയോഗമാണ് നടത്തുന്നത്. ദേശീയപതാകയുടെ മാതൃകയിലുള്ള വസ്ത്രം ധരിക്കുക, ദേശീയമുദ്രയോ പതാകയോ വസ്ത്രത്തിൽ തുന്നിച്ചേർക്കുക, ഇവയെല്ലാം ഫാസിസത്തിന്റെ ലക്ഷണങ്ങളാണെന്നിരിക്കെ നമ്മുടെ പ്രധാനമന്ത്രി മോദിജി ഇതെല്ലാം ചെയ്തത് യാദൃശ്ചികമാവാൻ ഇടയില്ല. മാത്രമല്ല, ദേശീയ യോഗദിനാചരണത്തോടനുബന്ധിച്ച് ദേശീയപതാക കൊണ്ട് വിയർപ്പൊപ്പിയതും, വേറൊരു അവസരത്തിൽ ദേശീയപതാകയിൽ സ്വന്തം ഒപ്പ് വെച്ച് നൽകിയതും ഇതേ മോദിജി തന്നെ. ദേശീയബോധം കൂടാനായി സിനിമാപ്രദർശനശാലകളിൽ ദേശീയഗാനാലാപനം നിർബന്ധമാക്കിയതിനു പിന്നിലും ഇതേ ഫാസിസനടപടികളാണെന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ.

മാനവാധികാരങ്ങളോട്/മനുഷ്യാവകാശങ്ങളോട് ഉള്ള ധിക്കാരപരമായ അവഗണന എന്ന രണ്ടാം ഫാസിസ-ലക്ഷണം, ജനതയുടെ ചെറുതും വലുതുമായ അധികാരങ്ങളും അവകാശങ്ങളും നിഷേധിച്ചു കൊണ്ട് ഒരുതരം അപ്രഖ്യാപിത അടിയന്തിരാവസ്ഥപോലെയാണ്. ഒരർദ്ധരാത്രികൊണ്ട് കൈയിലിരിക്കുന്ന നോട്ടുകൾ അസാധുവാക്കിയ തീരുമാനം ഇത്തരത്തിലുള്ള ഒരു മനുഷ്യാവകാശലംഘനമല്ല എന്ന് പറയാൻ സംഘപരിവാറുശക്തികൾക്ക് മാത്രമേ സാധിക്കൂ. ബീഫ് നിരോധനവും തുടർന്നുണ്ടായ അക്രമങ്ങളും ഇവയോടുള്ള ഭരണകൂടത്തിന്റെ മനോഭാവവും നാം കണ്ടതാണ്. ഭരണകർത്താക്കൾ തന്നെ ഇത്തരം മനുഷ്യത്വരഹിതമായ തീരുമാനങ്ങൾ കൈക്കൊള്ളുമ്പോൾ ഗത്യന്തരമില്ലാത്ത ജനതക്ക് പ്രതികരണശേഷി നഷ്ടപ്പെട്ടവരെപോലെ അടിമപ്പെടേണ്ടിവരുന്നു. ഇവിടെ ജീവിക്കണമെങ്കിൽ ഇത്തരം മനുഷ്യാവകാശലംഘനങ്ങൾ നടത്തിയാലും കുഴപ്പമില്ല എന്നുള്ള ധാരണ നിർമ്മിക്കപ്പെടുകയും, നക്സലിസം പോലുള്ള ബദൽ സംവിധാനത്തിലേക്ക് ജനങ്ങൾ ആകൃഷ്ടരാവുകയും ചെയ്യുന്നു.

മൂന്നാമതായി ഫാസിസം ചെയ്യുന്നത് ഒരു പൊതുശത്രുവിനെ നിർവ്വചിച്ചെടുക്കുക എന്നുള്ളതാണ്. ഭൂരിപക്ഷതാല്പര്യങ്ങൾ സംരക്ഷിക്കാനെന്ന പേരിൽ ഗുജറാത്തിൽ മുസ്ലിങ്ങൾക്ക് നേരെയും, ഒഡിഷയിൽ ക്രിസ്ത്യാനികൾക്കും ഗോത്രവർഗക്കാർക്ക് നേരെയും, ശത്രുതാമനോഭാവത്തോടെ അക്രമം അഴിച്ചുവിട്ടത് നാമെല്ലാവരും കണ്ടതാണ്. അടിസ്ഥാനവർഗ്ഗത്തിന്റെ അപ്പോസ്തലന്മാരായവർക്ക് ഗോത്രവർഗക്കാരെങ്ങനെ ശത്രുക്കളാവുന്നു ? ഗോത്രവിഭാഗങ്ങൾ ഫാസിസ്റ്റുകാരുടെ കണ്ണിൽ വികസനവിരോധികളാണ്‌. കോർപറേറ്റുകളുടെ കുത്തകക്കമ്പനികൾ തുടങ്ങുന്നതിനെ എതിർക്കുന്നവരാണ്. ഇത്തരത്തിലുള്ള അടിച്ചമർത്തപ്പെട്ടവരുടെ കൂടെനിൽക്കുന്നതിനാൽത്തന്നെ കമ്മ്യൂണിസ്റ്റുകാരും തൊഴിലാളിവർഗവും സോഷ്യലിസ്റ്റുപ്രസ്ഥാനവും എന്നും ഫാസിസ്റ്റുകളുടെ ശത്രുക്കളാണ്. ജാതിമതന്യൂനപക്ഷങ്ങൾ, കമ്മ്യൂണിസ്റ്റുകാർ, സ്ഥിതിസമത്വവാദികൾ, എന്നിവരെ ഭീകരവാദികൾക്കൊപ്പം രാജ്യദ്രോഹികളായി ഇന്ത്യയിലെ ഫാസിസം മുദ്രകുത്തുന്നു. ഇത്തരം ‘രാജ്യദ്രോഹികളെ’ ഇല്ലായ്മ ചെയ്യാനായി രാജ്യത്തെ ഭൂരിപക്ഷജനതയെ സ്വാധീനിച്ച് നിഷ്കളങ്കരായ അനേകം പേരെ ബലിയാടുകളാക്കുന്നു. ഇതെല്ലാം രാജ്യനന്മക്കാണെന്നു ഫാസിസ്റ്റുകൾ വരുത്തിത്തീർക്കുന്നു.

നാലാമതായി ഫാസിസ്റ്റുകൾ ചെയ്യുന്നത്, പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹത്തെ വാർത്തെടുക്കുക എന്നുള്ളതാണ്. ഹിന്ദുസ്ത്രീകൾ അധികം പ്രസവിച്ചാൽ വീരപ്രസവിനി അവാർഡ് നൽകി ആദരിക്കണമെന്നും, ഹിന്ദുസ്ത്രീകൾ കുറഞ്ഞത് പത്ത് കുട്ടികളെയെങ്കിലും പ്രസവിക്കണമെന്നും പറഞ്ഞത് ഇതേ ഫാസിസ്റ്റുശക്തികളിൽ പെട്ടവരാണ്. പ്രസവിക്കുക, കുട്ടികളെ പരിപാലിക്കുക എന്നതിലുമപ്പുറം സ്ത്രീകൾക്ക് വേറെ ഒരു കർമ്മമണ്ഡലവുമില്ലേ ?? “പെൺഭ്രൂണഹത്യ നടത്തിയാൽ ലോകത്തിന്റെ ഗതി എന്താവും?? 1000 ആൺകുട്ടികൾക്ക് 800 പെൺകുട്ടികൾ മാത്രമായി ചുരിങ്ങിയാലെന്താവും അവസ്ഥ?? 200 ആൺകുട്ടികൾ അവിവാഹിതരായി നിൽക്കേണ്ടി വരും. ..” പ്രധാനമന്ത്രിയായി സ്ഥാനമേറ്റശേഷം 2014 നവംബർ 7 നു ജയ്പൂരിൽ നടത്തിയ ഒരു റാലിയിൽ മോദിജി നടത്തിയ പ്രസ്താവനയാണിത്.. മകളില്ലെങ്കിൽ മരുമകൾ എങ്ങനെ ഉണ്ടാവും എന്ന ചോദ്യവും നമ്മുടെ പ്രധാനമന്ത്രിയിൽ നിന്നുമുണ്ടായത് വാക്‌പിശകാണോ ?? സ്ത്രീ എന്നാൽ ഇത്തരത്തിൽ കല്യാണ ഉരുക്കളാക്കാവുന്ന വെറും ഒരു ഉപഭോഗവസ്തു മാത്രമാണോ ?? സ്ത്രീകളുടെ വസ്ത്രധാരണാരീതി, സ്ത്രീകളുടെ സഞ്ചാരസ്വാതന്ത്ര്യം, എന്നിവയിലെല്ലാം ഇക്കൂട്ടർ നിബന്ധനകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

വാർത്താവിനിമയമാധ്യമങ്ങളെ നിയന്ത്രിക്കുക എന്നതാണ് അഞ്ചാമത്തെ ഫാസിസലക്ഷണം. ദൃശ്യമാധ്യമങ്ങൾക്ക് മേൽ ഏർപ്പെടുത്തുന്ന വിലക്ക് ഫാസിസ്റ്റുകൾ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണ്. ഇന്ന് ഇന്ത്യയിൽ ന്യൂനപക്ഷമതവിഭാഗത്തില്പെട്ട, പ്രത്യേകിച്ചും മുസ്ലിം അഭിനേതാക്കൾ അഭിനയിക്കുന്ന സിനിമകൾക്ക് താത്കാലികമായെങ്കിലും വിലക്കേർപ്പെടുത്താൻ സംഘപരിവാർശക്തികൾക്ക് കഴിയുന്നുണ്ട്. ഇതൊരു താക്കീതാണ്. “പി.കെ” പോലെയുള്ള പുരോഗമനചിന്തകൾ മുന്നോട്ടിവെക്കുന്ന സിനിമകൾക്ക് സംഘപരിവാറുകാർ നൽകിയ സ്വീകരണം മറക്കാനാവില്ല. ഇത്തരം ഫാസിസ്റ്റുനടപടികൾക്കെതിരെ മുഖം നോക്കാതെ പ്രതികരിക്കുന്ന വാർത്താമാധ്യമങ്ങളെയും വിലക്കുന്ന കാലം വിദൂരമല്ല. ടി. വി ചാനലുകൾക്ക് ഇൻഫർമേഷൻ & ബ്രോഡ്കാസ്റ്റിംഗ് വിഭാഗം നൽകിയ നിർദേശങ്ങൾ പരിശോധിച്ചാൽ, മാധ്യമങ്ങൾക്ക് സ്വതന്ത്രമായി നിലപാടുകൾ സ്വീകരിക്കാനുള്ള അവകാശം വിലക്കപ്പെടാൻ പോകുന്നതിന്റെ സൂചനകൾ കാണാം. ക്രമേണ ഫാസിസ്റ്റുകൾ പറയുന്നത് മാത്രമേ സംപ്രേഷണം ചെയ്യപ്പെടൂ എന്ന് വരും.

ദേശീയ സുരക്ഷയെ സംബന്ധിച്ച് കൃത്രിമമായ ആശങ്ക ഉണ്ടാക്കുക എന്നതാണ് ഫാസിസത്തിന്റെ അടുത്ത ലക്ഷണം. നവംബർ 8 ന് രാത്രിയിൽ 1000 ന്റെയും 500 ന്റെയും നോട്ടുകൾ അസാധുവാക്കിക്കൊണ്ട് സ്വേച്ഛാധിപത്യപരമായ ഒരു തീരുമാനം മോദി കൈക്കൊണ്ടത് ദേശീയ സുരക്ഷയെ മറയാക്കിയിട്ടായിരുന്നു. കള്ളപ്പണക്കാരേയും കള്ളനോട്ടുകൾ കൊണ്ട് ഭീകരപ്രവർത്തനങ്ങൾ നടത്തുന്നവരെയും പിടിച്ചുകെട്ടി സാധാരണക്കാരായ ജനങ്ങൾക്ക് സാമ്പത്തിക സുരക്ഷ ഉറപ്പാക്കുമെന്ന വാഗ്ദാനമായിരുന്നു, ‘ മോദിജി’ നൽകിയത്. കള്ളപ്പണക്കാരുടെ ഒരു രോമത്തിൽ പോലും തൊടാൻ ഈ തീരുമാനം കൊണ്ടായില്ല എന്നു മാത്രമല്ല; 500 ന്റെയും 1000 ന്റെയും കള്ളനോട്ടുകൾക്ക് പകരം 2000 ന്റെ കള്ളനോട്ടുകൾ സാർവ്വത്രികമായി വിപണിയിലെത്തുകയും ചെയ്തു. ഇതിലൊരു വലിയ പങ്ക് ‘മോദിജി’യുടെ ഗുജറാത്തിലായിരുന്നു എന്നത് ദേശീയ സുരക്ഷയെ കുറിച്ച് ആകുലപ്പെടുന്നവർ കാണാതെ പോകുന്നുണ്ടോ?

സഹകരണ ബാങ്കുകളിൽ മുഴുവൻ – വിശിഷ്യ കേരളത്തിലെ സഹകരണ ബാങ്കുകളിൽ – കള്ളപ്പണമാണെന്ന് ഉദ്ഘോഷിച്ചു നടന്ന BJP നേതാക്കൾ അവരുടെ തന്നെ ദേശീയ അധ്യക്ഷനായ അമിത് ഷായുടെ അധീനതയിലുള്ള സഹകരണ ബാങ്കിൽ നിന്നും 500 കോടിയോളം കള്ളപ്പണം പിടിച്ചത് കണ്ടില്ലെന്ന് നടിച്ചു. വലിയ പ്രശ്നങ്ങളില്ലാതെ മുന്നോട്ടു പോയിക്കൊണ്ടിരിക്കുകയായിരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥയെയാണ് ഈ തലതിരിഞ്ഞ തീരുമാനം കൊണ്ട് തകർത്തെറിഞ്ഞത്. ദിവസേന പുതിയ നിയമങ്ങൾ ഉണ്ടാക്കുകയും റദ്ദാക്കുകയും ചെയ്യുന്ന പ്രധാനമന്ത്രിയെയും RBI നയങ്ങളെയും കൊണ്ട് രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയിന്മേലുള്ള ജനങ്ങളുടെ വിശ്വാസം തകരുന്നു.

മതവും രാഷ്ട്രീയവും കൂട്ടിക്കലർത്തലാണ് ഫാസിസ്റ്റുകളുടെ ലക്ഷണങ്ങളിൽ ഏഴാമത്. ബഹുഭൂരിപക്ഷം വരുന്ന ജനതയുടെ മത വിശ്വാസം കൈയിലെടുത്ത് അതൊരായുധമാക്കി പൊതുബോധത്തെ നിയന്ത്രിക്കാൻ അവർ ശ്രമിക്കുന്നു. മതത്തെ കുറിച്ചുള്ള വാചാടോപം അവർ വേണ്ടുവോളം ചെയ്യുന്നുണ്ട്. ഭാരതത്തിൽ തന്നെ “ഭാരതീയ ജനതാ പാർട്ടി ” [BJP ] എന്ന രാഷ്ട്രീയ സംഘടന ഒരു മത സംഘടനയായല്ല രൂപം കൊണ്ടത് എന്നിരുന്നാലും, ഇന്ന് അവർ ഹിന്ദുമതത്തിന്റെ വക്താക്കളായാണ് നിലകൊള്ളുന്നത്. എന്തുകൊണ്ടാണത് എന്ന് ഞാൻ പറയാതെത്തന്നെ നിങ്ങൾക്കൂഹിക്കാവുന്നതേ ഉള്ളു. ഇന്ത്യയിലെ ഭൂരിപക്ഷം ജനങ്ങളും ഹിന്ദുമത വിശ്വാസികളാണെന്നത് തന്നെ.

” സിന്ധു ” എന്നതിന് പേർഷ്യക്കാർ ഉച്ചരിച്ചു പോന്നത് ഹിന്ദു എന്നാണ്. അങ്ങനെയാണ് ‘ഹിന്ദുസ്ഥാൻ ‘ എന്ന പേര് ഇന്ത്യക്ക് കൈവന്നത്. ഹിന്ദുസ്ഥാൻ എന്ന പേരിലെ ഹിന്ദു ഒരു മതത്തെയല്ല ഒരു നദിയെയാണ് സൂചിപ്പിക്കുന്നത് എന്ന സത്യത്തെ മറച്ചു പിടിച്ചു കൊണ്ട് ഹിന്ദുസ്ഥാൻ എന്നത് ഹിന്ദുക്കളുടെ രാഷ്ട്രമാണെന്ന് ആവർത്തിച്ച് പറഞ്ഞ് ജനത്തെ തെറ്റിദ്ധരിപ്പിക്കാൻ സംഘപരിവാർ ഫാസിസ്റ്റുകൾ ശ്രമിച്ചു കൊണ്ടേയിരിക്കുന്നു. ഭൂരിപക്ഷത്തിന്റെ മതത്തെ കൂട്ടുപിടിച്ചാലേ നിലനില്പുള്ളു എന്നത് കൊണ്ടുതന്നെ ന്യൂനപക്ഷങ്ങൾക്കിടയിൽ അക്രമങ്ങൾ അഴിച്ചുവിട്ട് അരക്ഷിതാവസ്ഥ സൃഷ്ടിക്കാനും അവർക്ക് കഴിഞ്ഞു. ഇന്ന് ഇന്ത്യ ഭരിക്കുന്ന ഫാസിസ്റ്റ് ഭരണകൂടം “അഹിന്ദുക്കളോട് “വിശേഷിച്ചും മുസ്ലിങ്ങളോട് ഇന്ത്യ വിട്ട് പാക്കിസ്ഥാനിലേക്ക് പൊയ്ക്കൊള്ളാൻ ആക്രോശിക്കുന്നത് എന്തുകൊണ്ടാണെന്ന് ഇനി പ്രത്യേകം വിശദമാക്കേണ്ടതില്ലല്ലോ! ജാതിമതഭേദമെന്യേ ജീവിക്കണമെന്ന് പറഞ്ഞ ശ്രീനാരായണ ഗുരുവിന്റെ പേരിൽ തുടങ്ങിയ SNDP സംഘടന ഇന്ന് BJP യുമായി ചേർന്ന് BDJS എന്ന വേറൊരു പാർടി രൂപീകരിച്ചതും ഈ ഫാസിസ്റ്റ് ലക്ഷണവുമായി ചേർത്തുവായിക്കേണ്ടതാണ്.

എട്ടാമത്തെ ലക്ഷണം കോർപ്പറേറ്റ് ശക്തികൾ ഭരണം കൈയാളുക എന്നതാണ്. സമ്പന്നരെ സംരക്ഷിച്ച് അവർക്ക് വേണ്ടുന്ന സഹായങ്ങളും അനർഹമായ ആനുകുല്യങ്ങളും നൽകുകയും വഴി ഒരു പരസ്പര ധാരണയോടെ പെരുമാറാൻ സ്വേച്ഛാധിപത്യ ഭരണാധികാരികൾ ശ്രമിക്കുന്നു. ആനുകാലിക വാർത്തകളിലിടം നേടിയ ഒന്നായിരുന്നു വിജയ് മല്യയുടെ 7000 കോടിയിൽ പരം രൂപ എഴുതിത്തള്ളിയത്. തുച്ഛമായ വായ്പാ തുകകൾ തിരിച്ചടക്കാൻ വഴിയില്ലാതെ കർഷകരും വിദ്യാർത്ഥികളും മറ്റും ആത്മഹത്യ ചെയ്യുന്ന അതേ ഭാരതത്തിൽ തന്നെയാണ് വൻകിട കോർപ്പറേറ്റുകളുടെ ശതകോടികൾ ഇങ്ങനെ ഒരു മടിയുമില്ലാതെ എഴുതിത്തള്ളുന്നത്. കൃത്യമായി പറഞ്ഞാൽ,64000 കോടിയോളം രൂപ കോർപ്പറേറ്റുകളുടെ നികുതിയിനത്തിൽ ഇളവു കൊടുത്തവർ തന്നെ ഇന്നാട്ടിലാത്മഹത്യ ചെയ്ത കർഷകരുടെ 15000 കോടി രൂപയിൽ യാതൊരു ഇളവും അനുവദിച്ചില്ല എന്നത് ശ്രദ്ധേയമാണ്. തൊഴിലുറപ്പു പദ്ധതി ഇല്ലായ്മ ചെയ്ത നടപടിയും അതിനായി നീക്കിവെച്ച പണം അദാനിയ്ക്ക് ഘനി തുടങ്ങാൻ വായ്പ നൽകിയ നടപടിയും ഈ ഫാസിസ്റ്റ് ഭരണകൂടം വന്നതിന് ശേഷമുള്ള നയവൈചിത്ര്യങ്ങളിൽ ഒന്നാണ്.

തൊഴിലാളികളെ അടിച്ചമർത്തുക എന്നതാണ് ഒൻപതാമത്തെ ഫാസിസ്റ്റു ലക്ഷണമായി കാണുന്നത്. മൾട്ടി നാഷണൽ കമ്പനികൾ ഇന്ത്യൻ വ്യാവസായിക മേഖലയിൽ വൻതോതിൽ കടന്നുവന്നതോടെ ചെറുകിട-ഇടത്തരം വ്യവസായങ്ങൾ അടച്ചുപൂട്ടേണ്ടി വരുന്നു. മോദി ഗവൺമെന്റ്‌ മെയ്ക്ക്‌ ഇൻ ഇന്ത്യ പദ്ധതി പ്രഖ്യാപിച്ചതിനുശേഷം രാജ്യത്തിന്റെ വ്യാവസായിക-കാർഷിക മേഖലകളിൽ ഉൽപ്പാദനം പിറകോട്ടാണ്‌. പുതിയ തൊഴിലവസരങ്ങൾ ഇല്ലാതാവുകയും ചെയ്തു. തെരഞ്ഞെടുപ്പ്‌ കാലയളവിൽ നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നത്‌ 2 കോടി തൊഴിൽ അവസരങ്ങൾ ഓരോ വർഷവും പുതുതായി സൃഷ്ടിക്കുമെന്നായിരുന്നു. രാജ്യത്ത്‌ ഏറ്റവും കൂടുതൽ തൊഴിൽ നൽകുന്ന എട്ട്‌ വൻകിട വ്യവസായ സ്ഥാപനങ്ങളിൽ 1.35 ലക്ഷം തൊഴിൽ മാത്രമാണ്‌ നൽകിയത്‌. കഴിഞ്ഞ 6 വർഷക്കാലത്തെ ഏറ്റവും കുറഞ്ഞ തൊഴിൽ അവസരമാണിത്‌. തൊഴിലുറപ്പ് പദ്ധതി ഇല്ലാതാക്കി; സ്വഛ്‌ഭാരത് മിഷന്റെ പരസ്യ ക്യാമ്പയിനിനായി 250 കോടി രൂപ ചിലവഴിച്ചപ്പോൾ അതിലെ ക്ലീനിങ് തൊഴിലാളികൾക്ക് കൊടുക്കാനുള്ള 35 കോടി കൊടുത്തില്ല, എന്നതൊക്കെ ഈ തൊഴിലാളിയടിച്ചമർത്തലുമായി ചേർത്തുവായിക്കാം.

പത്താമത്തെ ലക്ഷണം ബുദ്ധിജീവികളോട് ഫാസിസ്റ്റുകൾ കാണിക്കുന്ന വിദ്വേഷമാണ്. ലോകത്തെന്നും ചിന്തിക്കുന്നവരോടും യുക്തിവാദികളോടും ധിഷണാശാലികളോടും ഫാസിസ്റ്റുകൾക്ക് വിരോധമാണ്. ഇന്ത്യയിലും അടുത്തകാലത്തായി ഒരുപാട് സംഭവങ്ങൾ ഇതിനോട് ചേർത്തുവായിക്കാവുന്നതായി കാണാം. ചരിത്രകാരിയും ജെ.എന്‍.യു മുന്‍ പ്രൊഫസറുമായ റോമില ഥാപ്പർ മുഖ്യധാരചരിത്രത്തെ ഹിന്ദുത്വ ചരിത്രമാക്കിമാറ്റുന്നു എന്നു അഭിപ്രായപ്പെട്ടതിനെ തുടർന്ന് ചരിത്ര കൗൺസിൽ ചെയർപേഴ്സൺ സ്ഥാനത്ത് നിന്ന് മാറ്റപ്പെടുകയും പകരം മഹാഭാരതവും രാമായണവും സത്യവും ചരിത്രവുമാണെന്നു പറഞ്ഞ പ്രൊഫ. വൈ. സുദർശൻ റാവുവിനെ തൽസ്ഥാനത്തു നിയമിക്കുകയും ചെയ്തത് ഇപ്പോഴത്തെ ഫാസിസ്റ്റുഭരണകൂടമാണ്. എഴുത്തുകാരനും പണ്ഡിതനുമായ കൽബുർഗി, യുക്തിവാദികളായ നരേന്ദ്ര ധാബോൽക്കർ, ഗോവിന്ദ് പൻസാരെ എന്നിവരെ കൊന്നുതള്ളിയതെല്ലാം ഇതിനോട് ചേർത്ത് നിർത്താവുന്നതാണ്. ജെ. എൻ. യു വിദ്യാർത്ഥികളെ അടിച്ചമർത്താൻ ശ്രമിച്ചതും അവിടത്തെ ഇടതുവിദ്യാർത്ഥി പ്രസ്ഥാനത്തെ മുഴവനായും രാജ്യദ്രോഹികളായി ചിത്രീകരിച്ചതും, വിദ്യാർത്ഥിനേതാവായ കനയ്യകുമാറിനെതിരായ ആക്രമണങ്ങളും എല്ലാം ഈ ചിന്തിക്കുന്ന ധിഷണാശാലികളോടുള്ള വിരോധം വിളിച്ചോതുന്നവയാണ്.

മേൽപ്പറഞ്ഞ പത്താം ലക്ഷണത്തോടൊപ്പം ചേർക്കാവുന്നതാണ് ഉന്നതവിദ്യാഭ്യാസത്തെ തകർക്കുക എന്ന പതിനൊന്നാം ലക്ഷണം. മോദിസർക്കാർ അധികാരമേറ്റപ്പോൾ വിദ്യാഭ്യാസമന്ത്രിയായി സ്ഥാനമേറ്റതു രാജ്യസഭാതിരഞ്ഞെടുപ്പിലും ലോക്സഭാതിരഞ്ഞെടുപ്പിലും ആയി സമർപ്പിച്ച മൂന്ന് സത്യാവാങ്മൂലത്തിലും മൂന്ന് തരം വിദ്യാഭ്യാസയോഗ്യത (ഇത് സംബന്ധിച്ച കേസ് നിലവിലുണ്ട്) കാണിച്ച സ്‌മൃതി ഇറാനിയായിരുന്നു. അബ്ദുൽകലാം ആസാദ് സക്കീർ ഹുസൈൻ തുടങ്ങിയവർ അലങ്കരിച്ച പദവിയായിരുന്നു ഇതെന്നുള്ളത് ചരിത്രം. ജെ. എൻ. യു., നളന്ദ തുടങ്ങിയ സർവകലാശാലകൾക്ക് മേൽ വന്ന നടപടിക്രമങ്ങൾ പരിശോധിച്ചാൽ ഉന്നതവിദ്യാഭ്യാസത്തിനെതിരെയുള്ള ആക്രമണങ്ങൾ മനസ്സിലാവും.

അഴിമതിയും ക്യാപിറ്റലിസ ചങ്ങാത്തവും ആണ് പന്ത്രണ്ടാം ലക്ഷണം. മൂന്നാംവര്‍ഷത്തിലേക്കു കടക്കുന്ന മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്ന അഴിമതിരഹിത ഭരണം, ദളിത് വിദ്യാഭ്യാസം, ടീം ഇന്ത്യ തുടങ്ങി വിവിധ മേഖലകളില്‍ നടത്തിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കാന്‍ സാധിച്ചില്ല. അഴിമതിരഹിത ഭരണം കാഴ്ചവയ്ക്കുമെന്നു മോദി ഉറപ്പുനല്‍കിയിരുന്നെങ്കിലും വ്യാപം, വിജയ് മല്യ, ലളിത് ഗേറ്റ് വിവാദങ്ങള്‍ തുടങ്ങിയ അഴിമതികള്‍ തലപൊക്കിയപ്പോള്‍ മോദി മൗനം പാലിക്കുകയായിരുന്നു. ക്യാപിറ്റലിസച്ചങ്ങാത്തത്തെ കുറിച്ച് കൂടുതൽ പറയേണ്ടതില്ലെങ്കിലും വിജയ് മല്യക്ക് കൊടുത്ത ആനുകൂല്യങ്ങളും, പ്രകൃതിചൂഷണം നടത്തിയതിനു അദാനിക്ക് കൊടുത്ത പിഴ ഇളവും, അംബാനിയുടെ ജിയോ സിം ന്റെ പരസ്യത്തിനായി പ്രധാനമന്ത്രി തന്നെ പ്രത്യക്ഷപ്പെട്ടതും, അതിന്റെ പിഴ വെറും 500 രൂപയിൽ ഒതുക്കിയതും എല്ലാം ചില ഉദാഹരണങ്ങൾ മാത്രം. ഇന്ത്യയുടെ പരമോന്നതനീതിപീഠവും മറ്റു കോടതികളും ഈ സ്വേച്ഛാധിപത്യത്തെ കാവൽ നിന്ന് സംരക്ഷിക്കുന്നു എന്ന് പറഞ്ഞാൽ ഇന്നത്തെ സാഹചര്യത്തിൽ അത് അധികപ്രസംഗമാവില്ല. സ്വിസ്സ് ബാങ്കിലെ കള്ളപ്പണം മുഴുവൻ തിരികെ കൊണ്ടുവന്നിട്ട് ഇന്ത്യയിലെ ഓരോരുരത്തർക്കും 15 ലക്ഷം വീതമെത്തിക്കും എന്ന് പറഞ്ഞിട്ട് ഇതുവരെയും ഒരു രൂപപോലും എത്തിയില്ല എന്ന് മാത്രമല്ല അക്കൗണ്ടിൽ ഉള്ള പൈസ എടുക്കാൻ തന്നെ ബുദ്ധിമുട്ടേണ്ടിവരുന്നു.

പതിമൂന്നാം ലക്ഷണമായ തിരഞ്ഞെടുപ്പിലെ കൃത്രിമവും പതിനാലാം ലക്ഷണമായ പട്ടാളത്തിന്റെ അധീശത്വവുമാണ് ഇന്ത്യയിൽ പ്രബലമാവാൻ ബാക്കിയുള്ളു. പക്ഷെ ആഭ്യന്തരമായി പല പ്രശ്നങ്ങളുണ്ടായിട്ടും അവയെല്ലാം തൃണവത്കരിച്ചുകൊണ്ട് പട്ടാളക്കാർക്ക് കൂടുതൽ പ്രാധാന്യം കൊടുക്കുന്ന അവസ്ഥ ഫാസിസ്റ്റുകൾ മനഃപൂർവം ഉണ്ടാക്കിയെടുക്കുന്നു. എന്തിനും ഏതിനും പട്ടാളക്കാരുമായി താരതമ്യം ചെയ്യുക, സിയാച്ചിനിലും മറ്റും പട്ടാളക്കാർ ഇതിലും ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നുണ്ട് എന്ന് പറയുക എന്നിവയെല്ലാം നാം കണ്ടതാണ്.

ഈയടുത്ത്, തങ്ങളുടെ കയ്യിൽ നിന്ന് സംഭാവന വാങ്ങിയ രാഷ്ട്രീയപാർട്ടിക്കാരുടെ പട്ടിക സഹാറ പുറത്ത് വിട്ടതിൽ ബി. ജെ. പി., ശിവസേന തുടങ്ങിയ പാർട്ടികൾ ഉണ്ട്. നാമെന്ത് കഴിക്കണം, ധരിക്കണം, കാണണം, കേൾക്കണം, എത്രെ ചിലവാക്കണം, ഏത് വിശ്വസിക്കണം, എന്നുള്ളതെല്ലാം തീരുമാനിക്കുന്നതാണ് ഫാസിസം. ഇതെല്ലാം നിറഞ്ഞുനിൽക്കുന്നതാണ് ഇന്നത്തെ ഇന്ത്യൻ ഭരണകൂടം. ഇനിയും നിസ്സങ്കരായി നോക്കിനിന്നാൽ ഭാരതം തന്നെ അവർ ആർക്കെങ്കിലും എഴുതിക്കൊടുക്കും. പ്രതികരിക്കുക, പ്രതിഷേധിക്കുക.

Comments
Print Friendly, PDF & Email

You may also like