പൂമുഖം LITERATURE വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിച്ചത് – 5

ഭാഗം  5: വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിച്ചത് – 5

 

ാറിന്‍റെ കടം അടച്ചു തീര്‍ന്നപ്പോഴാണ് സ്വന്തമായി ഒരു ഫ്ലാറ്റ് വാങ്ങാമെന്ന് അനൂപിനും ദേവിക്കും തോന്നിയത്. വാടക കൊടുത്ത് താമസിക്കുന്നത് വെറും നഷ്ടമാണെന്ന് അയാളിലെ മിടുക്കനായ സാമ്പത്തികവിദഗ്ദ്ധന്‍ കണ്ടുപിടിച്ചിട്ട് കുറെക്കാലമായിരുന്നു. കാറിന്‍റെ കടം തീര്‍ക്കാതെ മറ്റൊരു കടം എടുക്കാനാവില്ലെന്നതുകൊണ്ട് അയാള്‍ ക്ഷമിച്ചതായിരുന്നു.

കൂടിയ സാലറി സ്ലിപ് ദേവിക്കല്ലേ ഉള്ളൂ. അങ്ങനെ കടം അവളുടെ പേരില്‍ തന്നെ വന്നുചേര്‍ന്നു. ഫ്ലാറ്റിന്‍റെ ഒന്നാം ഉടമസ്ഥയായി അവളും സഹ ഉടമസ്ഥനായി അനൂപും  മാറി.

സ്വന്തം വീട് എന്ന വിചാരം ഹരിമോന്‍റെ  കുഞ്ഞു മനസ്സിലും കയറിക്കൂടി. അവന്‍റെ വീട് അവന്‍റെ വീട് എന്ന് അവന്‍ സദാ പൊങ്ങച്ചപ്പെട്ടു.

കൂട്ടുകാര്‍ക്കൊപ്പം കളിക്കുമ്പോള്‍, അവരുടെ വീടുകളില്‍ നിന്ന് മടങ്ങുമ്പോള്‍ ഞാന്‍ എന്‍റെ വീട്ടിലേക്ക് പോകുന്നു എന്ന് പറയുന്നതില്‍ അവന്‍ അനല്‍പമായ ആഹ്ലാദം കണ്ടെത്തി.

ഹരിമോന്‍റെ ആ കുഞ്ഞു ആനന്ദവും കുഞ്ഞു പൊങ്ങച്ചവും ദേവിയേയും അതിരറ്റ് സന്തോഷിപ്പിച്ചു.

അവളുടെ സന്തോഷം കാണുമ്പോഴെല്ലാം അവന്‍ പറഞ്ഞു. ‘ ഞാന്‍ അമ്മയുടെ മോനാണ്. അമ്മയുടെ മാത്രം മോനാണ്.’ പറച്ചിലിനു ബലം കിട്ടാന്‍ അവന്‍റെ കുഞ്ഞിക്കാലുകള്‍ തറയില്‍ അമര്‍ത്തിച്ചവിട്ടും . എന്നിട്ടും ബലം പോരെന്ന് തോന്നിയാല്‍ അവനുറക്കെ കരയും.

കുഞ്ഞല്ലേ..

അതുകൊണ്ടു തന്നെ അവളും അനൂപും  തമ്മില്‍ വഴക്കുണ്ടാവുമ്പോള്‍ അയാള്‍ മോനെയും കൂട്ടി കാറില്‍ കയറി എങ്ങോട്ടെന്നില്ലാതെ ഓടിച്ചു പോയി. അവനെ കാണാതെ അവളുടെ ഹൃദയം തകരുമെന്നതായിരുന്നു അയാളുടെ പ്രതികാരം. കുറേ ഓടിക്കഴിയുമ്പോള്‍ അവന്‍ കാറിലിരുന്ന് ഉറങ്ങും. അപ്പോള്‍ എന്തോ ഒരു തരം പരാജയത്തിന്‍റെ രുചിയില്‍ അയാള്‍ അവനെ അടിയ്ക്കുമായിരുന്നു. …

മോനെ അനൂപ് തെറികള്‍ പറഞ്ഞ് ശകാരിച്ചു. കഴുതേ … നിനക്കെന്തറിയാമെടാ , നിന്നെ എന്തിനു കൊള്ളാമെടാ അമ്മേടേ മോനേ? എന്നൊക്കെ ഉച്ചത്തില്‍ ദേഷ്യപ്പെട്ടു.

അവര്‍ തമ്മില്‍ ഒരു തരം അസുഖകരമായ അകല്‍ച്ച ഉണ്ടാകുന്നുണ്ടായിരുന്നു. അത് ദേവി വേദനയോടെ തിരിച്ചറിയുന്നുമുണ്ടായിരുന്നു. അകല്‍ച്ച വര്‍ദ്ധിക്കരുതെന്ന് കരുതി അച്ഛനെപ്പറ്റി ഒന്നും കുറവായി ഹരിമോനോട് പറഞ്ഞുപോകരുതെന്ന് അവള്‍ നിഷ്ക്കര്‍ഷ പാലിച്ചു. അവര്‍ തമ്മില്‍ വഴക്കുണ്ടായാല്‍ അതിനിടയില്‍ പെട്ട് ഞെരിയുന്നത് അവള്‍ തന്നെയായിരിക്കുമല്ലോ.

അവളുടെ അത്തരം കുലീനത ഭാവിയില്‍ ഗഹ്വരം പോലെയുള്ള വായ് പിളര്‍ത്തി കൂര്‍ത്തു മൂര്‍ത്ത ദംഷ്ട്രങ്ങളുമായി കടിച്ചു കീറാന്‍ വരുമെന്ന് ദേവിക്ക് മനസ്സിലായിരുന്നില്ല.

അച്ഛന്‍ ദേഷ്യപ്പെട്ടാലും അടിച്ചാലും അവന്‍ ഒരു കുട്ടി തന്നെയല്ലേ?നല്ല ശീലത്തില്‍ അച്ഛന്‍ എടുക്കുമ്പോള്‍ ഉമ്മകൊടുക്കുമ്പോള്‍ എണ്ണ തേപ്പിക്കുമ്പോള്‍ കുളിപ്പിക്കുമ്പോള്‍ മാമു കൊടുക്കുമ്പോള്‍ കൊഞ്ചിക്കുമ്പോള്‍ അവന്‍ ആ അടിയും തെറി വിളിയും അകല്‍ച്ചയും എല്ലാം മറക്കും. തന്നെയുമല്ല, അച്ഛനു കോപം വരുന്നത് അമ്മ കാരണമാണെന്നും ഹരി മോനു പതുക്കെപ്പതുക്കെ മനസ്സിലായി വന്നു.

രക്തബന്ധമെന്നത് അങ്ങനെയാണെന്നാണല്ലോ വെപ്പ്.

അപ്പോഴാണ് അനാഥയായ ആ പെണ്‍കുട്ടി അവനെ നോക്കാന്‍ വന്നത്. അവള്‍ അടിമുടി ഒരു കലാകാരി കൂടിയായിരുന്നു.

അഭിരാമി അവനു പടം വരച്ചുകൊടുത്തു. അവന്‍റെ ഒപ്പം ഡാന്‍സ് കളിച്ചു, പാട്ട് പാടി, ക്രിക്കറ്റും ഫുട്ബോളും കളിച്ചുമെല്ലെ മെല്ലെ അവള്‍ അവന്‍റെ ലോകം തന്നെയായി മാറി. അവന് അവളെന്ന് വെച്ചാല്‍ ജീവനായിരുന്നു. അവന്‍ മാത്രമല്ല അവര്‍ താമസിച്ചിരുന്ന ഫ്ലാറ്റ് സമുച്ചയത്തിലെ എല്ലാ കുട്ടികളും അഭിരാമിയുടെ സുഹൃത്തുക്കളായി .

സ്വാഭാവികമായി അവള്‍ക്ക് വീഴ്ചകളും ഉണ്ടായിരുന്നു. ആ വീഴ്ചകള്‍ ഗൃഹാന്തരീക്ഷത്തെ യുദ്ധഭൂമിയാക്കി തീര്‍ത്തു.

കുഞ്ഞിനെ ആത്മാര്‍ഥമായി നോക്കുന്നതുകൊണ്ട് ആ അഭിരാമിയുടെ പാചകത്തിലെയും വീട്ടുജോലികളിലെയും എല്ലാ വീഴ്ചകളും ദേവിയിലെ അമ്മ പൊറുത്തു. എന്നാല്‍ അനൂപിലെ  ഗൃഹനായകന് ഒന്നും പൊറുക്കുവാന്‍ കഴിഞ്ഞില്ല.

പരിപ്പില്ലാത്തത്,

നെയ്യ് കുറഞ്ഞു പോയത്,

പത്രം നേരെ ചൊവ്വേ മടക്കി വെയ്ക്കാത്തത്..

അങ്ങനെ എന്തിനും ഏതിനും വീട്ടീല്‍ വഴക്കായി.

ഉദ്യോഗം ഭരിയ്ക്കാന്‍ പോകുന്ന ഭാര്യയെ എന്തിനു കൊള്ളാമെന്ന് , നീ ഈ വീട്ടിനു വേണ്ടി എന്തു ചെയ്യുന്നുവെന്ന് അനൂപ് ഭാര്യയെ നിശിതമായി ചോദ്യം ചെയ്തു. അയാള്‍ ചോദ്യം ചോദിക്കുന്നവനും ദേവി വിറച്ചുകൊണ്ട് ഉത്തരം പറയുന്നവളും ദുര്‍ലഭം മാത്രം ദേഷ്യപ്പെടുന്നവളും ആയിരുന്നു.

അവള്‍ ദേഷ്യപ്പെടുന്ന ദിവസം പാത്രങ്ങള്‍ അനൂപ് വലിച്ചെറിഞ്ഞ് ഉടച്ചു. ജനലച്ചില്ലുകള്‍ തകര്‍ത്തു. പേപ്പറുകള്‍ വലിച്ചു കീറി. രാത്രി മുഴുവന്‍ വഴക്ക് കൂടി. പിറ്റേന്ന് ജോലിക്ക് പോകണമല്ലോ ഉത്തരവാദപ്പെട്ട ജോലിയാണല്ലോ അതില്‍ അബദ്ധം പറ്റരുതല്ലോ എന്ന ആധിയില്‍ അവള്‍ വഴക്കുകളും പേക്കൂത്തുകളും വലുതാക്കാതെ അയാളുടെ കാലു പിടിച്ച് ക്ഷമ പറഞ്ഞ് ജീവിയ്ക്കാന്‍ ശീലിച്ചു.

ദേഷ്യം വരാതിരിക്കാന്‍, വികാരങ്ങള്‍ക്ക് നിയന്ത്രണമുണ്ടാവാന്‍ എപ്പോഴും ദൈവത്തിനെ പ്രാര്‍ഥിച്ചു. പലതരം മന്ത്രങ്ങള്‍ ചൊല്ലി.

സദാ ദൈവത്തിനോട് ഓരോന്ന് യാചിച്ചുകൊണ്ടിരുന്നാല്‍ ദൈവം ഒന്നും തരില്ലെന്ന് അനൂപ്  ദേവിയെ  പരിഹസിച്ചു.

അത് കേട്ട്  ഹരിമോനും അവളെ കളിയാക്കി. ‘ അയ്യേ! കഷ്ടം. യാചകി അമ്മ

അവള്‍ സമ്പാദിച്ചുകൊണ്ടു വരുന്നതിന്‍റെ കാല്‍ ഭാഗം പോലും അയാള്‍ക്ക് സമ്പാദിയ്ക്കാന്‍ അക്കാലത്ത് പറ്റിയിരുന്നില്ല.

അനൂപിന്‍റെ അമ്മയ്ക്കും അച്ഛനും പണമയയ്ക്കുന്നതും അയാളുടെ സഹോദരിമാര്‍ക്ക് ഫ്രിഡ്ജും മിക്സിയും എയര്‍കണ്ടീഷണറും ഒക്കെ വാങ്ങിക്കൊടുക്കുന്നതും വേണ്ടപ്പോള്‍ ഒക്കെ അമ്പതിനായിരവും ലക്ഷവും ഒക്കെ നല്‍കുന്നതും ദേവിയായിരുന്നു. അയാളുടെ കുടുംബക്കാരല്ലേ എന്തിനു കൊടുക്കണമെന്ന ചില സ്ത്രീകളുടെ സ്വഭാവത്തിലുള്ള പിച്ചത്തരം അവളുടെ അടുത്തു കൂടി പോലും പോയിരുന്നില്ല.

അവളുടെ ആ മനസ്ഥിതിയെ അഭിനന്ദിക്കാന്‍ അയാള്‍ക്ക് കഴിഞ്ഞില്ല. പകരം അതവളുടെ വലുപ്പവും അഹന്തയും പ്രദര്‍ശിപ്പിക്കാനാണെന്ന് അയാള്‍ ബഹളമുണ്ടാക്കി.

 ഹരിമോന്‍ എല്ലാം കണ്ടും കേട്ടും മനസ്സിലാക്കിക്കൊണ്ടിരുന്നു.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like