പൂമുഖം LITERATURE ഒരു മഴ നനയുമ്പോൾ പല മഴ നനയുന്നു

അനുഭവക്കുറിപ്പുകളിലൂടെ ശ്രദ്ധേയയായ ദീപാനിശാന്തിന്റെ പുതിയ പുസ്തകമായ 'നനഞ്ഞു തീര്‍ത്ത മഴകള്‍'ക്ക് പ്രിയ.എ.എസ് എഴുതിയ ആമുഖം.: ഒരു മഴ നനയുമ്പോൾ പല മഴ നനയുന്നു

ന്റെ ഒരു അനുഭവക്കുറിപ്പുണ്ട് – നനയാത്ത മഴ. എട്ടാംക്ലാസ്സിലെ സ്റ്റേറ്റ് സിലബസില്‍ മലയാളപാഠാവലിയില്‍ അതുണ്ട്. ഒരു നനയാത്ത മഴക്കാരി, മറ്റൊരാള്‍ നനഞ്ഞുതീര്‍ത്ത മഴകള്‍ക്ക് കുട പിടിക്കുക…അങ്ങനെയാലോചിക്കുമ്പോള്‍ ഒരു ചിരി ചുണ്ടത്ത് ഊറിവരുന്നു….

ജിഷ്ണുരാഘവന്‍ ഭൂമി കടന്നുപോയതിനെക്കുറിച്ചുള്ളതാണ് ഞാനാദ്യം വായിക്കുന്ന ദീപക്കുറിപ്പ്. യാത്രാഭാണ്ഡം മുറുക്കിവച്ചവര്‍ ബാക്കിയാവുകയും കെട്ടുമുറുക്കാത്തവര്‍ നറുക്കെടുപ്പു വീണ് യാത്രയാവുകയും ചെയ്യുന്ന ലോകരീതിയെക്കുറിച്ച് താടിക്കുകൈയും കൊടുത്തിരുന്ന് ആലോചിച്ചുപോയി. ശരീരവും മനസ്സും രണ്ടിലും വേദനകളും അതിനെയെല്ലാം അതിജീവിക്കാനുള്ള തത്രപ്പാടുകളും ഉള്ള ഒരു യാത്രക്കാരിയായതിനാല്‍ത്തന്നെ ജിഷ്ണുവിന് ഒരു കത്തെഴുതേണ്ടതായിരുന്നു ഞാനും എന്ന് കുറ്റബോധത്തോടെ ഓര്‍ത്തു.

നാട്ടിന്‍പുറവഴികളിലൂടെ ഓടിപ്പോകുന്ന ഒരു ബസ്സിനൊപ്പം ഓര്‍മ്മ കൊണ്ട് യാത്ര ചെയ്ത്, പണ്ടുപണ്ടത്തെ ഒരു കിളിയില്‍ ചിറകടിച്ച നന്മയെക്കുറിച്ച് ദീപ പറത്തിവിടുന്ന ഓര്‍മ്മത്തൂവലുകളാണ് പിന്നെ കിട്ടിയത്. ബസ്സുകളില്‍ പുല്ലിംഗം മാത്രമല്ല തൂവലുകളുമുണ്ടെന്ന് കേള്‍ക്കുമ്പോള്‍ തോന്നുന്ന നിര്‍ഭയത്വം എനിക്കും തോന്നി. രണ്ടു ലേഖനങ്ങളും വാട്‌സ് ആപ്പിലൂടെ ആരോ ഫോര്‍വേര്‍ഡ് ചെയ്തതായിരുന്നു. ‘കുന്നോളമുണ്ടല്ലോ ഭൂതകാലക്കുളിരെ’ന്ന പുസ്തകം ഇറങ്ങിയതുപോലും ഞാനറിഞ്ഞിരുന്നില്ല. ബീഫ് വര്‍ത്തമാനങ്ങള്‍ പിടിച്ചെടുത്തതുതന്നെ ഭൂതകാലത്തിലേക്ക് കുന്നോളം വഴി പ്രാഞ്ചിപ്രാഞ്ചി നടന്നിട്ടാണ്.

ഈ പുസ്തകത്തില്‍ പറയുന്ന ഭാഷതന്നെ ഉപയോഗിച്ചാല്‍ (ഏകദേശം എന്റെതന്നെ പ്രായത്തിലൊരു സാധനം!ഇളയച്ഛന്റെ മകള്‍ സോജ!) ദീപ എന്ന സാധനം ഭൂമിയിലവതരിച്ചത് ഞാനറിഞ്ഞിട്ടില്ലായിരുന്നു. കാരണം കഴിഞ്ഞ ഒന്നൊന്നര വര്‍ഷമായി ഞാന്‍ ആശുപത്രിയില്‍ക്കിടന്ന് യാത്രാഭാണ്ഡം മുറുക്കുകയായിരുന്നു. അങ്ങനെയുള്ള എന്നെയാണ് പിടിച്ച് അവതാരിക എഴുതാനിരുത്തിയിരിക്കുന്നത്.
‘ഭൂതകാലക്കുളിര്’ വര്‍ത്തമാനമഴയിലിരുന്ന് ഞാൻ വായിച്ചുതീര്‍ത്തു.

പുറത്ത്, ഞാന്‍ നനയാത്ത മഴകള്‍.
അകത്ത്, ദീപ നനഞ്ഞ മഴകള്‍…
ദീപയെ വായിക്കുമ്പോള്‍, ചിലപ്പോഴൊക്കെ എനിക്ക് എന്റെ ചില ഓര്‍മ്മകളെ ഓര്‍മ്മ വന്നു. ചിലപ്പോള്‍ ചിരിയുടെ കൂണുകള്‍ മുളപൊട്ടി. ‘തേവിടിശ്ശി’ എന്ന വാക്ക് പഠിച്ചെടുത്തപ്പോള്‍ ഉണ്ടായ പുകിലിനെക്കുറിച്ചു പാവാടക്കാരിയായി നിന്നു പറഞ്ഞ്, പിന്നെ അതേ വാക്കുള്ള വെലോപ്പിള്ളിക്കവിത ക്ലാസ്സില്‍ ചൊല്ലിപ്പഠിപ്പിക്കേണ്ടിവന്നതിലേക്ക് സാരിയുടുത്തു, കയറിപ്പോയി. ‘വൈലോപ്പിള്ളിക്കൊക്കെ എന്തുമാവാലോ’ എന്നു ചോദിച്ച് ആദ്യപുസ്തകത്തില്‍ ചാരി ദീപ നില്‍ക്കുമ്പോള്‍ എന്റെ ചുണ്ടത്തു കയറിക്കൂടിയ ചിരി, അത് ചുണ്ടത്തുനിന്ന് ഇപ്പോഴും മാഞ്ഞിട്ടില്ല. ചിലപ്പോള്‍ ഉര്‍വ്വശിയായോ കെ.പി.എ.സി. ലളിതയായോ ദീപ, രംഗം നിറഞ്ഞാടുന്നുണ്ട് ഈ പുസ്തകത്തിലും.അപ്പോഴെല്ലാം എല്ലാ ശ്രീനിവാസന്മാരും ഇന്നസെന്റുമാരും ജഗതിമാരും മങ്ങിപ്പോകുന്നു. ഉറപ്പാണ്, ചിരി കൈയിലുള്ള ഒരാള്‍ ഏതു പടുകുഴിയില്‍നിന്നും ചിരി നിലത്തൂന്നി കയറിപ്പോരും…

പ്രിയ.എ.എസ്

ദീപയെ ഒരു കോമഡിസിനിമയുടെ സ്‌ക്രിപ്റ്റ് എഴുതാനേല്പിച്ചാല്‍ ശുഭം, മംഗളം എന്ന് എഴുതി വരയിടാന്‍ പറ്റും എന്നു തോന്നിപ്പോകുന്നുണ്ട്. ‘പൊടിപടലാലംകൃത’ എന്ന വാക്ക് എനിക്കിഷ്ടപ്പെട്ടു. അതായിരുന്നെങ്കിലോ പുസ്തകത്തിന്റെ പേര് എന്നാലോചിച്ചു നോക്കി. നാക്കുരുളാന്‍ പഠിപ്പിക്കുകയാണോ എന്നു ചോദിച്ച് ജനം എന്റെനേരേ കണ്ണുരുട്ടുന്നത് സങ്കല്പിക്കെ, അതികഠിനമായ ചിരിപ്രളയം വന്ന് എന്നെ മൂടി… പക്ഷേ, ചിരി മാത്രമോ കുളിരു മാത്രമോ അല്ല ഓര്‍മ്മ… ഏറ്റുമാനൂരിലെ കാരൂര്‍ വീട്ടിലിരുന്ന് ബി. സരസ്വതിറ്റീച്ചര്‍ (കഥാകാരിയും സിനിമാറ്റോഗ്രാഫര്‍ വേണുവിന്റെ അമ്മയും കാരൂര്‍ നീലകണ്ഠപ്പിള്ളയുടെ മകളും), ‘ഓര്‍മ്മകള്‍ ചന്ദനഗന്ധംപോലെ’ എന്ന പുസ്തകത്തിനെക്കുറിച്ച് പറഞ്ഞത് എനിക്കോര്‍മ്മയുണ്ട്: ”ജീവിതം, ഒരിക്കല്‍ക്കൂടി നീറിപ്പിടഞ്ഞു ജീവിക്കലാണ് ഓര്‍മ്മയെഴുത്ത്. ഒരേ യാത്ര ഒരിക്കല്‍ക്കൂടി. ഇത്തവണ വാക്കുകൊണ്ട്. അതും പുറകോട്ടേക്ക്. സ്വയം പീഡനം എന്നുതന്നെ പറയാം. ഓര്‍മ്മയെഴുതുന്ന രാത്രിയില്‍ ഉറക്കം വരില്ല. ഓര്‍മ്മ അടുക്കിപ്പെറുക്കി തിരിഞ്ഞും മറിഞ്ഞും കിടക്കുമായിരുന്നു.  നാലുവയസ്സു
മുതലുള്ള ഓര്‍മ്മകള്‍ ചേര്‍ത്തുവച്ച് ഞാന്‍ കണ്ട, കാരൂര്‍ എന്ന എന്റെ അച്ഛനെ വാക്കുകൊണ്ട് പണിതെടുക്കല്‍ എളുപ്പമായിരുന്നില്ല ഒട്ടും.”

– ഓര്‍മ്മയെഴുത്തിലെ വേദന എനിക്കറിയാം എന്നുള്ളതുകൊണ്ടാണ് ടീച്ചറെന്നോടത് പറഞ്ഞത്. ഓര്‍മ്മ , സത്യമാണ്. അതിന്റെ വാതിലെടുത്ത് ജനലിരുന്നിടത്തേക്കോ ജനലെടുത്ത് കോഴിക്കൂടിരുന്നിടത്തേക്കോ ഒന്നും വെക്കാനാവില്ല.

കഥയിലങ്ങനെ എന്തുമാവാം. ജനലിരുന്നിടത്ത് കുളം തോണ്ടാം, കുളമിരുന്നയിടത്ത് തൊഴുത്തു പണിയാം… കഥാഗതിയുടെ ഒഴുക്കിനായി എന്തും എങ്ങനെയുമാവാം. ഞങ്ങളങ്ങനെയല്ലല്ലോ ഇങ്ങനെയല്ലല്ലോ എന്നു ചോദിച്ച് ഏതെങ്കിലും കഥാപാത്രം വന്നാല്‍ത്തന്നെ, ജീവിച്ചിരുന്നവരുമായോ മരിച്ചവരുമായോ ഇനി ജനിക്കാന്‍പോകുന്നവരുമായോ യാദൃച്ഛികമായോ മനഃപൂര്‍വ്വമായോ അബദ്ധവശാലോ പുലബന്ധംപോലുമില്ല എന്നെഴുതി തെര്യപ്പെടുത്തി നേരത്തേ തയ്യാറാക്കിവച്ചിരിക്കുന്ന പ്ലേക്കാര്‍ഡ് എടുത്തുകാട്ടി, വേണേല്‍ കൊഞ്ഞനം കുത്തുകയുമാവാം…പക്ഷേ, ഓര്‍മ്മ, അങ്ങനെയല്ല. അതിന്റെ ഗതിവിഗതികള്‍ നേരത്തേ എഴുതപ്പെട്ടവയാണ്. ഭാഷയില്‍ മിനുക്കോ ചെത്തിമിനുക്കോ ആവാം
എന്നേയുള്ളൂ… ചിരി ആയാലും കരച്ചിലായാലും അതിനൊപ്പം സഞ്ചരിച്ച ഒരാളുടെ ഹൃദയമിടിപ്പാണത്… എഫക്റ്റിനുവേണ്ടി കഥാപാത്രത്തിനെ കുത്തിയിരുത്താനോ കരയിപ്പിക്കാനോ വീഴ്ത്താനോ ചതയ്ക്കാനോ ഒന്നുംആവില്ല. സത്യമോ മിഥ്യയോ എന്ന് ആരുമറിയില്ലായിരിക്കാം… ഇങ്ങനെയല്ലല്ലോ എന്ന് അവരാരും വന്ന് ചോദിക്കില്ലായിരിക്കാം..പക്ഷേ, സത്യത്തിനകത്ത് വെള്ളം ചേര്‍ത്താല്‍ മനഃസാക്ഷി കിടുകിടാ എന്ന് സാക്ഷ നെരക്കി ഒച്ചവെച്ച് എഴുത്താളെ ചുമ്മാ അലോസരപ്പെടുത്തിക്കൊണ്ടിരിക്കും… പിന്നെ എന്തിനാ ഈ ‘ഇഠാ’ വട്ടത്തില്‍നിന്ന് ചുറ്റിക്കറങ്ങി എഴുതിക്കിതയ്ക്കുന്നത് എന്നു ചോദിച്ചാല്‍, അതിനുള്ള ഉത്തരം ഞാന്‍ കേട്ടത് ഭാഗ്യലക്ഷ്മിച്ചേച്ചിയില്‍നിന്നാണ്. മരടിലെ ന്യൂക്ലിയസ്മാളില്‍ ഡി സിബുക്‌സ് ഷോറൂമില്‍ ഭാഗിച്ചേച്ചിയുടെ ‘സ്വരഭേദങ്ങള്‍’ അവര്‍  തന്നെ വായിക്കുന്നു. സ്‌റ്റേജില്‍ അടുത്ത് ഞാനുമുണ്ട്. അമ്മയുടെ അസുഖത്തുണി പൊതുനിരത്തിലെ പൈപ്പിനു ചോടേനിന്നു കഴുകുന്ന വളരെ ചെറിയ കുട്ടിയാണ് ഭാഗിച്ചേച്ചിയുടെ വായനയില്‍. കണ്ണിനെയും കണ്ണുനീരിനെയും എന്തു ചെയ്യണമെന്നറിയാതെ വിഷമിച്ച് ഞെരിപിരികൊണ്ട് ഞാനവിടെ ഇരുന്നു. സ്റ്റേജില്‍നിന്ന് ഞങ്ങളെല്ലാം ഇറങ്ങിയനേരം “ഏതോസിനിമയുടെ ഡബ്ബിങ് എന്ന മട്ടില്‍, ആരുടെയോ സങ്കടം നെഞ്ഞോട് ചേര്‍ക്കുന്നമട്ടില്‍ ചേച്ചിക്കിതെങ്ങനെ വായിക്കാന്‍ കഴിയുന്നു ?” എന്നു ചോദിച്ച് ഞാന്‍ ചേച്ചിയുടെ കൈ തൊട്ടു. എന്റെ കൈ മുറുകെപ്പിടിച്ച് ചേച്ചി പറഞ്ഞു… “എഴുതുമ്പോള്‍ കരഞ്ഞ് എഴുത്തുതാളിലെഴുതിയതൊക്കെ മാഞ്ഞുപോകാറുണ്ടായിരുന്നു… പക്ഷേ, എഴുതിക്കഴിയുന്തോറും, എഴുതിയതൊക്കെ എന്റെയുള്ളില്‍നിന്ന് എന്നെ വിട്ട് പറന്നുപോയി. എനിക്കതെല്ലാം ഡബ്ബ് ചെയ്യാനുള്ള സിനിമാരംഗങ്ങള്‍ മാത്രമായി…”

അതെ ! ഓര്‍മ്മകള്‍ക്ക് പല നിര്‍വ്വചനങ്ങളുണ്ട്. ‘ഉച്ചാടനം’ അതിലൊന്നാണ്. ഒരുകാലത്തെ മറികടക്കലാണ് ഓര്‍മ്മയെഴുത്ത്.കരള്‍ പിളര്‍ന്നുകൊണ്ടാണെങ്കിലും കാലത്തെ ഓര്‍മ്മയുടെ ഉളി കൊണ്ട് പലരും കൊത്തിവയ്ക്കുന്നത് അതുകൊണ്ടാണ്. കൊത്തിക്കഴിയുമ്പോള്‍ ശില്പം എല്ലാരുടേതുമാകുന്നു.

‘ഞാനരിയും കുരലുകളെല്ലാം
എന്റേതോ പൊന്നച്ചാ?
നീയരിയും കുരലും ചങ്കും
എല്ലാര്‌ടേം പൊന്‍മകനേ…’ എന്ന് അന്‍വര്‍ അലി.
അനുഭവകാലം കഴിഞ്ഞാലേ, കടുകും കറിവേപ്പിലയുമിട്ട് താളിച്ചിരുന്നു അതിനെയും കാലം, ഒരു സ്വാദൊക്കെയുണ്ടായിരുന്നു അതിനും എന്ന് മനസ്സിലാവൂ… അനുഭവശേഷം, ചിരിയും ചിന്തയും തൂവി മൊരിയിച്ചെടുത്താല്‍ അത് നല്ല ഒരു വിഭവമായി മാറിയേക്കാം… പക്ഷേ, ഒട്ടും തന്നെ എളുപ്പമല്ല ജീവിതം കൊണ്ടുള്ള ആ പാചകകല.

സിലബസ്സിലില്ലാത്ത പാഠങ്ങളാണ് ഓരോ ഓര്‍മ്മയും. സിലബസ്സിനപ്പുറമാണ് ജീവിതം നില്‍ക്കുന്നത് എന്നുള്ളതുകൊണ്ടാണ് ആരോ പിന്നെയത് സിലബസ്സില്‍ ഉള്‍പ്പെടുത്തുന്നത്. കാരണം, ഓര്‍മ്മ, ‘വീട്ടിലേക്കുള്ള വഴി’യാണ്. ഓര്‍ക്കണം, ഡിമെന്‍ഷ്യ ബാധിച്ചവര്‍ ആദ്യംമറന്നുപോകുന്നത് വീട്ടിലേക്കുള്ള വഴിയാണ്…!

വീട്, വേരാണ്. വീട്ടിലേക്കുള്ള വഴി മറന്നുപോയവര്‍ വേരറ്റുപോകുന്നവരാണ്… ശ്വാസം നിലയ്ക്കുന്നതല്ല, ഓര്‍മ്മ മാഞ്ഞുപോകലാണ് മരണം. വീട്ടിലേക്കുള്ള വഴിയിലാണ് ദീപയുടെ വാസുവും വറീതാപ്ലയും ഷെറിയും പച്ചക്കറിക്കടയിലെ മനുഷ്യനും…
”കൂട്ടുകാര്‍, കൂട്ടുകിടക്കുന്ന പുസ്തക
ക്കൂട്ടങ്ങള്‍, ഇത്തിരിമുറ്റത്തു
ഞാന്‍ നട്ടു നോറ്റു പൂവിട്ട തൈമുല്ല
പടിവാതിലോളം പറന്നുമായുന്ന
കൊച്ചരിപ്രാവ്, കലണ്ടറില്‍
ചൂട്ടുകത്തിച്ചുകിടക്കുമവധികള്‍…
ഉള്ളിലേതോ ഗുഹാശില്പം
നിറയെയും പൂര്‍വ്വലിപികള്‍
തിരിച്ചുവായിക്കുവാനാകാതെ
നിന്നു ചുറ്റുന്ന പ്രണയം, വിഷാദം,
വിരഹം, പ്രതീക്ഷ,യനാഥ സങ്കല്പം
മുറിവേറ്റ ദിനം രാത്രിസന്ധ്യകള്‍” -വീട്ടിലേക്കുള്ള വഴിയിലിങ്ങനെ വിനയചന്ദ്രന്‍ സര്‍.എഴുതിയെഴുതി വരുമ്പോള്‍, ദീപാ, ക്ഷീണിതമായ ശബ്ദം യജമാനനെ കേള്‍പ്പിച്ചേ പറ്റൂ എന്ന വിചാരം മാഞ്ഞുപോകും.
എന്തേ എഴുതാത്തത് എന്ന് ആരോ ചോദിക്കുന്നേരം, ‘ഇതാ ഞാനും എഴുത്തുകാരിയായി’ എന്നോ ‘എഴുത്തിന്റെ സംഘര്‍ഷം ഇവിടം മുതലാരംഭിക്കുന്നു’ വെന്നോ തോന്നുകയുമില്ല, ഒരു ഘട്ടമെത്തിക്കഴിഞ്ഞാല്‍.

വിനയചന്ദ്രന്‍ സാറിനെത്തന്നെ ഞാന്‍ കൂട്ടുപിടിക്കുന്നു…
”ഇക്കൊച്ചുമക്കളും പൂഴിയും പൂക്കളും
പച്ചിലക്കുമ്പിളും മേഘനിശ്വാസവും
എന്റെയെന്നുള്ളോരലിവു,മഗാധത്തി
ലെന്റെയല്ലെന്ന നിര്‍വേദ ദീപ്തിയും…”
അതാണ് യഥാര്‍ത്ഥ എഴുത്ത്.
‘അഞ്ചിതള്‍ വിനായകം’ ചൊല്ലിച്ചൊല്ലി, തോല്‍ക്കുമെന്നുറപ്പുള്ള യുദ്ധങ്ങളിലൂടെയും സിലബസ്സിലില്ലാത്ത പാഠങ്ങളിലൂടെയും ‘നിര്‍വേദ ദീപ്തി’യിലെത്തട്ടെ ദീപ എന്ന് ഞാന്‍ പ്രാര്‍ത്ഥിക്കുന്നു…


 

Comments
Print Friendly, PDF & Email

മലയാളചെറുകഥാകൃത്തുക്കളില്‍ ശ്രദ്ധേയ. മഹാത്മാഗാന്ധി യൂനിവേഴ്സിറ്റി ഓഫീസിൽ ഉദ്യോഗസ്ഥയായിരുന്നു. ഇപ്പോൾ കുസാറ്റിൽ അസിസ്റ്റന്റ് സെക്ഷൻ ഓഫീസറായി ജോലി ചെയ്യുന്നു. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം, കേരള സാഹിത്യ അക്കാദമി അവാർഡ്, യുവസാഹിത്യകാരിക്കുള്ള ലളിതാംബിക അന്തർജ്ജനം അവാർഡ്, വിവർത്തനത്തിനുള്ള വി.കെ ഉണ്ണിക്കൃഷ്ണൻ സ്മാരക അവാർഡ് തുടങ്ങിയ പുരസ്കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്.

You may also like