പുതിയ സാങ്കേതിക വിദ്യയില്‍ അച്ചടിച്ചതാണ് പുതിയ 1000 രൂപ നോട്ട് എന്നൊരു വ്യാജവാര്‍ത്ത പരന്നിട്ടുണ്ട്. Nano GPS Chip എന്ന സാങ്കേതിക സംവിധാനം ഉപയോഗപ്പെടുത്തിയാണത്രെ. 500, 2000 രൂപയുടെ പുതിയ നോട്ടുകൾ അടിക്കുന്നത്. ഉപഗ്രഹം വഴി ഓരോ നോട്ടും എവിടെയുണ്ട് എന്ന് കണ്ടെത്താനാവുമത്രെ. അതേ സാങ്കേതിക വിദ്യ ഉപയോഗിച്ച് കള്ളനോട്ട് അടിച്ചാല്‍ അതും കണ്ടുപിടിക്കാമത്രേ. അത് വെറുതെ പറയുന്നതാണ് എന്ന് എതിര്‍കക്ഷികള്‍. രണ്ടായിരം രൂപയുടെ നോട്ട് മൂവായിരം രൂപ മുടക്കി ആരെങ്കിലും അടിക്കുമോ എന്ന ചോദ്യം.
റോഡിലേയ്ക്ക് ഇറങ്ങിയിട്ട്, ഒരു അപ്രഖ്യാപിത ബന്ദിന്‍റെ പ്രതീതി. കടകളില്‍ കച്ചവടം നടക്കുന്നുണ്ടായിരുന്നില്ല. ചില സര്‍ക്കാര്‍ ഓഫീസുകളില്‍ സന്ദര്‍ശനം നടത്തി മടങ്ങി വന്ന സുഹൃത്ത് ഫോണ്‍ വിളിച്ചു പറഞ്ഞത്, ഓഫീസില്‍ ജീവനക്കാര്‍ കുറവായിരുന്നു എന്നാണ്. ബോധക്കേടും ഹൃദയാഘാതവും മൂലം പലരും ആശുപത്രിയെ ശരണം പ്രാപിച്ചു പോലും. സുഹൃത്ത് തമാശ പറഞ്ഞതാവാം.
സാധാരണക്കാരായ ജനം പ്രതീക്ഷയിലാണ്. പ്രതിദിനം 4000 രൂപയേ മാറ്റി വാങ്ങാന്‍ കഴിയുവെങ്കിലും മാറ്റി വാങ്ങുന്ന ആള്‍ ഐഡന്‍റിറ്റി വെളിപ്പെടുത്തേണ്ടതുണ്ട്. ഇന്നു മുതല്‍ ബാങ്കില്‍ അടയ്ക്കുന്ന പണവും ക്രോസ് ചെക്ക് ചെയ്യപ്പെടും. പലിശക്കാരനും തലയിണയ്ക്കടിയില്‍ കാശ് സൂക്ഷിച്ചവനും കുടുങ്ങുമല്ലോ എന്ന സന്തോഷം. അവന്‍റെ സന്തോഷ ബുക്കില്‍ അംബാനിയെപ്പോലുള്ള ആളുകള്‍ ഇല്ല. അത്തരക്കാര്‍ക്ക് ഒന്നും സംഭവിക്കില്ല എന്നു തിരിച്ചറിയാനുള്ള വിവരമൊക്കെ സാധാരണ മലയാളിക്ക് ഉണ്ട്. അവന് കൊടുംപലിശയ്ക്കു പണം കടം കൊടുത്ത് മുഷ്ക് കാണിച്ച ബ്ലെയ്‌ഡുകാരന്‍ കുടുങ്ങുന്നതാണ് അവന്‍റെ സന്തോഷം. പക്ഷേ, കാര്യങ്ങള്‍ ശരിയായ വിധം നടക്കുമോ എന്നവന്‍ ഭയപ്പെടുന്നുമുണ്ട്.
കേരളത്തിലെ ഭരണ പ്രതിപക്ഷങ്ങളും പ്രതീക്ഷയിലാണ്. പണ്ട് മൊറാര്‍ജി വലിയ നോട്ട് പിന്‍വലിച്ച് ഏറെ വൈകാതെ കള്ളപ്പണം പെരുകിയത് പോലെ, ഏറെ വൈകാതെ മോഡിയുടെ നോട്ട് അസാധുവാക്കലും പൊളിയുമെന്ന പ്രതീക്ഷയിലാണ്, അവര്‍. പൊളിഞ്ഞില്ലെങ്കില്‍, കളി പാളും എന്നവര്‍ക്ക് അറിയാം. അതുകൊണ്ട് ഇതൊക്കെ മോഡിയുടെ ആളെപ്പറ്റിക്കല്‍ അജണ്ടയുടെ ഭാഗമാണ് എന്നു സാധാരണ ജനത്തെ വിശ്വസിപ്പിക്കാനുള്ള ശ്രമത്തിലാണ്, അവര്‍. സിനിമ തീയേറ്ററില്‍ ക്യൂ നിന്നു ടിക്കറ്റ് വാങ്ങി മറിച്ചു വില്‍ക്കുന്നത് പോലെ, വീടിനടുത്തുള്ള ബാങ്കില്‍ രാവിലെ പോയി ക്യൂ നിന്ന് പണം ഏക്‌സ്ചേഞ്ചു ചെയ്തു വാങ്ങി മറിച്ചു വിറ്റാല്‍ രണ്ടു മൂന്നു ദിവസം ബിവറേജസില്‍ പോകാനുള്ള പണമുണ്ടാക്കാം എന്നു സ്വകാര്യകമ്പനിയില്‍ നിന്നും റിട്ടയറായി ഒരു പണിയും ഇല്ലാതെ വീട്ടില്‍ ഇരിക്കുന്ന സുഹൃത്ത്. നീ വെറുതെ ഇരിക്കുകയല്ലേ, വരുന്നോ എന്നു സുഹൃത്തിന്‍റെ ക്ഷണം. ഇനി, കുറെ ദിവസങ്ങള്‍ ബാങ്കിലും എ.റ്റി.എം.ബൂത്തുകളിലും തിരക്കോട് തിരക്കായിരിക്കും. ബിവറേജസ് കോര്‍പ്പോറേഷന്‍ തുറന്നു കിടന്നിട്ടും ക്യൂ നില്‍ക്കാന്‍ ഒരാള്‍ പോലും ഇല്ലാതിരുന്ന ഒരേ ഒരു ദിവസമായിരുന്നു, ഇന്ന്.
അടുത്ത കുറെ ദിവസങ്ങള്‍ കേരളത്തിനും ഇന്ത്യയ്ക്കും സാമ്പത്തികമായി സങ്കീര്‍ണ്ണമായ ദിവസങ്ങള്‍ ആയിരിക്കും . കേരളത്തിനു പ്രത്യേകിച്ചും. കേരളത്തില്‍ ഇന്നു 90% പേരും സാമ്പത്തിക സുരക്ഷിതത്വം അനുഭവിക്കുന്നവരാണ്. റേഷന്‍ കാര്‍ഡില്‍ ബിപിഎല്‍, എപിഎല്‍ ആകുമ്പോള്‍ മാത്രമാണ് പലരും പ്രതിക്ഷേധിക്കാറുള്ളത്. അല്ലെങ്കില്‍ എല്ലാവരും എപിഎല്‍ തന്നെ!
ഔദ്യോഗിക കണക്കനുസരിച്ച് രാജ്യത്ത് 670 കോടിയുടെ ആയിരത്തിന്‍റെ നോട്ടുകളും 1650 കോടിയുടെ അഞ്ഞൂറിന്‍റെ നോട്ടുകളുമാണ് സര്‍ക്കുലേഷനില്‍ ഉള്ളത്. അതില്‍ കൂടുതലുള്ളത് കള്ളനോട്ടാവാം. ഈ 2320 കോടിയെ കണ്ടെത്തി ശേഷമുള്ളത് നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് മോഡിയുടെ ഈ നീക്കം. കണക്കില്‍ പെടാത്ത പണം ഒളിപ്പിച്ചു വെച്ചിട്ടുള്ളവരില്‍ നിന്നും അതിന്‍റെ നികുതിയും പിഴയും ഈടാക്കുക. രണ്ടും കേള്‍ക്കാന്‍ സുഖമുള്ള കാര്യം. കാര്യങ്ങള്‍ മുറയ്ക്ക് നടന്നാലോ, രാജ്യം കുതിക്കുന്നത് സാമ്പത്തിക സുരക്ഷിതത്തിലേയ്ക്ക് ആണ്.
നമുക്ക് നല്ലതിനു വേണ്ടി കാത്തിരിക്കാം.
കഥാകാരനും നോവലിസ്റ്റുമാണ്. പ്രമുഖപ്രസിദ്ധീകരണങ്ങളില്‍ എഴുതിയിട്ടുണ്ട്. വംശം എന്ന നോവലിനു ശേഷം പുതിയൊരു കൃതിയുടെ തയ്യാറെടുപ്പിലാണ്. ആലപ്പുഴ സ്വദേശി.