പൂമുഖം ഓർമ്മ കാറ്റില്‍‌പ്പെടുന്ന കുഞ്ഞിക്കൂടുകള്‍

കാറ്റില്‍‌പ്പെടുന്ന കുഞ്ഞിക്കൂടുകള്‍

ന്‍റെ കൊച്ചുകൂട്ടുകാരൻ പ്രണവിനിപ്പോൾ ഒൻപതുവയസ്സുണ്ട്. രണ്ടര വയസ്സുള്ളപ്പോൾ കൂട്ട് കൂടിയതാണ്. കുറച്ചുകാലം അവന്‍റെയമ്മ സൊനാലി, ഹോസ്റ്റലിൽ എന്നോടൊപ്പമുണ്ടായിരുന്നു. വിവാഹം കഴിഞ്ഞു പൂനയ്ക്കു പോയതിനുശേഷം വീണ്ടും അവളെ കാണുമ്പോൾ കൂട്ടായിട്ട് ഈ കുഞ്ഞുട്രോഫിയുമുണ്ട്. അവളുടെ ഭര്‍ത്താവ്, കെമിസ്റ്റായ കിഷോറിന് ട്രാൻസ്ഫർ കിട്ടി ബാംഗ്ലൂർക്കു വന്നതാണ്. സൊനാലി ജോലിയൊക്കെ വിട്ട് കുട്ടിക്കെമിസ്റ്റുമായി അടിച്ചുപൊളിച്ചു കഴിയുന്നു.
അവരെക്കുറിച്ചു പറയുകയാണേൽ…. ‘മെയ്‌ഡ് ഫോര്‍ ഈച്ച് അദർ’ എന്ന പരസ്യവാചകത്തിനു പറ്റിയ ജോടി. ലയൺസ് ക്ലബ് നടത്തിയ ‘ബെസ്റ് കപ്പിൾ’ അവാർഡ് ഒക്കെ അടിച്ചുമാറ്റിയിട്ടുണ്ട്. അതുപോലെ, നല്ല പുഞ്ചിരിക്കുള്ള അവാർഡ് എന്‍റെ കൂട്ടുകാരനും .

എപ്പോൾ കണ്ടാലും പ്രണവിനു കൈനിറയെ ചോക്കലേറ്റു വേണം. അതിൽ ‘കിന്‍റ്ർജോയ്’ നിർബന്ധം. നമ്മുടെ പോക്കറ്റ് കാലിയാക്കാൻ ഇതൊക്കെ മതിയല്ലോ. ഒരു ദിവസം കുത്തിയിരുന്ന്, കിന്‍റ്ർജോയ് കഴിച്ചു കഴിച്ചു കറുത്തുപോയ എന്റെ മുഖത്തെക്കുറിച്ചു ഒരുപാട് സങ്കടത്തോടെ അവനെ പറഞ്ഞു മനസ്സിലാക്കി. അങ്ങനെ ആ കാര്യത്തിന് തീരുമാനമായി. അതിൽപ്പിന്നെ ഞാൻ കൊടുക്കുന്ന ഏതു ചോക്കലേറ്റു കിട്ടിയാലും അവനു പരാതിയില്ല (കിന്‍റ്ർജോയ് കമ്പനിക്കാർ എന്നെ വെടിവച്ചു കൊന്നാൽ ഇത് വായിക്കുന്നവർക്ക് മാത്രമാവും ലാഭം!)

ഇനിയുമുണ്ടല്ലോ വേറെകുറെ കുഴപ്പക്കാർ .. ജെസിബി, ജീപ്പ്, ഹെലികോപ്ടർ എന്നിവയൊക്കെ കളിപ്പാട്ടമാക്കാമെന്നു കണ്ടു പിടിച്ചയാളെ ‘ശരിപ്പെടുത്താൻ’ ക്വട്ടേഷൻ കൊടുത്താലോന്ന് വിചാരിക്കാതില്ല. അന്നൊക്കെ അത്യാവശ്യം കൊള്ളാവുന്നൊരു ജെസിബിക്ക് അറുന്നൂറ്റമ്പതു രൂപയെങ്കിലുമാകുമായിരുന്നു. നുമ്മടെ പോക്കറ്റത്ര വീർത്തതൊന്നുമല്ലാന്നു പറഞ്ഞാൽ കടക്കാർ സമ്മതിക്കണ്ടേ.. എത്രമാത്രം കഥകൾ പറഞ്ഞു നോക്കി … എവിടെ …. ചെക്കനുണ്ടോ വിടുന്നു … എങ്ങനേലും ചിരിച്ചുമയക്കിയും .. അതല്ലായെങ്കിൽ കരഞ്ഞു വാശിപിടിച്ചും നമ്മുടെ കൂട്ടുകാരൻ കാര്യം കാണും. കിട്ടിക്കഴിഞ്ഞാലുള്ള കുഞ്ഞുനക്ഷത്രക്കണ്ണുകൊണ്ടുള്ള തിളങ്ങുന്ന ചിരി….. പിന്നെ, കെട്ടിപ്പിടിച്ചൊരുമ്മയുമുണ്ട് . വായിൽ നിന്നൊലിച്ചിറങ്ങിയിട്ടുള്ള ചോക്കലേറ്റു മുഴുവൻ നമ്മുടെ മുഖത്തും ഉടുപ്പിലുമൊക്കെ ആക്കിയിട്ടേ ചെക്കനടങ്ങു.

അതിലലിഞ്ഞു ഞാനും…

ഒരുപാട് കുഞ്ഞുങ്ങൾ കൂട്ടുകാരായിട്ടുണ്ടെങ്കിലും ഇവനോടിത്തിരി ഇഷ്ടക്കൂടുതലില്ലാതില്ല.
ഓരോ പ്രാവശ്യം കാണുമ്പോഴും ഒത്തിരിയേറെകഥകൾ പറയുമവൻ. സ്കൂളിലെ മാഡത്തിന്റെ വിശേഷങ്ങളും ക്രിക്കറ്റ് ടീമിന്റെ വികൃതിത്തരങ്ങളുമെല്ലാം. ബെസ്റ്റ് കൂട്ടുകാരുടെ പേരുകളെല്ലാം എന്നെക്കൊണ്ട് കാണാപ്പാഠം പറയിപ്പിക്കും. അടുത്തതവണ കാണുമ്പോൾ ഞാനവരെക്കുറിച്ചു ചോദിയ്ക്കാൻവേണ്ടിയാണ്. പറഞ്ഞില്ലേൽ.. ഒരുപേരിനൊരു ചോക്കലേറ്റ്, അതാണ് ഫൈൻ. അവനെ പുഴുപ്പല്ലനാക്കിയതിൽ എനിക്കുള്ള പങ്ക് ചെറുതല്ലെന്നു സാരം.

ഒന്നാംക്ലാസിൽ പഠിക്കുമ്പോഴവനെന്നോടൊരു രഹസ്യം പറഞ്ഞു … “അപ്പായും അമ്മായും ബാഡ് ബോയിയും ബാഡ് ഗേളുമാണെന്ന് ” ഹേ ..അവര് നല്ല കുട്ടികളാണല്ലോന്നു പറഞ്ഞപ്പോൾ “എങ്കിൽപ്പിന്നെ മുഖം വീർപ്പിച്ചെന്തിനാണവർ അങ്ങോട്ടും ഇങ്ങോട്ടും ചീത്ത വിളിക്കുന്നെ?“

ബാഡ് പീപ്പിൾ മാത്രേ ചീത്തവിളിക്കൂന്നാണവന്റെ മാഡം പറഞ്ഞിട്ടുള്ളത്.
എന്തെങ്കിലും സൗന്ദര്യപ്പിണക്കത്തിന്റെ ഇഫക്റ്റാകാമെന്നു കരുതി ഞാനതു തള്ളിക്കളഞ്ഞു. പക്ഷേ പിന്നീടെപ്പോൾകണ്ടാലും അവന്റെ സ്വകാര്യം പറച്ചിലിന്റെ നീളം കൂടി. അവർ ഉപയോഗിക്കുന്ന വാക്കുകളും പ്രവർത്തികളും അക്ഷരാർത്ഥത്തിലെന്നെ ഞെട്ടിച്ചുകളഞ്ഞു. എനിക്കതൊരു പുതിയ അറിവായിരുന്നു. ഒരിക്കൽപോലും സൊനാലിയോ കിഷോറോ ഒരു സൂചനപോലുമെനിക്ക് തന്നിട്ടില്ല. വേറെ കൂട്ടുകാരുവഴിയും അറിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ ചോദിക്കുന്നതു മോശമാണെന്നൊരു തോന്നൽ. മനസ്സിൽ വല്ലാത്തൊരു അലോസരമായതുകിടന്നു.
ക്രിക്കറ്റുകളിക്കാൻ കൂട്ടിനൊരു കുഞ്ഞനുജനെ ‘വാങ്ങി’ത്തരണമെന്ന പ്രണവിന്റെയാവശ്യത്തെ സൊനാലിയോട് പറഞ്ഞപ്പോഴാണ് കഥകളുടെ കെട്ടഴിയുന്നത്.

കടുത്ത മുഖഭാവത്തോടെയാണവൾ പറഞ്ഞത്,

“ഈയൊരെണ്ണം തന്നെയധികം…ഇതില്ലായിരുന്നെങ്കിൽ….”

ഒരുപാടു യാത്രകളും കൂട്ടുകാരുമുള്ള കിഷോറിന് അവളെക്കാൾകൂടുതൽ സ്നേഹവും കരുതലും കൂട്ടുകാരോടെന്നാണ് അവളുടെ പരാതി. അവന്റെ വീട്ടുകാരുടെ അനാവശ്യമായ ഇടപെടലുകളുമെല്ലാംകൂടി ആകപ്പാടെ നിരാശയും വെറുപ്പും. ജീവിതം മടുത്തിരിക്കുന്നു. പ്രണവിനെയോർത്തുമാത്രം ജീവൻ കളയുന്നില്ല.
സ്വപ്നങ്ങളും പ്രതീക്ഷകളുമൊന്നും അതുപോലെ നടക്കണമെന്നില്ലെന്നും നിസ്സാര കാരണങ്ങള് മാത്രമാണീ തര്ക്കങ്ങള്ക്ക് അടിസ്ഥാനമെന്നുമൊക്കെ എനിക്കറിയാവുന്ന ഭാഷയിൽ പറഞ്ഞു നോക്കി. പക്ഷേ അവളൊട്ടും സമ്മതിച്ചില്ല. അടച്ചിട്ട കൂട്ടിലെ കിളിയെപ്പോലെയുള്ള ജീവിതം, കുഞ്ഞിനുവേണ്ടിയും കിഷോറിനുവേണ്ടിയും സാക്രിഫൈസ് ചെയ്ത അവളുടെ കരിയർ. അങ്ങനെ കണക്കുകൾ ഒന്നായൊന്നായ് വന്നപ്പോൾ ഞാനെന്റെ ഉപദേശപ്പെട്ടി പൂട്ടിവച്ചു. തിരിച്ചുപോരുമ്പോൾ പ്രണവിന്റെ നിരാശ നിറഞ്ഞ കുഞ്ഞുകണ്ണുകളായിരുന്നെന്റെയുള്ളിൽ.

അധികനാളുകളാകുന്നതിനുംമുമ്പേ, യോജിച്ചുപോകുവാന് കഴിയുന്നില്ല, വിവാഹബന്ധം വേര്‍‌പെടുത്താന് തീരുമാനിച്ചുവെന്നുവിളിച്ചു പറഞ്ഞത് കിഷോറാണ്. അവൻ പറഞ്ഞകാരണങ്ങള്‍ അതിലേറെ സങ്കീർണ്ണം. അവളുടെ ആഡംബരജീവിതശൈലി, അടക്കമില്ലായ്മ, അവന്റെ മാതാപിതാക്കളെ നോക്കാത്തത്, പഠനകാര്യങ്ങളിൽ അവൾ വേണ്ടവിധം ശ്രദ്ധിക്കാത്തതിനാൽ മാത്രം കുറഞ്ഞുപോയ പ്രണവിന്റെ ക്ളാസ്സിലെ റാങ്ക്…. അങ്ങനെ ഒന്നൊന്നായി വലിയൊരു ലിസ്റ്റ്.

പെണ്ണല്ലേ അവൾക്കെന്താ ക്ഷമിച്ചാല്‍ എന്നാണവന്റെ മനോഭാവം.
ഭാഗ്യം, വിവാഹേതരബന്ധത്തേക്കുറിച്ചുമാത്രം രണ്ടാളും പറഞ്ഞുകേട്ടില്ല. കൗൺസെലിംഗുകളും പിരിഞ്ഞുതാമസിക്കലും കോടതിമുറികളിലെ വാദപ്രതിവാദങ്ങളും കുഞ്ഞിനെ ചൊല്ലിയുള്ള വിലപേശലുകൾക്കുമെല്ലാമൊടുവിൽ, ഒൻപതുവര്ഷത്തെ ദാമ്പത്യജീവിതം അവർ ‘സന്തോഷത്തോടെ ‘ പിരിച്ചെടുത്തു.
പ്രണവ് സൊനാലിക്കൊപ്പം. കിഷോറിനെപ്പോൾ വേണമെങ്കിലുമവനെ വന്നുകാണാം . പക്ഷേ കൂടെകൊണ്ടുപോകുന്നതിനെന്തൊക്കെയോ നിബന്ധനകൾ.

അന്ന് കോടതിവരാന്തയിൽ വച്ചു പകച്ചമുഖത്തോടെ രണ്ടാളെയും മാറിമാറി നോക്കുന്ന പ്രണവിനു മുഖംകൊടുക്കാതെ ഒഴിഞ്ഞുമാറിയ കാര്യം ഞങ്ങളുടെയൊരു പൊതുസുഹൃത്തു പറഞ്ഞത് എന്നെയിന്നും വേദനിപ്പിക്കുന്നു. ഒരുപാടുകാലത്തെ ഹോസ്റ്റൽജീവിതത്തിൽ കണ്ടുമുട്ടിയ കുറെ കൊച്ചുകൂട്ടുകാരികളെയാണോർമ്മവരുന്നത്. അടക്കിപ്പിടിച്ച തേങ്ങലുകളും, ശാപവാക്കുകളും…
ഒരിക്കലും ക്ഷമിക്കാനാവില്ലെന്നുള്ള ദൃഢനിശ്ചയ
വുമെല്ലാം…. മരിച്ചു പോയ അച്ഛനെയോ അമ്മയെയോ ഓർക്കുന്നതുപോലെയല്ല, വെറുപ്പിന്റെയും സങ്കടത്തിന്റെയുമെല്ലാമൊരു കുഴമറച്ചിലാണവിടെ.
കൈവിട്ടുപോയെന്നു കരുതിയ ആത്മവിശ്വാസം വീണ്ടെടുത്ത് സൊനാലി സ്വന്തമായി കൺസൾട്ടൻസി തുടങ്ങി. ട്രാന്‍സ്ഫെർ വാങ്ങിപ്പോയ കിഷോർ ഒന്നോരണ്ടോ മാസംകൂടുമ്പോൾ പ്രണവിനിഷ്ടപ്പെട്ട ഒരുപാടു കളിപ്പാട്ടങ്ങളും ചോക്കലേറ്റുകളുമായി അവനെക്കാണാനെത്തും. സിനിമയും ഐസ് ക്രീമും എന്നല്ല അവൻ പറയുന്നതെല്ലാം വാങ്ങിക്കൊടുക്കും. മമ്മ മേടിച്ചുകൊടുക്കുന്ന എല്ലാറ്റിനേക്കാളും നല്ലതുതന്നെയെന്നുറപ്പുവരുത്തിത്തീർക്കും. ചോദിക്കുന്നവരോടെല്ലാം അപ്പായും മോനും തമ്മിലുള്ള ബോണ്ടിങ്ങിനെക്കുറിച്ചു വാതോരാതെ സംസാരിക്കും.

അടിച്ചുപൊളിച്ചൊരു ദിവസം കഴിഞ്ഞു തിരിച്ചു വീട്ടിലെത്തുന്ന പ്രണവിനെ കാത്തിരിക്കുന്നത് കടുത്തമുഖവുമായി പിറുപിറുക്കുന്ന മമ്മയാവും. ഒരു ദിവസംകൊണ്ട് വഷളാക്കുന്നുവെന്നുള്ള പരാതി. ഇരുപത്തൊമ്പതു ദിവസം നോക്കാനറിയാമെങ്കിൽ ഈയൊരു ദിവസവും എനിക്കാവുമെന്നുള്ള വെല്ലുവിളി. അവന്റെ കുസൃതിത്തരങ്ങളെല്ലാം പോക്രിത്തരങ്ങളായി. അയാളുടെ കുട്ടിയല്ലേ.ഇതല്ലേ ചെയ്യൂ എന്ന മട്ടിലുള്ള സംസാരം.

പ്രണവ് കാത്തിരിക്കുകയാവും. രണ്ടുമാസത്തിനുശേഷം വീണ്ടും വരാമെന്നു പറഞ്ഞുപോയ അപ്പാക്കുവേണ്ടി. പലപ്പോഴും കാത്തിരിപ്പിന് അർത്ഥമുണ്ടാകില്ല. അപ്പാ ടൂറിലാവാം അല്ലെങ്കിൽ ഓഫീസിൽ നിന്നും ലീവ് കിട്ടില്ല അങ്ങനെയങ്ങനെ ….. മിക്കപ്പോഴും നീണ്ട ഇടവേളകൾ. അതേക്കുറിച്ചു പറഞ്ഞുള്ള മമ്മായുടെ കുത്തു വാക്കു കൾ. ഒരു കുഞ്ഞുമനസ്സിന് താങ്ങാനാവുന്നതിലും വലിയ ആഴമുള്ള മുറിവുകൾ.
കഴിഞ്ഞ പ്രാവശ്യം പ്രണവിനെക്കാണുമ്പോൾ ഞാൻ ഇതിനുമുമ്പ് കണ്ടിരുന്ന എന്റെ കുട്ടിക്കുറുമ്പനല്ലവൻ. സോഷ്യൽ മീഡിയ വഴി അപ്പായും അമ്മായും പോരടിക്കുന്നത് അവന്റെ കൂട്ടുകാരന്റെ വീട്ടിൽ ഡിസ്കസ് ചെയ്യുന്നുണ്ടെന്നറിഞ്ഞതോടെ, ആകപ്പാടെ കൺഫ്യൂഷനിലായൊരു മാനസികാവസ്ഥ. ഇതുവരെ വേറെ ആർക്കും അറിയില്ല എന്നൊരു ആത്മ വിശ്വാസം ഉണ്ടായിരുന്നു. അതും നഷ്ടമായി. കൂട്ടുകാരുടെയിടയിൽ നിന്നും ഏതു നിമിഷവും കളിയാക്കൽ ഉണ്ടാകുമെന്നുള്ള ഭീതി, വല്ലാത്തൊരു ഉൾവലിച്ചിലിൽ എത്തിച്ചിരിക്കുന്നു. പഴയപോലെ ബെസ്റ് ഫ്രണ്ട്സിന്റെ ലിസ്റ്റവനില്ല. പഠനത്തെയും ബാധിച്ചിരിക്കുന്നു. കഷ്ടിച്ച് ജയിക്കും. ചെറിയ കാര്യത്തിനുപോലും മമ്മയുമായും കൂട്ടുകാരുമായും വഴക്കടിക്കും. ചീത്തവാക്കുകൾ ഉപയോഗിക്കുന്നതിൽ ആ കുട്ടി ഉസ്താദായിരിക്കുന്നു. കളിച്ചു ചിരിച്ചു നടന്ന കുസൃതിക്കുടുക്കയിൽ നിന്നും ഒരു കുഞ്ഞു റൗഡിയിലേക്കുള്ള വേഷപ്പകർച്ചയാണ് വേദനാപൂർവ്വം കണ്ടുനിന്നത്.

ഒരുതരത്തിലും യോജിച്ചുപോകുവാൻ കഴിയുന്നില്ലെങ്കിൽ വിവാഹബന്ധം വേർപെടുത്തുകതന്നെ വേണം.പക്ഷേ, കുട്ടികൾക്ക് മാനസികമായും ശാരീരികമായും നല്ല രീതിയിൽ വളരാനുള്ള അവസരം ഉറപ്പുവരുത്തേണ്ടത് രണ്ടാളുടെയും ഉത്തരാവാദിത്തമാണെന്ന തിരിച്ചറിവുണ്ടാവണം.
ബന്ധം വേർപെടുത്തിയതിനുശേഷവുമുള്ള യുദ്ധം. മുൻപങ്കാളി സ്വതന്ത്ര വ്യക്തിയെന്ന പരിഗണയില്ലാതെ പൂർവ്വവൈരാഗ്യത്തോടെ അയാളുടെ/അവളുടെ മനസറിയാനും പരാജയമറിയാനുമുള്ള വ്യഗ്രത, ഒരു മനസ്സറിവുമില്ലാത്ത മറ്റാളുകളെയും ഉൾപ്പെടുത്തിയുള്ള ഈഗോ കൊണ്ടുള്ള കളി, ഇതെല്ലാം ഒരുപാട് പ്രണവുമാരെ സൃഷ്ടിക്കാനേ ഉപകരിക്കുകയുള്ളു എന്നെനിക്കു തോന്നുന്നു.
അപ്പായാണോ മമ്മയാണോ അതിലാരാണ് ശരിയെന്നവനറിയില്ല. തിരിച്ചുപോരാൻനേരം എന്റെ കയ്യിൽ മുറുകെപ്പിടിച്ച്, ആൻസിദീ … എനിക്കിപ്പോ രണ്ടാളേം ഇഷ്ടമില്ലെന്നവൻ പറഞ്ഞത് ഒട്ടും കുട്ടിത്തമില്ലാതെയാണ്.
കുഞ്ഞുകണ്ണുകളിൽ പ്രതിഫലിച്ചുകണ്ട വെറുപ്പിന്റെ അലകൾ ….അഗ്നിജ്വാലയായി പടർന്നുകത്താതിരിക്കട്ടെ .


  • പേരുകൾ മാറ്റിയിരിക്കുന്നു.
Comments
Print Friendly, PDF & Email

വയനാട്ടിലെ നടവയല്‍ സ്വദേശിനിയായ ആന്‍സി ജോണ്‍ ബാംഗ്ലൂരില്‍ സോഫ്റ്റ്‌വെയര്‍ എഞ്ചിനീയറാണ്‌.

You may also like