പൂമുഖം LITERATURE ജീവിതത്തിന്റെ ചിത്രപ്രദര്‍ശനസാദ്ധ്യതകള്‍ : ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു.

സംഗീത. ആര്‍. എഴുതിയ ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു എന്ന കവിത സമാഹാരത്തിനു ശ്രീ രാജേഷ് ചിത്തിര എഴുതിയ ആസ്വാദനം : ജീവിതത്തിന്റെ ചിത്രപ്രദര്‍ശനസാദ്ധ്യതകള്‍ : ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു.

 kadalപു/dropcap]കവിതയ്ക്ക് ഒരു പേജില്‍ അടക്കം ചെയ്ത വാക്കുകളുടെ നിയന്ത്രണരേഖയ്ക്ക് അപ്പുറം വിപുലമായ സാമൂഹികസാഹചര്യങ്ങളെ പ്രതിനിധാനം ചെയ്യേണ്ടതുണ്ട്. ഘട്ടം ഘട്ടമായി വിഭജിക്കപ്പെടുന്ന, വിവിധ ദിശകളിലുള്ള  എഴുത്തുരീതികളെ പറ്റിയുള്ള പഠനങ്ങള്‍ ആവശ്യമായി വരുന്നത് ഈ വലിയ ക്യാന്‍വാസിനെ കവിത പ്രതിനിധാനം ചെയ്യുന്നു എന്നത് കൊണ്ടാണ്. കവിത എന്നൊരു വലിയ സംജ്ഞയില്‍ ഒതുങ്ങാത്ത വൈവിധ്യം സമകാലീന കവിതയില്‍ ഉണ്ടെന്നത് ഇത്തരം സാമൂഹ്യപഠനങ്ങളുടെ ആവശ്യകതയാണ്. ലോകകവിതയുടെ പുതു രീതികളായ സൂക്ഷ്മകവിതയും പഴയതും പുതിയതുമായ ജാപ്പനീസ് കവിതാമാതൃകകളും ആഫ്രിക്കന്‍ കവിതകളുടെ ചടുലരീതികളും മലയാളത്തിലും കണ്ടെടുക്കാന്‍ ആവുന്നവയാണ്. അര്‍ത്ഥശൂന്യതയും കവിതയുടെ രീതിയായി മാറുന്നുണ്ട്. വാക്കുകളുടെ നവ്യോപയോഗം കൊണ്ട് വായനക്കാരനെ വിസ്മയിപ്പിക്കുകയും എന്നാല്‍ കവിത അതിന്റെ പൂര്‍ണ്ണതയില്‍ വായനക്കാരനില്‍ ഒരു വികാരം മാത്രം ബാക്കിയാക്കുകയും ചെയ്യുന്നതിലൂടെ അര്‍ത്ഥശൂന്യത കവിതയുടെ ഭാഗമായി മാറുന്നു. ഇന്റര്‍നെറ്റിനു മുന്‍പുള്ള കവിത അതിനു ശേഷമുള്ള കവിത എന്നിങ്ങനെയാവും കവിതയെ കൂടുതല്‍ വിശദീകരിക്കാന്‍ ആവുക ഭാവിയില്‍. ആധുനിക/ ആധുനികാനന്തരവിഭജനങ്ങളെക്കാള്‍ സമീപസ്ഥമാകുക ഈ വിഭജനമാകാന്‍ വഴിയുണ്ട്. ആധുനികതകള്‍ തന്നെ ആധുനികാനന്തരവും, ആധുനികാനന്തരാനന്തരവും ഹൈപ്പര്‍ ആധുനികതയും ഓട്ടോമോഡര്‍ണിസവും കടന്നു ഡിജിമോഡര്‍ണിസവും മെറ്റാമോഡര്‍ണിസവുമായി മാറുന്നതായി സൈദ്ധാന്തിക വിശകലനങ്ങള്‍ വരുന്നത് ഓര്‍ക്കാം. രൂപഭദ്രതയും കാവ്യ സംസ്കാരവും വളരെ വേഗത്തില്‍ തിരുത്തപ്പെടുന്നുണ്ട് എന്ന് സാരം. പുതുമയെക്കുറിച്ചുള്ള  ആകാംക്ഷയും അന്വേഷണവും ഓരോ എഴുത്തുകാരനെയും പിന്തുടരുന്നുണ്ട്.

സമീപസ്ഥസാഹിത്യരീതികളില്‍ കവിതയ്ക്കും കഥയ്ക്കും ഇടയിലെ രേഖ ഏറെ നേര്‍ത്തതാണെന്നു പറയാം. പുതുകവിതയുടെ കാലത്തും ശേഷവും കവിതകളില്‍ കഥയെഴുത്തിന്റെ രീതികള്‍ കണ്ടെത്താന്‍ കഴിയും.കഥയിലും കവിതയിലും സമാനമായ ആലങ്കാരികതകള്‍ ഉപയോഗിച്ച് കാണാം. അരികു ജീവിതങ്ങളുടെ രേഖപ്പെടുത്തലുകള്‍ കഥയ്ക്കും കവിതയ്ക്കും വിഷയമായി മാറുമ്പോള്‍ അത്തരം എഴുത്തുപ്രവണതകള്‍ സ്വാഭാവികമാവും. കഥകളില്‍ നിന്ന് അത്തരം അലങ്കാരങ്ങള്‍ വിടപറഞ്ഞു പോയിത്തുടങ്ങിയെന്ന്‍ പുതിയകഥകള്‍ വെളിവാക്കുന്നുണ്ട്. കെന്നത്ത് ഗോള്‍ഡ്‌സ്മിത്തിനെ ഉദാഹരിച്ചാല്‍ പുതിയ കാലത്തെ കവിത സൃഷ്ടാക്കളെക്കാള്‍ കൂടുതലായി വിശദീകരരെ ആവശ്യപ്പെടുന്നുണ്ട്.

ആര്‍. സംഗീതയുടെ ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നുവെന്ന കവിതാസമാഹാരം വായിച്ചപ്പോള്‍ ആദ്യം തോന്നിയത് കവിതയ്ക്കുള്ളിലെ കഥയെപ്പറ്റിയാണ്. ത്രേസ്യയ്ക്ക് തണുക്കുന്നു, ചിലര്‍ /ചിലത് / ചിലപ്പോള്‍ , മടിച്ചി, റോഡിലൊരു ചിത്രം , കുഞ്ഞുലക്ഷ്മി, മധുരക്കയ്പ്, ശവപ്പെട്ടിക്കാരന്റെ മകള്‍, അമേരിക്കയ്ക്കുള്ള ബസ്, കൊച്ചാപ്പിയെന്ന മരം, ലീലേച്ചിയുടെ പീടിക, ഖനനം തുടങ്ങിയ പല കവിതകളും പരിചിത സാഹചര്യങ്ങളില്‍ നിന്നുള്ളവരെ പറ്റിയാണ്. ഈ കവിതകളില്‍ നിറഞ്ഞു നില്‍ക്കുന്നത് കഥപറച്ചിലിന്റെ രീതികളാണ്. കഥയിലെ അലങ്കാരങ്ങളും ഉപമകളും ഏറെയുണ്ട്.

നേരെ എഴുതിയാല്‍ :
“പച്ചകൊണ്ട് ഉച്ചിവരെ മൂടിക്കിടക്കുന്ന കപ്പച്ചെടികളുടെ മണ്ടയ്ക്ക് വെയില്‍ ഒരു കൊട്ടുകൊടുത്ത് കുലുക്കി ഉണര്‍ത്തുമ്പോഴാണ്‌ ത്രേസ്യ ചന്തമുക്കില്‍ എത്തുന്നത്. (ത്രേസ്യയ്ക്ക് തണുക്കുന്നു).

“ഈ അമ്മച്ചിക്ക് ഈയിടെയായി തീരെ മടിയാണെന്നെ, പണ്ടാരുന്നെങ്കില്‍ നേരം മുട്ടിലിഴയാന്‍ തുടങ്ങുന്നതിനു മുന്നേ പത്രങ്ങളോട് പരദൂഷണം പറയാന്‍ തുടങ്ങും. ഒരു കടുപ്പന്‍ ചക്കരക്കാപ്പിയില്‍ അപ്പന്റെ കൂര്‍ക്കംവലി ആറ്റി അലിയിച്ചു കളയും (മടിച്ചി).

ഈ കവിതകള്‍ പറഞ്ഞു തുടങ്ങുന്നത് പതിവ് ശീലങ്ങളെയും അവയുടെ പരിസരങ്ങളെയും പറ്റിയാണ്. ഒരു പൊതുതത്വം പറയുന്നത്ര സാധാരണത്വം ആ കവിതകളുടെ ആദ്യ വരികളിലുണ്ട്. കവിതകളില്‍ ഭൂരിഭാഗവും അവസാനിക്കുന്നത് നിസ്സഹായമായ ജീവിതസാഹചര്യങ്ങളെ പറ്റി പറഞ്ഞുകൊണ്ടാണ്. കവി ഒരു റിപ്പോര്‍ട്ടറായാണിവിടെ  പ്രവര്‍ത്തിക്കുന്നത്. പുതിയകാലത്തെ കാഴ്ചയുടെ നിസംഗത വായിച്ചിടുക്കാന്‍ ഈ കവിതകളിലൂടെ കഴിയുന്നുണ്ട്.

ഇരുപത്തിയഞ്ചാം പിറന്നാള്‍ ആഘോഷിച്ചു കഴിഞ്ഞ ആ പുതുകവിത ആധുനികതയുടെ വാര്‍ധക്യത്തെയും ആധുനികാന്തരകവിതയുടെ ബാല്യയൌവനങ്ങളെയും കടന്നു കഴിയുമ്പോള്‍ പുതുകവിതയില്‍ ആഴമോ പരപ്പോ വേണ്ടതില്ലെന്ന ഒരു തോന്നലിനു കൂടിയുണ്ട് ഒരു ഇരിപ്പിടം.നേരത്തെ പറഞ്ഞ അര്‍ത്ഥശൂന്യകവിതാശ്രമങ്ങള്‍ മലയാളത്തിന്റെ മാത്രം പ്രത്യേകതയല്ല എന്ന് കൂടി ഓര്‍ക്കേണ്ടതുണ്ട്. അരികുജീവിതങ്ങളുടെ രേഖപ്പെടുത്തലിലെ ആഴക്കുറവ് പുതുകവിതയുടെ, എഴുത്തിന്റെ ആദ്യ ഘട്ടത്തിലുള്ള ഏത് എഴുത്തുകാരനെയും പോലെ സംഗീതയെയും പ്രലോഭിപ്പിക്കുന്നുണ്ട്. അവിടെ കവിതയുടെ സാംസ്കാരലക്ഷ്യം എഴുത്തിന്റെ പിന്നീടുള്ള ദശകളിലാണ് സംഭവിക്കുക എന്ന് തോന്നുന്നു. സംഗീതയുടെ കവിതകളില്‍ വന്നു പോവുന്ന അതിസാധാരണങ്ങളായ ഗ്രാമ്യവാക്കുകളുടെ വിഭവശേഷി, അവയുടെ വഴക്കങ്ങള്‍ ഈ കവിതകളെ, അവയുടെ  അതിസാധാരണത്വങ്ങളില്‍ നിന്ന് ഒരു പരിധിവരെ രക്ഷിച്ചെടുക്കുന്നുണ്ട്.

ഉദാഹരണത്തിനു കാറ്റിന്റെ വിസിലടിച്ചുള്ള കന്നംതിരിവ് കാണിക്കല്‍, കൂട്ടം കൂടി നിന്ന വെയില്‍ മണികളുടെ വെടലച്ചിരി, കുളിച്ചിട്ടു ദിവസങ്ങളായ ശവം നാറിപ്പൂവുകള്‍ ഇങ്ങനെ ഒരു മാലയിലെ മുത്തുകള്‍ പോലെ ഒരേ കവിതയില്‍ നിരന്തരമായി അലങ്കാരങ്ങളുടെ ആവര്‍ത്തനപ്പെരുക്കമുണ്ട്.  അത് ചിലപ്പോള്‍ അലങ്കാരവും അതെ നേരം അരോചകവും ആവുന്നതായി തോന്നുന്നു.

മാനവികത എന്നാല്‍ ഇടതുപക്ഷമാവുക എന്ന് പറയുന്ന ചില കവിതകളുണ്ട് ഈ സമാഹാരത്തില്‍. അത് സംഗീതയുടെ എഴുത്തിന്റെ പ്രതിബദ്ധതാപരമായ ഒരു തലത്തെ അബോധമായെങ്കിലും വെളിവാക്കുന്നു. അത് കൊണ്ടാണ് ഒരിക്കല്‍ എനിക്ക് ക്യൂബയെ മുഴുവനായി ഗര്‍ഭത്തില്‍ പേറണമെന്നും അതിലെ നക്ഷത്രക്കണ്ണുള്ള താടിക്കാരനെക്കൊണ്ട് അമ്മേയെന്നു വിളിപ്പിക്കണം എന്നും എഴുതേണ്ടി വരുന്നത്. (മോട്ടോര്‍ സൈക്ലിസ്റ്റ്‌). മാതൃത്വമാവാം ഒരു പക്ഷെ ഇവിടെ കവി ഉദ്ദ്ദേശിച്ചത്. എന്നാല്‍ ചേ യെ ഗര്‍ഭത്തില്‍ പേറാന്‍ റൊസാരിയോ ഉള്‍പ്പെട്ട അര്‍ജന്റീന ആവെണ്ടേ എന്ന ചോദ്യത്തിനുത്തരം ക്യൂബന്‍ വിപ്ലവത്തിന്റെ വിജയം ഉത്തരമായി മാറുന്നുണ്ട് വായനയില്‍. വിജയിച്ച സമരങ്ങളാണല്ലോ ചരിത്രത്തെ എഴുതുന്നതും ആഘോഷിക്കപ്പെടുന്നതും എന്നൊരു ആശ്വാസവാക്കിന് സാധ്യതയുണ്ട് ചിലരിലെങ്കിലും.

സോഷ്യലിസ്റ്റ് പൂച്ച പറയുന്നത് കറുത്ത ഹാസ്യമാണ്.അത് സോഷ്യലിസം സമത്വം ഒക്കെ പറച്ചിലുകള്‍ മാത്രമാക്കുന്നവര്‍ക്കുള്ള താക്കീത് കൂടിയാണ്. തെരുവുകളില്‍ ഇണചേരുന്നവര്‍ തുടങ്ങിയ കവിതകളില്‍ ഒരു പരിധി വരെ സൂക്ഷ്മരാഷ്ട്രീയത്തെ അടക്കം ചെയ്തിട്ടുണ്ട്. സംഗീതയുടെ കവിതകള്‍ പതിവ് സ്ത്രീപക്ഷ എഴുത്തു രീതികളുടെ ഭാഗമായ ഉടലിന്റെ സ്വാതന്ത്ര്യത്തെപറ്റി വാചാലമാവുന്നില്ല എന്നത് വായിച്ചെടുക്കാന്‍ ആവുന്നുണ്ട്‌. അത് ഈ കവിതകളെ വ്യത്യസ്തമാക്കുന്നുമുണ്ട്.

ഉടല്‍ ഒരു ഉപജീവനമാര്‍ഗമാവുന്നത് ഒന്നിലധികം കവിതകള്‍ക്ക് വിഷയമാവുന്നുണ്ട്. “നഗരം ഇരുട്ടുമായി വിലപേശി അവളിലേക്ക് ഊര്‍ന്നിറങ്ങുന്നുണ്ട്” എന്നാണ് “അവള്‍ നഗരത്തിലുണ്ട്” എന്ന കവിതയിലെങ്കില്‍ “രണ്ടരമണിക്കൂര്‍ നേരത്തെ ചെറിയ മരണമാണ് “ സലോമിക്ക് തീയേറ്ററിലെ സമയം. അത് അവളുടെ മരണത്തിലൂടെയുള്ള  വിശപ്പടക്കലിന്റെ വഴിയാണ് . (ശവപ്പെട്ടിക്കാരന്റെ മകള്‍).

കുഞ്ഞു ലക്ഷ്മി കല്യാണം കഴിഞ്ഞിട്ട് എട്ടു കൊല്ലം കഴിഞ്ഞിട്ടും പെറാത്ത പെണ്ണാണ്. അവളുടെ അന്ത്യം കുളത്തിന്റെ ആഴത്തില്‍ ഒടുങ്ങുന്നത് തികച്ചും പ്രതിലോമകരമായ ഒരു ചിന്തയെന്നു വായിച്ചെടുക്കാന്‍ സാധ്യതയുള്ളതാണ്. അതെ സാധ്യതയാണ് കല്യാണം മുടങ്ങിയ വെല്യേച്ചി പുഴയായി ഒഴുകുന്നതിലും പോപ്പെരയില്‍ ഒറ്റക്കയറില്‍ തൂങ്ങിനിന്ന കൊച്ചാപ്പിയുടെ പെങ്ങള്‍ പെഴച്ചവള്‍ എന്നതിലുമൊക്കെയുള്ളത്. ഒരു പക്ഷെ ഒട്ടും സ്ത്രീപക്ഷമല്ലാത്ത പ്രതിലോമപരത ഈ കവിതകളിലുണ്ട്.sangeethaപ്രണയം മുഖ്യവിഷയമാവുന്ന കവിതകളില്‍ സംഗീത, പ്രണയത്തെ അതിന്റെ ദിവ്യ അനുഭൂതിയെന്ന മട്ടിലല്ല അവതരിപ്പിക്കുന്നത്. നിന്റെ ഓര്‍മ്മ പൊട്ടിത്തെറിക്കുന്ന ഇടത്തിന് നഗരം എന്ന് വിളിക്കാവുന്നത്ര വിസ്ഫോടനാത്മകവും (ഒറ്റയ്ക്കൊരാള്‍ കടല്‍ വരയ്ക്കുന്നു) പ്രണയമെന്ന ദുശ്ശീലത്തെ തുടര്‍ന്ന് കൊണ്ട് പോവാന്‍ പോന്നത്ര ഉടലിന്റെ അനുഭൂതിജന്യമായ ഒരു അനുഭവവുമാണ് (ഉച്ചകളുടെ ഗസല്‍). സമയത്താഴ്ചകളിലേക്ക് തോരാതെ പെയ്യുന്ന ഒറ്റ മഴകളും (നീ എങ്ങനെയാണ് അവളോട്‌) ഒക്കെയാവുമ്പോള്‍ വെറുക്കാാനുള്ള കാരണങ്ങള്‍ ആവട്ടെ, അടുത്ത ജന്മത്തിലേക്ക് അടയാളങ്ങള്‍ ബാക്കിവയ്ക്കുന്നു നഷ്ടപ്പെട്ടു പോയ പ്രണയം എന്നതാണ് ( നിന്നെ വെറുക്കാനുള്ള കാരണങ്ങള്‍ തേടുന്ന ഒരു വൈകുന്നേരത്ത്) എന്നിങ്ങനെ വ്യത്യസ്ഥങ്ങളാണ് ആ പ്രണയഭാഷണങ്ങള്‍.

വേരുകളിലേക്ക് തിരികെപ്പോവാന്‍ കൊതിപ്പിക്കുന്നത്ര തണുപ്പ് ബാക്കിവയ്ക്കുന്ന ഇടങ്ങളായി വീടിനെ കാണുകയും തീരെ അവഗണിക്കപ്പെട്ട ജീവിതത്തിന്റെ ചിത്രപ്രദര്‍ശനം കാണാനായി അവിടേക്ക് മടങ്ങി വരികയും ചെയ്യുന്ന ഒരാളുടെ ചിന്തകളെ വരച്ചു വയ്ക്കുന്ന സംഗീതയുടെ കവിതകള്‍ പ്രതീക്ഷ തരുന്നുണ്ട്. വരാനിരിക്കുന്ന കവിതകളിലാവും സംഗീതയുടെ കവിതകള്‍ തന്‍റേതായ ഒരു കടല്‍ വരയ്ക്കുക എന്ന് തോന്നുന്നു.

Comments
Print Friendly, PDF & Email

You may also like