പൂമുഖം LITERATURE വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

വ്യാഴവട്ടങ്ങളില്‍ ചിതറിത്തെറിക്കുന്നത്

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

്രായമായ പെണ്ണിനു സ്വാഭാവികമായി പ്രസവിക്കാന്‍ പറ്റില്ല. സിസേറിയന്‍ വേണ്ടി വരും , എത്ര രൂപ ചെലവാകുമെന്നറിയില്ല,’ അഡ്മിറ്റായ നിമിഷം മുതല്‍ അനൂപ് വേവലാതി പൂണ്ടു. പണം കൂടുതല്‍ സമ്പാദിക്കുന്നത് ദേവിയാണെങ്കിലും അതിന്‍റെ ചെലവിനെപ്പറ്റി അയാള്‍ എന്നും ശ്രദ്ധാലുവായിരുന്നു. ആഡംബരങ്ങള്‍ ഒന്നും പാടില്ലെന്ന് അയാള്‍ക്ക് നിര്‍ബന്ധമുണ്ടായിരുന്നു.

നഴ്സ്മാര്‍ അനൂപിന്‍റെ ഉല്‍ക്കണ്ഠയെ ശരി വെച്ചു. അവരൊക്കയും മുപ്പതു വയസ്സിനു മുന്‍ പ് രണ്ട് തവണ പ്രസവിക്കാന്‍ കഴിഞ്ഞ മഹാഭാഗ്യവതികളാണ്.

പെണ്ണിനു കരിയര്‍ അല്ല വലുത്, കുടുംബമാണ് , അതുകൊണ്ട് ജോലിയില്‍ ഉയര്‍ന്നു പോകാന്‍ നില്‍ക്കാതെ ആദ്യമേ പ്രസവിക്കണമായിരുന്നു.’അവര്‍ ഉപദേശിച്ചു.

വിവാഹിതയായത് വൈകിയാണെന്ന് പറയുന്നതും മോശമല്ലേ? അതുകൊണ്ട് ദേവി ഒരു മറുപടിയും നല്‍കിയില്ല.

ഇനി ഇപ്പോള്‍ എന്തായാലും മുപ്പത്തഞ്ചു വയസ്സ് എണ്ണിയെണ്ണിക്കുറയ്ക്കാന്‍ കഴിയുമോ?

ഇല്ല. അവള്‍ മലവെള്ളം പോലെ കുത്തിയൊലിച്ചു വരുന്ന വേദനയെ പല്ലു കടിച്ച് സഹിച്ച് മൌനമായി കിടന്നു.

തൊട്ടപ്പുറത്തുണ്ടായിരുന്ന ഇരുപതുകാരി വേദന സഹിക്കാന്‍ തയാറല്ലെന്നും ഉടനെ സിസേറിയന്‍ വേണമെന്നും നിലവിളിച്ചപ്പോള്‍ ഡോക്ടര്‍മാര്‍ ഒട്ടും സമയം കളയാതെ അതിനു തയാറായി.

വൈകുന്നേരമായിട്ടും പ്രസവ വേദന വേണ്ടത്ര തീക്ഷ്ണമാകുന്നില്ലെന്ന് നഴ്സുമാര്‍ പരവശരായി , സിസേറിയന്‍ വേണ്ടി വരുമെന്നും വയറ്റിലുള്ളത് പെണ്‍കുട്ടിയായതു കൊണ്ടാണ് ഇത്ര ബുദ്ധിമുട്ടുണ്ടാവുന്നതെന്നും അവര്‍ പലപാട് പറഞ്ഞു.

പെണ്‍കുട്ടി പിറന്നേക്കുമോ എന്ന ആശങ്ക അനൂപിന്‍റെ  മുഖത്ത് കാളിമയുണ്ടാക്കി.

പക്ഷെ, വൈകീട്ട് ഏഴു മണി നാല്‍പതു മിനിറ്റായപ്പോള്‍ അവള്‍ തികച്ചും സ്വാഭാവികമായി പ്രസവിച്ചു. അതും ഒരു ആണ്‍കുഞ്ഞിനെ തന്നെ.രണ്ടേകാല്‍ കിലോ തൂക്കമേ ഉണ്ടായിരുന്നുള്ളൂ. എങ്കിലും പൂര്‍ണ വളര്‍ച്ചയുള്ള ഒരു ആണ്‍കുഞ്ഞായിരുന്നു അത്.

ഗര്‍ഭകാലത്തെ നിരന്തരമായ നടപ്പും അനവധി നിലയുള്ള കെട്ടിടങ്ങള്‍ കയറിയിറങ്ങി പരിശോധിക്കുന്ന ജോലിയുമെല്ലാം ചേര്‍ന്ന് നല്‍കിയ വ്യായാമം അവളെ , മുപ്പത്തഞ്ചു തികഞ്ഞിട്ടും സിസേറിയനില്‍ നിന്ന് ഒഴിവാക്കിയെടുത്തു എന്ന് വേണം കരുതാന്‍

വ്യായാമം ചെയ്യുന്നത് ഏതു പ്രായത്തിലും നല്ലതു തന്നെ .

കുഞ്ഞിന്‍റെ ള്ളേ..ള്ളേ എന്ന കരച്ചില്‍ അവളുടെ കാതില്‍ മുഴങ്ങുമ്പോള്‍ ലേഡി ഡോക്ടര്‍ ദേവിയെ  അഭിനന്ദിച്ചു. ‘ മിടുക്കി , യൂ ഹാവ് ഡണ്‍ ഇറ്റ്.സ്വാഭാവിക പ്രസവത്തോളം വരില്ല, ഒരു സിസേറിയനും വാക്വം എക്സാട്രക് ഷനും ഒന്നും . കണ്‍ഗ്രാജുലേഷന്‍സ്. ‘

അവള്‍ ക്ഷീണത്തോടെ തളര്‍ച്ചയോടെ കിതപ്പോടെ മന്ദഹസിച്ചു.

 

നൂപിനു കലി കയറുകയായിരുന്നു.

ഇങ്ങനെയുണ്ടോ ഒരു തള്ള ! കുഞ്ഞിനെ മുല കുടിപ്പിക്കാന്‍ അറിയാത്ത ഒരു ജന്തു . അയാളും കണ്ടിട്ടുണ്ട് , പെറ്റെണീറ്റ് നാലാം ദിവസം ഒക്കത്ത് കൊച്ചിനേം എടുത്ത് മുലക്കണ്ണ് അതിന്‍റെ വായില്‍ തിരുകി ചുറുചുറുക്കോടെ വീട്ടുപണികള്‍ ചെയ്യുന്ന പെണ്ണുങ്ങളെ. അയാള്‍ പല്ലു ഞെരിച്ചുകൊണ്ട് പ്രാകി.

പണ്ടാരം, നിനക്കെന്തിനാണ് ഈ കറുത്ത് തടിച്ച മുലകള്‍ ? അത് പറിച്ചു കളയ്. കൂടെ ജോലി ചെയ്യുന്ന ആണുങ്ങളെ വശീകരിക്കാനാണോ അത് ഇങ്ങനെ വീര്‍പ്പിച്ചു വെച്ചിരിക്കുന്നത്?’

ദേവിയുടെ കണ്ണുകള്‍ നിറഞ്ഞ് ഒഴുകി.

മകന്‍റെ വായില്‍ ആ ഉപ്പുനീര്‍ വീണു.

മുലയില്‍ കുറച്ച് പാലുണ്ട്. പക്ഷെ, അവനു മതിയാകുന്നില്ല, അവന്‍ അടഞ്ഞ ശബ്ദത്തില്‍ ചിണുങ്ങിക്കരയുന്നു.

അയല്‍പ്പക്കത്തു താമസിച്ചിരുന്ന വൃദ്ധയായ ഒരു അമ്മൂമ്മയും അവളുടെ വീട്ടു വേലക്കാരിയും കുഞ്ഞിന്‍റെ പീഡിയാട്രീഷനും അവളെ സഹായിച്ചു.

ദേവി രണ്ട് ദിവസം പീഡിയാട്രിഷന്‍റെ ക്ലിനിക്കില്‍ പോയി അഡ്മിറ്റായി. അങ്ങനെ പാല്‍ കൊടുക്കാന്‍ പഠിച്ചു. മകനെ വേണ്ട രീതിയില്‍ മാറോട് ചേര്‍ത്ത് പിടിയ്ക്കുന്നതെങ്ങനെ യെന്നും അവന്‍റെ ചോരിവായില്‍ മുലക്കണ്ണ് ആവശ്യമുള്ളത്രയും കടത്തിവെയ്ക്കുന്ന തെങ്ങനെയെന്നും  അവള്‍ ശരിയായി മനസ്സിലാക്കി.

ഡോക്ടര്‍ അവളെ അഭിനന്ദിച്ചു. തന്നെയുമല്ല മുല കുടിപ്പിക്കാന്‍ പ്രയാസമനുഭവിച്ച് അവരെ സമീപിക്കുന്ന പല സ്ത്രീകളേയും അവര്‍ അവളുടേ അടുത്തേയ്ക്ക് പറഞ്ഞു വിട്ടു. അവള്‍ അവര്‍ക്കെല്ലാം ഫീഡിംഗ് ടീച്ചറായി.

വയറു നിറയെ മുലപ്പാല്‍ കിട്ടുവാന്‍ തുടങ്ങിയപ്പോള്‍ മകന്‍ മിടുക്കനായി , കരച്ചില്‍ നിറുത്തി. മെല്ലെ മെല്ലെ അവന്‍ ദേവിയുടെ ആത്മാവിന്‍റെയും മനസ്സിന്‍റെയും ശരീരത്തിന്‍റെയും ആനന്ദമായി മാറി.

എങ്കിലും അവള്‍ക്ക് പ്രസവാവധി നല്‍കാന്‍ കമ്പനി തയാറായില്ല. നാലുമാസം ശമ്പളമില്ലാത്ത അവധി എടുക്കേണ്ടി വന്നു . ജോലി നഷ്ടപ്പെടാതിരുന്നത് ഭാഗ്യമെന്നായിരുന്നു അവളുടെ അന്നേരത്തെ വിചാരം.

അതുകഴിഞ്ഞ് ജോലിക്ക് പോവാന്‍ തുടങ്ങിയപ്പോഴാണ് കുഞ്ഞിനു മുലയൂട്ടാനായി ഉച്ചനേരത്ത് വീട്ടിലേക്ക് വരാന്‍ എന്തു മാര്‍ഗമെന്ന് അവള്‍ ചുഴിഞ്ഞാലോചിച്ചത്. സ്വന്തം പേരില്‍ കടമടയ്ക്കുന്ന കാറുണ്ടെങ്കിലും അത് അനൂപിന്‍റെ  പക്കലായിരുന്നുവല്ലോ. ദേവിക്ക് വണ്ടി ഓടിയ്ക്കാന്‍ അറിയുകയും ഇല്ല.

ഓഫീസിന്‍റെ മെയിന്‍ ഗേറ്റ് കടന്ന് റോഡിലൂടെ നടക്കുകയാണെങ്കില്‍ കുറഞ്ഞത് രണ്ട് കിലോ മീറ്ററെങ്കിലും നടന്നാലേ അവള്‍ക്ക് ഫ്ലാറ്റിലെത്താന്‍ പറ്റൂ.എന്നാല്‍ സൈറ്റിനകത്ത് കൂടി നടന്നാല്‍, എളുപ്പം എത്താനാവും. കാരണം  പ്രധാന മതിലിനോട് ചേര്‍ന്നായിരുന്നു അവളുടെ ഫ്ലാറ്റ് നിലകൊണ്ടിരുന്നത്. ദേവി  പണിക്കാരെ സ്വാധീനിച്ച് മതിലിന്‍റെ ഇഷ്ടികകള്‍ ഇളക്കിവെപ്പിച്ചു. അതിനുള്ളിലൂടെ നുഴഞ്ഞിറങ്ങി അതിവേഗം ഫ്ലാറ്റിന്‍റെ മുമ്പിലെത്തി അവനു മുലകൊടുത്ത് അതേ പോലെ മതില്‍ നുഴഞ്ഞു കയറി സൈറ്റിലും ഓഫീസിലും മടങ്ങിച്ചെന്നു.

അവന്‍ മതിയാകും വരെ മുലപ്പാല്‍ കുടിച്ചു വളര്‍ന്നു.. നാലാണ്ടെത്തും വരെ

പിന്നെ അവനു മുലകുടി മടുത്തു. ഉറങ്ങാന്‍ കിടക്കുമ്പോള്‍ അമ്മയുടെ മുലകളില്‍ മെല്ലെ കൈവെച്ചാലും അവനു ഉറക്കം വരാന്‍ തുടങ്ങി.. മുല കുടിക്കുന്നതിലെ സുരക്ഷിതത്വം അവനു അമ്മയുടെ മുലകളില്‍ ഒന്നു സ്പര്‍ശിച്ചാലും കിട്ടുമെന്നായി.

ഹരിമോന്‍  ഒരു ആണ്‍കുട്ടിയായി വളരുകയായിരുന്നു.

Comments
Print Friendly, PDF & Email

തിരുവനന്തപുരത്തു താമസിക്കുന്നു, ആനുകാലികങ്ങളിൽ എഴുതുന്നു.

You may also like