ഭാഗം രണ്ട്
ഇന്നത്തെ യാത്ര Federal Institute ലേക്കായിരുന്നത്കൊണ്ട് രാവിലെ ഏഴു മണിക്ക്തന്നെ റെഡിയായിരുന്നു. താഴെ ലോബിയില്‍ എത്തിയപ്പോള്‍ എല്ലാവരുമുണ്ട്. ഞങ്ങളുടെ ബസ്സ് പുറപ്പെട്ടു. സാധാരണ കാണുന്ന ബസ്സല്ല ഇത് ഡ്രൈവറും മാറ്റം. അസാമാന്യനീളമുള്ള, തലങ്ങും വിലങ്ങും നരച്ച താടിയൊതുക്കിവെച്ച സുമുഖനായ ഒരാള്‍. നല്ല നിയന്ത്രണത്തില്‍ ബസ് ഓടിക്കുന്നതിനിടയ്ക്ക് പറഞ്ഞു നമ്മള്‍ റയോ ഗ്രാന്ടെ സുള്‍ സംസ്ഥാനത്തിന്‍റെ അതിര്‍ത്തി കടക്കുന്നു. നമ്മള്‍ പോകുന്നത് സ്ഥാപനം സന്താ കത്തറീന എന്ന സംസ്ഥാനത്തിലാണ്. ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചു ഡ്രൈവര്‍ വണ്ടി ഓരം ചേര്‍ന്ന് നിര്‍ത്തി. ചുറ്റുപാടും പച്ചപ്പിന്‍റെ നെല്‍പ്പാങ്ങള്‍. കറുത്ത മേഘങ്ങള്‍ ഞങ്ങളെ പൊതിഞ്ഞിരുന്നു. നന്നായി ചാറുന്ന മഴ. വയലുകള്‍ക്കപ്പുറം മലകളും ഇരുട്ടും. വന്നതിനു ശേഷം ആദ്യമായി കിട്ടിയ മഴ ഒരു സമ്മാനം പോലെ. ഡ്രൈവര്‍ തിരിഞ്ഞിരുന്നു പുറത്തുള്ള സ്ഥലങ്ങളെ പരിചയപ്പെടുത്തി. ആ കാണുന്ന ഗേറ്റ് കടന്നാല്‍ നമ്മള്‍ institute കാമ്പസ്സില്‍ പ്രവേശിക്കും. ഏകദേശം ഇരുന്നോറോളം ഹെക്ടറില്‍ വ്യാപിച്ചു കിടക്കുന്ന ഫെഡറല്‍ ഇന്‍സ്ടിറ്റ്യൂട്ടും ഇടതു വലതും കിടക്കുന്ന സ്ഥലങ്ങളും അദ്ദേഹം പറഞ്ഞു തന്നു. ഒരു ഡ്രൈവര്‍ ഇത്രയും വിശദമായി പറഞ്ഞുതരുന്നല്ലോ എന്നാലോചിക്കുമ്പോള്‍ അയാള്‍ സ്വയം പരിചയപ്പെടുത്തി. “എന്‍റെ പേര് മൌറീന്യോ. ഇവിടത്തെ ഭക്ഷ്യസംസ്കരണ വിഭാഗത്തിലെ പ്രൊഫസര്‍..! ഞങ്ങളത്ഭുതപ്പെട്ടുപോയി. ഈ പ്രൊഫസ്സറായിരുന്നു ഞങ്ങള്‍ സഞ്ചരിച്ച ഈ വാന്‍ ഓടിച്ച് ഇന്സ്ടിറ്റ്യൂട്ടിലെത്തിച്ചത്. നമുക്കിവിടെ ഒരു ടീച്ചര്‍ക്കോ, പ്രൊഫസ്സര്‍ക്കോ ഇങ്ങനെയാകാന്‍ പറ്റില്ല. അത് തന്നെയാണ് മൂല്യമുള്ള വിദ്യാഭ്യാസത്തിന്‍റെ ഗുണവും. ഒരു നാടിന്‍റെ വികസനം പുരോഗമനം അവിടത്തെ വിദ്യാഭ്യാസരീതി എത്രത്തോളം യാഥാര്‍ത്ഥ്യത്തോടും ലളിത്യത്തോടും അടുത്ത് ചെര്‍ന്നിരിക്കണമെന്ന ഒരുദാഹരണമാണ് ബ്രസീലിന്‍റെ ഉള്‍നാടന്‍ സ്ഥലങ്ങളില്‍ തുടങ്ങിയ Federal Instituteകള്‍. ഏകദേശം 8000ഓളം വിദ്യാര്‍ത്ഥികളും 600 ഓളം അധ്യാപകരും ഉള്ള സന്ത കാടരീനയിലെ ഈ സ്ഥാപനമാണ് ബ്രസീലിലെ ഉന്നത നിലവാരം പുലര്‍ത്തുന്ന ഇന്‍സ്റ്റിറ്റ്യൂട്ട്.
ഈ സ്ഥാപനങ്ങള്‍ എന്നാല്‍ നമ്മുടെ നാട്ടിലെപ്പോലെ വ്യവസ്ഥാപിത താല്പര്യങ്ങളോ മറ്റ് വിഭാഗീയതയോ നിയന്ത്രിക്കുന്ന ഒന്നല്ല. ഇതൊരു സംസ്കാരമാണ്. തന്‍റെ നാടിന്‍റെ കൃഷിയിലൂന്നിയ വിവരസാങ്കേതികതയുടെയും പരമ്പരാഗത അറിവിന്‍റെയും പുത്തന്‍ തലമുറയെ പ്രക്രിതിയിലേക്കാകര്‍ഷിക്കാനുള്ള സമന്വയമാണ് വേണ്ടതെന്ന ഗവണ്മെണ്ടിന്‍റെ തിരിച്ചറിവിന്‍റെ തലയുയര്‍പ്പാണ് സന്താ കത്തറീനയിലെ IFC. ഈ കാര്‍ഷിക സാങ്കേതിക സര്‍വ്വകലാശാല പഠനവും ഗവേഷണവും കര്‍ഷകരുമായി കൂടിച്ചേര്‍ന്നു പല സംരംഭങ്ങളുമായി ഒരു മാതൃകയായി നിലകൊള്ളുന്നു.
ഈ കലാശാലയില്‍ കാര്‍ഷിക പഠനവും ഗവേഷണവും അതിനുശേഷമുള്ള തൊഴില്‍സാധ്യതകളും ധാരാളം. പഴയതും, കാലാവസ്തക്കനുയോജ്യമായ പുത്തന്‍രീതികളും ഒക്കെ ചേര്‍ന്ന മനോഹരമായ ഈ കാമ്പസ് അറിവിന്‍റെയും സാങ്കേതികതയുടെയും പച്ചയുടെയും കൂടാരമാണ്. മൃഗസംരക്ഷണവും, ഉത്‌പാദനവും, പഴം പച്ചക്കറി മാംസ സംസ്കരണവും, തദ്ദേശീയ ഔഷധച്ചെടികളുടെ സംരക്ഷണവും ഒരു പ്രധാന അജണ്ടയാണ്. അധ്യാപന രീതിയില്‍ വിദ്യാര്‍ത്ഥി-അധ്യാപക ബന്ധത്തില്‍ ഒരു പൌലോ ഫ്രെയറിയന്‍ സ്ഫുരണം കാണാം. ഇവിടെ പഠിക്കുന്ന കുട്ടികള്‍ ബ്രസീലിന്‍റെ പല ഭാഗത്ത്‌നിന്നും വന്നവരാണെങ്കിലും അടുത്ത ഗ്രാമത്തില്‍ നിന്നുള്ള കര്‍ഷകരുടെ കുട്ടികള്‍ക്ക്മുന്‍ഗണന നല്‍കുന്നു.
ഞങ്ങള്‍ സഞ്ചരിച്ച ഗ്രാമങ്ങളിലെ കര്‍ഷകരുടെ മക്കള്‍ പലരും ഇവിടെയാണ് പഠിക്കുന്നത്. ഇവര്‍ ഗ്രാമങ്ങളില്‍ പഠനത്തിന്‍റെ ഭാഗമായി പ്രത്യേകപരിചരണം ആവശ്യമുള്ളവരെയും ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടികളെയും കൃഷിരീതികളും മറ്റും പറഞ്ഞു കൊടുത്ത് ജൈവകൃഷിയില്‍ ട്രെയിനിംഗ് കൊടുക്കുന്നു. പ്രകൃതിയിലൂടെ കൃഷിയിലൂടെ ഇവരുടെ മാനസികാരോഗ്യം നന്നാക്കുക്ക എന്ന ലക്ഷ്യത്തോടെ.
പ്രൊഫസ്സര്‍ മിച്ചെല്‍ ഒരു നെല്ലിക്കാ മരം ചൂണ്ടിക്കാണിച്ച് പറഞ്ഞു ഈ മരം ഞങ്ങള്‍ ഏഴു കൊല്ലം മുന്‍പ് ഇന്ത്യയില്‍നിന്ന് കൊണ്ടുവന്നതാണ്. അവര്‍ ഇത് കായ്ക്കാന്‍ വേണ്ടി കാത്തിരിക്കുന്നു. ഒരു ഹെര്‍ബല്‍ ഫെന്സ് (ഔഷധമതില്‍) ഉണ്ടാക്കാനുള്ള ശ്രമിത്തിന്‍റെ ഭാഗമായാണ് ഈ സംരംഭം. ഞാന്‍ നെല്ലിക്കയുടെയും മറ്റു ഔഷധസസ്യങ്ങളുടെയും വൈവിധ്യങ്ങളും ഇന്ത്യന്‍ ആയുര്‍വേദ പാരമ്പര്യവും ജീവിതരീതിയും അറിയാവുന്ന രീതിയില്‍ പറഞ്ഞു കൊടുത്തു. ഇങ്ങിനെ പല ഔഷധസസ്യങ്ങളും കന്നുകാലികളും ഇന്ത്യയില്‍ നിന്നും മറ്റെഷ്യന്‍ രാജ്യങ്ങളില്‍ നിന്നും കൊണ്ടുപോയതാണ്. മറ്റു ലാറ്റിന്‍ അമേരികന്‍ വടക്കേ അമേരിക്കന്‍ രാജ്യങ്ങളില്‍ കന്നുകാലി വളര്‍ത്തലും സംഘടിത കൃഷിയും അവിടത്തെ ആദിമജനവിഭാഗത്തിന്‍റെ ഭാഗമായിരുന്നില്ലല്ലോ. പിന്നീട് കുടിയേറ്റം അധികരിച്ചതോടെയാണ് ഇവര്‍ കന്നുകാലി വളര്‍ത്തലും തുടങ്ങിയത്.
ഇന്ത്യയുടെ മഹത്തായ ഹരപ്പന്‍, സിന്ധുനദീതട സംസ്കാരവും കന്നുകാലി വളര്‍ത്തലും കൃഷിയും ഇവിടത്തെ വൈവിധ്യവും അവര്‍ അത്ഭുതത്തോടെയാണ് കാണുന്നത്, മറ്റു പലരെയുംപോലെ ഇന്ത്യ ഇവര്‍ക്കും ഒരത്ഭുതമാണ്.
അതിരില്ലാത്ത സൗഹൃദം
ഇന്‍സ്റ്റിറ്റ്യൂട്ട്ന്‍റെ തിരക്കേറിയ വരാന്തയില്‍ ഓപ്പണ്‍ തിയ്യേറ്ററിലലെ ലാറ്റിന്‍ സംഗീതം കേട്ട് നില്‍ക്കുമ്പോള്‍ ഒരു വിദ്യാര്‍ഥി വന്ന് ഇന്ത്യക്കാരനാണോ എന്ന് ചോദിച്ചു. ഞാന്‍ അതെ എന്ന് പറഞ്ഞപ്പോള്‍ എനിക്ക് ഇന്ത്യക്കാരെ ഭയങ്കര ഇഷ്ടമാണെന്നും എന്‍റെ പേര് മൌറീഷ്യോ എന്നാണെന്നും ഒരിന്ത്യക്കാരനെ ആദ്യമായാണ് കാണുന്നത് എന്നും പറഞ്ഞു. എന്നോട് സംസാരിക്കുന്നതില്‍ പ്രശ്നമുണ്ടോ എന്ന് ചോദിച്ചപ്പോള്‍ എനിക്കതില്‍ സന്തോഷമേയുള്ളൂ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ കൈ തന്നു കെട്ടിപ്പിടിച്ചു. മൌറീഷ്യോയുടെ പൂര്‍ണ പേര് മൌറീഷ്യോ വിയെഗസ് മാര്‍ട്ടിനെസ് കര്‍ഡോസോ. മൌറീഷ്യോ ഇവിടെ പ്രീ ഗ്രാജ്വേഷന്‍ പഠിക്കുകയാണെന്നും എട്ടു കിലോമീറ്റര്‍ മാത്രമേ വീട്ടിലേക്കുള്ളൂ എന്നും ഇനിയും കുറെ വര്‍ഷം ഇവിടെ കാണുമെന്നും പറഞ്ഞു. പിന്നെ അവിടെയെല്ലാം കൂട്ടിനടന്നു പല കുട്ടികളെയും പരിചയപ്പെടുത്തി. അന്നവിടെ ഞങ്ങള്‍ വിവിധ രാജ്യക്കാരുടെ പരിചയപ്പെടുത്തലും പരിപാടിയും ഉണ്ടായിരുന്നത്കൊണ്ട് കാമ്പസിലെ അന്തരീക്ഷം ഒരു ഫ്രീഡേ പോലെയായിരുന്നു. കൂടെ നടന്നു കാപ്പിയും ലഞ്ചും കഴിഞ്ഞ് ഇന്ത്യയുടെ പരിചയപ്പെടുത്തല്‍ നടക്കുമ്പോള്‍ മുന്നിലിരുന്നെല്ലാം കേട്ടു മൌരീഷ്യോ. എന്‍റെ പ്രസന്റേഷന്‍ കഴിഞ്ഞപ്പോള്‍ കുറെ കുട്ടികളെ കൂട്ടി ഇന്ത്യയെപ്പറ്റി കൂടുതല്‍ അറിയാന്‍ പല ചോദ്യങ്ങള്‍ ചോദിച്ചു. ഇന്ത്യയില്‍ പശുക്കളും വഴിയരികില്‍ പല്ലുപറയ്ക്കുന്ന നാടന്‍വൈദ്യന്മാരുമുള്ള ഏതോ ഒരു പ്രാചീന കാലത്തിന്‍റെ അത്ഭുതനാടായാണ് അവര്‍ പലരും ഇന്ത്യയെ കണ്ടത്. കൂട്ട്കൂടിനിന്ന കുട്ടികളുടെയിടയില്‍ ഞാന്‍ ഇന്ത്യയുടെ വൈവിധ്യവും വ്യത്യസ്ഥതയും സംസ്കാരവും കേരളത്തിന്‍റെയും തെക്കേ ഇന്ത്യയുടെയും പ്രത്യേകതകളും പറഞ്ഞുകൊടുത്തപ്പോള്‍ കുട്ടികള്‍ക്ക് ഇന്ത്യ ഒന്നുകൂടെ അത്ഭുതമായി മാറി.
കൈപ്പിറീന്യ – ബ്രസീലിന്‍റെ ദേശീയ കോക്ക്ട്ടയില്‍.
കരിമ്പില്‍ നിന്നും വാറ്റിയെടുക്കുന്ന കഷാസ എന്ന ആല്കഹോളും പഞ്ചസാരയും നാരങ്ങയും ഐസും ചേര്ത്ത് കഴിച്ചാല്‍ നല്ല സുഖം. പകുതി ഗ്ലാസില്‍ കഷാസ രണ്ടു സ്പൂണ്‍ പഞ്ചസാരയും, ഒരു കഷണം ചെറുനാരങ്ങയും കൂട്ടിന് ഐസും കൂടി ആയാല്‍ കൈപ്പിരീന്യ കോക്ക്ടെയില്‍ തയ്യാര്‍. കഷാസ തയ്യാറാക്കാന്‍ പറ്റിയില്ലെങ്കില്‍ പകരം വോഡ്ക ഉപയോഗിക്കാവുന്നതാണ്. പക്ഷെ അപ്പോഴത് ‘കൈപ്പിര്യോസ്ക’ എന്നാവും.! (ബ്രസീലിയന്‍ സുഹൃത്തിന്‍റെ പ്രയോഗം).
വലെസ്സി
കൃഷിയെന്ന് തോന്നാതെ പ്രകൃതിയുടെ തോളില്‍ കൈവെച്ച് താനെ വളരുന്ന മരങ്ങള്‍ള്‍ക്കും ഇലകള്‍ക്കും ചെടികള്‍ക്കും ഇടയ്ക്ക് കൃഷി ചെയ്യുന്ന വലെസ്സിയെ കണ്ടപ്പോള്‍ ഒരു പച്ചമരം പോലെ തോന്നി. ഇത് ട്രസ് പസ്സോസ് എന്ന മുനിസിപ്പാലിറ്റിയുടെ അടുത്തുള്ള അതെ പേരിലുള്ള ഗ്രാമം. അവിടേക്ക് ചെല്ലുമ്പോള്‍ നമ്മുടെ നാട്ടിലെ ഏതോ മലയിടുക്കുള്ള ഗ്രാമം പോലെ തോന്നിയിരുന്നു. ഇഷ്ടംപോലെ മരങ്ങളും കിളികളും, ചെറിയ അരുവികളും. ചുറ്റും നെല്ലിന്‍ പാടങ്ങളും. പിന്നീട് വണ്ടി ചെറിയ വഴിയിലൂടെ വളഞ്ഞു കയറ്റം കയറി നിന്നത് ഒറ്റപ്പെട്ടു കിടക്കുന്ന വലെസ്സിയുടെ വീടിന്‍റെ മുട്ടതാണ്. വലെസ്സിയെ കാണുമ്പോള്‍ ഏതോ ഇറ്റാലിയന്‍ സിനിമയിലെ കഥാപാത്രം പോലെ. യൂറോപ്പില്‍ നിന്ന് ഇവിടെ കുടിയേറി മണ്ണില്‍ കൃഷിചെയ്യുന്ന അഞ്ചാം തലമുറ. ആ ചെറിയ വീട്ടിലേക്ക് കയറുമ്പോള്‍ എന്തെല്ലാമോ ഒരുക്കങ്ങള്‍ നടക്കുന്നു. ഞങ്ങള്‍ ഇരുപത്തഞ്ച് പേര്‍ക്ക് ഭക്ഷണം ഉണ്ടാക്കുന്നതിന്‍റെ തിരക്കിലാണ് വലെസ്സിയും ഭാര്യ ലൂസിയും. ഞങ്ങളുടെ കോഴ്സിന്‍റെ ഭാഗമായി എല്ലാ ദിവസവും ചെല്ലുന്ന ഇടങ്ങളിലും താമസിക്കുന്ന ഹോട്ടലിലും പൂര്‍ണമായും ജൈവഭക്ഷണം തന്നെ ഏര്‍പ്പാട് ചെയ്തിരുന്നു അന്ദ്രെ. (ജൈവം എന്നാല്‍ വെജിറ്റേറിയന്‍ മാത്രമല്ല. ബീഫും മീനും ഒക്കെപ്പെടും.)
അവിടെ നിന്ന് പറിച്ച ഓറഞ്ചിന്‍റെ ജ്യൂസ് കുടിച്ച് എല്ലാവരും വലെസ്സിയോടൊപ്പം മണ്ണിലേക്കിറങ്ങി. വലെസ്സിയുടെ കൃഷിയിടവും വീടും റിസേര്‍വ് ചെയ്യപ്പെട്ട കാടിന്‍റെ അടുത്തായത് കൊണ്ട് അതിന്‍റെ ആവാസ വ്യവസ്ഥയ്ക്ക് കോട്ടം തട്ടാത്ത രീതിയില്‍ ആണ് വലെസ്സിയുടെ കൃഷിരീതി. വലെസ്സിയുടെയും ലൂസ്സിയുടെയും കൃഷിവിജയങ്ങള്‍ കഠിനധ്വാനത്തിന്‍റെയും അര്‍പ്പണമനോഭാവത്തിന്‍റെയും ഫലങ്ങളാണ്. ഇരുപതോളം ഹെക്ടര്‍ വരുന്ന കൃഷിയിടത്തില്‍ സന്തോഷങ്ങള്‍ വിരിയിക്കുന്ന വലെസ്സിയും ഭാര്യ ലൂസ്സിയും കഴിഞ്ഞ പതിനെട്ട് വര്‍ഷങ്ങങ്ങളായി പ്രകൃതിസൗഹാര്‍ദ കൃഷി ചെയ്തു തുടങ്ങിയിട്ട്. വീടിനോടടുത്ത് കിടക്കുന്ന സ്ഥലങ്ങളില്‍ മൊസൈക് രീതിയാണ് അവലംബിച്ചത്. ചെറിയ ചെറിയ തുണ്ടം സ്ഥലങ്ങളില്‍ വൈവിധ്യങ്ങളുടെ ഹരിതാഭ. ഇറ്റാലിയന്‍ മുള്ളങ്കി, മൊട്ടക്കൂസ് (കാബെജ്), ബ്രോകൊളി, മരച്ചീനി, പച്ചമുളക് അങ്ങിനെ. ഏകദേശം എണ്‍പതിനും നൂറിനുമിടയ്ക്കുള്ള കൃഷിയിനങ്ങള്‍. വാഴകള്‍ മാത്രം ഇരുപതില്‍പ്പരം ഇനങ്ങള്‍. ഈ ഉല്‍പ്പന്നങ്ങളൊക്കെ അടുത്ത്തന്നെയുള്ള വഴിയോര മാര്‍കെറ്റില്‍ വിറ്റഴിക്കാനുള്ളതാണ്. ഇവിടുത്തെ ഒരു പ്രധാന സവിശേഷത പുതിയ തലമുറ അവര്‍ എവിടെ എന്തൊക്കെ പഠിച്ചാലും കൃഷിയെ സഹായിക്കുന്നു എന്ന് മാത്രമല്ല കൃഷിയനുബന്ധമായ ജോലിയോ അല്ലെങ്കില്‍ ഭാവിയില്‍ കൃഷി തന്നെയോ തിരഞ്ഞെടുക്കാന്‍ താല്പര്യപ്പെടുന്നു എന്നാണ്. പുതിയ തലമുറ എങ്ങിനെ പ്രകൃതിയെ കൃഷിയെ കാണുന്നു എന്നത് പ്രകൃതിയും മനുഷ്യനും ഇനിയും മുന്നോട്ട് പോകാന്‍ അകുമെന്നതിന്‍റെ നല്ല അടയാളമാണ്. “കൃഷിയില്‍ എന്താണ് ചെയ്യാതിരിക്കുക എന്നറിഞ്ഞിരിക്കുക എന്നതാണ് മുഖ്യം, പിന്നീടാണ് എന്താണ് ചെയ്യേണ്ടതെന്നും ആലോചിക്കേണ്ടത് അതിനുള്ള അറിവുണ്ടായിരിക്കുക” വലെസ്സി പറഞ്ഞു നിര്‍ത്തി. ഇവിടുത്തെ വിജയം മണ്ണിനെയും പ്രകൃതിയെയും അതിന്‍റെതായ രീതിയില്‍ വിടുന്നു എന്നതാണ്.
ഞങ്ങള്‍ വീണ്ടും മേലോട്ട് കാട്ടിലേക്ക് ഇരുട്ടിലേക്ക് കയറി. കയറുന്തോറും മരങ്ങളും ജീവജാലങ്ങളും കൂടിവന്നു. ആന്ദ്രെയും വലെസ്സിയും പറഞ്ഞു തുടങ്ങി. ഇവിടം ഒരു ഇരുപത്തഞ്ചു കൊല്ലങ്ങള്‍ക്ക് മുന്‍പ് പുകയിലകൃഷി മാത്രം ചെയ്തു പ്രകൃതിയെ അത്രയ്ക്ക് തളര്‍ത്തിയെന്നും അതെങ്ങിനെ വലെസ്സി തന്‍റെ അച്ഛനമ്മമാരില്‍ നിന്ന് തിരിച്ചുപിടിച്ച് കാടോട് ചേര്‍ന്ന സൗഹൃദം സൃഷ്ടിച്ചു കൃഷി ചെയ്ത് വിജയമായ കഥ. ഈ സ്ഥലം ബ്രസീല്‍ – ഉറുഗ്വെ അതിര്‍ത്തിയിലാണ്. ആ കാണുന്ന കാടുകളും മലകള്‍ക്കുമപ്പുറം ഉറുഗ്വന്‍ കാടും അവരുടെ ജീവിതവുമാണ്. നമ്മള്‍ മലയാളികള്‍ വാഴയുടെ കാമ്പും മാമ്പും കഴിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ക്കാശ്ചര്യം. ഗോത്രവര്‍ഗക്കാര്‍ കഴിക്കുമെങ്കിലും കുടിയേറിവന്നവര്‍ ഇപ്പോഴാണ് അതിന്‍റെ മൂല്യവും ഗുണവും തിരിച്ചറിഞ്ഞ് കഴിച്ചു തുടങ്ങിയതെന്ന് സഹയാത്രിക അന്ന പറഞ്ഞു. കര്‍ഷകന്‍ തന്‍റെ മണ്ണില്‍ എന്ത് ചെയ്യണം എന്ത് ചെയ്യരുത് എന്ന് തീരുമാനിക്കാനുള്ള അധികാരവും ചങ്കൂറ്റവുമുണ്ടാകണമെങ്കില്‍ അതിനനുകൂലമായ രാഷ്ട്രീയ കാലാവസ്ഥയും, പ്രകൃതിയും, കമ്പോളവും, സര്‍ക്കാരും എല്ലാം ഒന്നിച്ചു ചേരണം. ഇത് തന്നെയാണ് കേരളത്തില്‍ ഇല്ലാത്തതും.
തിരിച്ചിറങ്ങി വീട്ടിലെത്തിയപ്പോള്‍ ഉച്ചഭക്ഷണം അതിഗംഭീരവും രുചികരവുമായിരുന്നു. എല്ലാം പ്രകൃതിജീവിതത്തില്‍ നിന്നുരിത്തിരിഞ്ഞവ. ആമസോണിലും അന്റാര്ട്ടിക്ക വനത്തിലും കാണുന്ന വളരെ വിലപിടിച്ച പാം മരത്തിന്‍റെ കാമ്പും ഗോതമ്പിന്‍ പൂക്കുല ചേര്‍ത്ത അരിദോശയില്‍ പൊതിഞ്ഞ റോളും, പൂളക്കിഴങ്ങും, ബീഫും നല്ല നാടന്‍ ചോറും രാജ്മയും പിന്നെ ഒരു കൂട്ടം ജൈവ സാലഡ്കളും. വലെസ്സിയും ഭാര്യയും ഉണ്ടാക്കിയത് പറഞ്ഞാല്‍ അറിയിക്കാന്‍ പറ്റാത്ത രുചികളായിരുന്നു.
ചിമാര്‍ റാവോ – (Chimarrão)
ഹെര്‍ബല്‍ ചായ Yerba Mate – യര്‍ബ മറ്റേയുടെ വകഭേദമായ റയോ ഗ്രന്ടെ സുളിന്റെ സവിശേഷമായ ഹെര്‍ബല്‍ പാനീയം ‘ചിമാര്‍ റാവോ’. ഗ്വറാണി ഗോത്രസമൂഹം പരാഗ്വയിലും ബൊളിവിയിലും അര്ജന്റീന, തെക്കന്‍ ബ്രസീല്‍ എന്നിവിടങ്ങളില്‍ കൂടുതലായി ഉപയോഗിക്കുന്നു. പ്രത്യേകതരം മരം കൊണ്ട് ഭംഗിയായി കൊത്തിയുണ്ടാക്കിയ കപ്പില്‍ ഹെര്‍ബല്‍ ചേരുവ ചേര്ത്ത് വശത്തോട്ട് മാറ്റി ചൂട് വെള്ളം ഒഴിച്ചു കുടിക്കുന്നതാണിത്. യാത്രയിലും മീട്ടിങ്ങുകളിലും എല്ലാം കാണാം. ഒരിക്കല്‍ നിറച്ച ചൂടുവെള്ളം നിറച്ചു കുടിക്കുന്ന ഈ പാനീയം വീണ്ടും നിറച്ചു അടുത്തുള്ളയാള്‍ക്ക് കൈമാറുന്നതാണ് രീതി. പാനീയം കാലിയാക്കിയേ തിരിച്ചു കൊടുക്കാവൂ. ഇത് സ്നേഹത്തിന്‍റെയും കൂട്ടായ്മയുടെയും ഊര്‍ജത്തിന്‍റെയും രുചിയാണ്. പ്രാചീന ഗോത്രത്തില്‍ നിന്നും പകര്‍ന്നുകിട്ടിയ സ്നേഹം.
ബാറെയ എലിമേന്ററി സ്കൂള്‍
വിഖ്യാത വിദ്യാഭ്യാസ നിരീക്ഷകനും ചിന്തകനുമായിരുന്ന പൌലോ ഫ്രെയറിന്‍റെ നാട്. അദ്ധേഹത്തിന്‍റെ Pedagogy of the Oppressed കേള്‍ക്കാത്ത മലയാളി ചുരുക്കമായിരിക്കും. ഇദ്ദേഹമാണ് ബ്രസീലിന്‍റെ വിദ്യാഭ്യാസനവീകരണത്തിനു നേതൃത്വം വഹിച്ചത്. 1940 കളില്‍ തുടങ്ങിയ അദ്ധേഹത്തിന്‍റെ സംഭാവന 1964 ലെ പട്ടാളഅട്ടിമറിക്ക് ശേഷം ബ്രസീല്‍ വിടേണ്ടിവന്ന പൌലോ പിന്നീട് തിരിച്ചു വന്നത് 1980 ലാണ്. പിന്നീടദ്ദേഹം ബ്രസീലിന്‍റെ സാക്ഷരതാ പ്രവര്‍ത്തനത്തിനും വിദ്യാഭ്യാസ ചിന്തകള്‍ക്കും മുന്‍നിരയില്‍ നിന്നു 1997 ല്‍ മരിക്കുന്നത് വരെ.
ഇന്ന് പോയ ബാറെയ എലിമേന്ററി സ്കൂള്‍ ഇത് സാക്ഷ്യപ്പെടുത്തുന്നതായിരുന്നു. പത്താംതരാം വരെ ക്ലാസുകള്‍ ഉള്ള ഈ ചെറിയ സുന്ദരമായ സ്കൂളില്‍ കുട്ടികള്‍ പഠനത്തോടൊപ്പം ജൈവകൃഷിയും, മഴവെള്ള സംഭരണിയും (അവിടെ ഇഷ്ടം പോലെ മഴ കിട്ടിയിട്ടും). അവിടത്തെ കുട്ടികള്‍ മലാലയുടെ ജീവചരിത്രം ഒരു എഴുത്തുകാരിയായ ടീച്ചറുടെ സഹായത്തോടെ പോര്ടുഗീസ് ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്തിരിക്കുന്നു. National Feeding Programme വഴി മുപ്പത് ശതമാനം ഭക്ഷ്യവിഭവങ്ങള്‍ അവിത്തെ പ്രാദേശിക ജൈവകര്‍ഷകരില്‍ നിന്ന് വാങ്ങണമെന്ന നിയമം ഒരുപക്ഷെ നമുക്കും പരീക്ഷിച്ചു നോക്കാവുന്നതാണ്.
അസായി
അസായി Acai എന്ന് വിളിക്കപ്പെടുന്ന സവിശേഷതയാര്‍ന്ന ഒരു പാം ഇനത്തില്പ്പെട്ട മരമാണ്. ഇതിന്‍റെ ആഗോളവിപണി സാധ്യത വളരെ വിപുലമാണ്. ഇതിന്‍റെ കായ് (ബെറി) മുന്തിരിപോലെ തോന്നിക്കും. ആമസോണ്‍ കാടുകളില്‍ വ്യാപകമായി കണ്ടുവന്നിരുന്ന ഇതിന്‍റെ കായും കാമ്പുമാണ് അമേരിന്ത്യന്സ് കൂടുതലായും ആശ്രയിച്ചുകൊണ്ടിരുന്നത്. ഇന്നിത് സംരക്ഷിക്കപ്പെടുന്ന ഒരു ഇനമായി ഗവണ്മെന്റ് ഉള്‍പ്പെടുത്തിയിരിക്കുന്നു. അതേപോലെ അറ്റ്ലാന്റിക് മഴക്കാടുകളിലെ കിഴക്കും തെക്കന്‍ ബ്രസീലിലും, അര്ജന്റീന, പരാഗ്വേ, ഇക്വഡോര്‍ എന്നിവിടങ്ങളിലെ കാടുകളിലും കാണപ്പെടുന്ന മറ്റൊരു പാം ഇനമാണ് ജുസാര.(Jucara). അസായ് വര്‍ഗത്തില്‍പ്പെട്ട ഇതിന്‍റെ പഴവും അതോടൊപ്പം തന്നെ അകക്കാമ്പും ഭക്ഷിക്കുന്നു. ഈ പാമിന്‍റെ ഹൃദയം എന്നറിറയപ്പെടുന്ന അകക്കാമ്പിനാണ് കൂടുതല്‍ ഡിമാണ്ട്. നല്ല രുചിയുള്ള ഇതിന്റെ ഹൃദയത്തിന് ഒട്ടേറെ ഔഷധമൂല്യങ്ങള്‍ ഉണ്ടത്രേ.
ഓര്‍ഗാനിക് മാര്‍കറ്റ് – പോര്ടോ അലെഗ്രെ
ഞങ്ങളുടെ കോഴ്സ് കഴിഞ്ഞ് തിരിച്ചുപോരുമ്പോള്‍ പോര്‍ട്ടോ അലെഗ്രയിലെ പ്രസിദ്ധമായ ഓര്‍ഗാനിക് മാര്‍ക്കറ്റ് കൂടെ കാണിക്കാന്‍ അന്ദ്രെ പ്ലാന്‍ ഇട്ടിരുന്നു. തലേദിവസത്തെ പാര്‍ടിയുടെ ക്ഷീണം എല്ലാവരുടെയും മുഖത്ത് കാണാമായിരുന്നു. പിന്നീട് തിരിച്ചു പോരുന്ന ചെറിയ വിഷമവും. രാവിലെ ഏഴുമണിക്ക് പുതിയൊരു ബസ്സുമായെത്തിയ അന്ദ്രെ എല്ലാവരുടെയും ബാഗും മറ്റും ഡിക്കിയില്‍ കയറ്റാന്‍ സഹായിച്ചു. പ്രാതല്‍ ഹോട്ടലില്‍ നിന്ന് കഴിച്ചിരുന്നു. ബസ്സ് പുറപ്പെട്ടു. പലരും അവരുടെതായ ലോകത്തായിരുന്നു. ഞങ്ങള്‍ രണ്ടു മണിക്കൂര്‍ കൊണ്ട് പോര്‍ട്ടോ നഗരത്തിലെത്തി. പോര്ടോ അലെഗ്രെ നഗരം റയോ ഗ്രാന്ടെ സൂള്‍ സംസ്ഥാനത്തിന്‍റെ തലസ്ഥാനവും തെക്കന്‍ ബ്രസീലിലെ ഒരു പ്രധാനപ്പെട്ട നഗരവുമാണ്. 1769 ല്‍ സ്ഥാപിതമായ ഈ നഗരം ഒട്ടേറെ യൂറോപ്പ്യന്‍ രാജ്യക്കാരുടെ ഇടമാണ്. ലോകത്തിലെ ആദ്യത്തെ ലോക സോഷ്യല്‍ ഫോറം തുടങ്ങിയതും ഏറ്റവും കൂടുതല്‍ തവണ സംഘടിപ്പിച്ചതും പോര്ടോ അലെഗ്രെയില്‍ ആണ്. പന്ത്രണ്ടു പ്രാവശ്യം നടന്ന ലോക സോഷ്യല്‍ ഫോറത്തില്‍ നാലു പ്രാവശ്യവും നടന്നതീ നഗരത്തിലാണ് എന്നറിയുമ്പോള്‍ മനസ്സിലാക്കാം ഈ സ്ഥലം എത്രത്തോളം സിവില്‍ സമൂഹ സംഘടനകളുടെ സ്വാധീനം ഉണ്ടെന്ന്.
ഇവിടെ രണ്ടു പ്രധാന ഓര്‍ഗാനിക് മാര്‍ക്കറ്റ്‌കള്‍ ഉണ്ട്. വിശാലമായ ഈ ഓര്‍ഗാനിക് മാര്‍ക്കറ്റ് നഗരഹൃദയ ഭാഗത്താണ്. മനോഹരമായ പാര്‍ക്കും പ്രാചീന പള്ളിയും ഒട്ടേറെ മരങ്ങളും നിറഞ്ഞ റോഡിനു നടുവില്‍ വീതിയില്‍ രണ്ടു വശവും നീളത്തില്‍ കര്‍ഷകരും അവരുടെ സഹകരണ സംഘങ്ങളും വിവിധ ജൈവയിനങ്ങള്‍ വില്‍ക്കുന്നു. നൂറും ഇരുന്നൂറും കിലോമീറ്റര്‍ ദൂരെ നിന്ന് തങ്ങളുടെ കൃഷിയിടത്തില്‍ നിന്ന് ശേഖരിച്ച എല്ലാവിധ ജൈവഭക്ഷണ സാധനങ്ങളും ഇവിടെ കിട്ടും. ഞങ്ങള്‍ ഗ്രാമങ്ങളില്‍ പോയി കണ്ട മൌരുവും ലോറയും വലെസ്സിയും ഇവിടെ ഉണ്ടായിരുന്നു. അവര്‍ കച്ചവടം ചെയ്യുന്നതിന്‍റെ തിരക്കിലായിരുന്നെങ്കിലും കണ്ടപ്പോള്‍ ഇറങ്ങിവന്ന് കുശലം പറഞ്ഞു ഫോട്ടോ എടുത്തു.
ഈ മാര്‍ക്കറ്റ് ആഴ്ചയില്‍ രണ്ടു ദിവസമാണ് പ്രവര്‍ത്തിക്കുക. ശനിയും ഞായറും. അപ്പോള്‍ നഗരങ്ങളിലെ മിക്ക ആള്‍ക്കാരും തങ്ങള്‍ക്ക് ഒരാഴ്ചക്ക് വേണ്ട പച്ചക്കറികളും മറ്റു സാധനങ്ങളും ഇവിടെ നിന്നും വങ്ങും. ഇവിത്തെ ഉപഭോക്താവിന് എന്ത് വാങ്ങണം എന്ത് വാങ്ങരുത് എന്നു കൃത്യമായ ബോധ്യമുണ്ട്. ചെറിയ രീതിയില്‍ വില കൂടിയാലും പ്രശ്നമല്ല. ഗുണനിലവാരമാണ് പ്രധാനം. ബ്രസീലില്‍ ജൈവകൃഷിക്കാരുടെ വിവിധ അസോസിയേഷനുകള്‍ ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ പല നെറ്റ്‌വര്‍ക്കുകളും മറ്റുമായി കര്‍ഷകരുടെ ഈ കൂട്ടായ്മയ്ക്ക് ശക്തി പകരുന്നു. ഈയൊരു ബോധം നമ്മുടെ ഉപഭോക്താവിനും അത് പോലെ ന്യായമായ വില ഇടത്തരക്കാരില്ലാതെ കൃഷിക്കാരനും കിട്ടുന്ന ഒരു സ്ഥിതി കേരളത്തിലും ഇന്ത്യയിലും വരികയാണെങ്കില്‍ എത്ര നന്നായിരുന്നു.
ഒരു ജിപ്സിയന്‍ സ്വപ്നം പോലെ
അയാളെ കാണുമ്പൊളെ തോന്നിയിരുന്നു ഒരു ഇന്ത്യന്‍ ബന്ധം. എന്നെ കണ്ടപ്പോള്‍ തന്നെ വന്ന് കൈ തന്നു വിശേഷങ്ങള്‍ ചോദിച്ചു. പേര് ചോദിച്ചപ്പോള്‍ മാര്‍കോസ് എന്നു പറഞ്ഞു. ഈ പേരില്‍ ഞങ്ങള്‍ക്ക് ഒരു ഗായകനുണ്ടെന്നും പറഞ്ഞപ്പോള്‍ ഒരു നിറഞ്ഞ ചിരി മാത്രം തന്നു മാര്‍കോസ്. ഏതോ നൂറ്റാണ്ടിന്‍റെ അകല്‍ച്ച അദ്ധേഹത്തിന്‍റെ മുഖത്ത് പ്രതിഫലിച്ചിരുന്നു. ഒരു ഫോട്ടോ എടുത്തോട്ടെ എന്ന് ചോദിച്ചപ്പോള്‍ പല പോസിലായി നിന്ന് തന്നു. പിന്നീട് കാണാമെന്നു പറഞ്ഞു പിരിഞ്ഞു. വീണ്ടും ഞാന്‍ അവിടെ തിരിച്ചു ചെന്നപ്പോള്‍ മാര്‍കോസ് ആളുകളെ മസ്സാജ് ചെയ്യുകയായിരുന്നു ഒരു യന്ത്രസഹായത്തോടെ. അതില്‍ ഒരു തനി കേരളീയന്‍ ടച്ച്. ചെന്ന് കൈ കൊടുത്തു പിരിയുമ്പോളും എന്തോ ഉള്ളിലടക്കി ചിരിച്ചു മാര്കോസ്. ഞങ്ങള്‍ രണ്ടുപേര്‍ക്കുമതറിയാമായിരുന്നു. എന്‍റെ അവിടുത്തെ സുഹൃത്ത് സൂചിപ്പിച്ചിരുന്നു അദ്ധേഹത്തിന്‍റെ ഇന്ത്യന്‍ ബന്ധം. എന്നാലും ഒരു നൊമാഡിനെപ്പോലെ പലതും ബാക്കി വെച്ച് ജീവിതം തീര്‍ത്തും സന്തോഷകരമാക്കുന്നു മാര്കോസ്. അത് തന്നെയാണ് ജീവിതവും. ‘ഏകാന്തതയുടെ നൂറു വര്ഷ്ങ്ങളും’ മാര്കേ്സും തികട്ടിത്തികട്ടി വന്നു.
തിരിച്ചുപോരല്‍
ഞങ്ങളുടെ സന്ദര്‍ശനം കഴിഞ്ഞ് ഒരു ഹോട്ടലില്‍ പോയി ലഞ്ച് കഴിച്ചു. പിന്നീട് ഞങ്ങളെ അന്ന് തിരിച്ചുപോരേണ്ടവരെ എയര്‍പോര്‍ട്ടില്‍ കൊണ്ടുവന്നു അന്ദ്രെ ഞങ്ങളെ പിരിയുമ്പോള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കിട്ടിയ അറിവും സ്നേഹവും ഇനിയും ഞങ്ങളെ മുന്നോട്ടു നയിക്കുമെന്ന ഒരുപക്ഷെ ഇനിയും കാണാമെന്ന പ്രതീക്ഷയോടെ ഞങ്ങള്‍ ബ്രസീലിനോട് യാത്ര പറഞ്ഞു.
യാത്രികൻ.