കണ്ടൽക്കാടുകളിൽ
നക്ഷത്രങ്ങളോളം പൂക്കൾ വിരിയുന്ന
ഒരു ദിവസമുണ്ട്.
ഏറ്റത്തിനു വെള്ളത്തിനേക്കാൾ
നിലാവു പൊങ്ങുന്ന
ഒരു നേരവും.
അവിടേക്കെത്താൻ
പേടികൾ വേരുകെട്ടിയ
ഒരു മുഴുവൻ രാത്രി തുഴഞ്ഞു കേറണം.
ഇരുട്ടിന്‍റെയുണക്കു തട്ടാതെ-
ഉരുക്കങ്ങളകം പൊട്ടിക്കാതെ-
ഒരൊറ്റ രാത്രിയെ തുഴഞ്ഞു കയറണം.
വിളിക്കാനുള്ളത് അമ്മേയെന്നാണ്,
നാവിനു വഴങ്ങുന്നത് എന്‍റേതെന്നാണ്.
തുഴയോ തൂമ്പയോ അല്ല,
പിടിച്ചു കയറാനുള്ളത്
കഴുത്തിലെ ചങ്ങലയിലാണ്.
രാത്രിക്കറ്റത്ത് ഒരു കടവുണ്ട്,
അവിടെ മൊട്ടിട്ടു നിൽക്കും
ഭ്രാന്തൻകണ്ടലുകൾ
വേരോടുവേരു പിണഞ്ഞ് പ്രണയം
ചെളിനിലത്ത് താണുകിടക്കും.
അതിലൊന്നിൽ കെട്ടണം
വലിഞ്ഞെത്തി ചങ്ങലത്തുമ്പ്.
എന്നിട്ട്
മേലോട്ടു കഴുത്തൊടിയുവോളം
നോക്കിക്കിടക്കണം.
പൂത്തുവീഴുന്ന നക്ഷത്രങ്ങൾ വീണു
മുഖം മുറിയുവോളമെങ്കിലും .
എന്തിനുമേതിനും
പേടികളുടെ ഒരു മുഴുവൻ രാത്രി
നീന്തിക്കടക്കേണ്ടതുണ്ട്.
എഴുത്തുകാരിയും പരിസ്ഥിതി പ്രവർത്തകയും. കേരള ലളിതകലാ അക്കാദമിയുടെ CARE (Centre for Art Reference and Research) ൽ ലൈബ്രേറിയൻ ആയിരുന്നു. ഇപ്പോൾ greenvein ന്റെ ജില്ലാ കോ-ഓഡിനേറ്റർ.