പൂമുഖം OPINION ശ്രീനാരായണഗുരുവിന്റെ ദാർശനിക പരീക്ഷണങ്ങളും കേരള നവോത്ഥാനവും

ശ്രീനാരായണഗുരുവിന്റെ ദാർശനിക പരീക്ഷണങ്ങളും കേരള നവോത്ഥാനവും" എന്ന വിഷയത്തിൽ മലയാളനാട് വാരിക ഷാർജ ഇന്ത്യൻ അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച യു എ ഇ മലയാള നാട് ഗ്രാമികയിൽ നടത്തിയ പ്രസംഗം : ശ്രീനാരായണഗുരുവിന്റെ ദാർശനിക പരീക്ഷണങ്ങളും കേരള നവോത്ഥാനവും

ുരു സന്യാസിയായിരുന്നു. നമ്മളീ സന്യാസത്തെക്കുറിച്ച് ആലോചിക്കുമ്പോൾ സന്യാസം എന്താണു എന്ന് ആലോചിക്കണം. സന്യാസത്തെ നമുക്ക് ആത്മം എന്നും അപരം എന്നും തരം തിരിക്കാം. ഹിന്ദുമതത്തിലും ക്രിസ്ത്യാനികളിലും മുസ്ലീങ്ങളിലും സന്യാസിമാരുണ്ട്. ആത്മത്തിന്റെ കാര്യം പറയുകയാണെങ്കിൽ – പലരും സന്യസിക്കുന്നത് മോക്ഷം കിട്ടാനാണു. ദൈവത്തിൽ അലിഞ്ഞുചേരാൻ, അല്ലെങ്കിൽ സ്വർഗ്ഗത്തിൽ പോകാൻ, പരമമായ നിർവ്വാണത്തിനു. ഈ മോക്ഷം എന്നത് സ്വാർത്ഥമായ, സ്വന്തം സുഖത്തിനെ മാത്രം ലക്ഷ്യമാക്കുന്ന ഒരു കാര്യമാണു. മറ്റുള്ളവർക്ക് ഗുണമുണ്ടാകാതെ ഹിമാലയത്തിലോ മറ്റോ പോയി കഠിനമായി സന്യസിച്ച് അവിടെത്തന്നെ മരിച്ചുപോകുന്ന ഒരു സന്യാസിയുടെ സന്യാസം മോശമാണെന്നല്ല, അതൊരു സ്വാർത്ഥ പ്രവൃത്തിയാണെന്നാണു പറഞ്ഞുവരുന്നത്.

മറ്റൊരു വിധം സന്യാസമുണ്ട് – സ്വന്തം സ്വർഗ്ഗപ്രാപ്തിയെക്കാൾ സമൂഹത്തിലെ അനീതികൾക്കെതിരെ പ്രതികരിക്കാൻ, കഷ്ടപ്പെടുന്ന മനുഷ്യരുടെ ഇടയിൽ പ്രവർത്തിക്കാൻ താല്പര്യം കാണിക്കുന്ന സന്യാസികൾ. ചിലർ പുസ്തകങ്ങളെഴുതുന്നു, സ്വന്തം തത്വചിന്തകൾ എഴുതുന്നു. ശ്രീനാരായണഗുരു അതിനും പുറമേ താൻ ജീവിച്ച സമൂഹത്തിൽ ഇറങ്ങി ഇടപെട്ട് ആ സമൂഹത്തെ ഉദ്ധരിച്ച ആളാണു. തത്വചിന്തയും സന്യാസവും മാത്രമായിട്ട് ഇരിക്കാതെ കളത്തിൽ ഇറങ്ങിക്കളിച്ച ആളാണു. ഇതുകൊണ്ടാണു ശ്രീനാരായണഗുരുവും ഗുരുവിന്റെ ദാർശനികതയും നവോത്ഥാനത്തിൽ പ്രസക്തമാകുന്നത്.

ശ്രീനാരായണഗുരു സംസ്കൃത പഠനം കഴിഞ്ഞ്, അഷ്ടാംഗഹൃദയവും ഹൃദിസ്ഥമാക്കി, അരുവിപ്പുറത്ത് ശിവപ്രതിഷ്ഠയും നടത്തി അവിടെ കഴിഞ്ഞ സന്യാസിയാണു. ജാതിയും മതവും ഇല്ലാതെ മനുഷ്യർ ജീവിക്കുന്ന സ്ഥലമാണിത് എന്ന് എഴുതിവെച്ച് അവിടെ ഒരു വലിയ അനുചരവൃന്ദവുമായി, വാവൂട്ട് യോഗം എന്ന സംഘടനയും സ്ഥാപിച്ച് ഏകദേശം ആത്മീയ ജീവിതം നയിച്ച വ്യക്തിയാണു. ഗുരു എങ്ങനെ നവോത്ഥാനത്തിൽ ഇടപെട്ടു എന്ന് നോക്കണമെങ്കിൽ കേരളത്തിന്റെ നവോത്ഥാന ചരിത്രം നോക്കണം.

കേരള നവോത്ഥാനം ശ്രീനാരായണഗുരുവിൽ തുടങ്ങിയതല്ല. വലിയരീതിയിൽ അടിമവ്യവസ്ഥ നിലനിന്ന കേരളത്തിൽ നവോത്ഥാനം കടന്നുവരുന്നത് പറങ്കികളുടെയും ലന്തക്കാരുടെയും പിന്നെ ബ്രിട്ടീഷുകാരുടെയും വരവോടെയാണു. അവർ പഠിപ്പിച്ച ആളുകളാണു നവോത്ഥാനം തുടങ്ങുന്നത്. പത്തൊൻപതാം നൂറ്റാണ്ടുവരെ അടിമകളായി മനുഷ്യരെ വിറ്റിരുന്ന സ്ഥലമാണു കേരളം. പല ക്ഷേത്രങ്ങളും ക്രിസ്ത്യൻ പള്ളികളും വരെ അടിമച്ചന്തകളായിരുന്നു. 1840-1850 കളിൽ തിരുവിതാംകൂറിലും കൊച്ചിയിലും അടിമത്ത നിരോധന നിയമം വരുമ്പോൾ തിരുവിതാംകൂർ രാജാവ് തന്നെ ആറായിരം ബാല അടിമകളെയാണു സ്വതന്ത്രരാക്കിയത്. അപ്പോൾ തോട്ടങ്ങളിലും വയലുകളിലും ജോലിചെയ്തിരുന്ന അടിമകളുടെ എണ്ണം ഊഹിക്കാവുന്നതേയുള്ളൂ. അതുകഴിഞ്ഞിട്ടും രാജകാര്യങ്ങൾക്കായി കാശുകൊടുക്കാതെ നിർബന്ധിതമായി പണിയെടുപ്പിക്കുന്ന ‘ഊഴിയം വേല’ തുടർന്ന സ്ഥലമാണു. ഊഴിയം വേലയ്ക്ക് നിർബന്ധിച്ച് പിടിച്ചുകൊണ്ടുവരുന്നവർക്ക് നിലത്ത് കുഴികുത്തി അതിൽ കഞ്ഞിവീഴ്‌ത്തിക്കൊടുക്കും.
നമ്മൾ സഹോദരനയ്യപ്പൻ പന്തിഭോജനം നടത്തി എന്ന് പഠിക്കുന്നു. അതിനും പത്തെഴുപത്തഞ്ച് വർഷങ്ങൾക്ക് മുൻപ് വൈകുണ്ഠസ്വാമി പന്തിഭോജനം നടത്തി. വൈകുണ്ഠസ്വാമിയുടെ പതികളിൽ മനുഷ്യർക്ക് ജാതി നോക്കാതെ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കാമായിരുന്നു. അയിത്തജാതിക്കാർ കയറാതിരിക്കാൻ ശുചീന്ദ്രം ക്ഷേത്രത്തിനു ചുറ്റും കെട്ടിയ കയറിൽ വൈകുണ്ഠസ്വാമി പതിനെട്ട് വിവിധജാതികളിൽ നിന്നുള്ള
ആളുകളെയും കൂട്ടി കയറിപ്പിടിച്ചു. നമ്മൾ സംഗീതസാമ്രാട്ടായി മാത്രം അറിയുന്ന സ്വാതിതിരുന്നാൾ വൈകുണ്ഠസ്വാമിയെ എഴുപത് ദിവസം ജയിലിലിട്ടു. ക്രിസ്ത്യൻ മതത്തിലേക്ക് മതപരിവർത്തനം ചെയ്ത ചാന്നാർ സ്ത്രീകൾക്ക് മാറുമറയ്ക്കാം, പക്ഷേ ഹിന്ദു ചാന്നാട്ടികൾക്ക് മാറുമറയ്ക്കാൻ പറ്റില്ല എന്ന സ്ഥിതി വന്നു. ഇതിനെതിരെ ചാന്നാർ സ്ത്രീകൾ ലഹളനടത്തി വസ്ത്രം ധരിക്കാനുള്ള അവകാശം പിടിച്ചെടുത്തു. തിരുവിതാംകൂറിലും കൊച്ചിയിലും അടിമത്തം നിരോധിച്ചു. പിന്നാലെ ഊഴിയം വേല നിരോധിച്ചു. ക്രിസ്ത്യൻ പാതിരിമാർ അടിമത്തത്തിനും വിദ്യാഭ്യാസ നിഷേധത്തിനും എതിരേ നിരന്തരം പ്രവർത്തിച്ചു.
ആറാട്ടുപുഴ വേലായുധപ്പണിക്കർ കേരളത്തിലെ ആദ്യത്തെ കർഷകസമരം നടത്തി. ഇങ്ങനെ നവോത്ഥാനത്തിന്റെ ഒരു തുടർച്ചയിലാണു – നവോത്ഥാനത്തിന്റെ ഒരു സവിശേഷ ഘട്ടത്തിലാണു ശ്രീനാരായണഗുരു വരുന്നത്. ശ്രീനാരായണഗുരുവിന്റെ കാലത്തും അതിനു ശേഷവും മഹാത്മ അയ്യങ്കാളിയും പൊയ്കയിൽ അപ്പച്ചനും വക്കം മൗലവിയുമൊക്കെ നവോത്ഥാനത്തിനു തുടർച്ചകളുണ്ടാക്കി.

ഈഴവർക്കിടയിൽ സാമ്പത്തികമായ ഒരു ഉണർവ് ഉണ്ടായ കാലത്താണു ശ്രീനാരായണഗുരു സമുദായത്തിലും രാഷ്ട്രീയത്തിലും ഇടപെടുന്നത്. ഈഴവരുടെ പരമ്പരാഗത തൊഴിലുകളായ വൈദ്യം, കള്ളുചെത്ത്, കയർ ഉൽപ്പാദനം, ഇതിനൊക്കെ വരുമാനം വർദ്ധിച്ച് ഈഴവരുടെ ഇടയിലും ധനവാന്മാരുണ്ടായി. ശ്രീനാരായണഗുരു രംഗപ്രവേശം ചെയ്യുമ്പോൾ ഈഴവർക്ക് വഴിനടക്കാം, പക്ഷേ സർക്കാർ ജോലിയിൽ പ്രവേശിക്കാൻ പറ്റില്ല. ഈഴവക്കുട്ടികൾക്ക് ചില സർക്കാർ സ്കൂളുകളിൽ പഠിക്കാം, ചിലയിടങ്ങളിൽ ഈഴവർക്കായി മാത്രം സർക്കാർ സ്കൂൾ തുറന്നിരുന്നു. സർക്കാർ ജോലികളിൽ അയിത്തം പറഞ്ഞ് അവരെ പ്രവേശിപ്പിച്ചില്ലനായന്മാരെക്കാൾ സമുദായസ്ഥിതിയിൽ മോശമാണു. ഡോക്ടർ പല്പുവിനും അദ്ദേഹത്തിന്റെ ചേട്ടൻ വേലായുധനും തിരുവിതാംകൂർ സർക്കാർ ജോലി നിഷേധിച്ചു. ബാംഗ്ലൂരിൽ ജോലി ചെയ്ത ഡോക്ടർ പല്പുവിനു മാസം ആയിരം രൂപ ശമ്പളമുണ്ടായിരുന്നു. അന്ന് ആയിരം രൂപയ്ക്ക് തിരുവനന്തപുരം പട്ടണത്തിൽ പത്തേക്കർ സ്ഥലം വാങ്ങിക്കാം. വേണമെങ്കിൽ പല്പുവിനു സ്വന്തം സമുദായത്തെ അവഗണിച്ച് സുഭിക്ഷമായി ജീവിക്കാമായിരുന്നു. ഡോക്ടർ പല്പു തിരുവിതാംകൂറിൽ ഈഴവർ നേരിടുന്ന അവഗണനയ്ക്കെതിരെ മദ്രാസ് ഗസറ്റിലും മറ്റും നിരന്തരം ലേഖനങ്ങളെഴുതി. മാസം തോറും കാളവണ്ടിയിൽ കയറി തിരുവനന്തപുരത്തുവന്നു. ഈഴവരെ സംഘടിപ്പിക്കാൻ, ഒരുമിച്ച് നിർത്തി അവകാശങ്ങൾക്ക് വേണ്ടി പോരാടാൻ പല ശ്രമങ്ങളും നടത്തി. പക്ഷേ നല്ല വസ്ത്രം ധരിച്ച, ഉയർന്ന ഉദ്യോഗമുള്ള ഡോക്ടർ പല്പു പറയുന്ന കാര്യങ്ങൾ ഈഴവരിലെ സാധാരണക്കാർ ചെവിക്കൊണ്ടില്ല. മലയാളി മെമ്മോറിയലിനെ ഡോക്ടർ പല്പു പിന്തുണച്ചെങ്കിലും അതിന്റെ ഗുണഭോക്താക്കൾ നായന്മാർ മാത്രമായി. കൊല്ലത്ത് തങ്കശ്ശേരിയിൽ നിന്ന് പ്രസിദ്ധീകരിക്കുന്ന മലയാളി എന്ന പത്രത്തിൽ ഈഴവരെ ഒന്നിപ്പിക്കാൻ ഡോ.പല്പു ലേഖനങ്ങളെഴുതി. കൊല്ലത്ത് മയ്യനാട്ടിലും മറ്റും മൂന്ന് ഈഴവ യോഗങ്ങൾ നടത്തി. പക്ഷേ പങ്കാളിത്തം വളരെ കുറവായിരുന്നു. യോഗങ്ങൾ പരാജയമായിരുന്നു.

സ്വാമി വിവേകാനന്ദൻ ബാംഗ്ലൂർ സന്ദർശിച്ചപ്പോൾ മനുഷ്യൻ മനുഷ്യനെയിരുത്തി വലിക്കുന്ന ജഢ്കയിൽ വിവേകാനന്ദനെ ഇരുത്തി ഡോക്ടർ പല്പു ജഡ്ക വലിച്ചു, ബാംഗ്ലൂർ പട്ടണം ചുറ്റിക്കാണിച്ചു. വിവേകാനന്ദനോട് തന്റെ സമുദായത്തിന്റെ ദു:സ്ഥിതിയും തന്റെ ശ്രമങ്ങൾ പരാജയപ്പെടുന്നതും പല്പു പറഞ്ഞു. വിവേകാനന്ദനാണു ഒരു ആത്മീയ നേതാവിനെ മുന്നിൽ നിർത്തി മാത്രമേ സമുദായത്തെ ഒന്നിപ്പിക്കാൻ പറ്റൂ എന്ന് ഡോക്ടർ പല്പുവിനെ ഉപദേശിച്ചത്. അതിനു മുൻപേ തന്നെ ഡോക്ടർ പല്പുവിനു തന്റെ ചേട്ടൻ (റാവു ബഹദൂർ വേലായുധൻ) വഴിയും മറ്റും ശ്രീനാരായണഗുരുവിനെ പരിചയമുണ്ടായിരുന്നു. അങ്ങനെയാണു ഡോക്ടർ പല്പുവിന്റെ ഉൽസാഹത്തിൽ, ശ്രീനാരായണഗുരുവിന്റെ പിന്തുണയോടെ ശ്രീനാരായണ ധർമ്മ പരിപാലന യോഗം ജനിക്കുന്നത്.

ശ്രീനാരായണഗുരുവിന്റെ നവോത്ഥാന സംഭാവനകളെ മതം, സമുദായം, വിദ്യാഭ്യാസം, ജാതി, ശിഷ്യഗണം എന്നിങ്ങനെ അഞ്ചായി തിരിക്കാം. ഇവയിൽ ശ്രീനാരായണഗുരുവിന്റെ ദാർശനികതയും പ്രായോഗികതയും കെട്ടുപിണഞ്ഞുകിടക്കുന്നു.

1) മതം.

നേരത്തേ പറഞ്ഞതുപോലെ, ശിവക്ഷേത്രങ്ങൾ സ്ഥാപിച്ച്, ശിവപ്രതിഷ്ഠ നടത്തിയിട്ടാണു ശ്രീനാരായണഗുരു തന്റെ പൊതുജീവിതം തുടങ്ങുന്നത്. അൻപതിൽപ്പരം ക്ഷേത്രങ്ങൾ ശ്രീനാരായണഗുരു സ്ഥാപിച്ചിട്ടുണ്ട്. ശ്രീനാരായണഗുരുവിനു മുൻപ് ഈഴവരുടെ പ്രധാന ദൈവങ്ങൾ കാവുകളിലെ ചാത്തൻ, ചാമുണ്ഡി, നാഗദൈവങ്ങൾ, ഇവരൊക്കെയായിരുന്നു. ചാമുണ്ഡിയ്ക്ക് മൃഗബലിയായി കോഴിയെയും ആടിനെയും മറ്റും അറുക്കുന്നത് പതിവായിരുന്നു. ശ്രീനാരായണഗുരു ചാത്തൻ, ചാമുണ്ഡി തുടങ്ങിയ ദൈവങ്ങളെ ജനങ്ങൾ ആരാധിക്കുന്നതിനെ എതിർത്തു. മൃഗബലിയെ എതിർത്തു, ഈഴവർക്കിടയിൽ മൃഗബലി ഇല്ലാതാക്കി. ചാത്തനും കാളിക്കും പകരം ശിവൻ, വിഷ്ണു, ശാരദാദേവി, തുടങ്ങിയവരെ ആരാധിക്കാൻ പഠിപ്പിച്ചു. ശ്രീനാരായണഗുരുവിന്റെ നിലപാട് കൊണ്ട് കോഴിക്കുരുതി ഈഴവക്ഷേത്രങ്ങളിൽ ഇല്ലാതായി.

ആദ്യകാലത്ത് ശിവനെ പ്രതിഷ്ഠിച്ച് തുടങ്ങിയ ശ്രീനാരായണഗുരു പിന്നീടാണു കണ്ണാടി പ്രതിഷ്ഠയിലേക്കും വിളക്ക് പ്രതിഷ്ഠയിലേക്കും മറ്റും മാറുന്നത്. ഒടുവിൽ കൃസ്ത്യാനികളോ മുസ്ലീങ്ങളോ ആവശ്യപ്പെട്ടെങ്കിൽ കൃസ്ത്യൻ / മുസ്ലീം പ്രാർത്ഥനാലയങ്ങൾ സ്ഥാപിക്കാൻ താൻ മുൻകൈ എടുത്തേനെ, ഇവ സ്ഥാപിക്കാനും തനിക്ക് വിരോധമില്ല എന്ന് വ്യക്തമാക്കിയിരുന്നു. ഇതിനെ രണ്ടുരീതിയിൽ കാണാം. അദ്വൈതിയായ ശ്രീനാരായണഗുരു ആന്തരികമായി നവീകരിച്ചു എന്ന് വായിക്കാം, സമൂഹത്തിനു ആദ്യകാലത്ത് ശിവക്ഷേത്രങ്ങളും മറ്റുമായിരുന്നു ആവശ്യം, പിന്നീട് വിശ്വാസത്തിൽ പക്വത എത്തിയ സമൂഹം കണ്ണാടിയിലെ പ്രതിബിംബത്തെയും വിളക്കിനെയും മറ്റും ദൈവമായി കരുതാൻ പാകമായി എന്നും വായിക്കാം. ഒടുവിൽ ഇനി ക്ഷേത്രങ്ങളല്ല, വിദ്യാലയങ്ങളാണു വേണ്ടത് എന്ന് ഗുരു പറഞ്ഞു.

മറ്റൊന്ന് ഈഴവരുടെ ഇടയിലെ അനാചാരങ്ങളും ദുർവ്യയങ്ങളും അവസാനിപ്പിച്ചതാണു. താലികെട്ട്, പുലകുളി, തുടങ്ങിയ ചടങ്ങുകൾ ശ്രീനാരായണഗുരു നിർത്തിച്ചു. ഈഴവർക്ക് വലിയ ചിലവ് വരുത്തുന്ന, കുടുംബങ്ങളെ സാമ്പത്തികമായി തകർക്കുന്ന ഇത്തരം പരിപാടികൾ പലപ്പൊഴും നിർബന്ധിച്ച് തന്നെ നിർത്തിച്ചു.

മതപരിവർത്തനത്തെപ്പറ്റി ശ്രീനാരായണഗുരുവിന്റെ നിലപാടും പ്രസക്തമാണു. ഒരാൾക്ക് മറ്റൊരു മതത്തിലാണു വിശ്വാസം എങ്കിൽ അയാൾ എത്രയും പെട്ടെന്ന് താനിപ്പൊഴുള്ള മതം വിട്ട് വിശ്വാസമുള്ള മതത്തിലേക്ക് പോകണം, വിശ്വാസമില്ലാത്ത ഒരാൾ മതത്തിൽ തുടരുന്നത് ആ മതത്തിനു ദോഷമാണു, മറ്റേ മതത്തിനു നഷ്ടവും ആണു എന്നായിരുന്നു ഗുരുവിന്റെ നിലപാട്. മതം മറേണ്ടവർ മാറട്ടെ എന്നായിരുന്നു.

എല്ലാ മതങ്ങളുടെയും സന്ദേശം ഒന്നാണെന്നായിരുന്നു ഗുരുവിന്റെ തത്വചിന്ത. ഒരു ദൈവം മനുഷ്യനു എന്നതിന്റെ പൊരുൾ മതങ്ങളുടെ സന്ദേശങ്ങൾ തമ്മിൽ ഭേദമില്ല, മതമേതായാലും മതി എന്നായിരുന്നു. എന്നാൽ ഗുരു മതനിരാസിയായിരുന്നില്ല.

2) സമുദായം:

ഈഴവർ കേരളത്തിൽ ഒരു രാഷ്ട്രീയ ശക്തിയാകുന്നതും ക്ഷേത്രപ്രവേശനം ഉൾപ്പെടെ അവകാശങ്ങൾ പിടിച്ചുവാങ്ങുന്നതും എസ്.എൻ.ഡി.പി.യുടെ വരവോടെയാണു. ശ്രീനാരായണഗുരു ഇല്ലായിരുന്നെങ്കിൽ എസ്.എൻ.ഡി.പി. ഉണ്ടാകുമായിരുന്നോ, സമുദായം ഒന്നിച്ച് നിൽക്കുമായിരുന്നോ എന്ന് സംശയമാണു. നേരത്തേ പറഞ്ഞതുപോലെ നവോത്ഥാനത്തിനു ശ്രീനാരായണഗുരുവിന്റെ വലിയ സംഭാവനയായിരുന്നു എസ്.എൻ.ഡി.പി.യിലൂടെ ഈഴവരെ രാഷ്ട്രീയമായി ഒരുമിപ്പിച്ചത്. എസ്.എൻ.ഡി.പി.യുടെ ആദ്യകാല നേതാക്കൾ ഗുരുവിന്റെ ശിഷ്യന്മാരും അടുത്ത അനുയായികളുമായിരുന്നു. അവരിലേക്ക് പിന്നാലെ വരാം.

3) വിദ്യാഭ്യാസം:

ശ്രീനാരായണഗുരു വിദ്യാഭ്യാസം കൊണ്ടേ ഒരു സമുദായത്തിനു മുന്നേറാനാകൂ എന്ന് വിശ്വസിച്ചു. ആലുവയിലും ചെങ്ങന്നൂരും ഒക്കെയായി മൂന്ന് സംസ്കൃത വിദ്യാലയങ്ങൾ ഗുരു തുടങ്ങി. കുമാരനാശാനെ ബാംഗ്ലൂരിലും പിന്നീട് കൽക്കട്ടയിലും അയച്ച് സംസ്കൃതം പഠിപ്പിച്ചത് ഗുരുവാണു. സഹോദരനയ്യപ്പനെ ഇംഗ്ലീഷ് ബി.എ. പഠിക്കാൻ പണവും സഹായവും ചെയ്തുകൊടുത്തതും ഗുരുവാണു. പുലയരുടെ സഭയിലെ പ്രസംഗത്തിലും മറ്റും നിങ്ങൾ വിദ്യാഭ്യാസം നേടിയാലേ സമുദായത്തിനു രക്ഷപെടാൻ പറ്റൂ എന്ന് ഗുരു പറയുന്നുണ്ട്. ആധുനിക വിദ്യാഭ്യാസത്തിനും സാങ്കേതിക വിദ്യാഭ്യാസത്തിനും അനുകൂലമായിരുന്നു ഗുരു. ശ്രീനാരായണഗുരു മരിക്കുമ്പോൾ അദ്ദേഹത്തിന്റെ മേൽനോട്ടത്തിൽ ധാരാളം വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ടായിരുന്നു.

4) ജാതി

ജാതി ഇല്ല, അല്ലെങ്കിൽ എല്ലാ മനുഷ്യരും ഒരു ജാതിയാണു, എന്ന നിലപാടായിരുന്നു ശ്രീനാരായണഗുരുവിന്റേത്. ശ്രീനാരായണ ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദാർശനികത, തത്വചിന്ത, അല്ലെങ്കിൽ പ്രസ്ഥാവന ജാതിക്കെതിരെയുള്ള ഈ നിലപാടാണു. തുടക്കം മുതലേ ജാതിക്ക് ശ്രീനാരായണഗുരു എതിരായിരുന്നു. ശങ്കരാചാര്യരുടെ ശാങ്കരഭാഷ്യത്തിൽ വിവിധ ജാതികളെ തമ്മിൽ വേർതിരിക്കുന്നുണ്ടല്ലോ എന്ന് ശിഷ്യർ പറഞ്ഞപ്പോൾ അവിടെ ശങ്കരനു തെറ്റി എന്ന് ഗുരു തിരുത്തുകയാണു. ഗാന്ധിയുടെ വർണ്ണവ്യവസ്ഥയെപ്പറ്റിയുള്ള കാഴ്ച്ചപ്പാടുകൾക്ക് ഗുരു എതിരായിരുന്നു. ഗുരുവിന്റെ ആശ്രമങ്ങളിൽ എല്ലാ ജാതിക്കാരായ കുട്ടികളും ഉണ്ടായിരുന്നു. ഇതിനെപ്പറ്റി രണ്ട് കഥകൾ പറയാം.

ആലുവ സംസ്കൃത വിദ്യാലയത്തിൽ നായരായ കുറ്റിപ്പുഴ കൃഷ്ണപിള്ള അദ്ധ്യാപകനായി ജോലിനോക്കിത്തുടങ്ങുന്നു. ശ്രീനാരായണഗുരു പുലയ വിദ്യാർത്ഥികളെക്കൊണ്ട് കുറ്റിപ്പുഴയ്ക്ക് വിളമ്പിച്ചുകൊടുത്തു. പുലയരുടെയും ഈഴവരുടെയും കൂടെയിരുന്ന് കുറ്റിപ്പുഴ അല്പം മടിയോടെയാണെങ്കിലും ഭക്ഷണം കഴിച്ച് തുടങ്ങുമ്പോൾ ഗുരു “പോയോ” എന്ന് ചോദിക്കുന്നു. എന്താണു ചോദ്യം എന്ന് കുറ്റിപ്പുഴയ്ക്ക് മനസിലായില്ല. വീണ്ടും ഗുരു “പോയോ” എന്ന് ചോദിച്ചു. ജാതി പോയോ എന്നാണു ഗുരു ചോദിച്ചത് എന്ന് കൃഷ്ണപിള്ളയ്ക്ക് മനസിലായി, പോയി സ്വാമീ എന്ന് മറുപടി കൊടുത്തു.

മഹാകവി ഉള്ളൂർ പരമേശ്വരയ്യർ തമിഴ് ബ്രാഹ്മണനാണു. കവിതകളിൽ വലിയ വിപ്ലവം എഴുതിയിട്ടുള്ള ആളാണു. പുള്ളി ഒരിക്കൽ ആശ്രമത്തിൽ വന്നപ്പോൾ ഗുരു പുലയക്കുട്ടികളുടെയും ഈഴവരുടെയും കൂടെ ഇരുത്തി ഊണുകൊടുത്തു. ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോൾ ‘നമുക്ക് പപ്പടം ഒന്നിച്ച് പൊടിക്കാം’ എന്ന് ഗുരു പറഞ്ഞു. എല്ലാവരും ഒരുമിച്ച് പപ്പടം പൊടിച്ചു. ഉള്ളൂരിനോട് ‘പൊടിഞ്ഞോ?’ എന്ന് ഗുരു ചോദിച്ചു. ഉള്ളിലുള്ള ജാതി പൊടിഞ്ഞോ എന്നാണു ഗുരു ചോദിച്ചത്.

ഒരു കാര്യം കൂടി : ആലുവയിലെ ആശ്രമത്തിൽ എല്ലാജാതിക്കാരും ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ ജാതി ചിന്ത പോയിട്ടില്ലാത്ത നായർ ശിഷ്യന്മാർ പുറത്തിറങ്ങി ആലിൻ ചുവട്ടിൽ ചെന്ന് നിൽക്കുമായിരുന്നു. അവർ വിശന്ന് നിൽക്കണ്ട എന്ന് കരുതി ഗുരു അവർക്ക് അവിലും പഴവും കൊടുക്കാൻ പറയുമായിരുന്നു.

5) ശിഷ്യഗണം.

ശ്രീനാരായണഗുരുവിന്റെ കേരള നവോത്ഥാനത്തിനുള്ള ഒരു വലിയ സംഭാവന ഗുരുവിന്റെ ശിഷ്യഗണമാണു. മുപ്പത് – നാൽപ്പത് വർഷത്തോളം ഗുരുവിന്റെ ശിഷ്യന്മാർ കേരളത്തിന്റെ പുരോഗതിക്ക് ബൗദ്ധിക നേതൃത്വം കൊടുത്തു. ഉദാഹരണത്തിനു – വൈക്കം സത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് ഗുരുവിന്റെ ശിഷ്യന്മാരായ സിവി കുഞ്ഞുരാമനും ടികെ മാധവനും സത്യവ്രതസ്വാമികളും മറ്റും ആയിരുന്നു. സഹോദരനയ്യപ്പൻ രൂപം കൊടുത്ത സഹോദരസംഘത്തിന്റെ പ്രവർത്തനങ്ങൾ വിപ്ലവകരമായിരുന്നു. അയ്യപ്പന്റെ പന്തിഭോജനത്തിൽ പങ്കെടുത്തവർക്ക് തങ്ങളെക്കാൾ താഴ്ന്നജാതിക്കാർ തുല്യരാണെന്ന് മാത്രമല്ല, ഉയർന്ന ജാതിക്കാരും തുല്യരാണു എന്ന അഭിമാനവും കിട്ടി. ഉദാഹരണത്തിനു – പന്തിഭോജനത്തിൽ പങ്കെടുത്ത ഒരു ഈഴവവൃദ്ധൻ പന്തിഭോജനം കഴിഞ്ഞ് നേരെ തന്റെ ബ്രാഹ്മണ ജന്മിയുടെ വീട്ടിൽ ചെന്ന്, ഇനി അയാൾ എതിരെ വരുമ്പോൾ താൻ വഴിമാറിക്കൊടുക്കില്ല എന്ന് അറിയിച്ചു.

ഗുരുവിന്റെ ശിഷ്യന്മാർ എല്ലാത്തരക്കാരും ഉണ്ടായിരുന്നു. നിരീശ്വരവാദികളായ സഹോദരൻ അയ്യപ്പൻ, കുറ്റിപ്പുഴ കൃഷ്ണപിള്ള, യുക്തിവാദി ടി.കെ. ജോസഫ് തുടങ്ങിയവർ, ബുദ്ധമതക്കാരായ മിതവാദി സി കൃഷ്ണൻ, എൻ. കുമാരൻ, സിവി കുഞ്ഞുരാമൻ, തുടങ്ങിയവർ, ഹിന്ദുമതക്കാരായ കുമാരനാശാനെപ്പോലെയുള്ള ശിഷ്യന്മാർ. ശിഷ്യന്മാരോടുള്ള വാൽസല്യത്തിനും കൂറിനും ഗുരു മതവിശ്വാസമോ വിശ്വാസരാഹിത്യമോ നോക്കിയില്ല. ഉദാഹരണത്തിനു ഗുരു ഒരുജാതി ഒരുമതം ഒരു ദൈവം മനുഷ്യനു എന്ന് പറയുമ്പോൾ ജാതിയില്ല, മതമില്ല, ദൈവമില്ല മനുഷ്യനു എന്ന് സഹോദരനയ്യപ്പൻ തറുതല പറയുമായിരുന്നു.

കാന്തം പോലെ ഗുരു അന്നത്തെ നിഷേധികളെയും ചിന്തകന്മാരെയും ആകർഷിച്ചു, അവർ ഗുരുവിന്റെ മരണശേഷവും ഗുരുചിന്തകൾക്ക് തങ്ങളുടെതായ പ്രായോഗിക വ്യാഖ്യാനങ്ങൾ കൊടുത്തു. സഹോദരനയ്യപ്പന്റെ വാക്കുകളിൽ:

“ഇന്ത്യക്ക് രാഷ്ട്രീയ സ്വാതന്ത്ര്യം വന്നാലും ഇല്ലെങ്കിലും ഇവിടത്തെ ജനങ്ങളുടെ മറ്റുപല സ്വാതന്ത്ര്യങ്ങൾക്കും ശ്രമിക്കേണ്ടതുണ്ടായിരുന്നു. ഇപ്പോഴും ആ ശ്രമത്തിന്റെ ഒരു ഏറ്റവും ചെറിയ ഭാഗമേ നടന്നിട്ടുള്ളൂ. അതിൽ അധികവും ഇനിയും നടക്കേണ്ടതായിട്ടാണിരിക്കുന്നത്. ആ ശ്രമങ്ങളിൽ ചിലത് നടത്തുവാനായിരുന്നു എനിക്ക് ആവേശമുണ്ടായിരുന്നത്. ആ ആവേശം എന്റെ എളിയ കഴിവുകൾ ഉപയോഗിച്ച് എനിക്കു സ്വാധീനം നേടാവുന്ന ചുരുങ്ങിയ വൃത്തങ്ങളിലെങ്കിലും പകർത്തുവാൻ ഞാൻ ശ്രമിച്ചു. അത് കുറെയൊക്കെ പ്രയോജനപ്പെട്ടിട്ടുണ്ടെന്നും ഒരു ചാരിതാർത്ഥ്യം എനിക്ക് തോന്നായ്കയില്ല. പ്രയോജനം സിദ്ധിക്കാൻ പ്രധാന കാരണം എന്റെ കഴിവോ ശ്രമമോ അല്ലെന്ന സംഗതി എനിക്കെപ്പൊഴും ഓർമ്മയുണ്ട്. എന്നെപ്പോലെയുള്ള പലരോടുമൊപ്പം ഞാൻ ഒരു ശ്രീനാരായണസന്ദേശവാഹകനായിരുന്നു. അത് എന്റെ വേലകൾ ഫലിക്കുവാൻ വളരെ സഹായിച്ചിട്ടുണ്ട്. കേരളത്തിലെ ശാന്തമായ സാമൂഹ്യ വിപ്ലവത്തിനു നിദാനമായ ആത്മീയ ഡൈനാമോ ആയിരുന്നു ശ്രീനാരായണൻ. ആ ഡൈനാമോയിൽ നിന്നുവന്ന കറന്റുകൊണ്ടു തിരിഞ്ഞ ചക്രങ്ങളാണു ഞങ്ങൾ. നിയമം ലംഘിക്കാതെയും ജയിലിൽ പോകാതെയും തന്നെ എന്റെ എളിയവേലകൾ ഇതേവരെ നടത്തുവാൻ സാധിച്ചത് ഒരു മഹാഭാഗ്യമായിട്ടാണു ഞാൻ കാണുന്നത്…”

6) ഗുരുവിന്റെ തത്വചിന്ത – തുടർച്ചകൾ.

നവോത്ഥാനത്തിനു ശ്രീനാരായണഗുരുവിന്റെ സംഭാവനകൾ നോക്കുമ്പോൾ എവിടെയാണു ഗുരു പരാജയപ്പെട്ടത് എന്നും നോക്കേണ്ടി വരും.

ഗുരുവിന്റെ ശിഷ്യഗണം നോക്കിയാൽ പുരുഷകേന്ദ്രീകൃതമായ ഒരു സമൂഹമായിരുന്നു അത്. എല്ലാ ശിഷ്യന്മാരും പുരുഷന്മാരായിരുന്നു എന്ന് കാണാം. വിവാഹം കഴിഞ്ഞ് രണ്ട് വർഷത്തോളം ഭാര്യയുമായി ജീവിച്ച് പിന്നെ സന്യാസിയായ ഗുരുവിനു സ്ത്രീ ശിഷ്യകൾ ഉണ്ടായില്ല, സ്ത്രീകളുടെ തുല്യതയ്ക്ക് ബൗദ്ധിക നേതൃത്വം കൊടുക്കാൻ പോന്ന സ്ത്രീ നേതാക്കളെ സൃഷ്ടിക്കാൻ പറ്റിയില്ല എന്നത് ഒരു പോരായ്മയാണു.

കേരളത്തിനാകെ ഗുരുവിന്റെ തത്വചിന്തകൊണ്ട് ഗുണമുണ്ടായി എന്ന് അലങ്കാരത്തിനു പറയാമെങ്കിലും ഗുരുവിനു മറ്റ് ജാതികളെയോ മതങ്ങളെയോ ഉദ്ധരിക്കാൻ പോയിട്ട് തൊടാൻ പറ്റിയില്ല. അത് ഗുരുവിന്റെ കുഴപ്പമല്ല, കേരളത്തിന്റെ സവിശേഷ ജാതി-മത ഘടന അങ്ങനെയാണു. ഗുരുവിനു പുലയരെയോ നായന്മാരെയോ സാമുദായികമായി ഉദ്ധരിക്കാൻ പറ്റില്ല. ദളിതർക്ക് അഭിമാനവും അധികാരവും തുല്യതയും കൊടുക്കാൻ ദളിത് സമുദായത്തിൽ നിന്നുതന്നെ അയ്യങ്കാളി വരണം. നായന്മാർക്കിടയിലെ താലികെട്ട് കല്യാണം നിർത്താൻ മന്നത്ത് പത്മനാഭൻ വരണം. മുസ്ലീങ്ങളെയോ ക്രിസ്ത്യാനികളെയോ സമുദായം എന്നനിലയിൽ ഗുരുവിനു ഇടപെട്ട് നവീകരിക്കാൻ പറ്റില്ലായിരുന്നു. ഈഴവരിൽത്തന്നെ താഴ്ന്ന ജാതിക്കാരെ ക്ഷേത്രത്തിൽ കയറ്റി എന്ന കുറ്റത്തിനു ഈഴവ പ്രമാണിമാർ ഗുരുവിനെതിരെ കേസുകൊടുത്തു.

ശ്രീനാരായണഗുരുവിന്റെ ദാർശനികതയെപ്പറ്റി ഒരുപാട് പറയാം. വിശ്വമാനവികൻ എന്ന ചിന്തയെപ്പറ്റി, പഞ്ചശുദ്ധിയെപ്പറ്റി, അദ്വൈതത്തെപ്പറ്റി, ശൈവസന്യാസത്തെപ്പറ്റി, ഇങ്ങനെ പലതും പറയാം. എന്റെ കാഴ്ച്ചപ്പാടിൽ ഗുരു പഞ്ചശീലങ്ങളും വിശ്വമാനവനും തുടങ്ങിയ പല തത്വചിന്തകളും പറഞ്ഞു എങ്കിലും ഏറ്റവും പ്രധാനപ്പെട്ട ഗുരുവിന്റെ തത്വചിന്ത, പുള്ളി ആദ്യം മുതൽ അവസാനം വരെ പറഞ്ഞത്, മനുഷ്യനു ഒരു ജാതിയേ ഉള്ളൂ എന്നതാണു. തന്റെ സന്യാസത്തിന്റെ ആദ്യം മുതൽ ജീവിതത്തിന്റെ അവസാനം വരെ മനുഷ്യർക്ക് ഒരു ജാതിയേ ഉള്ളൂ എന്ന് പറഞ്ഞുകൊണ്ടിരുന്ന ആളാണു ഗുരു. അതാണു ആദ്യകാലത്ത് അരുവിപ്പുറത്ത് ജാതിഭേദമില്ലാതെ സഹോദരരെപ്പോലെ വാഴുന്ന മാതൃകാസ്ഥാനമാണു ഇത് എന്ന് എഴുതിവെച്ചത്. പിന്നീട് മനുഷ്യനു ഒരു ജാതി, ഒരു മതം, ഒരു ദൈവം എന്ന് പറഞ്ഞത്. ജാതിയുടെ കാര്യത്തിൽ ശങ്കരാചാര്യർക്കും ഗാന്ധിക്കും തെറ്റി എന്ന് പറഞ്ഞത്. ജാതിരഹിത സമൂഹമായിരുന്നു ഗുരുവിന്റെ ദർശനം. അത് പരാജയപ്പെട്ട ദർശനമാണു. സഹോദരനയ്യപ്പൻ കുറെ നാൾ ജാതി ഉന്മൂലനത്തിനു മിശ്രവിവാഹ പ്രസ്ഥാനം കൊണ്ടുനടന്നു. മിശ്രഭോജനവും മിശ്രവിവാഹവും ജാതിയെ ഇല്ലാതാക്കാൻ ആവശ്യമാണെന്ന് ഗുരു പറഞ്ഞു. കേരളത്തിലെമ്പാടും നായന്മാർ ചായക്കട തുടങ്ങിയതോടെ മിശ്രഭോജനം ഒരു വിഷയമേ അല്ലാതായി. പക്ഷേ ഇപ്പൊഴും ഈഴവർ വിവാഹ പരസ്യം കൊടുക്കുന്നത് എസ്.സി / എസ്.ടി. പ്ലീസ് എക്സ്ക്യൂസ് എന്നു പറഞ്ഞാണു. ഗുരുവിന്റെ ഏറ്റവും പ്രധാനപ്പെട്ട ദർശനം, നവോത്ഥാനത്തിനു മുതൽക്കൂട്ടായേക്കാവുന്ന ദർശനം, പരാജയപ്പെടുത്തിയത് ഈഴവരും കൂടെയാണു. ഈഴവരുടെയോ ഹിന്ദുക്കളുടെയോ മാത്രം കാര്യമല്ല, ക്രിസ്ത്യാനികൾക്കിടയിലും മുസ്ലീങ്ങൾക്കിടയിലും – കേരളത്തിലെ എല്ലാ മത-സമുദായങ്ങളിലും
ജാതിചിന്തയും ജാതി വിവേചനങ്ങളും ഒളിഞ്ഞും തെളിഞ്ഞും തുടരുന്നു. വിവാഹത്തിന്റെ കാര്യം വരുമ്പൊഴാണു മലയാളിയുടെ ഉള്ളിൽ ഒളിച്ചിരിക്കുന്ന ജാതി പുറത്തുചാടുന്നത്.

ശിഷ്യന്മാരിൽ കൂടി തുടർന്ന ബൗദ്ധികപ്രകാശം മാറ്റി നിർത്തിയാൽ കേരള നവോത്ഥാനത്തിനു ഗുരുവിന്റെ ദാർശനിക സംഭാവന ഈ ജാതി നിഷേധമാണു. ഗുരുവിന്റെ ദാർശനികതയിലെ മർമ്മപ്രധാനമായ ജാതിയെ വിട്ടുകളഞ്ഞിട്ട് ശ്രീനാരായണഗുരുവിന്റെ ദർശനത്തെ തിരികെക്കൊണ്ടു വരണം എന്ന് വെറുതേ പറഞ്ഞിട്ടു കാര്യമില്ല. അത് വിട്ടുകളയുകയാണെങ്കിൽ ഗുരുവിനെ ഈഴവരുടെ മാത്രം ആത്മീയനേതാവായി വെറുതേ ദൈവക്കൂട്ടിൽ ഇരുത്താമെന്നേയുള്ളൂ.

ഇങ്ങനെയൊക്കെയാണെങ്കിലും – കേരള നവോത്ഥാനം ഗുരുവിൽ തുടങ്ങി ഗുരുവിൽ ഒടുങ്ങുന്ന ഒന്നല്ല, അത് ഒരു തുടർച്ചയായ പ്രക്രിയയാണു. ഗുരുവിനു ശേഷവും കമ്യൂണിസ്റ്റുകാരിലും ഐക്യകേരള പ്രസ്ഥാനത്തിലും കോൺഗ്രസ് പ്രവർത്തനത്തിലും മഹാത്മ അയ്യങ്കാളിയിലും പൊയ്കയിൽ അപ്പച്ചനിലും ദളിത്, ആദിവാസി മുന്നേറ്റങ്ങളിലും ഭൂപരിഷ്കരണത്തിലും മുസ്ലീം വിദ്യാഭ്യാസപുരോഗതിയിലും സാക്ഷരതാ മിഷനിലും ഒക്കെക്കൂടി തുടർന്നുകൊണ്ടിരിക്കുന്ന ഒരു പ്രക്രിയയാണു കേരള നവോത്ഥാനം. അതിന്റെ സവിശേഷമായ ഒരു ഘട്ടത്തിൽ ഇടപെട്ട്, ഇറങ്ങിക്കളിച്ച്, അതിനെ ഗുണപരമായി സ്വാധീനിക്കാനും ത്വരിതപ്പെടുത്താനും ധന്യമാക്കാനും ഗുരുവിനു കഴിഞ്ഞു.

[/dropcap]

Comments
Print Friendly, PDF & Email

You may also like