POLITICS

‘ഇതൊരു സംഘടിതമായ കവര്‍ച്ചയാണ്, സാധാരണക്കാരെ നിയമാനുസൃതമായി കൊള്ളയടിക്കലാണ്’


രാജ്യസഭയില്‍ മന്മോഹന്‍ സിംഗ് നടത്തിയ പ്രസംഗത്തിന്റെ പരിഭാഷ

മുന്‍ പ്രധാനമന്ത്രിയും, ധനകാര്യമന്ത്രിയും, റിസര്‍വ്വ് ബാങ്ക് ഗവര്‍ണറും, ഐ.എം.എഫ് അംഗവുമായിരുന്ന മന്മോഹന്‍ സിംഗ് കഴിഞ്ഞ ദിവസം കറന്‍സി അസാധുവാക്കല്‍ വിഷയവുമായി ബന്ധപ്പെട്ട് രാജ്യസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ മലയാള പരിഭാഷ


 

ഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറന്‍സി നോട്ടുകള്‍ അസാധുവാക്കിയതിന് ശേഷം രാജ്യത്തുണ്ടായ ചില പ്രധാനവസ്തുതകളെ ചൂണ്ടിക്കാണിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.

കള്ളപ്പണം അടിച്ചമര്‍ത്താനും, കള്ളനോട്ടുകള്‍ തടയാനും, തീവ്രവാദികള്‍ക്ക് ലഭ്യമാവുന്ന സാമ്പത്തിക സഹായം ഇല്ലാതാവാനും ഇതാണ് വഴിയെന്നാണ് പ്രധാനമന്ത്രി വാദിക്കുന്നത്. ഞാന്‍ ഇതിനോടൊന്നും യോജിക്കാതിരിക്കുന്നില്ല. എന്നാല്‍, ഞാന്‍ ചൂണ്ടിക്കാണിക്കാന്‍ ആഗ്രഹിക്കുന്നത് അസാധുവാക്കല്‍ പ്രക്രിയയില്‍ അതിഭീമമായ കെടുകാര്യസ്ഥതയാണ് സംഭവിച്ചിരിക്കുന്നത്. അതിനെപ്പറ്റി ഈ രാജ്യത്താകമാനം മറ്റൊരഭിപ്രായവുമില്ല. ഈ നീക്കം ചെറിയ കാലയളവിലേക്ക് ബുദ്ധിമുട്ടും പ്രയാസവും സൃഷ്ടിക്കുമെങ്കിലും, ദീര്‍ഘകാലാടിസ്ഥാനത്തില്‍ രാജ്യതാത്പര്യം പരിഗണിക്കണമെന്ന് പറയുന്നവരോട് ജോണ്‍ കെയിന്‍സ് ഒരിക്കല്‍ പറഞ്ഞ ഒരു വാക്യമാണ് ഓര്‍മ്മിപ്പിക്കാനുള്ളത്, “ആ വിദൂരമായ കാലത്ത് നമ്മളെല്ലാം മരണപ്പെട്ടിരിക്കാം”.

അതുകൊണ്ട് തന്നെ പ്രധാനമന്ത്രി അര്‍ദ്ധരാത്രിയില്‍ രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ച ഈ തീരുമാനത്താല്‍ ബുദ്ധിമുട്ടനുഭവിക്കേണ്ടി വന്ന സാധാരണ ജനങ്ങളുടെ വിഷമതകള്‍ പരിഗണിക്കേണ്ടത് പ്രധാനമാണ്. ഇതിന്റെ അനന്തരഫലം എന്താകുമെന്ന് നമുക്കറിയില്ലെന്നത് പൂര്‍ണ്ണ ഉത്തരവാദിത്തത്തോടും കൂടിത്തന്നെ ഞാന്‍ പറയുകയാണ്.

നമ്മള്‍ അമ്പത് ദിവസം കാത്തിരിക്കണമെന്നാണ് പ്രധാനമന്ത്രി പറഞ്ഞത്. ശരി. പക്ഷേ, അമ്പത് ദിവസമെന്നത് ഒരു ചെറിയ കാലയളവാണ്. എന്നാല്‍ സമൂഹത്തിലെ പാവപ്പെട്ടവരെ അമ്പത് ദിവസത്തെ ഈ പീഢനം തന്നെ ഭയാനകമായ അവസ്ഥയിലാണ് കൊണ്ട് ചെന്നെത്തിക്കുക. അതുകൊണ്ടാണ് അറുപതോളം ആളുകള്‍ക്ക് അവരുടെ ജീവന്‍ നഷ്ടപ്പെട്ടത്; ഒരുപക്ഷേ അതിനേക്കാളേറെ. ഈ നീക്കം നമ്മുടെ കറന്‍സിയിലും, ബാങ്കിങ്ങിലുമുള്ള ജനങ്ങളുടെ വിശ്വാസം നഷ്ടപ്പെടുത്തുകയും ദുര്‍ബലപ്പെടുത്തുകയുമാണ് ചെയ്തിരിക്കുന്നത്.

ജനങ്ങള്‍ അവരുടെ പണം ബാങ്കില്‍ നിക്ഷേപിക്കുകയും, എന്നാല്‍ അവര്‍ക്കത് പിന്‍വലിക്കാന്‍ സാധിക്കാത്തതുമായ ഏതെങ്കിലും രാജ്യത്തിന്റെ പേര് പറയാന്‍ സാധിക്കുമോ എന്ന് ഞാന്‍ നമ്മുടെ പ്രധാനമന്ത്രിയോട് ചോദിക്കുകയാണ്. രാജ്യത്തെ ജനങ്ങളുടെ വിശാലമായ താത്പര്യത്തിന് വേണ്ടി ചെയ്തു എന്ന് പറയപ്പെടുന്ന ഈ നീക്കത്തെ അപലപിക്കാന്‍ ഈ ഒരു കാരണം തന്നെ ധാരാളമാണ്.

manmohan-singh

സാര്‍, നേരത്തെ പറഞ്ഞത് കൂടാതെ ഞാന്‍ ഇനിയും പറയാനാഗ്രഹിക്കുന്നു. എന്റെ അഭിപ്രായത്തില്‍ ഈ പദ്ധതി നടപ്പിലാക്കിയ രീതി നമ്മുടെ രാജ്യത്തിന്റെ കാര്‍ഷികമേഖലയിലെ വളര്‍ച്ചയെ സാരമായി ബാധിക്കും, ചെറുകിട വ്യവസായങ്ങളെ ബാധിക്കും, നമ്മുടെ സമ്പദ്വ്യവസ്ഥയിലെ അനൗദ്യോഗിക മേഖലയിലുള്ള ജനങ്ങളെ ബാധിക്കും. എന്റെ അഭിപ്രായത്തില്‍ നമ്മുടെ ദേശീയവരുമാനം, അതായത് വളര്‍ച്ചാനിരക്ക് ഈ നീക്കത്തിന്റെ ഫലമായി രണ്ട് ശതമാനം വരെ താഴ്ന്നേക്കാം. അതുകൊണ്ട് തന്നെ ഈ പദ്ധതി നടപ്പിലാക്കുന്നതോടൊപ്പം സാധാരണ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് പരിഹരിക്കുന്നതിനായി പ്രധാനംമന്ത്രി ക്രിയാത്മകമായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കണമെന്ന് എനിക്ക് തോന്നുന്നു.

ഓരോ ദിവസവും നമ്മുടെ ബാങ്കിഗ് മേഖലയിലെ നിയമങ്ങളിലും, ജനങ്ങള്‍ക്ക് പണം പിന്‍വലിക്കുന്നതിനുള്ള നിബന്ധനകളിലും ഭേദഗതി വരുത്തുന്നത് ഒട്ടും തന്നെ ആശാസ്യകരമല്ല. ഇത് പ്രധാനമന്ത്രിയുടെയും ധനകാര്യമന്ത്രിയുടെയും ഓഫീസിന്റെയും, റിസര്‍വ്വ് ബാങ്കിന്റെയും കെടുകാര്യസ്ഥതയെയാണ് പ്രതിഫലിപ്പിക്കുന്നത്. റിസര്‍വ്വ് ബാങ്ക് ഇത്തരമൊരു വിമര്‍ശനത്തിന് വിധേയമായതില്‍ എനിക്ക് വളരെ വിഷമമുണ്ട്. എന്നാലത് ന്യായമാണ് താനും.

ഞാന്‍ ഇതില്‍ക്കൂടുതലൊന്നും പറയാന്‍ ആഗ്രഹിക്കുന്നില്ല. ഭൂരിപക്ഷം വരുന്ന സാധാരണ ജനങ്ങളുടെ ദുരിതങ്ങള്‍ക്ക് അറുതി വരുത്താനുള്ള പ്രായോഗികവും ഫലപ്രദവുമായ വഴികള്‍ കണ്ടെത്തണമെന്ന് ഞാന്‍ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ്. ഇതിനെല്ലാമുപരി, 90 ശതമാനം ജനങ്ങള്‍ അനൗദ്യോഗിക മേഖലയിലാണ് തൊഴിലെടുക്കുന്നത്. 55 ശതമാനം ജനങ്ങള്‍ കാര്‍ഷികരംഗത്ത് തൊഴിലെടുക്കുന്നു. ഇവരെല്ലാം കഷ്ടപ്പാടുകളാല്‍ ഉഴലുകയാണ്. ഗ്രാമീണ മേഖലയില്‍ ഭൂരിപക്ഷം ജനങ്ങളുടെയും സേവനം കയ്യാളുന്ന സഹകരണ മേഖല ഇപ്പോള്‍ പ്രവര്‍ത്തനരഹിതമായിരിക്കുകയും, പണം കൈകാര്യം ചെയ്യുന്നതില്‍ നിന്ന് അവര്‍ വിലക്കപ്പെട്ടിരിക്കുകയുമാണ്. അതുകൊണ്ട്, എല്ലാ രീതിയിലും ഈ പദ്ധതി നടപ്പിലാക്കിയത് ഭീകരമായ കെടുകാര്യസ്ഥതയാണെന്നാണ് എനിക്ക് ബോദ്ധ്യമായിരിക്കുന്നത്. സത്യത്തില്‍ ഇതൊരു സംഘടിതമായ കവര്‍ച്ചയാണ്, സാധാരണക്കാരെ നിയമാനുസൃതമായി കൊള്ളയടിക്കലാണ്.

സാര്‍, ഇത്രയും പറഞ്ഞുകൊണ്ട് ഞാന്‍ അവസാനിപ്പിക്കുകയാണ്. ഒരു കൂട്ടര്‍ ചെയ്യുന്നതിലെയോ അല്ലെങ്കില്‍ മറ്റൊരു കൂട്ടര്‍ ചെയ്യുന്നതിലെയൊ കുറവുകള്‍ ചൂണ്ടിക്കാണിക്കലല്ല എന്റെ ഉദ്ദേശം. എന്നാല്‍, ഈ അവസാന നിമിഷത്തിലെങ്കിലും ഈ രാജ്യത്തെ ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് ആശ്വാസം നല്‍കുന്നതിനായി പ്രധാനമന്ത്രി പ്രായോഗികവും, ക്രിയാത്മകവുമായ വഴികള്‍ കണ്ടെത്തുമെന്ന് ഞാന്‍ വളരെ ആത്മാര്‍ത്ഥമായി പ്രത്യാശിക്കുന്നു.

നന്ദി.


 

Comments
Print Friendly, PDF & Email

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.