OPINION

മുഖ്യമന്ത്രി ആ പെൺകുട്ടിയെ നേരിട്ട് കേൾക്കണം


വടക്കാഞ്ചേരി കൂട്ടബലാൽസംഗക്കേസിലെ ഇരയെ മുഖ്യമന്ത്രി നേരിട്ടുകേൾക്കണമെന്ന് സ്ത്രീപക്ഷ ചിന്തകയും ആക്റ്റിവിസ്റ്റുമായ ഗീത

ബ്ബിങ് ആർട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയിലൂടെ പുറത്തു വന്ന വടക്കാഞ്ചേരി പീഡനക്കേസിലെ പെൺകുട്ടിക്ക് മുഖ്യമന്ത്രിയോടു മാത്രമായി ചിലത് പറയാനുണ്ടെന്നും പക്ഷേ അതിനുള്ള സമയം അനുവദിച്ചു കിട്ടിയില്ലെന്നുമുള്ള വാർത്ത പുറത്തു വന്നിരിക്കുന്നു.

ഇത്തരം ഒരു കേസു പുറത്തു വരുമ്പോൾ അങ്ങോട്ടു പോയി സങ്കടക്കാരിയുടെ പരാതികൾ കേൾക്കാൻ ബാധ്യതപ്പെട്ടവരാണ് മന്ത്രിമാരുൾപ്പടെയുള്ള ജനപ്രതിനിധികൾ . അങ്ങനെ കൂടിയാണ് അവർ ജനങ്ങളെ പ്രതിനിധീകരിക്കുന്നവരാവുക.എന്നാൽ നിർഭാഗ്യവശാൽ അതൊന്നും സംഭവിക്കുന്നില്ലെന്നു മാത്രമല്ല, ചില അനിഷ്ട വിപരീതങ്ങൾ സംഭവിക്കുകയും ചെയ്യുന്നു. ഒരു ജനാധിപത്യ സമൂഹം ആക്രമിക്കപ്പെട്ട മനുഷ്യർക്കു നല്കുന്ന പിന്തുണ വളരെ നിർണായകമാണ്.

അംഗങ്ങൾ ഇത്തരം അതിക്രമങ്ങൾ നടത്തണമെന്നതോ, പീഡകരെ സംരക്ഷിക്കണമെന്നതോ ഇന്നു നിലവിലുള്ള ഒരു രാഷ്ട്രീയ സംഘടനയുടെയും നയമോ അജണ്ടയോ അല്ലെന്നു ഞാൻ വിശ്വസിക്കുന്നു . പക്ഷേ അങ്ങനെ സംഭവിക്കുന്നുവെങ്കിൽ തങ്ങൾ എത്രമാത്രം മതാത്മക ആൺകോയ്മാ യുക്തിക്കുള്ളിൽ ആണെന്നു തിരിച്ചറിയാനും തിരുത്താനും അതതു സംഘടനകൾ ബാധ്യസ്ഥമാണ്. അതവർ ചെയ്യുന്നില്ല എങ്കിൽ കാലത്തെ അതിജീവിക്കാൻ ശേഷിയില്ലാതെ അവ ജീർണിച്ചു നാമാവശേഷമാകുമെന്നു മാത്രം.

ഇത് സംഘടനയുടെ കാര്യമാണ്.ഇതിനതീതരായി പ്രവർത്തിക്കേണ്ടവരാണ് ജനപ്രതിനിധികൾ. സംഘടനാ ബന്ധങ്ങളല്ല അവരെ നയിക്കേണ്ടത്. ഉമ്മൻ ചാണ്ടി പിണറായി വിജയന്റെയും പിണറായി വിജയൻ ഉമ്മൻ ചാണ്ടിയുടെയും മുഖ്യമന്ത്രിയാവുന്നത് ഈ ജനാധിപത്യ ബന്ധത്തിന്റെ ശക്തി കൊണ്ടാണ്.

അതു കൊണ്ട് ആരോപണ വിധേയർ ഏതു സംഘടനയിൽപ്പെട്ടവർ തന്നെ ആയാലും തെരഞ്ഞെടുക്കപ്പെട്ട ഏതു ജന പ്രതിനിധിക്കും മന്ത്രിക്കും അയാളെ സംരക്ഷിക്കാനുള്ള ബാധ്യതയില്ല. മുഖ്യമന്ത്രിയുടെ കാര്യം പറയേണ്ടതുമില്ലല്ലോ. ഏതെങ്കിലും ഒരാൾ മുഖ്യമന്ത്രിയെ കാണാൻ ആഗ്രഹിക്കുന്നത് വെറുതെ വർത്തമാനം പറഞ്ഞിരിക്കാനാകില്ലല്ലോ. ആ ആളുടെ ഏതോ സങ്കടത്തിന് പരിഹാരം തേടിയാണ് അവിടെ എത്തുന്നത്. അത് ആ ആളുടെ പൗരാവകാശവും മുഖ്യമന്ത്രിയുടെ ഔദ്യോഗിക കർത്തവ്യവുമാണ്. അതിനാൽ ആഭ്യന്തര വകുപ്പിന്റെ കൂടി ചുമതലയുള്ള മുഖ്യമന്ത്രി എത്രയും വേഗം പീഡനത്തിന് ഇരയായ പെൺകുട്ടിയെ കാണാനും അവൾക്ക് അദ്ദേഹത്തോട് പറയാനുള്ളത് ക്ഷമയോടെ കേൾക്കാനും തയ്യാറാകണമെന്ന് അഭ്യർഥിക്കുന്നു. കാരണം ഇത്തരം ഒരു പ്രതികരണത്തിൽ ഒരു സ്ത്രീ എത്തിച്ചേരുകയെന്നാൽ അതിനർഥം അവർ സഹനത്തിന്റെ നെല്ലിപ്പടിയിലാണ് എന്നത്രെ. ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രി ഈ അവസ്ഥ ഉൾക്കൊള്ളുകയും അവളെ കേൾക്കുകയും പ്രശ്നങ്ങൾ പരിഹരിക്കാൻ നടപടികൾ സ്വീകരിക്കുകയും ചെയ്തു കൊണ്ട് സ്വന്തം പദവിയുടെ അന്തസ്സ് ഉയർത്തിപ്പിടിക്കുകയും ചെയ്യുമെന്ന് പ്രത്യാശിക്കട്ടെ.

Comments
Print Friendly, PDF & Email

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

About the author

ഗീത

എഴുത്തുകാരി. സ്ത്രീപക്ഷചിന്തക, ആക്റ്റിവിസ്റ്റ്. സ്ത്രീപീഡനകേസുകളുമായി ബന്ധപ്പെട്ട സമരങ്ങളിൽ മുൻ നിരപ്പോരാളിയാണ്. അങ്ങാടിപ്പുറം സ്വദേശി. പട്ടാമ്പി കോളേജിൽ അദ്ധ്യാപിക ആയിരുന്നു. ഇപ്പോൾ യു. ജി. സി. എമിററ്റസ് പ്രൊഫസ്സർ ആയി കോളേജിൽ തന്നെ സേവനം തുടരുന്നു

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.