പൂമുഖം LITERATURE അത്രമേൽ നിന്നെ…

അത്രമേൽ നിന്നെ…

 

‘മിസ് യു ഡിയർ’ എന്ന്
നീ പറയുമ്പോൾ
ഇരുട്ടിനെ പുണർന്നുറങ്ങിയിരുന്ന നിലാവ്
കണ്ണുചിമ്മി എഴുന്നേല്‍ക്കുന്നു.
മുറ്റത്തെ നന്ത്യാർവട്ടം
ആകെ നിറഞ്ഞ് വെള്ളക്കടൽ ആവുന്നു.
അടുക്കളയിലെ പാത്രങ്ങളിൽ
ഇഷ്ടങ്ങൾ മധുരം കുടയുന്നു.
അലമാരയിലെ തുണിയടുക്കുകളിൽ നിന്നും
പൂമ്പാറ്റകൾ പാറി വരുന്നു.
നിറങ്ങളിലെ ചോപ്പുകൾ
നെറ്റിയുടെ വീതി കുറയ്ക്കുന്നു.
കൺമഷിച്ചെപ്പ് കണ്ണാടിയിലേക്ക്
വീണ്ടും പാളുന്നു.
പിന്നെ,
വേഗം കുറയ്ക്കാതെത്തന്നെ
ഞാൻ എന്ന സൈക്കിൾ
വഴികളിൽ,
തൊടികളിൽ,
ചിറകളിൽ,
കൈവിട്ടു പറക്കുന്നു…

Comments

തൃശ്ശൂർ ജില്ലയിലെ വലപ്പാട് സ്വദേശം. മത്സ്യഫെഡിന്റെ തൃശ്ശൂർ ജില്ലാ ഓഫീസിൽ ജോലി ചെയ്യുന്നു.

You may also like