പൂമുഖം EDITORIAL ബെർലിൻ മതിലിനും മെക്സിക്കൻ മതിലിനും ഇടയിൽ

ബെർലിൻ മതിലിനും മെക്സിക്കൻ മതിലിനും ഇടയിൽ

ക്കഴിഞ്ഞ നവംബർ 8 നു അമേരിക്കൻ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും അശ്ലീലകരമായ പ്രചാരണങ്ങൾക്കൊടുവിൽ റിയാലിറ്റി ടീവി താരം എന്ന നിലയിൽ നിന്ന് ലോകത്തിലെ തന്നെ ഏറ്റവും വലിയ ബിസിനസ്കാരിൽ ഒരാളായി മാറിയ, സ്വന്തം കക്ഷിയുടെ പോലും പരിപൂർണ പിന്തുണ ഇല്ലാതിരുന്ന, അപ്രായോഗിക രാഷ്ട്രീയ നിലപാടുകളാൽ പലപ്പോഴും പരിഹാസ്യനായ വര്‍ണവെറിയും പ്രാദേശിക വാദവും ആരോപിക്കപ്പെട്ട ട്രംപ് അമേരിക്കൻ പ്രസിഡന്‍റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
ഇക്കഴിഞ്ഞ ജൂണിലാണ് UK യിലെ ഭൂരിപക്ഷം വരുന്ന ജനത രാജ്യത്തിന്‍റേയും ആ മേഖലയുടെ തന്നെയും ഭാവിയെ അനിശ്ചിതാവസ്ഥയിലേക്കു തള്ളിയിട്ടുകൊണ്ട് യൂറോപ്യൻ യൂണിയനിൽ നിന്നും പുറത്തേക്കു പോകുന്നതിനു അനുകൂലമായി വോട്ടു ചെയ്തത്.
ഫ്രാൻസിൽ തീവ്ര ദേശീയതാ വാദികളായ നാഷണൽ ഫ്രണ്ട് വലിയ തോതിൽ മുന്നേറ്റം നടത്തുകയാണ്. ഓസ്ട്രിയയിൽ വലതു പോപ്പുലിസ്റ്റ് ഫ്രീഡം പാർട്ടി December തിരഞ്ഞെടുപ്പിൽ അധികാരത്തിൽ വരുമെന്ന് ഏതാണ്ട് ഉറപ്പായി കഴിഞ്ഞു.
ജർമനിയിലും പുത്തൻ വലതു ജനപ്രീണന കക്ഷി ആൾട്ടർനേറ്റീവ് ഫോർ ജർമ്മനി ശക്തി പ്രാപിച്ചു വരുകയാണ്. Spain ലാകട്ടെ വലതു സ്വേച്ഛാധിപത്യം ഭരണ തുടർച്ച നിലനിര്‍ത്തുകയാണ്.
ഇക്കഴിഞ്ഞ നാളുകളിൽ ദശലക്ഷ കണക്കിന് ജനങ്ങൾ ബ്രസീലിൽ മുൻ പ്രസിഡണ്ട് ലുലാ ഡെസിൽവായേയും ദിൽമ റൂസഫിനെയും ജയിൽവസ്ത്രങ്ങൾ അണിയിച്ച ചിത്രങ്ങളുമായി തെരുവിൽ പ്രതിഷേധത്തിനിറങ്ങി.
ഗോട്ടിമാലയിൽ 2015 ലുണ്ടായ പ്രധിഷേധ സമരങ്ങളെ തുടർന്ന് അന്നത്തെ പ്രസിഡണ്ട് പെരസ് മോളിന ഇന്ന് വിചാരണ കാത്ത് ജയിലിൽ കഴിയുകയാണ്. മെക്സിക്കോയിൽ കഴിഞ്ഞ 80 വർഷങ്ങളായി ഭരണം തുടരുന്ന റെവല്യൂഷനറി പാർട്ടിയെ നാല് സ്റ്റേറ്റുകളിൽ നിന്ന് അഴിമതി ആരോപണങ്ങളുടെ പേരിൽ ജനം അധികാരത്തിൽ നിന്ന് തൂത്തെറിയുക യുണ്ടായി.
ഫിലിപ്പൈൻസിൽ ഇക്കഴിഞ്ഞ മാസങ്ങളിൽ ആണ് മുഴുവൻ മയക്കു മരുന്ന് കച്ചവട ക്കാരെയും വെടിവെച്ചു കൊല്ലാൻ പരസ്യമായി ആഹ്വാനം ചെയ്ത, അമേരിക്കൻ രാഷ്ട്ര തലവനെ തെറിവിളിച്ചു പ്രസിദ്ധി നേടിയ ഡ്യുട്രട്ടു അധികാരത്തിൽ ഏറിയത്.
ഇക്കഴിഞ്ഞ വർഷങ്ങളിൽ തന്നെയാണ് ഇന്ത്യയിലും വലതു തീവ്ര നിലപാടുകളുള്ള കക്ഷി അധികാരത്തിൽ ഏറിയതും ദേശീയതയെ കുറിച്ചും രാജ്യത്തിന്‍റെ അതിരുകളെ കുറിച്ചും സൈനികന്‍റെ ബുദ്ധിമുട്ടുകളെ കുറിച്ചും സംസാരിച്ചു തുടങ്ങിയതും. ട്രംപ് സംസാരിക്കുന്നതും രാജ്യത്തിന്‍റെ അതിരിനെ കുറിച്ചാണ്. മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിനെ കുറിച്ച്, അവിടെ നിന്നുള്ള നുഴഞ്ഞുകയറ്റക്കാരെ കുറിച്ച്. അവർ ഉണ്ടാക്കുന്ന സാംസ്കാരിക അധിനിവേശത്തെ കുറിച്ച്.
മോഡി സംസാരിക്കുന്നത് പാകിസ്ഥാൻ അതിർത്തിയെ കുറിച്ചാണെന്നു മാത്രമാണ് വ്യത്യാസം. മോദിയും ട്രംപും ഡുട്ടർട്ടും സംസാരിക്കുന്നതു അഴിമതി വിരുദ്ധ പോരാട്ടങ്ങളെ കുറിച്ചാണ്. ബ്രസീലിലേയും മെക്സിക്കോയിലേയും ഗോട്ടിമാലയിലേയും ജനങ്ങൾ സംസാരിക്കുന്നത് അഴിമതിയെ കുറിച്ചാണ്. യൂറോപ്പിലെ ജനങ്ങൾ സംസാരിക്കുന്നതും വോട്ടു ചെയ്യുന്നതും മൈഗ്രേഷന് എതിരെയാണ്.
എന്തെന്നാൽ പട്ടിണിയും ദാരിദ്ര്യവും അസമത്വവും ലോക രാഷ്ട്രീയത്തിന് ഒരു ചർച്ചാ വിഷയം അല്ലാതായിക്കഴിഞ്ഞു. ലോക രാഷ്ട്രീയം ഒരു വലിയ വഴിത്തിരിവിലാണ്. തൊണ്ണൂറുകൾക്കു ശേഷം അമിതമായി കൊഴുത്തു തടിച്ചു വളർന്ന മധ്യ വർഗം നമ്മുടെ രാഷ്ട്രീയം ഹൈജാക്ക് ചെയ്തിരിക്കുന്നു.
ലോകരാഷ്ട്രീയം എങ്ങോട്ട് എന്നത് കൂടുതൽ ചർച്ച ചെയ്യുന്നതിന് മുൻപ് അതിനു കാരണമായ മധ്യവർഗ്ഗത്തിന്‍റെ വളർച്ച എത്രത്തോളമെന്നും അത് രാഷ്ട്രീയത്തെ, രാജ്യങ്ങളുടെ നയങ്ങളെ എങ്ങനെ സ്വാധീനിക്കുന്നു .എന്നും പരിശോധിക്കേണ്ടി വരും.
ആദ്യത്തെ ചോദ്യം ആരാണ് മധ്യവർഗം എന്നതാണ്. നമുക്ക് മാർക്സിയൻ ജാർഗണുകൾ ഒഴിച്ച് നിർത്തി സംസാരിക്കാം. ഭൗതിക ജീവിത സാഹചര്യങ്ങളുടെ തൃപ്തികരമായ ലഭ്യത ഉറപ്പുവരുത്തുകയും ആ ഉറപ്പിന്മേൽ മെച്ചപ്പെട്ട ഭാവി പടുത്തുയർത്താൻ കഴിയുകയും ചെയ്യുന്നയാൾ എന്ന് ലളിതമായി വിശദീകരിക്കാമെന്നു തോന്നുന്നു. പെട്ടെന്നുണ്ടാകുന്ന തൊഴിൽനഷ്ടം, ആരോഗ്യപ്രശ്നം തുടങ്ങിയ ആഘാതങ്ങൾ ജീവിത നിലവാരത്തെ സ്ഥിരമായി പിന്നോട്ട് വലിക്കാത്ത തരത്തിൽ സുരക്ഷിതത്വം നേടിയ ആൾ. മധ്യവർഗ പൗരൻമാർക്ക് സാമ്പത്തികമായ ആകുലതകളും സമ്മർദവും ഉണ്ടാകാം എന്നാൽ അവർ അടുത്ത മാസത്തെ വാടക നൽകുന്നതിനെ കുറിച്ചോ കാർ ലോൺ അടക്കുന്നതിനെ കുറിച്ചോ ഉൽക്കണ്ഠാ കുലരല്ല.

കഴിഞ്ഞ രണ്ടു ദശകങ്ങളായിട്ടുള്ള വൻ സാമ്പത്തിക വളർച്ച ലോകമെങ്ങും മധ്യ വർഗ്ഗത്തിന്‍റെ ശതമാന നിരക്കിലുള്ള വളർച്ച അതിവേഗത്തിലാക്കി. 25 വർഷങ്ങൾക്കു മുൻപ് വികസ്വര രാജ്യങ്ങളിൽ മധ്യവർഗ്ഗത്തിന്‍റെ സാന്നിധ്യം തീരെ പരിമിതമായിരുന്നു. സിങ്കപ്പൂർ സൗത്ത് കൊറിയ ചില ലാറ്റിൻ അമേരിക്കൻ രാജ്യങ്ങൾ തുടങ്ങിയവ മാത്രമായിരുന്നു ഇതിനൊരപവാദം 1990 നും 2015 നും ഇടയ്ക്ക് ഏകദേശം ഒരു ബില്യൺ ജനത ദാരിദ്ര്യത്തിൽ നിന്ന് കരകയറുകയും മധ്യവർഗ സ്റ്റാറ്റസ് നേടുകയും ചെയ്തു. ഇതിൽ 650 മില്യൺ ഇന്ത്യയിലും ചൈനയിലുമായാണ്. അനിഷേധ്യമായ മധ്യവർഗ വളർച്ച നേടിയ മറ്റൊരു രാഷ്ട്രം ബ്രസീൽ ആണ്. 1990 നും 2015 നും ഇടയ്ക്ക് ബ്രസീലിലെ മധ്യ വർഗം രാജ്യജനസംഖ്യയുടെ ഏതാണ്ട് അമ്പതു ശതമാനത്തോളമായി ഉയരുകയും രാഷ്ട്രീയമായി തങ്ങളുടെ മസിൽ പെരുപ്പിച്ചു കാട്ടാൻ തുടങ്ങുകയും ചെയ്തു. കഴിഞ്ഞ രണ്ടു ദശകങ്ങളായി ചിലി, ഇറാൻ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ മധ്യവർഗ പ്രാതിനിധ്യം ഏതാണ്ട് അറുപതു ശതമാനത്തോളം ആയി ഉയർന്നു. മെക്സിക്കോയിലും പെറുവിലും മധ്യവർഗം വലിയ തോതിൽ വളർച്ച നേടി.
ഇനി നമ്മുക്ക് പരിശോധിക്കേണ്ടത് മധ്യവർഗ്ഗത്തിന്‍റെ രാഷ്ട്രീയമെന്താണ് എന്നാണ്. മധ്യ വർഗ ര്രാഷ്ട്രീയത്തിന്‍റെ പുരോഗമന പരമായ വശം അത് നല്ല ഭരണം ആവശ്യപ്പെടുന്നു എന്നതാണ്.
മധ്യവർഗത്തിന്‍റെ വളർച്ച ഒരു രാജ്യത്തിന്‍റെ സുസ്ഥിര വികസനത്തിന് അടിത്തറ ഒരുക്കുന്നു. മധ്യവർഗം കൂടുതൽ നികുതിയും മറ്റും നൽകുന്നതിലൂടെ രാജ്യത്തിന് അടിസ്ഥാന സൗകര്യ വികസനത്തിന് വേണ്ട സഹായം നൽകുന്നു. മധ്യവർഗ രക്ഷിതാക്കൾ തന്‍റെ സമ്പാദ്യം കുട്ടികളുടെ വിദ്യാഭ്യാസത്തിനും മറ്റും ചിലവഴിക്കുന്നതിലൂടെ രാജ്യത്തിന്‍റെ മനുഷ്യ വിഭവ ശേഷിയെ തന്നെ വികസിപ്പിക്കുന്നു.
ഇതിന്‍റെ മറുവശം ചൂണ്ടിക്കാട്ടാൻ ബ്രസീൽ ഒരു നല്ല ഉദാഹരണമായിരിക്കും. സമ്പദ് വ്യവസ്ഥ അതിവേഗം വളർന്നു കൊണ്ടിരുന്നപ്പോൾ അവിടുത്തെ മധ്യവർഗം പ്രസിഡന്‍റ് ലുലയുടെ, ദരിദ്രർക്ക് ബാങ്കിലൂടെ നേരിട്ടുള്ള സഹായ പദ്ധതിയെ പ്രോത്സാഹിപ്പിച്ചു. അവർ മോശപ്പെട്ട ഗവണ്മെന്‍റ് സ്കൂളുകളോട് പ്രതികരിച്ചത് തങ്ങളുടെ കുട്ടികളെ ഉയർന്ന ഫീസു നല്കി സ്വകാര്യ സ്കൂളുകളിൽ അയച്ചു കൊണ്ടാണ് എന്നാൽ പൊതുസ്കൂളുകൾ മെച്ചപ്പെടുത്താനുള്ള ഗവണ്മെന്‍റ് ഫണ്ടിങ്ങിനെ അവർ ഒരിക്കലും എതിർത്തിരുന്നില്ല പക്ഷെ സാമ്പത്തിക വളർച്ചയുടെ ആക്കം കുറഞ്ഞപ്പോൾ അത്തരം പദ്ധതികൾ ചോദ്യം ചെയ്യപ്പെട്ടു.
ഒരു രാജ്യത്തെ മധ്യവർഗ്ഗത്തിന്‍റെ വലിപ്പം ആ രാജ്യത്തിന്‍റെ നയങ്ങളിൽ നിർണായക ശക്തി ചെലുത്തുന്നു. അതിന്‍റെ വലിപ്പം കൂടുംതോറും അത് കൂടുതൽ അവർക്കനുകൂലമാകുന്നു. 90 കൾക്ക് ശേഷമുണ്ടായ IT വികസനവും മാധ്യമരംഗത്തുണ്ടായ വൻ കുതിച്ചു ചാട്ടവും സമൂഹ മാധ്യമങ്ങളുടെ വളർച്ചയും അവന്‍റെ ശബ്ദത്തെ കൂടുതൽ ഉച്ചത്തിൽ കേൾപ്പിക്കുന്നു. ഒരു പ്രത്യക വർഗ്ഗത്തിന്‍റെ ശബ്ദം കൂടുതൽ ഉച്ചത്തിൽ ഉയരുമ്പോൾ പാർശ്വവത്കരിക്ക പ്പെട്ടവന്‍റെ ശബ്ദം തമസ്കരിക്കപ്പെടുകയാണ് ചെയ്യുക . ഇത് തന്നെയാണ് ലോക രാഷ്ട്രീയത്തിൽ ഇന്ന് വഴിത്തിരിവിന് കാരണമായിരിക്കുന്നത്.
സാമ്പത്തിക സുരക്ഷിതത്വം നേടിയ ഒരു സമൂഹം മുന്നോട്ടു വയ്ക്കുന്ന രാഷ്ട്രീയം എല്ലായ്പ്പോഴും സാമ്പത്തിക ഘടകങ്ങളിൽ ഊന്നി നിന്നുകൊണ്ടാവണം എന്നില്ല, അവന്‍റെ വർഗ താൽപര്യങ്ങൾക്കു ഭീഷണിയാകുമ്പോൾ അതങ്ങനെയാകാം എന്നേയുള്ളു. ഉദാ : കുടിയേറ്റം മൂലവും ഗ്ലോബലൈസഷൻ മൂലവും ഉണ്ടാകാവുന്ന ജോലി ഭീഷണി.
അല്ലാത്ത പക്ഷം അവന്‍റെ രാഷ്ട്രീയത്തെ നിർണയിക്കുന്നത് സാംസ്കാരിക മൂല്യങ്ങൾ ആണ്.
യൂറോപ്പിൽ അത് സെയിം സെക്സ് മാര്യേജ് ഒരു ചർച്ചാ വിഷയമാക്കും ലിംഗ സമത്വം പരിസ്ഥിതി എന്നിവ പുരോഗമനപരമായും വർണ്ണം, പ്രാദേശികതാവാദം, കുടിയേറ്റം തുടങ്ങിയവ പിന്തിരിപ്പൻ കാഴ്ചപ്പാടിലൂടെയും ചർച്ച ചെയ്യപ്പെടും. ഇന്ത്യപോലുള്ള രാജ്യങ്ങളിൽ അത് ദേശീയതയെ ചർച്ചാവിഷയമാക്കും. സാംസ്കാരിക മൂല്യങ്ങൾ പുനർനിര്‍ണയിക്കപ്പെടും
മതപരമായ ചിഹ്നങ്ങൾ കൂടുതൽ ഉയർന്നു വരും .ഇത്തരം വിഷയങ്ങളിൽ ഉള്ള നിലപാടു കളാണ് ഒരുവനെ റിപ്പബ്ലിക്കൻ അനുകൂലിയോ ഡെമോക്രാറ്റ് അനുകൂലിയോ ആക്കി മാറ്റുന്നത്. അല്ലെങ്കിൽ ബിജെപി അനുകൂലിയോ ഇടതു / കോൺഗ്രസ് അനുകൂലിയോ ആക്കി മാറ്റുന്നത്.
ശീതയുദ്ധത്തിന്‍റെ അന്ത്യം സോഷ്യലിസ്റ്റ് ആശയങ്ങളെ ഒരുപാട് പിന്നോട്ട് വലിച്ചിരിക്കുന്നു. ലോകമെമ്പാടുമുള്ള ഇടതു പാർട്ടികൾ കൂടുതൽ മധ്യഭാഗത്തേക്ക് എത്തിച്ചേർന്നിരിക്കുന്നു. 60 കളിൽ ഇടതു വലതു ചേരികളുടെ നിലപാടുതറകൾ തികച്ചും വ്യത്യസ്തവും എതിർ ദിശയിലുള്ളതുമായിരുന്നു. ഉദാ : ഇടതു ചേരികൾ ദേശസാൽക്കരണത്തിനായി വാദിക്കുമ്പോൾ വലതു പക്ഷം സ്വതന്ത്ര കമ്പോളത്തിനായി വാദിച്ചിരുന്നു. ഇന്നാ വ്യത്യാസം നേർത്തി ല്ലാതായിരിക്കുന്നു. ഇടതു വലതു വ്യത്യാസം ഇന്ന് സാംസ്കാരിക മൂല്യങ്ങളിലും മറ്റും മാത്രമായി ചുരുങ്ങിയിരിക്കുന്നു
ഈ വിടവിലേക്കാണ് തീവ്ര വലതുപക്ഷം പോപ്പുലിസ്റ്റ് ആശയങ്ങളുമായി കടന്നു വരുന്നത്. അവർ ജനങ്ങൾക്ക് ഇല്ലാത്ത ശത്രുവിനെ സൃഷ്ട്ടിച്ചു നൽകുകയും അവരെ അതിനോട് പോരാടാൻ പ്രേരിപ്പിക്കുകയും ചെയ്യുന്നു.
എന്താണ് പോപുലിസം? പോപ്പുലിസത്തെ വ്യത്യസ്ത സാഹചര്യങ്ങളിൽ വ്യത്യസ്ത രീതികളിൽ നിർവചിക്കാം. ആ നിർവചനങ്ങളിൽ എല്ലാം പൊതുവായി വരുന്ന ഒന്നുണ്ട്. അത് മുഖ്യധാരാ രാഷ്ട്രീയത്തെ തള്ളിപ്പറയുന്നു അത് നിലനിൽക്കുന്ന വ്യവസ്ഥാപിത രീതികളെ തള്ളിപ്പറയുന്നു. അത് അപ്പർ ക്ലാസ്സിനെ തള്ളിപ്പറയുന്ന പാർശ്വവത്കരിക്ക പ്പെട്ടവന്‍റെ ഭാഷ കടമെടുക്കുന്നു തന്‍റെ പ്രവർത്തനങ്ങൾ തമസ്ക്കരിക്കപ്പെട്ട ജനവിഭാഗത്തിന് വേണ്ടിയാണെന്ന് അത് ദ്യോതിപ്പിക്കുന്നു. അത് ദേശസ്നേഹിയുടെ രൂപം സ്വയം എടുത്ത ണിയുന്നു. അത് എതിർക്കുന്നവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നു. ഇത് തന്നെയാണ് ട്രംപ് പറഞ്ഞത് ഇത് തന്നെയാണ് മോഡി പറയുന്നതും. ഇത് തന്നെയാണ് ഫ്രഞ്ച് നാഷണലിസ്റ്റ് നേതാവ് മരീൻ ലെ പെൻ പറയുന്നതും.
ട്രംപ് മെക്സിക്കോയിൽ നിന്നുള്ള നുഴഞ്ഞു കയറ്റത്തെക്കുറിച്ചും അതോടൊപ്പം വരുന്ന മയക്കുമരുന്ന് ക്രിമിനൽ മാഫിയകളെ കുറിച്ചും റേപ്പിനെ കുറിച്ചും സംസാരിക്കുന്നു. മുസ്ലീങ്ങൾ എന്ന ജിഹാദികളെ കുറിച്ച് സംസാരിക്കുന്നു. അമേരിക്കൻ വെള്ളക്കാരന്‍റെ ആത്മാഭിമാനത്തെ കുറിച്ച് സംസാരിക്കുന്നു ചിലപ്പോഴെങ്കിലും പഴയ ക്ലൂ ക്ലക്സ് ക്ളാനുകളെ ഓർമ്മിപ്പിക്കുന്നു മോഡി പാക്കിസ്ഥാൻ എന്ന ദുർഭൂതത്തെക്കുറിച്ചു സംസാരിക്കുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനെ കുറിച്ച് സംസാരിക്കുന്നു. ക്യാഷ്‌ലെസ്സ് എക്കോണമിയെ കുറിച്ച് സംസാരിക്കുന്നു. എന്തിനാണ് ഈ ദരിദ്രൻ ബാങ്കുകൾക്ക് മുന്നിൽ ക്യൂ നിൽക്കുന്നത് എന്ന് ചോദിക്കുന്നു. കാശില്ലെങ്കിൽ Paytm വഴി പേ ചെയ്തു കൂടെ എന്ന് ചോദിക്കുന്നു. അവർ പ്രതിനിധാനം ചെയ്യുന്നത് മധ്യവർഗ്ഗത്തെയാണ്. ദരിദ്രൻ അവന്‍റെ രാഷ്ട്രീയത്തിൽ നിന്ന് പുറത്തായിരിക്കുന്നു
ട്രംപ് മെക്സിക്കൻ അതിർത്തിയിൽ മതിൽ കെട്ടുന്നതിനെ കുറിച്ചും പുറം കരാറുകൾ വഴിയുള്ള തൊഴിൽ നഷ്ടത്തെക്കുറിച്ചും ചൈനീസ് ഉത്പന്നങ്ങളുടെ കമ്പോളത്തിലേക്കുള്ള തള്ളിക്കയറ്റത്തെക്കുറിച്ചും വ്യാകുലപ്പെടുന്നു. സംരക്ഷിത കമ്പോളത്തെ കുറിച്ചാണ് ബ്രിട്ടണും യൂറോപ്യൻ യൂണിയനും വ്യാകുലപ്പെടുന്നത്
മുതലാളിത്തം ഗ്ലോബലൈസഷനിൽ നിന്ന് തിരിച്ചു നടക്കുകയാണ്, പോപ്പുലിസത്തിന്‍റെ അഥവാ മധ്യവർഗ പ്രീണനത്തിന്‍റെ വഴിയേ. മധ്യവർഗ്ഗത്തിന്‍റെ ആൾക്കൂട്ട മനഃശാസ്ത്രത്തെ കൃത്യമായി ഉപയോഗിച്ച് കൊണ്ട് അവനിൽ ഉറങ്ങിക്കിടക്കുന്ന അധമ ത്വരകളെ, വർണ്ണ വെറിയേയും വംശീയ മഹത്വത്തേയും വരെ ഉപയോഗിച്ച്, പോപ്പുലിസ്റ്റുകൾ മുതലാളിത്തത്തെ മറ്റൊരു ഘട്ടത്തിലേക്ക് കൊണ്ട് പോകുകയാണ്.
മുൻപ് ബെർലിനിലെ തകർന്ന മതിലിനെ കുറിച്ചാണ് മുതലാളിത്തം ഊറ്റംകൊണ്ടിരുന്ന തെങ്കിൽ ഇന്ന് അത് കൊട്ടിയടക്കപ്പെടുന്ന വാതിലുകളെക്കുറിച്ചാണ്, നിർമ്മിക്കാൻ പോകുന്ന മതിലുകളെ കുറിച്ചാണ് സംസാരിക്കുന്നത്.
ലോകം വീണ്ടും ഒരു വലിയ വഴിത്തിരിവിലാണ്

Comments
Print Friendly, PDF & Email

മലയാളനാട് വെബ് ജേണൽ എഡിറ്റോറിയൽ ബോർഡ് അംഗം.

You may also like