പൂമുഖം EDITORIAL കലാമണ്ഡലം താമി: സെർച്ച് എഞ്ചിനുകൾ കാണാതെപോയത്

കലാമണ്ഡലം താമി: സെർച്ച് എഞ്ചിനുകൾ കാണാതെപോയത്

കലാമണ്ഡലം താമിയാശാൻ ഓർമ്മയായി. കല ഒരു സപര്യ മാത്രമല്ല, ദളിതന് അതൊരു സമരായുധം കൂടിയാണെന്ന് ജീവിതം കൊണ്ട് പ്രഖ്യാപിച്ച ഒരു വ്യക്തി ഇനി നമുക്കിടയിലില്ല.

അധഃകൃതന് വിദ്യാഭ്യാസം പോലും നിഷിദ്ധമായിരുന്നൊരു കാലത്താണ്, ക്ഷേത്രങ്ങളും പൊതുസമൂഹവും  അയിത്തം കല്പിച്ച് മാറ്റിനിർത്തിയിരുന്ന ഒരു കാലഘട്ടത്തിലാണ് താമിയാശാൻ മദ്ദളം കൊട്ടിത്തുടങ്ങുന്നത് എന്നത് കേവലമായ
ഒരു ചരിത്രം മാത്രമായി ഒതുങ്ങുന്നില്ല. കലാമണ്ഡലം പോലുളള ഒരു സവർണക്കോട്ടക്കകത്ത് ദളിതന്റെ ആത്മസ്വത്വവും പേറി എത്ര സമരോത്സുകമായാകണം കല പഠിക്കുകയെന്ന തീരുമാനത്തിൽ അദ്ദേഹം ഉറച്ചു നിന്നിരിക്കുകയെന്നത് ഊഹിക്കാവുന്നതെയുളളൂ. കടവല്ലൂർ അരവിന്ദാക്ഷനെപ്പോലുളള പ്രതിഭകളെ പെറ്റിട്ട അതേ നാടും പശ്ചാത്തലവുമൊക്കെയാകണം താമിയിലെ കലാകാരനെയും പ്രചോദിപ്പിച്ചിരിക്കുകയെങ്കിലും കല പഠിക്കുക സവർണന്റേത് അധികാരവും ദളിതന്റേത് ധിക്കാരവുമായി കണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് തന്റെ വഴി കലയുടേതാണെന്ന് അദ്ദേഹം ഉറക്കെ വിളിച്ചുപറഞ്ഞത്. ഗുരുവായൂരുൾപ്പെടെ ഉളള ക്ഷേത്രങ്ങളിൽ ദളിതരായ കലാകാരൻമാരെ അകറ്റി നിർത്തിപ്പോന്നതിനെ അതേ നടയിൽ മദ്ദളം കൊട്ടി തന്നെ ചോദ്യം ചെയ്യാൻ ആശാൻ കാണിച്ച ആത്മബലമാണ് ദളിതരായ നൂറുകണക്കിന് വാദ്യകലാകാരൻമാർക്ക്  ‘ക്ഷേത്രപ്രവേശന’ത്തിനുളള അവസരമൊരുക്കിക്കൊടുത്തത്. സവർണകലാകാരൻമാരിൽ പലരും ക്ഷേത്രാങ്കണങ്ങളിൽ കൊട്ടി സ്വയം വലുതായപ്പോൾ, താമി കലയെ ക്ഷേത്രമുറ്റത്തു നിന്നും സമൂഹമധ്യത്തിലേക്കു കൊണ്ടുവന്നു, സവർണ‐ അവർണ, മതഭേദമന്യേ നൂറുകണക്കിന് വിദ്യാർത്ഥികളെ പഠിപ്പിച്ചു, അവരിൽ കുറെപ്പേർക്കെങ്കിലും അതൊരു ജീവിതം കൂടിയായി. കടവല്ലൂർ സർക്കാർ സ്കൂളിൽ പഞ്ചവാദ്യപരിശീലനം ഇപ്പോഴും നല്ല രീതിയിൽ നടക്കുന്നതിന്റെയും അവിടത്തെ കുട്ടികൾ ജില്ലാ‐സംസ്ഥാനയുവജനോത്സവങ്ങളിൽ തുടർച്ചയായി ജേതാക്കളാവുന്നതിന്റെയും പ്രചോദനങ്ങളിലൊന്ന് തീർച്ചയായും താമിയാശാനായിരുന്നു. തുകൽവാദ്യവുമായി ബന്ധപ്പെട്ട ഏത് സംശയത്തിനും ഉത്തരവുമായി ആ വാതിൽ കലാന്വേഷകർക്കു മുന്നിൽ എപ്പോഴും തുറന്നു കിടന്നു..

കലാമണ്ഡലം താമി ആരായിരുന്നുവെന്ന് അന്വേഷിച്ചാൽ ചിലപ്പോൾ ഗൂഗിളുൾപ്പെടെയുളള സെർച്ച് എഞ്ചിനുകളൊന്നും കാര്യമായ വിശദാംശങ്ങൾ തന്നുകൊളളണമെന്നില്ല. മനുഷ്യൻ ഫീഡ് ചെയ്യുന്നതാണല്ലോ യന്ത്രങ്ങൾ ഓർത്തെടുക്കുന്നത്. യന്ത്രങ്ങൾക്ക് ഓർത്തെടുക്കാൻ കഴിയാതെ പോകുന്ന ഇത്തരം ജീവിതങ്ങളാണ് നമ്മുടെ മണ്ണിനെ , ചുറ്റുപാടുകളെ, സമൂഹത്തെ ഇത്രയെങ്കിലും നന്മയുളളതാക്കി നിലനിർത്തുന്നത്. ഇങ്ങനെയുളള ചിലരെങ്കിലും ജീവിതം കൊണ്ട് നടത്തിയ സഹനസമരങ്ങളാണ് ലോകത്തെ ഇത്രയെങ്കിലും പ്രതീക്ഷയോടെ നോക്കിക്കാണാൻ നമ്മെ പ്രേരിപ്പിക്കുന്നത്.
ഇത്തരം സമരജീവിതങ്ങളിലൂടെയാണ് എന്റെ നാട് ഗൂഗിൾ സെർച്ചിൽ അടയാളപ്പെടുത്തപ്പെടേണ്ടിയിരുന്നത്. നിർഭാഗ്യവശാൽ, കടവല്ലൂർ അന്യോന്യം പോലൊരു ബ്രാഹ്മണ്യനിർമ്മിതിയുടെ, ഗതകാലഉച്ഛിഷ്ടത്തിന്റെ പേരിലാണ് അതറിയപ്പെടുന്നത് എന്നതാണ് അതിലെ
വിരോധാഭാസം…!! മനുഷ്യൻ ഫീഡ് ചെയ്യുന്നതാണല്ലോ യന്ത്രങ്ങൾ ഓർത്തെടുക്കുന്നത്.


ഫോട്റ്റോ: Anoop Vr

Comments
Print Friendly, PDF & Email

You may also like