പൂമുഖം INTERVIEW അതീതസത്യസാക്ഷ്യം – സംഭാഷണം: ഫൈസൽ/ഗീത

അതീതസത്യസാക്ഷ്യം – സംഭാഷണം: ഫൈസൽ/ഗീത

Published: അവസാനം അപ്ഡേറ്റ് ചെയ്തത്.

അതീത ജന്മങ്ങള്‍; ജീവിതങ്ങള്‍ : അര്‍ത്ഥം വാക്കിനെ അന്വേഷിക്കുന്നു – മൂന്ന്

ല്ലാ അർത്ഥത്തിലും ഒരു ആക്ടിവിസ്റ് ആണ് ഫൈസൽ . ഒരു വ്യക്തി ‘ഞാൻ ട്രാൻസ്ജൻഡർ ആണ്’ എന്ന്  പൊതു സമൂഹത്തോട്  നേരിട്ട് പറയുന്ന വ്യക്തികളിൽ ഒരാളാണ് . അതോടൊപ്പം മറ്റു ജനകീയ സമരങ്ങളിലും സ്വന്തം സാന്നിധ്യം അറിയിച്ചു. അങ്ങനെയുള്ള ഫൈസൽ ജീവിതം പറയുന്നു. ഇത് ഒരഭിമുഖത്തിന്റെ പരമ്പരാഗത ഘടനയെ തകർത്തുകൊണ്ടാണ്    പലയിടങ്ങളിലും മുന്നോട്ടു പോകുന്നത്.

    faiz 5

ഭാഗം 1 :  ബാല്യകാലവും വിദ്യാഭ്യാസവും 

1984 ൽ ആണ്  ചാവക്കാട്  അഞ്ചങ്ങാടി  സ്വദേശിയായ ഫൈസൽ ജനിച്ചത് . പത്തു വർഷം മുൻപ് ഉപ്പ മരിച്ചു .  ഉമ്മ സ്ഥിരം രോഗിയാണ് . ആറു സഹോദരങ്ങൾ ഉണ്ട് ഫൈസലിന്

ഫൈസൽ : ബാപ്പ പാചകക്കാരൻ ആയിരുന്നു. കല്യാണങ്ങൾക്കൊക്കെ  ബിരിയാണിയും നെയ്ച്ചോറും വെക്കും .  സ്ഥിര വരുമാനം ഇല്ല. ഇടയ്ക്കു കിട്ടുന്ന പാചകപ്പണി മാത്രമായിരുന്നു കുടുംബത്തിനാശ്രയം. ബാപ്പ ഹൃദയരോഗി ആയിരുന്നു. ധാരാളം അസുഖങ്ങൾ വന്നു കൊണ്ടിരുന്നു. പത്തുവർഷം മുൻപ് മുതുവാക്കോടിലെ രാജാ ആശുപത്രിയിൽ വെച്ച് മരിച്ചു .

കടപ്പുറത്തെ പുറമ്പോക്കുഭൂമിയിലാണ് ഞങ്ങൾ താമസിച്ചിരുന്നത്. ഞങ്ങളുടെ സ്ഥലവും വീടുമൊക്കെ കടൽക്ഷോഭത്തിൽ നഷ്ടപ്പെട്ടുപോയി . അതിനു ശേഷം വർഷങ്ങളോളം വാടക വീട്ടിലാണ് താമസിച്ചിരുന്നത് .

കടൽ ക്ഷോഭത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് നാല് സെന്റ് മിച്ചഭൂമി സർക്കാർ പതിച്ചുതന്നു . മിച്ചഭൂമിയിലെ ഒരോലക്കുടിലിലായിരുന്നു താമസം. നിരന്തരം പട്ടിണിയും പരിവട്ടവുമായിരുന്നു. വർഷാവർഷം പുരമേയാൻ പോലും പണമില്ലായിരുന്നു. മഴ പെയ്യുമ്പോഴൊക്കെ ഞങ്ങൾ ഉറക്കമൊഴിച്ചിരിക്കുമായിരുന്നു,.

ഇതിനിടയിൽ ബാങ്കിൽ നിന്നും ലോണെടുത്ത് കല്യാണത്തിന് സൗണ്ട് ആൻഡ് ഡെക്കറേഷൻ ചെയ്യുന്ന ബദരിയ്യസൗണ്ട് എന്ന സ്ഥാപനം തുടങ്ങി .അതിലും വിജയം കണ്ടെത്താൻ കഴിഞ്ഞില്ല. ബാങ്കുകാർ ബുദ്ധിമുട്ടിച്ചു  തുടങ്ങി . ലോണെടുത്ത് വാങ്ങിയ സാധനങ്ങൾ ബാങ്കിനെ തിരിച്ചേൽപ്പിച്ചാണ് കടം തീർക്കാനായത്

ഗീത : ഫൈസലിന്റെ സ്കൂൾ വിദ്യാഭ്യാസം എവിടെയായിരുന്നു?

ഫൈസൽ :  അഞ്ചങ്ങാടി കടപ്പുറം സ്‌കൂളിലാണ് എന്നെ ചേർത്തത്. മിച്ച ഭൂമിയിലേയ്ക്ക് മാറിയപ്പോൾ അതിനടുത്തുള്ള സ്കൂളിലേയ്ക്ക് ചേർത്തു. അവിടെ നാലാം ക്ലാസ്സുവരെയെ ഉണ്ടായിരുന്നുള്ളൂ. പിന്നീട് എന്നെ ചാപ്പറമ്പ് സ്‌കൂളിൽ അഞ്ചാം ക്ലാസിൽ ചേർത്തെങ്കിലും പഠനം തുടരാനായില്ല. അതുകൊണ്ട് എന്റെ വിദ്യാഭ്യായോഗ്യത പ്രൈമറി വിദ്യാഭ്യാസമാണ് എന്ന് ഞാൻ പറയും.

ഗീത : എന്തുകൊണ്ടാണ് പഠനം തുടരാത്തത് ? സ്കൂൾ വിദ്യാഭ്യാസം പൊതുവെ അത്രയൊന്നും വലിയ സാമ്പത്തിക ബാധ്യത അല്ലല്ലോ കേരളത്തിൽ ?

ഫൈസൽ : ടീച്ചർ , അത്ര നിസാരമായ സാമ്പത്തിക പരാധീനതയായിരുന്നില്ല ഞങ്ങളുടേത് . രാവിലെ മദ്രസ പഠനത്തിന് പോകുമ്പോൾ ഒരു ഗ്ലാസ് കട്ടൻ ചായ മാത്രം .അതുമല്ലെങ്കിൽ അല്പം അരി വറുത്തിട്ടു ചായയിലിട്ടു തരും.  മദ്രസ വിട്ടു വന്നാൽ സ്‌കൂളിലേക്ക് പോകാൻ ആദ്യമെടുത്ത് വെയ്ക്കുന്നത്  വട്ടത്തിലുള്ള   സ്റ്റീൽ പാത്രമായിരുന്നു . സ്കൂളിലെ ഉച്ചക്കഞ്ഞിക്ക് . പഠിക്കാനല്ല ടീച്ചറേ, വിശപ്പടക്കാനാണ്   ഞാൻ സ്‌കൂളിൽ പോയിരുന്നത് . ഒരു ചെറിയ നോട്ട് ബുക്കിനു വേണ്ടി ഞാൻ കരഞ്ഞിട്ടുണ്ട് . ഒന്നും ഉണ്ടായിരുന്നില്ല.

faizal

ഭാഗം 2 : ലൈംഗികതയും പ്രണയവും 

 ഗീത  : ഫൈസലെന്ന ആൺകുട്ടി സമപ്രായക്കാരായ ആൺകുട്ടികളിൽ നിന്ന് വ്യത്യസ്തമായ സ്ത്രൈണ ഭാവങ്ങൾ പ്രകടമാക്കി തുടങ്ങിയത് എപ്പോഴായിരുന്നു ?

ഫൈസൽ : സ്‌കൂളിൽ പഠിക്കുന്ന ബാല്യത്തിൽ തന്നെ സ്ത്രൈണഭാവങ്ങൾ  ഉണ്ടായിരുന്നു. എനിക്കറിയുമായിരുന്നില്ല ഞാനെങ്ങനെയാണ് നടക്കുന്നതെന്ന് . പക്ഷെ മറ്റു പലരും എന്റെ നടത്തം ചൂണ്ടിക്കാണിച്ചു  പരിഹസിച്ചു , ചിലരെന്നോടു നേരിട്ട് ചോദിച്ചു, നിയ്യെന്താ ഇങ്ങനെ നടക്കുന്നത്, പെണ്ണിനെപ്പോലെ? ആണുങ്ങളായി ജനിച്ചാൽ ആണുങ്ങളെപ്പോലാകണം,പെണ്ണിനെപ്പോലാകരുത് എന്ന് എന്നെ ബോധ്യപ്പെടുത്താൻ സമൂഹം ശ്രമിച്ചുകൊണ്ടേയിരുന്നു. പൊതുനിരത്തിൽ അവരെന്നെ ശാസിച്ചു . കളിയാക്കി.  ആണുങ്ങളെപ്പോലെ നടക്കാൻ അന്നൊക്കെ ശ്രമിച്ചു . പരമാവധി മസിലു പിടിച്ചു നടന്നു . ആണാവാൻ നോക്കി . അപ്പോഴും ആളുകളെന്നെ കളിയാക്കി , നിയ്യെന്താ പെണ്ണുങ്ങളെപ്പോലെ നടക്കുന്നതെന്ന്

ഗീത : ഒന്നുകിൽ ആണാവുക അല്ലെങ്കിൽ പെണ്ണാവുക – ഇങ്ങനെ രണ്ടു സാധ്യതകൾ  മാത്രമേ സമൂഹം അനുവദിക്കുന്നുള്ളൂ . അപ്പോഴാണ് പ്രശ്നം വരുന്നത് . അസ്വസ്ഥതകൾ തുടങ്ങുന്നത് . സാമൂഹികതയും വ്യക്തിലൈംഗികതയും തമ്മിലുള്ള ഈ സംഘർഷത്തെ ജൈവികം കൂടിയായി മനസിലാക്കേണ്ടി വരുന്നു . പക്ഷെ ഒരു കാരണവശാലും  ഈ സംഘർഷത്തിലുൾപ്പെട്ട വ്യക്തികൾ അതിന്റെ പേരിൽ  ശിക്ഷിക്കപ്പെട്ടു കൂടാ എന്ന് ഞാൻ കരുതുന്നു. കാരണം ഇത്തരം അവസ്ഥകൾ ഒരു വ്യക്തിയുടെ നിയന്ത്രണത്തിൽപ്പെട്ടതല്ല.  ഈ പ്രായത്തിൽ ഫൈസലിന്റെ ലൈംഗിക താല്പര്യങ്ങളുടെ സ്വഭാവമെന്തായിരുന്നു  ?

ഫൈസൽ : പെൺകുട്ടികളോടൊപ്പം കളിക്കാൻ എനിക്കിഷ്ടമായിരുന്നു , പക്ഷെ എന്നെപ്പോലുള്ളവർ എന്ന രീതിയിലാണ് പെൺകുട്ടികളെ ഞാൻ കണ്ടത് . എനിക്കാകർഷണം തോന്നിയത് ആൺകുട്ടികളോടായിരുന്നു. സമ പ്രായക്കാരായ ആൺകുട്ടികളോടൊപ്പം  ഞാൻ തൈസെക്സ് ചെയ്തു തുടങ്ങി .

ഗീത : മുതിർന്ന പുരുഷന്മാർ ഇക്കാലത്തു എങ്ങനെയാണ് പെരുമാറിയിരുന്നത് ?

ഫൈസൽ : പെൺകുട്ടിയെപ്പോലെ നടക്കുന്ന ഒരാൾ എന്ന രീതിയിൽ മുതിർന്ന പുരുഷന്മാർ എന്നെ ഉപയോഗിച്ചിട്ടുണ്ട് . മാത്രമല്ല എന്നെ അങ്ങനെ ഉപയോഗിക്കാൻ അവർ മറ്റു പുരുഷന്മാരെ പ്രേരിപ്പിച്ചു  . അത്രയുമല്ല ഞാൻ അവനെ ഉപയോഗിച്ചു,അവനിങ്ങനെയാണ്, അവനെ ഇതിനു കിട്ടും എന്ന മട്ടിലാണ് അവരെന്നെപ്പറ്റി മറ്റുള്ളവരോട് പറഞ്ഞു പറത്തിയത് . സമൂഹം എന്നെപ്പറ്റി അപവാദം പറഞ്ഞു . അവർ ആണുങ്ങൾ. അവർക്കു എന്തുമാകാം . വളരുംതോറും ഞാൻ ആണുമല്ല   പെണ്ണുമല്ല എന്ന തോന്നൽ എന്നിൽ ശക്തമാക്കുന്നതിന്   സമൂഹത്തിന്റെ ഈ നിലപാട് കാരണമായി.

ഗീത :  സമാനമായ അനുഭവം ശീതൾ എന്നോട് പങ്കു വെച്ചിട്ടുണ്ട് . ഈ അവസ്ഥയിൽ വീട് ഫൈസലിനോട് എങ്ങനെയാണ് പ്രതികരിച്ചത് ?

ഫൈസൽ : വീട്ടിൽ ഇതിന്റെ പേരിൽ നിരന്തരം പ്രശ്നങ്ങളായിരുന്നു. ആളുകൾ പലതും പറയുന്നു, നീ കാരണം പുറത്തിറങ്ങി നടക്കാൻ പറ്റുന്നില്ല എന്ന് സഹോദരങ്ങൾ പറഞ്ഞു തുടങ്ങി . അവർ എന്നെ വെറുത്തുകൊണ്ടേയിരുന്നു . പക്ഷെ എനിക്കാകട്ടെ അവരെ പിരിയാൻ കഴിയാതെ വന്നു . ഞാനെന്നേക്കാൾ അവരെ സ്നേഹിച്ചു, ടീച്ചറെ , ശരിക്കു പറഞ്ഞാൽ അവരുടെ സ്നേഹവും  അംഗീകാരവും കിട്ടുന്ന ഒരു ജീവിതകാലം ഞാൻ സ്വപ്നം കാണാറുണ്ട് .

ഗീത : വിവാഹത്തെ ഈ അവസ്ഥയ്ക്കൊരു പരിഹാരമായി പൊതുസമൂഹം കാണുന്നു. വിജയരാജമല്ലികയുടെ കാര്യത്തിൽ സംഭവിച്ചതതാണ് . ഫൈസലിന് അത്തരമൊരു സമ്മർദ്ദം ഉണ്ടായില്ലേ ?

ഫൈസൽ : ഒരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ വീട്ടിൽ നിന്ന് നിർബന്ധമുണ്ടായിട്ടുണ്ട്   . ബന്ധുക്കൾ പറഞ്ഞു നിന്റെ കല്യാണം കഴിഞ്ഞാലേ അനിയന്മാർക്കു കല്യാണം കഴിക്കാൻ പറ്റൂ . അനിയന്മാർക്കു ബാധ്യതയാവാതെ നീ കല്യാണം കഴിക്കെന്നവർ പറഞ്ഞു . എന്റെ കണ്ണടയും മുൻപ് നീ കല്യാണം കഴിക്കണമെന്നു ഉമ്മയും  പറഞ്ഞു . അവരുടെ വിഷമം കണ്ട് ഉമ്മ പറയുന്നത്   പോലെ ചെയ്താലോ എന്ന് ഞാനാലോചിച്ചു പോയിട്ടുണ്ട് . എന്റെ  കുടുംബത്തിന്റെ താൽപര്യങ്ങൾക്കു ഞാൻ പരമാവധി നിന്ന് കൊടുത്തിട്ടുണ്ട്   . എന്നാൽ കല്യാണം.. മാനസികമായി എനിക്കതു സാധിച്ചില്ല . അങ്ങനെ ഒരു  പെൺകുട്ടിയുമായി എന്റെ വിവാഹം നടന്നു കഴിഞ്ഞാൽ അത് തകരുമെന്ന് തീർച്ചയാണ് . അങ്ങനെയൊരു തകർച്ചയുണ്ടായാൽ ഇതേ ആളുകൾ തിരിഞ്ഞു കൊത്തുമെന്നു ഞാൻ മനസിലാക്കി. പൊരുത്തപ്പെടാത്ത രണ്ടു മനസുകളെ കൂട്ടി വെക്കുന്ന സമൂഹവും കുടുംബവും എന്തെങ്കിലും പ്രശ്നമുണ്ടായാൽ കൂടെ നിൽക്കില്ല. സ്വന്തം സ്വത്വത്തിന്റെയും ലൈംഗികതയുടെയും പേരിൽ വിവേചനങ്ങൾ അനുഭവിക്കുന്ന  ഒരു വ്യക്തിയാണ് ഞാൻ. പൊരുത്തമില്ലാത്ത വിവാഹ ബന്ധത്തിന്റെ പേരിൽ കോടതിയും പോലീസ് സ്റ്റേഷനും കയറിയിറങ്ങി  നാണം കേട്ട് ആത്മഹത്യ ചെയ്യേണ്ടിവരുമെന്നു ഞാൻ ഭയന്നു .അതുകൊണ്ടു ഞാൻ വിവാഹത്തിന് സമ്മതിച്ചതേയില്ല.

ഗീത : പക്ഷെ പ്രണയമോ ?  ഫൈസലിന് ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ ? പ്രണയത്തെപ്പറ്റി ഫൈസലിന്റെ സങ്കല്പമെന്താണ് ? അനുഭവമെന്താണ് ?

ഫൈസൽ : പ്രണയം സത്യസന്ധമായിരിക്കണം ടീച്ചറേ . കണ്മുൻപിൽ ഇല്ലാത്തപ്പോഴും നീതി പുലർത്തുന്നതായിരിക്കണം എന്നാണു ഞാൻ ആഗ്രഹിക്കുന്നത് . എനിക്ക് ഒരു പുരുഷനോട് മാത്രമേ പ്രണയം തോന്നുകയുള്ളൂ . സ്ത്രീകളോട് തോന്നുകയേ ഇല്ല. ലൈംഗികജീവിതവും പുരുഷനോടൊപ്പമേ സാധിക്കൂ

ഇനി പറയാം . ഏഴു വർഷത്തോളം ഞാൻ ഒരു പുരുഷനെ പ്രണയിച്ചു . അത് വലിയ പ്രശ്നങ്ങളുണ്ടാക്കി . അയാളുടെ വീട്ടിൽ ബഹളമായി. അത്  ഒതുങ്ങുന്നത്   വരെ തൽകാലം കാണാതിരിക്കാം   എന്ന് ഞങ്ങൾ തീരുമാനിച്ചു. അങ്ങനെ മാറി  നിന്ന സമയത്തു വീട്ടുകാർ അവനെ വിവാഹത്തിന് നിർബന്ധിച്ചു . അവനതിനു   വഴങ്ങി . ഇപ്പോൾ കുടുംബസ്ഥനായി  ജീവിക്കുന്നു . പിന്നീട് ഞാനയാളെ ഒരു നിലയ്ക്കും വിഷമിപ്പിച്ചില്ല.

ഗീത : ഈയൊരവസ്ഥയെ ഫൈസൽ എങ്ങനെ കാണുന്നു . എങ്ങനെ അനുഭവിക്കുന്നു ?

ഫൈസൽ : ഈ ലോകത്തു ആരും എന്നെ തിരിച്ചറിയില്ല   എന്ന് ഞാൻ  മനസിലാക്കി . എന്റെ മനസ്സിൽ നടക്കുന്ന സംഘർഷങ്ങൾ പുറത്തുള്ളവർക്ക് മനസിലാവില്ല.പതുക്കെപ്പതുക്കെ ഞാനതു മറന്നു തുടങ്ങി .പ്രണയിക്കുന്ന പലർക്കും പ്രണയം സെക്സ് ചെയ്യാനുള്ളതാണ് . എനിക്കങ്ങനെയല്ല . എല്ലാവരിൽ നിന്നും ഒറ്റപ്പെട്ട  എനിക്ക് എന്നെ പങ്കു വെയ്ക്കാൻ ഒരാളുണ്ടാവുക എന്നതായിരുന്നു എന്റെ പ്രണയസങ്കല്പം ., ഏതു ആപത്തിലും കൂടെയുണ്ടാക്കുന്ന ആൾ .അത് സെക്സ് അല്ല.

ഗീത : പിന്നീട് അങ്ങനെയൊരു സുഹൃത്തിനെ കണ്ടെത്താൻ ഫൈസൽ ശ്രമിച്ചില്ല ?

ഫൈസൽ  : പ്രണയത്തിന്റെ തകർച്ച എന്നിൽ വലിയ ആഘാതമുണ്ടാക്കി . ഇനിയൊരിക്കലും ആരെയും പ്രണയിക്കില്ലെന്നു ഞാൻ നിശ്ചയിച്ചു. എന്റെ കമ്മ്യൂണിറ്റിയെ കണ്ടെത്താനും മുഖ്യധാരയിലേക്കവരെ നയിക്കാനുമുള്ള പ്രവർത്തനങ്ങളിൽ ഞാൻ മുഴുകി. അതിനിടയ്ക്ക് എഫ് ബി യിലൂടെ ഒരാൾ എന്നെ വിടാതെ പിന്തുടർന്നു . മാറി നിൽക്കാൻ ശ്രമിക്കുന്തോറും അയാളെന്നു പ്രണയത്തിനു കീഴ്‌പ്പെടുത്തി .വീട്ടിലും ബന്ധുക്കളുടെ മുൻപിലുമൊക്കെ എന്നെ കൊണ്ടുപോകാൻ അയാൾ തയാറായി . ഒരു ജന്മം മുഴുവൻ ഓർക്കാനുള്ള സ്നേഹവും സന്തോഷവും എനിക്ക് കിട്ടി., ജീവിതത്തിൽ അന്നേവരെ ആരും തരാത്ത സ്നേഹമായിരുന്നു അത് .പക്ഷെ കറുത്തത്   , മുടി വളർത്തിയത് ,ആണും പെണ്ണും കെട്ടത് എന്ന് ഞാൻ ക്രൂരമായി ഒഴിവാക്കപ്പെടുകയായിരുന്നു .

ഗീത :പ്രണയത്തിന്റെ പേരിൽ സ്ത്രീകളോട് പുരുഷന്മാർ ചെയ്തു കൊണ്ടിരിക്കുന്നത്   തന്നെയാണ് ട്രാൻസ്ജൻഡർകളോടും ചെയ്യുന്നത്   . യഥാർത്ഥ പ്രണയത്തിലെത്തിച്ചേരാൻ ഒരു വ്യക്തിക്ക് എളുപ്പവഴികളില്ല. അത് പെണ്ണായാലും ട്രാൻസ്ജൻഡറായാലും കുറെയേറെ പിഴവുകളിലൂടെ മാത്രമാണ് നമുക്കൊരു ശരിയുത്തരത്തിൽ എത്തിച്ചേരാനാവുകയെന്നു തോന്നുന്നു . ഒരു പെണ്ണെന്ന രീതിയിൽ ഞാനെപ്പോഴും ആശങ്കപ്പെട്ടുകൊണ്ടിരിക്കും -ഇത് യാഥാർത്ഥം തന്നെ ആയിരിക്കില്ലേ എന്ന് .കാരണം, നടന്നു വന്നത് അത്ര ചുട്ടു പൊള്ളുന്ന ഇടങ്ങളിലൂടെയാണ് . ഇത് ഞാൻ എന്ന ഒരു പെണ്ണിന്റെ വ്യക്തിപരമായ അനുഭവം എന്ന നിലയിലല്ല പറയുന്നത് . ആൺകോയ്മയുടെ അവികാര ബന്ധങ്ങൾക്ക്‌   കീഴിൽ ആണല്ലാത്തവർ   പ്രണയത്തിന്റെ[യും] പേരിൽ അനുഭവിച്ചുകൊണ്ടിരിക്കുന്ന അടിച്ചമർത്തലുകളെക്കുറിച്ചുള്ള ഒരോർമപ്പെടുത്തലാകുന്നു ഫൈസലിന്റെയും ഈ അനുഭവം .

ഫൈസൽ : ഈയടുത്തു ഒരു പുരുഷൻ എന്നെ ഫോണിൽ വിളിച്ചു .അദ്ദേഹം പറയുന്നു എനിക്ക് ഭാര്യയുണ്ടായിരുന്നു . അഞ്ചു വയസായ ഒരു കുട്ടിയുണ്ട് , ഭാര്യ മറ്റൊരുവന്റെ കൂടെ പോയി .  ഇനി എനിക്കൊരു സ്ത്രീ ആവശ്യമില്ല. ഞാനതു വെറുക്കുന്നു. ഇനി എനിക്ക് ലൈഫ് പാർട്ണർ ആയി ഒരു ടി ജി യെ ആണ് വേണ്ടത് . കാരണം ഒരു പെണ്ണിനേക്കാൾ ടി. ജി. ക്കാണ് പുരുഷനെ സ്നേഹിക്കാൻ  കഴിയുക .അതുകൊണ്ടു ഫൈസലിന് എന്റെ പാർട്ണർ ആവാൻ പറ്റുമോ എന്ന് ചോദിച്ചു

ഗീത  : അതാലോചിച്ചു കൂടെ ഫൈസൽ ?

ഫൈസൽ  : എനിക്കതിനോട് യോജിക്കാൻ കഴിഞ്ഞില്ല .വീണ്ടും ഒറ്റപ്പെടാനും  വേദനിക്കാനും എനിക്ക് വയ്യ . ഒരു സ്നേഹത്തെയും യഥാർത്ഥമെന്നു  വിശ്വസിക്കാൻ എനിക്കിനി കഴിയില്ല. എന്നെ ബലപൂർവം കീഴ്പ്പെടുത്തിയിട്ടു എന്നെ വിട്ടുപോയതല്ലേ , ഇനിയെനിക്ക് വയ്യ ടീച്ചറെ .

ഗീത : നഷ്ട പ്രണയങ്ങളെക്കുറിച്ചുള്ള അനുഭവങ്ങൾ മറ്റു ടി ജി സുഹൃത്തുക്കൾ പലരും എന്നോട് പറഞ്ഞിട്ടുണ്ട് .

ഫൈസൽ : ആലോചിച്ചു നോക്കൂ, ഒരു ടി ജിയുടെ  പ്രണയത്തെപ്പറ്റി . അതിനു നിലനിൽക്കാൻ പറ്റില്ല. വിവാഹത്തിലെത്താൻ കഴിയുന്നില്ല . ഒരു പ്രധാനകാരണം ഞങ്ങളുടെ വിവാഹത്തിന് നിയമത്തിന്റെ പിൻബലമില്ലാത്തതാണ് എന്നതാണ് . പല ടി ജികളും ആണിന്റെയോ പെണ്ണിന്റേയോ പേരിലാണ് വിവാഹജീവിതം നയിക്കുന്നത് . അവരാ ബന്ധത്തിൽ അഭിനയിക്കുകയാണ് യഥാർത്ഥ. ബന്ധമല്ല അത് . പിന്നെ പ്രണയം . സമൂഹത്തിൽ പല നിലയ്ക്കും ഒറ്റപ്പെട്ടു പോകുന്ന ഒരു റ്റി ജിയുടെ ജീവിതത്തെ കുറിച്ച് നിങ്ങൾ  ആലോചിച്ചിട്ടുണ്ടോ   ? ഒരുപാട് ക്ലൈന്റുകൾ വന്നു പോകുന്നപോലെ. അപ്പോൾ പ്രണയി അല്ലാതെ ലൈംഗിക തൊഴിലാളിയായി ഫലത്തിൽ മാറുന്ന ഒരവസ്ഥ കൂടിയാണത് . എനിക്കിനി അഭിനയിക്കാൻ വയ്യ.

faiz3

ഭാഗം 3: സ്വത്വം, സ്വത്വബോധം

ഗീത: എന്തായിരുന്നു ഫൈസലിന്റെ ഉപജീവനമാര്‍ഗ്ഗം?

ഫൈസല്‍ : സ്കൂള്‍ പഠനം നിന്നപ്പോള്‍ മുതല്‍ ഞാന്‍ ചെറിയ പണികള്‍ ചെയ്തു തുടങ്ങി. പല ഹോട്ടലുകളിലും പാത്രം കഴുകാനും മറ്റുമായി നിന്നിട്ടുണ്ട്. അവിടെ താമസിച്ചു ജോലി ചെയ്തു. അപ്പോഴൊക്കെ എനിക്ക് പലതരം വിഷമതകള്‍ ഉണ്ടായി. എന്നിലെ സ്ത്രീസ്വഭാവം തിരിച്ചറിഞ്ഞ് മുതിര്‍ന്ന ആളുകള്‍ കുട്ടിയായ എന്‍റെ അടുത്ത് വരും. രാത്രി കൂടെ കിടത്തും. പിറ്റേ ദിവസം മുതലാളി ഇതറിയും. എന്നെ രാവിലെ അവിടന്നു പറഞ്ഞു വിടും.

ഗീത : ഇങ്ങോട്ടു വന്നുപദ്രവിച്ചവരെയല്ല മുതലാളിമാര്‍ പിരിച്ചയക്കുക, ഉപദ്രവിക്കപ്പെട്ട ഫൈസലുമാരെയാണ്!

ഫൈസല്‍ : അതെ. ഞാനങ്ങോട്ട് അവരെ അന്വേഷിച്ചു പോയതല്ല. അവരെന്റെ അടുത്തു വന്നതാണ്. മുതലാളിമാര്‍ പലപ്പോഴും മുഴുവന്‍ കൂലിയും തരാതെയാണ് പറഞ്ഞു വിടുക. ചോദിക്കാനും പറയാനും ആരുമില്ല. എന്‍റെ അവസ്ഥ അവര്‍ തിരിച്ചറിഞ്ഞു കഴിഞ്ഞു. അന്ന് ഞാനെന്താണ് എന്ന് എനിക്കറിയില്ലായിരുന്നു. പക്ഷേ സമൂഹം ആ അവസ്ഥയെ ചൂഷണം ചെയ്തു. എത്ര ശ്രമിച്ചിട്ടും മനസ്സുകൊണ്ട് ഞാന്‍ ഒരാണായില്ല. പ്രണയം തോന്നിയവരല്ല ഇങ്ങോട്ടു വന്നത്. സെക്സാണവര്‍ എന്നോടാവശ്യപ്പെട്ടത്. ഹോട്ടല്‍ പണിയില്‍ നിന്നും പുറത്തായപ്പോള്‍ ജീവിക്കാന്‍ മറ്റു മാര്‍ഗ്ഗമില്ലാതായി. പിന്നെ ശരീരം മാത്രമായിരുന്നു ജീവിക്കുവാനുള്ള ഉപാധി. അതെനിക്കു തീരെ താല്‍പര്യമില്ലായിരുന്നു. സാഹചര്യം കൊണ്ട് ചെയ്തു പോയതാണ്. രാഷ്ട്രീയക്കാര്‍, പോലീസുകാര്‍ എല്ലാവരും വന്നിട്ടുണ്ട്. അമ്പത് രൂപ, നൂറു രൂപ ഒക്കെയാണ് തരിക. ചിലപ്പോള്‍ പണം തരാതെ പോലും പോകും. ചോദിച്ചു വാങ്ങുവാന്‍ എനിക്ക് കഴിവില്ലായിരുന്നു. കാരണം എന്‍റെ സ്വത്വം എനിക്കന്ന് വെളിപ്പെട്ടിരുന്നില്ല.

ഗീത: ഇവിടെ ഫൈസല്‍ കൂടുതല്‍ വിശദീകരിക്കേണ്ടതുണ്ട്.

ഫൈസല്‍ : ഗുരുവായൂരിലെ ടി. എച്ച്. എഫ്. ഐ. (Tropical Health Foundation of India) എന്ന സംഘടനക്ക്‌ ലഭിച്ച ഒരു പ്രോജെക്ടില്‍ എച്ച്. ഐ.വി. പ്രതിരോധമായിരുന്നു ലക്‌ഷ്യം. അതിലെ ലക്‌ഷ്യ വിഭാഗങ്ങളെ കണ്ടെത്തണമായിരുന്നു  (Targeted Intervention Programme). ഇതില്‍ ഒരു വിഭാഗമായിരുന്നു എം. എസ്. എം. (Men Having Sex with Men). ഈ വിഭാഗത്തിലെ ആളുകളെ തിരഞ്ഞുനടക്കുന്നതിടയില്‍ അവിടത്തെ രണ്ടു ജീവനക്കാര്‍ എന്നെ കണ്ടെത്തി. അവരുടെ പ്രോജെക്റ്റ്‌ ഓഫിസ് കാര്‍ഡും കോണ്ടാക്റ്റ്‌ നമ്പറും എനിക്കു തന്നു. ആ നമ്പറില്‍ വിളിച്ചിട്ട് ഓഫീസിലേക്ക്‌ വരാന്‍ പറഞ്ഞു. ഒരു ദിവസം ഞാനവരെ വിളിച്ച് ഓഫീസിലേക്ക് പോയി. അവിടെ വച്ചാണ് ഞാന്‍ സീനേച്ചിയെ കണ്ടത്. അവരതിന്റെ മാനേജരായിരുന്നു. തൃശൂര്‍ കോലഴിയിലാണ് വീട്. അതുവരെയുള്ള സങ്കടങ്ങളും അരക്ഷിതാവസ്ഥകളും കൊണ്ടുനടന്ന എന്‍റെ ജീവിതം മാറിയത് സീനേച്ചിയെ പരിചയപ്പെട്ടതോടെയാണ്.എന്തും തുറന്നു സംസാരിക്കുവാനുള്ള അവസരം എനിക്കവര്‍ തന്നു. ആ ഓഫീസിലെ സ്ഥിരം സന്ദര്‍ശകയായി ഞാന്‍ മാറി. ക്രമേണ എം. എസ്. എം. കമ്യൂണിറ്റിയെ ഓഫീസിലെത്തിക്കുന്ന ജോലിയായി എനിക്ക്. എന്നെ അതിന്‍റെ വളണ്ടിയര്‍ ആയി തെരഞ്ഞെടുത്തു. പിന്നീട് ഫീല്‍ഡ്‌ അനിമെറ്റര്‍ വരെയായി. ഗുരുവായൂരിലെ പല സാംസ്കാരിക മേഖലകളിലും സംസാരിക്കാന്‍ എനിക്കു ധൈര്യം തന്നത് സീനേച്ചി ആയിരുന്നു. എന്‍റെ ജീവിതത്തില്‍ മറക്കാന്‍ പറ്റാത്ത ഒരു വ്യക്തിയാണവര്‍. അവരവിടെ നിന്ന് പോയി. പിന്നെ തിരുവനന്തപുരം സഖിയില്‍ ഉണ്ടായിരുന്നു. പിന്നീട് ഞാനവരെ കണ്ടിട്ടില്ല.

ഗീത: ഫൈസലിന്‍റെ സ്വയം തിരിച്ചറിയലിന്റെ ഘട്ടമായിരുന്നു അത്. അല്ലേ?

ഫൈസല്‍ : തീര്‍ച്ചയായും അതെ. തുടര്‍ന്ന് 2004ലെ വേള്‍ഡ്‌ സോഷ്യല്‍ ഫോറത്തിലും 2006 ലെ ഇന്ത്യന്‍ സോഷ്യല്‍ ഫോറത്തിലും ഞാന്‍ പങ്കെടുത്തു. ഈ പരിപാടികളില്‍ പന്കെടുത്തപ്പോളാണ് ഞങ്ങളെപ്പോലെ വ്യത്യസ്തരായവര്‍ ന്യൂനപക്ഷമല്ല എന്ന് മനസ്സിലായത്‌. ഇവിടെ മാത്രമല്ല ലോകത്തിന്‍റെ പല ഭാഗത്തും ഞങ്ങളെപ്പോലുള്ളവര്‍ ഉണ്ട് എന്ന് അറിയുകയായിരുന്നു.

faiz 4

ഭാഗം 4 : പൊതു സമൂഹവും ട്രാന്‍സ്‌ ജെണ്ടാറുകളുടെ ജീവിക്കാനുള്ള അവകാശവും.

ഗീത: ക്വീര്‍ പ്രൈഡ് പരിപാടികളും ബഹുമാനപ്പെട്ട സുപ്രീം കോടതി വിധിയും കേരളത്തിലെ ട്രാന്‍സ്‌ ജെന്ടെര്‍ പോളിസിയും എല്ലാം കൂടി ചേര്‍ന്ന് ട്രാന്‍സ്‌ ജെണ്ടറുകളുടെ പ്രശ്നങ്ങള്‍ അഭിസംബോധന ചെയ്യാവുന്ന ഒരു സാമൂഹിക അന്തരീക്ഷം കേരളത്തിലുണ്ടായിട്ടുണ്ട്. അത്തരം ഒരന്തരീക്ഷത്തിന്റെ സാന്നിധ്യമാണ് അഭിമുഖത്തിലെ നാലാം ഭാഗത്തിന്‍റെ സാധ്യത.

ബോംബെയിലെ സ്വവര്‍ഗ്ഗാനുരാഗികള്‍ കൊടുത്ത അപ്പീല്‍ – അതനുസരിച്ച് 2009 ല്‍ ദല്‍ഹി ഹൈക്കോടതി വിധി വന്നു. ഐ. പി. സി. 377 നു എതിരെ ആയിരുന്നു അത്. സോണിയാഗാന്ധി തൊട്ടുള്ള രാഷ്ട്രീയ നേതാക്കളും ആംനസ്റ്റി ഇന്റര്‍നാഷണല്‍ തുടങ്ങിയ സംഘടനകളും സ്വാഗതം ചെയ്തു. നിര്‍ഭാഗ്യവശാല്‍ ബഹു. സുപ്രീംകോടതി ദല്‍ഹി ഹൈക്കോടതി വിധിയെ തള്ളിക്കൊണ്ട് 377 നെ പുനസ്ഥാപിച്ചു. നാഷണല്‍ ലീഗല്‍ സര്‍വീസ്‌ അതോറിറ്റി (നെല്‍സ) കൊടുത്ത പരാതിയുടെ അടിസ്ഥാനത്തിലാണ് 2014 ഏപ്രില്‍ 15 ന്‍റെ സുപ്രീം കോടതി നിര്‍ദ്ദേശങ്ങള്‍ വന്നത്. ഈ കോടതി വിധികള്‍ ട്രാന്‍സ്‌ ജെന്‍ഡര്‍ എന്ന നിലയില്‍ ഫൈസലിന്‍റെ ജീവിതത്തെ എങ്ങനെയാണ് ബാധിച്ചതെന്ന് പറയാമോ?

ഫൈസല്‍: 2009 ലെ ദല്‍ഹി ഹൈക്കോടതി വിധി സ്വാഗതാര്‍ഹമായിരുന്നു. അത് ഞങ്ങളെ മനുഷ്യരായി അംഗീകരിക്കുന്നതായിരുന്നു. അന്നെനിക്ക് അഭിമാനം തോന്നി. ജീവിക്കാനുള്ള പ്രതീക്ഷ നല്‍കിയ വിധിയായിരുന്നു അത്. അതിനെ റദ്ദാക്കികൊണ്ടുവന്ന സുപ്രീംകോടതി വിധി അറിഞ്ഞപ്പോള്‍ ജീവിതം അവസാനിപ്പിച്ചാലോ എന്നുവരെ ചിന്തിച്ചു. എന്തൊരു വലിയ മനുഷ്യാവകാശ ലംഘനമായിരുന്നു അത്. കോളനി വാഴ്ച്ചക്കാലത്തെക്ക് തിരിച്ചു പോയെന്ന് തോന്നി. വിധി ലോകത്താകമാനം അപലപിക്കപ്പെട്ടു. ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഇതിനെതിരെ പ്രതികരിച്ചു. ഇന്ത്യയില്‍ മാത്രമല്ല പുറത്തുമുളള ലൈംഗീക ന്യൂനപക്ഷങ്ങള്‍ ഈ വിധിയറിഞ്ഞു തലതല്ലി കരഞ്ഞു. വീണ്ടും ഞങ്ങള്‍ മനുഷ്യരല്ലാതായി. 2010 – 11 കാലത്ത് കേരളത്തിനകത്തും പുറത്തും ലൈംഗിക ന്യൂനപക്ഷങ്ങളുടെ മനുഷ്യാവകാശ സംരക്ഷണങ്ങള്‍ക്ക് വേണ്ടി ക്വീര്‍ പ്രൈഡു നടത്തി .തൃശൂരിലെ സ്ഥാപകാംഗമാണ് ഞാൻ , ലൈംഗിക ന്യൂന പക്ഷങ്ങളും അവരെ പിന്തുണയ്ക്കുന്നവരും  തെരുവിൽ പോരാടി . ഡൽഹി ഹൈകോടതി വിധിയെ ആഘോഷിച്ചു പ്രൈഡ് നടത്തിയ ഞങ്ങൾ സുപ്രീം കോടതി വിധിക്കെതിരെ പ്രൈഡ് നടത്തി. അങ്ങനെയിരിക്കെയാണ് 2014 ലെ സുപ്രീം കോടതി വിധി വന്നത്

ഗീത :  ലൈംഗിക ന്യൂനപക്ഷങ്ങളെ മുഴുവൻ പരിഗണിച്ചുവോ ആ വിധിയെന്ന് എനിക്ക് സംശയമുണ്ട് . ഐ പി സി 377 നെപ്പറ്റി  നിശബ്ദവുമാണ് . എൽ ജി ബി ടി ക്യൂ ഏ ഐ വിഭാഗത്തിന്റെ വ്യത്യസ്തതകൾ ട്രാൻസ് ജെൻഡർ എന്ന ഒറ്റക്കുടയ്ക്കുള്ളിൽ ആ വിധി അഭിസംബോധന ചെയ്യുന്നുവെന്ന് പറയാൻ കഴിയില്ല. ട്രാൻസ് ജെൻഡർ എന്ന ഒറ്റക്കുടയ്ക്കുള്ളിൽ വ്യത്യസ്തതകളെ ഉള്ളടക്കുന്ന സമീപനമാണത് സ്വീകരിച്ചത്. അവയെല്ലാമുണ്ടെന്ന്ംഗീകരിച്ച് വിശദമാക്കിയില്ല. പക്ഷെ ട്രാൻസ്ജൻഡർ വിഭാഗങ്ങളുടെ കാര്യത്തിൽ ചില സുപ്രധാന കാഴ്ചപ്പാടുകൾ മുമ്പോട്ട് വെയ്ക്കാൻ  അതിനു കഴിഞ്ഞിട്ടുണ്ട് . ട്രാൻസ്ജെണ്ടറുകളെ സംബന്ധിച്ചു ഒരു നാഴികക്കല്ലായി ഞാൻ ആ  വിധിയെ പരിഗണിക്കുന്നു. ഫൈസൽ   ആ വിധിയെ ഒന്ന് വിശദീകരിക്കാമോ ?

ഫൈസൽ : ആണും പെണ്ണും മാത്രമല്ല   മറ്റൊരു ജൻഡർ കൂടിയുണ്ടെന്ന് സുപ്രീംകോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട് . സ്ത്രീയായി ജനിച്ച് സ്ത്രീയാകാൻ കഴിയാത്തതും പുരുഷനായി ജനിച്ചു പുരുഷനാകാൻ കഴിയാത്തതുമായ മാനസികാവസ്ഥയെ ആണ് ബഹു. സുപ്രീം കോടതി ‘ട്രാൻസ്ജൻഡർ’  എന്ന്  പറഞ്ഞത്.  ഒരു ട്രാൻസ്ജൻഡർ വ്യക്തിത്വത്തെ തിരിച്ചറിയേണ്ടത് ശാരീരികപ്രത്യേകതകൾ  വെച്ചുകൊണ്ടല്ലെന്നും മാനസികാവസ്ഥകളാണ് പരിഗണിക്കേണ്ടതെന്നുമാണ്  അതിനർത്ഥം   . ജൻഡർ ഐഡന്റിറ്റി എന്നത് സ്വയം പ്രഖ്യാപിക്കുന്നതാണ് .

ഗീത  : ക്രോസ്സ് ഡ്രസ്സ് ചെയ്യാത്ത ട്രാൻസ് ജൻഡർ ആക്ടിവിസ്റ് ആണ് ഫൈസൽ . പേര് പോലും മാറ്റിയിട്ടില്ല. പുരുഷന്റെ പേരിൽ പുരുഷന്റെ വസ്ത്രത്തിൽ സ്ത്രീയുടെ മനസും ലൈംഗികതയും കാമനകളുമായി   ജീവിക്കുന്നു.,

ഫൈസൽ : മാനസികാവസ്ഥയാണ് കണക്കിലെടുക്കേണ്ടതെന്നാണ് സുപ്രീം കോടതി വ്യക്തമാക്കുന്നത്  .

ഗീത : ബഹു .സുപ്രീം കോടതി നിർദേശത്തെ തുടർന്ന് ആദ്യമായി ടി ജി  പോളിസി നടപ്പാക്കിയ സംസ്ഥാനമാണല്ലോ കേരളം . ഈ പോളിസി ടി ജി കമ്മ്യൂണിറ്റിയെ എങ്ങനെയൊക്കെ ഗുണകരമായി ബാധിക്കുമെന്നാണ്‌ ഫൈസൽ കരുതുന്നത് ?

ഫൈസൽ : ഉമ്മൻ ചാണ്ടി സർക്കാരിന്റെ കാലത്താണ് ഈ പോളിസി വന്നത്. തുടർന്ന് വന്ന എൽ ഡി എഫ് സർക്കാരിന്റെ ബഡ്ജറ്റ്  ഇതിനായി ഫണ്ട് നീക്കിയിരുത്തുകയും ചെയ്തു

ഗീത : ഫണ്ട് നീക്കിയിരുത്തിയാലല്ലേ അവർക്കു വേണ്ടിയുള്ള പദ്ധതികൾ സുഗമമായി നടപ്പിലാക്കാൻ കഴിയുകയുള്ളൂ.

ഫൈസൽ : ഒരു കാര്യം ടീച്ചർ ശ്രദ്ധിച്ചില്ല . ഫണ്ട് നീക്കി വെച്ചിരിക്കുന്നത് സന്നദ്ധസംഘടനകൾക്കാണ് . കമ്മ്യൂണിറ്റിക്കാണ് ഊന്നൽ നൽകേണ്ടിയിരുന്നത്. അല്ലാതെ സന്നദ്ധ സംഘടനകൾക്കല്ല . അപ്പോൾ ഫണ്ട് വാങ്ങാൻ ധാരാളം സന്നദ്ധ സംഘടനകൾ ഉണ്ടാകും. അതുകൊണ്ടു കമ്മ്യൂണിറ്റിക്കു പ്രയോജനമുണ്ടാകുമെന്ന് ഉറപ്പുണ്ടോ ?

ഗീത : ഇക്കാര്യം കുറച്ചുകൂടി വിശദീകരിക്കാമോ ?

ഫൈസൽ :തൃശൂർ എൻ ജി ഓ പ്രോഗ്രാമിന്റെ ഭാഗമായിരുന്നു ഞാൻ . അതുകൊണ്ടു തന്നെ എന്നെ കണ്ടെത്തിയ പഴയ എൻ ജി ഓ യെയും ഇന്നത്തെ എൻ ജി ഓ യെയും ഞാനറിയും. അവ തമ്മിലുള്ള വ്യത്യാസങ്ങളും അറിയാം . ഇന്ന് ക്വാളിറ്റിയല്ല , ക്വാണ്ടിറ്റിയാണ് പ്രധാനം .  ഇന്ന് റിപ്പോർട്ടുകൾ മാത്രം മതി , അച്ചീവമെന്റ് വേണം. പ്രൊജക്റ്റ് നിലനിൽക്കണം . ഫണ്ട് കിട്ടണം . അതിലപ്പുറം കമ്മ്യൂണിറ്റിയ്ക്കു വേണ്ടി  എന്ത് നടക്കുന്നു ?

ഗീത : വാസ്തവത്തിൽ ഈ കമ്മ്യൂണിറ്റിയെ പൊതു സമൂഹത്തിനു മുൻപിൽ ദൃശ്യമാക്കുന്നതിലും അംഗീകരിപ്പിക്കുന്നതിലും ഈ രംഗത്ത് പ്രവർത്തിച്ച എൻ ജി ഓ കൾക്ക് വലിയ പങ്കില്ലേ ?

ഫൈസൽ : ഉണ്ടായിരുന്നു . എന്നെ അങ്ങനെ കണ്ടെത്തിയതാണെന്നു ഞാൻ അംഗീകരിക്കുന്നു. പക്ഷെ ഇന്നത്തെ എൻ ജി ഓ കളുടെ പ്രവർത്തന രീതി വളരെ വ്യത്യസ്തമാണ് . കമ്മ്യൂണിറ്റിയ്ക്കു അതുകൊണ്ടു പണ്ടത്തെ പോലെ പ്രയോജനങ്ങളില്ല. ഇന്ന് എൻ. ജി. ഓ. കൾ എൻ. ജി. ഓ. കൾക്ക് വേണ്ടിയാണ് നിലനിൽക്കുന്നത് ., കമ്മ്യൂണിറ്റിയ്ക്കുവേണ്ടിയല്ല .

20160801_153426

ഗീത : അപ്പോൾപ്പിന്നെ എന്താണ് പരിഹാരം . ?

ഫൈസൽ : സന്നദ്ധ സംഘടനകൾക്ക് ഫണ്ട് നൽകാം എന്ന് പറയുകയല്ല സർക്കാർ ചെയ്യേണ്ടത് . ടി ജി പോളിസിയിൽ രണ്ടു പ്രധാന വിഷയങ്ങളുണ്ട് . ഒന്ന് സ്റ്റേറ്റ് ലെവൽ ട്രാൻസ് ടെൻഡർ കമ്മീഷൻ . മറ്റൊന്ന് ജില്ലാതല വെൽഫെയർ ബോർഡുമാണ്. ഞാനിതു കുറച്ചുകൂടി വിശദീകരിക്കാം.  എയ്ഡ്സ് കൺട്രോൾ പ്രൊജക്റ്റ്കൾക്കുള്ളിൽ ഒരേ വ്യക്തിയെത്തന്നെയാണ് ഐ സി ടി സി ടെസ്റ്റ് ചെയ്യുന്നത്. പല പേരിൽ പലയിടത്തു ഒരേ വ്യക്തി. അപ്പോൾ ആർക്കാണതിന്റെ പ്രയോജനം? ഇത്തരം പ്രൊജെക്ടുകൾക്കകത്ത് ഔട്ട്റീച് വർക്കർ മുതലുള്ളവർ ഈ കമ്മ്യൂണിറ്റിയിൽപ്പെട്ടവരല്ല. 3000 രൂപയോളം  ഇൻസെന്റീവ് കിട്ടുന്ന പിയർ എഡ്യൂക്കേറ്റർ പോസ്റ്റാണ് കമ്മ്യൂണിറ്റിയ്ക്കു കിട്ടുന്നത്. ദുർലഭം ചിലയിടങ്ങളിൽ ഔട്ട് റീച് വർക്കേഴ്സ് ഒന്നോ രണ്ടോ  സി ബി ഒ. അതല്ലാതെ കമ്മ്യുണിറ്റിയിൽ കാതലായ മാറ്റങ്ങൾ സംഭവിക്കുന്നില്ല. വര്ഷങ്ങളോളം ഞാനിതിൽ നിന്നിട്ടുണ്ട്. എൻ. ജി. ഒ. കൾ എങ്ങനെ പ്രവർത്തിക്കുന്നതിന്റെ വ്യക്തമായ ചിത്രം എനിക്കുണ്ട് . അതുകൊണ്ടാണ് ഞാൻ പറയുന്നത് ഗവൺമെന്റിന്റെ ടി ജി പോളിസിയുടെ ഗുണഭോക്താക്കൾ എൻ ജി ഓകളല്ല ആകേണ്ടത് കമ്മ്യുണിറ്റി തന്നെയാണെന്ന് . കമ്മീഷനിലും വെൽഫെയർ ബോർഡിലും കമ്യുണിറ്റിയെ തിരിച്ചറിയുന്നവർ  വരണം, സാരിയുടുത്ത് പുരുഷന്മാർ ആനുകൂല്യം പറ്റാൻ വരേണ്ടതില്ല. ജില്ലാതല പരിശോധനയ്ക്കു ശേഷം സംസ്ഥാന തല കമ്മിഷനായിരിക്കണം അക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കേണ്ടത് . പക്ഷെ ട്രാൻസ് ജൻഡറിനെ തിരിച്ചറിയാനുള്ള ഒരു മാനദണ്ഡമായിരിക്കരുത്. എസ് ആർ എസ് വേണ്ടവർ അത് ചെയ്തു കൊള്ളട്ടെ . അവർക്കതു സുരക്ഷിതമായി ചെയ്തു കൊടുക്കാനുള്ള സംവിധാനങ്ങൾ വേണം .

ഗീത : ട്രാൻസ്ജൻഡർ കമ്മീഷനെപ്പറ്റിയുള്ള ചില ചില സങ്കൽപ്പങ്ങൾ സാമൂഹിക മാധ്യമങ്ങളിലൂടെ ഞാൻ മുമ്പോട്ട് വെച്ചിരുന്നു.

ഫൈസൽ : മാധ്യമങ്ങൾക്കും പൊതു സമൂഹത്തിനും മുമ്പിൽ തങ്ങൾ ടി ജിയാണെന്നു ആദ്യ ഘട്ടത്തിൽ  തുറന്നു പറഞ്ഞവരും കമ്മ്യൂണിറ്റിയ്ക്കു വേണ്ടി തെരുവിലിറങ്ങി സമരം ചെയ്തവരുമായ ടി ജികൾക്കായിരിക്കണം കമ്മീഷനിൽ ഏറ്റവും കൂടുതൽ പ്രാതിനിധ്യം . അതോടൊപ്പം   ടി ജി വിഭാഗത്തിന്റെ കൂടെ നിൽക്കുന്നവർ , അവർക്കു മാനസികമായ പിന്തുണ നൽകുന്നവർ ഒക്കെ മിക്കവാറും ആക്ടിവിസ്റ്റുകളായ സ്ത്രീകളാണ് .അതുകൊണ്ടു തന്നെ പിന്തുണ ഗ്രൂപ്പായി സ്ത്രീ പ്രവർത്തകർ ഉണ്ടാവുന്നത് നല്ലതാണ് . അതോടൊപ്പം ടി ജികൾക്കിടയിലെ വിഭിന്നത, വ്യത്യസ്തത എന്നിവയെപ്പറ്റിയുള്ള   ബോധവൽകരണം വല്ല പ്രധാനമാണ്. സർക്കാരിന്റെയും കമ്മീഷന്റെയും മുൻകയ്യിലായിരിക്കണം പൊതു ജനങ്ങൾക്കിടയിൽ ബോധവത്‌കരണം നടത്തേണ്ടത്

ഗീത : ദേശീയതലത്തിൽ ടി ജി കമ്മീഷനെക്കുറിച്ചുള്ള ഒരു കരട് തയ്യാറക്കിക്കഴിഞ്ഞിട്ടുണ്ട്. അത് നിങ്ങൾക്കെത്രമാത്രം പ്രയോജനകരമായിരിക്കുമെന്ന് നിങ്ങൾതന്നെ പരിശോധിച്ച് ദേശീയതലത്തിൽ ചർച്ചയ്ക്ക് വെക്കണം. സർക്കാരിന് നിർദേശങ്ങൾ നൽകണം. അടുത്തയിടെ എറണാകുളത്ത് ട്രാൻസ്ജൻഡറുകൾക്കെതിരെ നടന്ന പോലീസ്  അതിക്രമത്തിനെതിരെ ഫൈസൽ പ്രതികരിച്ചിരുന്നു . ഇതുവരെ കേട്ടിട്ടില്ലാത്ത ഒരതിക്രമമാണല്ലോ അത് ?

ഫൈസൽ : വിയ്യൂർ ജെയിലിൽ രണ്ടു വർഷം മുൻപ് ഒരു ടി ജി സെൽ തുറന്നു . ഒരു ക്രിമിനൽ പോലും അതിനകത്തുണ്ടായിട്ടില്ല. ടി ജികൾ ക്രിമിനലുകൾ അല്ലാത്തതുകൊണ്ടാണ് അവർക്കെതിരെ ഇതുവരെ ഒരു കേസ് പോലും റിപ്പോർട്ട് ചെയ്യപ്പെടാതിരുന്നത് . അപ്പോൾ ആ ടി ജി സെല്ലിന്റെ ഉദ്ഘാടനം നടത്താൻ വേണ്ടി ഈ സർക്കാർ ബോധപൂർവം നടത്തിയ ശ്രമമായിരുന്നുവോ അത് ? എന്റെ പാവങ്ങളായ സുഹൃത്തുക്കളെ  ക്രിമിനൽ കുറ്റം ചുമത്തി എന്തിനാണ് ഈ പോലീസ്  ജയിലിനകത്തിട്ടത് .? ലിംഗമാറ്റ ശസ്ത്രക്രിയ ചെയ്ത ആയിഷയെ ഓപ്പറേഷൻ ചെയ്ത ഭാഗത്ത് പുരുഷപോലീസ് ബൂട്ടിട്ട് ചവിട്ടി. എന്താണവർ ചെയ്ത കുറ്റം . എൽ ജി ബി ടി യുടെ മാനസിക ശാരീരിക അവസ്ഥകൾ തിരിച്ചറിയാൻ കൂട്ടാക്കാത്ത പുരുഷ പോലീസ് ആണ് അത് ചെയ്തത് . ഈ പൊലീസിന് ഞങ്ങളെ പോലെയുള്ളവരെ ചോദ്യം ചെയ്യേണ്ടതെങ്ങനയെന്നു പോലും അറിയില്ല. ഞങ്ങളെ അറസ്റ്റ് ചെയ്യേണ്ടതും ചോദ്യം ചെയ്യണ്ടതും പുരുഷ പൊലീസല്ല . എത്രയും വേഗം എൽ ജി ബി ടി വിഭാഗത്തിൽ നിന്നുള്ള പോലീസ് വരണം . ഒരു കാര്യം എനിക്കുറപ്പിച്ചു പറയാൻ കഴിയും . ക്രിമിനൽ പശ്ചാത്തലമുള്ളവരല്ല ഇവിടത്തെ ട്രാൻസ് ജൻഡറുകൾ . അതുകൊണ്ടു തന്നെ സർക്കാർ ഞങ്ങളെ ശിക്ഷിക്കുകയല്ല വേണ്ടത്, പുനരധിവസിപ്പിക്കുകയാണ്.

faiz2

ഗീത :  പുതിയ സർക്കാർ കുറേയേറെ  വാഗ്ദാനങ്ങൾ പ്രഖ്യാപിച്ചിട്ടുണ്ടല്ലോ ?

ഫൈസൽ : സിറ്റി പോലീസ് കമ്മീഷണർ ഇടപെട്ടു കൊച്ചിൻ മെട്രോയിൽ തൊഴിൽ പരിഗണന ഞങ്ങൾക്ക് വാഗ്ദാനം ചെയ്യപ്പെട്ടത് സന്തോഷം തന്നെ . ഭിക്ഷാടനവും ലൈംഗിക തൊഴിലും ചെയ്തു ജീവിക്കേണ്ടി വരുന്നവർക്ക് അതൊരനുഗ്രഹമാണ് . കഴിഞ്ഞ ദിവസം ഈ. എം. എസ്. ഭവനപദ്ധതിയിൽ വീടും തൊഴിലും കൊടുക്കുമെന്ന് പറഞ്ഞിരുന്നു. എസ് ആർ എസ് ചെയ്യാനുള്ള സൗകര്യമുണ്ടാക്കുമെന്നു മന്ത്രി ശൈലജ പ്രഖ്യാപിച്ചു . ഇതൊക്കെയും  ഈ സവിശേഷ സാഹചര്യത്തിൽ ഞങ്ങൾക്ക് തരുന്ന വാഗ്ദാനങ്ങളും ആനുകൂല്യങ്ങളും ആണെന്നിരിക്കെ 2014 ലെ സുപ്രീം കോടതി വിധിയിലെ തുല്യാവകാശം എന്ന രീതിയിൽ പോളിസി ഇമ്പ്ലിമെന്റ് ചെയ്യാനോ   നിർദ്ദേശിക്കപ്പെട്ട സംവരണങ്ങൾ ഏർപ്പെടുത്താനോ ആരും ഇതുവരെ തയാറായിട്ടില്ല. ഞങ്ങൾക്ക് വേണ്ടത് ഔദാര്യമല്ല . തുല്യാവകാശമാണ് .

കഴിഞ്ഞ സർക്കാരിന്റെ ടി ജി സർവ്വേയിൽ 4000 സാമ്പിളുകൾ ഉണ്ടായിരുന്നു. ഇത്   ഐഡന്റിറ്റി പുറത്ത് പറഞ്ഞവരാണ്. ബാക്കിയുള്ളവർ സർവ്വേയിൽ നിന്ന് പുറത്തായി . വീട് വിട്ടിറങ്ങിയവർ , നാട് വിട്ടവർ, ലൈംഗിക തൊഴിലാളികൾ, പീഡനങ്ങൾക്കിരയായവർ  എന്നിങ്ങനെ കമ്മ്യൂണിറ്റിയിൽപ്പെട്ട മുഖ്യവിഭാഗം സർവ്വേയിൽ ഉൾപ്പെട്ടില്ല . സർവ്വേയിൽ ഉൾപ്പെട്ടവർക്കുള്ള പഠന ഉന്നമനം , തൊഴിലവസരങ്ങൾ  എന്നിവ എങ്ങനെയാണ് നടപ്പിലാക്കുക ? ഒന്നിനും ഒരു വ്യക്തതയുമില്ല.  കമ്മ്യുണിറ്റിയുടെ  ആവശ്യങ്ങളും താത്പര്യങ്ങളും മുഴുവനായും മനസിലാക്കിയിട്ടല്ല  പോളിസി വന്നത് . എങ്കിലും അങ്ങനെയൊന്നുണ്ടായി എന്നത് വലിയ കാര്യം .നേരിട്ടുള്ള നിയന്ത്രണത്തിന് കീഴിലുള്ള ഔദ്യാഗിക സംവിധാനങ്ങളിലൂടെ വേണം സർക്കാർ കമ്യുണിറ്റിയുടെ ആവശ്യങ്ങളറിയാനും ആനുകൂല്യങ്ങൾ തരാനും. ഐഡന്റിറ്റി വെളിപ്പെടുത്തിയവരെയും അത് പുറത്ത് പറയാൻ കഴിയാത്തവരെയും തമ്മിലടിപ്പിക്കുന്ന നയം സ്വീകരിക്കരുത് . പോളിസിയുടെ പ്രയോജനം എല്ലാവർക്കും ലഭിക്കണം .

ഗീത  : ഒരു ടി ജി എന്ന നിലയിൽ ഫൈസലിന്റെ  ജീവിതത്തിൽ അനുകൂലമായി ഇടപെട്ടവരെപ്പറ്റി പറയൂ ..

ഫൈസൽ :  ദീപ്തി വീടുവിട്ടിറങ്ങി വന്നത് എന്റെയടുത്തേയ്ക്കായിരുന്നു. അവളുടെ വരവാണ് എന്ന ഒറ്റയ്ക്കല്ലാതാക്കിയത്. ഞങ്ങൾ ആത്മ സുഹൃത്തുക്കളായിരുന്നു . പിന്നീടവൾ കേരളം  വിട്ടു  ഓടിപ്പോയത് എന്നെ വല്ലാതെ ദുഃഖിപ്പിച്ചു . കമ്മ്യുണിറ്റിയ്ക്കു   വേണ്ടി വർഷങ്ങളായി   പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന  ശീതളിനോട് എനിക്ക് ഏറെ സ്നേഹവും മതിപ്പുമുണ്ട് . ഞങ്ങളുടെ കമ്മ്യുണിറ്റിയിൽ നിന്ന് എം എസ് ഡബ്ലിയൂ നേടിയ ആളാണ്  വിജയ രാജ മല്ലിക .  പിന്നെ ചിഞ്ചു , വിജി , അനന്യ .. ഇങ്ങനെ കുറേപ്പേർ .

ആത്മാർത്ഥമായി  ഞങ്ങൾക്ക് വേണ്ടി പ്രവർത്തിച്ച ആളാണ് ശരത് ചേലൂരിനെപ്പോലെയുള്ളവർ. പഴയ കാലത്തെ പ്രൊജക്റ്റ് മാനേജർ മാരായിരുന്ന സെറീന അബൂബക്കർ , ഷുബിത മേനോൻ എന്നിവർ മുഖ്യധാരയുമായി കമ്യുണിറ്റിയെ ബന്ധിപ്പിക്കുന്നതിനു ശ്രമിച്ചവരാണ് . സീനേച്ചിയെപ്പറ്റി ഞാൻ നേരത്തെ പറഞ്ഞല്ലോ . പിന്നെ എം കെ മുനീറിനെയും വി ടി ബാലറാമിനെയും പോലുള്ള രാഷ്ട്രീയ നേതാക്കളെ ഞാൻ നന്ദിയോടെ ഓർക്കുന്നു.

ഗീത :   അസാധാരണമായ  നൃത്ത വൈഭവം പ്രകടിപ്പിക്കുന്നവരാണ് ട്രാൻസ് ജൻഡറുകൾ .

ഫൈസൽ : നല്ല കഴിവുള്ളവർ ഈ കമ്മ്യുണിറ്റിയിലുണ്ട് . സിനിമാ താരങ്ങളെ അഭ്യസിപ്പിക്കുന്ന നൃത്താധ്യാപകരുണ്ട് . ഇവരിൽ പലരെയും പോലീസ് പിടിച്ചുകൊണ്ടു പോയി സ്റ്റേഷനിൽ അവരെക്കൊണ്ടു നൃത്തം ചെയ്യിപ്പിക്കുകയും  പാട്ടു പഠിക്കുകയും ചെയ്ത അനുഭവങ്ങളുണ്ട്  . പൊതുസമൂഹത്തിൽ  നിന്നുള്ള അനുഭവങ്ങളും വ്യത്യസ്തമല്ല . അവരുടെ കലയെ അറിയാതെ ലൈംഗികതയെ പരിഹസിക്കുകയും  അവമതിക്കുകയും ഉപയോഗിക്കുകയും ചെയ്യുന്നു . ഇത്തരത്തിൽ കലാവാസനയുള്ളവർ പൊതു ഇടങ്ങളിലും പോലീസ് സ്റ്റേഷനുകളിലും ചവിട്ടി   മെതിക്കപ്പെടേണ്ടതല്ല. കാരണം കല അവരുടെ കഴിവാണ് . ലൈംഗികത അവരുടെ വ്യക്തി സ്വാതന്ത്ര്യമാണ്

ഗീത : ഈ സംഭാഷണത്തിന്റെ ഓരോ ഘട്ടത്തിലും ഫൈസൽ  കേവല വ്യക്തിയിൽ നിന്ന് വളർന്ന് ഒരു കമ്മ്യുണിറ്റിയ്ക്കു വേണ്ടി സംസാരിക്കുകയായിരുന്നു . വൈദ്യരംഗം, നീതിനിയമവ്യവസ്ഥകൾ വിദ്യാഭ്യാസ -തൊഴിൽ മേഖലകൾ – സമസ്ത സംവിധാനങ്ങളും ആണിൽ   നിന്നും പെണ്ണിൽ നിന്നും വ്യത്യസ്തമായ  മറ്റൊരു വിഭാഗം മനുഷ്യരെക്കൂടെ ഉൾക്കൊള്ളാൻ പര്യാപ്തമായ രീതിയിൽ വികസിക്കേണ്ടതുണ്ട് . സംശയമില്ല. ആൺകോയ്മാമൂല്യങ്ങൾ അടിയുറച്ച പൊതുസമൂഹത്തിലെ   അധികാരബന്ധങ്ങളെ  അഴിച്ചു പണിയുകയാണ് പരിഹാരം.


അതീതജന്മങ്ങൾ – അർത്ഥം വാക്കിനെ അന്വേഷിക്കുന്നു എന്ന പുസ്തകം വൈകാതെ കറന്റ് ബുക്സ് പ്രസിദ്ധീകരിക്കുന്നു.

Comments
Print Friendly, PDF & Email

എഴുത്തുകാരി, സാമൂഹ്യപ്രവര്‍ത്തക. അദ്ധ്യാപികയാണ്.

You may also like