പൂമുഖം COLUMNSനാൾവഴികൾ അഞ്ഞൂറും ആയിരവും ഇന്ത്യൻ ദേശീയതയും

അഞ്ഞൂറും ആയിരവും ഇന്ത്യൻ ദേശീയതയും

 

വംബർ എട്ടാം തിയ്യതി രാത്രി, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം വളരെ സന്തോഷത്തോടെയാണ് ശ്രവിച്ചത്. കള്ളപ്പണത്തിനും ഭീകരതയ്ക്കും എതിരെയുള്ള ഇന്ത്യൻ സർക്കാറിന്‍റേയും പ്രധാനമന്ത്രി മോദിയുടേയും ശക്തമായ നടപടി. പണം മാറ്റി വാങ്ങുവാൻ സ്വീകരിക്കേണ്ട നടപടിക്രമങ്ങള്‍ പ്രധാനമന്ത്രിയും റിസർവ് ബാങ്ക് ചെയർമാനും പത്ര, ദൃശ്യ മാധ്യമങ്ങളിലൂടെ രാഷ്ട്രത്തെ അറിയിച്ചു. പ്രധാനമന്ത്രിയെ അഭിനന്ദിച്ചും തീരുമാനത്തിന് പിന്തുണ അറിയിച്ചും ഞാനുള്‍പ്പെടെ പലരും ഫേസ് ബുക്ക് പോസ്റ്റ് ഇട്ടു.

വിദേശത്തു ജീവിക്കുന്ന എനിക്ക് ഈ തീരുമാനത്തിൽ പ്രത്യക്ഷമായ യാതൊരു ബുദ്ധിമുട്ടും തോന്നിയില്ല. എന്‍റെ കൈവശം സർക്കാർ നിരോധിച്ച അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകൾ ഒരെണ്ണം പോലും ഇല്ല. ഞാൻ ഒരു കള്ളപ്പണക്കാരനല്ല, ബാങ്ക് വഴി മാത്രം പണമിടപാട് നടത്തുന്ന ആളാണ്. ഉടനെ നാട്ടില്‍ പോകുന്നുമില്ല. ഇത്ര ശക്തമായ തീരുമാനം എടുത്ത മന്ത്രിസഭ, നോട്ടുകൾ മാറ്റി നൽകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ടാവുമല്ലൊ..

പിന്നീടുള്ള ദിവസങ്ങളിൽ, ഇന്ത്യയിൽ നിന്നുള്ള വാർത്തകൾ ശ്രദ്ധിച്ചപ്പോള്‍ ആണ് ഇന്ത്യൻ പ്രധാനമന്ത്രിയുടേയും സർക്കാറിന്‍റേയും കഴിവുകേടുകൾ മനസ്സിലായത്. ഇന്ത്യയിൽ പണ വിനിമയത്തിനു 85% ഉപയോഗിക്കുന്നത് പിൻവലിച്ച ആയിരത്തിന്‍റേയും അഞ്ഞൂറിന്‍റേയും നോട്ടുകൾ ആണ്. ഇത്രയധികം നോട്ടുകൾ മൂന്നോ മുന്നൂറോ ദിവസം കൊണ്ട് മാറ്റിയെടുക്കുക എന്നത് നടപ്പുള്ള കാര്യമല്ല. സങ്കീർണ്ണം ആണ് ഇന്ത്യയിലെ ജനങ്ങളുടെ ആവാസ രീതികൾ. ഭൂരിഭാഗവും വസിക്കുന്നത് വാർത്താ വിനിമയ സൌകര്യങ്ങളും ബാങ്കിങ് മേഖലയും കടന്നു ചെന്നിട്ടില്ലാത്ത ഗ്രാമങ്ങളിൽ. ആയതിനാൽ ഈ നോട്ടു കൈമാറ്റ പ്രക്രിയ അത്ര എളുപ്പത്തിൽ പ്രാവർത്തികമാകില്ല. ഈ വിഷയത്തില്‍ സർക്കാർ കൃത്യമായ, ആവശ്യത്തിന് അനുസൃതമായ, മുന്നൊരുക്കങ്ങൾ നടത്തിയില്ല എന്നതു വ്യക്തം.

ഇന്ത്യയിലങ്ങോളമിങ്ങോളം എ ടി എമ്മുകൾക്കു മുന്നിലും ബാങ്കുകൾക്ക് മുന്നിലും ജനം ക്യൂ നിൽക്കുന്ന കാഴ്ചയാണ് പിറ്റേന്ന് മുതൽ ഇന്ത്യ കണ്ടത്. ആദ്യത്തെ ഒൻപതു ദിവസത്തിനകം 55 പേരാണ് ക്യൂവിൽ നിന്നോ പണം മാറാൻ ശ്രമിക്കുന്നതിനിടയിലോ മരണമടഞ്ഞത്. ഏകദേശം ഒന്നര ലക്ഷം ബാങ്ക് ബ്രാഞ്ചുകൾ ആണ് ഇന്ത്യയിൽ ഉള്ളത്, അഞ്ചു ലക്ഷത്തോളം എ ടി എമ്മുകളും. എ ടി എമ്മുകളിൽ പുതുതായി പ്രിന്‍റ് ചെയ്ത നോട്ടുകൾ വിതരണം ചെയ്യുവാനുള്ള സംവിധാനങ്ങൾ സജ്ജീകരിച്ചിട്ടില്ല. ആദിവാസികളും ദളിതരും കൂട്ടമായി ജീവിക്കുന്ന പല പ്രദേശങ്ങളിലും ഇന്നും ബാങ്കുകളുടെ ശാഖകൾ പ്രവർത്തിക്കുന്നില്ല. പല സ്ഥലത്തും കറണ്ടില്ല, വാർത്താ വിനിമയ സംവിധാനങ്ങളില്ല, അവിടെയൊക്കെയുള്ള ജനം ഈ നോട്ടു മാറൽ മാമാങ്കം വർഷങ്ങൾക്ക് ശേഷമാകും അറിയുക. ( പ്രേം നസീർ ഇപ്പോഴും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു ജനവിഭാഗം കേരളത്തിൽ ഇപ്പോഴും ഉണ്ടെന്നു കഴിഞ്ഞ അരുവിക്കര തെരഞ്ഞെടുപ്പിലെ സർവേ ഫലങ്ങൾ വെളിപ്പെടുത്തിയിരുന്നു) പഴയ നോട്ടുകൾ കൊടുത്തുള്ള ക്രയ വിക്രയങ്ങൾ ആകും അവിടങ്ങളിൽ ഇനിയും നടക്കുക. ഇവരെയൊക്കെ ബോധവല്കരിക്കാനും സർക്കാരിന്‍റെ തീരുമാനം അറിയിക്കാനും സന്നദ്ധ പ്രവർത്തകരെ സജ്ജരാക്കേണ്ടതുണ്ട്. അതല്ലെങ്കിൽ അവരൊക്കെയും വലിയ ചതികളിൽ ചെന്ന് ചാടും.

കള്ളപ്പണം തടയാൻ അഞ്ഞൂറിന്‍റേയും ആയിരത്തിന്‍റേയും നോട്ടുകൾ മാറ്റുന്നത് നല്ലതാണ്, പക്ഷെ അതിനു പകരമായി രണ്ടായിരത്തിന്‍റെ നോട്ടുകൾ വിപണിയിൽ ഇറക്കുന്നതോടു കൂടി മോദി സർക്കാറിന്‍റെ കള്ളപ്പണത്തിനും ഭീകരതക്കും എതിരായ പ്രചാരണത്തിൽ യാതൊരു കഴമ്പുമില്ലാതെയായി. ഇന്ത്യൻ ജനതയുടെ ദേശിയ വികാരത്തെ ഉണര്‍ത്തിവിട്ടും, ഇമോഷണൽ ബ്ലാക്ക് മെയിലിംഗ് നടത്തിയും ആണ് മോദി ഈയവസരം തന്‍റേയും പാർട്ടിയുടേയും പ്രതിച്ഛായ മിനുക്കുവാൻ ഫലപ്രദമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്. കള്ളപ്പണക്കാർ തങ്ങളുടെ ‘സമ്പാദ്യം’, ഇന്ത്യൻ കറൻസിയിൽ ആയിരിക്കില്ല, സ്വർണ്ണം, വജ്രം, റിയൽ എസ്റ്റേറ്റ്, ഫോറിൻ കറൻസി, സ്ഥാവര ജംഗമ സ്വത്ത്…എന്നിവകളിൽ നിക്ഷേപിച്ചാവും സൂക്ഷിച്ചിരിക്കുക. എന്ന്‍ പ്രധാനമന്ത്രിക്കോ സർക്കാറിനോ അറിയാതിരിക്കുമോ?.

ബി ജെ പി , ആർ എസ് എസ് , വിശ്വ ഹിന്ദു പരിഷത്ത് തുടങ്ങിയ എല്ലാ സംഘി സംഘടനകൾക്കും, ബി ജെ പിയോട് കൂറ് പുലർത്തുന്ന വമ്പൻ സ്രാവുകൾക്കും ചോർത്തിക്കൊടുത്തത്തിനു ശേഷമായിരുന്നു നവംബർ എട്ടാം തിയതി, ഈ തീരുമാനം പ്രധാനമന്ത്രി രാഷ്ട്രത്തെ അറിയിച്ചത് എന്ന്‍ ഏറെക്കുറെ വ്യക്തമായിരിക്കയാണ്. ഇന്ത്യയുടെ ചരിത്രത്തിൽ ബാങ്കുകളിൽ ഏറ്റവും അധികം ഇടപാടുകൾ നടന്നത് ഒക്ടോബർ മാസത്തിൽ ആയിരുന്നു. സാധാരണ ദീപാവലിക്ക് ആണ് ഏറ്റവും അധികം സ്വർണ്ണം കടകളിൽ വിൽക്കുന്നത്. ദീപാവലി കഴിഞ്ഞാൽ സ്വർണ്ണക്കടകളിൽ കാര്യമായ കച്ചവടം ഉണ്ടാകാറില്ല. പതിവില്‍ നിന്ന്‍ മാറി, ഈ ദീപാവലി കഴിഞ്ഞ്, പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വരുന്ന ദിവസം വരെ ഗുജറാത്തിലും ബി ജെ പി ഭരിക്കുന്ന സംസ്ഥനങ്ങളിലും സ്വർണ്ണവില്‍പ്പന റെക്കോഡുകള്‍ ഭേദിച്ചു.

മുൻ ബി ജെ പി എം എൽ എ ആയ യതിൻ ഓജ നടത്തിയ വെളിപ്പെടുത്തലിൽ നിന്ന് വ്യക്തമാകുന്നത്, ബി ജെ പി അവരുടെ എല്ലാ ശിങ്കിടികൾക്കും ഈ നോട്ടു മാറ്റത്തെ കുറിച്ച് വിവരം നല്‍കിയിരുന്നു എന്നാണ്. സംഘി സന്യാസി, ബാബാ രാംദേവ്, രാജസ്ഥാനിൽ നിന്നുള്ള ബി ജെ പി എം എൽ എ ഭവാനി സിങ് രജാവത്ത് എന്നിവരുടെ വീഡിയോ ക്ലിപ്പിൽ നിന്നും മനസിലാകുന്നത് മോദിയുടെ ഉറ്റ മിത്രങ്ങളായ അദാനിയും അംബാനിയും ഇക്കാര്യങ്ങൾ നേരത്തെ അറിഞ്ഞിരുന്നു എന്നാണ്. കള്ളപ്പണം ഏറ്റവും കൂടുതൽ കൈകാര്യം ചെയ്യുന്നത് ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികളും വൻകിട ബിസിനസുകാരുമാണ് എന്നതും ഓര്‍ക്കേണ്ടതുണ്ട്.

ബാങ്കുകൾക്കു മുന്നിലെ ക്യൂവിലൊന്നും ഒരൊറ്റ കള്ളപ്പണക്കാരനോ, ധനികനോ ഇത് വരെ എത്തി ചേർന്നിട്ടില്ല, അവിടെ നാലും അഞ്ചും മണിക്കൂർ നില്‍ക്കുന്നവര്‍ സാധാരണക്കാർ ആണ്. അന്നന്നത്തെ ഭക്ഷണത്തിനും, ആശുപത്രി ചെലവിനും, യാത്രക്കും മറ്റ് അത്യാവശ്യ കാര്യങ്ങൾക്കു വേണ്ടി പണം ആവശ്യമുള്ളവർ.

ഭരണത്തിലേറിയാൽ വിദേശങ്ങളിൽ ഇന്ത്യക്കാർ നിക്ഷേപിച്ച അവിഹിത സമ്പത്ത് പിടിച്ചെടുക്കുമെന്നും, നാട്ടിലോരോരുത്തർക്കും പതിനഞ്ചു ലക്ഷം രൂപ വീതം നൽകും എന്നും വീമ്പ് പറഞ്ഞയാളാണ് പ്രധാനമന്ത്രി.

സാധാരണ ജനങ്ങളുടെ ബാങ്കിങ് മേഖലയായ സഹകരണ ബാങ്കുകളെയാണ് മോദിയും ബി ജെ പിയും ഏറ്റവും ഒടുവിലായി ഉന്നം വച്ചിരിക്കുന്നത്. സഹകരണ ബാങ്കുകളിലെ ഇടപാടുകാർ കൂടുതലും പാവപ്പെട്ടവരും, ചെറുകിട കച്ചവടക്കാരും കൃഷിക്കാരുമാണ് എന്നിരിക്കെ, അവിടങ്ങളിൽ ആണ് കള്ളപ്പണം വ്യാപകമായ തോതിൽ നിക്ഷേപിക്കപ്പെടുന്നത് എന്ന പ്രചാരണം, സഹകരണ മേഖലയെ പൂർണ്ണമായും തകർത്തു കുത്തകകൾക്ക് ബാങ്കിങ് രംഗം തീറെഴുതി കൊടുക്കുവാനുള്ള മോഡി സർക്കാരിന്‍റെ ശ്രമത്തിന്‍റെ ഭാഗമാണ്. ഇത് ചെറുത്തു തോൽപ്പിക്കേണ്ടതായുണ്ട്. മഹാരാഷ്ട്രയിലും വടക്കേ ഇന്ത്യയിലും സഹകരണ മേഖല രാഷ്ട്രീയ പാർട്ടികളുടേയും വൻകിട മുതലാളികളുടേയും കൈപ്പിടിയിൽ ആണുള്ളത് എന്നത് വിസ്മരിക്കുന്നില്ല. അവിടങ്ങളിൽ ഏതെങ്കിലും രീതിയിൽ കള്ളപ്പണം ഒഴുകുന്നുണ്ടെങ്കിൽ അവയൊക്കെയും ഇല്ലാതാക്കി, കള്ളപ്പണം പൂർണ്ണമായി ഇന്ത്യയിൽ ഇല്ലാതാക്കുന്ന നിയമ നിർമ്മാണം നടത്തുകയാണ് സർക്കാർ വേണ്ടത്, സഹകരണ മേഖലയെ ഒന്നാകെ തകർക്കുകയല്ല.

പ്ലാസ്റ്റിക്ക് മണിയുടെ ഉപയോഗം ആണ് സർക്കാർ പ്രോത്സാഹിപ്പിക്കുന്നത്. എഴുത്തും വായനയും അറിയാത്ത അനേകർ കൂടി ജീവിക്കുന്ന രാജ്യമാണ് ഇന്ത്യ എന്ന കാര്യം ഭരണകർത്താക്കൾ മറക്കരുത്. വൻകിട ബാങ്കുകൾക്കും വിദേശ കുത്തകകൾക്കും വേണ്ടി രാജ്യത്തെ അടിയറ വയ്ക്കുവാൻ ആണോ പ്രധാനമന്ത്രി അമേരിക്കയും മറ്റു വികസിത രാജ്യങ്ങളും കൂടെക്കൂടെ സന്ദർശിക്കുന്നത് എന്ന് ജനം സംശയിച്ചാൽ അവരെ കുറ്റപ്പെടുത്താനാവില്ല. മോദി നോട്ട് പിൻവലിക്കൽ തീരുമാനം ദൃശ്യ മാധ്യമങ്ങളിൽ കൂടി പങ്കു വയ്ക്കുന്നതിന് മുന്നേ ഈ വിവരം ചോർന്നതിനു തെളിവാണ്, പിറ്റേ ദിവസത്തെ പത്രങ്ങളിൽ പ്ലാസ്റ്റിക്ക് കാർഡുകളുടെ പരസ്യങ്ങൾ പ്രത്യക്ഷപ്പെട്ടത്. എല്ലാ പത്രമോഫീസുകളിലും പ്ലാസ്റ്റിക്ക് കാർഡുകളുടെ പരസ്യങ്ങൾ വൈകുന്നേരത്തോടു കൂടി തന്നെ എത്തിയിരുന്നു എന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങളിൽ നിന്നും പുറത്തു വരുന്ന റിപ്പോർട്ടുകൾ. പ്ലാസ്റ്റിക്ക് മണി പിടി മുറുക്കുമ്പോൾ അത്, വിസ, മാസ്റ്റർ കാർഡ് , അമേരിക്കൻ എക്സ്പ്രസ് തുടങ്ങിയ ക്രെഡിറ്റ് കാർഡ് കമ്പനികൾക്കും അതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾക്കും ആണ് ഗുണമാകുക. ഈ കമ്പനികൾ മിക്കതും അമേരിക്കൻ കുത്തകകളും. ഇവിടെയാണ് മോദിയുടെ നിലപാടുകൾ സംശയം ജനിപ്പിക്കുന്നത്‌. ഒരു പക്ഷെ ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിക്കാകും മോദിയും അമേരിക്കൻ കുത്തകകളും കൈ കോർക്കുന്നത്.

മോദിയുടെ നടപടിയെ വിമർശിക്കുന്നവരെ, അഥവാ സർക്കാറിന്‍റെ കെടു കാര്യസ്ഥതക്കെതിരെ പ്രതികരിച്ചവരെയെല്ലാം കള്ളപ്പണക്കാരോ രാജ്യദ്രോഹികളോ ആക്കി മാറ്റുകയാണ് സംഘ പരിവാർ സംഘടനകൾ. ലോകസഭയിലും രാജ്യസഭയിലും ഈ വിഷയത്തിൽ നടക്കുന്ന ചർച്ചയിൽ പങ്കെടുക്കാതെ ഒഴിഞ്ഞു മാറുകയാണ് ഇന്ത്യൻ പ്രധാനമന്ത്രി. രാജ്യത്തിനു വേണ്ടി എല്ലാം ത്യജിച്ചു എന്നവകാശപ്പെടുന്ന പ്രധാനമന്ത്രിക്കു നേട്ടമല്ലാതെ ഒരു കോട്ടവും ഉണ്ടായിട്ടില്ല. ത്യജിക്കുവാൻ ഇപ്പോൾ അദ്ദേഹത്തിനുള്ളത് പ്രധാനമന്ത്രി സ്ഥാനം മാത്രമാണുള്ളത്. അത് അദ്ദേഹം ത്യജിക്കും എന്ന് സ്വപ്നത്തിൽ പോലും ചിന്തിക്കേണ്ട കാര്യമില്ല.

ദേശീയത എന്ന ഉമ്മാക്കി കാണിച്ചും കരഞ്ഞും മൂക്ക് പിഴിഞ്ഞും ജനത്തെ എന്നും കൈയിലെടുക്കാമെന്നു കരുതുന്നത് വ്യാമോഹമാവും. ഒരു ജനതയുടെ ക്ഷമ പരീക്ഷിച്ചുകൊണ്ടേയിരിക്കുന്നത് ഒരു ഭരണ കൂടത്തിനും നല്ലതല്ല..

Comments
Print Friendly, PDF & Email

You may also like