പൂമുഖം LITERATURE ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

ഉന്മാദത്തിന്റെ ഒരു വിചിത്ര പുസ്തകം

ഇന്ദു മേനോന്റെ കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’ വിലയിരുത്തപ്പെടുന്നു.


ോവലെഴുത്തിന്റെ കാലവും ഭാവിയും മാറിക്കൊണ്ടിരിക്കാം പക്ഷെ അതിന്റെ അഴകളവുകളിപ്പോൾ എഴുത്തുകാരനെക്കാൾ വായനക്കാരനാണ് നിശ്ചയം!. രചനയുടെ ദിശാസൂചിയെക്കാൾ വായനയുടെ ദിശാസൂചിയാണ് അവൻ ഓരോ പുസ്തകം അടച്ചുവയ്ക്കുമ്പോഴും സ്വയം തേടുന്നത്. ഇതല്ല വേറൊന്നാണ് ഇനിവേണ്ടത് എന്ന ദൃഢനിശ്ചയത്തോടെ നിലവിലുള്ള വിഗ്രഹങ്ങളെ അവൻ എറിഞ്ഞുടയ്ക്കുന്നു. നോവൽ വരയ്ക്കുന്ന സ്ഥലഭാവനകളിൽ ഞാനെവിടെയാണെന്ന് ഓരോ വായനക്കാരനും വരികൾക്കിടയിലൂടെ തിരഞ്ഞുകൊണ്ടേയിരിക്കുന്നു. താൻ അഭിമുഖീകരിക്കുന്ന ഈ കാലത്തെ, അകപ്പെട്ടിരിക്കുന്ന ഈ ജീവിതത്തെ, അതിന്റെ സമസ്യകളെ അവൻ വായിക്കുന്ന പുസ്തകത്തിൽ കണ്ടെത്താൻ ശ്രമിക്കും. അതിലൂടെ കാൽപ്പനികമായ സംവേദന ശീലങ്ങളെ തകർത്തുകളയാനുള്ള ശ്രമമാണ് വായനക്കാരൻ നടത്തുന്നത്. പക്ഷെ ചില വായനകൾ അവനവനിലെ നഷ്ടപ്പെട്ട ഭാവനയുടെ ലോകത്തെ, ഉന്മാദത്തെ, അകളങ്കമായ അസംബന്ധ സ്വപ്‌നങ്ങളെ, ലക്കും ലഗാനുമില്ലാത്ത മാനസ സഞ്ചാരങ്ങളെ തിരിച്ചുപിടിക്കാനുള്ളതാണ്.

ആധുനികതയ്ക്കു ശേഷം ചെറുകഥയുടെ അലകും പിടിയും മാറിയപ്പോൾ മാരകമായ രാഷ്ട്രീയ പരിത:സ്ഥിതികളോട് ശക്തമായി പ്രതികരിക്കുന്ന കഥകളെഴുതി ശ്രദ്ധനേടിയ ഇന്ദു മേനോൻ ആദ്യമായെഴുതിയ നോവലാണ് ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. ഇന്ദു മേനോൻ കപ്പലിനെക്കുറിച്ച് എഴുതിയ ഈ പുസ്തകത്തിനെ ‘വിചിത്ര’ പുസ്തകം എന്നുതന്നെയാണ് അവർ വിശേഷിപ്പിക്കുന്നത്. തീർച്ചയായും ഇതൊരു ‘ചരിത്ര’ പുസ്തകം അല്ല. പൂർണ്ണമായി ഭാവനയുടേയും, ഉന്മാദത്തിന്റേയും ലക്കും ലഗാനുമില്ലാത്ത ഒഴുക്കിനൊപ്പം ഇന്ദു മേനോൻ ഒഴുകിപ്പോവുകയാണ്. മാരിക്കൊ ദ്വീപിനടുത്തുള്ള കടൽശ്മശാനത്തിൽ ‘മുങ്ങിച്ചത്ത’ ജനറൽ ആൽബെർട്ടൊ മേയർ എന്ന ഒരു നിധിക്കപ്പലിനെ അന്വേഷിച്ചുപോകുന്ന കൃഷ്ണചന്ദ്രന്റേയും, ജീവിതവും പ്രണയവും  രക്തബന്ധങ്ങളും മറന്ന് ധനാസക്തികളിൽ മയങ്ങി കടൽ കാത്തുവെച്ച ചെങ്കുഴിയിൽ മുങ്ങിമരിച്ചവരുടെയും ജന്മാന്തരങ്ങളോളും പ്രണയത്തിന്റെ അമൃതം തേടി അലയുന്നവരുടേയും കഥയാണ് ഈ നോവൽ. രതിയുടെ വന്യമായ ആഘോഷങ്ങൾ കൊണ്ട് നോവലെഴുത്തെന്ന കലയിൽ, ഭാവനയുടെ സകലമാന സാധ്യതകളേയും ചൂഷണം ചെയ്യാൻ ഇന്ദു മേനോൻ ‘മരിച്ചു’ പണിയെടുക്കുന്നുണ്ട് ഈ നോവലിൽ.

സ്ത്രീയുടേതുപോലെത്തന്നെ, പുരുഷന്റെ    രതിയേയും അവന്റെ അടങ്ങാത്ത ആത്മകാമനകളെയും അനാവരണം ചെയ്യാൻ ഇന്ദു മേനോൻ തന്റെ ലിംഗ സ്വത്വത്തെ തകർത്തുകളയുകയും, പെണ്ണെന്നുള്ള നിലയിൽ ഒരു എഴുത്തുകാരിയുടെ ജൈവീകമായ പരിമിതികളെ അതിലംഘി ക്കുകയും ചെയ്യുന്നു. സ്ത്രീ പുരുഷ ബന്ധങ്ങളെ സർപ്പകാമനകളുടെ ഭയാത്മകമായ മാരകവന്യതയാക്കി, വായനക്കാരനെ ഒരു മായിക തലത്തിലേയ്ക്ക് കൊണ്ടുപോകുന്നു.

kappal

ഭാവനയുടെ സെപിയാ ചിത്രങ്ങൾ

ബാല്യകാലത്തെ ചില ഏകാന്തതയിൽ, ആകാശത്ത് തിങ്ങിക്കൂടി നിൽക്കുന്ന വെളുത്ത മേഘങ്ങളിൽ നോക്കിനിൽക്കവെ, അതു പതുക്കെ ഭീമാകാരന്മാരായ വെളുത്ത കുതിരകളും വെണ്ണക്കൽ കൊട്ടാരങ്ങളും മാലാഖമാരുമായി രൂപം മാറാറുണ്ട്. ഭാവനയുടെ ബാല്യകുതൂഹലങ്ങൾ കുട്ടിക്കാലം കഴിയുന്നതോടെ പലർക്കും  നഷ്ടപ്പെടുന്നു. ദിവാസ്വപ്‌നങ്ങളിൽ സ്വയം നഷ്ടപ്പെട്ടുപോയിരുന്ന ചില കാലങ്ങളിൽ മനസ്സിന്റെ വെള്ളിത്തിരയിൽ വന്നും പോയുമിരുന്ന ചില ചിത്രങ്ങൾ; ആ ചിത്രങ്ങൾ  ഇന്ദു മേനോൻ എന്ന എഴുത്തുകാരിയിൽ സജീവമായിത്തന്നെ ഇന്നും നിലനിൽക്കുന്നു എന്നുവേണം കരുതാൻ. ഒരു കുന്നോളം നിധി കയറ്റി, വളരെ ദൂരെ മാരിക്കൊ ദ്വീപിനടത്തുള്ള കടലിലെ ഒരു ചെക്കുത്താൻ ചെങ്കുഴിയിൽ അകപ്പെട്ടുപോയ ജനറൽ ആൽബെർട്ടോ മേയർ എന്ന കപ്പൽ ഒരു മിത്തുപോലെ ഈ നോവലിന്റെ നെറുകയിൽ നിൽക്കുന്നു. ഈ നോവലിലെ കപ്പൽ, മരണത്തിന്റെ പ്രതീകമാണ്. ധനാസക്തിക്കു മുൻപിൽ പ്രണയത്തേയും ജീവിതത്തേയും ബലികഴിക്കുന്നവർ, ജന്മ പരമ്പരകളിലൂടെ ഈ കപ്പലിന്റെ ആകർഷണ വലയത്തിലൂടെ, കടലിലെ ചെക്കുത്താൻ ചെങ്കുഴിയിൽ പതിക്കുന്നു. കടലും  അതിന്റെ കാണാക്കയങ്ങളും അജ്ഞാത ദ്വീപും മനുഷ്യരും കാലത്തിന്റെ മഞ്ഞക്കടലാസും ഓർമ്മക്കുറിപ്പുകളും രതിയുമൊക്കെ ഭാവനയുടെ മായക്കയങ്ങളിൽ ചുറ്റിത്തിരിയുന്നു.

ഭാഷയുടെ കൈയൊതുക്കംകൊണ്ട് രതിവർണ്ണനകളെ ഉദാത്തമായൊരു തലത്തിലേയ്ക്ക്  ഉയർത്താൻ എഴുത്തുകാരിക്കു കഴിയുന്നുണ്ട്. നോവലിന്റെ ആരംഭത്തിൽ സരസ്വതി എന്ന കഥാപാത്രം മേപ്പാങ്കുന്നിന്റെ നെറുകയിലെ ഒരു പൊന്തക്കാട്ടിൽ സ്വന്തം അച്ഛൻ ചെറിയമ്മയുമായി  അതി വന്യമായ രീതിയിൽ വേഴ്ച്ച നടത്തുന്നതു കാണുന്നു.  രതിയുടെ ആഴക്കയങ്ങളിൽ നിന്ന് അച്ഛൻ എഴുന്നേൽക്കുന്നത് ഇണയെ കഴുത്തുഞെരിച്ചു കൊല്ലാനുള്ള തയ്യാറെടുപ്പുമായാണ്. വേഴ്ച്ചയ്ക്കു ശേഷം ഇണയെ ഉന്മൂലനം ചെയ്യാനും മടിക്കാത്ത, മനുഷ്യന്റെ മൃഗീയവാസനകളുടെ മാരകമായ സാധ്യതകളെ അവതരിപ്പിച്ചുകൊണ്ട് നോവൽ വായനക്കാരനെ തുടക്കത്തിൽത്തന്നെ അമ്പരപ്പിക്കുന്നുണ്ട്.

ജലസ്ഥലികളുടെ പുതു ഭൂപടം തന്നെ ഈ നോവലിനുവേണ്ടി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ഒരു സാധാരണ മനുഷ്യന്റെ മനോവ്യാപാരങ്ങൾക്കപ്പുറം കടക്കുന്ന രതിയുടേയും പ്രണയപാപങ്ങളുടേയും ധനാസക്തികളുടേയും ആഭിചാരങ്ങളുടേയും ഭ്രമാത്മകലോകം സൃഷ്ടിച്ചുകൊണ്ട് ഇന്ദു മേനോൻ ഭാവനയുടെ ആരും കാണാത്ത വഴികളിലൂടെ സഞ്ചരിക്കുന്നു. ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽ ഒരുപക്ഷെ നൈസർഗ്ഗിക ഭാവനമാത്രം കൊണ്ട് സൃഷ്ടിക്കാവുന്ന ഒന്നല്ല. അത് ചെറുപ്പം മുതലേ  കേട്ടു പരിചയിച്ച അപസർപ്പകഥകളും കടൽ എന്ന അപാരതയുമായി ബന്ധപ്പെട്ട നാവികരുടെ കഥകളിൽനിന്നും മിത്തുകളിൽ നിന്നും രൂപപ്പെടുത്തിയെടുത്ത ഒന്നാണ്. കപ്പലിന്റെ സാങ്കേതികമായ വിശദാംശങ്ങളിലൊന്നും എഴുത്തുകാരി പോകുന്നില്ല. ഭീമാകാരനായ ഒരു തടിക്കപ്പൽ എന്നേ പറയുന്നുള്ളു. അത് മാരിക്കൊ ദ്വീപിനടുത്തുള്ള കടലിലെ വാരിക്കുഴികൾക്കരികെയെത്തുന്ന പല കപ്പൽ നാവികർക്കു മുൻപിൽ കള്ളിയങ്കാട്ട് നീലിയെപ്പോലെ പ്രത്യക്ഷപ്പെടുന്ന ഒരു ചുടല യക്ഷിയാണ്. ഒരു മനുഷ്യന്റെ പ്രേതത്തിന്റെ എല്ലാ ഭാവങ്ങളുമോടെ ഒരു ‘കപ്പൽപ്രേത’ത്തെ എഴുത്തുകാരി സൃഷ്ടിക്കുന്നു. സ്വന്തം ഭാവനയെ ഒരു കാലിഡോസ്‌കോപ്പിലിട്ടുകൊണ്ട് ഒരു മായാപ്രപഞ്ചത്തെ സൃഷ്ടിക്കാനുള്ള യത്‌നമാണിത്. കുട്ടിക്കഥകളിലെ മന്ത്രവാദകഥകളിൽ നിന്ന് വികസിപ്പിച്ചെടുത്ത, കഥാപാത്രങ്ങളായ പാസ്‌ക്വലും, ക്ലോദും, റെക്‌സുമൊക്കെ ഏതോ സ്‌പെഷ്യൽ എഫക്ട് സിനിമയിൽ നിന്ന് ഇറങ്ങിവന്നവരായി മാത്രമേ  തോന്നൂ. അതിരുകളില്ലാത്ത ഭാവനയിൽ, ഭാഷയുടെ അനന്ത സാധ്യതകളെ മുഴുവൻ പ്രയോജനപ്പെടുത്തിക്കൊണ്ട് നോവലിന്റെ ആദ്യ ഇരുനൂറുപേജുകൾ വായനക്കാരനെ വല്ലാതെ രസിപ്പിക്കുന്നുണ്ടെങ്കിലും രണ്ടാം പകുതി, കണ്ടു പരിചയിച്ച പ്രേതകഥകളിലെ കൃതൃമ കഥാപാത്രങ്ങളെക്കൊണ്ട് നോവലിൽ തെല്ല് മാലിന്യം നിറയുന്നുണ്ട്. എങ്കിലും വിൽസ്മിത്ത് പ്രഭുവിനെപ്പോലെ ഒരു കഥാപാത്രത്തെ സൃഷ്ടിക്കാൻ ഇന്ദു മേനോനെ പോലെ ഒരെഴുത്തുകാരിക്കു മാത്രമേ  കഴിയൂ എന്ന് വായനക്കാരനെകൊണ്ട് അംഗീകരിപ്പിക്കാനും ആകുന്നു!. ‘പ്രേമത്തെക്കുറിച്ചൊരു വിചിത്ര പുസ്തകം’ എന്ന നാൽപതാമദ്ധ്യായം നിലാവുകൊണ്ട് മേഘങ്ങളിലെഴുതിയതാണെന്നേ തോന്നൂ.

ഭാവനയുടെ വിചിത്രലോകത്ത് ചുമരിലെ പെയിന്റടർന്ന ഭാഗത്തേക്ക് നോക്കിക്കൊണ്ടിരിക്കെ അത് കുതിരകളും ആൾക്കൂട്ടവും ആനക്കൂട്ടവുമായി മാറിയിരുന്ന ബാല്യകൗതുകങ്ങൾ പിന്നീട് ജീവിതത്തിന്റെ പരുക്കൻ യാഥാർത്ഥ്യങ്ങളിലേക്ക് വളരുന്നു. അത് കാഴ്ചയുടേയും കേൾവിയുടേയും അനുഭവത്തിന്റേയും സങ്കലിതമായ ഉന്മാദത്തിലേയ്ക്ക് വളരുന്നു. പനിക്കിടക്കയിലെ മാനസിക വ്യാപാരങ്ങൾപോലെ, മനസ്സിന്റെ തിരശ്ശീലയിൽ വലിയ വലിയ, ബിഗ് ബഡ്ജറ്റ് ബ്രഹ്മാണ്ഡൻ ചലച്ചിത്രങ്ങൾ ഉടലെടുക്കുന്നു. ഇതൊക്കെ എഴുതിവയ്ക്കുക…. ഇതിനെയൊക്കെ ഭാഷയിലേയ്ക്കാവാഹിക്കുക അത്ര എളുപ്പമല്ല. അതിനുള്ള ശ്രമമാണ് ഇന്ദുമേനോൻ നടത്തുന്നത്. ഇന്ദു മേനോൻ തന്നെ പറയുന്നത് ‘എന്റെ നട്ടപ്പിരാന്തുകൾ, എന്റെ പ്രേമം, എന്റെ ഭയം, എന്റെ വിഷാദം, എന്റെ ഉന്മാദം, എന്റെ ഏകാന്തത എല്ലാംകൂടി കുഴമാന്തി ഇത് എന്റെ ഉള്ളിലെത്തുമ്പോൾ ഞാനല്ലാതെ മറ്റൊന്നും ഇതിലില്ലെന്ന് എനിക്കു മനസ്സിലാകുന്നു. ജനിച്ചും ജീവിച്ചും പ്രേമിച്ചും ഭ്രാന്തുണർന്നും അലഞ്ഞും വിശന്നും ചത്തും കൊന്നും ഞാൻ എന്നെ എഴുതിത്തീർത്ത പുസ്തകം. ഇത് എന്നെക്കുറിച്ചൊരു വിചിത്ര പുസ്തകമായിത്തന്നെ തീരുന്നു'(പേജ് 18, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം).

സ്വപ്‌നങ്ങളിൽ പൂണ്ടുപോയ നോവൽ

പതിനാറാം നൂറ്റാണ്ടിലെങ്ങൊ ചാലിയം കോട്ടയുടെ മുഖപ്പിൽ പണി ചെയ്യാൻ വന്ന ജുവാൻ ടെർച്ച്വൽ ഡിക്കോത്ത എന്ന എൻജിനിയർ വലിപുരയ്ക്കൽ കുടുംബത്തിലെ കുഞ്ഞിത്തറുവായിക്കോയയെ കാണാൻ വന്നത് ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ഒരു ഭീമാകാരൻ കപ്പൽ നിർമ്മിക്കുന്നതിനുവേണ്ടിയാണ്. സൗദി അറേബ്യയിലെ രത്‌നവ്യാപാരി ഷെയ്ഖ് ഹൈദർ ഹുസൈന്റെ നിർദ്ദേശപ്രകാരമാണ് ജുവാൻ കുഞ്ഞിത്തറുവായിക്കോയയെ കാണുന്നത്. കൊമറാഡോ എന്ന ദ്വീപിൽ നിന്ന് കുഴിച്ചെടുക്കുന്ന സ്വർണ്ണ അയിര് നിറച്ചുകൊണ്ടുവരാൻ ഒരു ഭീമൻ കപ്പൽ വലിപുരയ്ക്കലെ പാണ്ടികശാലയിൽ വെച്ചു പണിയണം. കലാപം നടത്തിയതിന്റെ പേരിൽ കൊമറാഡോയിലേക്ക് നാടുകടത്തപ്പെട്ട ജുവാന്റെ അച്ഛൻ ടെക്ച്വർ ഡിക്കോത്തയാണ് ഈ നിധി കണ്ടെത്തുന്നത്. ഈ സ്വർണ്ണ അയിരിന്റെ വലിയ ശേഖരം മുഴുവൻ എത്തിക്കേണ്ടിടത്തെത്തിച്ചുകൊണ്ട് അളവില്ലാത്ത സമ്പത്തിന്റെ ഉടമയാകാൻ നിശ്ചയിച്ച ജുവാന്റെ പദ്ധതിയിൽ വലിയപുരയ്ക്കലെ വംശപരമ്പരയിലെ ജീവിതങ്ങളിൽ പലതും ഹോമിക്കേണ്ടി വന്നു. ഭ്രാന്തുവന്നവർ ആണിതറച്ചുകയറ്റുന്ന നൂറ്റാണ്ടുകൾ പഴക്കമുള്ള മരങ്ങൾ ഈ കപ്പലിനുവേണ്ടി അറുത്തുമാറ്റപ്പെട്ടു. ഭ്രാന്തായ മരത്തിന്റെ പ്രേതങ്ങൾ അതോടെ ആ കപ്പലിന്റെ ഭാഗമായി. ഒരുന്മാദക്കപ്പൽ രൂപംകൊള്ളുകയായിരുന്നു. കൊമറാഡോയിൽ നൂറുകണക്കിന് ഖനിത്തൊഴിലാളികളുടെ മരണത്തിനും ക്രൂരമായ കൊലപാതകങ്ങൾക്കും ബലാത്സംഗങ്ങൾക്കും കൊടും ക്രൂരതകൾക്കുമൊക്കെ സാക്ഷിയാകേണ്ടിവന്ന ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽ ഉന്മാദിയായ ഒരു മിത്തായി നോവലിനാകെ മായികമായ പ്രേതപ്രകാശം നൽകുന്നു. കുഞ്ഞിത്തറുവായിക്കോയയും ജുവാനും അയാളുടെ ഭാര്യ ആന്റനീറ്റയും അവരുടെ ജാരൻ കപ്പിത്താനായ രവിവർമ്മനുമടക്കം നാൽപ്പത്തിരണ്ടുപേർ ചെക്കുത്താൻ ചെങ്കുഴിയുടെ ആഴത്തിലേക്ക് പതിക്കുന്നു. ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പലിലെ നിധിതേടിപ്പോയ കുഞ്ഞിത്തറുവായിക്കോയമുതൽ പ്രണയത്തിന്റെ അമൃതംതേടിപ്പോകുന്ന ഈ നോവലിലെ ഓരോ കഥാപാത്രവും പ്രണയ-പാപങ്ങളുടെ ചുഴിയിൽ അകപ്പെട്ടുകൊണ്ട് മാരിക്കൊ ദ്വീപിലെ ‘മരണ നിഘണ്ടു’വിൽ സ്വന്തം പേര് എഴുതിച്ചേർക്കുന്നു. പ്രണയ-പാപങ്ങളുടെ നിത്യസ്മാരകമായി, പ്രണയിക്കുന്നവരെ വേർപെടുത്തുന്ന ശക്തികൾക്കെതിരെ, ഉന്മാദിയായ ഒരു കൊടുംങ്കാറ്റായി ചെങ്കടൽച്ചുഴിക്കുമുകളിൽ കപ്പൽയാത്രക്കാരുടെ പേടിസ്വപ്‌നമായി ജനറൽ ആൽബർട്ടൊ മേയർ എന്ന കപ്പൽപ്രേതം മാറുകയാണ്. ജീവിതം ഏത്രമേൽ സുരക്ഷിതവും പ്രേമ സുരഭിലവുമായിരുന്നിട്ടും വലിയപുരയ്ക്കലെ കുഞ്ഞിത്തറുവായിക്കോയയുടെ പിന്മുറക്കാർ വീണ്ടും നിധിക്കപ്പലിന്റെ ഉൾവിളികേൾക്കാനാവാതെ ദുരന്തത്തിലേക്കു തന്നെ നടന്നടുക്കുന്നു. കുഞ്ഞിത്തറുവായിയുടെ വംശപരമ്പരയിലെ അവസാനത്തെ കണ്ണിയായ യുസുഫും ആൽബർട്ടൊ മേയർ എന്ന കപ്പലിലെ, കടലിൽ മുങ്ങിപ്പോയ, നിധി കണ്ടെടുക്കുക എന്ന നിയോഗത്തിനു മുൻപിൽ പിടിച്ചുനിൽക്കാനാവാതെ, പ്രണയിച്ച പെണ്ണിനെ വരെ ത്യജിച്ചുകൊണ്ട് പോകാൻ തയ്യാറാകുന്നു. യാത്ര പുറപ്പെടും മുൻപുതന്നെ വിധിയുടെ ചെക്കുത്താൻ ചെങ്കുഴിയിൽ യൂസുഫും പതിക്കുന്നു. കപ്പലിന്റെ അവകാശ രേഖകളും ഭൂപടങ്ങളും ദൗത്യവും സുഹൃത്തായ കൃഷ്ണചന്ദ്രനെ ഏൽപ്പിക്കുന്നു. ആൽബർട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രിവർമ്മന്റെ പുനർജന്മമാണ് താനെന്ന് കൃഷ്ണചന്ദ്രൻ തിരിച്ചറിയുന്നു. പതിനാറാം നൂറ്റാണ്ടിൽ, ആൽബർട്ടൊ മേയറിന്റെ കപ്പിത്താനായിരുന്ന രവിവർമ്മൻ കപ്പലുടമ ജുവാൻ ഡിക്കോത്തയുടെ ഭാര്യയായ ആന്റനീറ്റയുമായി പ്രണയത്തിലാകുന്നു. സ്ത്രീകളോട് ക്രൂരമായി പെരുമാറുന്ന കാമഭ്രാന്തനായ ജുവാനിൽ നിന്ന് ഒളിച്ചോടി രവിവർമ്മനുമായി പ്രണയത്തിന്റെ കാണാക്കയങ്ങളിലേക്ക് സഞ്ചരിക്കുകയായിരുന്ന ആന്റനീറ്റയേയും രവിവർമ്മനേയും അതിക്രൂരമായി ജുവാൻ വധിക്കുന്നു. പ്രണയത്തിന്റെ അമൃതം തേടി ഉരുകുന്ന ആന്റനീറ്റ ജന്മാന്തരങ്ങൾതോറും രവിവർമ്മനെ അന്വേഷിച്ചുകൊണ്ടിരിക്കുന്നു. നാലു തലമുറകൾക്കിപ്പുറം കൃഷ്ണചന്ദ്രൻ എന്ന ചെറുപ്പക്കാരന്റെ നിയോഗവും പൂർവ്വജന്മപ്രണയത്തിലേയ്ക്ക് സ്വയം നഷ്ടപ്പെടുക എന്നതായിരുന്നു.

സരസ്വതി, മിട്ടായി, ഏത്തല, ഉമ്മു, ഭാഗ്യലക്ഷ്മി, മിലി തുടങ്ങി മലയാള നോവലിൽ ഇതുവരെ കാണാത്ത മായികമായ ഉന്മാദസൗന്ദര്യത്തോടെ ഒരുപിടി സ്ത്രീകഥാപാത്രങ്ങൾ ഈ നോവലിൽ നിറയുന്നുണ്ട്. സ്വപ്ന ങ്ങളുടേയും ഭാവനയുടേയും അതിപ്രസരത്തിൽ പൊങ്ങുതടികളായി ഈ കഥാപാത്രങ്ങൾ ഒഴുകിനടക്കുന്നു എന്നു പറയുന്നതാവും കുറേക്കൂടി എളുപ്പം. മാരകമായ ഇവരുടെ രതിയും പ്രണയവും വിരഹവുമാണ് വായനക്കാരന് അനുഭൂതി പകരുന്ന ലവണവും ലാവണ്യവും. ഈ നോവലിൽ നിന്ന് ഭാവനയുടെ സെപിയാ ചിത്രങ്ങളും രതിയുടെ വന്യതയും അർഥകാമനകളുടെ അനിവാര്യ ദുരന്തങ്ങളും മാഞ്ഞുപോയാൽ ഒരുപക്ഷെ ഈ നോവൽ ശൂന്യതയുടെ വിചിത്ര പുസ്തകമായിപ്പോയേനെ.

indu-21-1466489174

ലിംഗസ്വത്വത്തിന്റെ പരകായപ്രവേശം

എഴുത്തുകാരി സ്വന്തം ലിംഗസ്വത്വത്തെ തമസ്‌ക്കരിക്കുകയും ഒരു സ്ത്രീ എഴുത്തുകാരിക്ക് അസാധ്യമെന്നു തോന്നാവുന്ന പുരുഷ ലിംഗത്തിന്റെ ആസക്തിവിശേഷങ്ങളിലൂടെ പതറാതെ സഞ്ചരിക്കുകയും ചെയ്യുന്നുണ്ട് ഇന്ദു മേനോൻ. പുരുഷപക്ഷ ലൈംഗികത ആവിഷ്‌ക്കരിക്കുമ്പോൾ പ്രത്യേകിച്ചും. സ്ത്രീപുരുഷ വേഴ്ച്ചകളുടെ മുകളിലെ മൂന്നാംകണ്ണായി എഴുത്തുകാരി നിലകൊള്ളുന്നു. നോക്കിനിൽക്കെ വന്യമായി അതിരുകൾ ഭേദിച്ചുപോകുന്ന ഒരനുഭവം. രതിയെ ഉദാത്തമായ അനുഭവമാക്കുന്നതിൽ നോവലിനു മുതൽക്കൂട്ടാവുന്നത് അതിന്റെ ഭാഷതന്നെയാണ്. അല്ലെങ്കിൽ ത്രിലിംഗനായ വിൻസ്മിത്തിനെപോലൊരു കഥാപാത്രം മലയാള നോവൽ കണ്ടിട്ടുള്ളതിൽവെച്ച് ഏറ്റവും വലിയ തെറിക്കഥാപാത്രമായിപ്പോയേനെ. വിൻസ്മിത്തിന്റെ ലൈംഗിക സ്വത്വത്തെയും അപകർഷതാ ബോധത്തേയും ആസക്തി വിശേഷങ്ങളേയും പാളിപ്പോകാതെ എഴുതാനാകുന്നത് പുരുഷപക്ഷ ലൈംഗികതയുടെ ആഴവും പരപ്പും നോവലിസ്റ്റ് അത്രമേൽ സ്വായത്തമാക്കിയതുകൊണ്ടുമാത്രമാണ്. മൂന്ന് ലിംഗമുള്ള കഥാപാത്രത്തെ  നോവലിസ്റ്റ് ബോധപൂർവ്വം സൃഷ്ടിച്ചതാണ് . നാൽപ്പതോളം സ്ത്രീകളെ കല്യാണം കഴിച്ചെങ്കിലും വിൻസ്മിത്ത് പ്രഭുവിന് ഭാര്യമാരിൽ ഒരാളെപ്പോലും തൃപ്തിപ്പെടുത്താനാവുന്നില്ല  എല്ലാ ആദ്യരാത്രികളും പരാജയപ്പെട്ടതിനെത്തുടർന്ന്  വൈദ്യോപദേശ പ്രകാരം ഒരു വേശ്യയെ കല്യാണം കഴിക്കേണ്ടിവരുന്നു. പുരുഷന്റെ അമിതാസക്തികളുടെ ബലിക്കല്ലായി മാറാൻ ഉത്തമയായ പെണ്ണ് ഒരു വേശ്യയാണെന്ന് ഈ വിചിത്ര പുസ്തകം പറയുന്നു. മിലി എന്ന വേശ്യസ്ത്രി നൽകുന്ന ആദരവിൽ വിൻസ്മിത്തിന്റെ മൂന്നു ലിംഗങ്ങളും ലൈംഗികാവേശത്തിരയിൽ അഭിമാനത്തോടെ ഉദ്ധരിക്കപ്പെടുന്നു. പുരുഷന്റെ ലൈംഗികമായ ആന്തരിക ജീവിതത്തെ അനാവരണം ചെയ്യാൻ നോവലിസ്റ്റ് അവതരിപ്പിക്കുന്ന ഈ അസാധാരണമായ കഥാപാത്രം   ഒരശ്ലീലമായിപ്പോകാതെ കഥാഗതിയുമായി സമർത്ഥമായി ചേർന്നു പോകുന്നുണ്ട് .

കാൽപ്പനികമായ രതിക്കാലത്തെ സർപ്പരതിയുടെ വന്യതയിലേക്ക് കൊണ്ടുവരാൻ ഇന്ദു മേനോൻ ഉപയോഗിക്കുന്ന ഭാഷ അമ്പരപ്പിക്കുന്നതാണ്. ‘കടൽ ശംഖുപോലെ തെളിവാർന്നതും അഴകാർന്നതുമായ അവളുടെ കഴുത്തിൽ വിടർന്ന കാക്കപ്പുള്ളിക്കുമേൽ ഓരോ തവണ ചുണ്ടമർത്തുമ്പോഴും അയാൾക്കു പൂത്തിലഞ്ഞിമണം കിട്ടി. മൃദുവുടലിന്റെ സുഖകരമായ പിടച്ചിൽ കിട്ടി, അവയിൽ ചെമ്പുനിറത്തിൽ വളർന്നിരുന്ന കുട്ടിരോമങ്ങൾ ഉണർന്നെണീറ്റ് അയാളുടെ ശരീരത്തിൽ ഇടയ്ക്കിടെ ഇട്ട ഇക്കിളിയും അയാൾക്കു കിട്ടി. കഴുത്തായിരുന്നു അവളുടെ ശരീരത്തിലെ ഏറ്റവും ലജ്ജാകരമായ ഇടം. അവിടെ സ്പർശിക്കുന്ന മാത്രയിൽ ജ്വരബാധിതയെപ്പോലെ അവൾ വിറച്ചു. മുലക്കണ്ണുകൾ അതിലജ്ജയാൽ കൂമ്പി. രോമങ്ങൾ ഭ്രാന്തിപ്പശുവെപ്പോലെ ചാടിയെണീറ്റ് കൊമ്പുയർത്തി. കണ്ണുകൾ പാതിപൂട്ടിയ കുടപോലെ അർദ്ധമയക്കമാണ്ടു. ചുണ്ടുകൾ അടിയിതൾ അലസമായി വിടർന്ന ചുവന്ന പനിനീർമൊട്ടിനെപ്പോലെ, തുപ്പൽകുഴഞ്ഞ് നിലാവെട്ടത്ത് തിളങ്ങി. കറുത്തമുടി ഓരോ ചുരുളിലും രഹസ്യഗന്ധിയായ സുഗന്ധദ്രവ്യമൊളി പ്പിച്ചുവെച്ചതുപോലെ കട്ടിലിൽ പരന്നു കിടന്നു’ (പേജ് 128, കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം) റെയിൽവെ സ്റ്റേഷൻ മാസ്റ്ററും ഭാഗ്യലക്ഷ്മിയുമായുള്ള വേഴ്ച്ചയുടെ രാത്രിയെ ഇരുട്ടിനെ മോഹനിലാവിൽ കുഴച്ചുകൊണ്ട് പുതിയൊരു രതിക്കൂട്ടൊരുക്കുന്നു ഇന്ദു മേനോൻ.

വിചിത്രമാകുന്ന നോവൽ ശിൽപം

നിശ്ചിത വലുപ്പമുള്ള കാൻവാസിൽ അളവൊപ്പിച്ചു വരയ്ക്കുന്ന ഒരു കൃതിയല്ല ഇന്ദു മേനോന്റെ ‘കപ്പലിനെക്കുറിച്ചൊരു വിചിത്ര പുസ്തകം’. നോവൽ സാഹിത്യത്തിന്റെ പുതുഭാവുകത്വങ്ങളെ പിൻതുടരുകയൊ പൊളിച്ചടുക്കുകയൊ ചെയ്യാതെ ഒരുന്മാദിയുടെ മാനസ സഞ്ചാരങ്ങളെ അതേപടി കുറിച്ചുവയ്ക്കുക എന്നതുമാത്രമാണ് തന്റെ ദൗത്യം എന്ന് ഇന്ദു മേനോൻ വിശ്വസിക്കുന്നു. വായനക്കാരൻ 423 ാം പേജിൽ വെച്ച് ആന്റനീറ്റയുടെയും രവിവർമ്മന്റേയും പ്രണയ സഞ്ചാരച്ചുഴിയിൽ നിന്ന് ഉണരുക മാത്രമാണ് ചെയ്യുന്നത്. പക്ഷെ നോവൽ അവിടെ അവസാനിക്കുന്നില്ല. അത് ഒരുന്മാദരേഖയായി നീണ്ടുനീണ്ടുപോകുന്നു. എഴുത്തുകാരിയുടെ ഉന്മാദത്തിന്റെ ഒരു ചീന്ത് മാത്രമാണ് ഈ വിചിത്ര പുസ്തകം. അതുകൊണ്ടുതന്നെ ഈ നോവൽ അടുത്തകാലത്തിറങ്ങിയ നോവലുകൾക്കൊപ്പം വയ്ക്കാനാവില്ല. നോവലിന്റെ പൊതുഭാവുകത്വങ്ങളുമായി ഇതിനെ കൂട്ടിക്കുഴക്കാനുമാകില്ല.

നോവൽ വർത്തമാനവും ഭാവിയും

ചരിത്രത്തിന്റെ പുറമ്പോക്കുഭൂമിയിൽ പുല്ലുതിന്നുവളരുന്ന തടിച്ചുകൊഴുത്ത പശുവാണ് മലയാള നോവൽ. ചരിത്രം തന്നെ വലിയൊരു ഫിക്ഷനായി നിൽക്കുമ്പോൾ നോവലെഴുത്ത് അനായാസമാകുന്നു എന്നൊരു ഗുണമുണ്ട്. തീയതികളും അക്കങ്ങളും നിരത്തി തടിച്ചുകൊഴുക്കുന്ന ചരിത്ര നോവലുകൾ (Historical Fiction) ചരിത്രത്തെ കൂടുതൽ ദുർമ്മേദസ്സു നിറയ്ക്കുന്നുവെന്നല്ലാതെ പല നോവലുകളും വർത്തമാനത്തിന്റെ കെടുതികൾക്കെതിരെ നിലവിളിക്കുന്നില്ല. ഫിക്ഷന്റെ സാധ്യതകളെ ചില എഴുത്തുകാർ ഫലപ്രദമായി വിനിയോഗിക്കുന്നുണ്ടെങ്കിൽകൂടിയും ഹിസ്‌റ്റോറിക്കൽ ഫിക്ഷന്റെ ഇട്ടാവട്ടങ്ങളിൽ പുല്ലുതിന്നുന്ന നോവലുകൾ നോവലെഴുത്തിന്റെ ദിശാസൂചികൾക്കുമേൽ സ്വന്തം മുഖമുള്ള വാൾപോസ്റ്ററുകൾ പതിപ്പിച്ച് ശ്രദ്ധനേടുന്നു. നോവലെഴുത്തിനു മുന്നോടിയായി പഴയ പത്രക്കെട്ടുകൾ തപ്പിയെടുക്കാൻ ഇന്നത്തെ നോവലിസ്റ്റുകൾ തട്ടിൻപുറത്തുകയറുന്നു, ഗൂഗിൾ ചെയ്യുന്നു. നോവലെഴുത്ത് ചരിത്രവസ്തുതകൾ നിരത്തുന്ന, രൂപപരമായി പുതിയ സങ്കേതങ്ങൾ അവതരിപ്പിക്കുന്ന ഒന്നാണ് എന്ന സങ്കൽപങ്ങൾ ഇനിയും തകർക്കപ്പെടേണ്ടിയിരിക്കുന്നു. ഇതിനിടയ്ക്കാണ് ഭാവനയുടേയും ഉന്മാദത്തിന്റേയും തിരയെഴുത്തായി ഒരു നോവൽ ഇന്ദുമേനോൻ എഴുതുന്നത്. വൈയക്തിക ഭാവനാലോകത്തിന്റെ സ്വതന്ത്രമായ തുറന്നെഴുത്താണ് ഈ നോവൽ അതുകൊണ്ടുതന്നെ ഭാവനാരഹിതവും ചരിത്രവിരേചനവുമായ നോവലുകൾക്കിടയ്ക്ക് ഈ ഉന്മാദിനിയായ എഴുത്തുകാരി സ്വന്തം ഭാവനയുടെ രാഷ്ട്രീയം അതിശക്തമായി ഉറപ്പിക്കുന്നുണ്ട് എന്നുതന്നെവേണം കരുതാൻ.

Comments
Print Friendly, PDF & Email

പാലക്കാട് ജില്ലയിലെ പല്ലശ്ശന സ്വദേശി. ഇപ്പോള്‍ മുംബൈയില്‍ സ്ഥിരതാമസം. ആനുകാലികങ്ങളില്‍ എഴുതാറുണ്ട്.

You may also like