നാൾവഴികൾ ലേഖനം

മാജിക് ഓഫ് ലാ അക്കാഡമിശു അയവിറക്കുന്നത് പോലെ നവമാധ്യമ പുംഗവന്മാരും ചാനലുകളും നാട് ഭരിക്കുന്നവരും ലാ അക്കാഡമി സംഘര്‍ഷം അയവിറക്കുന്നതല്ലാതെ കുട്ടികളുടെ സമരത്തിന്‌ പരിഹാര മുണ്ടാകുന്നില്ല. ജെ.എന്‍.യു. സമര കാലത്ത് രക്തം തിളച്ചവര്‍ പോലും ഇവിടെ നിശ്ശബ്ദരാണ്. ഒരു സവര്‍ണ്ണ ജാതിയുടെ വാലുകാരി കീഴ് ജാതിക്കാരെ ജാതിപേര്‍ വിളിച്ച് അധിക്ഷേപിച്ചപ്പോള്‍, ജിഷയുടെ മരണകാലത്ത് ജാതിയുടെ പേരില്‍ തെരുവില്‍ ഇറങ്ങിയവരെ പോലും പ്രതികരിക്കാന്‍ കണ്ടതുമില്ല. ഇവിടെ പിന്നാംപുറത്ത് എന്തൊക്കെയോ സംഭവിക്കുന്നുണ്ട്. എല്ലാ വിഷയങ്ങളിലും മറഞ്ഞിരിക്കുന്ന രാഷ്ട്രിയ, സ്വകാര്യ താല്‍പര്യങ്ങളെ തുറന്നു കാട്ടുന്നു, ഇത്തരം സന്ദര്‍ഭങ്ങള്‍.
ലാ കോളേജ് സിലബസ്സില്‍ ‘ചരിത്രം’ പഠനവിഷയമാണോ എന്നെനിക്കറിയില്ല. പക്ഷേ, ചരിത്രാദ്ധ്യാപികയായാണ് ലക്ഷ്മിനായര്‍ ബിരുദാനന്തര ബിരുദം കിട്ടും മുന്‍പേ ലാ അക്കാഡമി യില്‍ ഗസ്റ്റ് ലക്ച്ചററായി നിയമിക്കപ്പെടു ന്നത്. അവിടെ ജോലി ചെയ്തു കൊണ്ടു തന്നെയാണ് അവര്‍ ലാ അക്കാഡമിയില്‍ നിന്നും LL.B യും LL.Mഉം ഒക്കെ എടുക്കുന്നതും നിയമാദ്ധ്യാപികയായി അവിടെ ത്തന്നെ നിയമിക്കപ്പെടുന്നതും ഒടുവില്‍ ലാ അക്കാഡമി അദ്ധ്യക്ഷയാകുന്നതും.

സംഘടന പിന്‍ബലം ഇല്ലാതെ വിദ്യാര്‍ഥികള്‍ തുടങ്ങി വെച്ച ഇന്നത്തെ വിഷയത്തില്‍ ആശയ സംഘര്‍ഷവും രാഷ്ട്രിയവും മറന്ന് വിദ്യാര്‍ഥി സംഘടനകള്‍ ഒരുമിച്ച് സമരമുഖത്തുണ്ട്. DYFI മുന്നില്‍ തന്നെയുള്ളത് സി.പി. എം.നെ ചിന്താക്കുഴപ്പത്തില്‍ ആക്കുന്നുമുണ്ട്‌. DYFI മുന്നില്‍ നിന്നും മാറിയാല്‍ ബിജെപിയുടെ വിദ്യാര്‍ഥി സംഘടന അതിന്‍റെ ഗുണഫലം സ്വന്തമാക്കുമെന്നും അവര്‍ക്കറിയാം. പക്ഷെ, പക്ഷെ, കോലിയക്കോട് കൃഷ്ണന്‍ നായര്‍ എന്ന സി.പി.എം. സംസ്ഥാന കമ്മറ്റി അംഗത്തെ തള്ളാനും കൊള്ളാനും ആവാത്ത സ്ഥിതിയിലുമാണ്, നാട് ഭരിക്കുന്നവര്‍ . കൃഷ്ണന്‍നായരുടെ ജേഷ്ഠ സഹോദര നായ നാരായ ണന്‍ നായരുടെ മകളാണ് ലക്ഷ്മി നായര്‍. അപ്പോള്‍ പിന്നെ, പാര്‍ട്ടിക്ക് എന്തു നിലപാട് സ്വീകരിക്കാന്‍ കഴിയും ? ഇക്കാര്യത്തില്‍ അഭിപ്രായും പറയേണ്ടത് നമ്മളല്ല; ജയരാജനെയും പി.കെ. ശ്രീമതി യേയും പോലുള്ള പാര്‍ട്ടിനേതാക്കള്‍ തന്നെ. ഇവിടെ, സ്വകാര്യ കോളേജ് എന്ന നിലയില്‍ ഡയറക്ടര്‍ ബോര്‍ഡ്‌ ആണ് പ്രിന്‍സിപ്പാള്‍ ജയിക്കണോ, വിദ്യാര്‍ഥി സമരം തോല്‍ക്കണോ എന്നൊക്കെ തീരുമാനിക്കേണ്ടത്. ലക്ഷിനായരുടെ അച്ഛന്‍ നാരായണന്‍ നായരും സഹോ ദരന്‍ അഡ്വ.നാഗരാജും അംഗങ്ങള്‍ ആയുള്ള ഡയറക്ടര്‍ ബോര്‍ഡ് ലക്ഷ്മി നായരെ സംരക്ഷിക്കാന്‍ പ്രതിജ്ഞാബദ്ധരാണെന്ന് സര്‍ക്കാരുമായുള്ള ആദ്യ ചര്‍ച്ചയില്‍ തന്നെ വ്യക്തമാക്കപ്പെട്ടു. അപ്പോള്‍, വിദ്യാര്‍ഥി സംഘടനകളുടെ സമരം പരാജയപ്പെടും. അതുറപ്പാണ്. അങ്ങനെ പരാജയപ്പെട്ടാല്‍, ഉളുപ്പു ണ്ടെങ്കില്‍, മേലില്‍ ലാ അക്കാദമിയില്‍ എന്നല്ല കേരളത്തിലെ ഒരു കോളേജിലും രാഷ്ട്രിയ പാര്‍ട്ടികള്‍ നിയന്ത്രിക്കുന്ന വിദ്യാര്‍ഥി സംഘടനകള്‍ ഒരു കാര്യത്തിലും ഇനി സമരം ചെയ്യരുത്.

ഇതൊരു ‘സ്വകാര്യ വിദ്യാഭ്യാസ സ്ഥാപന’മായതിനാല്‍ സര്‍വകലാശാലയും സര്‍ക്കാരും ഇടപെടേണ്ട എന്നൊരു രീതിയില്‍ ഇതിന്‍റെ ഡയറക്ടര്‍ ബോര്‍ഡ്‌ പ്രതിനിധി കള്‍ സംസാരിക്കുമ്പോള്‍ നികുതി ദായകരായ നാം ഓരോരുത്തരും ചോദിക്കേണ്ടതായി വരുന്ന ഒട്ടേറെ ചോദ്യങ്ങള്‍ ഉത്തരമില്ലാതെ അവശേഷിക്കുന്നുണ്ട്

മറ്റു സ്വകാര്യ കോളേജുകളിലെ നിയമനം, പ്രൊമോഷന്‍ തുടങ്ങിയ കാര്യങ്ങളില്‍ എന്നപോലെ സര്‍വകലാ ശാലയ്ക്ക് ഇവിടെ എന്തു പങ്കാണുള്ളത് ? ആരാണ് ഇവരുടെ സിലബസ്സും പരീക്ഷയും നടത്തുന്നത് ? ലാ അക്കാഡമി യിലെ അദ്ധ്യാപകരുടെ, അദ്ധ്യാപകേതര ജീവനക്കാരുടെ ശമ്പളം ആരാണ് കൊടുക്കുന്നത് ? ജനങ്ങളുടെ നികുതിപ്പണം ഇതിനായി ഇവിടെ ചെലവഴിക്കപ്പെടുന്നുണ്ടോ ? ഉണ്ടെങ്കില്‍ ജനങ്ങളോട് സമാധാനം പറയാന്‍ സര്‍ക്കാരിനു ബാധ്യതയില്ലേ ? അതോ, ക്രിസ്ത്യന്‍, നായര്‍, ഈഴവ, മുസ്ലിം മാനേജ് മെന്റ്റ്റുകള്‍ക്ക് മാത്രമേ ഈ സര്‍ക്കാര്‍ മൂക്ക് കയര്‍ ഇടുകയുള്ളോ ? സര്‍ക്കാരിനു വഴങ്ങാന്‍ ലാ അക്കാഡമി മാനേജ്മെന്റ് തയ്യാറാകുന്നില്ലെങ്കില്‍ അവര്‍ക്ക് ‘ദാനം’ നല്‍കിയ ജനങ്ങളുടെ ഭൂമി സര്‍ക്കാര്‍ തിരിച്ചു പിടി ക്കുമോ ? വളരെ നിസ്സാരം എന്നു തോന്നാമെങ്കിലും സര്‍ക്കാര്‍ വാഹനങ്ങളിലെപ്പോലെ ചുവപ്പില്‍ വെള്ള അക്ഷരമുള്ള ബോര്‍ഡ് വാഹനങ്ങളില്‍ സ്ഥാപിക്കാന്‍ ഏതു ആര്‍.ടി.ഒ യാണ് ഈ ‘സ്വകാര്യ സ്ഥാപന’തിനു അനുമതി നല്‍കിയത് ?

അങ്ങനെ ബാക്കിയാവുന്ന ചോദ്യങ്ങളില്‍ മുഖ്യം ലാ അക്കാഡമി ഒരു സ്വകാര്യ സ്ഥാപനമാണ്‌ എന്ന മാനേജ്മെന്റ് / ലക്ഷ്മി നായര്‍ നിലപാട് തന്നെയാണ്. ജാതി,മത സംഘടനകളോ, സ്വകാര്യ വ്യക്തികളോ അവരുടെ പണം മുടക്കില്‍ ആരംഭിച്ചിട്ടുള്ള സ്വകാര്യ കോളേജുകളില്‍ നിന്നും വ്യത്യസ്ഥമാണ് ലാ അക്കാദമിയുടെ സ്ഥാപനം. ഏതെങ്കിലും തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക് നിയമം പഠിക്കാന്‍ ഒരു സായാഹ്നകോളേജ് എന്ന ലക്ഷ്യത്തോടെ നമ്മുടെ സുചിന്തകരായ പൂര്‍വ പിതാ ക്കള്‍ രൂപപ്പെടുത്തിയതാണ്, ലാ അക്കാഡമി. ചാരിറ്റബിള്‍ സൊസൈറ്റി ആക്ട് അനുസരിച്ചാണ് അതിന്‍റെ രജിസ്ട്രേഷന്‍ നടന്നിട്ടുള്ളത്. അതായത്, വ്യക്തികളല്ല സ്റ്റേറ്റ് തന്നെയാണ് അന്തിമ പരമാധി കാരി എന്നു പറയുന്ന ആക്ട് പ്രകാരം തന്നെ !!

മലയാളികളുടെ സര്‍വ്വകാല പ്രൌഡിയുടെ ഭാഗമായ ജസ്റ്റിസ് വി.ആര്‍. കൃഷ്ണയ്യര്‍, ജസ്റ്റിസ് സുബ്രഹ്മണ്യന്‍ പോറ്റി, ജസ്റ്റിസ് വി.ശിവരാമന്‍ നായര്‍, മുന്‍ അഡ്വക്കേറ്റ് ജനറല്‍ മാരായിരുന്ന അഡ്വ.എസ്. നാരായണന്‍ പോറ്റി, അഡ്വ.അബ്ദുല്‍ ഖാദര്‍, പ്രഗല്‍ഭ അഭിഭാഷകരായ അഡ്വ.കളത്തില്‍ വേലായുധന്‍ നായര്‍, അഡ്വ. ഈശ്വരയ്യര്‍, അഭിഭാഷ കനും മുന്‍മന്ത്രിയുമായ അഡ്വ.കെ.ചന്ദ്രശേഖരന്‍, അഡ്വ.എന്‍. നാരായണന്‍ പോറ്റി, എം.എം. ചെറിയാന്‍, എന്നിവര്‍ അഡ്വ.എസ്. നാരായണന്‍ പോറ്റിയുടെ വസതിയില്‍ ചേര്‍ന്നാണ് ലാ അക്കാഡമിക്കു രൂപം നല്‍കുന്നത്. കേരള ഗവര്‍ണര്‍ വിശ്വനാഥനും അന്നത്തെ മുഖ്യമന്ത്രി ഇ.എം. എസ്. നമ്പൂതിരിപാടും രക്ഷകര്‍ത്താക്കളായും അന്നത്തെ നിയമമന്ത്രിയായിരുന്ന കെ.ആര്‍.ഗൗരിയമ്മ, വിദ്യാഭ്യാസ മന്ത്രിയായിരുന്ന സി.ച്ച്.മുഹമ്മദ് കോയ, യൂണിവെഴ്സി റ്റി വൈസ് ചാന്‍സലര്‍ ജോണ്‍ മത്തായി എന്നിവര്‍ പാനല്‍ ഓഫ് ചെയര്‍മേനുമായി 1967 ഒക്ടോബര്‍ 21നു പ്രവര്‍ത്തനം ആരംഭിച്ച ഈ കേരള ലാ അക്കാഡമിക്കു ആവശ്യമായ പന്ത്രണ്ട് ഏക്കര്‍ സ്ഥലം പേരൂര്‍ക്കടയില്‍ സര്‍ക്കാര്‍ഭൂമി നല്‍കിയതാണ് തുടക്കം. കേരളത്തിലെ ജനങ്ങളുടെ ഭൂമി. ആദ്യം മൂന്നു വര്‍ഷത്തെ ലീസ് ആയും പിന്നെ 30 വര്‍ഷത്തെ ലീസയും നല്‍കിയ സ്ഥലം 1985 ല്‍ കേരള ജനത അറിയാതെ സര്‍ക്കാര്‍ അക്കാദമിക്ക് ‘ദാനമായി’ വിട്ടു കൊടുക്കുകയുണ്ടായി. ജനത്തിന്‍റെ ഭൂമി എന്തിന് കൈമാറ്റം ചെയ്യുന്നു എന്ന് അന്നാരും ചോദിച്ചില്ല. വക്കം പുരുഷോത്തമനും ബേബി ജോണും ചേര്‍ന്നാണ് ഈ സ്ഥല കൈമാറ്റം നടത്തിയത്.

അങ്ങനെ, അടിമുതല്‍ മുടിവരെ കേരളിയ പൊതുസമൂഹ ത്തിന്‍റെ വിരലടയാളം വീണു കിടക്കുന്ന ഈ ലാ അക്കാഡമി എന്നു മുതലാണ് “അച്ഛന്‍ പറഞ്ഞാല്‍ രാജി വെയ്ക്കാം” എന്നു പറയാനുള്ള ധാര്‍ഷ്ട്യം പരസ്യമായി പ്രകടിപ്പിക്കാനാവും വിധം ലക്ഷ്മിനായരുടെ കുടുംബസ്വത്തായത് ? അതിനുള്ള ഊര്‍ജ്ജം ആരാണ് അവര്‍ക്ക് നല്‍കുന്നത് ?
മറുപടി പറയേണ്ടത് നാട് ഭരിച്ചിരുന്നവരും ഭരിക്കുന്നവരും തന്നെയാണ്.

Comments
Print Friendly, PDF & Email

കഥാകാരനും നോവലിസ്റ്റുമാണ്‌. പ്രമുഖപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. വംശം എന്ന നോവലിനു ശേഷം പുതിയൊരു കൃതിയുടെ തയ്യാറെടുപ്പിലാണ്‌. ആലപ്പുഴ സ്വദേശി.

About the author

മാര്‍ട്ടിന്‍ ഈരേശ്ശേരില്‍

കഥാകാരനും നോവലിസ്റ്റുമാണ്‌. പ്രമുഖപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. വംശം എന്ന നോവലിനു ശേഷം പുതിയൊരു കൃതിയുടെ തയ്യാറെടുപ്പിലാണ്‌. ആലപ്പുഴ സ്വദേശി.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.