പൂമുഖം LITERATURE ദൃശ്യ വാസ്തവങ്ങളുടെ കാവ്യാന്വേഷണങ്ങൾ

ദൃശ്യ വാസ്തവങ്ങളുടെ കാവ്യാന്വേഷണങ്ങൾ

പ്രശസ്ത സാഹിത്യ രചനകളെ അടിസ്ഥാനമാക്കി ധാരാളം ചിത്രങ്ങൾ രചിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ ചിത്രങ്ങളിൽ നിന്ന് സാഹിത്യ രചനകൾ അപൂർവ്വമാണ്. പ്രശസ്ത ചിത്രകാരി ടി.കെ.പത്മിനിയുടെ പെയ്ന്റിംഗുകളെ ആസ്പദമാക്കി കവി വി.ആർ സന്തോഷ് രചിച്ച കവിതകളുടെ സമാഹാരമാണ് ‘നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ’. ഈ കാവ്യസമാഹാരത്തെ കവിയും ചിത്രകാരിയുമായ സാവിത്രി രാജീവൻ പരിചയപ്പെടുത്തുന്നു.


ത്മിനിയുടെ ചിത്രങ്ങളിലെ ദൃശ്യവാസ്തവങ്ങളെയും ബിംബവിന്യാസങ്ങളെയും അവലംബിച്ചു കൊണ്ട് അവ അനുഭവിപ്പിക്കുന്ന ഭാവ രഹസ്യങ്ങളിലേക്കും അതിന്റെ ആഴങ്ങളിലേക്കും കവിതയിലൂടെ ഒരു അന്വേഷണം,അല്ലെങ്കില്‍ അലച്ചില്‍ നടത്തുകയാണ് ശ്രീ വി ആര്‍ സന്തോഷ്‌ . പത്മിനിയുടെ ദൃശ്യ പ്രപഞ്ചത്തിന്‍റെ കാവ്യ വ്യാഖ്യാനങ്ങള്‍ എന്ന് ഈ കവിതകളെ വിളിക്കാം . കവിയും കവിതകളും പത്മിനി നിര്‍മ്മിച്ച നിറങ്ങളുടെയും വരകളുടെയും ബിംബങ്ങളുടെയും ലോകത്തേക്ക്  സ്വയം മറന്നു സഞ്ചരിക്കുന്നതായി ചില കവിതകളെങ്കിലും നമ്മെ അനുഭവിപ്പിക്കും.
ചിത്രങ്ങളെ കവിതയിലൂടെ അനുഭവിപ്പിക്കാന്‍ ശ്രമിക്കുകയെന്നത് മലയാളത്തിലാരും ഉദ്യമിച്ചിട്ടില്ലാത്ത ഒരു പരീക്ഷണമാണ് . പെയിന്റിങ്ങുകള്‍ കവിതകള്‍ക്ക് ആസ്പദമായി ഭവിച്ചിട്ടുണ്ടെങ്കിലും ബോധപൂര്‍വ്വമായി , കാവ്യ വസ്തുക്കളായി അവ ഉപയോഗിക്കപ്പെട്ടിട്ടില്ല .

ഈ കവിതകള്‍ ഓരോന്നും സൂക്ഷ്മമായി വായിക്കപ്പെടേണ്ടതാണ് . കാരണം അവ പത്മിനി ചിത്രങ്ങളോടും ആ കലാ കാരിയോടും സംവദിക്കാനുള്ള ഒരവസരം നമുക്ക് തരുന്നു . അവ സ്വതന്ത്ര കവിതയായിരിക്കുമ്പോൾ  തന്നെ സംക്രമണ കവിതകള്‍ കൂടിയാണ്. പത്മിനിയുടെയും അവരുടെ പെയിന്‍റിംഗുകളിലെ കഥാപാത്രങ്ങളുടെയും  ആത്മാവുകളിലേക്ക് വാക്കുകള്‍ പരകായ പ്രവേശം നടത്തുന്നു . പുതിയ കാഴ്ച്ചകളുമായി , പുതിയ കണ്ടെത്തലുകളുമായി പുതിയ അനുഭവങ്ങളായി അവ വെളിച്ചപ്പെട്ടു   നില്‍ക്കുന്നു

പത്മിനിയുടെ ചിത്രങ്ങളിലേക്ക് പ്രവേശനം കിട്ടിയ ഈ കവിതകളെ അറിയാന്‍ ശ്രമിക്കുമ്പോള്‍ എനിക്ക് തോന്നിയ ചില കാര്യങ്ങളാണ് ഞാനിവിടെ കുറിക്കുന്നത് .

‘കറുത്ത വരകളും മരങ്ങളും
തേടി വന്നപ്പോള്‍
ഞാനിവിടെ ഇരുന്നു
നിങ്ങളെന്റെ അടുത്തിരുന്നെങ്കിലും
ഞാനറിഞ്ഞില്ല
പക്ഷികളും ഞങ്ങളെ പ്പോലെയായിരുന്നു
അടുത്തിരുന്ന കലുന്ന പോലെ
എല്ലാ അകല്‍ച്ച യിലും
ഒരു കറുത്ത വര കുന്നുകളും മരങ്ങളും
തേടിവരുന്നുണ്ടാകും

അവിടേയും  ഇതുപോലെ
ഞാനും നിങ്ങളുമുണ്ടാകും
അല്ലെങ്കില്‍
കുന്നുകളും മരങ്ങളുമില്ലാതെ
ഞാനും നിങ്ങളുമില്ലാതെ
കറുത്ത വര മാത്രം ‘

ഇങ്ങനെ കറുത്ത വര തേടി ചെന്നപ്പോള്‍ അതിലേക്ക് ‘ഞാനും നിങ്ങളു മില്ലാതെ’ വരയിലേക്ക് കയറിപ്പോയ തിനാല്‍  നമുക്ക് ലഭിച്ച പത്മിനിയെന്ന ചിത്രകാരിയെ, അവരുടെ ചിത്രങ്ങള്‍ക്ക് ജീവ വായു പോലെ പ്രധാനമായ കറുത്ത കട്ടി വരകളെ ഓര്‍മ്മിപ്പിക്കുന്നു സന്തോഷിന്റെ  ഈ കവിത .   കറുത്ത വരകളില്‍  ചി ത്രകാരിയെ തേടിയെത്തിയ കുന്നുകളും മരങ്ങളും പക്ഷികളും നമുക്ക് മുന്നില്‍ സജീവമാകുന്നു. കറുത്ത വര നമുക്കിടയിൽ പത്മിനി ചിത്രങ്ങളിലേക്കുള്ള പാതയായി നിവരുന്നു.
പത്മിനി ചിത്രങ്ങളിലെ നിറ സന്നിവേശങ്ങളും സ്ഥല വിന്യാസ ശൈലികളും ബിംബ14225469_1195456283845106_391690048848471208_nങ്ങളില്‍ നിന്ന് കണ്ടെടുക്കാവുന്ന ശോക ഭാവങ്ങളും ആണ് ഒരളവിൽ അജ്ഞാത  ദ്വീപുകൾ  ‘ എന്ന കവിതയില്‍ പ്രകാശിപ്പിക്കപ്പെടുന്നത്.  നിറങ്ങളുടെ വസന്തത്തെയും സ്നേഹ വൃക്ഷങ്ങളായി പൂക്കുന്ന കാലത്തെയും കാഴ്ചക്കാരെ അനുഭവിപ്പിക്കുന്ന ഒരു പദ്മിനി ചിത്രാവിഷ്ക്കരണം പോലെ കവിതയില്‍ തെളിയിച്ചു കൊണ്ടാണ്.

ദ്വീപിലെത്തുന്നതിൻ മുന്പ് അജ്ഞാത
ദ്വീപു തേടി നടന്നു വലഞ്ഞവർ
എത്തി ദ്വീപിൽ ഇരുകര മുട്ടിച്ച്
സ്വസ്ഥരായി ക്കഴിയുവാൻസങ്കല്പ്പ
ഭൂമി ചായം പിടിപ്പി ച്ചെടുക്കുവാൻ.

ദിക്കിലൊക്കെയും ഊതച്ചുവപ്പിന്റെ
ദൃഷ്ടി പായിച്ചു നില്ക്കുന്ന കുന്നുകൾ
പച്ചിലകൾ വെളിച്ചം വിതറുന്ന
പെണ്മനസ്സിന്റെ ഇത്തിരിപ്പൊ ട്ടുകൾ
വെള്ള, നീലയിൽ മ്ലാന മാണെങ്കിലും
തുള്ളി തുള്ളിയായ് ചേരുന്ന പച്ചയിൽ
ധ്യാനികൾ നില്പ്പൂ , സ്നേഹ വൃക്ഷങ്ങളായ്‌

ദൂരമില്ലവർക്കൊന്നിലും ,പൂക്കുന്ന
കാലമാണ വർ തേടുന്നതെങ്കിലും
കാലമെല്ലാ മൊലിക്കുന്ന ശങ്കകൾ
ഭൂമുഖത്തുണ്ട് മാറ്റുവാനാകുമോ

……..ഏ തൊരു നിറം ഭൂമിക്കടിക്കണം
എന്നുമെന്നും വസന്തം നിറക്കുവാൻ ? എന്നിങ്ങനെ പത്മിനിയുടെ ചിത്രങ്ങളിലേതു പോലെ  ഭൂമിയിൽ വസന്തം നിറക്കാൻ ആഗ്രഹിക്കുന്ന കവിയും നിറങ്ങളുടെ തെരഞ്ഞെടുപ്പിനെ കുറിച്ച് സന്ദേഹിക്കുന്നു.

നിറങ്ങളുടെ വൈവിധ്യങ്ങളെ ക്കാള്‍ പ്രയോഗിക്കുന്ന നിറങ്ങളെ അവയുടെ  പോകാവുന്നിടത്തോളം മാനങ്ങളിലേക്ക് കൊണ്ട് പോകും   പത്മിനിയുടെ രചനാ പാടവം.  നീലയും ചാര നിറം കലര്‍ന്ന വെള്ളയും പത്മിനി ചിത്രങ്ങളുടെ ശക്തിയാര്‍ന്ന സംവേദ നോപാധിയാക്കി മാറ്റാന്‍ അവര്‍ക്ക് കഴിയുന്നു . ചിത്ര കാരിയുടെ ആ നിറങ്ങളോടുള്ള ആഭിമുഖ്യത്തെ വെളിപ്പെടുത്തിക്കൊണ്ട്‌ ,ഏതു  നിറത്തോടുള്ള അഗാധ സ്നേഹമാണോ ചിത്രകാരിയെ നിറങ്ങളുടെ ലോകത്തേക്ക് അടുപ്പിച്ചത് അതേ  അനന്ത നീലിമയില്‍ ആണ് അവര്‍ ലയിച്ചില്ലാതെ യായത്‌ എന്ന് കവി നിനക്കുന്നു

” മുറിയിൽ  ചാരി നിന്ന് നീ നീലയായി
ചുവരിന്റെ കരി പിടിച്ച വാത്സല്യങ്ങൾ
നിന്നെ അകലേക്ക്‌ കൊണ്ടുപോയി
തവിട്ടു നിറമുള്ള മരങ്ങളിൽ നിന്ന്
പഴുത്തിരുണ്ട പഴങ്ങൾ പറിച്ചു തന്നു
അതിൽ നിന്ന് ഒന്നെടുക്കാൻ നോക്കിയപ്പോൾ
നിന്റെ കൈകൾ  അനങ്ങിയില്ല
മറക്കുടയും മനസ്സുമായ്
നീ മുറിയില അലിഞ്ഞു പോയത്
ഞങ്ങൾ അറിഞ്ഞില്ല

നീലയായ നീ ആ മുറിയുടെ ദുഃഖം കൂടി
കുടിച്ചു വറ്റിച്ചുവല്ലോ!

( തനിച്ച്, മുറിയിൽ)

അങ്ങനെ കവിയുടെ വാക്കുകളിൽ  കൂടി സഞ്ചരിക്കുമ്പോൾ ചുറ്റുമുള്ള നീലയിൽ ,മുറിയിൽ,ആകാശത്തിൽ നാം ആ ചിത്രകാരിയെ കണ്ടു തുടങ്ങുന്നു

tkp

‘ആത്മ താരകം ‘ എന്ന കവിത  പത്മിനിയുടെ വളരെ ഉജ്വലമായ ഒരു പെയിന്‍റിംഗിന്‍റെ മികച്ച വാംഗ് മയ ചിത്രമാണ് ;  പ്രതീകങ്ങളും വാക്കുകളും ചേർന്ന് ജീവൻ വച്ച് അമ്പല മുറ്റത്ത് നിൽക്കുന്നു ദേവിയായി ഒരു പക്ഷേ  ചിത്രകാരി തന്നെ.

അമ്പലം ചുറ്റി ച്ചുറ്റി
ഇവിടെ എത്തും നേരം
മായുന്നു ചുറ്റമ്പലം
ഉള്ളിലെ പ്രതിഷ്ഠ യും

അമ്മയും കുഞ്ഞും മാത്രം
തെളിഞ്ഞു മഹത്വത്തിൽ
ഗോപുര വലിപ്പത്തിൽ
മാറുന്നു പ്രതിഷ്ഠ യായ്

……………………….
……………………..
വീടുകൾ വായും പൊളി ച്ചൊന്നുമെ പറയാതെ
നോക്കുന്നു അതുവഴി പോയതും ഇവരെന്നോ ?

കൽ വിളക്കതും  താണു
വണങ്ങി നില്ക്കുന്നുണ്ട്
ദേവി നീ തന്നിൽ വന്നു ദീപമായ് തെളിയുവാൻ

ശൈലീകരിക്കപ്പെട്ട അമ്പലവും കല്‍വിളക്കും മരങ്ങളും നിറഞ്ഞ ചിത്രത്തില്‍ അവയെക്കാള്‍ ഏറെ പ്രാധാന്യത്തോടെ   കല്‍ വിളക്കിനു മുന്‍പില്‍  നില്‍ക്കുന്നു ഒരമ്മയും കുഞ്ഞും.  അമ്പലത്തിലെ പ്രതിഷ്ഠ യേക്കാള്‍ പ്രതിഷ്ഠ യായി തോന്നിയതിനാല്‍ അവരെ കണ്ട് ഇവര്‍ മനുഷ്യരോ വിഗ്രഹങ്ങളോ എന്ന് മരങ്ങളും മനുഷ്യരും സംശയിക്കുന്നു . അമ്പലത്തിലെ ദേവതക്കുമുന്നില്‍  താണു പ്രകാശിക്കേണ്ട  കല്‍ വിളക്ക് വണങ്ങി നിൽക്കുന്നത് ഈ ദേവി വെളിച്ചമായി വിളക്കിൽ പ്രകാശിക്കുന്നതും മോഹിച്ചാണ് . ഇങ്ങനെ ആ പത്മിനി ചിത്രത്തെ അതിന്റെ സാധ്യമായ  ഭാവങ്ങളിലെക്കും അതിനപ്പുറ ത്തേക്കും കവി കൊണ്ട് പോകുന്നു .
ഇതു പോലെ മറ്റൊരു ചിത്രാവിഷ്ക്കാരത്തെ പ്രണയത്തിന്‍റെ ഇരുപ്പായി ക്കണ്ട് അതിനെ കവിതയിലേക്ക് സംക്രമിപ്പിക്കുന്നതു കാണുക.
‘പ്രണയം വന്നു വിളിച്ചത്
എന്തിനെന്ന്  എനിക്കറിയില്ല
ഞാൻ നിന്റെ മടിയിലിരിക്കുകയായിരുന്നു
പഴയ സന്ധ്യകളെ ഓർത്തുകൊണ്ട്‌
പരസ്പരം കെട്ടിപ്പിടിച്ച് നമുക്കു യരാവുന്ന  ഉയരത്തിലേ ക്ക്
പറക്കാനാ വുമെന്ന് വിചാരിച്ച്

പക്ഷെ പറക്കലിന്
ഭാരമുണ്ടെന്ന് നമുക്കറിയി യില്ലായിരുന്നു
അത്
ഭാരമായി മാറുമെന്നും ”
പ്രണയത്തിന്റെ ഇരിപ്പ് )

ആകാശത്തിനും തെളിഞ്ഞ ചന്ദ്രക്കലക്കും കീഴെ ആലിംഗന ബദ്ധരായിരിക്കുന്ന കമിതാക്കളുടെ ഒരു സുന്ദരമായ പത്മിനി ചിത്രമുണ്ട്.  പ്രണയികള്‍ പ്രണയിക്കുമ്പോള്‍ സംഭവിക്കുന്ന എല്ലാ മനോഹാരിതയും നിറഞ്ഞുനില്‍ക്കുന്ന  അന്തരീക്ഷത്തില്‍ ആണ്  ആ സ്ത്രീ പുരുഷ  പ്രതീകങ്ങള്‍ പ്രണയപ്പറക്കലിന്റെ ലാഘവവും സൌന്ദര്യവും ആയി പ്രത്യക്ഷപ്പെടുന്നത് . എന്നാല്‍ ആ ഇരുപ്പിന്റെ സൌന്ദര്യവും അതിനപ്പുറ മുള്ള    ഭാരവും  കവിത കണ്ടെത്തുന്നു .

ഒരുമിച്ചിരിക്കുമ്പോഴും അവരവരുടെ ഉള്ളിലേക്ക് പൂഴ്ത്തിവച്ച മുഖ ഭാവവുമായി ലോക വിരക്തരെ പോലെയിരിക്കുന്ന സ്ത്രീ പുരുഷ ബിംബങ്ങള്‍ പത്മിനി തന്റെ ക്യാന്‍വാസുകളില്‍ ആവര്‍ത്തിച്ചു ആവിഷ്കരിക്കുന്നുണ്ട്. അത്തരം ചിത്രാവിഷ്കാരങ്ങളില്‍ ഒന്നാണ് ഒരു മരത്തിനിരു വശത്തുമായി ഇരിക്കുന്ന രണ്ടു പേര്‍ ഒരാണും ഒരു പെണ്ണം. മുന്നില്‍ ഒഴുകുന്ന നദി . പത്മിനിയുടെ ഏറ്റവും നല്ല രചനകളില്‍ ഒന്നാണ് അതെന്ന് എനിക്ക് തോന്നിയിട്ടുണ്ട്. അടുത്തിരിക്കുമ്പോഴും അകലെയെന്ന് തോന്നിപ്പിക്കുന്ന വിധം അവനവനിലേക്ക്‌ ചുരുങ്ങി യിരിക്കുന്ന ഇണകളുടെ ഓര്‍മ്മയുണ ര്‍ ത്തുന്നു ‘ശരീരങ്ങളായി ത്തീരുമ്പോള്‍’ എന്ന കവിത

‘ നീ എനിക്കടുത്താണ്
നീല നദിക്കപ്പു റത്ത് .
നിന്‍റെ കാമുകിയായ പച്ച
പ്രകൃതിയില്‍ ലയിച്ചു കിടക്കുമ്പോള്‍
നീ എന്നെ എങ്ങനെ ഓര്‍ക്കും
ഞാന്‍ ചുവക്കാന്‍ തുടങ്ങുന്ന ശരീരം
നിന്നില്‍ നിന്നകന്ന്
തൊട്ടടുത്താ ണെങ്കിലും
നിനക്കെന്നെ കാണാന്‍ കഴിയില്ല
………………………
നാം അപ്പുറത്തും ഇപ്പുറത്തും ഇരുന്ന്
ശരീരങ്ങളായി ത്തീരും .

ഈ കവിത വായിച്ചു തീരുമ്പോള്‍ പത്മിനിയുടെ നിസ്സംഗതയും, തൃഷ്ണയും, ഒരേ പോലെ ആവാഹിച്ച സ്ത്രീ പുരുഷ ബിംബങ്ങള്‍ നമ്മുടെ മുന്നില്‍ ജീവസ്സോടെ തെളിയുന്നു .

734238_235758229895785_1162955479_n
ചില കവിതകളില്‍ ബിംബങ്ങളും  അവയുടെ വിന്യാസ രീതികളും കവിതയ്ക്ക് പാത്രമാകുമ്പോള്‍ ചിലവയില്‍ പത്മിനി ചിത്രനിര്‍മ്മിതികളിലെ പ്രതിനിധാനങ്ങള്‍ എന്ന നിലയില്‍  അവ ആത്മഗതങ്ങള്‍ നടത്തുന്നു . അവള്‍ ചിലപ്പോള്‍ കിടക്കുന്ന ഒരു പെണ്‍രൂപമാകാം. പട്ടം പറ ത്തുന്ന പെണ് കുട്ടിയാകാം , സ്കൂളിൽ ആമിനക്കും മജീദിനുമൊപ്പം പോകുന്ന കൌമാരക്കാരിയാകാം  ആ പ്രതീകങ്ങൾ  അവളെ സൃഷ്ടിച്ച ചിത്രകാരിയെ പ്രതീക്ഷിച്ചു , അവരെ കാത്തു കിടക്കുകയാണെന്നും  ചിത്രകാരിയുടെ വ്യഥകളും നില നില്‍പ്പിന്റെ ആകുലതകളും  തിരിച്ചറിഞ്ഞവള്‍/ വർ  ആണെന്നും പറയുന്നതായി കവി കേള്‍ക്കുന്നു . ഒരേ സമയം അവള്‍ ചിത്രകാരിയുടെ തന്നെ പ്രതി നിധാനമായും വെറുമൊരു ഇമേജായും കവിത വ്യാഖ്യാനിക്കുന്നു പെയിന്റിങ്ങി ന്‍റെ വ്യാഖ്യാനങ്ങള്‍ അല്ലാതെ ചിത്രാ ശ്രിതത്വത്വത്തില്‍ നിന്ന് മുക്തമായ       ഒരു  അസ്തിത്വം  വി. ആര്‍. സന്തോഷിന്‍റെ ഈ കവിതകള്‍ക്കുണ്ട് എന്നും നാം പലപ്പോഴും തിരിച്ചറിയുന്നു.

അവളുടെ ഇരുപ്പില്‍
പച്ച തിളച്ചു മറിയുന്നതും
ചുവപ്പ് ആകുലമാകുന്നതും
നഗ്നത ഉടലില്‍ നിന്ന്
പെണ്‍ രൂപത്തെ തിരിച്ചെടുക്കുന്നതും
കാണാനാകുന്നുണ്ട് ………………
എങ്കിലും
നിങ്ങളെ എനിക്ക് കാണേണ്ട
നിങ്ങള്‍ എന്നെ കാണുന്നത്
അറിയാവുന്നത് കൊണ്ട് !
എന്നിങ്ങനെ കവിത തിരിച്ചറിവു നേടിയ സ്ത്രീ സ്വത്വമായി ലോകത്തോട്‌ സംവദിക്കുന്നു .

പത്മിനിയുടെ ചിത്രാവിഷ്കാരങ്ങളിലെന്ന  പോലെ പല മാനങ്ങളിലേക്ക് തുറക്കാവുന്ന തുറപ്പുകള്‍ വി ആര്‍ സന്തോഷിന്‍റെ  ഈ കവിതകളിൽ  ആവിഷ്കരിക്കപ്പെടുന്നുണ്ട്.

ഒരു ചിത്ര കാരിയെന്ന നിലയില്‍ പത്മിനിയുടെ  ഓരോ  കലാ സൃഷ്ടിയും അവരുടെ  സര്‍ഗ്ഗാത്മകതയുടെ   മാത്രമല്ല  സ്ത്രീ സ്വത്വ ബോധത്തിന്റെ കൂടി ആവിഷ്കാരങ്ങളാണ്.  അറിഞ്ഞോ അറിയാതെയോ മലയാളി സ്ത്രീ കളുടെ സ്വത്വ ബോധത്തെ ഉയര്‍ത്തുന്ന വിധം, മലയാളി സമൂഹത്തില്‍ നിലനിന്നുപോന്ന, ഇന്നും നില നില്‍ക്കുന്ന സ്ത്രീ  ലൈംഗികതയുടെ പ്രശ്നവതകരണം നഗ്ന സ്ത്രീ ബിംബങ്ങളുടെ ശക്തമായ ആവിഷ്കാരങ്ങളിലൂടെ അവതരിപ്പിക്കുകയായിരുന്നു പത്മിനി ചെയ്തത്. ഏറ്റവുമാഴത്തില്‍ ഒരു മലയാളി കലാകാരിക്കുമാത്രം സാധിക്കുന്ന വിധം അനന്യതയോടെ. ഇങ്ങനെ കേരളത്തിന്‍റെ മണ്ണില്‍ ചവിട്ടി നിന്നുകൊണ്ട് ലോകത്തേക്ക് നോക്കിയ ആ അനുഗ്രഹീത ചിത്ര കാരിയുടെ കലാവിഷ്ക്കാരങ്ങള്‍ക്ക് കവിതയിലൂടെ യുള്ള ഒരു ‘കലാ വിമര്‍ശമായി ഞാന്‍ വി ആര്‌. സന്തോഷിന്റെ ഈ കവിതകളെ കാണുന്നു.


 

കവിതാസമാഹാരം: നീല നദിയ്ക്കും ചെം മരങ്ങൾക്കും ഇടയിലൂടെ, പ്രസാധനം: എൻ.ബി.എസ്
Comments

കവി. ചിത്രകാരി. 1965 മുതൽ മലയാളം ആനുകാലികങ്ങളിൽ കവിതകൾ എഴുതുന്നു. ചരിവ്‌, ദേഹാന്തരം”, “ഹിമസമാധി” തുടങ്ങിയ കവിതാസമാഹാരങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. വിവിധ ഇന്ത്യൻ ഭാഷകളിൽ കവിതകൾ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുണ്ട്‌.

You may also like