പൂമുഖം EDITORIAL മുഖപുസ്തകത്തിലെ ശ്രദ്ധേയരായ കവയിത്രികള്‍ – ശ്രീമതി നിഷ നാരായൺ

മുഖപുസ്തകത്തിലെ ശ്രദ്ധേയരായ കവയിത്രികള്‍ – ശ്രീമതി നിഷ നാരായൺ

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

nishaകവിതകളെ പാർശ്വവൽക്കരിക്കാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ അല്ല ,വർഷങ്ങളുടെ പഴക്കമുണ്ട് പെണ്ണെഴുത്ത് എന്ന പ്രയോഗത്തിന്.ഈ പ്രയോഗത്തിലെ ശരിയും തെറ്റും അന്നു മുതൽക്കേ ചർച്ച ചെയ്യുന്നുമുണ്ട്. മലയാള സാഹിത്യത്തിൽ എന്നല്ല വിശ്വ സാഹിത്യത്തിൽ തന്നെ രചനകളെ തരം തിരിച്ച് വിലയിരുത്താറുമുണ്ട്.ഇത്തരം വേർതിരിവ് വേണമെന്നും വേണ്ടാഎന്നും പറയുന്ന സാഹിത്യകാരന്മാർ ഈ വിഷയത്തിൽ ആഗോള തലത്തിൽ തന്നെ സംവാദങ്ങളും നടത്താറുണ്ട്.എന്നാൽ സച്ചിദാനന്ദൻ ആണ് മലയാളത്തിൽ പെണ്ണെഴുത്ത്‌ എന്ന പ്രയോഗം തുടങ്ങി വെച്ചത് .സ്ത്രീദുര്‍ബലതയെ ചൂഷണം ചെയ്യുന്നതിനെതിരെ ഉയരുന്ന ഒരോ ഒച്ചപ്പെടലും അത് പുരുഷനില്‍ നിന്നായാലും സ്ത്രീയില്‍ നിന്നായാലും ഫെമിനിസമാണ്. യഥാര്‍ത്ഥ സ്ത്രീ സ്വാതന്ത്ര്യത്തിന്റെ ധാര എന്നത്‌ സ്ത്രീ എന്ന മനുഷ്യദ്വയത്തെ തിരിച്ചറിയുകയും തുല്യമായ പരിഗണനയും സ്നേഹവും ബഹുമാനവും പരസ്പരം കൊടുക്കല്‍ വാങ്ങലിലൂടെ ഉറപ്പിക്കുകയും ചെയ്യുന്ന മനുഷ്യത്വത്തിന്റെ ധാരയാണ്‌. “സ്ത്രീപുരുഷ വര്‍ഗ്ഗീകരണം എന്നത് പ്രകൃത്യാ തന്നെ നിശ്ചയിക്കപ്പെട്ടിട്ടുള്ള വര്‍ഗ്ഗീകരണമാണ്. മനുഷ്യനാല്‍ നിര്‍മ്മിതമായ മറ്റ് വര്‍ഗ്ഗീകരണങ്ങളെ പോലെ, ഉദാഹരണമായി അടിമ, ഉടമ, അവര്‍ണ്ണന്‍, സവര്‍ണ്ണന്‍, വേണമെന്ന് വച്ചാല്‍ മാറ്റിയെടുക്കാനാവുന്നതല്ല സ്ത്രീപുരുഷ വര്‍ഗ്ഗീകരണം. ഒന്നിനെ മറ്റൊന്നില്‍ ലയിപ്പിക്കുന്നതും നശിപ്പിക്കുന്നതും മനുഷ്യന്‍ എന്ന വര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിനെയാണ് ചോദ്യം ചെയ്യുക. അതായത് സ്ത്രീയും പുരുഷനും തുല്യര്‍ (equal) ആണ്, സമാനര്‍ (identical)അല്ല. അതുകൊണ്ട് തന്നെ തന്റേതായ ഒരു ഭാഷ സ്ത്രീയ്ക്കും ഉണ്ടാവേണ്ടിയിരിക്കുന്നു. “ഭാഷ എന്നുപറയുന്ന ഉപകരണം പുരുഷമേല്‍കോയ്മയില്‍ വളര്‍ന്ന ഉത്പ്പന്നമായിരുന്നു. അതായത്‌ ഇന്നത്തെ ഭാഷ പുരുഷനുവേണ്ടി അവന്‍ വളര്‍ത്തിയെടുത്തതാണ്‌. ഭാഷയിലെ ഏതാണ്ടെല്ലാ ശക്തിമത്തും സുന്ദരവുമായ ബിംബകല്‍പ്പനകളും പുരുഷ രൂപമാര്‍ന്നാണ്‌ അനുവാചകന്റെ മനസ്സുകളില്‍ ബിംബിക്കുന്നത്‌. കടല്‍ക്കരയില്‍ കടല്‍ മണം പോലെ, ബ്രസീലില്‍ ഫുട്ട്ബോള്‍ പോലെ.“ലളിതമായ ഒരു ഉദാഹരണം പറഞ്ഞാല്‍ ഇന്നത്തെ ഭാഷ ഉപയോഗിച്ച് പെണ്ണെഴുതിയാലും, ആണെഴുതിയാലും “അവനവന്‍ അവനവനുള്ളത് എടുക്കട്ടെ “ എന്നേ എഴുതാനാവൂ. അവിടെ അവളവള്‍ എന്നൊരു പ്രയോഗം ഉണ്ടാകേണ്ടിയിരിക്കുന്നു. നിഷയുടെ രചനകളില്‍ ഈ അവളവള്‍ ഒളിഞ്ഞും തെളിഞ്ഞും കാണാന്‍ കഴിയും . മുഖപുസ്തക വേദികളില്‍ എഴുതിക്കൊണ്ടിരുന്നു നിഷ ഇപ്പോള്‍ സ്വന്തം പേജില്‍ മാത്രമായി ഒതുങ്ങുന്നത് കവിതയെ സ്നേഹിക്കുന്നവര്‍ക്ക് ഒരു നഷ്ടം തന്നെയാണ് എന്നാണ് വള്ളുവനാടന്‍ പക്ഷം . നിഷ വെത്യസ്തവിഷയങ്ങളില്‍ ധാരാളം കവിതകള്‍ എഴുതിയിട്ടുണ്ട് .സാമ്പ്രധായിക കവിതാശൈലിയില്‍ നിന്നും വേറിട്ട്‌ ഗദ്യകവിതകളുടെ തനിമ വിളിച്ചോതുന്ന നിഷയുടെ കവിതകള്‍ വളരെയധികം ശ്രദ്ധേയമാണ് . വശ്യം എന്ന കവിത തന്നെ അതിനൊരു ഉദാഹരണമാണ് . ഒരു നാടന്‍ ചൊല്ല് പോലെ , അല്ലെങ്കില്‍ നാടന്‍പാട്ടിന്റെ ശീലുപോലെ മരണത്തെക്കുറിച്ചും , സാമൂഹ്യ അപചയങ്ങളെക്കുറിച്ചും നിഷ വാചാലയാവുന്നു . ധാരാളം കവിതകള്‍ എഴുതി എങ്കിലും ഒരു പുസ്തകം പോലും അച്ചടി മഷി പുരളാനുള്ള ശ്രമം നിഷ നടത്തിയിട്ടില്ല എന്നത് ദു:ഖകരം എന്ന് പറയേണ്ടിവരുന്നു . നിഷയുടെ തനതായ ശൈലിയിലുള്ള എഴുത്തുകള്‍ കൂടുതല്‍ പേര്‍ വായിക്കട്ടെ , അഭിപ്രായങ്ങള്‍ പങ്കുവെയ്ക്കട്ടെ എന്ന പ്രതീക്ഷയോടെ , നിഷയ്ക്ക് എഴുത്തിന്‍റെ വഴികളില്‍ ഉയരങ്ങള്‍ കീഴടക്കാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു .എന്‍റെ ഇഷ്ടകവിതകളില്‍ ഒന്നായ “വശ്യം” നിങ്ങളുടെ വായനയ്ക്കും വിലയിരുത്തലിനുമായി …

വശ്യം.

“എവിടെയാ “*കുറുവടി”?,
ഈ ഉടൽവഴി
ഒന്നുഴിയുക,യതെടോ”..

വടക്കേപ്പാട്ടെ
ഓട് രണ്ട് പൊട്ടിച്ചതും
അടുക്കള വരാന്തയിലെ
സ്ഥിരം ഉരുളിയൊന്ന്
പറമ്പിന്റെ കണ്ണെത്താത്തറ്റം
കൊണ്ടു കമഴ്ത്തിയിട്ടതും
ഉഗ്രനായി..
“മായച്ചെയ്ത്തൊന്ന് ചെയ്ത്
ഈ കൺകൾ കെട്ടെടോ,
ഒരു മദിരയായങ്ങൊഴുകി
ആ പുറകെവന്നോട്ടെ”..

ഒരു കെട്ട് മുടിയെടുത്തോ,
കൃത്യം അരി തിളച്ചുവരുമ്പോൾ
കൊണ്ടിടണം;
മൂശ്ശെട്ട ജാനുവൊന്ന്
തിളച്ചു തൂവണം..
“ഈ മുടിച്ചോട്ടിൽ
ഒളിസേവയായ്
ഒന്നുവന്നിരുന്നു പോവടോ,
മുടിമിനുക്കത്തിൽ
നീയൊന്നലിയട്ടെ,
പെരുങ്കുറുമ്പുകൾ
കരിക്കുപോലിളവട്ടെ”..

പുരപ്പുറങ്ങളിൽ
നീ,ഏറ്പൂരം നടത്ത്,
രാത്രിഞ്ചരൻമാരെ
ഉരുട്ടിവീഴ്ത്താൻ
ഇരുൾക്കുഴികളുണ്ടാക്ക്,
നടുവാതിൽക്കൽ
തീയുണ്ടകളെറിഞ്ഞ്
നാടുവാഴികളെ
ഞെട്ടിക്ക്,
അരമനയിലെ
കസവുമുണ്ട്,
അടിച്ചുമാറ്റി
ചിരുതയുടെ കുടിമുറ്റത്ത്
ഊതിപ്പറത്തിവീഴ്ത്ത്..
“ആ നാലുകാലിപ്പുറത്ത്
ഒന്ന് കയറ്റെടോ,
മുക്രയിടും രസവേഗങ്ങളിൽ
നിന്നോടമർന്നിരുന്ന്
ഒന്നു കുതികുതിക്കാല്ലോ”.

ഇവിടെല്ലാം
കരിഞ്ഞു പുകയുകയാണെടോ ..
ചിരി പെയ്തിരുന്ന
മഴകളെ കാറ്റുകൊണ്ടോയി,
ചങ്കുണക്കിയുണക്കി
വേനല് കട്ടക്കരിയായി,
വേഗം ജീവിച്ചങ്ങ് തീർത്ത്
കണ്ടനുംകുറുമ്പനും
തിടുക്കത്തില്
തെക്കോട്ട് വെച്ചടിച്ചു,
പെണ്ണൊക്കെയിന്ന്
വെറും പുല്ലാടോ..
ഒന്ന് വാ!
ആ പോത്ത് പുറത്ത്
**’ഈഴറ ‘കൊട്ടിയാടിയുലഞ്ഞ്
നീ വാ..

കളമില്ല,
കലശമൊരുക്കാൻ കുടമില്ല,
വെട്ടാൻ നിർത്തിയ പൂവൻ
നേര് ചികഞ്ഞുചികഞ്ഞ്
കാടേറി,
പന ചെത്താൻ കേറിയ
ചോകോൻ കുമാരൻ
മാനത്തിന്റെ വേലീം പറിച്ച്
ശൂന്യത്തിലേയ്ക്ക്
ഒഴുകിപ്പോകെ,
നിനക്ക് മോന്താൻ
കള്ളില്ലെടോ…
എങ്കിലും വാ!
നെഞ്ഞു കീറിയലച്ചു
വിളിക്കയാണ്, നീ വാ….
കരളിട്ടു വാറ്റിയ
കണ്ണീര് ഊറ്റി
ഈ നീണ്ട വ്യഥയുടെ
ലഹരി കുടിക്ക്..
ജീവിതം വിതറിയ
കളത്തിൽ വന്നിരി,
‘കളംപാന’ കേട്ടങ്ങിരി..
കുതികുതിപ്പിന്റെ ചോര തരാം,
ഓട്ടുരുളി തട്ടിയുരുട്ടി
പ്രതിരോധത്തിന്റെ
ചുമല പടർത്തും
“ഗുരുതി ” തരാം,
ഈ പച്ചോലക്കീറില്
പെണ്ണുശിരും
നേദ്യോം വെയ്ക്കാം..
വാ,
ആ പോത്ത് പുറത്ത്
ഈഴറ കൊട്ടിയാടിയുലഞ്ഞ്
നീ വാ..
“ഒന്ന് പുണരെടോ
ഇതെന്തൊരു
പ്രണയമാണെടോ!!!!”

* ചാത്തൻസ്വാമിയുടെ ആയുധം.
**ചാത്തന്റെ പ്രിയ വാദ്യോപകരണം.

Comments

You may also like