പൂമുഖം LITERATURE വാദം തുടരും

വാദം തുടരും

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

രയുടെ വാക്കാലുള്ള പരാമർശം പരാതിയായി പരിഗണിച്ചു നിങ്ങൾ പീഡകക്കെതിരെ വിചാരണ തുടങ്ങുന്നു എന്ന് കേട്ടല്ലോ” കൊട്ടാരം ലേഖിക ഉപചാരത്തോടെ മുട്ട് കുത്തി ദുശ്ശളയുടെ കൈ മുത്തി.

നൂറു കൗരവരുടെ ഏകസഹോദരിയും നിലവിൽ വനിതാവകാശ സംരക്ഷണ വകുപ്പിന്‍റെ മേധാവിയുമായ ഈ  രാജകുമാരി സൈന്ധവ നാടുവാഴി ജയദ്രഥന്‍റെ വധുവായ ശേഷം കുറെ  നാൾ ഹസ്തിനപുരിയിൽ നിന്ന് വിട്ടുനിന്നെങ്കിലും ദുരൂഹദാമ്പത്യസാഹചര്യത്തിൽ താമസം ഇപ്പോൾ ഹസ്തിനപുരിയിൽ ആക്കിയിരുന്നു. ചെന്ന് മുട്ടിയും ഇടിച്ചുകയറിയും രഹസ്യം ചോർത്താവുന്ന ആൾ ആയിരുന്നില്ല ദുശ്ശള. കുരുവംശ ഭരണകൂടത്തിന്‍റെ നീതിന്യായ വകുപ്പിൽ ജോലി ചെയ്ത ദുശ്ശളയെ പതിവായി കാണാൻ അവസരം കിട്ടാറില്ല.  ‘വേനലിൽ കടൽ തിളക്കും, നീരാവി കൊട്ടാരത്തിൽ നിറയും അപ്പോൾ ഞങ്ങൾ ഗംഗയാറൊഴുകുന്ന ഈ പിതൃഭൂമിയിൽ വരും’ എന്ന് ഒരിക്കൽ വിശദീകരിച്ചത്  കൊട്ടാരം ലേഖിക മുഖവിലക്കെടുത്ത പോലെ നടിച്ചു പിരിഞ്ഞിരുന്നു.

എന്നാൽ ഇത്തവണ ദുശ്ശള വിസ്തരിക്കാൻ പിടികൂടിയിരിക്കുന്നത് ധൃതരാഷ്ട്രരുടെ അനുജൻ പരേതപാണ്ഡുവിന്‍റെ വിധവ കുന്തിയെയാണ്. സാക്ഷരയെങ്കിലും പാഞ്ചാലി രേഖാമൂലം ഗാർഹിക പീഡനപരാതി കൊടുക്കാതെയാണ് പരിഹാരം തേടിയത് സഹപ്രവർത്തകരോട് ആലോചിച്ചു എന്ന് വരുത്തി വിചാരണക്കാവശ്യമായ ഗൗരവം പാണ്ഡവവധുവിന്‍റെ പരാതിക്കുണ്ടെന്നുറപ്പിച്ചു. അനാവശ്യമായ ധൃതി എന്ന് വിലയിരുത്താൻ വയ്യെങ്കിലും അങ്ങനെ തോന്നിപ്പിക്കുന്ന എന്തോ ഒന്ന്  പരസ്യനീക്കത്തിൽ കൊട്ടാരം ലേഖിക കണ്ടു.

പാഞ്ചാലി പരിണയിച്ചത് മത്സരത്തിൽ ജയിച്ച അർജുനനെ ആയിരുന്നെങ്കിലും വിവാഹ കർമത്തിൽ അർജുനൻ എത്തിയത് മറ്റു നാല് സഹോദരർക്കൊപ്പമായിരുന്നു.

എന്തോ അമംഗളകരമായ സംഭവം അതിനു പിന്നിലുണ്ടോ?.

”നിങ്ങൾ കണ്ടിട്ടുണ്ടാവും, കൗരവർ നൂറു ആണുങ്ങൾ ജനനന്മയിൽ  ജോലി ചെയ്യും. കലം ഉണ്ടാക്കുന്നവന്‍റെയും  കന്നു  പൂട്ടുന്നവന്‍റെയും മൃഗത്തെ ഇറച്ചിയാക്കുന്നവന്‍റെയും തുണി നെയ്യുന്നവന്‍റെയും പണി പഠിച്ചു ആഹ്ലാദത്തോടെ ചെയ്യാൻ വേണ്ട തൊഴിൽമികവ്  നേടി. അരമനയിൽ തിന്നു കൊഴുത്തു ഒതുങ്ങിക്കൂടാത്തത് കൊണ്ടാവണം ആരോഗ്യമുണ്ട്. മസ്തകത്തിൽ  മുഷ്ടികൊണ്ടിടിച്ചു മദയാനയെ വീഴ്‌ത്തുന്ന പേശിബലം ഉള്ള ധൃതരാഷ്ട്രർ അല്ലെ അച്ഛൻ, അന്ധരല്ലാത്ത മക്കൾ പിന്നെ അലസരാവുമോ. അവർക്കൊരു പ്രത്യേകതയുണ്ട്. ആരും ഒന്നിലധികം പ്രാവശ്യം വിവാഹം കഴിച്ചിട്ടില്ല. അതിനും മാതൃക അച്ഛനും അമ്മയും. നൂറു സഹോദരന്മാരും ഞാനും തൊഴിൽ സംസ്കാരത്തിൽ വിവേചനം കാണിക്കില്ലെങ്കിലും രതിമൂല്യത്തിന്‍റെ രീതിയിൽ ഒരേ തരക്കാരായിരുന്നു. ഒരാണിന് ഒരു പെണ്ണ്”.

ദുശ്ശള സംസാരിക്കുന്നത് അവകാശവാദങ്ങളുടെ അത്യുക്തിയിൽ ആയിരുന്നില്ല,  പരിശോധിക്കാവുന്ന വസ്തുതകളുടെ ആധികാരികതയിലായിരുന്നു. എന്നോട്  തർക്കി ക്കരുത്  എന്ന ആജ്ഞ നിഴലിക്കുന്ന നോട്ടത്തോടെ, പുഞ്ചിരിയോടെ. എന്നാൽ വിട്ടു കൊടുക്കാൻ കൊട്ടാരം ലേഖിക തയ്യാറല്ല.

”അനൗപചാരിക സാമൂഹ്യസംഭാഷണത്തിൽ അലസമായി പരാമർശിച്ച ഒരു കാര്യമല്ലേ  കൗരവഭരണകൂടത്തിന്‍റെ വനിതാവകാശസംരക്ഷക എന്ന പദവിയിൽ നിങ്ങൾ വിചാരണ വിഷയമാക്കുന്നത് എന്ന് ഞങ്ങൾ ‘ഹസ്തിനപുരി പത്രിക’യിൽ വിലയിരുത്തുന്നു.  ഔപചാരിക പരാതി രേഖാമൂലം എഴുതി തരാൻ നിങ്ങൾ ആവശ്യപ്പെട്ടിരുന്നു?  അതോ, അങ്ങനെ കിട്ടില്ല എന്ന തോന്നലിൽ വാക്കാൽ പറഞ്ഞ ഗാർഹിക പീഡനം നിങ്ങൾ പൊലിപ്പിച്ചു?”, സന്ദേഹസ്വരത്തിൽ പറഞ്ഞു തുടങ്ങിയ കൊട്ടാരം ലേഖിക,  വേണമെങ്കിൽ തർക്കത്തിന് തയ്യാർ എന്ന ഭാവത്തിൽ ദുശ്ശളയെ നോക്കി.

ദുശ്ശളയുടെ കാര്യാലയത്തിൽ, പ്രഭാതപുഷ്പങ്ങളുടെ മോഹിപ്പിക്കുന്ന ഗന്ധവുമായി പൂങ്കാവനത്തിൽ  നിന്ന് കാറ്റ്. വെയിൽ വീഴുന്നുണ്ട്.
മണിക്കൂറുകൾക്കകം ഇവിടം പോരാട്ടഭൂമിയാവുമോ.

”കുടുംബ ബന്ധത്തിലെ ഇഴയടുപ്പങ്ങൾ നോക്കി കണ്ടില്ലെന്നു നടിക്കാവുന്നതാണോ നവവധു പാഞ്ചാലിയുടെ മനഃപ്രയാസങ്ങൾ? പുത്രവധുവിന്‍റെ ദാമ്പത്യാവകാശങ്ങളിൽ  പാണ്ഡു വിധവ ഇടിച്ചു കയറാമോ? പീഡകകുന്തിയെ പരിഷ്കൃതവനിത പാഞ്ചാലി ഇരുത്തേണ്ട യിടത്തു ഇരുത്താൻ ഈ നിയമ നടപടിയുടെ ആവശ്യം ഇല്ലെന്നാണോ ‘ഹസ്തിനപുരി പത്രിക’യുടെ വിലയിരുത്തൽ? പാഞ്ചാലിയുടെ സാമൂഹ്യ സംഭാഷണം അലസമോ ആലോചനയില്ലാത്തതോ?. എന്‍റെ ഔദ്യോഗിക ചുമതല എന്തെന്ന് അവൾക്കറിയാം.
വിവാഹത്തിന് മുമ്പ് പാഞ്ചാലയിൽ അവൾ ഇതേ ഉത്തരവാദിത്വം നിർവഹിക്കുമ്പോൾ  ബഹുഭാര്യത്വത്തിന്‍റെ പേരിൽ കൃഷ്ണനെ ചൂണ്ടുവിരലിനു മുമ്പിൽ  നിർത്തി പ്പൊരിപ്പിച്ചത് നിങ്ങളും വായിച്ചറിഞ്ഞതല്ലേ. പാഞ്ചാലിയെ ഞാൻ  ബഹുമാനിക്കുന്നു എന്നതല്ല ഈ വിചാരണയുടെ അടിസ്ഥാനം. പാണ്ഡവവധു എന്ന നിലയിൽ  പാഞ്ചാലിയിന്നു ഹസ്തിനപുരിയുടെ നിയമപരിരക്ഷയുള്ള പൗരയാണ്”

എന്തിനു വേണ്ടിയാണ് ദുശ്ശള ന്യായീകരിക്കാൻ ഊർജ്ജം ചെലവഴിക്കുന്നത് എന്ന് കൊട്ടാരം ലേഖിക സംശയിച്ചു. എന്തോ മന:സാക്ഷിയുടെ കടന്നൽകുത്തു ദുശ്ശള നേരിടുന്നു. കണ്ടെത്തണം.

”എത്തിപ്പെട്ടയിടത്തൊക്കെ കുന്തിയും മക്കളും അവരുടെ സ്വത്വ പ്രതിസന്ധി നേരിട്ടു എന്നത് വസ്തുതയല്ലേ. പുതുതലമുറ കൗമാരകൗരവർ അതുവരെ കാണാത്ത അഭയാർത്ഥി കുടുംബമായിരുന്നു പാണ്ഡുവിധവയും പഞ്ചപാണ്ഡവരും. ആരോട് ചോദിച്ചറിയും ഈ കാട്ടുജീവികൾ ആരെന്നു. ഭീഷ്മർ പഴയൊരോർമയിൽ കുന്തിയെ തിരിച്ചറിഞ്ഞു ധൃതരാഷ്ട്രരെ അറിയിച്ചു. കൗമാരയുധിഷ്ഠിരൻ മുതൽ ബാലനകുലൻ വരെ അഞ്ചു വ്യത്യസ്ത മുഖങ്ങൾ ആരുടെ എന്നറിയാതെ പിതാമഹൻ പരിഭ്രമിച്ചു.

പാണ്ഡുവിന്‍റെ  ‘അംഗപരിമിതി’യറിയുന്ന ഭീഷ്മർ പകച്ചു. കുന്തിയുടെ വൈധവ്യത്തിന്‍റെ ദീനത, മാദ്രിയുടെ സതി, രണ്ടു ദശാബ്ദങ്ങൾ നീണ്ട നിരർത്ഥക കാട്ടുജീവിതത്തിന്‍റെ പാടും പരിക്കുമേറ്റ ആറു ശരീരങ്ങൾ അങ്ങനെ അവഗണനയിലും അനുകമ്പയിലും അരികുജീവിതമായി ആരംഭിച്ച ഏഴകളായിരുന്നു പാണ്ഡവർ. അവർ അന്നം മാത്രമല്ല ചോദിച്ചത്, സിംഹാസനം കൂടിയായിരുന്നു. ‘കാട്ടിൽ പോവുമ്പോൾ  പാണ്ഡു  ഏൽപ്പിച്ച ചെങ്കോലിന്‍റെ അവകാശി ഞാൻ’ എന്ന് നിവർന്നു നിന്ന് പറയാൻ യുധിഷ്ഠിരൻ പഠിച്ചു. മുറുമുറുപ്പോടെയെങ്കിലും പൈതൃകാവകാശം കൗരവർ പാണ്ഡവർക്ക് അനുവദിച്ചു കൊടുത്തു കൊടുത്തില്ല എന്നെത്തിയപ്പോൾ, കൊട്ടാരശകുനികൾ കളിച്ചു. പാണ്ഡവർ അരക്കില്ലത്തിൽ നിന്ന് വെന്തു ചാവാതെ ഓടി രക്ഷപ്പെട്ടെത്തിയത് പാഞ്ചാലരാജ്യത്തെ മത്സരബന്ധിത  പാഞ്ചാലീപരിണയത്തിൽ.?”, കൊട്ടാരം ലേഖിക സാഹചര്യത്തിന്‍റെ സംഘർഷത്തിലും ഉല്ലാസഭാവത്തോടെ കൗന്തേയകഥ പറഞ്ഞു. ദുശ്ശള  മിണ്ടാതെ ഇരുന്നു.  അതായിരുന്നു ദുശ്ശളയുടെ മനോവീര്യം.

പെട്ടെന്ന് കാര്യം പറയുന്ന മട്ടിൽ ചൂണ്ടു വിരൽ ദുശ്ശള നാടകീയമായി ഉയർത്തി, ” ആ അംഗീകാരം പക്ഷെ പാണ്ഡവർ ദുരുപയോഗം ചെയ്തു. ‘ഞങ്ങൾ ശരീരം നൂറ് എന്നാൽ ഞങ്ങൾ മനസ്സ് ഒന്ന്’ എന്ന് ലോകത്തെ കാണിച്ച കൗരവരിൽ പാണ്ഡവർ സ്പർദ്ധ വളർത്തി, പരസ്പരം സംശയം ജനിപ്പിച്ചു, മത്സരബോധത്തിനു പകരം കലഹം സൃഷ്ടിച്ചു. മെരുങ്ങാത്ത ഇളമുറകൗരവരെ പീഡനമുറകളാൽ ഇരകളാക്കുന്നതിൽ ഭീമൻ മികവ്  തെളിയിച്ചു. വെള്ളത്തിൽ മുക്കിക്കൊല്ലാൻ ശ്രമിച്ചും ഭക്ഷണത്തിൽ വിഷം ചേർത്തും പരസ്പരം അവർ വെറുപ്പിന്‍റെ പ്രായോജകരായി. ഗുരുകുലത്തിൽ അവർ  പറക്കു പറയുന്ന വിദ്യാർത്ഥികളാണ്. സുഖവാസത്തിനു രാജകീയ വിശ്രമസങ്കേതമായ  ഹിമാലയ താഴ്വരയിലെ വാരണാവതത്തിൽ പോയി നാട്ടുകാരിൽ പെരുമാറ്റവൈകൃതം കൊണ്ട് അറപ്പും അരുതായ്മയും ഉണ്ടാക്കി, അവസാനം നിൽക്കക്കള്ളിയില്ലാതെ വന്നപ്പോൾ  ഇടം തീയിട്ടു ഒളിവിൽ പോയി. ആദിവാസി കുടുംബത്തെ ബലി കൊടുത്തു ചത്തതു പക്ഷെ  കുന്തിയും മക്കളും എന്ന വ്യാജ തെളിവുണ്ടാക്കി. ഇന്നലെ ഒരു കൗരവ രാജകുമാരൻ  തക്ഷശിലയിൽ നിന്ന് വന്നപ്പോൾ അറിഞ്ഞു എത്ര വേഗമാണവിടെ വാരണാവത  രാജ്യദ്രോഹം  പാഠ്യ വിഷയമായത് എന്ന്. കുരുവംശ സാമ്രാജ്യത്തിന്‍റെ രാജകീയ സുഖവാസകേന്ദ്രത്തിൽ അവർ ഇട്ടത് തീ ആയിരുന്നില്ല രാഷ്ട്രവിരുദ്ധ ഒളിയുദ്ധമായിരുന്നു എന്ന്.

ജാലകത്തിലൂടെ വീണ പ്രഭാതവെയിൽ നിലാവ് പോലെ തണുത്തു, പിന്നെ അന്തരീക്ഷം  പതുക്കെ ഇരുണ്ടു. ദുശ്ശള അക്ഷമയോടെ കൊട്ടാരം ലേഖികക്ക് ചെവി കൊടുക്കുന്നത് നിർത്തി. ദുശ്ശളയുടെ അധികാരഘടനയിൽ അനുവദനീയമായിരുന്നില്ല കൊട്ടാരം ലേഖികയുടെ പരുക്കൻ പദങ്ങളാൽ പരിക്കേൽപ്പിക്കപ്പെടുന്ന ഈ കുരുവംശഗാഥ. ഇതിനു മുമ്പുണ്ടായിരുന്ന കൊട്ടാരം ലേഖിക ദുശ്ശളയുടെ സമപ്രായക്കാരിയായിരുന്നു. അവരുടെ കൂടെ കൗരവ രാജവധുക്കളുടെ അന്തപുരങ്ങളിൽ കരുതലോടെ നടന്നിരുന്ന സുന്ദരിയായ ഒരു ബ്രാഹ്മണകുട്ടിയെ ദുശ്ശള ഓർത്തു. പിന്നെ ഒരിക്കൽ സൈന്ധവദേശത്തു നിന്നും വന്നപ്പോൾ കേട്ടു ആ കുട്ടി പഠിക്കാൻ തക്ഷശിലയിൽ പോയി എന്ന്. ‘ഹസ്തിനപുരി പത്രിക’ കൊട്ടാരം ലേഖികയുടെ ജോലി അമ്മയിൽ നിന്ന് ഏറ്റെടുത്തു എന്നും. ചെറുപ്പമാണെങ്കിലും ഭീഷണമായിരുന്നു ആ നോട്ടം. അവളെ വെറുതെ വിടാൻ ദുശ്ശള മടിച്ചു.

”പാണ്ഡവദ്രോഹങ്ങൾ മൃദുലവികാരത്തോടെ കൗരവർ പൊറുത്തതിന്‍റെ പ്രത്യക്ഷമല്ലേ  നവവധു പാഞ്ചാലിയെയും കൂട്ടി കൗന്തേയർ ഇവിടെ എത്തിയപ്പോൾ എന്‍റെ പ്രിയ സഹോദരൻ ദുര്യോധനൻ അരങ്ങേറ്റ മൈതാനത്തൊരുക്കിയ പൗരസ്വീകരണവും  സൽക്കാരവും. എന്നിട്ടും ആ ഔപചാരിക രാജകീയ വിരുന്നിൽ പാഞ്ചാലി എന്താണ്  ചെയ്തത്?  ഒരു സാധാരണ കൃഷിക്കാരിയോടെന്നപോലെ ദുരർത്ഥസൂചകമായ
നിരീക്ഷണങ്ങളാൽ എന്‍റെ അമ്മ ഗാന്ധാരിയെ അവൾ പലകുറി വേദനിപ്പിച്ചതും നിങ്ങൾ കൂടി പങ്കെടുത്ത ഔപചാരിക മുഖാമുഖത്തിൽ കണ്ടതല്ലേ. ഉറങ്ങുമ്പോൾ ഇങ്ങനെ കണ്ണ് പാടെ കെട്ടി കിടന്നാൽ സ്വപ്നം കാണാനാവുമോ എന്ന് നിങ്ങൾ മാപ്പു തരാവുന്ന കൗമാര പ്രസരിപ്പോടെ ഗാന്ധാരിയോട് ചോദിച്ചപ്പോൾ, പൊട്ടിചിരിച്ചത് പാഞ്ചാലി മാത്രമായി രുന്നു. കുസൃതിച്ചോദ്യങ്ങൾ ചോദിക്കാനുള്ള കൊട്ടാരം ലേഖികയുടെ  തൊഴിലവകാശത്തെ ഞാൻ മാനിക്കുമ്പോഴും, അത് കേട്ട് ആർമാദിച്ച പാഞ്ചാലിയുടെ പെരുമാറ്റ പോരായ്മ കുടുംബയോഗത്തിൽ ഞങ്ങൾ അന്ന് വൈകിയ രാത്രിയിൽ വിലയിരുത്തി. പാഞ്ചാലയിൽ നിന്ന് വന്ന  പാണ്ഡവവധുവിനോട് ഞങ്ങൾ പക്ഷെ  പരിഗണനയോടെ പെരുമാറി. പക്ഷെ മറക്കാൻ ആവുമായിരുന്നില്ല.  സൗഹൃദഹസ്തം  നീട്ടി. അന്ന് അന്തിയുറങ്ങാൻ,  ആറു പായ വിരിക്കാൻ വലിപ്പമുള്ള മുറി എന്‍റെ അരമനയിൽ അവർക്കൊരുക്കിക്കൊടുത്തു.

”പാഞ്ചാലിയുടെ രാജതോഴിയായി ഞാൻ വ്യക്തിഗതസേവനം ചെയ്തു. ഗാന്ധാരയിലെ  അമ്മവീടിൽ നിന്ന് കൊണ്ടുവന്ന വിശേഷപ്പെട്ട ഔഷധ സസ്യങ്ങൾ അവൾക്കു ഒന്നൊന്നായി കാണിച്ചു കൊടുത്തു. അലഞ്ഞു തിരിഞ്ഞു ആരോഗ്യം കുറഞ്ഞ പാണ്ഡവരുടെ കാമന വർധിപ്പിക്കാമെന്നറിഞ്ഞപ്പോൾ അവൾക്കതിന്‍റെ ഔഷധക്കൂട്ടു രഹസ്യമായി സമ്മാനിച്ചു. ചുരം കാക്കുന്ന കൗരവരിൽ ചിലർ ഹിമാലയ താഴ്വരയിൽ നിന്ന് കൊണ്ടുവന്ന വിശേഷയിനം പഴങ്ങൾ കൊടുത്തു. യാഗാഗ്നിയിൽ നിന്ന് പൂർണവളർച്ചയെത്തിയ സ്ത്രീയായി ഉയർന്നുവന്നു എന്ന് സൂചനയായി പരാമർശിച്ചു അഭിമാനിച്ചു കൊണ്ടവൾ തന്‍റെ ബാല്യകൗമാരങ്ങൾ സ്വർഗത്തിൽ കഴിഞ്ഞ ഓർമയാണുള്ളത് എന്ന് അവകാശ പ്പെട്ടപ്പോൾ അതൊരു കെട്ടുകഥ എന്നറിഞ്ഞിട്ടും നേരനുഭവം എന്ന മട്ടിൽ പ്രതികരിച്ചു. ശരിയാണ് അവളുടെ ഭാഷ, ഉച്ചാരണം ഇതൊന്നും ഹസ്തിനപുരിയിൽ നിത്യവും നാം കേൾക്കുന്നതല്ല.     ജന്മരഹസ്യം ഐതിഹ്യത്തിൽ താണു പോയാലും, വേണമെങ്കിൽ അവൾക്കു പരിഷ്കൃത പെരുമാറ്റമുറ അറിയാമെന്നും ഞാൻ കണ്ടെത്തി.,   ക്ഷമയോടെ പിന്തുടർന്ന് ഒന്നുരണ്ടു തവണ കൊടുക്കേണ്ടി വന്നു  ലഹരി ചേർത്ത് പഴച്ചാർ,  ഹൃദയ രഹസ്യങ്ങൾ അവൾ ഏറ്റുപറയാൻ”. ദുശ്ശള ജാലകത്തിലൂടെ വീശുന്ന തണുത്ത കാറ്റിൽ അൽപ്പനേരം നിശബ്ദയായി.
എങ്ങനെ തുടങ്ങിയ സൂര്യോദയമാണ് ഇങ്ങനെ കാർ മൂടി കരുവാളിച്ചു  പോയത്.

”അപ്പോൾ അങ്ങനെയാണ് കാര്യങ്ങൾ അല്ലെ. കെട്ടുവിട്ടു പാഞ്ചാലി ഉള്ളു തുറക്കാൻ ഉത്തേജകമരുന്ന്  പഴച്ചാറിൽ കലക്കി കൊടുക്കുക . ലഹരിയിൽ അവൾ സൂചിപ്പിച്ച ഗാർഹിക പീഡനം  പൊതുവേദിയിൽ വിചാരണക്കെടുക്കുക . ഈ പീഡകകുന്തിയെ കുറിച്ച് നിങ്ങൾക്കെന്തറിയാം?” കൊട്ടാരം ലേഖിക ചോദ്യമായല്ല വിസ്മയമായാണ് കുന്തി എന്നുച്ചരിച്ചത്.

പെട്ടെന്ന് പുറത്തു നിന്ന് കലഹത്തിന്‍റെ ഇരമ്പൽ കേട്ട് അവരിരുവരും ജാലകത്തിലേക്കു ചെന്ന് ഒളികണ്ണിട്ട് നോട്ടമെറിഞ്ഞു. ശന്തനുവിന്‍റെ കാലത്തു ഗംഗ വച്ച വേപ്പ് മരത്തിനു ചുറ്റും കൗരവരും പാണ്ഡവരും ബലാബലത്തിൽ. തിരിഞ്ഞു ഒരു കാര്യാലയസഹായിയെ കണ്ണെറിഞ്ഞു വിളിച്ചു ദുശ്ശള വിരൽ ചൂണ്ടി കാര്യമെന്തെന്നു തിരക്കി. പാണ്ഡവർ വൃദ്ധവൃക്ഷം, ഭീഷണിയുടെ കാരണം പറഞ്ഞു വെട്ടിനീക്കാൻ ശ്രമിക്കുമ്പോൾ കൗരവർ വൃക്ഷപൂജ ചെയ്ത് രാജവധുക്കളുടെ പിന്തുണ പിടിച്ചു പറ്റുന്നു.

”കാട്ടിൽ മാദ്രിയും പാണ്ഡുവുമൊത്തു രണ്ടു ദശാബ്ദം ചെലവഴിച്ച കുന്തി, മക്കൾക്ക് കൊടുത്ത പ്രകൃതി സംരക്ഷണമന്ത്രം ഇപ്പോൾ പ്രത്യക്ഷമായില്ലേ. രാജസഭക്കു മുമ്പിൽ എത്രയോ കാലമായി വളർന്നു പന്തലിച്ചു തണൽ കൊടുത്തു നിന്ന ഈ ആരാധ്യ വേപ്പു മരത്തെ വെട്ടിനീക്കാൻ മരവിരോധികളായ കൗന്തേയർക്കു എത്ര എളുപ്പം സാധിക്കു മായിരുന്നു, കൗരവർ ജാഗ്രതയോടെ ഇടപെട്ടില്ലായിരുന്നു എങ്കിൽ.  ഇവരുടെ അമ്മ കുന്തിയെ ഞങ്ങൾ കുൽസിത എന്നാണു കൃത്യമായും വിളിക്കേണ്ടത് എന്നാൽ നാട്ടുനടപ്പനുസരിച്ചു ചിറ്റമ്മ എന്ന് തന്നെ പരാമർശിക്കാം ആരുടെ ഭൂതകാലവും തുറന്ന പുസ്തകമായിരിക്കണമെന്നു മേനി പറയാറില്ലെങ്കിലും അവരുടെ വിവാഹപൂർവ വിവാഹേതരരതിയെ കുറിച്ച് ഞങ്ങളുടെ ഉദാരമായ ഊഹാപോഹങ്ങൾ കുന്തി നിഷേധിക്കാറില്ല. പനങ്കുട്ടയിൽ കിടത്തി പുഴയൊഴുക്കിൽ വിധിക്കു വിട്ട ആ കുട്ടിയെവിടെ എന്ന് വല്ല പിടിയുമുണ്ടോ ചിറ്റമ്മാ എന്ന് ഞാൻ ഒരിക്കൽ അവരുടെ കിടപ്പറയിൽ അരികെയിരുന്നു ചോദിച്ചപ്പോൾ രോഷത്തോടെ തുള്ളി വെളിച്ചപ്പെടുമെന്നു കരുതിയ എനിക്ക് തെറ്റി. ദുശ്ശളാ നിന്‍റെ വന്യകൗമാരരതിഭാവന എന്ന് പൊട്ടിച്ചിരിച്ചെന്നെ ചുണ്ടു പിളർത്തി കെട്ടിപ്പിടിച്ചുമ്മ തന്നു. അങ്ങനെ കുറെ സ്വകാര്യനിമിഷങ്ങൾ ഓർമച്ചെപ്പിൽ  ഉണ്ടെങ്കിലും, പാഞ്ചാലിയെ ബഹുഭർതൃത്വത്തിലേക്കു എറിഞ്ഞ കുന്തിയുടെ നടപടി പൊതുഇടത്തിൽ വിചാരണ അർഹിക്കുന്ന ഹീനകൃത്യം എന്നെന്‍റെ അന്തഃരംഗം സമ്മർദ്ദം ചെലുത്തുന്നു”

”വിചാരണ കാണാൻ ‘ഹസ്തിനപുരി പത്രിക’ക്ക് പ്രവേശനമുണ്ടോ, അതോ മുറി  അടച്ചിട്ടാണോ ആരോപിതയെ ചോദ്യം ചെയ്യൽ?” രാജ്യസഭയിലേക്ക് നടക്കുന്ന ദുശ്ശളയെ പിന്തുടർന്ന് കൊട്ടാരം ലേഖിക ചോദിച്ചു. മൂന്നാം ലിംഗക്കാരായ സായുധ സേന അംഗങ്ങൾ അകമ്പടിയുണ്ടായിരുന്നത് കൊണ്ട് അവൾ ശബ്ദം താഴ്ത്തി.

”നിലാവുള്ള വേനൽക്കാല രാത്രികളിൽ ഉഷ്ണം സഹിക്കവയ്യാതെ കൗരവ  രാജവധുക്കൾ  അന്ത:പുര മട്ടുപ്പാവിൽ പൊട്ടിച്ചിരിച്ചു ഉടുതുണിയൂരിയൊന്നു ആനന്ദ നൃത്തം ചെയ്‌താൽ സംഘർഷ ദാമ്പത്യത്തിൽ നിന്നുള്ള ചിത്തഭ്രമം കൊണ്ടാണെന്നു പറഞ്ഞു പരത്തുന്ന കൊട്ടാരം ലേഖിക എന്തിനു സംശയിക്കണം? എന്‍റെ കുട്ടിക്കാലത്തു നിന്‍റെ അമ്മയായിരുന്നു ഈ പകിട്ടുള്ള പദവി വഹിച്ചത്. അവരുടെ ആത്മകഥ പൂർത്തിയായാൽ ഒരു പനയോല പ്രതി എനിക്കും തരൂ” , വേദി എത്തിയതോടെ ദുശ്ശളയുടെ മട്ട് പെട്ടെന്ന് മാറി. രാജ്യസഭയിൽ വിചാരണക്കുള്ള മുന്നൊരുക്കങ്ങൾക്കു സഹായികളുടെ സഞ്ചാരം.

    II

”പാണ്ഡുവിധവ നേരിടുന്ന ഗാർഹികപീഡന വിചാരണയിലേക്കു സ്വാഗതം”

പിറ്റേന്ന് അതിരാവിലെ കൂട്ടുകാരൻ യുദ്ധകാര്യ ലേഖകനുമൊത്ത്   കൊട്ടാര ഗോപുര വാതിലിൽ എത്തുമ്പോൾ പ്രവേശന തടസ്സം ഉണ്ടായില്ലെങ്കിലും  സൈനികരുടെ പരിശോധന ജാഗ്രതയോടെ ആയിരുന്നു.  വനിതാവകാശ കാര്യാലയത്തിൽ എത്തിയപ്പോഴാണ് മട്ട് മാറിയത്, ”സ്ത്രീ പ്രശ്നമാണിന്നു പരിഗണന, ആൺസാനിധ്യം ഇവിടെ അനാവശ്യം” എന്ന ഉത്തരവിൽ,   കൂട്ടുകാരനെ ആയുധപ്പുരയിലെ അത്യാഹിതം എന്ന വേറൊരു മുൻനിരകഥ  യന്വേഷിച്ചു പ്രതിരോധമന്ത്രാലയത്തിലേക്കയച്ചു കൊട്ടാരം ലേഖിക വേദിക്കരികെ കമ്പളത്തിൽ ചുവർ ചാരിയിരുന്നു. കുറ്റാരോപിത കുന്തിയും ഇര പാഞ്ചാലിയും ഇരുഭാഗങ്ങളിൽ നിന്ന് ദുശ്ശളയെ നേരിട്ടു.

അരക്കില്ലത്തിൽ നിന്ന് ഒളിച്ചോടിയ കുന്തിയും മക്കളും ഏകച്ചക്ര ഗ്രാമത്തിലും പിന്നെ പാഞ്ചാലയിലും കഴിഞ്ഞു ഹസ്തിനപുരിയിൽ വധു പാഞ്ചാലിയുമായി എത്തി അധികനാളുകളായിട്ടില്ല. തല ചെരിക്കാതെ കൊട്ടാരം ലേഖിക കുന്തിയെയും പാഞ്ചാലിയെയും  മാറി മാറി നോക്കി. ജാലകത്തിലൂടെ വീഴുന്ന വെളിച്ചത്തിൽ അവരുടെ രൂപം തിരിച്ചറിയാം, മുഖഭാവങ്ങൾ അറിയാൻ കുറച്ചു കൂടി തെളിച്ചം കിട്ടണം. കാറ് നിറഞ്ഞ തണുത്ത കാറ്റ് വീശുന്നു. ഭർത്താക്കന്മാരുടെ കൂടെ മൂടിപ്പിടിച്ചു കിടക്കേണ്ട നവവധു തെളിവ് കൊടുക്കാൻ ഒറ്റക്കാലിൽ.

ഇരയുടെയും ആരോപിതപീഡകയുടെയും മുമ്പിൽ ആളുയരത്തിലുള്ള  കത്തിച്ച  നിലവിളക്കുകൾ സ്ത്രീസഹായികൾ കരുതലോടെ സ്ഥാപിച്ചതോടെ രാജസഭ നിശബ്ദമായി.  ചുവർ ചാരിയിരുന്നയിടത്തു നിന്ന് കൊട്ടാരം ലേഖിക കണ്ണോടിച്ചാൽ,  മൊത്തം സഭാതലം വ്യക്തമായി കിട്ടുന്നുണ്ട്. വനാശ്രമത്തിലെ ഒറ്റമുറിയിൽ മാദ്രിയുമൊപ്പം രഹസ്യകാമുകരു മൊത്തു വിവാഹബാഹ്യ രതിബന്ധം ദശാബ്ദങ്ങളോളം നിലനിർത്താൻ കഴിഞ്ഞ കുന്തിയിന്നും  ശാരീരികക്ഷമത കാണിച്ചു.

വസ്ത്രധാരണത്തിലും അവതരണത്തിലും ആകർഷകമായ സംയമനം, സംഘർഷ ഭരിതമായ ഈ ദിവസവും കുന്തി നില നിർത്തി. ഒന്ന് നോട്ടം തിരിയുമ്പോൾ, ശിരസ്സുയർത്തുമ്പോൾ, അരക്കെട്ടിളകുമ്പോൾ പരിചിത മുഖങ്ങളെ നോക്കി പുഞ്ചിരിക്കുമ്പോൾ കത്തുന്ന സൗന്ദര്യം ഉണ്ടായിരുന്നു. കാലൻ മുതൽ ഇന്ദ്രൻ വരെ ആകാശചാരികളെ കാട്ടുമുക്കിലെ ഒറ്റമുറിയിലേക്കു ആകർഷിക്കാൻ കഴിഞ്ഞ ഒരസാധാരണ ശരീരം തന്നെയായിരിക്കണം, പരമ്പരാഗത വസ്ത്രം ധരിച്ച കുന്തിയുടേത്. എന്നാൽ എതിരെ സ്ഥാപിച്ചിരുന്ന മറ്റൊരു നിലവിളക്കിൻ വെളിച്ചത്തിൽ പാഞ്ചാലിയുടെ മുഖം ഒരു യാഗാഗ്നി പോലെ ജ്വലിച്ചു. ഇത്തരമൊരു സുന്ദരിയെ പ്രലോഭിച്ചുണർത്തി സുരതക്രിയയിലേർപ്പെടാൻ കാട്ടുജീവിതം കൗമാരംവരെ പുലർത്തിയ പാണ്ഡവർ നന്നേ അദ്ധ്വാനിക്കേണ്ടി വരും.
പെട്ടെന്ന് വനിതാവകാശ വകുപ്പിന്‍റെ അധ്യക്ഷ ദുശ്ശള സംസാരിച്ചു തുടങ്ങി.

മാരകായുധം കൊണ്ടുള്ള ദേഹോപദ്രവം പോലെ ഉടനടി അനുഭവവേദ്യമായിരുന്നില്ല ദുശ്ശളയുടെ അധികാരപർവം. പതുക്കെ മനസ്സിന്‍റെ കരുതൽധനത്തെ ചോർത്തി നിസ്വനാക്കുന്ന മൗനതാണ്ഡവമായിരുന്നു.

നീണ്ട, ഒരു പക്ഷെ ക്ഷമ പരിശോധിക്കുന്ന നിയമ നടപടിക്രമത്തിന്‍റെ ബലത്തിലാണ് ദുശ്ശള കുന്തിക്കെതിരെ ഗാർഹിക പീഡനപരാതിയിൽ വിചാരണയിലേക്കു വരുന്നത്. ഇരയും പീഡകയും പരിചിതരാണ് എന്ന കൽപ്പന ഒരൗദ്യോഗികപരിവേഷത്തിന്‍റെ ഔപചാരികത യിലൂടെ വേണം ഇരുവരെയും പരിചരിക്കാൻ എന്ന് ദുശ്ശളക്കു തോന്നാൻ ന്യായമുണ്ട്. അതിനിടെ കൊട്ടാരം ലേഖിക ചിന്തിച്ചു നോക്കി, രാജസഭയിൽ ഇനി വരാനിരിക്കുന്ന വാദത്തിന്‍റെ വിശദാംശങ്ങൾ അപ്പപ്പോൾ പാണ്ഡവരെ എത്തിക്കാൻ നിയോഗിക്കപ്പെട്ട ചാരവനിത ഈ സംഘത്തിൽ ആരായിരിക്കും. ഇന്നലെ വേപ്പ് മരം മുറിക്കുന്നതിൽ നിന്ന് പ്രതിഷേധത്തിൽ പിന്തിരിഞ്ഞ ശേഷം ഇന്നവർ പൂന്തോട്ടനിർമിതിയിലാണ്, അതും ജാലകത്തിനു തൊട്ട് അപ്പുറം.

പരാതിക്കാരി പാഞ്ചാലിയുടെ സാന്നിധ്യമായിരുന്നു ആരോപിത കുന്തിയെക്കാൾ  രാജസഭയിൽ ജനശ്രദ്ധ നേടിയത്. കൗന്തേയരെയും കൊണ്ട് അഭയാർഥികളായി ഒന്നര ദശാബ്ദം മുമ്പ് ഹസ്തിനപുരി കൊട്ടാരത്തിൽ എത്തിയ ശേഷം,  കുന്തി  അന്തഃപുരത്തിൽ എവിടെ എങ്ങനെ കഴിയുന്നു എന്ന് ജിജ്ഞാസ തോന്നിപ്പിക്കാത്ത വിധം ഒരു നിരാധാരജീവിതത്തിൽ പ്രവേശിച്ചു. ജനം അവരെ പതുക്കെ കയ്യൊഴിഞ്ഞു.
ഇവിടെ രാജസഭയിൽ പാഞ്ചാലിയും കുന്തിയും നിൽക്കുന്നത് മുഖാമുഖമാണ്.  നിലവിളക്കിന്‍റെ തെളിച്ചത്തിൽ അവർ മറ്റുവിധത്തിൽ ഇരുളിൽ വീണ കാർ മൂടിയ അന്തരീക്ഷത്തിൽ ഒരേ പോലെ കാണികളുടെ മുമ്പിൽ കൗതുകത്തോടെ നേത്ര പരിശോധന ചെയ്യപ്പെട്ടു. പരസ്പരം മുഖം തിരിക്കാതെ അവർ നിന്നെങ്കിലും ശത്രുത പ്രകടമായിരുന്നില്ല. മറിച്ചു പ്രദര്‍ശനപരതയില്ലാത്ത പാരസ്പര്യത്താൽ  അവർക്കിടയിലെ വിള്ളൽ വീതി കുറഞ്ഞു. തോഴികളുടെ സഹായം അവർക്കു  അനുവദിക്കാത്തത് കൊണ്ട് അവർ അന്യോന്യം തോഴിയായും ഇരയായും വർത്തിച്ചു

”ഔപചാരിക പരാതി പാഞ്ചാലി രേഖാമൂലം എഴുതി തന്നിട്ടില്ല എന്നത് കൊണ്ടെന്തിന് വിചാരണ പരിഗണിക്കണം എന്ന സൂചന ഇതാ ഇവിടെ ഇരിക്കുന്ന യുവസുന്ദരി കൊട്ടാരം ലേഖിക ‘ഹസ്തിനപുരി പത്രിക’യിൽ എഴുതിക്കണ്ടു. കാശിവിദ്യാപീഠത്തിലും തക്ഷശിലയിലും ധനിക ബ്രാഹ്മണകുടുംബാംഗങ്ങൾക്ക് മാത്രം സാധിക്കുന്ന സാക്ഷരതാ പരിശീലനത്തിന് ശേഷം  കൊട്ടാരഅന്തഃപുരം വാർത്താ സ്രോതസ്സാക്കിയിട്ടും, ലേഖികക്ക് മനസ്സിലായിട്ടില്ല എന്ന് തോന്നുന്നു, കൗരവർ നൂറു പേർക്ക് അർദ്ധസാക്ഷരതയിൽ കവിഞ്ഞൊരു ഭാഷാപരിചയം ഇല്ലെന്നു. സ്ത്രീപീഡനത്തിന്‍റെ കദനകഥയുമായി എന്‍റെയരികെ നീതി തേടി നിത്യവും വരുന്നവർ അഭ്യസ്ത വിദ്യകളായ പാഞ്ചാല രാജകുമാരികളാണോ, നിരക്ഷര ‘ചെളുക്ക’കളാണോ ആർക്കറിയാം. എന്നാൽ എനിക്കൊ ന്നറിയാം. ആ നാടൻ ‘ചെളുക്ക’ നിരക്ഷരരാണ് യമുനയിൽ വലയെറിഞ്ഞു  മീൻ പിടിക്കുന്നത്, പിടിച്ച മീൻ കുട്ടയിലാക്കി തെരുവിൽ നടന്നു വിറ്റു ധാന്യം വാങ്ങി വീട്ടിൽ കൊണ്ടുപോയി വേവിച്ചു കുട്ടികൾക്ക് കൊടുക്കുന്നത് ആ നിരക്ഷര ‘ചെളുക്ക’യാണ്  പരാശരമുനിക്ക് തോണിയിൽ പായ വിരിച്ചു നൽകിയ പരമാനന്ദത്തിനു പാരിതോഷിക മായി കിട്ടിയ ശരീരസുഗന്ധത്തിൽ കുരുവംശരാജാവ് വൃദ്ധശാന്തനുവിനെ പ്രലോഭിച്ചു വിലപേശി സ്ത്രീകേന്ദ്രിത ഭരണകൂടമാക്കി ഭരിച്ചത്,  തുടർച്ച നിലനിർത്തിയത്.

ചെളുക്ക സത്യവതിയും നിരക്ഷര. എന്നിട്ടും അവൾ മഹാറാണിയായപ്പോൾ ജനം അത്  പരാതിയായി പറഞ്ഞില്ല. വനിതാവകാശ സംരക്ഷണ സമിതി എന്ന ആധുനിക ആശയം പാഞ്ചാലം കടം കൊണ്ടത് ധീവരകുലദേവിയായ സത്യവതിയുടെ കാലത്താണ്. പറഞ്ഞുവന്നാൽ അവരെന്‍റെ അച്ഛന്‍റെ അച്ഛൻ വ്യാസന്‍റെ അമ്മയായി വരും. അവർക്കു സ്തുതി. പാഞ്ചാലി സ്വന്തം നാട്ടിൽ വനിതാവകാശ സമിതിയുടെ അധ്യക്ഷ ആയിരുന്നു. അങ്ങനെ നീതി നിർവഹണത്തിൽ അക്ഷരപരിചയം അത്യന്താപേക്ഷിതം എന്നല്ലാതായി. ഉച്ചരിച്ച വാക്കു മതി. മുദ്ര വച്ച കടലാസിൽ എഴുതിയതിന്‍റെ ഫലം ചെയ്യും. വനിതാവകാശ സംരക്ഷണനിയമത്തിന്‍റെ പ്രായോഗിക നടപടിക്രമങ്ങൾ ആരും പഠിപ്പിച്ചു കൊടുക്കേണ്ടതില്ലാത്ത പാഞ്ചാലി, ആരോടെപ്പോൾ എത്ര എങ്ങനെ തുറന്നു പറയാം, പരാതി വാക്കാൽ മതിയോ എന്നതിന്‍റെ തിളങ്ങുന്ന ഉദാഹരണമല്ലേ?. കരുതലില്ലാത്ത  കൊച്ചുവർത്തമാനങ്ങൾക്കിടയിൽ അനാവശ്യമായി ഹൃദയം തുറന്നു വച്ച്  കുടുംബ രഹസ്യങ്ങൾ ഒഴുകിപ്പോവാൻ ഇട വരുത്തുന്നവർ കൗരവരാജവധുക്കളിൽ നിങ്ങൾക്കു കാണാം. എന്‍റെ സഹോദരഭാര്യമാരാണെങ്കിലും സാമാന്യ സംയമനം ഇല്ലാതെ അവർ ഹസ്തിനപുരി കൊട്ടാരം ലേഖികക്ക്, കൊഴുത്ത പിന്നാമ്പുറവാർത്തകൾ എത്ര ചോർത്തിക്കൊടുത്തു. ‘ഹസ്തിനപുരി പത്രിക’ നിത്യവും തപ്പിത്തടഞ്ഞു വായിക്കുന്ന കൗരവർ നൂറു പേരും കൈ നെഞ്ചത്ത് വച്ചെത്ര ശബ്ദായമാനമായി പ്രതിജ്ഞയെടുത്തു, അരുത് കൊട്ടാരം ലേഖികയോട് അതിരുകടന്ന ബോധധാര. പാഞ്ചാലി വിരുന്നു സൽക്കാരത്തിലെ സൗഹൃദനിമിഷങ്ങളിൽ എന്നോട് പങ്കിട്ടത് സൗന്ദര്യവർദ്ധക ഔഷധക്കൂട്ടുകളെ കുറിച്ചല്ല, പെണ്ണവകാശത്തെ കുറിച്ചാണ്..

അതിനൊരു പോരാളിപ്പെണ്ണിന്‍റെ ചൂടും പ്രസരിപ്പും ഉണ്ടായിരുന്നു. ശബ്ദം മൃദുവും ശരീരഭാഷ നാഗരികവും ആയിരുന്നത് കൊണ്ട് എന്ത് പാഞ്ചാലി പറയുന്നതും വേറൊരാൾ വഴി കേട്ടറിയുന്ന പോലെയല്ല നമുക്ക് നേരിൽ കണ്ടാൽ തോന്നുക. ആശയപരമായി വിയോജിപ്പുള്ള പാരമ്പര്യചിന്താഗതിക്കാർക്കും പെണ്ണവകാശത്തെ കുറിച്ച് സംശയമുള്ളവർക്കും പാഞ്ചാലിയുടെ അവതരണരീതിക്കൊരു വ്യക്തിഗത സ്വീകാര്യത കാണാൻ കഴിയുന്നു. അവൾ പറയുന്നത് നാം ജാഗ്രതയോടെ കേൾക്കും. നാമറിയാതെ നോട്ടം അവളുടെ നെറ്റിയുടെ നടുവിൽ കേന്ദ്രീകരിക്കും. അസ്ത്രവിദ്യയിൽ മത്സരവിജയത്തിനു ശേഷം നവവരൻ അർജുനന്‍റെ മറ്റുനാലു സഹോദരന്മാരുടെയും ഭാര്യയാവണം എന്ന ദുഷ്പ്രേരണ കുന്തി അവളിൽ ചെലുത്തുക വഴി പാഞ്ചാലിയിന്നു ഏകപത്നീവ്രതക്കാരായ കൗരവർക്കു മുമ്പിലും, കൺകണ്ട ദൈവമാണെന്‍റെ ഏകഭർത്താവ് എന്നു പ്രചരിപ്പിക്കുന്ന നൂറോളം കൗരവരാജവധുക്കളുടെ മുമ്പിലും, അപമാനിത.
പാണ്ഡവരുടെ മാതാക്കളും പിതാക്കളും ഒന്ന് വീതമാണ്, ഒന്നിലധികമാണ് എന്ന അടിസ്ഥാന ജൈവവസ്തുതയിൽ കെട്ടിപ്പടുത്തതാണ് ‘ഒരമ്മ ഒരച്ഛൻ’ എന്ന് മേനി പറഞ്ഞ കൗരവരുടെ ഞെട്ടലും പിന്നെ നീണ്ടകാല പരിപോഷണം കിട്ടിയ നിന്ദയും. ഇവിടെ വിചാരണ വിഷയം പക്ഷെ പാണ്ഡവകൗരവ മൂപ്പിളമ തർക്കമോ വ്യത്യസ്ത കൗന്തേയപിതൃത്വമോ അല്ല പാഞ്ചാലിയുടെ പീഡന പരാതിയാണ്.”

ചുവന്ന ദുശ്ശളച്ചുണ്ടുകളിൽ നിന്ന് തെറിച്ച ഓരോ വാക്കും വ്യക്തമായും കാര്യക്ഷമമായും വിനിമയം ചെയ്യപ്പെട്ടു എന്ന് കൊട്ടാരം ലേഖികക്ക് ബോധ്യമായി. ആ തിരിച്ചറിവ് സന്മനസ്സു കൊണ്ടായിരുന്നില്ല, തൊഴിൽ പരിശീലനം കൊണ്ടായിരുന്നു. ദുശ്ശളയുടെ അധ്യക്ഷതയിൽ ശാന്തമായി നീങ്ങിയ വിചാരണസഭ ആ വിനിമയമികവിൽ നിശബ്ദമായി. അത് പേടി കൊണ്ടുള്ള മൗനമായിരുന്നില്ല, ബോധ്യം വന്നതിന്‍റെ അനുസരണമായിരുന്നു. പെട്ടെന്ന് രാജസഭയുടെ പൂന്തോട്ടം ചേർന്ന ഭാഗത്തെ കണ്ണാടിജാലകങ്ങൾ കാറ്റിൽ അടഞ്ഞു. ഒരു കൂട്ടഞെട്ടലിന്‍റെ ശബ്ദം സഭയിൽ ഉയർന്നു. കാലവർഷം കുതിർന്ന അന്തരീക്ഷത്തിൽ വേണമെങ്കിൽ ആഞ്ഞു മഴ പെയ്യാം. വിളക്കുകൾ കെട്ട് സഭാന്തരീക്ഷം ഇരുണ്ടപ്പോൾ, കരുത്തുള്ള ഒരു വനിതാ സഹായി ആളുയരത്തിലുള്ള രണ്ടു നിലവിളക്കുകളും എണ്ണയും തിരിയും തീയും ഉറപ്പാക്കി, സഭയെ ആശ്വാസത്തോടെ നോക്കി വേദിക്കു പിന്നിലേക്ക് തിരിച്ചുപോയി. ചുവരോരം ചേർന്നിരുന്നവർ എഴുനേറ്റു ജാലകങ്ങൾ അടച്ചു കുറ്റിയിട്ടു.

”ബഹുഭാര്യാത്വം കൗരവർ എതിർക്കുന്നതെന്തിനെന്നു അവരോടു തന്നെ ചോദിക്കണം,  എന്നാൽ ബഹുഭർത്തൃത്വം എതിർത്ത് ഞാൻ നിലപാടെടുത്തത് എന്‍റെ അഭിമാന പ്രശ്നമാണ്, വിശ്വാസസംഹിതയാണ് എന്നൊന്നും പറയുന്നില്ല..”, ദുശ്ശളക്കുള്ള പീഡനഇരയുടെ മറുപടി എന്നതിനേക്കാൾ, പാഞ്ചാലി ചരിത്രത്തോട് സംവദിക്കുന്ന പോലെ കണ്ണുകൾ ഉയർത്തി. ഭാഷയും ഉച്ചാരണവും ചുണ്ടനക്കവും വിരലുകളുടെ ചെറുചലനങ്ങളും സഭക്ക് നേരെ ഇടയ്ക്കു ആ നോട്ടവും ഒന്നും ഹസ്തിനപുരി ഗ്രാമ്യരീതികളുമായി യോജിച്ചതായിരുന്നില്ല. നൂറോളം കൗരവരാജവധുക്കളെയും, വിരുന്നു വരുന്ന അവരുടെ അത്ര തന്നെ വിദൂര ദേശങ്ങളിലെ ബന്ധുക്കളെയും (ദുര്യോധനന്‍റെ ഭാര്യ ഭാനുമതി കലിംഗദേശത്തു നിന്നായിരുന്നു.) പതിവായി കാണുന്ന കൊട്ടാരം ലേഖികക്ക് പരിചയമുള്ള വ്യക്തിത്വമായിരുന്നില്ല പാഞ്ചാലി. പറയാതെ പലതും പാഞ്ചാലി വിടുമെന്നും അത് വരികൾക്കിടയിൽ വായിച്ചെടുക്കലാവും തന്‍റെ പണിയെന്നും അവൾ നിരൂപിച്ചു. തല താഴ്ത്തി അവൾ പാഞ്ചാലിയെ വിമർശനാൽമകമായി സൂക്ഷിച്ചു നോക്കി.

”മംഗല്യത്തിൽ ഞാൻ അർജുനന്‍റെ കൈ പിടിച്ചപ്പോൾ പെട്ടെന്നെന്‍റെ മറ്റേ കൈ പിടിക്കാൻ എട്ടു കൈകൾ നീണ്ടു. ഞാൻ ഞെട്ടി എന്നത് ആലങ്കാരികമായി പറയുന്നതല്ല. ആരാണിവർ എന്ന് ഞാൻ എന്‍റെ സഹോദരൻ ധൃഷ്ടധ്യുമ്നനോട് നോട്ടമെറിഞ്ഞു. ” അമ്മ കുന്തിയുടെ ആജ്ഞയാണ്, നിന്നിൽ അവർക്കഞ്ചു പേർക്കും ദാമ്പത്യാവകാശം എന്ന നിബന്ധന. തുല്യമായ അവകാശം എന്ന വ്യക്തതയില്ലാത്തത് കൊണ്ട് ജ്യേഷ്ഠൻ യുധിഷ്ഠിരന് നിന്നിൽ നാളെ മേൽക്കോയ്മ തള്ളിക്കളയാൻ ആവില്ല”. ” അതായിരുന്നു മറുപടി. അങ്ങനെ പത്തു കൈകൾ എന്നെ അന്ന് മൂടി.

”പ്രതിഷേധം നിങ്ങൾ ഉറപ്പായും കുന്തിയെ അറിയിച്ചു ഇല്ലേ ?” ധിക്കാരം പോലെ മുന വച്ച് ദുശ്ശള പാഞ്ചാലിയുടെ ശ്രദ്ധയാകർഷിച്ചു. ചോദ്യം പാഞ്ചാലിയോടായിരുന്നു എങ്കിലും ചൂണ്ടുവിരൽ കുന്തിക്ക് നേരെ തിരിച്ചു

”കുന്തിയെ ലക്ഷ്യമാക്കിയുള്ള എന്‍റെ അപ്പോഴത്തെ പ്രതികരണം, അഞ്ചുപേരിൽ പ്രായം തോന്നിച്ച ആളോടായിരുന്നു. അവരഞ്ചുപേരുടെ പ്രായ, രൂപ വൈവിധ്യം ഒറ്റനോട്ടത്തിൽ അവഗണിക്കാമായിരുന്നില്ല. കൗമാരം വിടാത്ത രണ്ടു ഇളമുറ, ഉയരം കുറഞ്ഞൊരു സ്ഥൂലഗാത്രൻ. കുന്തിയുടെ ഒറ്റമുറി ചെറ്റക്കുടിലിൽ പായ വിരിച്ചു ഇവരഞ്ചുപേരുടെയും ലൈംഗിക കായികക്ഷമതക്കു രാത്രി മുഴുവൻ ഇരയാവുമെന്ന തോന്നൽ  എന്നെ വിറപ്പിച്ചു. ഇതൊക്കെ ആസൂത്രണം ചെയ്തത് കുന്തിയാണെന്ന അറിവാണെന്നെ കോപാകുല യാക്കിയത്. ശക്തമായൊരു പ്രതിരോധപ്രവർത്തനത്തിൽ ഞാനൽപ്പം വികാരഭരിതയായി. വിസ്മയവും അസഹിഷ്ണുതയും വിനിമയം ചെയ്തു. വാക്കും നോട്ടവും ശരീരവും അതിലെന്നെ തുണച്ചു. കുന്തി അതൊക്കെ അടുത്ത് നിന്ന് കണ്ടോ എന്നറിയില്ല. ഒരു രാജകീയ സ്വയംവരോത്സവത്തിൽ ആരെവിടെ നിൽക്കുന്നു എന്നെങ്ങനെ ഒരു നവാഗതക്കു പറയാനാവും?”

”മംഗല്യം വേണ്ട എന്ന് വിളിച്ചു പറഞ്ഞു നിങ്ങൾ വേദി വിട്ടിറങ്ങിപ്പോവും എന്നാണു ഞങ്ങൾ ന്യായമായി വിചാരിക്കുക”, ദുശ്ശള വിരൽ ഇളക്കി വിയോജിച്ചു. അപ്പോഴത്തെ വികാരപ്രകടനത്തിനപ്പുറം അഞ്ചുപേരെ ഏകപക്ഷീയമായി അടിച്ചേൽപ്പിക്കുന്നതിലുള്ള വിയോജിപ്പ് വിവാഹം വേണ്ടെന്നു വക്കാൻ എന്തുകൊണ്ട് നിങ്ങളെ പ്രേരിപ്പിച്ചില്ല എന്ന കുത്തുവാക്ക് ആ മുഖത്ത് തെളിഞ്ഞു. ആഞ്ഞു വീശിയ ഈറൻ കാറ്റിൽ നില വിളക്കുകൾ അണഞ്ഞു, സഭ ഇരുട്ടിൽ വീണു, എങ്ങനെ ദുശ്ശള പ്രശ്നം കൈകാര്യം ചെയ്യുന്നു എന്ന് ശത്രുതാപരമായ ജിജ്ഞാസയോടെ നോക്കി ചുവർ ചാരി കാൽമുട്ടുകളിൽ മുഖം വച്ച് കൊട്ടാരം ലേഖിക കാത്തിരുന്നു.

അധികാരത്തിന്‍റെ ചലനങ്ങളോടെ, ദുശ്ശള ജാലകങ്ങൾ ഇരുവശത്തും അടക്കാൻ  സഹായികൾക്കു വിരൽ ചലനങ്ങളോടെ നിർദേശം കൊടുത്തു. അത് പാലിക്കുന്നു എന്ന് നോക്കാൻ മെനക്കെടാതെ വിളക്കുതിരികൾ വീണ്ടും കത്തിക്കാൻ അടുത്ത് നിന്ന സഹായികളോട് ഒറ്റ നോട്ടത്തിൽ ആജ്ഞാപിച്ചു. സഭയിൽ ഉയരുന്ന ശബ്ദങ്ങൾ കനത്ത മൂളലോടെ ദുശ്ശള അടിച്ചമർത്തി. വിചാരണയുടെ നീണ്ട നൂലുകൾ കെട്ടു
വിടാതിരിക്കാൻ അതിവേഗം ധൃതരാഷ്ട്രർ ഇരിക്കാറുള്ള സിംഹാസനത്തിൽ അമർന്നു.

”പഞ്ചപാണ്ഡവരെ ഒറ്റയടിക്ക് എന്‍റെ പായിൽ കൂടെ കിടത്തിയതിൽ അസ്വസ്ഥതയുണ്ടെന്നു മുഖഭാവം കൊണ്ട് കുന്തിയെ ഞാൻ അറിയിച്ചു എന്നാണോർമ്മ”, തൊട്ടു മുമ്പിൽ ദീപപ്രകാശത്തിൽ കാണാവുന്ന കുന്തിയുടെ മുഖത്തേക്ക് നോക്കാതെ പാഞ്ചാലി പറഞ്ഞു . പരിഷ്കൃതപാഞ്ചാലയിൽ കേട്ടുകേൾവി ഇല്ലാത്ത ഒന്ന്. ഇതിപ്പോൾ നാടൊട്ടുക്ക് കുതിരപ്പന്തികളിൽ രതി ദൂഷണത്തിനു വിഷയമാകും എന്ന് പറഞ്ഞു. ഈ ദാമ്പത്യ ദുരാചാരം എന്‍റെ പേരിൽ വരാനിരിക്കുന്ന കലിയുഗത്തിൽ പോലും ലോകമൊട്ടുക്കു വിഷയമാവുമെന്നു പറഞ്ഞു”

”അപ്പോൾ കുന്തിയുടെ പ്രതികരണം?”

” മാറി മാറി പായിൽ പരീക്ഷിക്കാൻ അഞ്ചു ദേവസന്തതികളെ കിട്ടുന്നതൊക്കെ പുണ്യമല്ലേ കുട്ടീ” എന്ന് ആശ്വസിപ്പിച്ചു”

ഒരപായസൂചനപോലെയാണ് അന്തരീക്ഷം ഇരുണ്ടു മഴ കനത്തത്.

ഇരുന്നിടത്തു നിന്ന് അതേപടി ഉയർന്നു കൊട്ടാരം ലേഖിക ജാലകം പാതി തുറന്നു  പുറത്തേക്കു നോക്കി. മഴ പെയ്യുമ്പോഴും അഞ്ചു ആണുങ്ങൾ കൊട്ടാരം ഉദ്യാനത്തിൽ മണ്ണ് വെട്ടിയും വെള്ളം തിരിച്ചും ജോലി ചെയ്യുന്നു. അർദ്ധനഗ്നരായ ഈ ‘ദേവസന്തതി’കൾ പാഞ്ചാലിയുടെ ഭർത്താക്കന്മാർ ആയിരിക്കാം. ആരെ ബോധ്യപ്പെടുത്താനാണവർ ഇങ്ങനെ വ്യർത്ഥമായി മഴ നനഞ്ഞു വേല ചെയ്യുന്നത്.
മുഖപരിചയമുള്ള കൗരവർ ആരെയും കാണാൻ ഉണ്ടായിരുന്നില്ല. സമയത്തിന്‍റെ വില  കൗരവർക്കറിയാം. വെറുതെ മൂടിപ്പിടിച്ചിരുന്നു പാഞ്ചാലിയുടെ വിചാരണ എവിടെ  എത്തി എന്ന് പരസ്പരം വേവലാതിപ്പെടുന്നതിനേക്കാൾ ദേഹാദ്ധ്വാനം ചെയ്യുക നല്ലതെന്നു പാണ്ഡവർ കരുതിയോ. ഭാര്യ ഇരയും ‘അമ്മ പീഡകയും.

”സത്യാവസ്ഥ പുറത്തു വരണം. വേണ്ടിവന്നാൽ പാണ്ഡവരെ വിളിച്ചു വരുത്തി  വിസ്തരിക്കും. അവരിൽ ആരെങ്കിലും ‘അമ്മ കുന്തിയിൽ ദുഷ്പ്രേരണ ചെലുത്തിയത്  കൊണ്ടാണോ അഞ്ചു പേർക്കും ജീവകാലം പായ വിരിക്കാൻ പാഞ്ചാലിക്കു പണി കിട്ടിയത് ?. ഇനി എനിക്ക് പാഞ്ചാലിയിൽ നിന്നറിയേണ്ടത്, എന്ത് പരിഗണിച്ചാണ് ‘അഞ്ചു പേർ ഒരു ഭാരം’ എന്ന് നിങ്ങൾ നിശ്ചയിച്ചത്? അവർ നിൽക്കുന്നത് സ്വന്തം കാലിലല്ലേ. സൗകര്യമുണ്ടെങ്കിൽ കിടപ്പുമുറിയിൽ ഊഴം വച്ച് കൂടെ കിടത്തിയാൽ പോരെ. അതോ അവർ ഭാരിച്ചൊരു ഗാർഹിക ബാധ്യതയായി മാറുമെന്നു നിങ്ങൾ കരുതിയോ. അന്നന്നത്തെ അപ്പം ഉണ്ടാക്കേണ്ട ജോലിയൊന്നുമില്ലാത്ത നിങ്ങൾ രാജസ്‌ത്രീകൾക്കു, ബഹുഭർതൃത്വ ത്തിന്‍റെ ആസ്വാദന രതിവൈവിധ്യം ഒരാകർഷണമായി തോന്നേണ്ട?” ദുശ്ശള പരാതിക്കാരിയെ പിഴിയാൻ തന്നെ ആയിരുന്നു പുറപ്പാടെന്നു കൊട്ടാരം ലേഖികക്ക് തോന്നി.

”എന്‍റെ ഉള്ളിൽ വരുന്ന ഇടിമിന്നലുകളും കുളിർകാറ്റുമല്ല വിചാരണയിൽ  മൊഴി യാവേണ്ടത് . സ്ത്രീ എന്ന പരിഗണനയിൽ എന്‍റെ പരസ്യ നിലപാടുകളാണ് നിങ്ങൾ  അംഗീകരിക്കേണ്ടത്. അത്താഴവിരുന്നിൽ എന്‍റെ അന്തർമണ്ഡലത്തിലേക്കു അശ്ലീലമായ  ത്വരയോടെ കുതിച്ചു കയറി നിങ്ങൾ ചോദിച്ച നിരവധി ചോദ്യങ്ങൾക്കുള്ള നേരെചൊവ്വേ മറുപടികളിലൊന്നാണ് ബഹുഭർത്തൃത്വം എന്‍റെ മുൻ അറിവും സമ്മതവുമില്ലാതെ അടിച്ചേൽപ്പിച്ചതിൽ കുന്തിക്ക് പങ്കുണ്ടെന്ന പരാതി. ഗംഗയാറൊഴുകുന്ന ആര്യാവർത്ത ത്തിലെ  നിരവധി നാടുകളിൽ നിന്ന് കൂടിച്ചേരുന്നവർ പറയുന്ന ഭാഷയ്ക്കുള്ള വൈജാത്യം ആശയ വിനിമയത്തെ എളുപ്പമാക്കില്ലെങ്കിലും, എന്‍റെ കാര്യത്തിൽ അസാധ്യമാക്കിയില്ല. കുന്തിയും കൗന്തേയരും എളുപ്പം കാര്യം മനസ്സിലാക്കി എങ്കിലും തീരുമാനം പുനഃപരിശോധിച്ചില്ല എന്നതും
വസ്തുതയാണ്”

പാഞ്ചാലി കുന്തിയെ നോക്കി ഒന്ന് പുഞ്ചിരിച്ചു. ഉടനടി ദുശ്ശള കുന്തിയുടെ നേരെ വിരൽ ചൂണ്ടി, ”ഇരയും പീഡകയും തമ്മിൽ ന്യായാധിപ അറിയാത്തൊരു വിനിമയം അരുത് .

”എന്തായിരുന്നു ബഹുഭർതൃത്വത്തെ കുറിച്ച് പുത്രവധുവിന്‍റെ വിവാദ  പരസ്യ നിലപാടിനോട് നിങ്ങൾ ഭർതൃമാതാവിന്‍റെ ഉടനടി പ്രതികരണം?”

”അതിനു മുമ്പൊരു ക്രമപ്രശ്നം.”, കുന്തിയുടെ ശബ്ദം ആദ്യമായി ഉയർന്നു.
ആടിയുലയുന്ന നിലവിളക്കിന്‍റെ വെളിച്ചത്തിൽ അവൾ ഒരു തീജ്വാല പോലെ കൊട്ടാരം  ലേഖികക്ക് തോന്നി. ഒരിക്കൽ കുരുവംശാധിപനായിരുന്ന പാണ്ഡുവിനെ  വനാശ്രമത്തിലെ പരുക്കൻ തറയിൽ  ഉറക്കി,  ഒന്നിലധികം ആകാശചാരികളുമായി വിവാഹേതര രതിബന്ധങ്ങൾ വർഷങ്ങളോളം തുടർന്ന പിഴച്ച പെണ്ണിന്‍റെ സൗന്ദര്യം ആ മുഖത്ത് കണ്ടു.

”സൈന്ധവനാടുവാഴി ജയദ്രഥൻ നിങ്ങളെ വിവാഹം കഴിച്ചു കൊണ്ടുപോയ ശേഷം നിങ്ങൾ  ഇപ്പോഴും കുരുവംശ പൗരയാണോ? സൈന്ധവറാണി എന്ന നിലയിൽ ആ നാട്ടിലെ പൗരത്വം നിലനിർത്തുന്ന നിങ്ങൾ എങ്ങനെ ഹസ്തിനപുരിയിലെ ന്യായാധിപ പദവി വഹിക്കും?
വിരുന്നു വന്നു ദിവസങ്ങൾക്കുള്ളിൽ മടങ്ങിപ്പോവേണ്ട നിങ്ങൾക്കെങ്ങനെ ഇവിടെ ഈ ഉന്നത പദവി കിട്ടി. ക്രമക്കേടല്ലേ നിങ്ങളുടെ ഈ വിചാരണ തുടക്കം മുതൽ തന്നെ. ഏതു രാജമുദ്ര കാണിച്ചു നിങ്ങൾ ഒച്ച വച്ചാലും തീരുമോ യുക്തിക്കു നിരക്കാത്ത ഔദ്യോഗിക പദവിയെ കുറിച്ചുള്ള സംശയം . നൂറോളം കൗരവരാജവധുക്കൾ ഉള്ള ഈ മഹാനഗരത്തിൽ,  അവരിൽ ഒരാൾക്ക് വേണ്ടേ ന്യായമായും ഈ വനിതാവകാശ  സംരക്ഷണത്തിന്‍റെ അത്യുന്നത പദവി കൊടുക്കാൻ. ഞാൻ അനധികൃത, ഞാൻ മാപ്പു ചോദിക്കുന്നു എന്നുച്ചരിച്ചു നിങ്ങൾ യോഗം പിരിച്ചു വിട്ട് വിനീതമായി  ഇറങ്ങിപ്പോവണം”

സഭ സ്തബ്ധമായി. കുന്തി ഉച്ചരിച്ച ഓരോ വാക്കും ദുശ്ശള കഴിയുന്നത്ര ശാന്തമായി കേൾക്കാൻ ശ്രമിച്ചു. കുന്തിക്കാരെറിഞ്ഞു കൊടുത്തു, ദുശ്ശളയെ കടിച്ചു തിന്നാൻ പാകത്തിൽ ഒരു ‘നായ’യെ എന്ന് കൊട്ടാരം ലേഖിക കൗതുകത്തോടെ തല ചൊറിഞ്ഞു.

”അതുകൊണ്ടു സംശയാലുക്കളുടെ മുമ്പിൽ സത്യസന്ധമായി ഞാൻ അടയാളപ്പെടുത്തട്ടെ, രണ്ടു സ്വതന്ത്ര രാജ്യങ്ങളുടെയും പരിപൂർണ പൗരാവകാശ സംരക്ഷണം എനിക്കുറപ്പു വരുത്തുന്ന അധികാരപത്രം കുരുവംശാധിപനും സൈന്ധവ നാടുവാഴിയും മുദ്ര വച്ച് ഒപ്പിട്ടത് ഇതാ. സാക്ഷരത ഉണ്ടെങ്കിൽ നേരിട്ട് വായിക്കാം, അല്ലെങ്കിൽ സാക്ഷരർ ആരെങ്കിലും പരിചയത്തിൽ ഉണ്ടെങ്കിൽ ആ വഴിയും. ഇതൊന്നുമല്ലെങ്കിൽ അതാ നിങ്ങൾക്കരികെ നിലത്തിരിക്കുന്ന ആ ‘ഹസ്തിനപുരം പത്രിക’ കൊട്ടാരം ലേഖിക വായിച്ചു അർഥം വിശദീകരിച്ചു തരും.”,
ദുശ്ശള നാടകീയമായി അധികാരപത്രം ഉയർത്തിക്കാട്ടി.

”ഈ യോഗം പിരിയും മുമ്പ് സൗകര്യപ്പെട്ടാൽ നോക്കാം. അത്താഴവിരുന്നിലെ  അനൗപചാരിക വർത്തമാനത്തിനിടയിൽ പാഞ്ചാലി നിങ്ങളുടെ കുത്തിക്കുത്തിയുള്ള  ചോദ്യങ്ങൾക്കുള്ള മറുപടിയെന്ന നിലയിൽ പറഞ്ഞ കാര്യങ്ങൾ സാഹചര്യം  മനസ്സിലാക്കാതെ പൊലിപ്പിച്ചു ഗാർഹിക പീഡനമാക്കി നിങ്ങൾ വിചാരണ ചെയ്യുന്നതിൽ എന്തിനും പോന്ന, വ്യാജ അധികാരപത്രങ്ങൾ പോലും ഉണ്ടാക്കാൻ പിടിപാടുള്ള ഒരു ഹീനസംഘം തന്നെയാണപ്പോൾ പിന്നിൽ പ്രവർത്തിക്കുന്നത് എന്ന് ഈ സഭയിൽ നിങ്ങളുടെ നാടകം കാണുന്ന ഓരോ സ്ത്രീക്കും ഇപ്പോൾ വ്യക്തമായി”, കുന്തി പറഞ്ഞു.

‘അങ്ങനെ അപാകത ഒന്നും ഇല്ലല്ലോ”, നിന്ദ സൂചിപ്പിക്കുന്ന രീതിയിൽ, പൊലിപ്പിച്ച സരസഭാവത്തോടെ, ദുശ്ശള അത്യുക്തിയിൽ തിരിച്ചടിച്ചു, ”കുറച്ചു കാലം നിങ്ങൾ ഹസ്തിനപുരി മഹാറാണി പദവി വഹിച്ചിരുന്നു എന്ന് വിദുരർ പറഞ്ഞു ഞങ്ങൾ കൗരവക്കുട്ടികൾ കേട്ടിട്ടുണ്ട്. നീതിനിർവഹണ കാര്യങ്ങൾ വേഗം മനസ്സിലാക്കും എന്നാണെന്‍റെ അനുമാനം.. പുത്രവധുവിനു നേരെ സ്വകാര്യതയിൽ ഉച്ചരിച്ച വാക്കിൽ കുറ്റം മണത്താൽ പോലും വിചാരണക്ക് വഴി തുറക്കുമെന്ന് എന്‍റെ ഈ അധികാരപത്രത്തിൽ ഒപ്പിട്ട രാജാക്കന്മാർ എഴുതിയിട്ടുണ്ട്. പഴുതുകൾ അടച്ച പ്രമാണപത്രം എന്നർത്ഥം. സീമയില്ലാത്ത അന്വേഷണ പരിധി. ”

ന്യായാധിപയുടെ ഗൗരവത്തിൽ നിന്ന് കളിയിൽ പറക്കു പറയുന്ന പെൺകുട്ടിയിലേക്കു  ദുശ്ശളയുടെ പതനം സഭയെ ഞെട്ടിപ്പിച്ചു എന്ന് ചുറ്റും കണ്ണോടിച്ച കൊട്ടാരം ലേഖിക കണ്ടു. ഉച്ചത്തിൽ ഒന്ന് ബഹളം വക്കാനാണവൾക്കു തോന്നിയത്. തൊഴിൽ മര്യാദ ദുശ്ശളക്കു തെറ്റിക്കാം, പത്ര പ്രവർത്തകർക്ക് പറ്റില്ല. തോന്നൽ അടക്കി എഴുനേറ്റു ജാലകക്കാഴ്ചക്കു ശ്രമിച്ചു. പുറത്തെ വിശാലമായ കൊട്ടാരം ഉദ്യാനം പ്രഭാതത്തിലും ഇരുണ്ടു പോവുന്ന രീതിയിൽ കാറുമൂടി മഴ ശക്തമായി പെയ്യുന്നു. അത് നനഞ്ഞും കൊണ്ട് പഞ്ചപാണ്ഡവർ ചാലു കീറി വെള്ളക്കെട്ട് നീക്കാൻ പരസ്പരം പഴിപറഞ്ഞു ശ്രമിക്കുന്നു. എന്താണവർ ദേഹാദ്ധ്വാനത്തിലൂടെ തെളിയിക്കാൻ ശ്രമിക്കുന്നതെന്ന് അവൾ സന്മനസ്സില്ലാതെ ആലോചിച്ചു. വ്യർത്ഥജീവിതങ്ങൾ. ഇവരെയൊക്കെ വച്ചാണോ ഭാവിയിൽ വ്യാസൻ ഇതിഹാസം രചിക്കുമെന്നു കൊട്ടിഘോഷിക്കുന്നത്

”വ്യാജ ബ്രാഹ്മണവേഷം കെട്ടി നിങ്ങളും അഞ്ചു മക്കളും പാഞ്ചാലയിൽ കഴിഞ്ഞ കുടിലിന്‍റെ വാതിൽ തള്ളിത്തുറന്നകത്തേക്കു വന്ന യുധിഷ്ഠിരൻ, മത്സരത്തിൽ സമ്മാനം കിട്ടി എന്ന് ഒരു പ്രത്യേക രീതിയിൽ പറഞ്ഞപ്പോൾ, വ്യക്തത പോരാ എന്ന് എന്തുകൊണ്ടു നിങ്ങൾ പറഞ്ഞില്ല? . അർജുനൻ മത്സരത്തിൽ ജയിച്ചു പാഞ്ചാലിയെ വിവാഹം ചെയ്തു എന്ന് യുധിഷ്ഠിരൻ അര്‍ത്ഥശങ്കയില്ലാതെ പറഞ്ഞില്ല എന്നതിനേക്കാൾ ദുരൂഹമല്ലേ ‘ആ സമ്മാനം പതിവ് പോലെ വീതിച്ചെടുക്കൂ മക്കളെ’ എന്ന് നിങ്ങൾ നിർദേശിച്ചത്?. മൂത്ത മകനും അമ്മയും കൂടി പരസ്പരവഞ്ചന തത്സമയം അഭിനയിച്ച നാടകത്തിൽ, ഇപ്പോൾ എന്‍റെ മുമ്പിൽ നിൽക്കുന്ന നിങ്ങളെയാണ് പരാതിക്കാരി പാഞ്ചാലി ഏകപ്രതി  യാക്കിയിരിക്കുന്നത്. പാഞ്ചാലിയെ സംബന്ധിച്ചു നിങ്ങളുടെ പ്രതികരണത്തിൽ അശ്രദ്ധ, ആലോചനയുടെ അഭാവം, അവിവേകം ഇതോ ഇതിലപ്പുറമോ ഉള്ള വീഴ്ചയാണ് പാഞ്ചാലിയുടെ സ്വാഭിമാനം തകർത്ത ബഹുഭർതൃത്വ ദുരവസ്ഥക്ക് വഴിമരുന്നിട്ടത്. പുറം തിരിച്ചിരുന്നു വീട്ടുജോലി  ചെയ്യുകയായിരുന്ന ഞാൻ യുധിഷ്ടിരവാക്കുകൾ ഒരു ‘വധു’വിനെ കുറിച്ചാണ് സൂചിപ്പിച്ചതു എന്നറിയാതെ പോയി എന്ന് നിങ്ങൾ പലരോടും പറഞ്ഞു തലയൂരാൻ ശ്രമിച്ചിട്ടുണ്ട്. ഈ വിചാരണ അതിന്‍റെ ഉള്ളറ തപ്പും. എന്ത് സമ്മാനമാണ് എന്ന് നിർജീവമായി ചോദിക്കാൻ പോലും തോന്നാത്ത അത്ര താൽപര്യക്കുറവ് ഒരമ്മ കാണിക്കാറുണ്ടോ,  പുറത്തു പോയി മടങ്ങി വന്ന മൂത്തമകൻ ധൃതിയിൽ വന്നു സംസാരിച്ചപ്പോൾ?”, ദുശ്ശള  ചൂണ്ടുവിരലിന്‍റെ ആയുധപ്രയോഗത്തിലൂടെ സംസാരിച്ചു.

”ആ കാലം . എന്‍റെ സഹനത്തെ കുറിച്ച് ദുശ്ശള, നിങ്ങൾക്കെന്തറിയാം. പാഞ്ചാലയിലും, അതിനു മുമ്പ്  ഏകച്ചക്രയിലും,  ഞങ്ങൾ പാണ്ഡുവിന്‍റെ വിധവയും മക്കളുമല്ല, വ്യാജസ്വത്വധാരികളായ ദരിദ്ര ബ്രാഹ്മണരായിരുന്നു. നേരം പുലർന്നാൽ അഞ്ചു ആണുങ്ങളും  ഗ്രാമത്തിലെ ഒരോ വീട്ടിലും കയറി ചെല്ലും. പാത്രം നിറഞ്ഞാൽ ഓടി വീട്ടിൽ വരും. എന്തോ നേടി എന്ന സ്വരത്തിൽ ഓരോരുത്തരും കിട്ടിയ ‘സമ്മാന’ത്തെ പ്രകീർത്തിക്കും. ഭിക്ഷ, പിച്ച എന്നിവക്ക് പകരം അവർ കണ്ടെത്തിയ ‘സമ്മാനം’ എന്ന വാക്കു ഞങ്ങൾക്കെല്ലാം, ആ ഇരുണ്ട ജീവിതാവസ്ഥയിൽ കൗതുകമായിരുന്നു. ‘ഇച്ചിൽ’  കൊണ്ടുവരുന്നവന്‍റെ അപമാനമില്ല. ‘സമ്മാനം’ കൊണ്ടുവരുന്ന ആഘോഷം പ്രസരിക്കുന്ന അതിജീവനം. . ഓരോരുത്തരും കൊണ്ടുവന്ന ‘സമ്മാനം’ അവിടെ തുറന്നു നോക്കാതെ വക്കും, എല്ലാവരും എത്തി ബ്രാഹ്മണരീതിയിൽ കുളിച്ചു സന്ധ്യാവന്ദനം പരസ്യമായി ചെയ്തു,  അകത്തു വന്നു ഞാൻ പാചകം ചെയ്ത ഭക്ഷണം എന്ന പോലെ ആസ്വദിച്ചു വീതം  വച്ച്  കഴിക്കും. ദരിദ്രബ്രാഹ്മണ വേഷത്തിൽ മക്കൾ പാഞ്ചാല മത്സരവേദിയിൽ പോയത് വയർ നിറയെ സദ്യ പ്രതീക്ഷിച്ചിട്ടായിരുന്നു, മത്സരത്തിൽ അർജുനൻ ജയിച്ചാലും, അഹങ്കാരിയായ പാഞ്ചാലൻ ദ്രോണശിഷ്യനു പുത്രിയെ കൊടുക്കുമോ?
ആവർത്തനച്ചുവയുള്ളതായിരുന്നു നിങ്ങൾ പൊലിപ്പിക്കുന്ന അന്നത്തെ ആ കുപ്രസിദ്ധ അർത്ഥശങ്ക. എന്താണ് ‘സമ്മാനം’ കിട്ടിയത് എന്ന് ഉത്സാഹത്തോടെ എണീറ്റ് അന്വേഷിക്കാൻ പറ്റുന്ന വൈകാരികാവസ്ഥയിൽ ആയിരുന്നില്ല, ആരോഗ്യവാന്മാരായ ആൺമക്കൾ അഞ്ചുപേർ ഉണ്ടായിട്ടും ഇങ്ങനെ ഒരു ചെറ്റക്കുടിലിൽ സ്വകാര്യതയില്ലാതെ കഷ്ടം അനുഭവിക്കുന്ന ഞാൻ. ”മക്കളില്ലാത്ത കുന്തീഭോജന്‍റെ വളർത്തുപുത്രിയായി ബാല്യകൗമാരങ്ങളിൽ വൃദ്ധമുനികൾക്കു  വ്യക്തിഗതസേവനത്തിനു നിയുക്തയായി. സേവനമികവിനു വരം കിട്ടിയ ഞാൻ വിവാഹത്തിന് മുമ്പ് വഴി വിട്ട രതിയിൽ വീണു എന്നൊക്കെ കുതിരപ്പന്തികളിൽ കേൾക്കുന്ന വാർത്തകൾ തള്ളാനോ കൊള്ളാനോ എനിക്ക് അധികാരമില്ല. അധികാരം കിട്ടിയത് ഷണ്ഡൻപാണ്ഡുവിനു. അയാൾക്ക് ഭാര്യയായി ഭീഷ്മർ എന്നെ ഹസ്തിനപുരിയിൽ കൊണ്ടുവന്നപ്പോൾ. നിങ്ങളുടെ പിതാവ് സ്വയം അന്ധനാണെന്നു അവകാശപ്പെട്ടു അധികാരത്തിൽ നിന്ന് ഒളിച്ചോടി, പാണ്ഡു സിംഹാസനത്തിൽ ഇരുന്നു. നരഹത്യ ചെയ്തു മുനിശാപം കിട്ടിയ പാണ്ഡു പാപപരിഹാരത്തിൽ (ആ കാട്ടിൽപോക്കിന്‍റെ യുക്തിരാഹിത്യം ഇന്നും എന്നെ ഞെട്ടിക്കുന്നു) ഭാര്യമാരെയും കൊണ്ട് വനവാസത്തിനു പോയപ്പോൾ കൂടെ പോവേണ്ടി വന്ന ഞാനും മാദ്രിയും നേരിട്ടത് സംഭോഗസാധ്യതയില്ലാത്ത വരണ്ട ദാമ്പത്യം. കൂടെ പൊറുക്കുന്ന രണ്ടു സുന്ദരിപ്പെണ്ണുങ്ങളെ തൊട്ടാൽ ശാപം ഏറ്റു പൊട്ടും പാവം പാണ്ഡുഹൃദയം. വിവാഹേതര രതി ഞങ്ങൾക്ക് ആനന്ദ ത്തിനായിരുന്നില്ല, അത്യാവശ്യത്തിനായിരുന്നു. കൗമാരരതിസേവനത്തിനു  പ്രതിഫലമായി മുനി തന്ന പ്രലോഭനമന്ത്രങ്ങൾ വേണ്ടപോലെ ഉച്ചരിച്ചപ്പോൾ ആകാശചാരികളെ കാട്ടുമുറിയിലേക്കു ആകർഷിക്കാനായി. അടുത്ത രണ്ടു ദശാബ്ദങ്ങൾ ഞാനും മാദ്രിയും,  കാലൻ മുതൽ അശ്വിനിദേവതകൾ വരെ വൈവിധ്യ പുരുഷത്വങ്ങളുമായി  ആസ്വാദനരതിയും ഗർഭധാരണവുമായി ആർമാദിച്ചു . മൂകസാക്ഷിയായിരുന്ന പാണ്ഡു പക്ഷെ ഉറങ്ങാതെ എല്ലാം കണ്ടു, പക്ഷെ രതിപങ്കാളിയാവാൻ ശ്രമിച്ചപ്പോൾ ശാപം ഫലിച്ചു മരിച്ചു. മാദ്രി പാണ്ഡുവിന്‍റെ ചിതയിൽ സ്വയം ചാടി എന്ന് ഞാനും, അല്ല ഞാൻ അവളെ തള്ളിയിട്ടു എന്ന് കൗരവരും കരുതി. അഭയാർഥികളായി  ഹസ്തിനപുരിയിൽ എത്തിയപ്പോൾ, അത്ഭുതം, ആ പഴയ അന്ധൻ തന്നെയിപ്പോഴും ചെങ്കോൽ പിടിക്കുന്നു. ഭാര്യ ഗാനധാരി ശിരോവസ്ത്രം പോലെ കണ്ണ് കെട്ടി എല്ലാം അറിഞ്ഞു നടക്കുന്നു. ഈ നാട്യവേദിയിൽ ഞാനും മക്കളും ജീവിതം തേടുന്നു.

”ഞങ്ങൾ ബഹളം വച്ച് ഇടപെടാതെ തന്നെ നിങ്ങൾ കഥ പറച്ചിൽ നിർത്തിയതിനു നന്ദി”, ദുശ്ശള അപ്രിയം അശേഷം മറച്ചുവയ്ക്കാതെ പറഞ്ഞു.

സ്വയം ഇകഴ്ത്തിയും ചരിത്രവസ്തുതകളെ മലിനപ്പെടുത്തിയും ഒരാരോപിതക്കാവുന്ന  രീതിയിൽ കുരുവംശത്തിലെ ഖേദകരമായ ചില സംഭവങ്ങൾ വെട്ടിപ്പൊളിച്ചും കുന്തി പറഞ്ഞതിൽ കാര്യമുണ്ടോ എന്നല്ല കൊട്ടാരം ലേഖികക്ക് തോന്നിയത്, നീരസമാണ്.
കുന്തിക്ക് വേണ്ടത് ദുശ്ശളയെ പൊതുഇടത്തിൽ അവഹേളിക്കണം ഈ വിചാരണ  വിദ്വേഷ പ്രേരിതമെന്നു വലിയവായിൽ ഒച്ച വക്കണം.

”ആരോപിതകുന്തിക്ക് സ്വയം പ്രതിരോധിക്കാൻ അവസരം കൊടുക്കാത്ത  ബോധധാര യായിരുന്നു ന്യായാധിപദുശ്ശളയുടെ കുറ്റപത്രിക എന്നൊന്നും ഇനി ‘ഹസ്തിനപുരി പത്രിക’യിൽ കൊട്ടാരം ലേഖിക എഴുതുകയില്ല.  കരുതാം. കരുതട്ടെ?
കിട്ടിയ സമ്മാനം ഒരുമിച്ചു വീതിച്ചെടുക്കുക എന്നാണോ നിങ്ങൾ പതിവായി മക്കളോട് പറയുക?  അതോ രാത്രി ഉണ്ണാൻ ചമ്രം പടിഞ്ഞു നിലത്തിരിക്കുന്ന മക്കളഞ്ചു പേർക്കും,  ഇരന്നു കിട്ടിയ അന്നം നിങ്ങൾ കൈ കൊണ്ട് വിളമ്പിക്കൊടുക്കലാണോ രീതി?”, ദുശ്ശള വിടാതെ പിടിച്ചു.

അവഹേളനപരമായ നോട്ടവും മൂളലും ആംഗ്യവും കൊണ്ട് ദുശ്ശള ഒരു നിമിഷം  വെറുക്കപ്പെട്ട കാഴ്ചവസ്തുവായി.  കൊട്ടാരം ലേഖിക മുഖം താഴ്ത്തി.

”ഞാൻ പറഞ്ഞു എന്ന് നിങ്ങൾ പറഞ്ഞുണ്ടാക്കുന്ന ചില വാക്കുകളിൽ കയറിപ്പിടിച്ചു കുറച്ചു നേരമായി എന്നെ നിങ്ങൾ തിരിച്ചും മറിച്ചും കുടയുന്നു. പാഞ്ചാലരാജധാനിയിലെ മത്സരപന്തലിൽ പോയ ബ്രാഹ്മണവേഷധാരി പാണ്ഡവർക്കെന്തു സമ്മാനം കിട്ടാനാണ്, ഭക്ഷണവും നാണയവും അല്ലാതെ? പട്ടിണി കിടന്നും അവമതി സഹിച്ചും ഭാവിയെ പറ്റി ഒരു പ്രതീക്ഷയുമില്ലാത്ത വിധവ, മടുപ്പോടെ എന്തോ മകനോട് പറഞ്ഞു എന്നൂഹിച്ചാൽ തീരില്ലേ നിങ്ങളുടെ നിലക്കാത്ത ഈ കുറ്റപത്രിക?. അഞ്ചു ആൺമക്കൾ ഊഴം വച്ച് പാഞ്ചാലിയുടെ കൂടെ കിടക്കണം  എന്ന് സ്ഥിരബുദ്ധിയുള്ള ഒരമ്മ പറയുമോ?. അഞ്ചു പേരും വേറെ വേറെ വിവാഹം കഴിച്ചാൽ അതിലൊന്നെങ്കിലും ഈ തള്ളക്കു ചാവാൻ കിടക്കുമ്പോൾ  കൂട്ടുണ്ടാവും എന്നല്ലേ അനാഥകൾ കരുതുക. എന്‍റെ ‘പിഴച്ച’ വാക്കുകൾ  പൊന്നുംവിലക്കെടുത്ത മൂത്ത മകൻ,  സ്വന്തമായി ഒരു പെണ്ണിനെ കണ്ടെത്താൻ മാത്രം കൊള്ളരുതാത്തവനാണോ? പാണ്ഡവർ അഞ്ചുപേരുടെ ആസ്വാദനരതിക്കു ഇത്രനാൾ  വഴങ്ങിക്കൊടുത്തിട്ടും രണ്ടുകൂട്ടരുടെയും ആരോഗ്യം മെച്ചപ്പെട്ടിട്ടല്ലേ ഉള്ളൂ. ഹസ്തിനപുരിയിലെ കുലീനസ്ത്രീകൾ അവളുടെ ചുറ്റും ആരാധനയോടെ നിന്ന്  സൗന്ദര്യപരിചരണത്തിൽ ഉപദേശം തേടുന്നത് നിങ്ങളും ഇതിനകം കണ്ടിട്ടുള്ളതല്ലേ. പെറ്റതള്ളയുടെ വാക്കുകൾ തള്ളിക്കളയാതെ ഒരലംഘനീയ ആജ്ഞ എന്ന നിലയിൽ മക്കൾ ആരെങ്കിലും സ്വാർത്ഥതക്കു വേണ്ടി ദുരുപയോഗം ചെയ്തിട്ടുണ്ടെങ്കിൽ അവരെ കൊണ്ടുവന്നു നിങ്ങൾ ചോദ്യം ചെയ്യൂ. വിധവയെ വഴിനീളെ കൂക്കി വിളിക്കുന്നതാണോ വനിതാവകാശ സുരക്ഷാസമിതിയുടെ വിനോദം?”

” നിങ്ങളുടെ മൂത്ത മകൻ യുധിഷ്ഠിരൻ വിവേകമുള്ള ആളാണെന്നു പ്രചരിക്കപ്പെടുന്നുണ്ട്. നിഷേധിക്കുന്നില്ല. അയാളുടെ സാക്ഷരതയെ കുറിച്ച് സംശയങ്ങൾ ഉണ്ടെങ്കിലും വാമൊഴിയിൽ മായം ചേർക്കാറില്ല എന്നു ഭീഷ്മരും വിദുരരും കൗരവരെ ബോധ്യപ്പെടുത്താറുണ്ട്.അയാളുടെ ”സമ്മാന” ചോദ്യം എങ്ങനെ തെറ്റിദ്ധാരണാജനകമാവും. ഓടിക്കിതച്ചു കൊണ്ടയാൾ കുടിലിൽ ഏകനായി ഇരച്ചു കയറി. വാസ്തവത്തിൽ ആ സമയത്തയാള്‍ അങ്ങനെ ചെയ്യാൻ പാടില്ല. പരിണയഭൂമികയിൽ പാഞ്ചാലരുമൊത്തു മംഗല്യകർമം പൂർത്തിയാക്കാൻ,  നകുലനെ വിട്ടു കുന്തിയെ കൂട്ടി കൊണ്ടുവരാൻ ഏർപ്പാട് ചെയ്യുകയാണ് അയാൾ ചെയ്യേണ്ടത് . ഒറ്റക്കോടിവന്നു അമ്മാ സമ്മാനം കിട്ടി എന്ന് പറയുന്നത് ഇളമുറപാണ്ഡവൻ സഹദേവനല്ല, മുതിർന്ന പാണ്ഡവൻ വിവേക യുധിഷ്ഠിരനാണ്. ‘അമ്മ വേഗം കുളിച്ചൊരുങ്ങി കൂടെ വരൂ അർജുനന്‍റെ മംഗലം ഇന്നാണ്” എന്ന് ഉത്തരവാദിത്വത്തോടെ തിരക്ക് കൂട്ടേണ്ടതിനു പകരം അയാൾ,  ‘സമ്മാന’പ്പൊതിയുടെ കാര്യം പറയുമെന്ന് വേണോ നാം വിചാരിക്കാൻ. വരൻ അർജുനന്‍റെ രക്ഷാകർത്താവല്ലേ അയാൾ?  അനുജന്‍റെ ഭാര്യയുടെ പായിൽ കിടക്കാൻ തെറ്റിധാരണ പരത്തുമോ. പന്തികേടുള്ള ആ വാക്കുകളിൽ നിങ്ങൾ വിരസത മാത്രം കണ്ടതിൽ അല്ലെ പന്തികേട്?”, ദുശ്ശളയുടെ വാക്കുകൾ ആ സാഹചര്യത്തെ കുന്തമുനയിൽ നിർത്തി.

‘പാഞ്ചാല കൊട്ടാരത്തിലെ പരിണയത്തിൽ നിങ്ങൾ പങ്കെടുത്തിട്ടുണ്ടോ? മത്സരം കഴിഞ്ഞു വിജയി ആരെന്നു പ്രഖ്യാപിച്ചപ്പോൾ എങ്ങനെ ആയിരുന്നു അവിടെ അന്തരീക്ഷം?. ഇതാ ഇതുപോലെ ഇരുണ്ട് മൂടി. പാഞ്ചാലിയെ മോഹിച്ചിറങ്ങിയ ആര്യാവർത്തരാജാക്കന്മാർ, (അതിൽ എന്‍റെ ജ്യേഷ്ഠന്‍റെ മകനും പെടും), അർജുനൻ മത്സരത്തിൽ ജയിച്ചതോടെ പിറുപിറുത്തു ഉടൻ ഇടം വിട്ടു. കുടുമയും പൂണൂലുമായി ചെന്ന അർദ്ധനഗ്ന അർജുനനും മറ്റു നാല് പാണ്ഡവരും ജയിച്ചപ്പോൾ തകർന്നത് ദുരഭിമാനി പാഞ്ചാലന്‍റെ ദുർബല ഹൃദയം. ആരാണ് നിങ്ങൾ, എവിടെ നിങ്ങളുടെ അച്ഛനും അമ്മയും എന്നൊന്നും പടിപടിയായി ചോദിച്ചറിയാനുള്ള സമനില പാഞ്ചാലനുണ്ടായിരുന്നോ?. ഗുരുകുലത്തിൽ കൂടെ പഠിച്ച ദരിദ്രദ്രോണർ പിൽക്കാലത്തു സഹായം തേടി പാഞ്ചാലനെ വന്നു കണ്ടു സങ്കടം പറഞ്ഞപ്പോൾ, ആളെ മനസ്സിലായില്ല എന്ന് നടിക്കാനുള്ള മനോബലം മാത്രമുള്ള പാഞ്ചാലൻ,  എങ്ങനെ പാഞ്ചാലീപരിണയം ഫലപ്രദമായി ചെയ്തു  ‘ഇവൻ ആളൊരു മിടുക്കൻ’ എന്നറിയപ്പെടും.
തോറ്റവർ ഉണ്ണാൻ നിൽക്കാതെ ഇടഞ്ഞു പടിയിറങ്ങിയ ആ മത്സരസഭ ഈ വിചാരണസഭ പോലെ അന്തം വിട്ടു നിൽക്കുകയാണ്. പ്രതികാര ബുദ്ധിയോടെ പാഞ്ചാലനെ തോൽപ്പിച്ചു, വരിഞ്ഞു  കെട്ടി തന്‍റെ മുമ്പിൽ ഗുരുദക്ഷിണയായി കൊണ്ട് വരാൻ അർജുനനെ ഏൽപ്പിച്ച ദ്രോണർ മാനം കെടുത്തി വിട്ട പാഞ്ചാലനെന്തുണ്ട് മേനി പറയാൻ?. വേഷം മാറി വന്ന പഞ്ചപാണ്ഡവരെ കണ്ടപ്പോൾ ഇവർ കൗന്തേയർ എന്ന് തിരിച്ചറിയാൻ ഉൾക്കണ്ണിന്‍റെ കാഴ്ചയൊന്നും വേണ്ട. അതൊക്കെ വച്ച് തന്നെയാവും  പാഞ്ചാലൻ മകളെ കന്യാദാനം ചെയ്തു സ്ഥലം വിട്ടത്.”, അവഹേളനപരമായി തോന്നാത്ത, വസ്തുതാപരമെന്നു തോന്നിപ്പിക്കുന്ന, നിർവികാര ശബ്ദത്തിൽ കുന്തി  പറഞ്ഞതൊക്കെ കാണികളിൽ ചിന്താകുഴപ്പമുണ്ടാക്കി എന്ന് വ്യക്തം. ആലോചനയിൽ  ആയിരുന്നില്ല സഭ, മൂകതയിൽ ആയിരുന്നു.

”പാഞ്ചാലൻ എതിർത്തില്ലേ, ഒന്നെടുത്താൽ നാല് ‘കൂടെക്കിടപ്പുകാർ’ സൗജന്യം തരാമെന്ന നിങ്ങളുടെ ഈ തകരാറുള്ള ദാമ്പത്യക്കരാർ?”, ദുശ്ശള വീണ്ടും പ്രകോപനസ്വരത്തിൽ ചോദിച്ചു

”നമ്മെ പോലെ യോനിജയല്ലിവൾ, യാഗാഗ്നിയിൽ നിന്നുയർന്ന പാഞ്ചാലി എന്ന്  കണ്ടവരോടെല്ലാം പൊങ്ങച്ചം പറഞ്ഞു നടന്ന പാഞ്ചാലൻ എന്തിനു ഖേദിക്കണം?  മകൾക്കു കിട്ടിയത് പ്രദർശനയോഗ്യരായ ദേവസന്തതികളെ ആണെന്ന, ആർക്കും കണ്ടാൽ ബോധ്യം വരുന്ന കാര്യം ഈ സഭയിൽ ഇരിക്കുന്നവരും ജാലകത്തിലൂടെ നോക്കിയാൽ  കാണാവുന്നതല്ലേ. കനത്ത മഴയിൽ കൗരവർ അരമനക്കകത്തു ചുരുണ്ടു കൂടി ഒളിച്ചിരിക്കു മ്പോൾ എന്‍റെ മക്കൾ ഉദ്യാനത്തിലെ വെള്ളക്കെട്ട് നീക്കാൻ ചാല് കീറുന്നത് നോക്കൂ. അവരത് ചെയ്തത് രാജസഭയിൽ വെള്ളം കയറാതിരിക്കാൻ. ഞാനും  പാഞ്ചാലിയും നനയാതിരിക്കാൻ. അതാണ് കരുതൽ. അതാണ് അഞ്ചു വിരലുകൾ മടക്കിയാൽ കാണുന്ന മുഷ്ടിയുടെ കൈകരുത്തു. കാലൻ മുതൽ അശ്വിനി ദേവതകൾ വരെ വായു മുതൽ ഇന്ദ്രൻ വരെ ഞങ്ങളുടെ വനാശ്രമത്തിൽ കാലമെത്ര ആകാശചാരികളായ അവർ രാത്രിയിൽ പാണ്ഡു ഉറങ്ങിയ നേരം വിശിഷ്ട അതിഥികളായി സൽക്കരിക്കപ്പെട്ടു. എന്‍റെയും മാദ്രിയുടെയും വനവാസക്കാല വിവാഹബാഹ്യജീവിതമായിരുന്നു, ഭൗതിക  ദാരിദ്ര്യത്തിലും സുവർണകാലമായി തോന്നുന്നത്, അഥവാ മാദ്രിയുടെ വാക്കുകളിൽ  സുരതകാലമായി തോന്നുന്നത്. ആകാശചാരികളുടെ അവിഹിത സന്തതികൾക്കു ഔദ്യോഗിക ദേവ സന്തതികളുടെ ആകർഷകക വ്യക്തിത്വമുണ്ടായിരുന്നു. അവരിൽ അംഗപരിമിതനോ,ഭിന്നശേഷിക്കാരനോ, മൂന്നാം ലിംഗക്കാരനോ ഉണ്ടെന്നു ഇതുവരെ പരാതി കിട്ടിയിട്ടില്ല. ഉണ്ടെങ്കിൽ ഉണ്ട് എന്ന് ഈ നിൽക്കുന്ന പാഞ്ചാലിയാണ് തുറന്നു പറയേണ്ടത്. എല്ലാവരെയും കൈകുലുക്കി  പാഞ്ചാലപുത്രൻ ധൃഷ്ടധ്യുമ്നൻ ഞങ്ങളുടെ കുടിലിൽ നിന്ന് തിരിച്ചു പോയി. . ഒറ്റനോട്ടത്തിൽ കാണാൻ പറ്റാഞ്ഞ ഒട്ടനവധി രഹസ്യങ്ങൾ ഉണ്ടല്ലേ എന്നോ മറ്റോ എന്നെ നോക്കി പുഞ്ചിരിച്ചു. കന്യാദാനം മാത്രം, പൊന്നും പശുവും ഒന്നും ഞങ്ങൾ വാങ്ങിയില്ല.
ഹസ്തിനപുരിയിലേക്കു പോവാൻ രഥവും സാരഥിയും തന്നു. സാരഥിയെ,  വന്ന രഥത്തിൽ തിരിച്ചയച്ചു. കൗരവരുടെ ഹസ്തിനപുരിയിൽ ഒത്തുപോകാനാവുന്നില്ലെങ്കിൽ  പാഞ്ചാലയിൽ അഞ്ചു ഗ്രാമം തരാമെന്നു പറഞ്ഞു. വേണ്ടെന്നു പറഞ്ഞപ്പോൾ ഇഷപ്പെട്ടൊരു വീട് തരാം എന്ന് പറഞ്ഞു, അതും വേണ്ടെന്നു പറഞ്ഞപ്പോൾ സൂചി കുത്താനൊരിടം പ്രതീക്ഷിക്കൂ എന്നുറപ്പു തന്നാണയാൾ  പിരിഞ്ഞത്”

”പാണ്ഡുവിന്‍റെ പ്രിയ രണ്ടാംഭാര്യ ആത്മഹത്യ ചെയ്തത് നിങ്ങളുടെ ഗാർഹിക  പീഡനത്തിന്‍റെ ഇരയെന്ന നിലയിൽ അവരനുഭവിച്ച നീണ്ടകാല വ്യഥ കൊണ്ടെന്നു  വിശ്വസിക്കുന്നവർ ഹസ്തിനപുരിയിൽ ഇല്ലേ.”,  ദുശ്ശള പ്രാർത്ഥന പോലെ ഇരുകൈകളും ചേർത്ത് സഹനം നടിച്ചു, ”കൂടെ കിടക്കാൻ നിങ്ങൾ മാത്രം പോരാ, ഇനിയൊരു യുവവധു കൂടി വേണം എന്ന് പാണ്ഡു ഉറച്ചപ്പോൾ നിങ്ങൾക്കു തോന്നിയ രോഷം മാദ്രി ചിതയിൽ കത്തി തീരും വരെ നിങ്ങൾ തുടർന്നു എന്നതല്ലേ ശരി?.  പാണ്ഡു മരിച്ചപ്പോൾ ചിതയിൽ ചാടേണ്ടത് മുതിർന്ന ഭാര്യ നിങ്ങളല്ലേ, പിന്നെ പാവം മാദ്രിയെ അതിൽ തള്ളിയിടാൻ എന്തുണ്ട് കാര്യം?”

” കുതിരപ്പന്തികളിലും വഴിയമ്പലങ്ങളിലും യാത്രികർ മദ്യപിച്ചു പറയുന്ന പരദൂഷണങ്ങൾ തെളിവായി നിങ്ങൾ ഇങ്ങനെ പൊതുവേദിയിൽ ഉച്ചരിക്കുന്നതിൽ നിന്നറിയാം ഈ വിചാരണയുടെ പിന്നിൽ കളിച്ച കൗരവരുടെ ഗൂഢ ലക്‌ഷ്യം . മുൻവിധികൾ നിറഞ്ഞ നിങ്ങളുടെ വിചാരണമുറിയിൽ, ആരോപിതയുടെ വിശദീകരണങ്ങൾ ചവിട്ടി മെതിക്കാൻ നിങ്ങൾ നിന്ന് തുള്ളുന്നു. എന്ത് കൊണ്ട് ജയദ്രഥൻ നിങ്ങളെ തള്ളി നീക്കി അയാളുടെ അയഞ്ഞ രതിജീവിതം മുന്നോട്ടു കൊണ്ടുപോവുന്നു എന്നാണു നിങ്ങൾ ഒറ്റക്കിരുന്നു മനനം ചെയ്യേണ്ടത്.മാദ്രിയെ കീഴ്പ്പെടുത്താൻ ശ്രമിച്ച ഷണ്ഡൻപാണ്ഡു അപമാനഭാരത്തിൽ തകർന്നു നെഞ്ച് പൊട്ടി മരിച്ചതിനു ആ ഒറ്റമുറിയിൽ വെറും നിലത്തു പായ വിരിച്ചു കിടന്ന ഞാനും അഞ്ചു പാണ്ഡവക്കുട്ടികളും സാക്ഷി. ശാപഗ്രസ്ത പാണ്ഡുവിന്‍റെ നാശത്തിനു കാരണം മാദ്രിയുടെ ലൈംഗിക പ്രലോഭനമെന്നു സന്യസ്ഥർ വിധിയെഴുതി അവൾ ആ ദുർമരണത്തിന്‍റെ പാപം ചുമന്നു ചിതയിൽ ദഹിക്കണം. അവൾ ദഹിച്ചു”

”മാദ്രിയെ മരിക്കാൻ പ്രേരിപ്പിച്ചത് അവളുടെ കുത്തുന്ന മന:സാക്ഷിയെന്നു പറഞ്ഞാൽ ആ പാവം സന്യസ്ഥരെ പ്രതിക്കൂട്ടിൽ നിന്ന് നീക്കിക്കൂടെ? ശാപഗ്രസ്ത ഭർത്താവ്  പാണ്ഡുവിനെ പ്രലോഭിപ്പിച്ചു ദുർമരണത്തിനു വഴിയൊരുക്കിയ ആ നീച മനം മടുത്തു ചിതയിൽ ചാടി ആത്മഹത്യ ചെയ്തതിന്‍റെ ഉത്തരവാദിത്വം അവളിൽ തന്നെ അടിച്ചേൽപ്പിക്കൂ. ആരും കുറ്റം ഏറ്റുപറഞ്ഞു പശ്ചാത്തപിക്കരുത്, നിഷേധിച്ചും തർക്കിച്ചും,  കുറ്റം മറ്റുള്ളവരുടെ എന്ന് ആവർത്തിച്ചു വ്യക്തമാക്കണം. ചെങ്കോൽ അന്ധജ്യേഷ്ഠനെ ഏൽപ്പിച്ചു പാണ്ഡു നാട് വിടുമ്പോൾ കൂടെ മാദ്രി മാത്രം മതി എന്ന് വ്യക്തമായി പറഞ്ഞതല്ലേ. ഞാനും വരാം, വീടുപണിക്ക് ആളെ വേണ്ടതല്ലേ എന്ന് പറഞ്ഞു നിങ്ങൾ ധൃതിയിൽ കൂടെ ഇറങ്ങിയത് കണ്ട ചിലർ ഇന്നും ഈ നഗരത്തിൽ സ്മൃതിനാശമില്ലാതെ ജീവിച്ചിരിപ്പുണ്ട്.”,  ദുശ്ശള വൈവിധ്യ സ്വരങ്ങളിൽ സംസാരിച്ചു .

”കാണാൻ കൊള്ളാവുന്ന യുവപാണ്ഡുവുമൊത്തു ഹസ്തിനപുരി മഹാറാണിയായി  ഞാൻ പൊതുവേദിയിൽ ജനസമ്മതിയോടെ ജീവിച്ചത് നിങ്ങളൊക്കെ ജനിക്കും മുമ്പായിരുന്നു. പാണ്ഡുവിന്‍റെ പരിഹാരമില്ലാത്ത ലൈംഗികപരിമിതി കിടപ്പറയിൽ ഭയാനകമായി തോന്നിയപ്പോൾ,  ആ ദുഃഖിതനു മുമ്പിൽ ഞാനൊരു രഹസ്യനിർദേശം വച്ചു. എന്‍റെ യാദവശാരീരികത അയാളെ ഉത്തേജിപ്പിക്കുന്നില്ലെങ്കിൽ ഒരാര്യവംശജയെ കണ്ടെത്തൂ.  അങ്ങനെ നിങ്ങളുടെ ‘അമ്മ ഗാന്ധാരയുടെ തെക്കൻ ഭാഗത്തുള്ള മാദ്രയിൽ നിന്നൊരു സുന്ദരികുട്ടിയെ പുതിയ ഇണയായി കൊണ്ടുവന്നു. മഹാറാണിയെ മാനിച്ച അവൾ ഉപചാരപൂർവം എന്നും രാവിലെ എന്‍റെ കാൽ തൊട്ടു വന്ദിക്കുന്നതിനു പുറമെ, ആജ്ഞാനുവർത്തിയായി. ചെങ്കോൽ ഉപേക്ഷിച്ചു പാണ്ഡു കാട്ടിൽ പോയപ്പോൾ, മാദ്രി എന്നോടൊപ്പം വന്നു വനാശ്രമത്തിൽ വീട്ടുപണി ചെയ്തു. ദുർവാസാവ് തന്ന പ്രലോഭനമന്ത്രങ്ങൾ വഴി ആകാശചാരികളുമായി ഞാൻ  അവിഹിത രതിയിൽ  ഏർപ്പെടുമ്പോൾ,  അവൾ കൗതുകത്തോടെ എല്ലാം നോക്കി അടുത്തൊരു പായിൽ കിടന്നു. ആഹ്ലാദാരതി കഴിഞ്ഞാൽ പ്രജനനരതി തുടങ്ങൂ,  നവജാതശിശുക്കളെ ഞാൻ പരിപാലിക്കാം എന്നവൾ ഉറപ്പു തന്നശേഷം മൂന്നു ദൈവമക്കളിൽ നിന്ന് ഞാൻ മനുഷ്യഗർഭം ധരിച്ചു. കാലൻ വായു ഇന്ദ്രൻ എന്നാണെന്നു തോന്നുന്നു അവർ അറിയപ്പെടുന്നത്. എന്‍റെയരികെ വരുമ്പോൾ അവരുടെ മുഖത്തും പെരുമാറ്റത്തിലും കണ്ടത് മനുഷ്യസ്ത്രീമാംസത്തോടുള്ള ആർത്തി മാത്രം. ദേവലോകത്തു ജീവിക്കുന്നവരുടെ രതിദാരിദ്ര്യം തീർക്കാൻ ഈ യാദവസ്ത്രീ തന്നെ വേണം  എന്ന തിരിച്ചറിവിൽ യാദവഅഭിമാനം ജ്വലിച്ചു. പിന്നെ പിന്നെയാണ് മാദ്രി അവളുടെ കാമനയുടെ കദനകഥ പറഞ്ഞു കരഞ്ഞത്. പാണ്ഡു അവളിലും ഉണരാതെ പായിൽ ഓരോ രാത്രിയിലും ഏങ്ങിക്കരയുന്നു. വിവാഹബാഹ്യബന്ധത്തിന് ഒരു പ്രലോഭനമന്ത്രം എനിക്കും തരൂ എന്നവൾ എന്‍റെ കാലിൽ വീണു കെഞ്ചി. ഞാൻ കനിഞ്ഞു നൽകിയ ആ കാമമന്ത്രം ഫലിച്ചു. അശ്വിനിദേവതകൾ എന്നൊരു ഇരട്ട ദേവത,  അവളെ മാറി മാറി മികവോടെ ഭോഗിച്ചു നകുലനും സഹദേവനും  പിറന്നു.  പാണ്ഡുവിന്‍റെ സഹശയനമില്ലാതെ, അയാളുടെ പൂർണ സഹകരണത്തോടെ ഞങ്ങൾ രണ്ടു പേരും അഞ്ചു ആണ്മക്കളുടെ അമ്മമാരായി. പാണ്ഡവർ എന്നറിയപ്പെടട്ടെ എന്ന് വളർത്തച്ഛൻ പാണ്ഡു ഔദ്യോഗികമായി അംഗീകരിച്ചു.”

”ഒറ്റമുറി വനാശ്രമത്തിലെ സ്ഥലപരിമിതികളിൽ ഈ പരപുരുഷന്മാർ, അവർ  ആകാശചാരികളോ ഭൂവാസികളോ ആകട്ടെ, നിങ്ങൾ രണ്ടുപേരുമായി വർഷങ്ങളോളം  ആഹ്ലാദാരതിയിൽ പങ്കുചേരുമ്പോൾ,  അവിടെയുള്ള ആ  ‘ഇനിയും മരിച്ചിട്ടില്ലാത്ത മനുഷ്യജീവി’ പാണ്ഡു, തലയ്ക്കു പിന്നിൽ കൈകൾ കോർത്ത് തൊട്ടടുത്തെ പായിൽ കണ്ണ് മിഴിച്ചും അടച്ചും ഉറങ്ങാതെ ദാർശനികമായ ഉൾക്കരുത്തോടെ മലർന്നു കിടന്നു എന്നാണോ ധരിക്കേണ്ടത്, അതോ പുറത്തു പോയി പ്രകൃത്യാതീത ശക്തികളുമായി ഒച്ചവച്ചു വഴക്കിട്ടു എന്നാണോ ?”,  ഉച്ചാരണസവിശേഷതയോടെ ദുശ്ശള കുന്തിയെ നിന്ദിച്ചു

”ക്ഷണിക്കപ്പെട്ട അതിഥികളെ ദേവൻ എന്ന്  കരുതി രാവോളം ആദരിക്കുന്ന എനിക്ക് പിടിപ്പുകേടിന്‍റെ പര്യായമായ പാണ്ഡുവിന്‍റെ മുഖാരവിന്ദം നോക്കാൻ എവിടെ സമയം?. അങ്ങനെ പതിവ് രതിക്കാഴ്ച വഴിയെങ്കിലും പാണ്ഡുകാമന ബലം പിടിക്കുമെന്നു കരുതിയ ഞങ്ങൾ പെണ്ണുങ്ങൾ രണ്ടുപേർക്കും തെറ്റി. മൊത്തം ആരോഗ്യം ക്ഷയിച്ച പാണ്ഡുവിന് കയർ പൊട്ടിച്ചോടുന്ന ഭാര്യമാർ ഒരു വെല്ലുവിളിയായി”

കുന്തിയുടെ  വാക്കുകളെയല്ല കുലീനമായ ഉച്ചാരണരീതിയെയാണ് സഭ മതിപ്പോടെ  മുഖവിലക്കെടുത്തത് ഏന്നു കൊട്ടാരം ലേഖികക്ക് തോന്നി. എഴുതി വായിച്ചാൽ ആ വാക്കുകൾ  എന്തർത്ഥം പെട്ടെന്ന് തരുമോ അതിൽ നിന്ന് വ്യത്യസ്തമായി,
സത്‌സംഗത്തിന്‍റെ  സുവിശേഷരീതിയിലാണ് കുന്തി അവളുടെ രതിപരീക്ഷണങ്ങൾ സഭയിൽ മറയില്ലാതെ അവതരിപ്പിച്ചത്. ദുശ്ശളക്കത്ര രസിക്കുന്നില്ല . എന്തൊക്കെ കുന്തി സ്വന്തം കിടപ്പറചെയ്തികളെ കുറിച്ച് തുറന്നു പറയുമ്പോഴും സഭ അവളെ നോക്കുന്നത് ചാരിത്രവതി എന്ന പ്രതിച്ഛായയിലാണ്.

”പാണ്ഡുവിന്‍റെ ആകസ്‌മിക മരണം മുനിശാപജന്യമല്ല പിഴച്ച രണ്ടു പെണ്ണുങ്ങളുടെ വഴിവിട്ട അവിഹിത സാഹസങ്ങളിൽ ഇടനെഞ്ഞു തകർന്നാണെന്ന വിവരം എന്നോ കൗരവ അന്തഃപുരത്തിൽ അലഞ്ഞു നടന്നിരുന്നു. ചാരനോട്ടം അന്നും കാര്യക്ഷമം. ഈ ഇരിക്കുന്ന കൊട്ടാരം ലേഖികയുടെ അമ്മമ്മയാണന്നു കൊട്ടാരം ലേഖിക, അതോ അമ്മയോ?” ദുശ്ശള വിരൽ ചൂണ്ടി വക്രമായി പുഞ്ചിരിച്ചു

”ഒരുമ്പെട്ട രണ്ടു സുന്ദരിപ്പെണ്ണുങ്ങൾ പ്രകോപനപരമായ ദൃശ്യചാരുതയോടെ അപരിചിത പുരുഷരുമൊത്തു ആസ്വാദനരതിയിൽ ഏർപ്പെടുന്നതിനു സാക്ഷിയാകേണ്ടി വന്ന ആ പരാജിതപാണ്ഡുവിന്‍റെ മരണം ഒരു ദിവസം പോലും ഇനി വൈകരുത് എന്നായിരുന്നു അക്കാലം എന്നെക്കാൾ ധീരമായി കൊട്ടാരജീവിതം നിരീക്ഷിച്ച അന്നത്തെ കൊട്ടാരം ലേഖിക, (സ്തുതിക്കപ്പെടട്ടെ എന്‍റെ പ്രിയ അമ്മമ്മ), എന്‍റെ അമ്മയോട് പറഞ്ഞത്. ലൈംഗികശേഷി എന്നത് കുട്ടികളെ ഉണ്ടാക്കാൻ മാത്രമല്ല,  ദാമ്പത്യം പരുക്കേൽക്കാതെ നിലനിർത്താനും വേണമെന്ന് ആ ഹതഭാഗ്യൻ അറിഞ്ഞില്ല. ഇത്തരം കൊള്ളരുതാത്ത ആത്മാവുകൾ ഒന്നും രണ്ടുമല്ല കുരുവംശത്തിൽ ജനിച്ചു വളരാൻ ഇടം നേടിയത്. കൗരവരുടെ ഏകപത്നീവ്രതം വേറെ എന്തോ കുടുംബ അശ്ലീലത ഒളിപ്പിച്ചു വക്കാനുള്ള സദാചാരമറ മാത്രമെന്ന് പറഞ്ഞ ചാർവാകനെ ഞങ്ങൾ പിന്നെ കണ്ടത് ഓവുചാലിൽ ബോധം കെട്ടു കിടക്കുന്നതാണ്. നാം പറയുന്നതൊക്കെ ആരൊക്കെയോ ശ്രദ്ധിക്കുന്നു എന്നല്ലേ അർഥം. തുടർജീവിതം അനാവശ്യമെന്നു തിരിച്ചറിഞ്ഞ പാണ്ഡുവിന്‍റെ   മരണം സ്വച്ഛന്ദമൃത്യു എന്ന നിലയിൽ കാണാനാണ് ഞങ്ങൾ ശ്രമിക്കുക. മുനിശാപം ശരിക്കും അയാൾക്ക് വരപ്രസാദമായിരുന്നു”, സാവധാനം എഴുനേറ്റു നിന്ന് സഭയെ വണങ്ങി സ്വയം വസ്തുതാപരമായി പരിചയപ്പെടുത്തി കൃത്യം വാക്കുകൾ ആയാസരഹിതമായി പറഞ്ഞശേഷം  കൊട്ടാരം ലേഖിക നിലത്തു ചമ്രം പടിഞ്ഞിരുന്നു.

”പത്രപ്രവർത്തകരുടെ കേട്ടുകേൾവി എവിടെ, വിചാരണയിൽ വേണ്ട നേർ സാക്ഷിമൊഴി  എവിടെ. കുന്തിയോടൊന്നു ഞാൻ ചോദിക്കട്ടെ, ക്ഷണിക്കപ്പെട്ട പരപുരുഷരെ മന്ത്രം ജപിച്ചു പ്രലോഭിപ്പിച്ചു വീട്ടിൽ വരുത്തി ഇണ ചേർന്ന് കുട്ടികളുണ്ടായി എന്ന് നിങ്ങൾ പലപ്പോഴും പറയുന്നുണ്ട് . ക്ഷണിതാക്കൾ ആകാശചാരികൾ എന്നും പരാമർശിക്കപ്പെടുന്ന. എന്നാൽ ആധികാരിക കൗരവ ചാരവിവരമനുസരിച്ചു നിങ്ങൾ രണ്ടു സ്ത്രീകളും കുളിച്ചുടു ത്തൊരുങ്ങി മുല്ല ചൂടി പുറത്തു പോയാൽ വൈകിയേ തിരിച്ചുവരൂ. എത്രയുണ്ട് ഇതിലെ വസ്തുത?”

”പാണ്ഡവരുടെ പിതൃത്വത്തെ നിങ്ങൾ ഈ വിധം മലിനപ്പെടുത്തുകയാണോ?”  ദുരഭിമാനത്തിനു മാത്രം മുഖത്ത് കൊണ്ടുവരാനാവുന്ന മുറിപ്പെട്ട വികാരത്തോടെ കുന്തി ചോദിച്ചു. ദുശ്ശളയെ നോക്കിയല്ല,  സഭയെ. എന്നാൽ സഭ ദുശ്ശളയുടെ മറുപടിക്കായി കാത്തു.

” കാലൻ വായു ഇന്ദ്രൻ അശ്വിനി ദേവതകൾ എന്നൊക്കെ ആവർത്തിച്ചു നിങ്ങൾ  കുറച്ചുകാലമായി കൗരവരെ പേടിപ്പിക്കുന്നു. ഭീമൻ ആരുടെ മകനാണ്, കാലൻ ആരുടെ  അച്ഛനാണ് എന്നൊന്നും നിശ്ചയമില്ലാത്തവരിൽ കൗരവർ ചിലരുണ്ട്. അവരുടെ സംശയം വെറുതെയല്ല. കൗരവർക്കമ്മയും അച്ഛനും ഓരോന്ന്. കുന്തിയും മാദ്രിയും കുളിച്ചു ശുദ്ധമായി ഉച്ചരിച്ച മന്ത്രം കേട്ട് മയങ്ങി,  മേഘമാലകളിലൂടെ ഊർന്നിറങ്ങി വനാശ്രമത്തിൽ ആരോരുമറിയാതെ കയറി,  പാണ്ഡുവിനെ അഭിവാദ്യം ചെയ്ത് നേരിട്ട് വിഷയത്തിലേക്കു ഈ ആകാശചാരികൾ പ്രവേശിച്ചു എന്നാണോ ഞങ്ങൾ വായിച്ചെടുക്കേണ്ടത്?, അതോ, സാധാരണ ഹസ്തിനപുരി മനുഷ്യരെ പോലെ ചൂരും ചൂടുമുള്ള മനുഷ്യർ മാത്രമോ?”,  സഭയെ നോക്കി ഒരു സാധാരണ പൗരയെ പോലെ ദുശ്ശള സംശയിച്ചു

”പെണ്ണവകാശങ്ങളെ പറ്റി ആരെങ്കിലും പറഞ്ഞുതന്നിട്ടാണോ നിങ്ങൾ കിടപ്പറയിൽ  സ്വാതന്ത്ര്യം പ്രഖ്യാപിച്ചു ഭർത്താവിനെ മൂലയിൽ കിടത്തി പരപുരുഷന്മാരുമായി  ഇണചേർന്ന് മക്കളെ ഉണ്ടാക്കിയത്. ആണിന് വിരിച്ചു കിടക്കാൻ കൊല്ലങ്ങളായി നിങ്ങൾ പൊടി തട്ടി വിരിച്ചു കൊടുത്ത പായയും ഉടുതുണിയും ഓർമ്മച്ചെപ്പുമൊക്കെ ചിതയിൽ എറിഞ്ഞു,  തോളിൽ ചുമക്കേണ്ട ഭാരം കുറച്ചു. പാടുപെട്ടു കൗരവഭൂമികയിൽ പതറാതെ മക്കളെ വളർത്തി. പാണ്ഡുവിന്‍റെ മഹാറാണിയിൽ നിന്ന് ജീവിതാവസ്ഥ ഭിക്ഷക്കാരി യിലേക്കു മാറിയിട്ടും, പാണ്ഡവർക്ക് വേണ്ടപ്പെട്ട അമ്മയായി. ഭൗതികസമൃദ്ധിയില്ലെങ്കിലും മക്കൾ അഞ്ചുപേരെയും പാഞ്ചാലിക്കു ഇഷ്ടദാനമായി സമ്മാനിച്ചു. അതിനു പറ്റിയൊരു കഥ മെനഞ്ഞു ജനങ്ങളെ ബോധ്യപ്പെടുത്താനൊരുങ്ങി. ഇനിയുമുണ്ടാവും  സ്വാതന്ത്ര്യപ്രഖ്യാപനത്തിനു ഇതിഹാസ മുഹൂർത്തങ്ങൾ.  ഇനിയുമുണ്ടാവും,  പാഞ്ചാലിക്കു പരാതി പറയാൻ പ്രതികൂല ജീവിത സാഹചര്യങ്ങൾ. നിങ്ങൾ ശ്രദ്ധിച്ചുവോ, പെരുമഴ നിന്ന് മാനം തെളിഞ്ഞു. പ്രാതൽ കഴിച്ച ഓർമ തന്നെ പോയി. ഉച്ചഭക്ഷണത്തിനു നേരമായി. ഇനി ഈ സഭയിലെ പെൺശക്തിയുടെ പ്രവാഹം കൊട്ടാരം ഊട്ടുപുരയിലേക്കു തിരിയട്ടെ. . രണ്ടായി തിരിയണം, കാളയിറച്ചി പൊരിച്ചതും ഗോതമ്പ് ഭക്ഷണവും ഒരു വശത്തു, മറുവശത്തു തൈരും അരിഭക്ഷണവും.”

”അപ്പോൾ,  കിടപ്പറയിലേക്ക് അഞ്ചു സഹോദരന്മാരെ ഏകപക്ഷീയമായി തള്ളിയിട്ടു  പാഞ്ചാലിയുടെ ദാമ്പത്യം ഭീതിദമാക്കിയ ഭർത്തൃമാതാവ് കുന്തിയെ നിയമത്തിന്‍റെ മുമ്പിൽ കൊണ്ടുവന്നു കുരുവംശത്തിന്‍റെ പെൺ ലിംഗനീതി ഉറപ്പാക്കാനുള്ള ദുശ്ശളയുടെ നിശ്ചയദാർഢ്യം?” കൊട്ടാരം ലേഖിക ചൂണ്ടുവിരൽ ഉയർത്തി

”വിചാരണ കഴിഞ്ഞില്ല, വാദം തുടരും”

പുറത്തെ വെയിൽ വീണ കൊട്ടാര ഉദ്യാനത്തിൽ അപ്പോഴും ഒഴുകിയിരുന്ന നീർച്ചാലിലേക്കു ദുശ്ശള കൗതുകത്തോടെ നോക്കി ആഡംബര ശരീരഭാഷയോടെ വേദിയിൽ നിന്നിറങ്ങി. പാഞ്ചാലിയും കുന്തിയും അവരവരുടെ മുഖം തെളിച്ചിരുന്ന കൂറ്റൻ നിലവിളക്കുകളിലെ തിരികൾ ഊതിക്കെടുത്തി

Comments
Print Friendly, PDF & Email

കഥാകൃത്ത്, നോവലിസ്റ്റ്. ജലം ,ഒരു സംഘം അഭയാർത്ഥികൾ, കൃഷ്‌ണഗന്ധകജ്ജ്വാലകൾ, ചേലക്കരയുടെ അതീതസ്വപ്‌നങ്ങൾ,മാനാഞ്ചിറയിലെ പൊട്ടിച്ചിരിക്കുന്ന പത്രാധിപര്‍, ജനമേജയന്റെ ജിജ്ഞാസ, ഇന്നത്തെ അതിഥി അതീതശക്തി, തിരഞ്ഞെടുത്ത കഥകള്‍ എന്നിവ പ്രധാനകൃതികൾ

You may also like