കേരളം നേരിട്ടുകൊണ്ടിരിക്കുന്ന ഊര്‍ജ്ജപ്രതിസന്ധിയെ കുറിച്ചുള്ള ചര്‍ച്ചകളും പരിഹാരങ്ങള്‍ക്കായുള്ള നിര്‍ദ്ദേശങ്ങളും പലവഴികളിലായി ഉയര്‍ന്നുവന്നിട്ടുണ്ടെങ്കിലും എല്ലാം ചെന്നുനില്‍ക്കുന്നത് ആതിരപ്പള്ളി ജലവൈദ്യുത പദ്ധതി എന്ന ഒറ്റമൂലിയിലേയ്ക്കാണ്. പരിസ്ഥിതിപ്രവര്‍ത്തകരും വിവിധ രാഷ്ട്രീയ-യുവജന-സാംസ്കാരിക സംഘടനകളും ഒരേ മനസ്സോടെ എതിര്‍പ്പുയര്‍ത്തിയിട്ടും നിര്‍ദ്ദിഷ്ട ആതിരപ്പള്ളി പദ്ധതി നടപ്പിലാക്കാനുള്ള നീക്കം അണിയറയില്‍ നടക്കുന്നു എന്ന്‍ സംശയിക്കേണ്ടിയിരിക്കുന്നു. കേരളത്തിന്‍റെ വൈദ്യുതി വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിയമസഭയിലും പുറത്തും നടത്തിയ പ്രഖ്യാപനങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്. മന്ത്രിയുടെ പ്രസ്താവനയ്ക്കെതിരെ AIYF വലിയ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. ആതിരപ്പള്ളി പദ്ധതിയെക്കുറിച്ചുള്ള ആലോചനകള്‍ ഇപ്പോള്‍ ഇല്ല എന്ന്‍ മുഖ്യമന്ത്രി പിണറായി വിജയനും ആതിരപ്പള്ളി പദ്ധതി എല്‍.ഡി.എഫ്.ന്‍റെ അജണ്ടയില്‍ ഇല്ല എന്ന്‍ സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും വിശദീകരിച്ചിട്ടുണ്ടെങ്കിലും ആശങ്ക ഒഴിയുന്നില്ല.
ജലവൈദ്യുത പദ്ധതികള്‍ക്കും വമ്പന്‍ അണക്കെട്ടുകള്‍ക്കും എതിരായി ലോകത്താകെ വലിയ എതിര്‍പ്പുകളാണ് ഉയര്‍ന്നുവന്നിട്ടുള്ളത്. കഴിഞ്ഞ മൂന്നു പതിറ്റാണ്ടുകാലത്തിലേറെയായി നടന്ന പരിസ്ഥിതി സംരക്ഷണ സമരങ്ങളില്‍ പലതും ഇത്തരം പദ്ധതികള്‍ക്ക് എതിരായിട്ടാണ്. സൈലന്‍റ് വാലി സംരക്ഷിക്കപ്പെട്ടതും പൂയ്യംകുട്ടി പദ്ധതി ഉപേക്ഷിക്കപ്പെട്ടതും ഇത്തരം സമരങ്ങളുടെ വിജയമായിരുന്നു. ഏറ്റവും ഒടുവില്‍ പാത്രക്കടവ് ജലവൈദ്യുത പദ്ധതിക്കെതിരെയും സമരം നടക്കുകയുണ്ടായി. കണ്ണൂര്‍ ജില്ലയിലെ പെരിങ്ങോത്ത് തുടങ്ങാന്‍ ശ്രമിച്ച ആണവ വൈദ്യുത നിലയത്തിനെതിരായ സമരവും നമ്മുടെ ഓര്‍മ്മകളിലുണ്ട്.
പരിസ്ഥിതിയെ തകര്‍ത്തുകൊണ്ടുള്ള ഒരു വികസനവും പാടില്ലെന്ന നിലപാടിലേയ്ക്ക് ലോകം എത്തിനില്‍ക്കുമ്പോഴാണ് കേരളത്തില്‍ കേവലം 160 മെഗാവാട്ട് വൈദ്യുതിക്കായി 150 ഹെക്റ്റര്‍ വനഭൂമിയെ വെള്ളത്തില്‍ മുക്കിക്കൊല്ലാന്‍ ധൃതി കാണിക്കുന്നത്. 1500 കോടി രൂപ മുടക്കിയാല്‍ കിട്ടുന്ന വൈദ്യുതിയുടെ അളവ് എത്രയോ തുച്ഛമാണ്.എന്ന്‍ കണക്കുകള്‍ തന്നെ പറയുമ്പോള്‍ ചിലര്‍ ഈ പദ്ധതി നടപ്പിലാക്കാനായി വേഷം കെട്ടിയിറങ്ങുകയാണ്.
ചാലക്കുടി പുഴയെ നശിപ്പിച്ച് അതിന്‍റെ തീരത്തെ ആദിവാസി ജനവിഭാഗങ്ങളുടെ ജീവിതം തകര്‍ത്ത് പക്ഷി-ജന്തു ജീവജാലങ്ങളുടെയും മത്സ്യങ്ങളുടെയും ആവാസവ്യവസ്ഥ ഇല്ലാതാക്കി എന്തിനൊരു പദ്ധതി? ജൈവവൈവിദ്ധ്യങ്ങളുടെ കലവറയെ ഇല്ലാതാക്കിയാല്‍ ആയിരക്കണക്കിന് മരങ്ങള്‍ വെട്ടിമാറ്റിയാല്‍ ജന്തുജീവജാലങ്ങളെ കൊന്ന് തള്ളിയാല്‍ അതിലൂടെ നേടുന്ന ആശ്വാസം എത്ര കാലത്തേയ്ക്കാണ്? നശിപ്പിക്കപ്പെടുന്ന പ്രകൃതിക്ക് പകരം വെയ്ക്കുന്നത് എന്താണ്?
ആതിരപ്പള്ളി പദ്ധതിക്കെതിരെ രംഗത്ത് വരുന്നവരെല്ലാം വികസനവിരോധികളാണെന്നാണ് ആരോപണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കാനുള്ള ബദല്‍ മാര്‍ഗ്ഗം എന്താണെന്നാണ് ചോദ്യം. കേരളം ഇരുട്ടിലായാല്‍ എന്തുചെയ്യുമെന്ന് ആശങ്കപ്പെടുന്നവരും ഉണ്ട്. ബദല്‍ എന്ത് എന്നത് കൂട്ടായി ആലോചിച്ച് കണ്ടെത്തേണ്ട കാര്യമാണ്. സര്‍ക്കാരും ശാസ്ത്രജ്ഞരും പരിസ്ഥിതി പ്രവര്‍ത്തകരും രാഷ്ട്രീയ നേതൃത്വവും എല്ലാം ഇതില്‍ നിലപാട് എടുക്കുകയും ബദല്‍ മാര്‍ഗ്ഗങ്ങള്‍ നടപ്പിലാക്കുകയും വേണം. വൈദ്യുത പ്രതിസന്ധി പരിഹരിക്കണമെന്ന കാര്യത്തില്‍ ആര്‍ക്കാണ് അഭിപ്രായവ്യത്യാസം?
സോളാര്‍ എനര്‍ജി ഇക്കാലത്തെ ഏറ്റവും വലിയ ബദലാണ്. അതിനായുള്ള ശ്രമം സംസ്ഥാന സര്‍ക്കാര്‍ ആരംഭിച്ച്ചിട്ടുണ്ട്. ഇതിലെ ആദ്യ പദ്ധതിക്ക് കാസര്‍ഗോഡ് ജില്ലയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. സംസ്ഥാനത്ത് നൂറ് കേന്ദ്രങ്ങളില്‍ വ്യാവസായികാടിസ്ഥാനത്തില്‍ സോളാര്‍ പ്ലാന്‍റ് സ്ഥാപിച്ച് വൈദ്യുതി ഉത്പാദിപ്പിക്കുമെന്ന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനു പുറമേ വീടുകളിലും ഓഫീസുകളിലും ഉള്‍പ്പെടെ സോളാര്‍ വൈദ്യുതിയുടെ ഉത്പാദനസാദ്ധ്യത അന്വേഷിച്ച് നടപ്പാക്കാവുന്നതേയുള്ളൂ. നെടുമ്പാശ്ശേരി വിമാനത്താവളത്തിലും ബാണാസുരസാഗര്‍ അണക്കെട്ടിലെ ജലോപരിതലത്തിലും സ്ഥാപിച്ചിട്ടുള്ള സോളാര്‍ പാനലുകള്‍ വലിയ മാതൃകകളാണ്.
കാറ്റില്‍ നിന്നും തിരയില്‍ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വഴികളും തേടാവുന്നതാണ്. അതോടൊപ്പം വൈദുതി വിതരണ മാനേജ്മെന്‍റ് സിസ്റ്റം പരിഷ്കരിക്കാനും പ്രസരണ നഷ്ടം കുറയ്ക്കാനും കഴിയണം. കേരളത്തിലെ പ്രസരണ വിതരണ നഷ്ടം 16% ആണെന്നാണ് കണക്ക്. പുതിയ സബ്സ്റ്റേഷനുകള്‍ സ്ഥാപിച്ചും പുതിയ പ്രസരണ വിതരണ ലൈനുകള്‍ നിര്‍മ്മിച്ചും പ്രസരണ നഷ്ടം കുറയ്ക്കാന്‍ കഴിയും. ഒരു യൂനിറ്റ് വൈദ്യുതി ഉപഭോക്താവിന് എത്തിക്കാന്‍ രണ്ടു യൂനിറ്റ് വരെ വൈദ്യുതി ഉത്പാദിപ്പിക്കേണ്ടി വരുന്നു എനര്‍ജി മാനേജ്മെന്‍റ് സെന്‍റര്‍, കേരള യുടെ കണക്ക് ഈ ചോര്‍ച്ചയില്‍ നല്ല കുറവുണ്ടാക്കാന്‍ നമുക്ക് കഴിയണം.
കേരളത്തിന്‍റെ ധനകാര്യവകുപ്പ് മന്ത്രി തോമസ് ഐസക് അഭിപ്രായപ്പെട്ടത് പോലെ കേരളത്തിലാകെയുള്ള ബള്‍ബുകള്‍ എല്‍.ഇ.ഡി.ആക്കിയാല്‍ വലിയ രീതിയില്‍ വൈദ്യുതി ലാഭിക്കാന്‍ കഴിയും. ഒപ്പം ഊര്‍ജ്ജ സാക്ഷരത കൂടി നമ്മള്‍ പഠിക്കുകയും കുട്ടികളെ പഠിപ്പിക്കുകയും വേണം. ഇങ്ങനെ ചെറുതും വലുതുമായ നിരവധി ബദലുകള്‍ പരീക്ഷിച്ചും നടപ്പിലാക്കിയും വേണം കേരളത്തിന്‍റെ ഊര്‍ജ്ജ പ്രതിസന്ധിക്ക് പരിഹാരം തേടാന്‍. അല്ലാതെ പ്രശ്നപരിഹാരത്തിനുള്ള ഒറ്റമൂലി ആതിരപ്പള്ളിയാണെന്ന വായ്ത്താരി അവസാനിപ്പിക്കണം. പരിസ്ഥിതിയെ തകര്‍ക്കുന്ന വികസനം നടപ്പിലാക്കില്ലെന്ന് പ്രകടനപത്രികയിലൂടെ വാഗ്ദാനം നല്‍കി അധികാരത്തില്‍ വന്ന എല്‍.ഡി.എഫ്. സര്‍ക്കാരിന് ആ വാക്ക് പാലിക്കാന്‍ കഴിഞ്ഞാല്‍ ആതിരപ്പള്ളിയെ രക്ഷിക്കാന്‍ കഴിയും. അതിനായുള്ള ജാഗ്രതയാണ് നമുക്കാവശ്യം .