COLUMNS നാട്ടുപച്ച

ആരാണ് അന്യർ….?രതലാമലകം എന്ന പ്രയോഗം മിക്കവാറും പേർ കേട്ടിരിക്കും. ഉള്ളം കയ്യിലെ നെല്ലിക്കയെന്നവണ്ണം കാര്യങ്ങളെ കാണുന്ന സന്ദർഭങ്ങൾക്ക് പറയുന്നതാണത്. പാർശ്വവീക്ഷണത്തിന്റെ അപാകതകൾക്ക് പകരം വെയ്ക്കാൻ നമുക്കീ വഴിയാണുള്ളത്. പാർശ്വവീക്ഷണം അപകടം പിടിച്ച ഒന്നാണ്. നാമൊരു വശമേകാണൂ. കാണുന്നതു തന്നെ ഒരേനിരപ്പിൽ നിന്നുകൊണ്ടാകുമ്പോൾ അതിൽ കുറവുകൾ പലതുമുണ്ടാകും. പൂർണ്ണമല്ല. കണ്ട കാഴ്ചപ്പുറത്താണ് പിന്നെ ചിന്തകളും വിചിന്തനങ്ങളും ഒക്കെ.മറുഭാഗം കാണാൻ ശ്രമിക്കില്ല എന്നു തന്നെയല്ല ,അങ്ങനെയൊന്ന് ഉണ്ടെന്നു പോലും അറിയാത്ത മട്ടിലാണ് നിലപാടുകൾ ഉറപ്പിക്കുക .സമൂഹത്തിൽ ഏത് തറയിലും ഇത്തരം അപക്വ നോട്ടങ്ങൾ ആപത്തുകൾ വിതയ്ക്കും. പറഞ്ഞു പറഞ്ഞ് നിലം തല്ലിയുറപ്പിക്കുന്ന മട്ടിൽ ചിലതൊക്കെ ആവർത്തിക്കുകയും ചെയ്യും. നമ്മുടെ സമൂഹത്തിൽ അത്തരമൊരു ധാരണയെ പറ്റിയുള്ളആശങ്കകൾ ഇവിടെ പങ്കുവെയക്കു്ന്നു.

കേരളമെത്ര ചെറുതാണെന്ന് നമുക്കറിയാം. വൻകരകൾ കണ്ടവർക്ക് നന്നായറിയാമത്. കാണാത്തവരും കേട്ടറിഞ്ഞിട്ടുണ്ടാകുമല്ലോ.എന്നാൽ ഈ ചെറിയ നാട്ടിലെ പ്രാദേശികതകൾക്ക് മേൽ നാം ചാർത്തിക്കൊടുക്കുന്ന പട്ടങ്ങൾ,ബിരുദങ്ങൾ, കളിപ്പേരുകൾ, നിന്ദകൾ ഒക്കെ എത്ര പരിഹാസ്യവും അപക്വവുമാണെന്ന് ചിന്തിക്കാറുണ്ടോ?

വടക്കർ, തെക്കർ അല്ലെങ്കിൽ കിഴക്കർ, പടിഞ്ഞാറുകാർ എന്നിങ്ങനെയുള്ള വിഭജനം വളരെ ഭീതിദമായി മാറുന്ന സാമൂഹ്യ സാഹചര്യങ്ങൾ ലോകത്ത് പലയിടത്തും കാണാം. കേവലം തമാശയിൽ തുടങ്ങി കല്ലുവെച്ച കളിവാക്കുകളിലൂടെ പുരോഗമിച്ച് എവിടെയൊക്കെയോ ചെന്നുകൊള്ളുന്ന ധാരണകളും നടപ്പു വിശ്വാസങ്ങളുമായി രൂപപ്പെടുന്ന ഈ പ്രാദേശിക ക്കളിമ്പങ്ങൾ ദൂരവ്യാപകമായ ഫലങ്ങളും ഉളവാക്കുന്നു. ഇതത്ര സരളമായൊരു കാര്യമായി ധരിക്കണ്ട. പ്രാദേശികതകളെ ചൊല്ലിയുള്ള ലളിത ഫലിതങ്ങൾ ജീവിതം വഴിമുട്ടിക്കുക പോലും ചെയ്യും. വീട് വാടകക്ക് കൊടുക്കുമോ എന്നു ചോദിച്ചയാളോട് തെക്കന് കൊടുക്കില്ല എന്നു പറഞ്ഞ ആളെ അറിയാം.പിന്നെ ജീവിതത്തിൽവട്ടം കറങ്ങിക്കറങ്ങി ആ ധാരണകൾ മാറാനുള്ള സാഹചര്യങ്ങൾ ഉണ്ടായപ്പോൾ അയാളതു തിരുത്തുകയും ചെയ്തു. എത്ര കല്യാണ ബന്ധങ്ങൾ ആണ് നാടു പറഞ്ഞ് വഴക്കായി കലഹത്തിൽ കലാശിക്കുന്നത്.അടുത്തയിടെ കേരളത്തിൽ നടക്കുന്ന കൊലപാതകങ്ങൾക്കും മോഷണങ്ങൾക്കും പിന്നിൽ അന്യസംസ്ഥാനത്തൊഴിലാളികൾ ആണെന്ന അട്ടഹാസങ്ങൾ ഓർക്കുന്നുവല്ലോ. നമ്മളും മറ്റൊരു ദേശത്ത് അന്യരാണെന്ന് തിരിച്ചറിഞ്ഞിരുന്നെങ്കിൽ… ലോകമഹായുദ്ധത്തിൽ ജപ്പാന്റെ ആകാശത്തിൽ ദുരന്തം വർഷിച്ച ബോംബർ വിമാനത്തിന്റെ പൈലറ്റ് പിന്നീട് പ്രായശ്ചിത്തം ചെയ്ത് വിശ്വ പൗരനായത് ചരിത്രം. അയാൾ മായ്ച്ചത് അതിർത്തി വരകളാണ്. വൻ സങ്കടങ്ങൾക്കു കാരണമാകേണ്ടി വന്നു എങ്കിലും..നാടിനെച്ചൊല്ലി എത്ര ലഹളകൾ കലാപങ്ങൾ നടക്കുന്നു. നമ്മടെ നാടിനെച്ചൊല്ലിയുള്ള ഈ സ്വാർത്ഥ താൽപര്യം അന്യന്റെയുള്ളിലും വിത്തു പൊട്ടുന്ന ഒന്നാണെന്ന് ആരും മനസ്സിലാക്കുന്നില്ല.

ആത്യന്തികമായി മറ്റൊരു നാടിനേയോ വർഗ്ഗത്തേയോ വംശത്തേയോ അപഹസിക്കുന്നവർ തന്നെയുള്ളിലെ ഇരുട്ടറകളിൽ നിന്ന് മോചനം കിട്ടാത്തവർ ആണ്. വെറും തമാശകൾ മാത്രമായി പറഞ്ഞു കേട്ടു ചിരിച്ചു പോവുന്നതിനപ്പുറം ചിന്തിക്കുന്നവർക്ക് വേദന തോന്നുന്ന വലിയൊരു കാര്യം ഇതിലുണ്ട്. അത് പ്രാന്തവൽക്കരിക്കപ്പെടുന്ന വംശീയതയുടേയും പ്രാദേശികതയുടേയും ജാതീയതയുടേയും വിഷയമാണ്. അതിന്റെ മുള പൊട്ടി വൻ വേരുകളും ശിഖരങ്ങളുമായി പടർന്നു പന്തലിക്കുന്നതാണ് എല്ലാ വർഗീയ വംശീയ രാജ്യാന്തര കലാപങ്ങളും. അസഹിഷ്ണുത മുഖ്യ മുഖമുദ്രയായി മാറുമ്പോൾ എല്ലാ മാറ്റി നിർത്തലുകളും ഒട്ടേറെ ജീവിതങ്ങളെ അന്യമാക്കിത്തീർക്കുന്നുണ്ട്. ഒരു വിളിപ്പാടകലെയുള്ള നാടിനേയും നാട്ടാരേയും അധിക്ഷേപിക്കുന്നവർ മാനവികതയുടെ സാമ്രാജ്യത്തിൽ നിന്ന് എത്ര പ്രകാശവർഷങ്ങൾ ദൂരെയാണ്..


Comments
Print Friendly, PDF & Email

തൃശൂര്‍ സ്വദേശി. അദ്ധ്യാപിക.

MEANWHILE IN KERALA / UMD

കാർണിവൽ 2019
Published by

Satheesan Puthumana

Chief Editor

e mail: mneditorial@live.com

MEANWHILE IN KERALA / UMD

യു. എം. ഡി.