പൂമുഖം LITERATURE നുണകൾ വിരിയുന്ന പൂമരം

നുണകൾ വിരിയുന്ന പൂമരം

ാഴ്മരപ്പോടുകളിൽ നിന്നും
ചീവീടുകളുടെ സംഘഗാനം

നുണകൾ വിരിയുന്ന
പൂമരച്ചോട്ടിൽ
ഞങ്ങൾ, നാരങ്ങപ്പാല്, ചുണ്ടക്ക് രണ്ട്
കളിക്കുകയായിരുന്നു

കളി കഴിഞ്ഞു ക്ഷീണിച്ച ഞങ്ങളോട്
വയൽ വരമ്പിൽ നാട്ടി വെച്ച
കരിങ്കോലം ചൂണ്ടി
നാരയണേട്ടൻ ചോദിച്ചു,
അതെന്താണ്?
കരിങ്കോലം, ഞങ്ങൾ പറഞ്ഞു,
അല്ല, കരിങ്കാലം! നാരയണേട്ടൻ.

ഒന്നും മനസ്സിലാകാതെ   ഞങ്ങൾ
വീടുകളിലേക്ക് നടന്നു,
അന്നുമുതൽ
ഉറക്കമില്ലാത്ത രാത്രികൾ
ഞങ്ങൾക്ക് ശീലമാകാൻ തുടങ്ങി.

വയൽ വരമ്പുകളെ ഞങ്ങൾ വെറുത്തു
കോലങ്ങൾ പിഴുതി മാറ്റാൻ നടന്നു,
പുതിയ പുതിയ കോലങ്ങൾ വന്നു
ഞങ്ങൾ തളർന്നില്ല,
പിന്നെ പിന്നെ
കോലങ്ങൾ നിഴലുകളെപ്പോലെ   കൂടെ നടക്കാൻ തുടങ്ങി

നാരയണേട്ടൻ മരിച്ചുപോയിരുന്നു
പുതിയ നാരയണേട്ടൻ വന്നു,
ഒരിക്കൽ നിഴലിനെ ചൂണ്ടി ചോദിച്ചു,
ഇതെന്താണെന്ന്
ഞങ്ങൾ പരസ്പരം സംശയത്തോടെ നോക്കി,
പതിയെ പറഞ്ഞു,
കരിങ്കാലം
അല്ല, ചതിനിഴൽ- നാരയണേട്ടൻ

ഞങ്ങൾ പരസ്പരം ഭയക്കാൻ തുടങ്ങി
രഹസ്യമായി ആയുധം സൂക്ഷിക്കാൻ തുടങ്ങി
ശത്രുവാണെന്ന് തീർപ്പുവന്നാൽ
കൂടെയുള്ളവനെയും തീർക്കാൻ പഠിച്ചു.
പോടുകളിൽ ഒളിക്കാൻ പഠിച്ചു

നുണകൾ വിരിയുന്ന പൂമരം
വീണ്ടും വീണ്ടും തളിര്ത്തു, പൂത്തു,
പുതിയ കുട്ടികൾ പുതിയ കളികളുമായി വന്നു,
അപ്പോൾ,
ഞങ്ങൾ പോടുകളിൽ തന്നെ ജീവിക്കാൻ പഠിച്ചിരുന്നു.
ചില നേരങ്ങളിൽ ഞങ്ങൾ പോടുകളിൽ ഇരുന്നു ചരിത്രം പാടും
കുട്ടികൾ പറയും

പാഴ്മരപ്പോടുകളിൽ നിന്നും
ചീവീടുകളുടെ വിപ്ലവഗാനം

Comments
Print Friendly, PDF & Email

തൃശൂര്‍ ജില്ലയിലെ കാട്ടകാമ്പാല്‍ സ്വദേശി. ഇപ്പോള്‍ ഡെല്‍ഹിയില്‍ സ്ഥിരതാമസം.

You may also like